Image

പുരോഹിതാധിപത്യവും കന്യാസ്ത്രി ജീവിതവും (ജോസഫ് പടന്നമാക്കല്‍)

Published on 10 October, 2019
പുരോഹിതാധിപത്യവും കന്യാസ്ത്രി ജീവിതവും (ജോസഫ് പടന്നമാക്കല്‍)
(10/09/2019-ല്‍ കെസിആര്‍എം ടെലി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രഭാഷണം )

സുഹൃത്തുക്കളെ, കെസിആര്‍എം പ്രവര്‍ത്തകരെ, മോഡറേറ്റര്‍ ശ്രീ എ.സി. ജോര്‍ജ്, ഏവര്‍ക്കും എന്റെ കൂപ്പുകൈകള്‍. കെ സി ആര്‍ എം സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിക്കുന്ന ഈ ടെലി കോണ്‍ഫറന്‍സില്‍ ഒരു പ്രഭാഷണം നടത്താനായി അവസരം തന്ന ശ്രീ ചാക്കോ കളരിക്കലിനും ഇതിലെ പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി. നാം ആരും സഭാവിരോധികളല്ല. സഭയെ നശിപ്പിക്കാനുമല്ല നാം ആഗ്രഹിക്കുന്നത്. പ്രവാചക ദൗത്യം ചെയ്തിരുന്നവര്‍ സഭാവിരോധികളായി അറിയപ്പെട്ടിരുന്നില്ല. കാലഹരണപ്പെട്ട സഭയുടെ നവോദ്ധ്വാനമാണ് ഈ സംഘടനയുടെ ലക്ഷ്യം.

'പുരോഹിത മേധാവിത്വവും കന്യാസ്ത്രി ജീവിതവും' എന്ന വിഷയത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ അടുത്തകാലത്ത് നടന്ന നിരവധി സംഭവങ്ങളാണ് എന്റെ മനസ്സില്‍ പാഞ്ഞെത്തുന്നത്. അഭയാക്കേസ് മുതല്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാവസ്ത്രം ഊരിപ്പിച്ച വരെയുള്ള സമീപകാല സംഭവങ്ങളില്‍ 'പുരോഹിത മേധാവിത്വത്തിന്റെ സ്വാധീനം ദൃശ്യമായിരുന്നു. മേരി ചാണ്ടിയുടെയും സിസ്റ്റര്‍ ജെസ്മിയുടെയും ജീവിതത്തിലുണ്ടായ അനുഭവങ്ങളും പീഡനങ്ങളും പച്ചയായി തന്നെ അവരുടെ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. സിസ്റ്റര്‍ 'അനീറ്റ' എന്ന യുവ കന്യാസ്ത്രി ഒരു പുരോഹിതന് വഴങ്ങി കൊടുക്കാത്തതു മൂലം അവര്‍ അനുഭവിച്ച യാതനകള്‍ വളരെയേറെയായിരുന്നു. പാതിരാത്രിയില്‍ ഇറ്റാലിയന്‍ കോണ്‍വെന്റില്‍ നിന്നും പുറത്താക്കിയതും വീണ്ടും ആലുവായില്‍ മാതൃ മഠത്തില്‍ വന്നെത്തിയ അവരുടെ പെട്ടിയും കിടക്കയും ക്രൂരമായി സഹകന്യാസ്ത്രികള്‍ റോഡിലേക്കെറിഞ്ഞതുമായ കഥകള്‍ ഹൃദയമുള്ളവര്‍ക്ക് പൊറുക്കാന്‍ സാധിക്കില്ല. അനാഥാലയത്തില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് വിദേശപ്പണം തട്ടിയെടുത്തുകൊണ്ടിരുന്ന പാലാ ചേര്‍പ്പുങ്കല്‍ മഠം കന്യാസ്ത്രീകളുടെ കള്ളത്തരങ്ങളെ ചോദ്യം ചെയ്ത സിസ്റ്റര്‍ മേരി സെബാസ്റ്റ്യനെ ഉടുപ്പ് ഊരിച്ചതുമായ വാര്‍ത്തകള്‍ നാം കഴിഞ്ഞ വര്‍ഷങ്ങളില്‍ വായിച്ചിരുന്നു. അവരുടെ പേരില്‍ മോഷണക്കുറ്റം ചുമത്തി കള്ളക്കേസുകളും കൊടുക്കാന്‍ മഠം അധികൃതര്‍ മടിച്ചില്ല. ഒടുവിലിതാ പുരോഹിതാധിപത്യം ശ്രീ ലൂസി കളപ്പുരക്കലിനെതിരെയും എത്തി നില്‍ക്കുന്നു. ഫ്രാങ്കോയുടെ കഥകള്‍ മദ്ധ്യകാല യുഗത്തിലെ മാര്‍പാപ്പാമാരുടെ കാമവിളയാട്ടങ്ങളെയും മറി കടക്കുന്ന വിധമായിരുന്നു. ആഗോള കത്തോലിക്ക സഭയുടെ സജ്ജീകരണം തന്നെ പുരോഹിതാധിപത്യത്തില്‍ പടുത്തുയര്‍ത്തിയതാണ്.

പുരോഹിതലോകം സാധാരണ കന്യാസ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നു. ഹവ്വായുടെ പ്രേരണമൂലം പുരുഷനെ പാപത്തിലേക്ക് പ്രേരിപ്പിച്ചുവെന്നുമുള്ള കെട്ടുകഥ, സ്ത്രീയെ വിലയിടിച്ചു കാണിക്കുന്നു. സ്ത്രീയെ ദൈവശാസ്ത്രത്തിനുള്ളിലും അടിമയെപ്പോലെ അടിച്ചു താഴ്ത്തിയിരിക്കുകയാണ്. കെട്ടുകഥകളില്‍ക്കൂടി മെനഞ്ഞെടുത്തിരിക്കുന്ന ദൈവശാസ്ത്രം അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നു. അതില്‍ സ്ത്രീ അന്ധമായി വിശ്വസിക്കുകയും ചെയ്യുന്നു.

പുരോഹിത വംശത്തില്‍ ജനിക്കാത്ത ക്രിസ്തു പൗരാഹിത്യം സ്ഥാപിച്ചതായി ബൈബിളില്‍ വ്യക്തമല്ല. ദൈവമെന്നു സങ്കല്പമുള്ള ജീവിച്ചിരുന്ന ക്രിസ്തു സ്ത്രീകളെ സ്‌നേഹിച്ചിരുന്നു. യേശുവും മേരി മഗ്ദലനായും സ്‌നേഹത്തിന്റെ പ്രതീകാത്മകമായിരുന്നു. ബലിയുടെ ഒരു ഭാഗമായിരുന്നു. മഗ്ദലന യേശുവിനോടൊപ്പം സഞ്ചരിച്ചിരുന്ന അരുമ ശിക്ഷ്യയുമായിരുന്നു. അവര്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ മറ്റാരേക്കാളും മുമ്പിലായി കണ്ടു. അവര്‍ക്കായിരുന്നു 'യേശു' കല്ലറ വാതില്‍ക്കല്‍ നിന്ന് ഉയിര്‍പ്പിന്റെ സന്ദേശം നല്‍കിയത്. അതുമൂലം മഗ്ദലനയെ അപ്പോസ്‌തോലന്മാരുടെ അപ്പോസ്‌തോല എന്നും വിളിക്കുന്നു. എങ്കിലും അവരെ അള്‍ത്താരകളില്‍ ഓര്‍മ്മിക്കാറില്ല. അവര്‍ വിശുദ്ധയുമല്ല. സ്ത്രീ എന്ന നിലയില്‍ മഗ്ദലനയുടെ ക്രിസ്തുവുമായുള്ള പങ്കാളിത്വം ചെറുതല്ലായിരുന്നു. സുവിശേഷങ്ങള്‍ തന്നെ വായിക്കുകയാണെങ്കിലും അവള്‍ മാത്രമല്ല ക്രിസ്തുവിന് പ്രിയപ്പെട്ടവളായി ഉണ്ടായിരുന്നത്. യേശുവിനെ സ്‌നേഹിച്ചിരുന്നവരും കാലു തലോടിയവരും ഭക്ഷണം കൊടുത്തിരുന്നവരും സ്ത്രീകളാണെന്ന് കാണാം. പാപിയായ ഒരു സ്ത്രീ അവന്റെ കാല്‍ക്കല്‍ വീഴുന്നത് കാണാം. ഹവ്വായുടെ പാപം ക്രിസ്തുവിനെ സംബന്ധിച്ച് വിഷയമായിരുന്നില്ല.

പരീസിയര്‍ പാപിയായ സ്ത്രീയെ കല്ലെറിയാന്‍ യേശുവിന്റെ സമീപം കൊണ്ടുവന്നപ്പോള്‍ ക്രിസ്തു അവരുടെ പാരമ്പര്യത്തെ തന്നെ തിരുത്തിയെഴുതി. പുരുഷ മേധാവികളെ അവിടുന്ന് വെല്ലുവിളിച്ചു. 'നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ'യെന്ന് പറഞ്ഞു. ക്രിസ്തുവിന്റെ ആ വചനം പുരോഹിതര്‍' മറ്റൊരു വിധത്തിലാണ് വ്യാഖ്യാനിക്കുന്നത്. ആരെങ്കിലും സഭയെ വിമര്‍ശിച്ചാല്‍, പുരോഹിതനെ വിമര്‍ശിച്ചാല്‍ ഉടന്‍ ക്രിസ്തുവിന്റെ വചനം ഉദ്ധരിക്കുകയായി, 'നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ കല്ലെറിയട്ടെ എന്ന്.' വാസ്തവത്തില്‍ ക്രിസ്തു ഈ വചനം ഉദ്ധരിച്ചത് അബലയായ സ്ത്രീയെ നോക്കിയാണ്. സ്ത്രീയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ഇവിടെ സ്ത്രീകളും ദൈവത്തിന്റെ മുമ്പില്‍ വിലയേറിയ മക്കളാണെന്ന് തെളിയിക്കുകയാണ്. പുരുഷന്മാരെ വെല്ലുവിളിക്കുകയാണ്. സ്ത്രീയുടെ വ്യക്തിത്വത്തെ മാനിക്കുകയാണ്. സഭയെ തന്നെ മാതാവെന്നാണ് വിളിക്കുന്നത്. ഒരു മാതാവിന് സ്ത്രീയെന്നും പുരുഷനെന്നും വ്യത്യാസമോ?

'ലോകമാകമാനമുള്ള കന്യാസ്ത്രികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും പുരോഹിതരില്‍നിന്നു അസഹ്യമായ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാവുന്നുവെന്നും പുരോഹിതരുടെ ലൈംഗിക അടിമപ്പാളയത്തില്‍ കന്യാസ്ത്രികളെ തളച്ചിട്ടിരിക്കുകയാണെന്നും' ഫ്രാന്‍സീസ് മാര്‍പാപ്പ അടുത്തയിടെ പറയുകയുണ്ടായി. ലോക മീഡിയാകള്‍ ഈ വാര്‍ത്തകള്‍ സ്ഥിതികരിക്കുകയും ചെയ്തു. പുരോഹിതരുടെ അസഹ്യമായ പീഡനങ്ങള്‍മൂലം ഇറ്റലിയിലെ ഒരു കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ ബെനഡിക്റ്റ് മാര്‍പാപ്പയുടെ കാലത്ത് നിര്‍ത്തലാക്കിയിരുന്നു.

കന്യാസ്ത്രികളും പുരോഹിതരും തമ്മിലുള്ള വ്യത്യാസം എന്താണ്? കന്യാസ്ത്രി എന്നാല്‍ സമൂഹമായി ജീവിക്കുന്ന ഒരു കോണ്‍ഗ്രിഗേഷണലിലെ അംഗം. അവര്‍ക്ക് ജീവിതാന്ത്യം വരെ പാലിക്കേണ്ട അടിസ്ഥാനപരമായ പ്രതിജ്ഞകളും എടുക്കേണ്ടതായുണ്ട്. പുറം ലോകവുമായി ബന്ധപ്പെടാതെ കന്യാസ്ത്രി മഠങ്ങളിലെ നിയമ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി ജീവിക്കണം. മഠം അനുശാസിക്കുന്ന കുപ്പായങ്ങളും അണിഞ്ഞു നടക്കണം. 'കന്യാസ്ത്രി ജീവിതത്തെ റോഡില്‍ക്കൂടി ഉരുളുന്ന, ചൂട് നിറഞ്ഞ താറു നിറച്ച ഒരു വീപ്പക്കുറ്റിക്ക് സമാനമായി 'പൊന്‍കുന്നം വര്‍ക്കിയുടെ ഒരു നോവലില്‍ ഉപമിച്ചിരിക്കുന്നു.

കന്യാസ്ത്രീയെ ചൂഷണം ചെയ്യാന്‍ സുന്ദരമായ വാക്കുകളുമുണ്ട്. കര്‍ത്താവിന്റ മണവാട്ടി, അര്‍ത്ഥിനി, യേശുവിന്റെ മുന്തിരിത്തോപ്പില്‍ ജോലിചെയ്യുന്നവള്‍, ക്രിസ്തു തന്റെ മണവാളന്‍, ഒരേ സമയം 'അമ്മ, സഹോദരി, എന്നെല്ലാം.! പുരോഹിതനെ അച്ചന്‍, അതില്‍ മൂത്തയാളെ പിതാവെന്ന് വിളിക്കും. കന്യാസ്ത്രീകളെ സിസ്റ്റര്‍ എന്നും വിളിക്കും. പുരോഹിതന് നല്‍കിയിരിക്കുന്ന ഈ സംബോധന തന്നെ അധികാരത്തിന്റെ ചുവയാണുള്ളത്. 'കന്യാസ്ത്രി' എത്ര ഉയര്‍ന്ന സ്ഥാനം അലങ്കരിച്ചാലും കര്‍ദിനാളിന്റെയോ ബിഷപ്പിന്റെയോ വേഷം കിട്ടില്ല. അവര്‍ക്ക് പുരോഹിതനുള്ള അധികാരവും ലഭിക്കില്ല. കാരണം പറയുന്നത് അപ്പോസ്‌തോലന്മാര്‍ പുരുഷന്മാരായിരുന്നുവെന്നാണ്.

ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്ന മൂന്നു വ്രതങ്ങള്‍ കന്യാസ്ത്രികള്‍ എടുത്തിരിക്കണം. എടുക്കുന്ന പ്രതിജ്ഞകള്‍ സഭയുടെ നാമത്തില്‍ സഭാധികാരികള്‍ അംഗീകരിക്കുകയും വേണം. കന്യാസ്ത്രികള്‍ മുടക്കാതെ ചെയ്യേണ്ട കടമകള്‍ ' കുര്‍ബാന കാണുക', കുമ്പസാരിക്കുക, 'കുര്‍ബാന സ്വീകരിക്കുക', 'പ്രാര്‍ത്ഥനകള്‍ പള്ളിയിലും മഠങ്ങളിലും ഉരുവിടുക' എന്നിവകളാണ്. പള്ളിമേടകളില്‍ താമസിക്കുന്ന അച്ചന്മാര്‍ക്ക് ഭക്ഷണവും പാകം ചെയ്യണം. അച്ചന്മാര്‍ കൊച്ചു കന്യാസ്ത്രീകളെ കുമ്പസാരിപ്പിക്കാന്‍ അമിത താല്‍പ്പര്യവും കാണിക്കുന്നു.

മദര്‍ സുപ്പീരിയറിനെയും മേലാധികാരികളെയും അനുസരിച്ച് മഠം മതില്‍ക്കെട്ടിനുള്ളില്‍ മാത്രം കന്യാസ്ത്രികള്‍ ജീവിക്കണം. പുറം ലോകമായി സംസര്‍ഗം പാടില്ല. പ്രത്യേക സാഹചര്യങ്ങളില്‍, അനുവാദത്തോടെ മാത്രമേ സന്യസ്തര്‍ക്ക് മഠം വിട്ടു സഞ്ചരിക്കാന്‍ അനുവാദമുള്ളൂ. സന്ദര്‍ശകര്‍ മഠത്തില്‍ അനുവാദമില്ലാതെ പ്രവേശിക്കാന്‍ പാടില്ല. എങ്കിലും സ്‌കൂളില്‍ പഠിപ്പിക്കുന്നവര്‍ക്ക് പൊതുജനമായി ബന്ധമാകാം. സ്ഥലത്തെ ബിഷപ്പിന്റ കീഴിലായിരിക്കാം മഠങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

പുരോഹിതന്‍ എന്ന് പറഞ്ഞാല്‍ പള്ളി ശുശ്രുഷകളും പൂജകളും നടത്തുന്ന ആള്‍ എന്നാണ്. ജീവിക്കാന്‍ വേണ്ടി അയാള്‍ ദൈവത്തെ ഒരു ഭീകര ജീവിയാക്കി ചിത്രീകരിച്ചു. ഭയം ജനിപ്പിക്കുന്ന പല കഥകളും അയാള്‍ നെയ്‌തെടുത്തു. ആദ്യം സ്ത്രീകളും കുഞ്ഞുങ്ങളും അയാളുടെ മാജിക്കില്‍ വീണു. സഭ വളര്‍ന്നു. അത് നിരവധി സ്ഥാപനങ്ങളായി. അധികാരവും സ്വര്‍ണ്ണം പൂശിയ അംശവടിയും, ധനവും പ്രതാപവും ഒത്തുചേര്‍ന്നപ്പോള്‍ സ്വന്തം സ്ഥാനമാനങ്ങളെയും ദുരുപയോഗം ചെയ്യാനും തുടങ്ങി. ക്രിസ്തു ചൈതന്യം പുരോഹിതരില്‍നിന്നും അപ്രത്യക്ഷ്യവുമായി. അഴിമതികളും കള്ളത്തരങ്ങളും വ്യാജ രേഖ വിവാദങ്ങളും പേറി നടക്കുന്ന പൗരാഹിത്യം സഭയെ നാശത്തിലേക്ക് നയിക്കുന്നു.

പുരുഷ മേധാവിത്വത്തിന്റെ അധികാരപരിധിയില്‍ പുരോഹിതര്‍ അള്‍ത്താര മുഴുവന്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. ക്രിസ്തു ചൈതന്യം അവിടെ ഉണ്ടെന്നാണ് പറയുന്നത്. ജീവിച്ചിരുന്ന ക്രിസ്തുവിന് സ്ത്രീകളെ വേണമായിരുന്നു. ആത്മാവായ യേശുവിന് സ്ത്രീകള്‍ അശുദ്ധവും. സ്ത്രീക്കു മാത്രം അവിടെ അനുസരണ വ്രതം പിന്നെ ദാരിദ്ര്യം. പുരുഷ പുരോഹിതന് ആഡംബരം, മണിമാളിക, പെണ്ണ്, ഭൂമി മാഫിയ കൂട്ടുകെട്ട്, കാനോന്‍ നിയമം എന്നുവേണ്ട എല്ലാമുണ്ട്.

വത്തിക്കാനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'വുമണ്‍ ഓഫ് ചര്‍ച്ച് വേള്‍ഡ്' എന്ന മാഗസിന്റെ എഡിറ്ററായ 'ലൂസെറ്റ സ്‌കെറഫിയ' കന്യാസ്ത്രികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു. ഈ മാസിക കൂടുതലായും സ്ത്രീകള്‍ക്കു വേണ്ടിയുള്ളതാണ്. കന്യാസ്ത്രി മഠങ്ങളില്‍ പുരോഹിതര്‍ നടത്തുന്ന ലൈംഗിക തേര്‍'വാഴ്ച്ചകളെ സംബന്ധിച്ചുള്ള ഒരു ലേഖനമാണിത്.

ലുസെറ്റയുടെ അഭിപ്രായമിങ്ങനെ, 'കര്‍ദ്ദിനാള്‍മാരും ബിഷപ്പുമാരും കന്യാസ്ത്രീകളെ കൂലിത്തൊഴിലാളികള്‍ക്ക് തുല്യമായി കരുതുന്നു. കൂലിയില്ലാതെ ജോലിചെയ്യുന്ന നിസ്സഹായരായ കന്യാസ്ത്രീകളെക്കൊണ്ട് പുരോഹിതര്‍ മുതല്‍ കര്‍ദ്ദിനാള്‍ വരെയുള്ളവരുടെ വസ്ത്രങ്ങള്‍ കഴുകിക്കുന്നു. അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കണം. എന്ത് നിന്ദ്യമായ ജോലികളും നിര്‍ബന്ധമായും ചെയ്തുകൊള്ളണം. ഇല്ലെങ്കില്‍ അനുസരണക്കേടെന്ന കണ്ഠകോടാലി അവരുടെ കഴുത്തിലെത്തും.' ചിലര്‍ക്ക് സഭയുടെ സ്ഥാപനങ്ങളിലുള്ള അടുക്കളകളില്‍ ജോലിക്കാരായി എത്തുകയും വേണം. അവിടെ, അന്തേവാസികള്‍ക്കും പുരോഹിതര്‍ക്കും ഭക്ഷണം ഉണ്ടാക്കാന്‍ പ്രഭാതം മുതല്‍ പണിയെടുക്കണം. ജോലിചെയ്യാനായി അതി രാവിലെ ഉണരുകയും വേണം. അത്താഴമുണ്ടാക്കി ഓരോരുത്തരുടെ പ്‌ളേറ്റുകളും കഴുകിക്കൊടുക്കണം. പരിസരവും മുറികളും വൃത്തിയാക്കിയ ശേഷമേ കന്യാസ്ത്രികള്‍ക്ക് ഉറങ്ങാന്‍ പോലും സാധിക്കുള്ളൂ. കൂടാതെ, വസ്ത്രം കഴുകിയ ശേഷം പുരോഹിതരുടെ തുണികളും തേച്ചു കൊടുക്കണം. ഭക്ഷണം കഴിക്കുന്ന തീന്‍ മേശയ്ക്ക് മുമ്പില്‍ ഒപ്പം പുരോഹിതര്‍ കന്യാസ്ത്രികളെ ഇരുത്തുകയില്ല. ജോലി ചെയ്യാതെ പരാന്ന ജീവികളായി ജീവിക്കുന്ന പുരോഹിതരുടെ അഹങ്കാരത്തിനും ഒരു അതിരില്ല.

ലേഖനത്തിലുള്‍പ്പെടുത്തിയിരുന്ന കാര്യങ്ങള്‍ വത്തിക്കാന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. കന്യാസ്ത്രി മഠങ്ങളില്‍ നടക്കുന്ന പുരോഹിത അതിക്രമങ്ങളുടെ ഉത്തരവാദിത്വം മാര്‍പാപ്പാ സ്വയം ഏറ്റെടുക്കുകയായിരുന്നു. ലൈംഗിക ചൂഷണം ചെയ്യുന്ന എല്ലാ പുരോഹിതരെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യണമെന്ന് വത്തിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.

ഫ്രാന്‍സീസ് മാര്‍പാപ്പാ തന്റെ പെറുവിലേക്കുള്ള യാത്രയില്‍ കന്യാസ്ത്രികളും പുരോഹിതരും തമ്മിലുള്ള ലിംഗ അസ്വമത്വങ്ങളെ പരസ്യമായി ആക്ഷേപിച്ചിരുന്നു. കന്യാസ്ത്രീകളെ ഏറ്റവും അധികം നിന്ദിക്കുന്ന രാജ്യങ്ങള്‍ മാര്‍പാപ്പായുടെ തന്നെ ഭൂഖണ്ഡത്തില്‍ ഉള്‍പ്പെടുന്ന സൗത്ത് അമേരിക്കന്‍ രാജ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളം കൊടുക്കണമെന്നും ലിംഗഭേദമില്ലാതെ സകലര്‍ക്കും മാന്യത കല്പിക്കണമെന്നും മാര്‍പാപ്പാ കൂടെക്കൂടെ പറയാറുണ്ട്. അതെല്ലാം അല്മായര്‍ക്കുള്ള ഉപദേശമാണെങ്കിലും പുരോഹിതരുടെ കന്യാസ്ത്രികള്‍ക്ക് നേരെയുള്ള നിന്ദ്യമായ പെരുമാറ്റങ്ങള്‍ക്ക് കുറവൊന്നുമില്ല. 'കന്യാസ്ത്രീകളുടെ സഭയിലെ ജോലിയെന്നാല്‍ സേവനത്തെക്കാള്‍ കൂടുതല്‍ ദാസ്യവൃത്തിയാണെന്ന്' കാണാം.

മഠങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം കഥകള്‍ നൂറ്റാണ്ടുകളായി വത്തിക്കാന്റെ വീക്ഷണത്തിലുള്ളതാണ്. പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ വത്തിക്കാനില്‍ എക്കാലവും മൂടി വെക്കുകയായിരുന്നു. അധികാരവും പണവും കുന്നുകൂടിയതോടെ പുരോഹിതരുടെ സന്മാര്‍ഗികത നശിക്കുകയും എന്തുതരം ഹീനകൃത്യങ്ങള്‍ക്കും പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അറേബ്യന്‍ പെന്‍സുലായില്‍ നിന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ മടങ്ങി വരുമ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ അദ്ദേഹത്തോട് പാവപ്പെട്ട കന്യാസ്ത്രീകളെ പുരോഹിതര്‍ പീഡിപ്പിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

ചില കന്യാസ്ത്രികള്‍ പാവപ്പെട്ട വീടുകളില്‍ നിന്നാണെങ്കിലും പഠിക്കാന്‍ അതിസമര്‍ത്ഥരായിരിക്കും. ബൗദ്ധികമായി അവര്‍ വളരെ ഉയര്‍ന്നവരുമായിരിക്കും. ഉയര്‍ന്ന ഡിഗ്രികളും കരസ്ഥമാക്കിയിരിക്കും. എന്നാല്‍, പണമുള്ള വീട്ടില്‍നിന്നു വന്നവരും മഠങ്ങളില്‍ പദവികള്‍ അലങ്കരിക്കുന്നവരുമായ മറ്റു കന്യാസ്ത്രികള്‍ പാവപ്പെട്ട കന്യാസ്ത്രീകളുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നു. അവരെ പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. അവരുടെ സ്വാഭാവികമായ കഴിവുകളെയും മാനിക്കാന്‍ തയ്യാറാവുകയില്ല. വ്യക്തിപരമായ അവരുടെ ഉയര്‍ച്ചയും തടസപ്പെടുത്താന്‍ നോക്കും.

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വിലയില്ലാത്തവരെന്ന പുരോഹിത ചിന്തകള്‍ ദൗര്‍ഭാഗ്യകരമാണ്. ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും റോമില്‍ പഠിക്കാന്‍ വരുന്ന സ്ത്രീകള്‍ ഭൂരിഭാഗവും സാമ്പത്തികമായി താണ വീടുകളില്‍ നിന്നായിരിക്കും. അവരുടെ ചെലവുകള്‍ വഹിക്കുന്നതും അതാത് കോണ്‍ഗ്രിഗേഷന്‍ ആയിരിക്കും. ആ സ്ഥിതിക്ക് അവര്‍ എന്തുതന്നെ ജോലി ചെയ്താലും, ജോലിയുടെ കാഠിന്യമോ സാഹചര്യങ്ങളോ ഒന്നും തന്നെ പരാതിപ്പെടാതെ സഹിച്ചു ജീവിക്കണമെന്നാണ് വെപ്പ്. സഭ അവരെ ചൂഷണം ചെയ്യുന്നതല്ലാതെ ശബ്ദിക്കാന്‍ സമ്മതിക്കില്ല. അത് ഓരോ കന്യാസ്ത്രിയുടെയും മനസുകളില്‍ ഒരു വിപ്ലവ ചൈതന്യം സൃഷ്ടിക്കുന്നു. സഭ ചൂഷണം ചെയ്യുന്നുവെന്ന് ഓരോരുത്തര്‍ക്കും വ്യക്തമായി അറിയുകയും ചെയ്യാം.

കത്തോലിക്ക നിയമം അനുസരിച്ച് പുരുഷന്മാര്‍ക്കു മാത്രമേ പൗരാഹിത്യം അനുവദനീയമായുള്ളൂ. സ്ത്രീകള്‍ക്ക് പൗരാഹിത്യം കൊടുക്കണമെന്ന് പതിറ്റാണ്ടുകളായുള്ള മുറവിളികളുമുണ്ട്. അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ട പലര്‍ക്കും സഭയ്ക്ക് പുറത്തുപോവേണ്ടിയും വന്നിട്ടുണ്ട്. സ്ത്രീകള്‍ക്കു പൗരാഹിത്യം അനുവദിക്കുന്ന കാര്യത്തില്‍ സമീപ കാലങ്ങളിലൊന്നും വത്തിക്കാനില്‍ നിന്നു പ്രതീക്ഷകള്‍ നല്‍കുന്നില്ല.'സ്ത്രീകളെ സഭാ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ അനുവദിക്കരുതെന്ന' പൗലോസ് അപ്പോസ്‌തോലന്റെ വചനത്തെ മുറുകെ പിടിക്കാന്‍ ശ്രമിക്കും. 'അവര്‍ക്ക് പുരുഷന്മാരുടെ മേല്‍ അധികാരങ്ങളും നല്‍കരുതെന്നു' പൗലോസ് ശ്ലീഹ പറഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് വത്തിക്കാനില്‍ കൂടിയ ബിഷപ്പ് കോണ്‍ഫറന്‍സ് സ്ത്രീകള്‍ക്കും സഭയില്‍ കൂടുതല്‍ പങ്കാളിത്വം നല്‍കണമെന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. അതില്‍ 267 പുരോഹിതരോടൊപ്പം ഏഴു കന്യാസ്ത്രികള്‍ക്കും സംബന്ധിക്കാന്‍ അനുവാദം കൊടുത്തിരുന്നു. എന്നാല്‍ ഒരു ഡോകുമെന്റ്കളും ഒപ്പിടാന്‍ കന്യാസ്ത്രീകളെ സമ്മതിച്ചില്ല.

കത്തോലിക്കസഭയില്‍ ചര്‍ച്ചകളില്‍ക്കൂടി പ്രശ്‌നങ്ങള്‍ തീര്‍ക്കാനും കാര്യകാല പ്രസക്തങ്ങളായ വിഷയങ്ങള്‍ അവതരിപ്പിക്കാനും ബിഷപ്പ് കോണ്‍ഫെറെന്‍സുകള്‍ സംഘടിപ്പിക്കാറുണ്ട്. അവിടെയെല്ലാം പുരുഷന്റെ മേധാവിത്വം മാത്രം കാണാം. സ്ത്രീകളുടെ കാര്യങ്ങളും തീരുമാനിക്കുന്നത് പുരുഷന്‍ തന്നെ. അങ്ങനെ സഭ തന്നെ പുരുഷ മേധാവിത്വത്തില്‍ അടിത്തറയിട്ടിരിക്കുന്നു. ഒരു സ്ത്രീ ഇടയലേഖനം വായിക്കണമെങ്കിലും സഭയുടെ ഡോക്യൂമെന്റുകള്‍ വായിക്കണമെങ്കിലും പുരുഷന്റെ ആശയങ്ങളുള്ള മസ്‌ക്കുലിന്‍ കണ്ണുകളോടെ വേണം. മതപഠനം, കുടുംബം, വിവാഹം, വിവാഹ മോചനം, സ്വവര്‍ഗ വിവാഹം, കുട്ടികള്‍, കുടുംബാസൂത്രണ പദ്ധതികള്‍ എല്ലാം ചര്‍ച്ച ചെയ്യുന്നത് പുരുഷന്‍ മാത്രം. സ്ത്രീകള്‍ക്ക് അവിടെ ചര്‍ച്ചക്ക് അവകാശമില്ല. സ്ത്രീകളുടെ പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കുന്നതും പുരുഷന്മാര്‍. സ്ത്രീകളുടെ ശാരീരിക പ്രക്രിയകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുന്ന സമയമെങ്കിലും കന്യാസ്ത്രീകളെ പങ്കു കൊള്ളിപ്പിക്കാനുള്ള മനസ്ഥിതി പഴഞ്ചാനാശയങ്ങളുമായി സഞ്ചരിക്കുന്ന പൗരാഹിത്യ മേധാവിത്വത്തിനുണ്ടാവില്ല. സന്താന ഉത്ഭാദനവും, ഒരു സ്ത്രീയുടെ രക്ത സ്രാവത്തിന്റെ അളവുകോലുകള്‍ വെച്ചുകൊണ്ടുള്ള കുടുംബാസൂത്രണ നിയന്ത്രണവും നിശ്ചയിക്കുന്നത് പുരുഷ മേധാവിത്വമാണ്.

കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ നിന്നും ലോകത്തിലെ സ്ത്രീ പുരുഷന്മാര്‍ക്കായി ഒരു ചോദ്യാവലി തയ്യാറാക്കിയിരുന്നു. അതില്‍ സ്ത്രീകള്‍ മാത്രം ഉത്തരം പറയേണ്ട കാര്യങ്ങള്‍ക്കു പോലും ചോദ്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് പുരുഷന്മാരായ പുരോഹിതരായിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാരെപ്പോലെ വിവേകവും അറിവും ചിന്തിക്കാനുമുള്ള കഴിവുകളുണ്ടെന്ന് വത്തിക്കാനില്‍ നിന്നും ചോദ്യാവലി തയ്യാറാക്കിയവരെ ആരും ഉപദേശിച്ചുമില്ല.

'ഞങ്ങള്‍ സുരക്ഷിതരും, സംതൃപ്തരുമാണ്, അടിമകളല്ല' എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ ചില കന്യാസ്ത്രികള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരണങ്ങള്‍ നടത്തുന്നതു കണ്ടു. ഒന്നു ചോദിക്കട്ടെ 'നിങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ കൊണ്ട്, ആര്‍ക്കെങ്കിലും, എന്തെങ്കിലും ഗുണം കിട്ടിയതായി പറയാമോ? നിങ്ങള്‍ ചെയ്യുന്നതെല്ലാo പുരോഹിതരുടെയും മെത്രാന്‍മാരുടെയും കല്‍പ്പനകള്‍ അനുസരിച്ചു മാത്രം. നിങ്ങള്‍ക്ക് അനുസരിക്കുകയേ വഴിയുള്ളു! നിങ്ങളുടെ പ്രവര്‍ത്തികള്‍ ലോകം കണ്ടു കഴിഞ്ഞു. ഫ്രാങ്കോക്കേസില്‍ സമരം ചെയ്ത കന്യസ്തികള്‍ക്കു പിന്തുണ കൊടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്നും പുറത്താക്കി. സിസ്റ്റര്‍ ലൂസി മഠം അധികാരികളുടെ മുമ്പില്‍ തെറ്റുകാരിയായി. അവര്‍ ചെയ്ത തെറ്റ് സത്യം പുറത്താക്കിയെന്നതാണ്. അവര്‍ പീഢകനോടൊപ്പം നില്‍ക്കാതെ പീഡിപ്പിക്കപ്പെട്ടവള്‍ക്കു പിന്തുണകള്‍ നല്‍കി സമരപന്തലില്‍ പങ്കെടുത്തു. അതേ സമയം ആരോപണ വിധേയനായ ഫ്രാങ്കോയെ ബിഷപ്പുമാരടക്കം പുരോഹിതര്‍ ചുമലില്‍ കൊണ്ടുനടക്കുന്നു.

'ഒരു കന്യാസ്ത്രി ഞങ്ങള്‍ അടിമകളല്ലെന്നു പറയുമ്പോള്‍ മറ്റൊരു കന്യാസ്ത്രി അടിമയാണെന്നും പറയുന്നു. പിന്നെ നിങ്ങള്‍ ആരാണ്? കൂത്തരങ്ങുന്ന ദേവദാസികള്‍ക്കുപോലും ഇത്രമാത്രം അടിമത്വമില്ലായിരുന്നു. ദ്രൗപതിയില്‍ ചില പുരോഹിതരും കന്യാസ്ത്രികളും ചെയ്ത തീപ്പൊരി പ്രസംഗങ്ങളും കേട്ടു. എല്ലാവരും സന്യാസത്തിന്റെ മഹത്വം മാത്രം പ്രസംഗിച്ചു. എന്നാല്‍ ലൂസി ചെയ്ത കുറ്റം എന്തെന്ന് ആരും വ്യക്തമായി പറയുന്നുമില്ല! മുപ്പതുവര്‍ഷത്തെ അദ്ധ്വാനഫലം തട്ടിയെടുത്തശേഷം ഒരു സുപ്രഭാതത്തില്‍ അവരുടെ കന്യാസ്ത്രി പദവി അസാധുവാക്കി. കുമാരിയെന്നു സംബോധന ചെയ്തുകൊണ്ട് 'പാറക്കന്‍' എന്ന പുരോഹിതന്‍ അവരെ അപമാനിക്കാനും തേജോവധം ചെയ്യാനും ശ്രമിച്ചു. ചുരുക്കം, 'ഞാന്‍ സത്യവും ജീവനുമാകുന്നു' എന്ന സഭയുടെ പ്രമാണം പൗരാഹിത്യം പാടെ ഉപേക്ഷിച്ചിരിക്കുന്നു.! ഞാറക്കല്‍ കന്യാസ്ത്രികളില്‍നിന്നും നാലേക്കര്‍ പുരയിടങ്ങളും സ്‌കൂളുകളും സ്ഥാപനങ്ങളും വികാരിയുടെ കള്ളപ്രമാണങ്ങളില്‍ക്കൂടി പള്ളി തട്ടിയെടുത്തപ്പോള്‍ എവിടെയായിരുന്നു, നിങ്ങളുടെ ആത്മബോധം? 1940-തുകളില്‍ പിടിയരി പിരിച്ച് നിങ്ങള്‍ ഉണ്ടാക്കിയ സ്വത്തുക്കളായിരുന്നില്ലേ അത്?

കന്യാസ്ത്രീകളുടെ ബലഹീനതയാണ് പുരോഹിതര്‍ മുതലാക്കിയിരിക്കുന്നത്. അഭയാക്കേസ് പ്രതികളായ കൊട്ടൂരിനും പുതുര്‍ക്കയ്ക്കും, സെഫിക്കും വേണ്ടി കന്യാസ്ത്രികള്‍ കൂട്ടമായി പ്രാര്‍ത്ഥിക്കുന്നു. കള്ളസാക്ഷി പറയുന്നു. എന്താണ് സഭയുടെ മനഃസാക്ഷിയെന്നും ഓര്‍ത്തുപോവാറുണ്ട്. കുറ്റവാളികളെ സംരക്ഷിക്കുകയെന്ന സഭ ചെയ്യുന്ന ഈ അനീതികളെല്ലാം മാപ്പര്‍ഹിക്കാത്തതാണ്. കോട്ടയം അഭയക്കേസിലെ കന്യാസ്ത്രികള്‍ക്ക് കള്ളസാക്ഷി പറയേണ്ടി വരുന്നത് അവര്‍ തീര്‍ത്തും അബലകളായതുകൊണ്ടല്ലേ? കേസില്‍ പുരോഹിതര്‍ക്ക് എതിരായി സാക്ഷി കൊടുത്തിരുന്നുവെങ്കില്‍ ഒരു പക്ഷെ അവരുടെയെല്ലാം ജീവനു തന്നെ ഭീക്ഷണികളാകുമായിരുന്നു. സത്യം പറയുന്ന കന്യാസ്ത്രികളെ മാനസികമായി പീഡിപ്പിച്ച് പുറത്താക്കുന്ന നടപടികളിലേക്ക് നീങ്ങിയാനെ! ജീവിതകാലത്ത് മാതാപിതാക്കള്‍ കൊടുത്ത സ്വത്തുക്കള്‍ മഠം വളരെ നേരത്തെ തന്നെ തട്ടിയെടുക്കുകയും ചെയ്തു. പുറത്തിറക്കുന്നതും ഒന്നുമില്ലാതെ പെരുവഴിയിലേക്കായിരിക്കും. ഇത്തരത്തില്‍, ഭയത്തില്‍ ജീവിക്കുന്ന കന്യാസ്ത്രികള്‍ക്ക്! അധികാരവും പണവും നേടിയവരെ അനുകൂലിച്ചു നില്‍ക്കാന്‍ മാത്രമേ സാധിക്കുള്ളൂ. പിരിഞ്ഞു പോവുന്ന കന്യാസ്ത്രികള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും ശിഷ്ട്ടായുസ്സ് ജീവിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. അവരുടെ കണ്ണീരിന്റെ കഥകള്‍ ശ്രവിക്കാന്‍ ഒരു സാമൂഹിക പ്രവര്‍ത്തകനും മുമ്പോട്ടു വരുന്നില്ല. കന്യാസ്ത്രീകളെ സംരക്ഷിക്കാന്‍ സ്വന്തം വീട്ടുകാര്‍ തയ്യാറായിരുന്നെങ്കില്‍ മഠങ്ങളിലെ പീഡനങ്ങള്‍ ഇവര്‍ക്ക് സഹിക്കേണ്ടി വരില്ലായിരുന്നു.

പുരോഹിതരില്‍നിന്നും സുരക്ഷിതമായി ജീവിക്കാന്‍ സ്വന്തം ഗര്‍ഭപാത്രം എടുത്തുകളഞ്ഞ കന്യാസ്ത്രികളും ഉണ്ടെന്നുള്ള സിസ്റ്റര്‍ ജെസ്മിയുടെ വെളിപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോള്‍ സഭ എത്ര ക്രൂരമാണെന്നും പ്രാകൃതമാണെന്നും ഓര്‍ത്തുപോകുന്നു. ഫ്രാങ്കോ ഇന്നും അഭിവന്ദ്യനായി നടക്കുന്നു. ലൂസി വെറുക്കപ്പെട്ടവളും. അവര്‍ സഭയുടെ കരിമ്പട്ടികയിലും. ചാനല്‍ ചര്‍ച്ചകളില്‍ ചില കുഞ്ഞാടുകളും ഫ്രാങ്കോയെ ന്യായികരിക്കുന്നത് കേള്‍ക്കാം.ദയാബായി എന്ന സാമൂഹിക പ്രവര്‍ത്തക കന്യാസ്ത്രിയായിരുന്ന കാലങ്ങളില്‍ പുരോഹിതരുടെ ശല്യം സഹിക്ക വയ്യാതെ സഭ വിട്ടുവെന്നും ഒരു പുരോഹിതന്‍ അവരെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും പരാതിപ്പെട്ടപ്പോള്‍ മറ്റു കന്യാസ്ത്രികള്‍ കൂട്ടത്തോടെ അവരെ നിന്ദിക്കാന്‍ തുടങ്ങിയെന്നും ഒടുവില്‍ മടുത്ത് മാറിടം വരെ അവര്‍ മുറിവേല്‍പ്പിച്ചെന്നും വെളിപ്പെടുത്തുകയുണ്ടായി.

രക്ഷിതാക്കളോട് ഒരു വാക്ക്. നിങ്ങളുടെ പെണ്മക്കളെ കന്യാസ്ത്രി മഠങ്ങളില്‍ വിട്ടു നരകിപ്പിക്കാന്‍ അനുവദിക്കരുത്. അവിടെ നിങ്ങളുടെ കുട്ടികള്‍ക്ക് കിട്ടുന്നത് തടവറയും പീഡനവും ആയിരിക്കും. യൂറോപ്പിലും അമേരിക്കയിലും കന്യാസ്ത്രി മഠങ്ങള്‍ അടഞ്ഞു കൊണ്ടിരിക്കുന്നു. ആ സ്ഥിതി വിശേഷങ്ങള്‍ താമസിയാതെ കേരളത്തിലും വരുമെന്ന കാര്യത്തില്‍ സംശയമില്ല. കൗമാരപ്രായത്തില്‍ പറ്റിയ അബദ്ധംമൂലം, ശിഷ്ടകാലം പാവം പെണ്‍കുട്ടികള്‍ക്ക് മഠം മതില്‍ക്കെട്ടിനുള്ളില്‍ കണ്ണുനീരുമായി കഴിയേണ്ടി വരുന്നു. അധികാരികളുടെ ക്രൂരതകള്‍ക്കു മുമ്പില്‍ നിങ്ങളുടെ മക്കള്‍ കഷ്ടപ്പെടുന്നത് നിങ്ങള്‍ അറിയുന്നില്ല. കുട്ടികളെ ആ ജയിലറയില്‍ വിടാനാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഒരിക്കല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരും. നിങ്ങളും നിങ്ങളുടെ പൊന്നുമകളോടൊപ്പം ദുഖിക്കേണ്ടി വരും. മകള്‍ കൂലിപ്പണിയാണ് ചെയ്യുന്നതെങ്കിലും ആ തൊഴിലിന് ഒരു മാഹാത്മ്യമുണ്ട്. യാതൊരു തത്ത്വ ദീക്ഷയുമില്ലാത്ത പള്ളി ഭരണാധികാരികളായ പുരോഹിതരുടെ അടിവസ്ത്രം കഴുകിയും അവര്‍ക്ക് ഭക്ഷണം പാകം ചെയ്തും ജീവിക്കുന്ന മക്കളുടെ ദുരവസ്ഥ ഒരിക്കലെങ്കിലും മാതാപിതാക്കള്‍ ചിന്തിക്കാറുണ്ടോ?

ഇത്രയും സമയം എന്റെ വാക്കുകള്‍ ശ്രവിച്ചുകൊണ്ടിരുന്ന എല്ലാ കെസിആര്‍എം ശ്രോതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി, നമസ്‌ക്കാരം.
പുരോഹിതാധിപത്യവും കന്യാസ്ത്രി ജീവിതവും (ജോസഫ് പടന്നമാക്കല്‍)പുരോഹിതാധിപത്യവും കന്യാസ്ത്രി ജീവിതവും (ജോസഫ് പടന്നമാക്കല്‍)പുരോഹിതാധിപത്യവും കന്യാസ്ത്രി ജീവിതവും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Catholic 2019-10-10 08:34:12
ഇതിൽ എത്ര സത്യമുണ്ട്? കന്യാസ്ത്രികൾക്ക് കൂടുതൽ അവകാശങ്ങൾ നൽകരുതെന്ന് ആര് പറഞ്ഞു? അക്കാര്യം അവർക്കു തന്നെ തീരുമാനിക്കാവുന്നതേയുള്ളു.

പുരോഹിതന്റെ അടിവസ്ത്രം ഏതു കന്യാസ്‍തി ആണ് കഴുകുന്നത്?

സിസ്റ്റർ ലൂസിയെ പുറത്താക്കിയത് ഫ്രാൻകോയെ അനുകൂലിച്ചിട്ടാണെന്ന നുണ ആവർത്തിച്ച് പറയുന്നു. ഒരു പറ്റം   പേര് അത് വിശ്വസിക്കുകയും ചെയ്യുന്നു.

വര്ഷങ്ങളായി അവർ പ്രശ്നക്കാരിയാണ്`. അധികൃതർ പറയുന്നത് അനുസരിക്കില്ല. സഭാ വസ്ത്രം ഇടില്ല. സ്ഥലം സബ് ഇൻസ്‌പെക്ടർ കൈലി ഉടുത്തു വന്നാൽ എങ്ങെനെ ഇരിയ്ക്കും?

അത് പോലെ സ്വന്തം വരുമാനം എന്നത് സന്യാസിനികൾക്കു പറ്റില്ല. എല്ലാം പൊതു സ്വത്ത് . പക്ഷെ ലൂസിക്ക് ശമ്പളം സ്വന്തമായി വേണം. സ്വന്തമായി കാർ വാങ്ങണം.

ആയിക്കോളൂ. അതെല്ലാം സഭക്ക് വെളിയിൽ നിന്നാകുന്നതല്ലേ നല്ലത്? ദേശാഭിമാനിയിൽ ജോലി ചെയ്ത് കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് അനുകൂലമായി എഴുതുന്നത് തന്റെ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞാൽ നടക്കുമോ?
പട്ടന്നമാക്കൽ തന്നെ ഉദ്യൊഫ്ഗാസ്ഥനായിരുന്നിരിക്കുമല്ലോ. അവിടെ തോന്നിയ പോലെ ഒക്കെ ചെയ്യാമായിരുന്നോ? അപ്പോൾ മതത്തിൽ അതൊന്നും വേണ്ടേ?

അതെ സമയം, കന്യാസ്ത്രി മഠങ്ങൾ പരിഷ്കരിക്കുകയും അവർക്കു കൂടുതൽ അവകാശം നൽകുകയും വേണമെന്ന ചിന്താഗതി  തികച്ചും ശരിയാണ്`. അത് ലൂസി കേസുമായി കുട്ടി കുഴക്കരുത്. അവർ സ്വന്തം കാര്യത്തിന് മറ്റുള്ളവരെ ഉപയോഗിക്കുകയാണ്`. അത് വിശ്വാസികൾ സമ്മതിക്കില്ല.
ഹലോ കാത്തലിക് 2019-10-10 11:44:34
ഹലോ കാത്തലിക്!

പേര് വയ്ക്കുവാന്‍ പേടിക്കുന്നതാങ്കളുടെ കമന്റ്‌ വായിച്ചു. താങ്കള്‍ ഒരു കുപ്പായക്കാരന്‍ എന്ന് തോന്നുന്നു. ''കന്യാസ്ത്രികൾക്ക് കൂടുതൽ അവകാശങ്ങൾ നൽകരുതെന്ന് ആര് പറഞ്ഞു? അക്കാര്യം അവർക്കു തന്നെ തീരുമാനിക്കാവുന്നതേയുള്ള''-ഇത് ശരിയോ? കൂടുതല്‍ അവകാശം അവര്‍ക്ക് നേടാന്‍ ഉള്ള തിരുമാനം അവര്‍ക്ക് എടുക്കുവാന്‍ സാധിക്കുമോ? എന്തിനു ആണ് ഇത്തരം കള്ളം എഴുതി നാറ്റിക്കുന്നത്.

''പുരോഹിതന്റെ അടിവസ്ത്രം ഏതു കന്യാസ്‍തി ആണ് കഴുകുന്നത്?''- പുരോഹിതന്‍റെ അടി വസ്ത്രം മാത്രം അല്ല, അതിന്‍ ഉള്ളില്‍ ഉള്ളതും കഴുകി കൊടുക്കണം.പാവപെട്ട വീടുകളില്‍ നിന്നും വരുന്ന സ്ത്രികള്‍ വെറും അടിമകള്‍ ആണ്. അവരെ ലയിങ്ങിക ആവശ്യത്തിനു പുരോഹിതനും കന്യാ സ്ത്രികളും ഉപയോഗിക്കും. വഴങ്ങാന്‍ മടിച്ചവരെ പീഡിപ്പിച്ച സംഭവങ്ങളും അനേകം.

വിശ്വാസവും ഭക്തിയും മാറ്റി വെച്ചു സത്യത്തിനു വേണ്ടി നില്‍ക്കുക.-

  പടന്ഒന മാക്രുകന്‍ എഴുതിയത് എല്ലാം വളരെയധികം സത്യം. സത്യ വിശ്വാസി.

Joseph 2019-10-10 16:44:18
കാത്തലിക്ക് എന്ന പ്രതികരണ സുഹൃത്തേ, കന്യാസ്ത്രികൾ 'പുരോഹിതരുടെ അടിവസ്ത്രം കഴുകുന്നുവെന്ന' കുറിപ്പ് എന്റെ അഭിപ്രായമല്ല. ലേഖനം ഒന്നുകൂടി വായിക്കൂ. ഇറ്റലിയിലെ പ്രസിദ്ധമായ ഒരു മാസികയിൽ ഒരു ജേർണലിസ്റ്റ് എഴുതിയ സാക്ഷിമൊഴിയാണത്. മാർപാപ്പ വരെ ആ ലേഖനം വായിച്ചിരുന്നു.  

ഫ്രാങ്കോയെ പിന്തുണച്ചും ലൂസിയെ എതിർത്തും പ്രതികരിച്ചെഴുതുന്ന താങ്കൾ ബൈബിൾ മനസിരുത്തി ഒന്നു വായിക്കേണ്ടതായുണ്ട്. ഒരു രാജ്യത്ത് ജീവിക്കുമ്പോൾ സീസറിന്റെ നിയമമമാണ് ആദ്യം പാലിക്കേണ്ടത്. സീസറിനുള്ളത് സീസറിനു കൊടുക്കൂ. ദൈവത്തിന്റെ വീതം മഠം മതിൽക്കൂട്ടിനുള്ളിൽ മാത്രം മതി. രണ്ടു വസ്ത്രം ഉള്ളവൻ ഒരു വസ്ത്രം ദരിദ്രന് കൊടുക്കാനാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. ഒരു കന്യാസ്ത്രിയുടെ, അല്ലെങ്കിൽ ഒരു പുരോഹിതന്റെ നീണ്ട കുപ്പായംകൊണ്ട് എട്ടു ദരിദ്ര കുഞ്ഞുങ്ങളുടെ നഗ്നത മാറ്റാൻ സാധിക്കും. 

'ലൂസി' സ്വന്തമായി കാറ് മേടിച്ചുവെന്നാണ് വിവേകശൂന്യകളായ മഠം കന്യാസ്ത്രികളുടെ പരാതി.  പോരാഞ്ഞ്, കഴിഞ്ഞ രണ്ടുവർഷങ്ങളായി കിട്ടുന്ന ശമ്പളം സ്വന്തമായി അക്കൗണ്ടിലിടുന്നു.' പണം ഉണ്ടാക്കുന്നവന് ചെലവാക്കാനും അവകാശമുണ്ട്. പകരം, അദ്ധ്യാപികയായി അവരുണ്ടാക്കിയ പണം മുഴുവൻ മഠം തട്ടിയെടുത്തുകൊണ്ടിരുന്നു. അലിബാബായും കള്ളന്മാരും ഏതാണ്ട് അതുപോലെ! കിട്ടുന്ന പണം മുഴുവൻ കള്ളന്മാരുടെ നേതാവായ അലിബാബയെ ഏൽപ്പിച്ചിരുന്നു. മഠങ്ങളും പുരോഹിത സങ്കേതങ്ങളും ഇന്ന് കൊള്ളക്കാരുടെ നിഗുഢ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. 

ലൂസിയിൽ നിന്നും വരുമാനം കുറഞ്ഞപ്പോൾ മഠം അവരെ പുറത്താക്കാൻ തീരുമാനിച്ചു. അതിനായി  ഓരോ വിധ കാരണങ്ങൾ ചികഞ്ഞുകൊണ്ടിരുന്നു. ലൂസിക്കെതിരെ ആരോപിക്കുന്ന നിസാര കാരണങ്ങൾ കേട്ടാൽ വിവരമുള്ളവർക്ക് പൊട്ടിച്ചിരിക്കാൻ തോന്നും. ലൂസി ജോലി ചെയ്യുന്നുണ്ടായിരുന്നെങ്കിലും അടിവസ്ത്രം ധരിക്കുന്നതിനുപോലും മഠം റേഷനിംഗിൽ ജീവിക്കണമായിരുന്നു. അധികാരികളുടെ മുമ്പിൽ കൈ നീട്ടണമായിരുന്നു. എന്ത് നീതി? അവർ മഠത്തിനുള്ളിൽ നിന്നുകൊണ്ടു തന്നെ മാറ്റങ്ങൾക്കായി സമരം ചെയ്യുന്നു. സഭയിലെ അടിമവ്യവസ്ഥിതിയിൽനിന്ന് സന്യസ്തരെ മോചിപ്പിക്കുകയെന്നതും ലക്ഷ്യമാണ്. 

സബ് ഇൻസ്പിറേറ്ററും പട്ടാളക്കാരും ജോലി സമയം മാത്രമേ യൂണിഫോം ഇടാറുള്ളൂ. മറ്റുള്ള സമയങ്ങളിൽ ഏതു സിവിലിയൻ വേഷവും ധരിക്കാം. എന്നാൽ ഒരു കന്യാസ്ത്രിക്കോ? മഠത്തിനു വെളിയിലൂടെ സഞ്ചരിക്കുമ്പോഴും അറബിയുടെ വേഷം ധരിച്ചു നടക്കണം. ഇത് ടോർച്ചറിങ് തന്നെ! ഈ മണ്ണിലെ സർവ്വ സ്വതന്ത്ര്യവും ലുസിക്കുണ്ട്. വഴിയിൽക്കൂടി കൊന്തയുരുട്ടണമോ എന്ന് തീരുമാനിക്കുന്നതും ലൂസി മാത്രം. ലൂസിയുടെ പൗര സ്വാതന്ത്ര്യത്തിന് തടസം നിൽക്കുന്ന മഠം അധികാരികളുടെ പേരിൽ കേസെടുക്കേണ്ടതാണ്. 

അവരുടെ മുപ്പതു കൊല്ലത്തെ ശമ്പളവും പലിശയും മഠം തട്ടിയെടുത്തതു മടക്കികൊടുക്കൂ! മഠം അവർക്കു പഠിക്കാനാവസരം നൽകിയത് മഠത്തിന്റെ ആവശ്യത്തിനായിരുന്നു. കമ്പനികൾ സ്‌കോളർഷിപ്പ് കൊടുത്ത് ജോലിക്കാരെ പഠിപ്പിക്കാറുണ്ട്. അവർ പിരിഞ്ഞു പോവുമ്പോൾ പഠിപ്പിച്ച പണം മടക്കി കൊടുക്കണമെന്ന വ്യവസ്ഥയൊന്നുമില്ല. അദ്ധ്യാപികയായ അവർക്ക് കാർ ആവശ്യമാണ്. പബ്ലിക്ക് ട്രാൻസ്പോർട്ട് ഒരു സ്ത്രീയെ സംബന്ധിച്ച് സുരക്ഷിതമായിരിക്കില്ല. സ്വന്തമായി കാറ് മേടിക്കാൻ പാടില്ലാന്നുള്ള നിയമം കാനോൻ നിയമമോ? ഇതൊരു മഠം കൾട്ട് നിയമം മാത്രം. ഈ കിരാത നിയമങ്ങൾക്കെതിരെയാണ് ലൂസി പ്രതികരിക്കുന്നത്.
Catholic 2019-10-10 17:29:08
ഈ പറയുന്നതിലെ ന്യായം മനസിലാകുന്നില്ല. ക്രിസ്തവ വിരോധം വ്യക്തവുമാണ് 
ലൂസിയുടെ കാശ് വേണോ മഠത്തിനു? അല്ലെങ്കിൽ സഭക്ക്? മഠത്തിൽ ജീവിച്ചു. അവർ പഠിപ്പിച്ചു. ജോലി വാങ്ങി കൊടുത്തു. കാശ് ലൂസിക്ക് സ്വന്തമായി വയ്ക്കാം. പക്ഷെ സന്യാസ സമൂഹത്തിൽ നിന്ന് കൊണ്ട് പറ്റില്ല. അത്രയേ പറയുന്നുള്ളു. അവിടത്തെ 7000 കന്യാസ്ത്രികളും സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിച്ചാൽ പിന്നെ  എന്ത് സന്യാസം, എന്ത് സഭ?
കൂട്ടായി ഉണ്ടാക്കിയ നിയമം അവിടെ ജീവിക്കുമ്പോൾ  പാലിക്കണം. പറ്റാത്തവർ പിരിയണം.
പിന്നെ ലോഹ മുറിച്ച് പലർക്ക് വസ്ത്രം ഉണ്ടാക്കാമെന്ന കണ്ടുപിടുത്തം. ഇത് ആദ്യമായാണ് കേൾക്കുന്നത്. യുക്തി മനസിലാകുന്നില്ല.
കാനൻ നിയമം കിരാതമൊന്നുമല്ല. ഇഷ്ടമുള്ളവർ പാലിച്ചാൽ മതി. അല്ലാത്തവർ ആ പണിക്ക് പോകണ്ട.
ലൂസിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. മഠം വിട്ട ശേഷം. ഉത്തരത്തിലേത് എടുക്കുകയും വേണം ക്ജക്ഷത്തിലേത് പോകാനും പാടില്ല എന്ന് പറഞ്ഞാൽ എങ്ങനെ?
ബെസ്റ് കന്യാസ്ത്രി.
ലൂസിക്ക് എന്താണ് പ്രശനം? മഠം വിട്ടാലും ജോലിയുണ്ട്, വരുമാനമുണ്ട്. കാറുണ്ട്. സഹായിക്കാൻ ആളുണ്ട്.  സ്വന്തമായി വീട് എടുക്കാം. ഹോസ്റ്റലിൽ താമസിക്കാം. ബന്ധുവീടുണ്ടെങ്കിൽ അവിടെ കഴിയാം. 
ഇതൊന്നും ഇല്ലാത്ത നിരവധി പാവങ്ങൾ മടത്തിലുണ്ട്. അവരെ വെറുതെ വിടുക.
M. A. ജോർജ്ജ് 2019-10-10 22:44:05
ഒരു സ്ത്രീയും ഒരു സുപ്രഭാതത്തിൽ സന്യാസിനിയാകുന്നില്ല. വർഷങ്ങൾ നീണ്ടു നിൽക്കുന്ന പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ജീവിതാന്തസ്സ്. വേണ്ട എന്നു തോന്നിയാൽ സന്യാസ ജീവിതം അവസാനിപ്പിക്കുവാൻ അവർക്കു സ്വാതന്ത്ര്യമുണ്ട്. ബുദ്ധിമുട്ട് എന്നു തോന്നിയാൽ സന്യാസം ഉപേക്ഷിക്കുക. നിങ്ങളെക്കുറിച്ച് അകുലപ്പെടുന്ന വിമതന്മാർ നിങ്ങൾക്ക് സങ്കേതം ഒരുക്കും.
Vimathan 2019-10-10 23:15:36
എം.എ. ജോർജ്ജ് എന്ന വ്യക്തി എത്ര എളുപ്പമായിട്ടാണ് സന്യാസത്തെപ്പറ്റി സംസാരിക്കുന്നുവെന്നത്  നോക്കൂ! ഇദ്ദേഹം ഒരു പുരോഹിതൻ തന്നെ, സംശയമില്ല. 

മനുഷ്യത്വം അല്പമെങ്കിലുമുള്ളവർക്ക് ഇദ്ദേഹത്തെപ്പോലെ ചിന്തിക്കാൻ സാധിക്കില്ല. കൗമാരപ്രായത്തിൽ തുടങ്ങിയ സന്യാസ ജീവിതം യവ്വനവും കടന്നു കഴിയുമ്പോഴാണ് നീചരായ മഠം അധികാരികൾ വാഴപ്പിണ്ടി പോലെ അവരെ പുറത്താക്കുന്നത്. അതിനെതിരെ ശബ്ദിക്കുന്നവരെ വിമതരുമാക്കും. ഭോഷന്മാരുടെ ചിന്തകളെ.....എന്ത് പറയണമെന്നും അറിയില്ല. 

വാർദ്ധ്യക്യത്തിൽ പുറത്തിറങ്ങിയാൽ സ്വന്തം വീട്ടുകാരും തിരിഞ്ഞുനോക്കില്ല. വിമതരുടെ ചുമലിലേക്ക് നിസഹായരായ കന്യാസ്ത്രീകളുടെ ഉത്തരവാദിത്വം ഏൽപ്പിക്കുന്ന ഇയാളുടെ ലോജിക്കും ക്രൂരം. ഒരു ടിപ്പിക്കൽ പുരോഹിതന്റെ ചിന്താഗതി,ഹാ ഹാ! രക്തം മുഴുവൻ ഊറ്റി കുടിച്ചിട്ട് ചണ്ഡീയായി പുറത്തിറങ്ങുന്ന ഒരു സ്ത്രീയെ നോക്കി ചിരിക്കുന്ന ഒരു സാഡിസ്റ്റിന്റെ ചിന്താഗതിയിലാണ് ശ്രീ എം.എ ജോർജ്. 

josecheripuram 2019-10-11 18:30:03
Do we really need all these religions for us to survive.Or do the religion need us for their survival.
M. A. ജോർജ്ജ് 2019-10-11 20:14:40
Hello വിമതൻ, നിങ്ങൾ എത്രയോ കാലമായി മാധ്യമ പേജുകൾ എഴുതി നിറക്കുന്നു. ജോസഫ് പുലിക്കുന്നേലും, പൊൻകുന്നം വർക്കിയും, ഇപ്പോൾ നിങ്ങളും എത്രമാത്രം അധര വ്യായാമം നടത്തി. നിങ്ങളുടെ ശബ്ദം കേരളത്തിലെ കന്യാസ്ത്രീകൾ കേൾക്കുന്നില്ലയോ? ഒരു ചലനവും എങ്ങും കണ്ടില്ല. നിങ്ങൾ കുറെ വിമതന്മാർ കുറെ എഴുതിവിട്ടതുകൊണ്ട് ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. മഠം വിട്ടു വരുന്നവരെ പുനരധിവസിപ്പിക്കുവാൻ നിങ്ങൾക്കു സാധിച്ചാൽ മാറ്റം സംഭവിച്ചേക്കാം. ശ്രമിച്ചു നോക്കുക.
Joseph 2019-10-13 15:11:04

പ്രഗത്ഭയും വാഗ്മിയും വളരെയേറെ കഴിവുമുള്ള ലൂസി കളപ്പുരയെന്ന കന്യാസ്ത്രിയെ സഭാസമൂഹത്തിൽനിന്നു പുറത്താക്കിയത് തികച്ചും അപലപനീയം തന്നെ. സിസ്റ്റർ ലൂസി മാറ്റത്തിനു വേണ്ടി നിലകൊള്ളുന്നു. കന്യാസ്ത്രികളിലുള്ള അടിമ സമ്പ്രദായത്തെ വെല്ലുവിളിക്കുന്നു. 'അനുസരണ വൃതം' എന്ന പ്രാകൃത മഠം നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള അവരുടെ ജൈത്രയാത്രകൂടിയാണിത്.



മാറ്റങ്ങൾ ഉൾക്കൊള്ളാൻ സഭയ്ക്ക് കഴിയില്ല. ചെറിയ ഒരു മാറ്റത്തിനും നൂറ്റാണ്ടുകളുടെ കാലയളവ് വേണ്ടി വരുന്നു. ബുദ്ധിജീവികളെ എന്നും അമർച്ച ചെയ്യാനേ സഭ ആഗ്രഹിച്ചിട്ടുള്ളു.



മാർട്ടിൻ ലൂഥർ സഭയിൽ മാറ്റങ്ങൾക്കായി ശബ്ദമുയർത്തി. എന്നാൽ ലൂഥറിനെ സഭയിൽനിന്ന് പുറത്തുചാടിച്ച് മഹറോൻ ചൊല്ലി. ലൂഥർ ഒരിക്കലും കത്തോലിക്കാ സഭ ഉപേക്ഷിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ലൂതറിന്റെ വാക്കുകൾ ശരിയെന്ന് സമ്മതിക്കാൻ ഫ്രാൻസീസ് മാർപാപ്പായുടെ കാലംവരെ കാത്തിരിക്കേണ്ടി വന്നു.



ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നുവെന്ന് പ്രഖ്യാപിച്ച ഗലീലിയോ എന്ന ശാസ്ത്രജ്ഞനെ സഭ തടങ്കലിലിട്ടു. ജീവിതകാലം മുഴുവൻ പീഡിപ്പിച്ചു. ഗലീലിയോ ശരിയാണെന്ന് വത്തിക്കാൻ ഇപ്പോൾ സമ്മതിക്കുന്നു. തെറ്റായ തീരുമാനങ്ങളെ തിരുത്താൻ സഭയ്ക്ക് നൂറ്റാണ്ടുകൾ വേണ്ടി വരുന്നു. മാറ്റങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു യാഥാസ്ഥിതിക ലോകമാണ് സീറോ മലബാർ സഭയെയും നയിക്കുന്നത്.



എം.പി. പോൾ സാറിനെ പീഡിപ്പിച്ച ഈ സഭയ്ക്ക് ചരിത്രം പോലും മാപ്പു നൽകില്ല. സഭയിൽ നിന്ന് പോൾസാറിനെ പുറത്താക്കി മഹറോൻ ചൊല്ലി. ശവശരീരത്തെ പോലും അന്നത്തെ കിരാത പുരോഹിതർ അപമാനിച്ചു. എംപി പോളിന്റെ ചുവടുകൾ വെച്ച് ജോസഫ് പുലിക്കുന്നേലും സഭയുടെ അനീതിക്കെതിരെ പോരാടി. ഇന്ന് മഹറോൻ ചെല്ലാൻ ഒരു പുരോഹിതന്റെയും കൈകൾ ഉയരുകയില്ല. മാറിയ കാലം അവരെ ഭയപ്പെടുത്തുന്നു.



എങ്കിലും, സഭ ഇന്നും ഉണരാതെ അഴിമതിയിൽ തന്നെ കുളിച്ചു നിൽക്കുന്നു. ആത്മീയത തീർത്തും ഇല്ലാതായി ഒരു കോർപ്പറേറ്റ് സംവിധാനമായി സഭ അധഃപതിച്ചും കഴിഞ്ഞു. യേശു കൊളുത്തിയ ഭദ്രദീപം പണ്ടേ അണഞ്ഞുപോയിരുന്നു. ക്രിസ്തു ചൈതന്യം പാടെ ഇല്ലാതായി.



സഭ ഉണരണമെങ്കിൽ സഭയുടെ തലപ്പത്തുള്ള മന്ദ ബുദ്ധികളായ അഭിഷിക്ത ലോകത്തെ ബോധവൽക്കരിക്കേണ്ടതായുണ്ട്. പണവും പ്രതാപവും ഭൂമിവിവാദവും ലൈംഗികതയും സഭയുടെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്നു.



പ്രതീക്ഷകൾ മനുഷ്യരെ മുന്നോട്ട് നയിക്കുന്നു. സിസ്റ്റർ ലൂസിയോടുള്ള സഭയുടെ അധാർമ്മികതയെ വിവരമുള്ളവർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. അവർ ലൂസിയെ പിന്തുണക്കുക തന്നെ ചെയ്യും.

Joyce 2019-10-23 14:09:19
ഇതിൽ ശ്രി ജോസഫ് മാത്യു എഴുതിയ കാര്യങ്ങൾ വളരെ ശെരിയാണ്. പറയാനാണെങ്കിൽ എത്രയോ കാര്യങ്ങൾ ഇനിയും ഉണ്ട്. പക്ഷെ ഇതു ആരെങ്കിലും ഗൗരവമായി എടുക്കുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. നാലു നേരം ആഹാരവും കിടക്കാൻ ഒരിടവും കിട്ടുന്നത് തന്നെ വലിയ കാര്യം എന്ന് ചിന്തിക്കുന്ന കന്യാസ്ട്രീകൾ പോലും ധാരാളം പേരുണ്ട്. അഥവാ അവരെ brain wash നടത്തി പുരോഹിതർ അങ്ങനെ വിശ്വസിപ്പിച്ചിരിക്കുന്നു. സ്വന്തം കുടുംബത്തിൽ വിവാഹം പോലത്തെ എന്തെങ്കിലും പരിപാടികൾ വന്നാൽ പോലും കന്യാസ്ട്രീകൾക്കു അതിൽ സംബന്ധിക്കാൻ അനുവാദം ഇല്ല.

സി ലൂസിയുടെ കാര്യം പറയുമ്പോൾ പലരും പറയുന്ന ചില കാര്യങ്ങൾ ഇവയാണ്. അവർ ശമ്പളം മഠത്തിൽ കൊടുത്തില്ല. ഒറ്റ നോട്ടത്തിൽ ശെരിയെന്നു തോന്നാമെങ്കിലും അവർക്കു പ്രാഥമിക ആവശ്യങ്ങൾക്കുള്ള പണം പോലും മദർ നിരസിച്ചു കഴിഞ്ഞതിനു ശേഷമാണു സി ലൂസി അവരുടെ ശമ്പളം കൊടുക്കാതെ ആയതു. അവർ എഴുതിയ കവിതകൾ ഉദ്ധരിച്ചു കൊണ്ട് അവയൊന്നും സ്റ്റാൻഡേർഡ് ഇല്ലാത്തതാണ് എന്ന് ഒരു ഫാ ബിബിൻ മഠത്തിൽ എഴുതിയത് കണ്ടു. ഇത് തന്നെ പലരും repeat ചെയ്യുകയും ചെയ്യുന്നു. എനിക്കവരോട് പറയാനുള്ളത് ഒരു കവിതയുടെ മഹത്വം തീരുമാനിക്കുന്നത് വായനക്കാരാണ്. "ഒരു ബീഡി തരൂ, ഒരു ചുണ്ടു തരൂ, ഞാനൊരു ബീഡി വലിച്ചു രെസിക്കട്ടെ" എന്ന രീതിയിലുള്ള കവിതകൾ അവർ വായിച്ചിട്ടില്ലായിരിക്കാം. സി ലൂസിയുടെ സീനിയോരിറ്റി പരിഗണിക്കേണ്ടിയിരുന്നു. അവർ പോസ്റ്റുലൻസി യിലുള്ള ഒരു കൊച്ചു കുട്ടിയല്ല. perpetual vow എടുത്തതിനു ശേഷം 35 ഓളം വർഷങ്ങൾ കഴിഞ്ഞ വളരെ സീനിയർ കന്യാസ്ട്രീ ആണ്. അവരെ പുറത്താക്കിയ ഉത്തരവിൽ ഒപ്പിട്ട മദർ പോലും അവരെക്കാൾ വളരെ ജൂനിയർ ആകാനാണ് സാധ്യത. അവരോടു പത്തു പൈസയുടെ പഞ്ഞ കണക്കു ചോദിക്കുന്നത് പോലത്തെ പെരുമാറ്റങ്ങൾ മദറിൻറെ ഭാഗത്തു നിന്നുമുണ്ടാകരുതായിരുന്നു.  അവരെ പുറത്താക്കാൻ തീരുമാനിച്ചതിനു ശേഷം ഉണ്ടാക്കിയതാണ് തെളിവുകൾ. അവരെ എല്ലാ കാര്യങ്ങളിലും സംശയിച്ചത് തന്നെ തെറ്റു. അവരെ പുറത്താക്കിയതിന് ശേഷം പോലും നോബിളിനെ പോലുള്ള വൈദികർ അവരുടെ പുറകെ നടന്നു ശല്യം ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക