Image

ഒരു ക്ഷേത്രം, ഒരു മൂര്‍ത്തി, ഒരു വിശ്വാസം, ഒരു ഭരണഘടന, എന്നിട്ടും രണ്ട് വിധികള്‍. (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 25 November, 2019
 ഒരു ക്ഷേത്രം, ഒരു മൂര്‍ത്തി, ഒരു വിശ്വാസം, ഒരു ഭരണഘടന, എന്നിട്ടും രണ്ട് വിധികള്‍. (ഡല്‍ഹികത്ത് : പി.വി.തോമസ് )
ശബരിമല സ്ത്രീപ്രവേശനകേസില്‍(10 വയസു മുതല്‍ 50 വരെ) സുപ്രീം കോടതി രണ്ട് വിധികള്‍ ആണ് പുറപ്പെടുവി്ച്ത്. ഒരു ക്ഷേത്രം, ഒരു മൂര്‍ത്തി, ഒരു വിശ്വാസം, ഒരു ഭരണഘടന എന്നൊക്കെയിരിക്കവെ രണ്ട് വ്യത്യസ്തമായ വിധികള്‍. ആദ്യ വിധി സ്ത്രീപ്രവേശനത്തെ അനുവദിച്ചു. ഭരണഘടനയെ അക്ഷരാര്‍ത്ഥത്തില്‍ ആദരിച്ചുകൊണ്ട് നടപ്പില്‍ വരുത്തി. അത് ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ലിബറിലിസ്റ്റുകള്‍ കൊട്ടിഘോഷിച്ചു. രണ്ടാമത്തെ വിധി പുനഃപരിശോധനയില്‍ അതിനെ മാനി്ച്ചില്ല. അതിനെ വിപുലമായ ഏഴംഗ ബഞ്ിന് വിട്ടു. കാരണം 'വിശ്വാസം സംബന്ധിച്ച ഗൗരവമായ പ്രശ്‌നങ്ങള്‍' ഈ വിഷയത്തില്‍ ഉണ്ട്. രണ്ട് വിധികളും അഞ്ചംഗ ബഞ്ച് ആണ് പുറപ്പെടുവിച്ചത്. ജഡ്ജിമാരുടെ കാര്യത്തില്‍ അല്പസ്വല്പ വ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ രണ്ടും നയി്ച്ചത് ചീഫ് ജസ്റ്റീസുമാര്‍ ആയിരുന്നു.

സ്ത്രീപ്രവേശനം അനുവദിച്ച വിധി (4-1) അതിന്റെ ഭരണഘടനപരമായ നിലപാടില്‍ ശക്തമായ ഒരു നിലപാട് എടുത്തു. എന്നാല്‍ രണ്ടാമത്തെ വിധി ഇത് ഉള്‍ക്കൊണ്ടില്ല(5-2). എന്തുകൊണ്ട് ഇത് സംഭവിച്ചു?
 സുപ്രീം കോടതിയുടെ മുഖ്യന്യായാധിപന്‍ ജസ്റ്റീസ് രജ്ജന്‍ ഗൊഗോയി ജോലിയില്‍ നിന്നും വിരമിക്കുന്നതിന് തൊട്ടു മുമ്പ്(നവംബര്‍ 17) ചില സുപ്രധാനമായ വിധികള്‍ പുറപ്പെടുവി്ച്ചു. ഇതില്‍ ചുരുങ്ങിയത് മൂന്നെണ്ണം ബി.ജെ.പി.-കേന്ദ്രഗവണ്‍മെന്റ് അനുകൂലം ആയിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിമര്‍ശനം ഉണ്ട്. ഇതില്‍ ആദ്യത്തേത് ആണ് ബാബരി മസ്ജിദ്-രാമക്ഷേത്ര ഭൂമിതര്‍ക്കം. ഇത് പരിപൂര്‍ണ്ണമായും ഹിന്ദുത്വ വിഭാഗങ്ങള്‍ക്ക് അനുകൂലം ആയിരുന്നു. അടുത്തത് ശബരിമലക്ഷേത്ര സ്ത്രീപ്രവേശനം. തുടര്‍ന്ന് റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണ കേസ്. റഫാലില്‍ ഗൊഗോയിയുടെ ബഞച്് കേന്ദ്രഗവണ്‍മെന്റിന് ശുദ്ധിപത്രം നല്‍കി അഴിമതിവിമുക്തം ആക്കി.
ഇവിടെ വിഷയം ശബരിമല സ്ത്രീപ്രവേശനകേസ് ആണ്. എങ്ങനെ ഈ കേസിന്റെ വിധി ഇങ്ങനെ പരിണമിച്ചു?

ആദ്യ വിധി വരുന്നത് മുഖ്യന്യായാധിപന്‍ ദീപക് മിശ്ര വിരമിക്കുന്നതിന് മുമ്പാണഅ (സെപ്തംബര്‍ 28,2018). ഈ വിധിന്യായം പുറപ്പെടുവിച്ച അഞ്ചംഗ ഭരണഘടന ബഞ്ചില്‍ ജസ്റ്റീസ് മിശ്രയെ കൂടാതെ ജസ്റ്റീസുമാരായ എ.എം.ഖാന്‍ വില്‍ക്കറും, ഡി.വൈ.ചന്ദ്രചൂഡും ആര്‍.എഫ്. നരിമാനും, ശ്രീമതി ഇന്ദു മല്‍ഹോത്രയും അംഗങ്ങള്‍ ആയിരുന്നു. ഇതില്‍ ഏകവനിത അംഗമായ ഇന്ദു മല്‍ഹോത്ര ഒഴികെ എല്ലാവരും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അംഗീകരിച്ചു. എതിര്‍ത്ത ഒരേ ഒരു ജഡ്ജി മല്‍ഹോത്രയുടെ വാദം വിശ്വാസം തന്നെ ആയിരുന്നു. ബാക്കി നാലുപേരും ഭരണഘടനയെയും വ്യക്തിസമത്വത്തെയും ഉയര്‍ത്തി പിടിച്ചു. ഇതില്‍ ചന്ദ്രചൂഡും, നരിമാനും, മല്‍ഹോത്രയും പുതിയ ബഞ്്ചിലെ അംഗങ്ങള്‍ ആയിരുന്നു. അവര്‍ അവരുടെ നിലപാടില്‍ ഉറ്ച്ചുതന്നെനിന്നു.

ഇപ്പോഴത്തെ ബഞ്ചിലാകട്ടെ ജസ്റ്റീസ് ഗൊഗോയിയെ കൂടാതെ ജസ്റ്റീസുമാരായ ഖാന്‍ വില്‍ക്കറും ഇന്ദുമല്‍ഹോത്രയും ചന്ദ്രചൂഢനും നരിമാനും അംഗങ്ങള്‍ ആയിരുന്നു. ഗൊഗോയിയും ഖാന്‍വില്‍ക്കറും മല്‍ഹോത്രയും പുനഃപരിശോധന വിധിക്ക് അനുകൂലമായി മുന്‍വിധി വിപുലമായ ഏഴംഗ ബെഞ്്ചിന് വിടുവാന്‍ തീരുമാനിച്ചു. അങ്ങനെ ശബരിമലയിലെ സ്ത്രീപ്രവേശനവിധി തടയപ്പെട്ടു. പക്ഷേ, ആദ്യവിധിയ്ക്ക് സ്റ്റേ നല്‍കിയതും ഇല്ല. ഇത് കൂടുതല്‍ അവ്യക്തതയ്ക്ക് കാരണമാക്കി. എന്തായിരുന്നു ആദ്യത്തെ വിധിയുടെ ഉള്ളടക്കം? എന്തായിരുന്നു ജസ്റ്റീസ് ഇന്ദുമല്‍ഹോത്രയുടെ വിയോജനകുറിപ്പ്? പരിശോധിക്കേണ്ടതായിട്ടുണ്ട്. മുഖ്യന്യായാധിപന്‍ ജസ്റ്റീസ് മിശ്രയും ഖാന്‍ വില്‍ക്കറും ചന്ദ്രചൂഡും നരിമാനും ശബരിമലയിലെ സ്ത്രീപ്രവേശന വിലക്കിലെ സ്ത്രീവിവേചനത്തെ എതിര്‍ത്തു. ഒരു വശത്ത് സ്ത്രീകളെ ദേവതകളായി ചിത്രീകരിച്് ആരാധിക്കുകയും മറുവശത്ത് അവര്‍ക്കെതിരെ ഏര്‍പ്പെടുത്തുന്ന നിരോധനങ്ങളെയും അവര്‍ തികച്ചും അന്യായമായി ചൂണ്ടികാട്ടി. ഈ സ്ത്രീവിവേചനം സ്ത്രീ വിരുദ്ധം ആണ്. അത് മാറണം അവര്‍ വിധിച്ചു. ഭരണഘടനയുടെ 25-ാം ആര്‍ട്ടിക്കിള്‍ പ്രദാനം ചെയ്യുന്ന സമത്വാവകാശങ്ങള്‍ക്ക് സ്ത്രീ പുരുഷഭേദം ഇല്ല. മാത്രവുമല്ല ശബരിമലയിലെ സ്ത്രീപ്രവേശന നിരോധനം ഹിന്ദുമതത്തിന്റെ ഭാഗവും അല്ല.

എന്നാല്‍ ജസ്റ്റീസ് ഇന്ദുമല്‍ഹോത്രയുടെ വിമതകുറിപ്പ് പ്രകാരം കോടതിയുടെ ധാര്‍മ്മികതയോ യുക്തിയോ ഒന്നും ഒരു മൂര്‍ത്തിയെ ആരാധിക്കുന്ന രീതിയില്‍ ഭക്തരുടെ അവകാശത്തെ ഹനിച്ചുകൂട. അത് ഒരു വ്യക്തിയുടെ മതസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതിന് തുല്യം ആണ്.

എന്നാല്‍ രണ്ടാമത്തെ വിധി എന്താണ് പറഞ്ഞത്? ഇവരുടെ അഭിപ്രായത്തില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള വിലക്ക് വിശ്വാസത്തിന് അധിഷ്ഠിതം ആണ്. സ്ത്രീവിവേചനത്തിന്റെ കാര്യമാണെങ്കില്‍ മറ്റു മതങ്ങളിലും ഈ വക വിവേചനങ്ങള്‍ നിലവിലുണ്ട്. ഉദാഹരണമായി മുസ്ലീം സമുദായത്തില്‍ സ്ത്രീകള്‍ക്ക് മോസ്‌ക്കില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്, പാഴ് സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍, ദാവൂദി ബൊഹറാ സമുദായത്തിലെ സ്ത്രീകളുടെ രഹസ്യഭാഗത്തെ ഭാഗം ഛേദിച്ച് നീക്കം ചെയ്യുന്നവ തുടങ്ങിയവ. ഇതെല്ലാം പഠി്ച് പരിഗണി്് ഒരു അന്തിമവിധി ഭാവിതലമുറക്കായി നല്‍കേണ്ടതായിട്ടുണ്ട്. ഇതിന് വിപുലമായ ഒരു ഏഴംഗ ഭരണഘടനബഞ്ചിന്റെ ആവശ്യം ഉണ്ട്. മുന്‍വിധി സ്റ്റേ ചെയ്യാതെ ഗൊഗോയിയുടെ ഭൂരിപക്ഷ ബഞ്് ഇത് ഏഴംഗ ബഞ്ചിനായി വിട്ടുകൊണ്ട് ഉത്തരവിട്ടു.
ഇതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ചന്ദ്രചൂഡിന്റെയും നരിമാന്റെയും വിയോജന വിധികുറിപ്പുകള്‍. അവരുടെ അഭിപ്രായത്തില്‍ മറ്റു മതങ്ങളിലെ സ്ത്രീവിവേചനം കോടതി മുമ്പാകെ ഇപ്പോള്‍ വിഷയം അല്ല. അവ വരുമ്പോള്‍ ഒന്നൊന്നായി പരിശോധിക്കുന്നതാണ് ഉചിതം. അവര്‍ ഒരിക്കല്‍കൂടെ ഭരണഘടനയെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഉയര്‍ത്തികാണിച്ചു. അവര്‍ ആവര്‍ത്തിച്ചു ശബരിമലയിലെ സ്ത്രീവിലക്ക് ഹിന്ദുമതത്തിന്റെ ഭാഗം അല്ല. കോടതിക്ക് മതാചാരങ്ങളിലും വിശ്വാസങ്ങളിലും ഇടപ്പെടുവാന്‍ അവകാശം ഇല്ലെന്ന വാദത്തെയും അവര്‍ ഖണ്ഡിച്ചു. ഈ വകവാദങ്ങള്‍ ഭരണഘടനവിരുദ്ധം ആണ്(ആര്‍ട്ടിക്കിള്‍ 25). ശബരിമല അമ്പലം ഒരു ഹിന്ദുമത ആരാധനാലയം അല്ലെന്നും അത് സര്‍വ്വമതസ്ഥരുടെയും വകയാണെന്നും ഉള്ള വാദത്തെയും ചന്ദ്രചൂഡും നരിമാനും എതിര്‍ത്തു. ശബരിമലയിലെ ആരാധന വിഗ്രഹം ഹിന്ദുമൂര്‍ത്തി ആയ അയ്യപ്പന്‍ ആണെന്നും അതിനാല്‍ അത് ഒരു ഹിന്ദു ക്ഷേത്രം തന്നെ ആണെന്നും അവര്‍ വാദിച്ചു. ഒരു പടികൂടെ കടന്ന് ഈ ജഡ്ജ്മാര്‍ പറഞ്ഞു, കോടതിയുടെ ഉത്തരവ് നടപ്പിലാകുന്നതിനെതിരെയുള്ള സംഘടിത പ്രക്ഷോഭണത്തെ കേരള ഗവണ്‍മെന്റ് അടിച്ചമര്‍ത്തണമെന്ന്.

എന്താണ് ഈ രണ്ട് വിധികളുടെയും സാരാംശം? രണ്ട് പുറപ്പെടുവിച്ചത് രാജ്യത്തെ പരമോന്നത കോടതിയും ഈ ബഞ്ചുകള്‍ നയിച്ചത് അതാതുകാലത്തെ മുഖ്യന്യായാധിപന്മാര്‍ ആയിരുന്നുവെന്നും ഓര്‍മ്മിക്കണം. ആദ്യത്തെ വിധി ഭരണഘടനയെയും സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെയും തുല്യതയെയും ഉയര്‍ത്തിപിടിച്ചപ്പോള്‍ രണ്ടാമത്തേത് വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടി്ച്ചു. ഏതാണ് ശരി? ഏതാണ് ഒരു രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയോണത്തിന് അനുയോജ്യം? ഏതാണ് പരിഷ്‌കൃതമായ ഒരു സമൂഹത്തിന്റെ മുഖമുദ്ര? ജനം ആലോചിച്ച് തീരുമാനിക്കണം. എന്തുകൊണ്ട് ആദ്യവിധിയെ രണ്ടാമത്തെ ബഞ്ച് സ്‌റ്റേ ചെയ്തില്ല? വിമത ജഡ്ജുമാരുടെ അഭിപ്രായപ്രകാരം ആദ്യവിധി നടപ്പിലാക്കുവാന്‍ കേരള ഗവണ്‍മെന്റ് ബാദ്ധ്യസ്ഥം ആണ്. എന്നിട്ട് എന്തുകൊണ്ട് പിണറായി ഗവണ്‍മെന്റ് അത് നടപ്പിലാക്കുന്നില്ല? ഈ രാജ്യത്തെ കോടതിവിധികള്‍ ആര് നടപ്പിലാക്കും? അവ കൃത്യമായി നടപ്പിലാക്കിയില്ലെങ്കില്‍ രാജ്യം അരാജകത്വത്തിലേയ്ക്ക് വഴുതി വീഴും. ക്രമസമാധാനനില തകരും. മറ്റ് സമുദായങ്ങളിലും വനിതകള്‍ക്കെതിരെ വിവേചനം ഉണ്ടെന്ന് പറഞ്ഞ് ആദ്യ വിധി വിപുലമായ ഏഴംഗ ഭരണഘടനബഞ്ചിന് വിടുക വഴി കോടതി തടിതപ്പുകയായിരുന്നു. എന്താ ഗൊഗൊയിക്കും ഭൂരിപക്ഷ ജഡ്ജിമാര്‍ക്കും സംഘപരിവാറിനെയും കേന്ദ്രഗവണ്‍മെന്റിനെയും പിണക്കുവാന്‍ വിഷമം ഉണ്ടോ?
മുഖം നോക്കാതെ നീതിനിര്‍വ്വഹണം നടത്തുകയാണ് കോടതികളുടെ കടമ. അയോദ്ധ്യ ഭൂമിതര്‍ക്കത്തിലും റഫാല്‍ യുദ്ധവിമാന അഴിമതികേസിലും ശബരിമല സ്ത്രീപ്രവേശനത്തിലും സുപ്രീം കോടതി ഇത് പരിപാലിച്ചോയെന്ന് പരിശോധിക്കണം. അല്ലെങ്കില്‍ ഭാവിതലമുറ കോടതിയെ പ്രതികൂട്ടില്‍ നിറുത്തും.

 ഒരു ക്ഷേത്രം, ഒരു മൂര്‍ത്തി, ഒരു വിശ്വാസം, ഒരു ഭരണഘടന, എന്നിട്ടും രണ്ട് വിധികള്‍. (ഡല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക