Image

അല്‍പം മൃത്യുവിചാരം (ലേഖനം)

ഷീല. എന്‍.പി Published on 17 November, 2015
അല്‍പം മൃത്യുവിചാരം (ലേഖനം)
മരണമെന്നു  കേള്‍ക്കുമ്പോള്‍ പാതി ജീവന്‍ പോകുന്നവരുണ്ട്. മരണവാര്‍ത്തകേട്ട് രമിച്ചവരുമുണ്ട്. കാലന്റെ കൊലയറയിലേക്ക് സന്തോഷത്തോടെ കടന്നു ചെല്ലാന്‍ അധിം പേരും ഭയപ്പെടും. എന്നാല്‍ അതിനു ധൈര്യപ്പെട്ടത് എന്റെ അറിവില്‍ സത്യവാന്റെ സാവിത്രിയാ എന്നു കേട്ടിട്ടില്ലേ. ചിലര്‍ക്കു മൃത്യു സംബന്ധിയായ കവിതകേട്ടാല്‍ പോലും നഖശിഖാന്തം വിറയലാണ്. സൃഷ്ടികള്‍ക്കെല്ലാം നാശമുണ്ട്. മാര്‍ക്കണ്‌ഡേയനും ഒടുവില്‍ മൃതിയുടെ മുമ്പില്‍ മുട്ടുമടക്കേണ്ടി വന്നുവല്ലോ. പട്ടട അധ്യാത്മവിദ്യാലയമാണെന്ന് ജ്ഞാനികള്‍ പറയുന്നു. മടയന്മാരുടെ വിചാരം എല്ലാവരും മരിക്കും. ഞാനും ആലപ്പുഴയിലൊരു കൊപ്രാക്കച്ചവടക്കാരനും ശേഷിക്കും, മറ്റുള്ളവരുടെ കാര്യം പോക്കടി തന്നെ. ഇതാണ് ഉള്ളിലിരുപ്പ്!

ഇനി വലിയ ലോജിക് പ്രൊഫസറും കുട്ടികളെ പഠിപ്പിക്കുന്നത്, ഷേക്‌സ്പിയര്‍ മര്‍ത്ത്യന്‍(മരിക്കുന്നവന്‍)ആയതിനാല്‍ മരിക്കും. പക്ഷേ, മര്‍ത്ത്യരായ ഞാനും നിങ്ങളും മരിക്കുമെന്നു പറയാന്‍ ആ പേടിത്തൊണ്ടനും ഭയക്കുന്നു. അല്ല, ക്ഷമിക്കണം, പ്രൊഫസറെ അങ്ങനെ പറയാന്‍ പാടില്ലല്ലോ-ആ മഹാവിദ്വാനും മടിക്കും. അതാണ് മൃത്യുവിന്റെ അജയ്യത!

കന്യാസ്ത്രീകളും, സന്യാസിമാരും പിന്നെ പട്ടാളക്കാരും എന്റെ നിരീക്ഷണത്തില്‍, ഒരു കാര്യത്തില്‍ സമാനത പുലര്‍ത്തുന്നവരാണ്. (ഈ മുന്നു കൂട്ടരുമായി എനിക്ക് നല്ല പരിചയമുണ്ട്) ഉള്ളില്‍ അഗ്നിപര്‍വ്വതം പുകഞ്ഞാലും പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല എന്ന ഭാവം! നല്ല മിണ്ടടക്കം, എടുത്തണിഞ്ഞ മന്ദഹാസം. യാതൊരു നൂലാമാലകളും തങ്ങള്‍ക്കില്ലെന്നു തോന്നിപ്പിക്കാനുള്ള ട്രെയിനിംഗ് കടുകട്ടിയാണെന്ന് പ്രസിദ്ധമാണല്ലോ. ട്രെയിനിംഗിന്റെ കാഠിന്യം തന്നെ ഒരു സന്തോഷമാണ്. (ശീട്ടുമുഞ്ചി) (ദുര്‍മ്മുഖര്‍) കളെ കണികണ്ടാല്‍ പിസ്ഥര്‍ സാക്ഷിക്കുന്നു.) ഇച്ചൊന്ന മൂന്നു പാര്‍ട്ടിക്കാരും ഉള്ളില്‍ ഭയക്കണ്ടെങ്കിലും മരണം ഞങ്ങള്‍ക്കു പുല്ല് എന്ന മട്ടാണ്. മരണഭയം മനുഷ്യരുടെ സാമാന്യസ്വഭാവമാണെങ്കിലും മൃത്യുദേവത പാദപതനംകേള്‍ക്കുംമുമ്പ് അങ്ങോട്ടുചെന്ന് വരണമാല്യം അണിയിക്കുന്നവരും കുറവല്ല. പ്രേമമാണെന്നു തെറ്റിദ്ധരിച്ചു കളിച്ചു പറ്റിയവര്‍! അവര്‍ക്കാണ് ഏറെ തിടുക്കം!

സുന്ദരീ! ഒരുങ്ങി ഇറങ്ങിവാ, നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു രാജന്‍ വിളിക്കുന്നൂ, നിന്നെ വിളിക്കുന്നൂ….

പിന്നെ, താമസമെന്തേ വരുവാന്‍? പത്തിരുപതു വര്‍ഷം പൊന്നേ, പൊടിയേന്നും, തറയില്‍ വെച്ചാല്‍ ഉറുമ്പരിക്കും, താഴെ വെച്ചാല്‍ ഉറുമ്പരിക്കുമെന്നും, കരുതി കരുതലോടെ വളര്‍ത്തും. അമ്പിളി അമ്മാവനെ പിടിച്ചു തരണമെന്ന് ഈ പൊന്നു നിര്‍ബ്ബന്ധം പിടിച്ചാല്‍ അതിശയം തയ്യാര്‍! അല്ലലെന്തെന്ന് തങ്ങളറിഞ്ഞാലും അതൊന്നും അിറയിക്കാതെ പോറ്റി വളര്‍ത്തിയ സുന്ദരി, രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് ഒരു പാതിരായ്ക്ക് മുങ്ങുന്നു. പിന്നെ ഒരു ദുര്‍ദ്ദിനത്തില്‍ കേള്‍ക്കുന്നു, മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനടിയില്‍ ഒരജ്ഞാതജഡം!

ഇങ്ങനെ വഞ്ചിതകാമുകര്‍ ഒരു വിധപ്പെട്ടവരൊക്കെ അരിയെത്തുംമുമ്പ് മൃത്യുവിനെ സന്തോഷത്തോടെയല്ലെങ്കിലും ഗതികേടു കൊണ്ട് സ്വീകരിക്കുന്നു. ഇത് സര്‍വ്വവിദിതമായ വസ്തുത. തോജോ വധത്തിനിരയായവരും മൃത്യുവിനെ അങ്ങോട്ടു ചെന്നു വരിക്കുന്നു. അത് അഭിമാനക്ഷതമേറ്റതിനാല്‍ അതു ക്ഷമ്യം 

തേജോവധ പ്രാണവാധാത്ഗരിയാന്‍ എന്ന് അഭിജ്ഞാമതം! മാറാരോഗികള്‍ പ്രാണന്‍ നിലനിര്‍ത്തി ചാകാതെ ചാകുന്നതിലും ഭേദം മരണമേ എത്രയും വേഗം എന്നെ വന്നാശ്ലേഷിക്കൂ എന്നു ക്ഷണിച്ചു വരുത്തുകയാണ് അഭികാമ്യം. പക്ഷേ, ഓക്‌സിജന്‍ കൊടുത്തും ഏതാനും മിനിറ്റു കൂടി ജീവിക്കുമെങ്കില്‍ ആകട്ടെ എന്നതാണ് ഉള്ളിലിരുപ്പ്. അത്രയ്ക്കാണ് മനുഷ്യന് ജീവനോടുള്ള ആസക്തി. അതറിയാവുന്നതുകൊണ്ടാണല്ലോ എഴുത്തച്ഛന്‍ വ്യംഗ്യഭംഗിയില്‍ പറഞ്ഞുതന്നത് ചക്ഷുശ്രവണഗളസ്ഥമാം ദുര്‍ദുരന്തത്തിനും ഭക്ഷണത്തോട് ആര്‍ത്തിയുണ്ടെന്ന്. പ്രാണന്‍ പോയാല്‍ കൂടി പുരുഷന്മാര്‍ക്ക് പിന്നെയും ചുരുങ്ങിയപക്ഷം ഒരു പതിനഞ്ചു മിനിറ്റുകൂടി ഒരു കാര്യത്തില്‍ ആസക്തി നിലനില്‍ക്കുമത്രേ.(ഇത് ഒരു ധ്യാനഗുരുവിന്റെ സാക്ഷ്യമാണ്. ഞാന്‍ എടുത്തുരച്ചെന്നു മാത്രം!)
പേരുകേട്ട നമ്മുടെ കവികളില്‍ ചിലര്‍ മൃത്യുദേവതയോട് ചിലര്‍ മൃത്യുദേവതയോട് വളരെ ആഭിമുഖ്യം കാണിച്ചിട്ടുണ്ട്. അയ്യപ്പപ്പണിക്കരുടെ മൃത്യുപൂജ ചിലരെങ്കിലും വായിച്ചുകാണുമല്ലൊ. വായിക്കാത്തവര്‍ക്കായി ഇതാ ഏതാനും വരികള്‍- 

ഹേ മന്ദഗാമിനീ, ഹേമന്തയാമിനീ, 
ശരത് സ്വപ്നകാമിനീ, വരൂ നീ! 
മലയാളത്തിന്റെ ഓന്‍ഫ്യൂസ്
മലയാളത്തിന്റെ ഓന്‍ഫ്യൂസ് എന്നും പ്രൊപ.എം.കെ.സാനു നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്നും വിശേഷിപ്പിച്ച ചങ്ങമ്പുഴയ്ക്കും മൃദുസമീപനമാണ് തന്റെ സ്വഭാവസിദ്ധമായ ശൈലിയില്‍ ഈ ദേവതയെ കണ്ടപാടെ! തരികധരതളിര്‍ എന്നാവശ്യപ്പെടുകയാണു ചെയ്തത്. പി.ഭാസ്‌ക്കരന്‍ കക്ഷിയെ മനസ്സില്ലാ മനസ്സോടെ സ്വീകരിച്ചു. വിശ്വസാഹിത്യത്തിലേക്കു കടന്നാലോ? മഹാകവി ടാഗോര്‍-
മൃത്യൂ എന്റെ കവാടത്തില്‍ വരുമ്പോള്‍ നീ എന്താണ് അദ്ദേഹത്തിനു നല്‍കാന്‍ പോകുന്നത്. ഓ: ഞാന്‍ എന്റെ അതിഥിയുടെ മുമ്പില്‍ എന്റെ ജീവിതത്തിന്റെ നിറകുടം വയ്ക്കുന്നു. ഞാനൊരിക്കലും അദ്ദേഹത്തെ വെറും കയ്യോടെ അയയ്ക്കില്ല. എന്റെ ശരത്ക്കാല ദിനങ്ങളുടെയും  ഗ്രീഷ്മനിശകലിലെയും ദ്രാക്ഷാവിളക്കുകള്‍ സമസ്തവും-എന്റെ സംഭവബഹുലമായ ജീവിതത്തിലെ സമസ്തസമ്പാദ്യങ്ങളും എന്റെ ദിനങ്ങളുടെ സമാപ്തിയില്‍, മൃത്യു എന്റെ കവാടത്തില്‍ മുട്ടുമ്പോള്‍ ഞാന്‍ അവിടത്തെ സമക്ഷം അര്‍പ്പിക്കും. (ഗീതാജ്ഞലി)  ശ്ലോ.90, തര്‍ജ്ജമ എല്‍.എം. തോമസ് 935. ജോയന്‍ കുമരകത്തോട് കടപ്പാട്).

എല്ലാം പിന്നിട്ടു ഞാനീ ഭൂവനനിവസനം വിട്ടുങ്ങുവന്നേനിതാ 
കാലാതീത പ്രദീപച്ഛവിയില്‍ മമശരീരാര്‍പ്പണം ചെയ്വതിന്നായ് 
സാഷ്ടാംഗം ഞാന്‍ നമിപ്പൂ ! തിരുസവിധമണഞ്ഞിട്ടു ചൈതന്യമാമീ
നിസ്തബ്ധ ധ്വാനമായ്ത്തീര്‍ന്നൊരു മൃതതനുവായ് മല്‍പ്രഭോത്വല്‍പഥത്തില്‍.
(ഗീതാജ്ഞലി) ശ്ലോകം 103, തര്‍ജ്ജമ എല്‍സി ശങ്കരത്തില്‍)

ഇനി നാം സൃഷ്ടിയുടെ ഡിപ്പാര്‍ട്ടുമെന്റ് അധിപന്‍ ബ്രഹ്മാവിലേക്കു തിരിയുന്നു. കൈപ്പിഴ മര്‍ത്ത്യനു ജന്മസിദ്ധമെങ്കില്‍, ശകലം മറവി ആ വലിയ കുശവനും സംഭവിക്കാം. (ഒറ്റക്കണ്ണനെങ്കിലും ഹിന്ദി സാഹിത്യത്തിലെ യശസ്വിയായ കവി ജായസിയോട് കടപ്പാട്).

ബ്രഹ്മാവ് സൃഷ്ടി നടത്തി മനുഷ്യര്‍ ഭൂതലമാകെ നിറഞ്ഞു. പക്ഷേ, ഒരു പിശകുപറ്റി. മനുഷ്യര്‍ക്കു മരണമെന്ന അവസ്ഥ നല്‍കിയിരുന്നില്ല.

മര്‍ത്ത്യന്‍ ശരീരിയാകയാല്‍ ആശരീരം (ശീര്യതേ ഇതി ശരീര: എന്നു പദ നിഷ്പത്തി.) വാര്‍ദ്ധക്യമായാല്‍ ജീര്‍ണ്ണിക്കും. വളരെ പണ്ട്, ശരീരം ജീര്‍ണ്ണിക്കയും പ്രാണന്‍ വെടിയാതിരിക്കയും ചെയ്ത അക്കാലം. നമ്പ്യാരുടെ കാലനില്ലാത്ത കാലം ചിലരെങ്കിലും ഇങ്ങനെ ഓര്‍ക്കുമല്ലൊ. ഇതാ ഒരു സാമ്പിള്‍-

മുത്തച്ഛന്‍  മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു, മുത്തച്ഛനിരിക്കുന്നു, മുത്തച്ഛനവനുണ്ട്--- ജീര്‍ണ്ണശരീരത്തിന്റെ ഗന്ധം ഊഹിക്കയേ വേണ്ടൂ. അത് ദേവലോകവാസികളെ പൊറുതിമുട്ടിച്ചു, ദേവജാതി ആവലാതിയുമായി ബ്രഹ്മസവിധമണഞ്ഞ് മെമ്മോറാണ്ടം സമര്‍പ്പിച്ചു. അവിടന്ന് ഉടന്‍ പരിഹാരം കാണാമെന്ന് സമാധാനിപ്പിച്ചയച്ചു. തന്റെ മറവിക്കു പരിഹാരം ഇനിയെന്ത് എന്ന ചിന്തയില്‍ അദ്ദേഹം തല പുകഞ്ഞാലോചിച്ചു. ചിന്താഗ്നിയില്‍ നിന്ന് അഭൗമസൗന്ദര്യത്തില്‍ വിലക്കും ചെയ്തു. ആ മനോഹരിയെ കണ്ണിമയ്ക്കാതെ നോക്കി. (ഇതുപോലൊരു പിശകു നോട്ടം മുമ്പ് സരസ്വതിയില്‍ കേന്ദ്രീകരിച്ചപ്പോഴായിരുന്നുവല്ലൊ അവിടത്തേയ്ക്ക് ആ സ്ഖലിതം പിണഞ്ഞത്. ഏതായാലും ദൃഷ്ടി, തന്നില്‍ പതിഞ്ഞതും ,സുന്ദരാംഗി കൈകള്‍ കൂപ്പി ആരാഞ്ഞു- അടിയന്‍ എന്തുസേവനമാണ് അങ്ങേയ്ക്കു ചെയ്യേണ്ടത്?

ഭഗവാന്‍ അരുള്‍ ചെയ്തു. ഭാരിച്ച ഉത്തരവാദിത്വമാണ് ഞാന്‍ നിന്നില്‍ അര്‍പ്പിക്കുന്നത്. നീ ഭൂലോകത്ത് ചെന്ന് മനുഷ്യരുടെ ജീവനെടുക്കണം.

ആജ്ഞകേട്ട് ആ ലോലഹൃദയ ഞെട്ടിത്തരിച്ചു. അവള്‍ പ്രത്യാന്തരിച്ചു. എന്റെ പൊന്നുടയതേ, ഇതെനിക്കെങ്ങനെ കഴിയും ? ഞാനൊരു സ്ത്രീയല്ലേ? ഒരു മാതൃഹൃദയം എന്നില്‍ ത്രസിക്കുന്നില്ലേ? ഭര്‍ത്താവില്‍ നിന്ന് പ്രിയതമയെയും അവരില്‍ നിന്നു ഭര്‍ത്താവിനെയും വേര്‍പെടുത്തുക! പിന്നെ അമ്മയുടെ മാറില്‍ നിന്നു പിഞ്ചു കുഞ്ഞുങ്ങളെ അപഹരിക്കുക- അങ്ങനെ പലതും…. ദയവായി  ഈ ക്രൂരകൃത്യത്തില്‍ നിന്ന് എന്നെ ഒഴിവാക്കണം. അവള്‍ കേണപേക്ഷിച്ചു. ഭഗവാന്റെ തിരുമിഴികള്‍ ചുവന്നു. കര്‍ക്കശസ്വരത്തിലുള്ള ആജ്ഞ ആ തിരുവായില്‍ നിന്നു വന്നു. ഇല്ല, നീയതു ചെയ്യണം, ഒരു സൗജന്യം നാം അനുവദിച്ചു തരുന്നു. നീ ഒന്നും കാണുകയും കേള്‍ക്കുകയും മിണ്ടുകയും വേണ്ട. ഞാന്‍ നിന്നെ അന്ധയും മൂകയും ബധിരയുമാക്കി ഭൂമിയിലേക്ക് അയയ്ക്കുന്നു. വീഴ്ച കൂടാതെ സ്വകര്‍മ്മത്തില്‍, വ്യാപൃതയാകുക. അതല്ലേ ചിലപ്പോള്‍ കള്ളനെപ്പോലെ വന്ന് ഓര്‍ക്കാപ്പുറത്ത് കൊലച്ചതി ചെയ്യുന്നത്!

ഭൂമിയില്‍ കണ്ണും ചെവിയുമൊന്നുമില്ലാത്ത മൃത്യുദേവതയുടെ താണ്‍വം നിങ്ങളും ദിനംപ്രതി കാണുന്നതല്ലേ? പിന്നെ ഈ ഞാനെന്തു പറയാന്‍?

പക്ഷേ, ഒരു കാര്യം പറയാതെ വയ്യ. മരണസ്മരണ പാപത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള ഒന്നാന്തരം ഉപായമാണ്. മരണം വാപിളര്‍ന്നു വ്യാളിപോലെ മുന്നില്‍ നില്‍ക്കുന്ന വാസ്തവമറിഞ്ഞാല്‍ പിന്നെ എന്തു ധൈര്യത്തിലാണ് നാം പാപം ചെയ്യുക? 

പാസ്‌ക്കല്‍ എന്ന ഫ്രഞ്ച് ദാര്‍ശനികന്റെ 'പോസെ' എന്ന കൃതിയില്‍ ഒരു ഭാഗത്ത് മരണത്തെക്കുറിച്ചുള്ള പരാമര്‍ശം ഇപ്രകാരമാണ്. മരണം പിറന്നു വീഴുമ്പോള്‍ മുതല്‍ പിന്നില്‍ നില്‍ക്കുന്നുണ്ട്. മനുഷ്യന്‍ അതു മറയ്ക്കാന്‍ ശ്രമിക്കുന്നു. വെടിമരുന്നു മണക്കുന്ന ട്രക്കുകളില്‍, മരണം പതിയിരിക്കുന്ന പച്ചിലക്കാടുകളില്‍, മരംകോച്ചുന്ന മഞ്ഞില്‍ നമ്മുടെ ജവാന്മാര്‍ മരണത്തെ നിമിഷം പ്രതിമുഖാമുഖം കണ്ടിട്ട് തിന്നും കുടിച്ചും വെടി പറഞ്ഞും ആഹ്ലാദത്തോടെ അടുത്തനിമിഷം എന്തും സംഭവിക്കാം എന്ന യാഥാര്‍ത്ഥ്യം മറക്കാന്‍ ശ്രമിക്കുന്നു… ശാന്തം ! പാപം!

സാധാരണ മനുഷ്യരും ഇപ്രകാരം മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഒരപശകുനമായി കരുതി അതിന്റെ ഓര്‍മ്മയില്‍ നിന്ന് ഓടിയൊളിക്കാന്‍ നോക്കുന്നു. നിരീശ്വരന്മാരും മരണം തീര്‍ച്ചയാണെന്നു സമ്മതിക്കുന്നു. ചാര്‍വ്വാകനും കാലചക്രസീമയില്‍ അപ്രത്യക്ഷമായി. ഭോജരാജകുമാരന്‍ , തന്നെ കൊന്നിട്ട് രാജ്യം തട്ടിയെടുക്കാന്‍ ശ്രമിച്ച മാതുലന് ഭോജപാത്രവും വീണ്ടുവിചാരവുമുണ്ടാക്കിയത്. സിംഹാസനവും രാജ്യലക്ഷ്മിയും ഒന്നും തന്നെ ശാശ്വത നിമിഷത്തിനു നിമിഷം നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞ് അധികാരത്തിലേറ്റിയ നമ്മുടെ ജനസേവകര്‍ക്ക് പ്രസംഗവും പ്രസ്‌നോട്ടും മറ്റും തയ്യാറാക്കാന്‍ യോഗ്യരായവരുണ്ടല്ലൊ. ഒരു ദിവസം തന്നെ തിരക്കിട്ട നൂറുകൂട്ടം പരിപാടികള്‍. ഒരിക്കല്‍ വിവാഹാശംസയും ചരമപ്രസംഗവും ജൂബ്ബയുടെ ഇടതും വലതും പോക്കറ്റുകളില്‍ മാറിപ്പോയി. വിവാഹത്തിന് ചരമക്കുറിപ്പു വായിച്ച സംഭവം ഓര്‍മ്മ വരുന്നു. 

വിഷയം ആസന്നമരണചിന്താശതകമല്ലേ. അതിന്റെ  കാഠിന്യം ഒന്നു കുറയ്ക്കാന്‍ ഒടുവില്‍ ഒരു നേരമ്പോക്കു പറഞ്ഞ്, മരണമെന്നു കേള്‍ക്കുമ്പോഴേക്ക് ബോധക്കേടിന്റെ വക്കിലെത്തുന്നവരെ കാക്കേണ്ടതുണ്ടല്ലോ.

മൃത്യു ചിന്ത- ഇത് അല്പമല്ലേ ആയുള്ളൂ. അനല്പം വേണമെന്നാഗ്രഹമുണ്ടെങ്കില്‍ തുടരാം. തല്‍ക്കാലം ഇത്രയില്‍ നിര്‍ത്തട്ടെ.

ഷീല. എന്‍.പി

അല്‍പം മൃത്യുവിചാരം (ലേഖനം)
Join WhatsApp News
വിദ്യാധരൻ 2015-11-17 22:01:04
വെറുതെ എന്തെങ്കിലും അഭിപ്രായം എഴുതി ആരെയെങ്കിലും ചൊടിപ്പിച്ചിട്ട്‌  ഉറങ്ങാം എന്ന് വിചാരിച്ചപ്പോളാണ് 'ഒരല്പം മൃത്യു വിചാരം എന്ന ലേഖനം വായിച്ചത്' പല പ്രാവശ്യം കിടക്കാൻ ശ്രമിച്ചെങ്കിലും 'ആ അന്തിമ നിമിഷത്തെ ഒരിക്കൽ നേരിടേണ്ടി വരുമെല്ലോ എന്നോർത്തു തിരിഞ്ഞും മറിഞ്ഞു കിടന്നു ഉറക്കം വരാതിരുന്നപ്പോൾ, എന്തെങ്കിലും കുത്തി കുറിക്കാം എന്ന് വിചാരിച്ചു. എന്നാലും ഷീല ടീച്ചർക്ക് എഴുതാൻ കണ്ട ഒരു വിഷയമേ?  ഒരു കണക്കിന് അവാർഡുകൾ വാങ്ങി പൊന്നാടയും ധരിച്ചു ജീവിതകാലം മുഴുവൻ കഥകളും കവിതകളും എഴുതി സാഹിത്യ മണ്ഡലം കീഴടക്കി ജീവിക്കാം എന്ന് വിചാരിക്കുന്നവരെ ഒന്ന് വെരുട്ടി നിരുത്തന്നതിൽ തെറ്റില്ല.  
     ശരിയാണ് മരണത്തെക്കുറിച്ച് വളരെ ധീരമായി സംസാരിച്ചവർ പലരും മരണത്തിന്റെ മുന്നിൽ നിരുപാധികം കീഴടങ്ങിയ പല സംഭവങ്ങളും ഉണ്ട്.  നിങ്ങൾ എന്നിൽ വിശ്വസിക്കുന്നു എങ്കിൽ മരിക്കില്ലെന്നും അഥവാ മരിച്ചാലും ജീവിക്കുമെന്നു പറഞ്ഞ ക്രിസ്തുവും മരണ ദിവസം ക്രൂശിൽ കിടന്നു ' എങ്കിലും നിന്റെ ഇഷ്ടമെന്നു പറഞ്ഞു ജീവനെ വെടിഞ്ഞതും, 
"ലോകം നിത്യംചലം വൃഥാ മൃതി ഭയം 
             തോന്നുന്നു മാറ്റങ്ങളിൽ "   എന്ന് നമ്മെ സമാശ്വസിപ്പിച്ച ആശാനും, ആ പല്ലനയാറ്റിൽ മുങ്ങി മരിക്കുമ്പോൾ മരണത്തെ എങ്ങനെ അഭിമുഖീരിചിരിക്കും എന്നോർത്തു ശ്വാസംമുട്ടാറുണ്ട്.  

"കായും ഹൃത്തോടടത്തു കേണരുളുവോർ 
             നേരേ ചിരിച്ചും തിരി 
ഞ്ഞായുർജ്യോഷതത്ത്വ വിദ്യകളെ 
              നോക്കി കൊഞ്ഞണം കാട്ടിയും 
ഭീയും ദീനതയും മഹാവിരതിയും 
               നോട്ടങ്ങളാൽ ചെർത്തുമാ 
ശ്രീയുക്താവവയങ്ങൾതോറുമൊരുപോൽ 
                 കൂത്താടിയാർത്തു മൃതി" -എന്ന് എ ആർ രാജരാജവർമ്മയെക്കുറിച്ച് പ്രരോദനത്തിൽ ആശാൻ എഴുതുമ്പോൾ മൃത്യു വരുത്താൻ പോകുന്ന നാശത്തെക്കുറിച്ച് ആശാൻ തികച്ചും ബോധവാനായിരുന്നു 

'കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ 
           സജ്ജാതിയോ വംശമോ 
ദൃഷ്ടശ്രീ തനുധാടിയോ ചെറുതു-
           മിങ്ങോരില്ല ഘോരാനലൻ 
സ്പഷ്ടം മാനുഷഗർവ്വമൊക്കെയിവിടെ 
           പുക്കസ്തമിക്കുന്നതി-
ങ്ങിഷ്ടന്മാർ പിരിയുന്നു ഹാ ! ഇവിടമാ-
           ണദ്ധ്യാത്മ വിദ്യാലയം '   എന്ന് കവി ഓർമിപ്പിക്കുമ്പോൾ നാം ഇവിടെ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്ന പൊന്നാടയും ഫലകങ്ങളും നമ്മളുടെ തന്നെ ചിതക്ക്‌ കൊള്ളിയായി തീരുമെന്ന തിരിച്ചറിവ് പുതിയ ഒരദ്ധ്യാത്മ ബോധം ഉള്ളിലുണർത്തുന്നു  

"സ്പഷ്ടം മാനുഷഗർവ്വമൊക്കെയിവിടെ 
           പുക്കസ്തമിക്കുന്നതി-
ങ്ങിഷ്ടന്മാർ പിരിയുന്നു ഹാ ! ഇവിടമാ-
           ണദ്ധ്യാത്മ വിദ്യാലയം ' 
          
മൃത്യു വിചാരങ്ങളിൽ ൽ എന്റെ മുന്നില് ഒരു ചോദ്യമായി അവശേഷിക്കുന്നത് ഇടപ്പള്ളിയുടെ ആത്മഹത്യയാണ്.  തന്റെ മരണത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു ഇടപ്പള്ളി എന്ന് അദ്ദേഹത്തിൻറെ 'മണിനാദം' എന്ന കവിതയും 'നാളത്തെ പ്രഭാതവും' വിളിച്ചു പറയുന്നു. കൂടാതെ രണ്ടു കവിതകളും ഉടൻ പ്രസിദ്ധീകരിക്കണം എന്ന കുറിപ്പോടുകൂടി മാതൃഭൂമി ആഴ്ചപതിപ്പിനും മലയാലരാജ്യത്തിനു അയച്ചതും മരണപ്പിറ്റെന്നു (1936 ജുലൈ 6) അച്ചടിച്ചു വന്നതും വച്ച് നോക്കുമ്പോൾ മരണത്തെ ഇത്ര ധീരമായി നേരിട്ട ഒരു വ്യക്തി വേറെ ഉണ്ടെന്നു തോന്നുന്നില്ല 

നാളത്തെ പ്രഭാതമേ

'നാളത്തെ പ്രഭാതമേ, നിൻമുഖം ചുംബിക്കാൻ 
നാളെത്രയായി കാത്തുനില്പിതെന്നാശാപുഷ്പം 
നീളത്തിൽ നിന്നെക്കണ്ടു കൂകുവാനായികണ്ഠ-
നാളത്തിൽ ത്രസിക്കുന്നുണ്ടെന്നന്ത്യസംഗീതകം 
പാടിഞാനിന്നോളം നിന്നപധാനം മാത്രം 
വാടിയെൻകരെളെന്നും നിന്നഭാവത്താൽ മാത്രം 
ഗോപുരവാരത്തിങ്കൽ നിൽക്കും നിന്നനവദ്യ 
നൂപുരക്വണം കേട്ടെൻകാതുകൾ കുളിർക്കുന്നു  

മണിനാദം 

മണിമുഴക്കം! മരണദിനത്തിന്റെ 
മണിമുഴക്കം മധുരം!- വരുന്നു ഞാൻ 
അനുനയിക്കുവാനെത്തുമെൻ കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാ മൊഴി 

എന്തായാലും സുഹൃത്തുക്കളെ ഇടക്ക് ഇത്തിരി മൃത്യു വിചാരം നല്ലതാണ്. അഹങ്കാരത്തിനു ഒരു കടിഞ്ഞാണായി നല്ലൊരു വിചാരത്തിനു ഡോക്ടർ എൻ പി ഷീലക്ക് നന്ദി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക