Image

ദൈവത്തിന്റെ സ്വന്തം നാട്ടിലെ നോക്കുകൂലിക്ക് വിട- (ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 09 March, 2018
ദൈവത്തിന്റെ സ്വന്തം നാട്ടിലെ നോക്കുകൂലിക്ക് വിട- (ഡോ.നന്ദകുമാര്‍ ചാണയില്‍)
സഖാക്കളേ, നിങ്ങള്‍ ഓരോരുത്തര്‍ക്കും ലാല്‍ സലാം!!! L.D.F ന്റെ ഭരണം നിലവിലിരിക്കേ ഒരു തൊഴിലാളി ദുഷ്പ്രവണതക്ക് തടയിടാനുള്ള ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള സഖാവ് പിണറായി വിജയന്റെ സര്‍ക്കാരിന് അഭിനന്ദനങ്ങളും അനുമോദനങ്ങളും! അതും ലോകതൊഴിലാളികള്‍ക്ക് സുപ്രധാനദിനമായ മേയ് ഒന്നാം തിയ്യതി മുതല്‍ നടപ്പിലാക്കാനുള്ള തീരുമാനത്തിന്.

സംവത്സരങ്ങളായി, ലോകത്തിലെവിടെയും, റഷ്യയിലും ചൈനയിലും പോലുമില്ലാത്ത തൊഴിലാളി അവകാശത്തിന്റെ പേരിലുള്ള ഒരു കൊള്ളനയം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രം. നമ്മുടെ സാമഗ്രികള്‍ പരസഹായം കൂടാതെ, നമുക്കുതന്നെ കയറ്റുകയോ ഇറക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം, മാനുഷരെല്ലാരുമൊന്നുപോലെയായ, ജനാധിപത്യഭരണം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്തുമാത്രം ഇല്ലെന്ന അവസ്ഥാവിശേഷം കേരളജനതയ്ക്ക് ഒരു ഭൂഷണമോ? ഇതില്‍ കുടങ്ങി കുഴങ്ങിയ ജനങ്ങളുടെ ദയനീയാവസ്ഥ, നാട്ടില്‍ പൊറുക്കാനെളുതല്ല മേലില്‍' എന്ന മട്ടിലായിട്ട് കാലം കുറച്ചായി. ഈ സംഘടിത ദുരവസ്ഥക്കുനേരെ ആര്‍ക്കും ഒരു ചെറുവിരലനക്കാന്‍ പോലും സംഘടിത തൊഴിലിന് മേന്മയും മികവും കല്പിക്കുന്നവരാണല്ലോ തൊഴിലാളികള്‍. തനിക്ക് സ്വയം ചെയ്യാവുന്ന, തനിക്കുവേണ്ടിയുള്ള ഒരു കര്‍മ്മത്തില്‍ നിന്നും വിലക്കുന്നതില്‍ എന്തു ധാര്‍മ്മിക നീതിയാണുള്ളത്? നോക്കിനില്‍ക്കുന്നതിന് ഒരു കൂലി കൊടുക്കണമെങ്കില്‍, അങ്ങിനെ ചെയ്യാതിരിക്കുന്നതിനും വേണ്ടേ ഒരു കൂലി?

ഇനി നമ്മുടെ അത്യന്താപേക്ഷിതശ്രദ്ധ കേന്ദ്രീകരിക്കാനുള്ളത് ആവശ്യത്തിനും അനാവശ്യത്തിനുമായി നമ്മുടെ സ്വന്തം കേരളത്തില്‍ മാത്രം പ്രചുരപ്രചാരമുള്ള ഹര്‍ത്താലുകളും ബന്ദുകളുമാണ്. അത്യാസന്നനിലയില്‍ ആശുപത്രികളിലെത്തിക്കേണ്ട രോഗികളുടെയും പ്രസവാവശ്യങ്ങള്‍ക്കായുള്ള സ്ത്രീകളുടെയും സന്നിദ്ധഘട്ടം ഒന്നാലോചിച്ചുനോക്കാനുള്ള മനസ്ഥിതി ഈ കൂട്ടര്‍ക്കുണ്ടോ? അതേപോലെതന്നെ വിവാഹവിരുന്നുകളില്‍ എത്തിപ്പെടാന്‍ പറ്റാതെവന്നാലുള്ള ഭക്ഷ, ധന പാഴ്ചിലവുകളും അത്യാവശ്യയാത്രക്ക് തീവണ്ടിസ്റ്റേഷനിലോ വിമാനത്താവളങ്ങളിലോ എത്തിച്ചേരാന്‍ പറ്റാത്ത അസൗകര്യങ്ങളെക്കുറിച്ചും ഈ ഹര്‍ത്താലുകാര്‍ക്ക് അല്പം പോലും വീണ്ടു വിചാരമുണ്ടാവുമെന്ന് പ്രത്യാശിക്കാം. മാറ്റുവിന്‍ ചട്ടമ്പിത്തരങ്ങളേ എന്ന മുദ്രാവക്യവുമായാവട്ടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സഖാക്കള്‍ ഇനി സംഘടിക്കാന്‍ പോകുന്നതെന്ന് ദീര്‍ഘവീക്ഷണം ചെയ്യാം.

രാഷ്ട്രീയാടിസ്ഥാനത്തില്‍ അവനവന്റെ കക്ഷി ചെയ്യുന്നതുമാത്രം നല്ലത്, മറ്റെ കൂട്ടര്‍ ചെയ്യുന്നതെല്ലാം തന്നെ തെറ്റെന്ന നയം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇടതുപക്ഷം നല്ലതുചെയ്താല്‍ വലതുപക്ഷത്തിനും വലതന്‍ നല്ലതു ചെയ്താല്‍ നല്ലതെന്നു പറയാന്‍ ഇടതനും വിശാലമസ്‌കത ഉണ്ടാകണം. ജനത്തിന്റെ നന്മയും ഉന്നമനവുമാണല്ലോ ഏതു സര്‍ക്കാരിന്റേയും ലക്ഷ്യം. ജനായത്തഭരണം ഉള്ള ഏതു രാജ്യത്തും ഭരണകക്ഷിക്കും എതിര്‍കക്ഷിക്കും വേണ്ട പെരുമാറ്റചട്ടങ്ങളില്‍ അനിവാര്യമായ ഒന്നാണല്ലോ ജനസേവനം.

ജയജയകേരളം!

ദൈവത്തിന്റെ സ്വന്തം നാട്ടിലെ നോക്കുകൂലിക്ക് വിട- (ഡോ.നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക