Image

ദുഃഖവെള്ളി, കോണ്‍ഫറന്‍സ്‌, വിരുന്ന്‌ (ലേഖനം: സുനില്‍ എം.എസ്‌)

Published on 11 April, 2015
ദുഃഖവെള്ളി, കോണ്‍ഫറന്‍സ്‌, വിരുന്ന്‌ (ലേഖനം: സുനില്‍ എം.എസ്‌)
സുപ്രീം കോടതി ജസ്റ്റീസുമാരുടേയും ഹൈക്കോടതി ചീഫ്‌ ജസ്റ്റീസുമാരുടേയും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നൊരു കോണ്‍ഫറന്‍സ്‌ ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ സുപ്രീം കോടതി സംഘടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നു മുതല്‍ അഞ്ചുവരെയായിരുന്നു, കോണ്‍ഫറന്‍സ്‌. ഏപ്രില്‍ മൂന്ന്‌ ദുഃഖവെള്ളിയും ഏപ്രില്‍ അഞ്ച്‌ ഈസ്റ്റര്‍ഞായറുമായിരുന്നു. ഇതിനിടയിലെ ശനിയാഴ്‌ച, കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രധാനമന്ത്രി സ്വവസതിയില്‍ വച്ച്‌ ഒരു വിരുന്നുസല്‍ക്കാരവും ഒരുക്കിയിരുന്നു.

ദുഃഖവെള്ളി മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിനങ്ങള്‍ കുടുംബത്തോടും, കുടുംബത്തില്‍ പെട്ട മുതിര്‍ന്നവരോടുമൊത്ത്‌ കേരളത്തില്‍ ചെലവഴിയ്‌ക്കുന്നതു പതിവായതുകൊണ്ട്‌ കോണ്‍ഫറന്‍സിലും വിരുന്നുസല്‍ക്കാരത്തിലും പങ്കെടുക്കാന്‍ പറ്റാതെ വന്നതില്‍ ഖേദിയ്‌ക്കുന്നു എന്ന്‌ മലയാളിയായ സുപ്രീം കോടതി ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസിനേയും പ്രധാനമന്ത്രിയേയും എഴുതി അറിയിച്ചു. `ഹിന്ദു' ദിനപ്പത്രത്തില്‍ ഉദ്ധരിച്ച കത്തിന്റെ ഭാഗങ്ങളില്‍ ദുഃഖവെള്ളി മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്‌ `മതം അനുവദിയ്‌ക്കുന്നില്ല' എന്ന്‌ ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌ പറഞ്ഞതായി കാണാനായില്ല. മതം അനുവദിയ്‌ക്കുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞുവെന്നത്‌ പത്രങ്ങളുടെ വ്യാഖ്യാനം മാത്രമായിരിയ്‌ക്കാനാണു വഴി.

കോടതികളുടെ പ്രവര്‍ത്തനത്തിനു തടസ്സം വരാതിരിയ്‌ക്കാന്‍ വേണ്ടിയാണ്‌ ദേശീയ അവധിദിനങ്ങളില്‍ കോണ്‍ഫറന്‍സു നടത്താന്‍ നിശ്ചയിച്ചതെന്ന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസ്‌ എച്ച്‌ എല്‍ ദത്തു ജസ്റ്റീസ്‌ കുര്യന്‍ ജോസഫിനു മറുപടി കൊടുത്തു. സ്വാതന്ത്ര്യദിനം, വാല്‍മീകിദിനം എന്നീ ദേശീയ ഒഴിവുദിനങ്ങളില്‍ മുമ്പ്‌ ഇത്തരം ഔദ്യോഗികച്ചടങ്ങുകള്‍ നടത്തിയ കാര്യവും ചീഫ്‌ ജസ്റ്റീസ്‌ കത്തില്‍ ചൂണ്ടിക്കാട്ടി. (വാല്‍മീകിദിനം ദേശീയ ഒഴിവുദിനമായി ഇതുവരെ കണ്ടിട്ടില്ല.) സ്ഥാപനത്തിന്റെ താത്‌പര്യങ്ങള്‍ക്ക്‌ വ്യക്തിതാത്‌പര്യത്തേക്കാള്‍ പ്രാധാന്യം നല്‍കണമെന്ന്‌ ചീഫ്‌ ജസ്റ്റീസ്‌ ഉപദേശിയ്‌ക്കുകയും ചെയ്‌തു.

ദുഃഖവെള്ളിയാഴ്‌ച മുതല്‍ ഈസ്റ്റര്‍ഞായര്‍ വരെ സുപ്രീം കോടതി കോണ്‍ഫറന്‍സു വച്ചത്‌ നിലവിലിരിയ്‌ക്കുന്ന സാമൂഹ്യവ്യവസ്ഥിതികള്‍ക്കും ആചാരാനുഷ്‌ഠാനങ്ങള്‍ക്കും അനുസൃതമല്ല, അതുകൊണ്ട്‌ ആ നടപടി ഒട്ടും ശരിയായില്ല. ഭരണഘടനയില്‍ നിന്നുദ്ധരിയ്‌ക്കട്ടെ:

Article 25: "...all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion..."

മൌലികാവകാശങ്ങളിലൊന്നാണിത്‌. ഇതിലെ `പ്രാക്‌റ്റിസ്‌' എന്ന വാക്ക്‌ പ്രത്യേക ശ്രദ്ധയര്‍ഹിയ്‌ക്കുന്നു. സമകാലീനസമൂഹം ഏതു വിധത്തിലാണോ മതം `പ്രാക്‌റ്റിസ്‌' ചെയ്യുന്നത്‌ ആ വിധത്തില്‍ അവനവന്റെ മതം `പ്രാക്‌റ്റിസ്‌' ചെയ്യാന്‍ ഓരോരുത്തര്‍ക്കും മൌലികാവകാശമുണ്ട്‌. ദുഃഖവെള്ളിയാഴ്‌ച ക്രിസ്‌തുമതാനുയായികള്‍ പള്ളിയില്‍ പോകുന്നത്‌ ഇവിടുത്തെ ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗമായതുകൊണ്ട്‌ അതിനുള്ള അവകാശം മൌലികാവകാശം തന്നെയാണ്‌. ദുഃഖവെള്ളിയാഴ്‌ച പള്ളിയില്‍ പോകേണ്ട ഒരാളെ ഔദ്യോഗികച്ചുമതലകള്‍ക്കായി മറ്റൊരിടത്തേയ്‌ക്കയയ്‌ക്കുന്നത്‌ മൌലികാവകാശലംഘനമാകും, സംശയമില്ല. ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌ ദുഃഖവെള്ളിയാഴ്‌ച പള്ളിയില്‍ പോകാനുള്ള അദ്ദേഹത്തിന്റെ മൌലികാവകാശം വിനിയോഗിച്ചു. അതില്‍ യാതൊരു തെറ്റുമില്ല.

ചീഫ്‌ ജസ്റ്റീസുള്‍പ്പെടെ ആകെ ഇരുപത്തെട്ടു ജസ്റ്റീസുമാരാണ്‌ സുപ്രീം കോടതിയിലുള്ളത്‌. ഇരുപത്തിനാലു ഹൈക്കോടതി ചീഫ്‌ ജസ്റ്റീസുമാരും. കോണ്‍ഫറന്‍സിന്റെ തീയതിയും മറ്റും നിശ്ചയിയ്‌ക്കുന്നതിനു മുമ്പ്‌ ഇരുപത്തെട്ടു ജസ്റ്റീസുമാരുടേയും അഭിപ്രായം ആരായേണ്ടതായിരുന്നു. ഒറ്റയൊരു ഈമെയില്‍ കൊണ്ട്‌ കാര്യം നടന്നേനേ. ജസ്റ്റീസുമാര്‍ക്കു പറയാനുള്ളത്‌ അവര്‍ നേരിട്ടോ ഈമെയിലിലൂടെയോ പറഞ്ഞേനേ. ദുഃഖവെള്ളിയാഴ്‌ചയുടേയും ഈസ്റ്ററിന്റേയും കാര്യം പറയാന്‍ ജസ്റ്റീസ്‌ കുര്യന്‍ ജോസഫിന്‌ അപ്പോള്‍ അവസരം കിട്ടുമായിരുന്നു. അവസരം കിട്ടിയിരുന്നെങ്കില്‍ അദ്ദേഹമവ പറയുകയും ചെയ്യുമായിരുന്നു.

ഇത്‌ ചീഫ്‌ ജസ്റ്റീസു തന്നെ ചെയ്യണമെന്നില്ലായിരുന്നു. സുപ്രീം കോടതിയില്‍ നിരവധി ഉദ്യോഗസ്ഥരുണ്ട്‌. അവരെയാരെയെങ്കിലും ജസ്റ്റീസുമാരുടെ അഭിപ്രായം ആരാഞ്ഞു റിപ്പോര്‍ട്ടു ചെയ്യാനുള്ള ചുമതല ഏല്‌പിയ്‌ക്കാമായിരുന്നു. അതുമല്ലെങ്കില്‍ മൂന്നൊ നാലോ ജസ്റ്റീസുമാരടങ്ങുന്നൊരു പ്രോഗ്രാം കമ്മിറ്റിയെ ആ ചുമതല ഏല്‌പിച്ചാലും മതിയായിരുന്നു. എന്തായാലും ഒരു ജസ്റ്റീസിന്റെ ബുദ്ധിമുട്ടുകള്‍ ചീഫ്‌ ജസ്റ്റീസിന്‌ അറിയാനാകാതെ പോയതുകൊണ്ട്‌ ചീഫ്‌ ജസ്റ്റീസും ജസ്റ്റീസുമാരും തമ്മിലുള്ള ആശയവിനിമയം സുഗമമായി നടന്നില്ല എന്നു വ്യക്തം.

സുപ്രീം കോടതി ഒരു ഭരണഘടനാസ്ഥാ!പനമാണ്‌. സുപ്രീം കോടതി രാജ്യതാല്‌പര്യം മുന്‍ നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ മാത്രമേ എടുക്കുകയുള്ളു എന്നു ജനം പ്രതീക്ഷിയ്‌ക്കുന്നു. പാര്‍ലമെന്റും സംസ്ഥാനനിയമസഭകളും പാസ്സാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്‌ത ഏതു നിയമത്തേയും അസാധുവാക്കാന്‍ സുപ്രീം കോടതിയ്‌ക്കു കഴിയും. സുപ്രീം കോടതി ഉച്ചരിയ്‌ക്കുന്നതു പോലും നിയമമായിത്തീരുന്നു. എന്നുവച്ചാല്‍, സുപ്രീം കോടതിയുടെ വിധിപ്രസ്‌താവങ്ങള്‍ പുറത്തിറങ്ങുന്ന സമയം മുതല്‍ നിയമങ്ങളാണ്‌.

ഒരു കേന്ദ്രമന്ത്രിയെ പുറത്താക്കാനുള്ള അധികാരം രാഷ്ട്രപതിയ്‌ക്കുണ്ട്‌. എന്നാലൊരു സുപ്രീം കോടതി ജസ്റ്റീസിനെ പുറത്താക്കുക എളുപ്പമല്ല. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഉദ്യോഗമാണ്‌ സുപ്രീം കോടതി ജസ്റ്റീസിന്റേത്‌. ഒരു സുപ്രീം കോടതി ജഡ്‌ജിയെ പുറത്താക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അതിനുള്ള പ്രമേയം അവതരിപ്പിയ്‌ക്കപ്പെടണം, പാസ്സാകുകയും വേണം. ഇതിന്‌ ചില നിബന്ധനകളുമുണ്ട്‌: ഒന്ന്‌, ഓരോ സഭയിലേയും ആകെ അംഗസംഖ്യയുടെ പകുതിയിലേറെ പേര്‍ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്‌തിരിയ്‌ക്കണം. രണ്ട്‌, സന്നിഹിതരായുള്ള അംഗങ്ങളിലെ മൂന്നില്‍ രണ്ടു പേരെങ്കിലും പ്രമേയത്തിന്നനുകൂലമായി വോട്ടു ചെയ്‌തിരിയ്‌ക്കണം. വി രാമസ്വാമി (സുപ്രീം കോടതി ജസ്റ്റീസ്‌), സൌമിത്രസെന്‍, പി ഡി ദിനകരന്‍ (ഹൈക്കോടതി ജഡ്‌ജിമാര്‍) എന്നിവര്‍ക്കെതിരെ ഇമ്പീച്ച്‌മെന്റ്‌ നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും ഇമ്പീച്ച്‌മെന്റിലേയ്‌ക്കെത്തിയില്ല. ഇക്കാരണങ്ങള്‍ കൊണ്ട്‌ പ്രധാനമന്ത്രിയുടേതിനേക്കാള്‍ സ്ഥിരതയുള്ളൊരു പദവി സുപ്രീം കോടതി ജസ്റ്റീസുമാര്‍ക്കുണ്ട്‌ എന്നുറപ്പ്‌.

ഇത്ര വിശിഷ്ടമായ പദവിയലങ്കരിയ്‌ക്കുന്ന സുപ്രീം കോടതി ജസ്റ്റീസുമാരില്‍ നിന്ന്‌ ഏറ്റവും ഉചിതമായ നടപടികള്‍ നാം പ്രതീക്ഷിയ്‌ക്കുന്നു. ആ പ്രതീക്ഷ നിലനിര്‍ത്താന്‍ മേല്‌പറഞ്ഞ കോണ്‍ഫറന്‍സ്‌പ്രശ്‌നം സഹായിച്ചിട്ടില്ല. പ്രവൃത്തിദിവസങ്ങളില്‍ കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിയ്‌ക്കാന്‍ വേണ്ടി ദേശീയ ഒഴിവുദിനങ്ങളില്‍ കോണ്‍ഫറന്‍സു വച്ചു എന്ന്‌ ചീഫ്‌ ജസ്റ്റീസ്‌ മുന്നോട്ടു വച്ച ന്യായീകരണം തന്നെയെടുക്കാം. ഒറ്റ നോട്ടത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ ന്യായമുണ്ട്‌ എന്നു തോന്നാം. പക്ഷേ, നമുക്ക്‌ സുപ്രീം കോടതിയുടെ 2015ലെ അവധിദിനങ്ങളിലേയ്‌ക്കൊന്നു കണ്ണോടിയ്‌ക്കാം.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ രണ്ടു (തിങ്കള്‍) മുതല്‍ ഏഴു (ശനി) വരെയുള്ള ഒരാഴ്‌ച മുഴുവന്‍ സുപ്രീം കോടതിയ്‌ക്ക്‌ `ഹോളി' പ്രമാണിച്ച്‌ ഒഴിവായിരുന്നു. ഹോളിയാഘോഷിയ്‌ക്കാന്‍ ഒരു ദിവസത്തെ അവധിയെടുക്കുന്നതു മനസ്സിലാക്കാം, പക്ഷേ ഹോളിയ്‌ക്ക്‌ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന അവധി എന്തിനെന്നു മനസ്സിലാവുന്നില്ല. ദസ്സറ, മുഹറം എന്നിവയ്‌ക്കായി ഒക്ടോബറിലും, ദീപാവലിയ്‌ക്കായി നവംബറിലും കോടതി ഓരോ ആഴ്‌ച അവധിയെടുക്കുന്നു. തീര്‍ന്നില്ല: ക്രിസ്‌തുമസ്സ്‌ ന്യൂഇയര്‍ എന്നിവയ്‌ക്കായി ഡിസംബര്‍ പതിനേഴു മുതല്‍ ജനുവരി ഒന്നു വരെ തുടര്‍ച്ചയായി 16 ദിവസം കോടതിയ്‌ക്ക്‌ ഒഴിവാണ്‌. ഇപ്പറഞ്ഞവയേക്കാളെല്ലാം വലുത്‌ പറയാനിരിയ്‌ക്കുന്നേയുള്ളു: അത്‌ മദ്ധ്യവേനലവധിയാണ്‌. മെയ്‌ 18 മുതല്‍ ജൂണ്‍ 30 വരെ, നീണ്ട 44 ദിവസം.

ഞായറാഴ്‌ചകള്‍ കൂടി കണക്കിലെടുത്താല്‍ 2015ല്‍ സുപ്രീം കോടതിയ്‌ക്ക്‌ ആകെ 140 ഒഴിവുദിവസമെന്നു കരുതാം. 365 ദിവസമുള്ള 2015ല്‍ സുപ്രീം കോടതി 225 ദിവസം മാത്രമേ പ്രവര്‍ത്തിയ്‌ക്കൂ. ഇന്ത്യയിലെ സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അവധിദിനങ്ങളും ഞായറാഴ്‌ചകളുമുള്‍പ്പെടെ ആകെ 85 ഒഴിവുദിവസങ്ങള്‍ ഒരു വര്‍ഷത്തില്‍ കിട്ടുന്നുവെന്നു കരുതാം. ആ സ്ഥാനത്ത്‌ സുപ്രീം കോടതിയ്‌ക്ക്‌ 140 അവധിദിനങ്ങള്‍ കിട്ടുന്നു. ഇത്ര നീണ്ട അവധിദിനങ്ങള്‍ ബ്രിട്ടീഷ്‌ ഭരണകാലത്തെ പതിവുകളുടെ തുടര്‍ച്ചയായിരിയ്‌ക്കാം. ജനതയോട്‌ പ്രതിബദ്ധതയില്ലാത്ത വിദേശികളായിരുന്നു അന്നു നമ്മെ ഭരിച്ചിരുന്നത്‌. ഇന്നു ജനതയെ ഭരിയ്‌ക്കുന്നത്‌ ജനതയോടു പ്രതിബദ്ധതയുള്ള ജനത തന്നെ. നീണ്ട അവധികള്‍ ആ പ്രതിബദ്ധതയുടെ ചിഹ്നമല്ല.

കഴിഞ്ഞ ജൂലായ്‌ വരെ സുപ്രീം കോടതിയുടെ മദ്ധ്യവേനലവധി 70 ദിവസം പത്താഴ്‌ച ആയിരുന്നു. അന്നത്തെ ചീഫ്‌ ജസ്റ്റീസായിരുന്ന ആര്‍ എം ലോധ സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ നടത്തി. സുപ്രീം കോടതി ഒരു വര്‍ഷത്തില്‍ ആകെ 193 ദിവസം മാത്രമേ പ്രവര്‍ത്തിയ്‌ക്കുന്നുള്ളു എന്നായിരുന്നു നിരീക്ഷണങ്ങളിലൊന്ന്‌. എന്നു വച്ചാല്‍ കഷ്ടി ആറര മാസം. ശേഷിയ്‌ക്കുന്ന അഞ്ചര മാസം സുപ്രീം കോടതി അവധിയാഘോഷിയ്‌ക്കുന്നു. ഹൈക്കോടതികള്‍ 210 ദിവസവും വിചാരണക്കോടതികള്‍ 245 ദിവസവും മാത്രമേ പ്രവര്‍ത്തിയ്‌ക്കുന്നുള്ളു എന്നും അദ്ദേഹം നിരീക്ഷിച്ചു.

നിരീക്ഷിയ്‌ക്കുക മാത്രമല്ല, ചീഫ്‌ ജസ്റ്റീസ്‌ ലോധ ചെയ്‌തത്‌: താനുള്‍പ്പെടെയുള്ള സുപ്രീം കോടതിയുടെ മദ്ധ്യവേനലവധി പത്താഴ്‌ചയില്‍ നിന്ന്‌ ഏഴാഴ്‌ചയായി കുറയ്‌ക്കുകയും ചെയ്‌തു. മറ്റൊരു കാര്യം കൂടി അദ്ദേഹം ചെയ്‌തു: വെക്കേഷനുകള്‍ ഒഴിവാക്കി, വര്‍ഷം മുഴുവന്‍ കോടതികള്‍ പ്രവര്‍ത്തിയ്‌ക്കുന്നതേപ്പറ്റി ഹൈക്കോടതി ചീഫ്‌ ജസ്റ്റീസുമാരുടെ അഭിപ്രായം ആരാഞ്ഞു. വിവിധദിശകളില്‍ നിന്ന്‌ രൂക്ഷമായ എതിര്‍പ്പുയര്‍ന്നതോടെ അദ്ദേഹം ആ രംഗത്ത്‌ തുടര്‍നടപടികളെടുത്തില്ല. കഴിഞ്ഞ സെപ്‌റ്റംബറില്‍ അദ്ദേഹം പെന്‍ഷന്‍ പറ്റുകയും ചെയ്‌തു.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ ഒന്നാം തീയതി സുപ്രീം കോടതിയില്‍ മാത്രമായി 61300 കേസുകള്‍ കെട്ടിക്കിടന്നിരുന്നെന്ന്‌ സുപ്രീം കോടതിയുടെ തന്നെ വെബ്‌സൈറ്റു കാണിയ്‌ക്കുന്നു. 28 ജസ്റ്റീസുമാരുണ്ട്‌ സുപ്രീം കോടതിയില്‍. സുപ്രീം കോടതി ജസ്റ്റീസുമാര്‍ സാധാരണയായി രണ്ടോ മൂന്നോ പേരടങ്ങുന്ന `ബെഞ്ചു'കളായാണ്‌ കേസുകള്‍ കൈകാര്യം ചെയ്യുന്നത്‌. ചിലപ്പോള്‍ അഞ്ചുപേരടങ്ങുന്ന ബെഞ്ചുകളുമുണ്ടാകാം; ഭരണഘടനാബെഞ്ച്‌ ഇത്തരത്തിലുള്ളതായിരിയ്‌ക്കും.

എങ്കിലും തത്‌കാലത്തേയ്‌ക്ക്‌ രണ്ടു പേര്‍ വീതമുള്ള ബെഞ്ചുകളാണ്‌ 61300 കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്നു സങ്കല്‌പിയ്‌ക്കുക. അങ്ങനെയെങ്കില്‍ ആകെ ബെഞ്ചുകള്‍ 14. ഓരോ ബെഞ്ചും കൈകാര്യം ചെയ്യേണ്ടത്‌ 4378 കേസുകള്‍. അതായത്‌, സുപ്രീം കോടതിയിലെ ഓരോ ജസ്റ്റീസും 4378 കേസുകള്‍ കൈകാര്യം ചെയ്യേണ്ടിയിരിയ്‌ക്കുന്നു. പത്തു ദിവസം കൊണ്ട്‌ ഓരോ കേസിലും തീര്‍പ്പു കല്‌പിയ്‌ക്കുന്നു എന്ന്‌ കരുതുക. 220 പ്രവൃത്തിദിവസങ്ങള്‍ മാത്രമുള്ള ഒരു വര്‍ഷം ഈ തോതില്‍ 22 കേസുകള്‍ മാത്രമാണ്‌ ഒരു സുപ്രീം കോടതി ജസ്റ്റീസിനു തീര്‍പ്പു കല്‌പിയ്‌ക്കാനാകുക. എന്നുവച്ചാല്‍, 4378 കേസുകള്‍ തീര്‍ക്കാന്‍ ഒരു ജസ്റ്റീസിന്‌ 199 വര്‍ഷം വേണ്ടിവരും! പത്തു ദിവസം കൊണ്ട്‌ ഒരു കേസില്‍ വിധി പറയാനാകുമോ എന്ന ചോദ്യത്തിലേയ്‌ക്കു കടക്കുന്നില്ല.

സുപ്രീം കോടതിയിലെ സ്ഥിതി ഇതാണെങ്കില്‍, മറ്റു കോടതികളിലേത്‌ ഇതിലേറെ ഗുരുതരമാണ്‌. ഡിസംബര്‍ മാസത്തെ ഒരു പത്രറിപ്പോര്‍ട്ടനുസരിച്ച്‌ നാല്‌പത്തിനാലര ലക്ഷം കേസുകളാണ്‌ രാജ്യത്തെ ഇരുപത്തിനാലു ഹൈക്കോടതികളില്‍ കെട്ടിക്കിടന്നിരുന്നത്‌. കീഴ്‌ക്കോടതികളില്‍ കെട്ടിക്കിടന്നിരുന്നത്‌ രണ്ടരക്കോടിയും! എല്ലാ കോടതികളിലുമായി മൂന്നു കോടി കേസുകള്‍! ഇവയില്‍ വലിയൊരു ശതമാനം ക്രിമിനല്‍ കേസുകളുമായിരുന്നു. 61300 കേസുകള്‍ കെട്ടിക്കിടക്കുന്ന സുപ്രീം കോടതി 140 ദിവസം ഒഴിവെടുക്കുന്നു. നാല്‌പത്തിനാലര ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്ന ഹൈക്കോടതികള്‍ അഞ്ചുമാസത്തോളം (150 ദിവസം) ഒഴിവെടുക്കുന്നു. പത്രവാര്‍ത്തയാണിത്‌; ചില കോടതികളിലെ ഒഴിവുദിനങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടാകാം.

`ദ ടൈംസി'ലെ ഒരു കാര്‍ട്ടൂണിസ്റ്റായിരുന്ന ഫ്രാങ്ക്‌ ടൈഗര്‍ പറഞ്ഞത്‌ ഇവിടെ ഓര്‍ത്തു പോകുന്നു:

?When you like your work, everyday is a holiday.?

നാമാസ്വദിയ്‌ക്കുന്നൊരു ജോലി ചെയ്യുമ്പോള്‍ നമുക്ക്‌ ഒഴിവിന്റെ ആവശ്യം തോന്നുകയില്ല. ജോലിക്കൂടുതലുണ്ടെങ്കില്‍ ഒഴിവുദിവസങ്ങളിലും പ്രത്യേക പ്രതിഫലമൊന്നുമില്ലാതെ തന്നെ ഓഫീസില്‍ പോയി ജോലി ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരെ എനിയ്‌ക്കു നേരിട്ടറിയാം.

മൂന്നു കോടിയോളം കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന ഇന്നത്തെ ഗുരുതരാവസ്ഥയില്‍ സുപ്രീം കോടതികളുള്‍പ്പെടെയുള്ള കോടതികള്‍ പ്രതിവര്‍ഷം എഴുപതോ എണ്‍പതോ ദിവസത്തില്‍ക്കൂടുതല്‍ ഒഴിവെടുക്കുന്നതില്‍ ധാര്‍മ്മികതയില്ല. എന്തിനും ഏതിനും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമുയരുന്ന നമ്മുടെ രാജ്യത്ത്‌ ഇക്കാര്യത്തെപ്പറ്റി മിയ്‌ക്കവരും നിശ്ശബ്ദത പാലിയ്‌ക്കുന്നതാണതിശയം.

കെട്ടിക്കിടക്കുന്ന മൂന്നു കോടി കേസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ സുപ്രീം കോടതി മുന്നിട്ടിറങ്ങേണ്ടിയിരിയ്‌ക്കുന്നു. എല്ലാ കോടതികളുടേയും സഹകരണവും അവര്‍ ഉറപ്പു വരുത്തണം. നിലവിലുള്ള പശ്ചാത്തലസൌകര്യങ്ങള്‍ കൊണ്ട്‌ ഇതു സാദ്ധ്യമാവില്ല. കൂടുതല്‍ കോടതികളും ജഡ്‌ജിമാരും ജീവനക്കാരും ഇതിനു വേണം. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും ഇതിനു വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കുകയും വേണം.

കോടതികള്‍ ഇതു ചെയ്യുന്നില്ലെങ്കില്‍ ജനത്തിന്‌ നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും. നീതിവൈകല്‍ നീതിനിഷേധമാണ്‌. `ജസ്റ്റിസ്‌ ഡിലേയ്‌ഡ്‌ ഈസ്‌ ജസ്റ്റീസ്‌ ഡിനൈഡ്‌.' നീതി വൈകുമ്പോള്‍ നീതിയ്‌ക്കു വേണ്ടി കോടതിയെ സമീപിയ്‌ക്കുന്ന പതിവ്‌ ജനം അവസാനിപ്പിയ്‌ക്കും. പകരം അവര്‍ തന്നെ നീതി നടപ്പാക്കാന്‍ തുടങ്ങും. രാജ്യത്ത്‌ അക്രമവും നിയമരാഹിത്യവും അരക്ഷിതാവസ്ഥയുമായിരിയ്‌ക്കും ഫലം.

ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌ ദുഃഖവെള്ളി മുതല്‍ ഈസ്റ്റര്‍ഞായര്‍ വരെ നടന്ന കോണ്‍ഫറന്‍സിലും ഇതിനിടയിലെ ശനിയാഴ്‌ച ജസ്റ്റീസുമാര്‍ക്കായി പ്രധാനമന്ത്രി നല്‍കിയ വിരുന്നിലും പങ്കെടുത്തില്ല. ചീഫ്‌ ജസ്റ്റീസിനും പ്രധാനമന്ത്രിയ്‌ക്കും അദ്ദേഹം കത്തെഴുതുകയും ചെയ്‌തു. പരിപാടികളില്‍ പങ്കെടുക്കാത്തതിനുള്ള കാരണങ്ങള്‍ വിശദീകരിയ്‌ക്കുന്നതു കൂടാതെ, ഭരണഘടനയില്‍ നിര്‍ദ്ദേശിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്ന മതേതരത്വത്തില്‍ നിന്നു രാജ്യം അകന്നു പോകുന്നതിനെതിരെ അഭിപ്രായപ്രകടനം നടത്തുകയും ചെയ്‌തു. ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌ പ്രദര്‍ശിപ്പിച്ച അസാമാന്യധൈര്യം പ്രശംസനീയമാണ്‌. കാരണം, സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസും പ്രധാനമന്ത്രിയും ഇന്നു നിലവിലിരിയ്‌ക്കുന്ന സംവിധാനത്തില്‍ ഏറ്റവും വലിയ ശക്തരാണ്‌.

പ്രധാനമന്ത്രി വ്യക്തമായ ഭൂരിപക്ഷം നേടി പ്രബലരായിത്തീര്‍ന്നിരിയ്‌ക്കുന്ന ഭരണകക്ഷിയുടെ അനിഷേദ്ധ്യനേതാവാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ചീഫ്‌ ജസ്റ്റീസാകട്ടെ, ജഡ്‌ജിമാരെ നിയമിയ്‌ക്കുന്ന സമിതിയുടെ `കൊളീജിയത്തിന്റെ' തലവനാണ്‌. ചീഫ്‌ ജസ്റ്റീസും ഏറ്റവും സീനിയറായ നാലു സുപ്രീം കോടതി ജസ്റ്റീസുമാരും അടങ്ങുന്ന ഈ സമിതിയുടെ ശുപാര്‍ശയിന്മേല്‍ രാഷ്ട്രപതി നിയമനങ്ങള്‍ നടത്തുന്നു. ജഡ്‌ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിനും ജനപ്രതിനിധിസഭകള്‍ക്കുമൊന്നും പങ്കില്ല.

ഇത്‌ ഒരപാകമായി വേണം കണക്കാക്കാന്‍. ജനാധിപത്യവ്യവസ്ഥിതിയില്‍ ജനവും ജനപ്രതിനിധികളുമായിരിയ്‌ക്കണം സുപ്രീം. രാജ്യത്താകമാനമുള്ള ജനപ്രതിനിധികള്‍ക്കും ഈ തോന്നലുണ്ടായിക്കാണണം. ആ തോന്നല്‍ ഒരു നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ്‌സ്‌ കമ്മീഷന്‌ (എന്‍ജെഎസിയ്‌ക്ക്‌) ജന്മം നല്‍കി. അതിനു വേണ്ടി ഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്‌തു. ഡിസംബറില്‍ ആ ഭേദഗതിയും നിയമവും നിലവില്‍ വന്നു. അവയനുസരിച്ചുള്ള വിജ്ഞാപനങ്ങള്‍ ഇനിയും ഇറങ്ങാനിരിയ്‌ക്കുന്നതേയുള്ളു.

വിജ്ഞാപനങ്ങള്‍ ഇറങ്ങിക്കഴിഞ്ഞ ശേഷം ജഡ്‌ജിമാരെ നിയമിയ്‌ക്കുന്നത്‌ ഈ കമ്മീഷനായിരിയ്‌ക്കും. കമ്മീഷനില്‍ ചീഫ്‌ ജസ്റ്റീസും രണ്ടു മുതിര്‍ന്ന ജസ്റ്റീസുമാരുമുണ്ടാകും. അവരോടൊപ്പം കേന്ദ്രനിയമമന്ത്രിയും പുറത്തുനിന്നു നോമിനേറ്റു ചെയ്യപ്പെടുന്ന രണ്ട്‌ ഉന്നത വ്യക്തികളുമുണ്ടാകും. ചുരുക്കത്തില്‍, ജഡ്‌ജിമാരുടെ നിയമനത്തില്‍ സുപ്രീം കോടതിയ്‌ക്കുണ്ടായിരുന്ന നൂറു ശതമാനം സ്വാധീനം അമ്പതു ശതമാനമായി കുറഞ്ഞിരിയ്‌ക്കുന്നു. അതിനിടെ വക്കീലന്മാരുടെ ചില സംഘടനകള്‍ (ബാര്‍ അസ്സോസിയേഷന്‍ ഉള്‍പ്പെടെ) എന്‍ ജെ ഏ സിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്‌തിട്ടുണ്ട്‌. മൂന്നു ജസ്റ്റീസുമാരുടെ ബെഞ്ച്‌ ആ പെറ്റീഷന്‍ അഞ്ചു ജസ്റ്റീസുമാരടങ്ങുന്ന ഭരണഘടനാബെഞ്ചിനു റെഫര്‍ ചെയ്‌തിട്ടുമുണ്ട്‌. ജനപ്രതിനിധിസഭകളും സുപ്രീം കോടതിയും തമ്മിലുള്ള ഒരധികാരവടംവലിയായി വ്യഖ്യാനിച്ചേയ്‌ക്കാവുന്ന ഈ കേസില്‍ ഭരണഘടനാബെഞ്ചിന്റെ വിധി എന്തായിരിയ്‌ക്കുമെന്ന്‌ ആകാംക്ഷയോടെ ഉറ്റുനോക്കുന്നവര്‍ ധാരാളമുണ്ടാകും.

സുപ്രീം കോടതിയിലെ ഒരു ജസ്റ്റീസ്‌ തന്റെ സുപ്പീരിയറായ ചീഫ്‌ ജസ്റ്റീസിനേയോ, രാഷ്ട്രീയനേതാക്കളേയോ ഭയപ്പെടാന്‍ പാടില്ല. ജസ്റ്റീസുമാര്‍ ഭയരഹിതരായിരിയ്‌ക്കണം; എങ്കില്‍ മാത്രമേ നീതിയുക്തമായ വിധിപ്രസ്‌താവങ്ങള്‍ മുഖം നോക്കാതെ പുറപ്പെടുവിയ്‌ക്കാനാകുകയുള്ളു. കണ്ണുകള്‍ മൂടിക്കെട്ടിയ ഒരാള്‍ ത്രാസ്സ്‌ കൈയിലേന്തി നില്‍ക്കുന്ന ചിഹ്നം ഇവിടെ പ്രസക്തമാണ്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അഴിമതിനിര്‍മ്മാര്‍ജ്ജനത്തിനായി നിരന്തരപ്രവര്‍ത്തനം നടത്തുന്ന പ്രശസ്‌ത വക്കീല്‍, പ്രശാന്ത്‌ഭൂഷണ്‍ പതിനേഴ്‌ മുന്‍ സുപ്രീം കോടതി ചീഫ്‌ജസ്റ്റീസുമാരില്‍ പകുതിപ്പേര്‍ അഴിമതിക്കാരായിരുന്നെന്ന്‌ ആരോപിച്ചു. വി രാമസ്വാമി എന്ന സുപ്രീം കോര്‍ട്ട്‌ ജസ്റ്റീസും സൌമിത്ര സെന്‍, പി ഡി ദിനകരന്‍ എന്ന ഹൈക്കോടതി ജഡ്‌ജിമാരും അഴിമതി നടത്തിയതായി പാര്‍ലമെന്റിനു ബോദ്ധ്യപ്പെട്ടിരുന്ന കാര്യം മുകളിലെ ഒരു ഖണ്ഡികയില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ജസ്റ്റീസുമാര്‍ അഴിമതിയ്‌ക്കതീതരല്ലെന്ന്‌ ഇതെല്ലാം തെളിയിയ്‌ക്കുന്നു. ജസ്റ്റീസ്‌ കുര്യന്‍ ജോസഫിന്റെ ഭയരഹിതമായ നടപടികള്‍ അദ്ദേഹം അഴിമതിയ്‌ക്കതീതനാണ്‌ എന്നൊരു വിശ്വാസം ജനിപ്പിയ്‌ക്കുന്നു. ഭയലേശമില്ലാതെ സംസാരിയ്‌ക്കുന്നവരില്‍ കളങ്കമുണ്ടാവുകയില്ല.

നിലവിലിരിയ്‌ക്കുന്ന സാമൂഹ്യവ്യവസ്ഥയില്‍ ദുഃഖവെള്ളിയാഴ്‌ച മുതല്‍ ഈസ്റ്റര്‍ഞായര്‍ വരെ നീണ്ടു നില്‍ക്കുന്ന കോണ്‍ഫറന്‍സ്‌ നടത്തിയത്‌ ശരിയായില്ല എന്നു പറയുന്നതോടൊപ്പം തന്നെ, ആ കോണ്‍ഫറന്‍സില്‍ ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌ പങ്കെടുക്കാതിരുന്നതിനെ പ്രീതിയോടെ കാണാനാവുന്നില്ലെന്നും പറയേണ്ടതുണ്ട്‌. ദുഃഖവെള്ളിയാഴ്‌ചദിവസം ഇവിടെ, കേരളത്തിലുള്ള എന്റെ വീട്ടില്‍ കറന്റുണ്ടായിരുന്നു. കേരളാ സ്‌റ്റേറ്റ്‌ ഇലക്ട്രിസിറ്റി ബോര്‍ഡു ജീവനക്കാര്‍ പതിവു പോലെ സേവനമനുഷ്‌ഠിച്ചിരിയ്‌ക്കണം. ഇടുക്കിയുള്‍പ്പെടെയുള്ള എല്ലാ വൈദ്യുതപദ്ധതികളും അന്നു മുറപോലെ പ്രവര്‍ത്തിച്ചിരിയ്‌ക്കണം. അല്ലെങ്കിലന്ന്‌ കറന്റുണ്ടാകുമായിരുന്നില്ല.

അന്ന്‌ വാട്ടര്‍സപ്ലൈയ്‌ക്കും മുടക്കമുണ്ടായില്ല. ആലുവയ്‌ക്കടുത്തുള്ള ചൊവ്വരയില്‍ പെരിയാറില്‍ നിന്നു പമ്പു ചെയ്യുന്ന വെള്ളമാണ്‌ പറവൂരുള്ള ഗ്രൌണ്ട്‌ ലെവല്‍ ടാങ്കിലെത്തുന്നത്‌. ചൌവ്വരയിലെ പമ്പിങ്ങ്‌ മുടങ്ങിയാല്‍ ഞങ്ങള്‍ക്കുള്ള വെള്ളവും മുടങ്ങും. ദുഃഖവെള്ളിയായിരുന്നെങ്കിലും ചൊവ്വരയിലെ ജീവനക്കാര്‍ പമ്പിങ്ങ്‌ മുടക്കിയില്ല. പറവൂരുണ്ടായിരുന്ന ജീവനക്കാര്‍ ഗ്രൌണ്ട്‌ ലെവല്‍ ടാങ്കില്‍ നിന്ന്‌ ഓവര്‍ഹെഡ്‌ ടാങ്കിലേയ്‌ക്ക്‌ വെള്ളം പമ്പു ചെയ്‌തു കയറ്റിയിരുന്നിരിയ്‌ക്കണം. എങ്കില്‍ മാത്രമേ ഞങ്ങള്‍ക്കു വെള്ളം കിട്ടുകയുള്ളു. കുടിവെള്ളം, ഒരു മുടക്കവും കൂടാതെ, ടാപ്പിലൂടെ ഇരച്ചുവന്നു. ദുഃഖവെള്ളിയാഴ്‌ച ബി എസ്‌ എന്‍ എല്ലിന്റെ ഇന്റര്‍നെറ്റിനും യാതൊരു തടസ്സവുമുണ്ടായില്ല. ബി എസ്‌ എന്‍ എല്ലിലെ പല ജീവനക്കാരും അന്നു സേവനമനുഷ്‌ഠിച്ചിരിയ്‌ക്കണം.

ദുഃഖവെള്ളിയാഴ്‌ച എനിയ്‌ക്ക്‌ രണ്ടു തവണ പറവൂരു പോകേണ്ടി വന്നു. ഒരു തവണ കെ എസ്‌ ആര്‍ ടീ സി ബസ്സിലാണു യാത്ര ചെയ്‌തത്‌. ശേഷിച്ച മൂന്നു തവണ െ്രെപവറ്റ്‌ ബസ്സുകളിലും. കെ എസ്‌ ആര്‍ ടീ സി ഉള്‍പ്പെടെയുള്ള ബസ്സുകള്‍ അന്ന്‌ സര്‍വ്വീസു നടത്തി എന്നര്‍ത്ഥം. യാത്രക്കാര്‍ കുറവായിരുന്നു. ബസ്സുകളും കുറവായിരുന്നിരിയ്‌ക്കണം. എങ്കിലും ബസ്സുകളോടി. എന്റെ യാത്രയ്‌ക്ക്‌ തടസ്സമോ താമസമോ ഉണ്ടായില്ല.

കോട്ടപ്പുറം രൂപതയുടെ കീഴില്‍ പറവൂരുള്ള ഡോണ്‍ ബോസ്‌കോ ആശുപത്രിയാണ്‌ അവിടുത്തെ ഏറ്റവും വലിയ ആശുപത്രി. ഡോണ്‍ ബോസ്‌കോ ആശുപത്രിയുടെ മുന്നിലൂടെ അന്ന്‌ രണ്ടു തവണ പോകേണ്ടി വന്നിരുന്നു. ആശുപത്രി പതിവുപോലെ പ്രവര്‍ത്തനസജ്ജമായിരുന്നു. അവിടെ രോഗികള്‍ ചെന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ ചികിത്സ കിട്ടിയിട്ടുമുണ്ടാകും. ദുഃഖവെള്ളിയാഴ്‌ചയായിപ്പോയതുകൊണ്ട്‌ ഇന്ന്‌ ചികിത്സയില്ല എന്നൊരു നിലപാട്‌ ഡോണ്‍ ബോസ്‌കോ ആശുപത്രി എടുത്തുകാണുമെന്നു തോന്നുന്നില്ല.

ദുഃഖവെള്ളിയാഴ്‌ചദിവസം രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നല്ല തിരക്കായിരുന്നത്‌ നേരിട്ടു കാണാനിടവന്നു. അവിടുത്തെ ചെക്ക്‌ഇന്‍ കൌണ്ടറുകളില്‍ ജീവനക്കാരുണ്ടായിരുന്നു. തീവണ്ടികളും അന്ന്‌ ഓടിയിരുന്നിരിയ്‌ക്കണം; കാരണം, അവ മുടങ്ങിയതായുള്ള വാര്‍ത്ത കണ്ണില്‍പ്പെട്ടില്ല.

ദുഃഖവെള്ളിയാഴ്‌ച ലഭ്യമായതായി മുകളില്‍ പറഞ്ഞിരിയ്‌ക്കുന്ന സേവനങ്ങളില്‍ (പോലീസിന്റേയും പട്ടാളത്തിന്റേയും കാര്യം തത്‌കാലം വിടാം) പലതിലും കേരളത്തില്‍ പത്തൊമ്പതു ശതമാനത്തോളം വരുന്ന ക്രിസ്‌തുമതാനുയായികളില്‍ പലരും പങ്കെടുത്തു കാണും എന്നെനിയ്‌ക്കു വിശ്വാസമുണ്ട്‌.

ഇതൊരു പുതിയ കാര്യവുമല്ല എന്നാണെന്റെ അനുഭവം. ഓണവും വിഷുവും കേരളത്തിലെ ഹിന്ദുമതവിശ്വാസികള്‍ക്ക്‌ പ്രധാനമാണെങ്കിലും ആ ദിവസങ്ങളില്‍ പതിവുപോലെ ജോലിചെയ്യുന്ന നിരവധി ഹിന്ദുമതവിശ്വാസികള്‍ കേരളത്തില്‍ ധാരാളമുണ്ട്‌. ഓണത്തിനും വിഷുവിനും നാഷണല്‍ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ച്‌, ബോംബെ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ച്‌ എന്നിവയുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥാപനങ്ങള്‍ക്ക്‌ മുടക്കമില്ല. അവയിലെ തൊഴിലാളികള്‍ ഏതു മതത്തില്‍ പെട്ടവരായാലും അന്നു ജോലി ചെയ്യുക തന്നെയാണ്‌. ഇത്‌ ഒരുദാഹരണമായി പറഞ്ഞെന്നേയുള്ളു. ഇത്തരം ഉദാഹരണങ്ങള്‍ മറ്റു മതങ്ങളില്‍ പെട്ടവര്‍ക്കും പറയാനുണ്ടാകും.

കനപ്പെട്ട ഔദ്യോഗികചുമതലകള്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ മാത്രമായോ പ്രവൃത്തിദിവസങ്ങളില്‍ മാത്രമായോ പരിമിതപ്പെടുന്നില്ല. ഉദാഹരണത്തിന്‌, ജില്ലാഭരണാധികാരിയായ കളക്ടര്‍ താത്വികമായി ഇരുപത്തിനാലു മണിക്കൂറും ഡ്യൂട്ടിയിലാണ്‌. മജിസ്‌ട്രേറ്റ്‌ എവിടെയായിരുന്നാലും അവിടം മജിസ്‌ട്രേറ്റുകോടതിയായിത്തീരും എന്നൊരു ചൊല്ല്‌ മലയാളത്തിലുണ്ട്‌. ഔദ്യോഗിക ഏണിപ്പടികള്‍ കയറുംതോറും ഇതാണു പതിവ്‌. സമയവും ദിനവുമൊന്നും പ്രശ്‌നമല്ല. സര്‍ക്കാര്‍ സര്‍വ്വീസിലായാലും സ്വകാര്യസ്ഥാപനങ്ങളിലായാലും ഇതു തന്നെ പതിവായിരിയ്‌ക്കെ, രാഷ്ട്രത്തിന്റെ മുകളറ്റത്തുള്ള സുപ്രീം കോടതിയിലെ ജസ്റ്റീസുമാരുടെ കാര്യം പറയേണ്ടതില്ലല്ലോ. ജസ്റ്റീസുമാര്‍ താഴേക്കിടയിലുള്ളവര്‍ക്കു മാതൃകയാകുമെന്നാണ്‌ നമ്മുടെ പ്രതീക്ഷ. താഴേക്കിടയിലുള്ളവരെ മാതൃകയാക്കാന്‍ ജസ്റ്റീസുമാരോട്‌ പറയേണ്ടി വരുന്നത്‌ കഷ്ടം തന്നെ.

കുരിശില്‍ കിടന്നു പിടയുമ്പോഴും ക്രിസ്‌തുദേവന്‍ തന്നെ ക്രൂശിച്ചവര്‍ക്ക്‌ മാപ്പുനല്‍കുകയാണു ചെയ്‌തത്‌. പൊറുക്കുക-അതാണ്‌ ക്രിസ്‌തുദേവന്‍ സ്വജീവിതത്തിലൂടെ മനുഷ്യരാശിയ്‌ക്കു നല്‍കിയ സന്ദേശം. ഈ ആധുനികയുഗത്തില്‍ അവകാശങ്ങള്‍ (പ്രത്യേകിച്ചും മൌലികാവകാശങ്ങള്‍) അനുവദിയ്‌ക്കാത്തിടത്ത്‌ അവ പിടിച്ചുപറ്റുക തന്നെ വേണം. എങ്കിലും, ദുഃഖവെള്ളിയാഴ്‌ചമുതല്‍ ഈസ്റ്റര്‍ഞായര്‍ വരെ കോണ്‍ഫറന്‍സു വച്ചവരോടു പൊറുത്തുകൊണ്ട്‌ ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു പോകുന്നു. ഓരോ സുപ്രീം കോടതി ജഡ്‌ജിയും നിയമനം കിട്ടിയപ്പോള്‍ത്തന്നെ എടുത്തിരിയ്‌ക്കാന്‍ വഴിയുള്ള പ്രതിജ്ഞ 61300 കേസുകള്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്ന ഈയവസരത്തില്‍ പ്രസക്തമാണ്‌:

"I, A.B., having been appointed Chief Justice (or a Judge) of the Supreme Court of India, do that I will beart rue faith and allegiance to the Constitution of India as by law established, that I will uphold the sovereigtny and integrtiy of India, that I will duly and faithfully and to the best of my abiltiy, knowledge and judgement perform the duties of my office without fear or favour, affection or ill-will and that I will uphold the Constitution and the laws."

`ഭയവും പക്ഷപാതവുമില്ലാതെ പ്രവര്‍ത്തിയ്‌ക്കാന്‍ ഒരു ജഡ്‌ജിയ്‌ക്കു ധൈര്യം നല്‍കുന്നത്‌ ഭരണഘടനയാണ്‌' എന്ന്‌ ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഒരു പെറ്റീഷന്‍ പരിഗണിയ്‌ക്കുമ്പോള്‍ പ്രഖ്യാപിച്ചിരുന്നു. ഒഴിവുദിനങ്ങള്‍ കുറയ്‌ക്കുകയും പ്രവൃത്തിദിനങ്ങള്‍ കൂട്ടുകയും ചെയ്‌ത്‌ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍ക്കാനുള്ള ആവേശവും ഭരണഘടനയില്‍ നിന്ന്‌ ജസ്റ്റീസുമാര്‍ക്കു കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണ്‌.
ദുഃഖവെള്ളി, കോണ്‍ഫറന്‍സ്‌, വിരുന്ന്‌ (ലേഖനം: സുനില്‍ എം.എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക