Image

ഫ്രാന്‍സിസ് തടത്തിലിന്റെ നാലാം തൂണിനപ്പുറം, അവലോകനം (ജോസഫ് പടന്നമാക്കല്‍)

Published on 30 January, 2020
ഫ്രാന്‍സിസ് തടത്തിലിന്റെ നാലാം തൂണിനപ്പുറം, അവലോകനം (ജോസഫ് പടന്നമാക്കല്‍)
പത്രപ്രവര്‍ത്തകനായ ശ്രീ ഫ്രാന്‍സീസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' എന്ന ഗ്രന്ഥം വളരെയേറെ ജിജ്ഞാസയോടെയാണ് വായിച്ചു തീര്‍ത്തത്. അദ്ദേഹത്തിന്റെ ജീവിതത്തെ സ്പര്‍ശിക്കുന്ന വിവരങ്ങള്‍ വായിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുകയും മുമ്പോട്ടുള്ള പേജുകള്‍ മറിക്കാന്‍ സാധിക്കാതെ മനസുരുകുകയും ചെയ്തു. ഈ ചെറു ജീവിതത്തിനുള്ളില്‍ നേടിയ നേട്ടങ്ങളില്‍ വിസ്മയഭരിതനാവുകയും ചെയ്തു. രോഗവുമായി മല്ലിട്ടു ജീവിക്കുമ്പോഴും സ്വന്തം ജീവിതം തന്നെ വെല്ലുവിളിയായിരുന്നപ്പോഴും ജീവിതത്തെ ഒരിക്കലും പരാജയത്തിന് വിട്ടുകൊടുക്കില്ലെന്നുള്ള ദൃഢനിശ്ചയവുമുണ്ടായിരുന്നു. സമകാലീക രാഷ്ട്രീയവും അധികാര ദുര്‍വിനിയോഗവും കോടതികളും കേസുകളും എന്നുവേണ്ട സമസ്ത മേഖലകളിലും ഈ പത്രപ്രവര്‍ത്തകന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തം പ്രൊഫഷണലിസം മെച്ചമാക്കാനുള്ള മത്സരയോട്ടം ഓരോ അദ്ധ്യായത്തിലും പ്രതിഫലിച്ചു കാണാം. ഒരു പത്രപ്രവര്‍ത്തകന്റെ ധര്‍മ്മം ഇത്രമാത്രം കാഠിന്യമേറിയതെന്നും ആഴത്തിലുള്ളതെന്നും മനസ്സിലായതും ഈ പുസ്തകത്തില്‍കൂടിയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കഠിനമായ പ്രയത്‌നങ്ങളും യാതനകളും ഒരു പത്രപ്രവര്‍ത്തകന്റെ വിജയത്തിനാവിശ്യമെന്നും മനസിലാക്കുന്നു. സ്‌നേഹവും ജീവകാരുണ്യവും സ്വന്തം തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും ഒത്തു ചേര്‍ന്നുള്ള ഒരു ത്രിവേണി സംഗമമാണ് ഈ ഗ്രന്ഥം.

അകാലത്തില്‍ തന്നെ അര്‍ബുദരോഗം പിടിപെട്ട് ജീവിതവുമായി പടപൊരുതിയ ഫ്രാന്‍സീസിന്റെ ഈ പുസ്തകം കണ്ണുകള്‍ ഈറനായി മാത്രമേ വായനക്കാര്‍ക്ക് വായിച്ചു തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ! സ്വന്തം തൊഴിലില്‍ ഉയരങ്ങള്‍ കീഴടക്കിയ കാലഘട്ടത്തിലായിരുന്നു അദ്ദേഹം രോഗബാധിതനായത്. എങ്കിലും മനസു പതറാതെ ജീവിതത്തെ തന്നെ ഒരു വെല്ലുവിളിയായി അദ്ദേഹം സ്വീകരിച്ചു. എന്നും നേട്ടങ്ങളുടേതായ ഒരു ഘോഷയാത്ര തന്നെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൂടാതെ സ്‌നേഹനിധിയായ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

ശ്രീ ഫ്രാന്‍സീസ് തടത്തിലിനെ ഒരിക്കല്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഇ-മലയാളിയുടെ അവാര്‍ഡ് ചടങ്ങില്‍ വെച്ചു ആദ്യമായി ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി. എങ്ങനെയോ ഒരു ആത്മബന്ധം ഈ ചെറുപ്പക്കാരനുമായി അന്നെനിക്ക് സ്ഥാപിക്കാന്‍ സാധിച്ചു. അദ്ദേഹം, കോഴിക്കോട് ദേവഗിരി കോളേജിന്റെ പ്രൊഫസറായിരുന്ന എന്റെ പ്രിയ ഗുരുനാഥന്‍ മാണിസാറിന്റെ മകനാണെന്നറിഞ്ഞപ്പോള്‍ ഫ്രാന്‍സീസില്‍ ഞാനും അഭിമാനം കൊണ്ടു. യുവത്വത്തില്‍തന്നെ നിരവധി നേട്ടങ്ങള്‍ നേടിയ ജ്ഞാനിയായ ഈ ചെറുപ്പക്കാരന്റെ മുമ്പില്‍ ഞാനൊന്നും അല്ലെന്നു തോന്നി. അവാര്‍ഡുകളുടെ കൂമ്പാരങ്ങള്‍ നേടിയ ഫ്രാന്‍സീസ് തടത്തിലിന്റെ വ്യക്തി മാഹാത്മ്യം ഈ പുസ്തകത്തിലുള്ള പ്രസിദ്ധരായവരുടെ അഭിപ്രായങ്ങളില്‍നിന്നും മനസിലാക്കാന്‍ സാധിക്കും. ഇ-മലയാളി എഡിറ്റര്‍ ശ്രീ ജോര്‍ജ് ജോസഫിന്റെ സൗന്ദര്യാത്മകമായ ഭാഷയോടെയുള്ള അവതാരികയോടെയാണ് പുസ്തകത്തിന്റെ തുടക്കം.

''ഒരു രക്തബന്ധത്തിന്റെ കഥ'എന്നാണ്, ആദ്യ അദ്ധ്യായത്തിനു പേരു കൊടുത്തിരിക്കുന്നത്. പത്രപ്രവര്‍ത്തകനെന്നതിലുപരി ആര്‍ദ്രതയുടെയും സഹാനുഭൂതിയുടെയും നിര്‍മ്മല ഹൃദയംകൊണ്ടു ആവരണം ചെയ്ത ഒരു ഫ്രാന്‍സിസിനെയാണ് കാണാന്‍ സാധിക്കുന്നത്. അതിരപ്പള്ളി വൈദ്യുതി പദ്ധതിക്ക് പത്രറിപ്പോര്‍ട്ട് തയാറാക്കിയ ഫ്രാന്‍സീസിന്റെ നേരെ ആക്രോശിക്കുന്ന കട്ടക്കൊമ്പന്‍ മീശക്കാരന്‍ ഫ്രാങ്കോ ലൂയിസിനെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. പത്തുപേജുള്ള റിപ്പോര്‍ട്ട് ഏഴു പ്രാവിശ്യം എഴുതിയിട്ടും തൃപ്തി വരാത്ത മീശക്കാരനിലെ ലോല ഹൃദയം ഫ്രാന്‍സീസിന് മനസിലാവുന്നത്, അയാളുമൊത്ത് റസ്റ്റോറന്റ് ബാറില്‍ ഹൃദയം തുറന്നു സംസാരിച്ച ശേഷമാണ്.

ഫ്രാന്‍സീസിനോടുള്ള കടപ്പാടും ഫ്രാങ്കോ ലൂയീസ് അന്ന് അറിയിക്കുന്നു. ഫ്രാങ്കോയുടെ പിതാവ് മരിക്കുന്ന സമയം ഒരു സര്‍ജറിക്ക് വിധേയമായിരുന്നു. ഫ്രാങ്കോയുടെ കൂട്ടുകാരന്റെ കൂട്ടുകാരനെന്ന നിലയില്‍ രാത്രി മുഴുവന്‍ സഞ്ചരിച്ച് പതിനഞ്ചു കുപ്പി രക്തത്തോളം പിതാവിനുവേണ്ടി ഫ്രാന്‍സീസ് ശേഖരിച്ചു. ഫ്രാന്‍സീസ് എന്ന യുവ പത്രപ്രവര്‍ത്തകന്റെ മനുഷ്യ സ്‌നേഹത്തിനു മുമ്പില്‍ കട്ട കൊമ്പന്‍ മീശക്കാരന്‍ ഫ്രാങ്കോ കീഴടങ്ങുന്ന കഥ വികാരാധീനമായി വിവരിച്ചിരിക്കുന്നു. പിന്നീട് ഫ്രാന്‍സിസിന്റെ എല്ലാ നേട്ടങ്ങളുടെയും പുറകില്‍ ഫ്രാങ്കോ ലൂയിസിന്റെ പിന്തുണയുമുണ്ടായിരുന്നു. രക്തത്തില്‍ കുതിര്‍ത്ത, രക്താവരണം കൊണ്ട് എഴുതിവെച്ച ഒരു ആത്മബന്ധമായിരുന്നു ഇത്. ഓര്‍ക്കാപ്പുറത്ത് ഫ്രാന്‍സീസിനെ ബ്ലഡ് ക്യാന്‍സര്‍ രോഗിയായി ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ ഏറ്റവും വാവിട്ടു കരഞ്ഞ വ്യക്തിയും ഫ്രാങ്കോ സാറായിരുന്നു. തുടക്കം മുതല്‍ ജീവിതവുമായുള്ള ഏറ്റുമുട്ടലുകളില്‍ എന്നും സഹായമായി നിലകൊണ്ടതും ഫ്രാന്‍സീസിന്റെ ഈ ഗുരു തന്നെ. ആവശ്യത്തിനുതകുന്നവനാണ് യഥാര്‍ത്ഥ സുഹൃത്തെന്ന പൗരാണിക ചിന്തകളും ഫ്രാങ്കോയില്‍ക്കൂടി അര്‍ത്ഥവത്താവുകയാണ്. ഫ്രാന്‍സീസ് എഴുതിയ അതിരപ്പള്ളി, വാഴച്ചാല്‍ റിപ്പോര്‍ട്ട് ദീപികയില്‍ പേരു വെച്ച് പ്രസിദ്ധീകരിച്ചതും അനുമോദനങ്ങളുടെ പൂച്ചെണ്ടുകള്‍ നേടിയതും അദ്ദേഹത്തന്റെ പ്രൊഫഷണല്‍ ജീവിതത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. പിന്നീട് ഓരോ കാല്‍ചുവടുകളും പ്രസിദ്ധനായ ഒരു ജേര്‍ണലിസ്റ്റിലേക്കുള്ള വളര്‍ച്ചയായിരുന്നു. ഫ്രാങ്കോ ലൂയീസ് അദ്ദേഹത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് എല്ലാവിധ പ്രോത്സാഹനങ്ങളും സ്നേഹാദരവുകളും നല്‍കിയിരുന്നു.

'ആദ്യ സ്‌കൂപ്പ് വരമൊഴിയായി' എന്നാണ് രണ്ടാം അദ്ധ്യായത്തിന്റെ തലവാചകം. ജേര്‍ണലിസം കോഴ്സുകള്‍ പൂര്‍ത്തിയാക്കി കോട്ടയത്തുനിന്നും തൃശൂര്‍ ട്രെയിനില്‍ ഇടിച്ചു കയറുന്ന സമയം. ഒരു ഭീമാ കായനായ മനുഷ്യനെ അവിടെ ബന്ധിച്ചിട്ടിരിക്കുന്നതു കണ്ടു. അയാള്‍ പത്തു പവന്‍ മാല മോഷ്ടിച്ച ശേഷം ട്രെയിനിനുള്ളില്‍ 'സെലീനാമ്മ' എന്ന സ്ത്രീയെ കൊന്നു. ഈ വാര്‍ത്ത ദീപികയില്‍ വിളിച്ചറിയച്ചപ്പോള്‍ വാര്‍ത്തകളുടെ പൂര്‍ണ്ണവിവരം റിപ്പോര്‍ട്ട് ചെയ്യുവാന്‍ ചുമതലപ്പെടുത്തിയത് ഫ്രാന്‍സിസിനെയായിരുന്നു. എന്നാല്‍ ട്രെയിനിങ് കഴിഞ്ഞു വീട്ടില്‍ പോവാന്‍ ധൃതി വെച്ചിരുന്ന അദ്ദേഹം ഒഴിവു കഴിവു പറഞ്ഞു വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ല. അടുത്ത ദിവസം വാര്‍ത്ത ദീപികയില്‍ വന്നപ്പോഴാണ് അവസരങ്ങള്‍ തേടിവന്നിട്ടും താന്‍ അത് സ്വീകരിക്കാതെ പോയാല്ലോയെന്ന നഷ്ടബോധമുണ്ടായത്.

തൃശൂര്‍ ദീപിക ഓഫീസിലാണ് ഫ്രാന്‍സീസ് ജോലി ആരംഭിക്കുന്നത്. തൃശൂരിന്റെ നാടോടി ഭാഷ മനസിലാക്കാനുള്ള ബുദ്ധിമുട്ടുകള്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. പൂരപ്പറമ്പിലുള്ള ആല്‍ മരത്തില്‍ ഒരാള്‍ തൂങ്ങി മരിച്ചുവെന്ന വാര്‍ത്ത പോലീസ് ഓഫിസര്‍ ജോസഫ് നല്‍കിയത് ''നമ്മുടെ മണികണ്ഠനാലിന്റെ മേലേരാളു ഞാന്നു കിടക്കുന്നു.' പത്രക്കെട്ടുകള്‍ മെത്തയാക്കി കിടന്നുറങ്ങുന്ന കാലവുമായിരുന്നു അന്ന്. ഫ്രാന്‍സീസിനു കിട്ടുന്ന ആദ്യത്തെ വാര്‍ത്തയും. മൂന്നു നാല് മാസങ്ങള്‍ക്കുള്ളില്‍ തൃശൂര്‍ ഭാഷ വശമാക്കുകയുമുണ്ടായി. ആദ്യത്തെ വാര്‍ത്ത തന്ന ജോസഫിനോടുമുള്ള നന്ദി പ്രകടനവും ഈ അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

1200 രൂപ ശമ്പളം ഉണ്ടായിരുന്നെങ്കിലും സ്വന്തം വീട്ടില്‍ നിന്നും 500 രൂപ കൂടി ചെലവിന് കിട്ടിയാല്‍ മാത്രമേ ജീവിച്ചു പോവാന്‍ സാധിക്കുമായിരുന്നുള്ളൂ. മറ്റു കൂട്ടുകാര്‍ തുച്ഛമായ ഈ ശമ്പളം കൊണ്ട് ജീവിക്കുമായിരുന്നു. അന്നൊക്കെ ഫ്രാന്‍സിസും കൂട്ടുകാരും ചില കല്യാണ മണ്ഡപങ്ങളില്‍ പോയി കുശാലായി ശാപ്പാട് കഴിക്കുമായിരുന്നു. വരന്റെയോ വധുവിന്റെയോ പേരില്‍, കല്ല്യാണ മണ്ഡപങ്ങളില്‍ ചക്കാത്തില്‍ ഊണ് കഴിക്കുന്ന സമയങ്ങളില്‍ ലജ്ജ തോന്നിയിരുന്നില്ല. വിശക്കുന്ന വയറിനു എന്തിനു നാണിക്കണമെന്ന ചിന്തകളായിരുന്നു അന്നുണ്ടായിരുന്നത്. രാജന്‍ ചേട്ടന്റെ കടയിലെ ചെലവ് കുറഞ്ഞ ഊണും കല്യാണ മണ്ഡപങ്ങളിലെ സദ്യയും കഴിച്ചുകൊണ്ടുള്ള പ്രൊഫഷണല്‍ ജീവിതം സന്തോഷപ്രദമായിരുന്നുവെന്നും ഫ്രാന്‍സീസ് കുറിച്ചിരിക്കുന്നു.

കേരള രാഷ്ട്രീയത്തിലെ 'ചാണക്യന്‍' എന്നറിയപ്പെടുന്ന ബുദ്ധിശാലിയായ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ രാഷ്ട്രീയ ചരിത്രമാണ് 'കരുണാകരന്‍ എന്ന ന്യൂസ് മേക്കറില്‍ കൂടി' ഫ്രാന്‍സീസ് അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലെ ഭീമാചാര്യനായിരുന്ന കരുണാകരന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ക്കൂടിയാണ് 'ഫ്രാന്‍സിസ് തടത്തില്‍' എന്ന ജേര്‍ണലിസ്റ്റിന്റെ വളര്‍ച്ചയെന്നും മനസിലാക്കുന്നു. കരുണാകരന്റെ പത്ര സമ്മേളങ്ങളില്‍ സംബന്ധിക്കുക മാത്രമല്ല അദ്ദേഹത്തിന്റെ വാക്കുകളും നോട്ടങ്ങളും ചേഷ്ടകളും വരെ അടിമുടി പഠിക്കുകയെന്നതും ഫ്രാന്‍സീസിന് താല്പര്യമേറിയ കാര്യമായിരുന്നു. ചാണക്യനെന്നു പേരിനു തികച്ചും കരുണാകരന്‍ അര്‍ഹനായിരുന്നു. തിരുവനന്തപുരം രാമനിലയത്തില്‍ പത്രക്കാരോട് ഒന്ന് പറയും; പിന്നീട് തിരുവനന്തപുരത്ത് എത്തുമ്പോള്‍ താന്‍ അങ്ങനെ പറഞ്ഞില്ലെന്നും അത് പത്രക്കാരുടെ മെനഞ്ഞെടുത്ത കഥയാണെന്നും പറഞ്ഞുകൊണ്ട് അഭിപ്രായങ്ങളെ മാറ്റി പറയുകയും ചെയ്യുമായിരുന്നു. പലപ്പോഴും പത്രസമ്മേളനങ്ങളില്‍ കരുണാകരനു ചുറ്റും തിക്കും തിരക്കുമായിരിക്കും. വളരെ പതുങ്ങിയ സ്വരത്തില്‍ സംസാരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഒപ്പിയെടുക്കാന്‍ പ്രയാസമായിരുന്നുവെന്നും ഫ്രാന്‍സീസ് പറയുന്നു. ഒരിക്കല്‍ കരുണാകരന്റെ തൊട്ടടുത്തിരിക്കാനും റിപ്പോര്‍ട്ട് തയാറാക്കാനും കഴിഞ്ഞത്, ഫ്രാന്‍സീസ് വളരെ അഭിമാനത്തോടെയാണ് ഓര്‍മ്മിക്കുന്നത്. 'പത്രപ്രവര്‍ത്തകരോട് ഇത്രമാത്രം സൗഹാര്‍ദ്ദം പുലര്‍ത്തിയിട്ടുള്ള മറ്റൊരു നേതാവ്' ഇല്ലെന്നും ഫ്രാന്‍സീസ് പറയുന്നു. കരുണാകരനുമായി പത്ര സമ്മേളനങ്ങളില്‍ വാര്‍ത്തകള്‍ ശേഖരിക്കാനും ദീപികയുടെ സായാന്ഹ പത്രത്തില്‍ ഉടനടി പ്രസിദ്ധീകരിക്കാന്‍ സാധിച്ചിരുന്നതും അദ്ദേഹത്തിന്റെ ജേര്‍ണലിസ വിജയത്തിന്റെ ചുവടുവെപ്പുകളായിരുന്നു. ലീഡറോട് ബുദ്ധിപൂര്‍വമായ ചോദ്യങ്ങള്‍ ചോദിക്കുന്ന കാര്യത്തിലും ഫ്രാന്‍സീസ് ശ്രദ്ധാലുവായിരുന്നു. മക്കള്‍ രാഷ്ട്രീയത്തെ സംബന്ധിച്ച് ഒരിക്കല്‍ അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നും വേണം നിയമസാമാജികരെ തിരഞ്ഞെടുക്കേണ്ടതെന്നും കരുണാകരന്‍ പറഞ്ഞു. ലീഡറോട്, വെറും വീട്ടമ്മയായ പത്മജയുടെ രാഷ്ട്രീയ പ്രവേശനവും കാര്യമായ രാഷ്ട്രീയത്തില്‍ പരിചയമില്ലാത്ത മുരളിയുടെ കാര്യവും ചോദിക്കുന്നുണ്ട്. പത്മജയുടെ കാര്യം ഒന്നും പറയാതെ മുരളി മുന്‍'മന്ത്രിയെന്ന നിലയിലും കെപിസിസി പ്രസിഡണ്ടെന്ന നിലയിലും തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ യോഗ്യനെന്നും കരുണാകരന്‍ ഉത്തരം നല്‍കുന്നുണ്ട്.

മാളയില്‍ കരുണാകരന്റെ പരാജയം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. സ്വന്തം അണികളില്‍നിന്നുമുള്ള കുതികാല്‍ വെട്ടായിരുന്നു കാരണം. ഫ്രാന്‍സീസ്, ഫ്രാങ്കോ സാറും കരുണാകരനുമായുള്ള അന്നത്തെ പത്രസമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. 'തിരഞ്ഞെടുപ്പു പരാജയത്തെ എങ്ങനെ കാണുന്നുവെന്ന' ചോദ്യത്തിനും ലീഡറിന്റെ മറുപടി 'തന്നെ പിന്നില്‍ നിന്നും കുത്തിയെന്നായിരുന്നു'. ലീഡറിന്റെ പരാജയം കാണാന്‍ കൊതിച്ചിരുന്ന രണ്ടു വ്യക്തികളായിരുന്നു കൃഷി മന്ത്രി രാജനും മറ്റൊരു വ്യക്തിയായ നവാബ് രാജനും. ഇവര്‍ രണ്ടുപേരും കരുണാകരനോട് ചെയ്ത പ്രതികാരം വളരെ തന്മയത്വമായി തന്നെ ശ്രീ തടത്തില്‍ വിവരിച്ചിട്ടുണ്ട്. കരുണാകരനോട് നിത്യ ശത്രുത പുലര്‍ത്തിയിരുന്ന നവാബ് രാജേന്ദ്രനെപ്പറ്റി പ്രത്യേകം അദ്ധ്യായങ്ങള്‍ തന്നെയുണ്ട്. വ്യവഹാരങ്ങളുടെ തോഴനെന്നാണ് രാജേന്ദ്രനെ ശ്രീ തടത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

കരുണാകരനെതിരെയും മറ്റു അഴിമതിക്കാര്‍ക്കെതിരെയും വ്യവഹാരങ്ങള്‍ നടത്തിക്കൊണ്ടിരുന്ന നവാബ് രാജേന്ദന്റെ ജീവിത കഥ 'നവാബിന്റെ കുടിപ്പക' എന്ന അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. നല്ലയൊരു മദ്യപാനിയാണയാള്‍. എന്നും വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന രാജേന്ദ്രന്‍, ഫ്രാന്‍സിസിനെ സംബന്ധിച്ചടത്തോളം വലിയ ഒരു സഹായിയായിരുന്നു. മുഖ്യമന്ത്രി കരുണാകരനോട് തീര്‍ത്താല്‍ തീരാത്ത പക മൂലം രാജേന്ദ്രന്റെ വ്യവഹാരമായുള്ള വാര്‍ത്തകള്‍ ഫ്രാന്‍സിസും മാദ്ധ്യമങ്ങളും ആഘോഷിച്ചിരുന്നു. 'നവാബ് ' പത്രത്തിന്റെ' ഉടമസ്ഥനായ രാജേന്ദ്രനെ അടിയന്തിരാവസ്ഥ കാലത്ത് ജയിലില്‍ അടയ്ക്കുകയും കരുണാകരന്റെ പോലീസ് മൃഗീയമായി അദ്ദേഹത്തെ പീഡിപ്പിക്കുകയും ചെയ്തു. അന്നു തുടങ്ങിയതാണ് കരുണാകരനോടുള്ള പക. അന്ന് അയാളുടെ പ്രായം 25 വയസ്സ്! 55 വയസ്സായപ്പോള്‍ കാന്‍സര്‍ രോഗം അദ്ദേഹത്തെ കീഴടക്കുകയും അതുവരെ നിയമ യുദ്ധങ്ങളുമായി പോരാടുകയും ചെയ്തു.

രാജേന്ദ്രന്റെ സ്വത്തുക്കളും ബന്ധുക്കളും ധനവും എല്ലാം നഷ്ടപ്പെടാനുള്ള കാരണം അടിയന്തിരാവസ്ഥ കാലത്തെ കരുണാകരന്റെ ക്രൂരതയായിരിന്നു. ഫ്രാന്‍സീസ് ഇക്കാര്യങ്ങള്‍ വളരെ ഭാഷാ സൗകുമാര്യത്തോടെ വര്‍ണ്ണിച്ചിട്ടുണ്ട്. 'മണ്ണൂത്തി' സര്‍വ്വകലാശാലയില്‍ ഭൂമിയെടുപ്പും സ്ഥലവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപ കരുണാകരനും അനുയായികളും തട്ടിയെടുത്തതും രാജേന്ദ്രന്റെ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ക്രൂരന്മാരായ പോലീസ് മേധാവികള്‍, ജയറാം പടിക്കല്‍, ലക്ഷ്മണന്‍ എന്നിവരുടെ ക്രൂര പീഡനങ്ങളും മനുഷ്യത്വത്തെ ചവുട്ടി മെതിക്കും വിധമായിരുന്നു. രേഖകള്‍ മുഴുവന്‍ അഴീക്കോടന്‍ രാഘവന്റെ കൈവശമായിരുന്നതിനാല്‍ രാജേന്ദ്രനില്‍ നിന്നും രേഖകള്‍ പൊലീസിന് കൈവശപ്പെടുത്താന്‍ സാധിച്ചില്ല. 'അഴീക്കോടനെ' ഗുണ്ടാകള്‍ കൊലപ്പെടുത്തുകയും ചെയ്തു. ' ഈശ്വര വാരിയ'രുടെ മകന്‍ രാജന്‍ വധവും രാജന്റെ മരണത്തിനുത്തരവാദികള്‍ ലക്ഷ്മണയും ജയരാജ് പടിക്കലുമെന്ന സത്യവും രാജേന്ദ്രന്‍ എന്ന പത്രാധിപര്‍ വിവരിക്കുന്നുണ്ട്. ശ്രീ ഫ്രാന്‍സീസ് തടത്തില്‍ ഓരോ സംഭവങ്ങളും ഭംഗിയായി ഈ ലേഖനത്തില്‍ വിവരിച്ചിരിക്കുന്നു. ഫ്രാന്‍സീസ് എഴുതിയിട്ടുള്ള ലേഖനങ്ങളില്‍ ഏറ്റവും മികച്ച ഒരു സംഭവശകലമായി രാജേന്ദ്രനുമായുള്ള അഭിമുഖ സംഭാഷണത്തെ വിലയിരുത്താന്‍ സാധിക്കും.

'വിലാസം: നവാബ് രാജേന്ദ്രന്‍,തൃശൂര്‍' എന്ന അദ്ധ്യായത്തിനു കൊടുത്ത തലക്കെട്ട് വളരെ കൗതുകം ഉണര്‍ത്തുന്നു. കരുണാകരന്‍ കാരണം ഏതാണ്ട് ഹോംലെസ്സ് പോലെ (വീടില്ലാത്തവനെപ്പോലെ) ജീവിക്കുന്ന രാജേന്ദ്രനുമായുള്ള ചങ്ങാത്തം ഫ്രാന്‍സീസ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. മദ്യഷാപ്പുകളിലും പാര്‍ക്കുകളിലും മാത്രമേ അലയുന്ന സന്യാസിയെപ്പോലെ ജീവിക്കുന്ന രാജേന്ദനെ കണ്ടുമുട്ടുവാന്‍ സാധിക്കുള്ളു. ഈ മനുഷ്യനില്‍ നിന്നു കിട്ടിയ വിവരങ്ങളാണ് ഫ്രാന്‍സിസിനെ ഒരു സുപ്രസിദ്ധ പത്ര ലേഖകനാക്കിയത്. വ്യവഹാരങ്ങളുടെ ലോകത്തു ജീവിക്കുന്ന രാജേന്ദ്രന്‍ മൂലം മന്ത്രിക്കസേരകള്‍ വരെ തെറിച്ചിട്ടുണ്ട്. കരുണാകരനോടുള്ള കടുത്ത വിരോധമായിരുന്നു അദ്ദേഹത്തെ ഈ സാഹസത്തിനെല്ലാം പ്രേരിപ്പിച്ചിരുന്നത്. പൈപ്പ് കുംഭകോണ കേസില്‍ മന്ത്രി ഗംഗാധരനെ കുടുക്കിയതും രാജേന്ദ്രനാണ്. അതുപോലെ പതിനെട്ടു വയസുപോലുമില്ലാത്ത മകളെ 'മന്ത്രി' കെട്ടിച്ചതും കേസില്‍ കുടുങ്ങാന്‍ കാരണമായി. നിയമം നടപ്പാക്കേണ്ടവര്‍ നിയമ ലംഘകരാകുന്നുവെന്ന കോടതിയുടെ പ്രതികരണം മന്ത്രി ഗംഗാധരനു ലഭിക്കുകയും ചെയ്തു. ആഘോഷപൂര്‍വം നടത്തിയ മകളുടെ വിവാഹം അസാധുവാകുകയും ചെയ്തു. ഇതായിരുന്നു രാജേന്ദ്രന്‍ എന്ന വ്യവഹാരിയുടെ ജീവിതവും ഫ്രാന്‍സീസ് തടത്തിലിന്റെ പ്രൊഫഷണലിവും!

ഒരു കാലത്ത് ഇന്ത്യന്‍ റയില്‍വേയില്‍ അകത്തും പ്ലാറ്റ്'ഫോറത്തിലും ലഭിച്ചിരുന്ന കുടിവെള്ളത്തിന്റെ തീവില കുറയ്ക്കാന്‍ കാരണവും രാജേന്ദ്രന്‍ തന്നെ. കരുണാകരന്റെ ഉറ്റസുഹൃത്തുക്കളായ 'കല്യാണ്‍ സില്‍ക്ക് ഹൌസു'മായുള്ള ഒരു കേസ് സുപ്രീം കോടതി വരെ പോയി വ്യവഹാരം നടത്തി. കോടിക്കണക്കിന് രൂപ അവര്‍ക്ക് നഷ്ടമുണ്ടാക്കി. 'കല്യാണ്‍ സില്‍ക്ക് ഹൌസ്' കെട്ടിടം പണിതപ്പോള്‍ കെട്ടിടം പബ്ലിക്ക് റോഡില്‍ നാലടി മുന്തിയിരുന്നുവെന്നായിരുന്നു കേസ്. നിയമ സഭ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, രാഷ്ട്രീയ പ്രമുഖര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍, എംഎല്‍എ ഫണ്ട് ദുരുപയോഗം ചെയ്യുന്നവര്‍ എന്നിങ്ങനെ സമൂഹത്തിലെ പ്രമുഖരായ നിരവധി പേരെ ഈ കൃശാഗ്ര മനുഷ്യന്‍ കുടുക്കിയിട്ടുണ്ട്. വാര്‍ത്തകള്‍ മുഴുവനായി അറിയണമെങ്കില്‍ ഫ്രാന്‍സീസിന്റെ പുസ്തകം തന്നെ വായിക്കണം. ട്രെയിന്റെ ഉള്ളിലും പുറത്തും പുക വലി നിരോധനം, പബ്ലിക്ക് സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്തുള്ള മദ്യപാനം മുതലായവകള്‍ നിര്‍ത്തല്‍ ചെയ്തതും രാജേന്ദ്രന്റെ വ്യവഹാരഫലമാണ്. കരുണാകരന്‍ മാളയില്‍ തോറ്റപ്പോള്‍ രാജേന്ദ്രനെ സംബന്ധിച്ച് അന്നൊരു ഉത്സവമായിരുന്നു. അതിന്റെ പിന്നില്‍ കഠിനമായി പരിശ്രമിച്ചതും രാജേന്ദ്രനായിരുന്നു.

'കടുവയെ പിടിച്ച കിടുവാകള്‍' എന്ന ജിഞ്ജാസ വര്‍ദ്ധിപ്പിക്കുന്ന ഫ്രാന്‍സിസ് തടത്തിലിന്റെ ഒരു ലേഖനം ഉണ്ട്. അതില്‍ ഫ്രാന്‍സിസും, കളക്ക്റ്റര്‍ 'ടിക്ക റാം മീന'യും ഡിഐജി സന്ധ്യയും മുഖ്യ താരങ്ങളാണ്. പത്രവാര്‍ത്തകളില്‍ മുഖ്യസ്ഥാനം നേടാന്‍ അവരോടൊപ്പം ഫ്രാന്‍സിസും പ്രവര്‍ത്തിച്ചിരുന്നു. ഒരു വാര്‍ത്ത ലഭിക്കുന്നതിനായി അങ്ങേയറ്റം പരിശ്രമിക്കുമെന്ന് ഈ ജേര്‍ണലിസ്റ്റിന്റെ അനുഭവകഥകളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. എന്തെങ്കിലും വാര്‍ത്തയുടെ സൂചന കിട്ടിയാല്‍ മതി അത് കളക്റ്ററാണെങ്കിലും ഡിഐജിയാണെങ്കിലും വാര്‍ത്ത സ്വന്തം പോക്കറ്റില്‍ വരുന്നവരെ ശല്യപ്പെടുത്തുന്ന സ്വഭാവവും ഈ ചെറുപ്പക്കാരനിലുണ്ട്. വ്യാജ കള്ളു വിറ്റുകൊണ്ടിരുന്ന പ്രമുഖ അബ്കാരി കോണ്‍ട്രാക്റ്റര്‍ അശോകന്റെ വീട്ടില്‍ നടന്ന റെയ്ഡും (Raid)അശോകന്‍ ഒളിവില്‍ പോയ കഥയുമാണ് ഈ അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നത്. ഒരു തുള്ളി കള്ളൂപോലും ഉപയോഗിക്കാതെ കെമിക്കലുകള്‍, മറ്റു രാസ വസ്തുക്കള്‍ ഉപയോഗിച്ച് വ്യാജ കള്ളു നിര്‍മ്മിക്കുന്ന 'ഗോഡൗണ്‍' എക്‌സൈസ് അധികാരികള്‍ പിടിച്ചെടുത്തു. നിരവധി പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ അവിടെയുണ്ടായിരുന്നെങ്കിലും കളക്റ്റര്‍ 'ടിക്കറാം', ഫ്രാന്‍സിസിനെ വിളിച്ച് വ്യക്തിപരമായി തന്നെ വിവരങ്ങള്‍ നല്കുകയായിരുന്നു. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന കടുത്ത മയക്കു മരുന്നുകളും ഈ കൃത്രിമ കള്ളില്‍ ചേര്‍ക്കാറുണ്ടായിരുന്നു. കൂടാതെ അനധികൃത സ്വത്തു സമ്പാദിച്ച തെളിവുകളും കിട്ടിയിരുന്നു. ഏതായാലും രാഷ്ട്രദീപികയ്ക്ക് ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം ഇതൊരു കവര്‍ പേജ് വാര്‍ത്തയായിരുന്നു. പല വന്‍ പാര്‍ട്ടികളും മാഫിയാകളും പോലീസ് ഉദ്യോഗസ്ഥരും വ്യാജവാറ്റിന് സഹായിച്ചിരുന്നുവെന്ന സൂചനകളും ലഭിച്ചിരുന്നു. ഇതിനിടെ അശോകന്റെ ഗുണ്ടകള്‍ ശ്രീ ഫ്രാന്‍സിസിനെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.

വ്യാജക്കള്ളു നിര്‍മ്മാണത്തിനുപയോഗിച്ച രാസവസ്തുക്കള്‍ പരീക്ഷണ വിധേയമാക്കാന്‍ ബാംഗ്‌ളൂര്‍ ലാബില്‍ അയച്ചിരുന്നു. കൂടാതെ മറ്റു സ്വകാര്യ ലാബുകളിലും കള്ളിലെ മായം പരീക്ഷണ വിധേയമാക്കിയത് കള്ളുലോബികള്‍ അറിഞ്ഞിരുന്നില്ല. 'ബാംഗളൂര്‍ ലാബ്' കള്ളില്‍ മായമില്ലെന്ന് സര്‍ട്ടിഫൈ ചെയ്തെങ്കിലും അത് പണവും സ്വാധീനത്തിന്റെയും പുറത്താണെന്ന് കോടതി കണ്ടെത്തി. ഹൈദ്രബാദ് ഫോറന്‍സിക്ക്' ലാബിലെ പരീക്ഷണവും ഹാജരാക്കിയതോടെ അശോകന്റെ സുപ്രസിദ്ധനായ വക്കീലിന്റെ ചിറകൊടിഞ്ഞു. ഈ സംഭവങ്ങള്‍ ഭാവനാധീതമായി വിവരിക്കാന്‍, ഫ്രാന്‍സീസിനെപ്പോലുള്ള പാകത വന്ന ഒരു ജേര്‍ണലിസ്റ്റിനു മാത്രമേ കഴിയുള്ളൂ. ഇവിടെ, ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെപ്പോലെ കലക്റ്റര്‍ ടിക്കറാം അഭിമാന പുളകിതനാകുന്നുമുണ്ട്. വാര്‍ത്തകള്‍ സത്യസന്ധതയോടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഫ്രാന്‍സീസിനും ക്രെഡിറ്റ് ലഭിക്കുന്നു. സമ്പത്താണോ അധികാരമാണോ എന്ന് ശ്രീ ഫ്രാന്‍സീസ് തടത്തില്‍ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അതിനുത്തരവും ഈ അദ്ധ്യായത്തില്‍ തന്നെയുണ്ട്. പണത്തിന്റെ മീതെ പരുന്തു പറക്കില്ലായെന്ന സംവിധാനമാണ് ഇന്ത്യന്‍ രാഷ്ട്രീയമൊന്നാകെയുള്ളത്. അത് മതത്തിലായാലും രാഷ്ട്രീയത്തിലായാലും നാം നിത്യം കണ്ടുകൊണ്ടിരിക്കുന്നു. രണ്ടു മാസത്തെ ജയില്‍ മോചനശേഷം അശോകന്‍ വീണ്ടും ഇതേ വ്യവസായത്തില്‍ പ്രവേശിക്കുന്നുമുണ്ട്.

തൃശൂര്‍ കളക്റ്ററായി വന്ന നാരായണസ്വാമി വിഖ്യാതനായ, സിവില്‍ റാങ്കുനേടിയ ഒരു ഐഎഎസ് കാരനായിരുന്നു. ഒരു ബുദ്ധിജീവിയായും അറിയപ്പെട്ടിരുന്നു. സത്യസന്ധനായ ഈ ഓഫിസര്‍, തിന്മകള്‍ക്കെതിരെ പോരാടിയതിന് അദ്ദേഹത്തിനു വലിയ വില കൊടുക്കേണ്ടിയും വന്നു. അനീതിക്ക് കൂട്ടുനില്‍ക്കാന്‍ തയ്യാറാകാത്ത അദ്ദേഹത്തിന്റെ ഒന്നാം നമ്പര്‍ ശത്രു ഭാര്യാപിതാവായിരുന്നു. ഒടുവില്‍ വിവാഹ മോചനത്തിലും അവസാനിച്ചു. എങ്കിലും അദ്ദേഹം തളര്‍ന്നില്ല. നൈരാശ്യ ബോധം വരുമ്പോഴെല്ലാം സഹായം അഭ്യര്‍ത്ഥിച്ചിരുന്നത് ഫ്രാന്‍സീസ് തടത്തിലിനോടായിരുന്നു. ഭാര്യവീട്ടുകാര്‍ നാരായണസ്വാമിക്കെതിരെ അപമാന കഥകള്‍ പ്രചരിപ്പിക്കുമ്പോഴും ഫ്രാന്‍സീസ് എന്ന മനുഷ്യ സ്‌നേഹിയുടെ ശരിയായ പത്രപ്രവര്‍ത്തനവും വായനക്കാരനു ആകാംഷ നല്‍കുന്നു. ഫ്രാന്‍സീസിന്റെ മുമ്പില്‍ പ്രസിദ്ധനായ ഈ ഐഎ എസ് ഓഫിസര്‍ ചിലപ്പോള്‍ ഏങ്ങലടിച്ചു കരയുന്നുമുണ്ട്. ഫ്രാന്‍സീസ് അദ്ദേഹത്തിന്റെ മുഖ്യ ഉപദേശകനായി മാറുന്നതും നാം കാണുന്നു. ഒരു ജില്ലാ കലക്റ്റര്‍ പ്രസിദ്ധി നേടുന്നത് പത്രപ്രസ്താവനയില്‍ക്കൂടിയല്ല പ്രവര്‍ത്തിയില്‍ക്കൂടിയെന്ന തത്ത്വവും ഫ്രാന്‍സീസ് ഇവിടെ എടുത്തു പറയുന്നുണ്ട്. സ്വാമിയുടെ എടുത്തുചാട്ടം മൂലം അദ്ദേഹം പല അബദ്ധങ്ങളില്‍ പെട്ട കഥകളും വിവരിക്കുന്നുണ്ട്. സ്വാമിയുടെ നെഗറ്റിവ് പബ്ലിസിറ്റിയും ജേര്‍ണലിസ്റ്റായ ഫ്രാന്‍സീസിന് ഗുണം ചെയ്യാറുമുണ്ട്. നാരായണ സ്വാമിയും മന്ത്രിമാരുമായുള്ള ഏറ്റുമുട്ടലുകളും പലപ്പോഴും അപമാനിതനാകുന്നതും 'താന്‍ എന്ത് കലക്റ്റര്‍' എന്ന് ഒരു മന്ത്രി ചോദിക്കുന്ന സാഹചര്യങ്ങളും തടത്തിലിന്റെ ഈ ജേര്‍ണലിസം പുസ്തകം വിവരിക്കുന്നു..

'മാനം മുട്ടെ അഗ്‌നികുണ്ഡം' എന്ന കഥയിലെ സ്‌ഫോടന അദ്ധ്യായം ഞെട്ടിക്കുന്ന സംഭവവിവരണങ്ങളോടെയുള്ളതാണ്. അത് 'സ്റ്റോപ്പ് ദി പ്രസ്സ്' വാര്‍ത്തയായിരുന്നു. അന്നത്തെ സ്‌ഫോടന ശബ്ദം തൃശൂര്‍ പട്ടണം മുഴുവന്‍ ഞടുക്കിയിരുന്നു. ഫ്രാന്‍സിസും കൂട്ടരും സംഭവസ്ഥലത്ത് പാഞ്ഞു ചെല്ലുമ്പോള്‍ കെട്ടിടങ്ങള്‍ മുഴുവന്‍ കത്തി ചാമ്പലായി നിലം പതിച്ചു കിടക്കുന്നതാണ് കാണുന്നത്. ശക്തമായ കരിമരുന്നിന്റെ പുകയും പുകപടലങ്ങളും എങ്ങും. നാലുപേര്‍ കൊല്ലപ്പെട്ടെങ്കിലും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. കടത്തിണ്ണകളില്‍ കിടന്നുറങ്ങിയിരുന്നവര്‍ യാചകരായിരിക്കാമെന്ന അനുമാനങ്ങളാണുള്ളത്. പൊടിപടലങ്ങള്‍ മൂലം ഒന്നും കാണാന്‍ സാധിക്കാത്തതിനാല്‍ മനുഷ്യ ശരീരത്തിന്റെ മുകളില്‍ ഫ്രാന്‍സിസും കൂട്ടരും അറിയാതെ നിന്ന കാര്യവും ഉദ്യോഗജനകമാണ്. ഭയം ജനിപ്പിക്കുന്നതുമാണ്. അവര്‍ ഞെട്ടി വിറച്ചുകൊണ്ട് അവിടെ നിന്നും ചാടിയിറങ്ങുന്നു. അടര്‍ന്നു കിടക്കുന്ന കൈയും കണ്ണില്‍ പെട്ടു . ഇതെല്ലാം ശേഖരിച്ച് വാര്‍ത്തയാക്കിയപ്പോള്‍ ദീപികയുടെ ഫ്രണ്ട് പേജില്‍ തന്നെ വാര്‍ത്തകള്‍ സ്ഥാനം നേടി. സായാഹ്നത്തില്‍ വില്‍ക്കാന്‍ ഇരുപതിനായിരം പത്രങ്ങള്‍ അച്ചടിച്ചെങ്കിലും ഏജന്റുമാരില്ലാത്തതുകൊണ്ട് ആ ജോലി ഫ്രാന്‍സിസും കൂട്ടരും ഏറ്റെടുത്തു. 300 രൂപ പ്രതിഫലം കിട്ടിയതും കുശാലായി അന്നത്തെ ദിവസങ്ങള്‍ ആഘോഷിക്കാന്‍ സാധിച്ചതും വിവരിക്കുന്നുണ്ട്.

തൃശൂര്‍ ജില്ലയിലെ പീച്ചിക്കടുത്തുള്ള മറ്റൊരു ദുരന്തവും വിവരിക്കുന്നുണ്ട്. മനുഷ്യ മാംസങ്ങള്‍ ഒരു കുടിലിനു മുമ്പില്‍ തൂങ്ങി കിടക്കുന്ന ഭീഭത്സ രംഗങ്ങളും ക്യാമറായില്‍ പകര്‍ത്തിയിരുന്നു. ചുറ്റിനും പച്ചമാംസങ്ങള്‍ കരിയുന്ന മണവും സഹിക്കണമായിരുന്നു. അരോചകമാം വിധം കരിഞ്ഞ മാംസക്കഷണങ്ങള്‍ എവിടെയും ദൃശ്യമായിരുന്നു. തൃശൂര്‍ ജില്ലയിലെ 28 വയസുള്ള ഒരു യുവാവ്, 'തന്നെ' വഞ്ചിച്ച കാമുകിയെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി അയാള്‍ സ്വയം ചാവേറായി ചെയ്ത കടുംകൈ ആയിരുന്നു ഇത്. ദരിദ്രകുടുംബത്തില്‍ പിറന്ന സുന്ദരിയായ മേഴ്‌സിയെ ഈ യുവാവ് പഠിപ്പിച്ചു നേഴ്‌സാക്കി. അവര്‍ തമ്മില്‍ പ്രേമമായിരുന്നു. അവളെ കുവൈറ്റില്‍ മറ്റൊരുവന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ അയാളിലെ പ്രതികാരാഗ്‌നി ആളിക്കത്തി. അവളുണ്ടെന്നു കരുതിയ അവളുടെ വീട്ടില്‍ അന്ന് അവളില്ലായിരുന്നു. അവളുടെ മാതാവും സഹോദരികളും ദാരുണമായി ബലിയാടുകളാകുകയായിരുന്നു. പ്രേമം എന്ന ഭ്രാന്തന്‍ ജല്പനങ്ങളില്‍ ഒരു കുടുംബം മുഴുവന്‍ ഇല്ലാതാവുകയായിരുന്നു. പണവും പ്രശസ്തിയും വന്നു ചേര്‍ന്നപ്പോള്‍ മെഴ്സിക്ക് പൂര്‍വ കാമുകനെ ഉപേഷിച്ച് മറ്റൊരു കാമുകന്‍ ഡോക്ടറോടൊപ്പം പോകാന്‍ യാതൊരു സങ്കോചവുമില്ലായിരുന്നു. അപകടശേഷം ഫ്രാന്‍സീസ് ഒരു റെസ്റ്റോറിന്റില്‍ നിന്നും പൊറോട്ട കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഷൂസിനടിയില്‍ മനുഷ്യ മാംസം ഒട്ടിയിരുന്നതും ഓക്കാനിച്ചു ശര്‍ദ്ദിച്ചതും വിവരിക്കുന്നുണ്ട്. 'നീയാടാ യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍' എന്നും പറഞ്ഞുകൊണ്ടുള്ള സഹപ്രവര്‍ത്തകരുടെ അഭിനന്ദനങ്ങളും ഫ്രാന്‍സിസിനെ സ്വന്തം തൊഴിലില്‍ അഭിമാനപുളകിതനാക്കുന്നു.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഉഗ്ര സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുമ്പോള്‍ വഴിയില്‍ ഒരു കണ്ണ് അടര്‍ന്നു വീണു കിടക്കുന്നതും സംഭവബഹുലമായ ഒരു വാര്‍ത്തയായിരുന്നു. പത്തുപേര്‍ കൊല്ലപ്പെടുകയും 46 പേര്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തൃശൂര്‍ നഗരത്തില്‍ ബോംബ് സ്‌ഫോടനങ്ങളും വെടിക്കെട്ടു സംഭവങ്ങളും ഒരുകാലത്ത് നിത്യ സംഭവങ്ങളായിരുന്നു. 1988 -ലെ തൃശൂര്‍ പൂരത്തോടനുബന്ധിച്ച വെടിക്കെട്ടും അപകടങ്ങളും വിവരിക്കുന്നുണ്ട്. കണ്‍മുമ്പില്‍ നിന്ന് മനുഷ്യര്‍ മരിക്കുന്നതും ദീനരോദനങ്ങളും ഈ ജേര്‍ണലിസ്റ്റിനെ സംബന്ധിച്ച് ഭീതി ജനിപ്പിക്കുന്നതും സഹാനുഭൂതി നിറഞ്ഞതുമായിരുന്നു. സംസാരിക്കുന്ന 'ആള്‍' നിമിഷങ്ങള്‍ക്കകം നിത്യതയില്‍ പോവുന്ന സംഭവങ്ങള്‍ വികാരപരമായി വര്‍ണ്ണിച്ചിട്ടുണ്ട്. കൂട്ട നിലവിളികളും 70 ശതമാനം പൊള്ളലേറ്റവരും മരണത്തോടടുക്കുന്നവരും ഫ്രാന്‍സീസ് എന്ന പത്രപ്രവര്‍ത്തകന്റെ ഡയറിയില്‍ സ്ഥാനം പിടിച്ചിരുന്നു.

നവാബ് രാജേന്ദ്രന്റെ പിന്‍ഗാമി പി.ഡി. ജോസഫിന്റെ കോടതി വ്യവഹാരങ്ങളുമായുള്ള ഒറ്റയാള്‍ പോരാട്ടങ്ങളും ഒരു അദ്ധ്യായം മുഴുവനായി വിവരിച്ചിരിക്കുന്നു. ജോസഫിന്റെ തൊഴില്‍, ഹോട്ടല്‍ ഉടമകള്‍ക്ക് അച്ചാര്‍ ഉണ്ടാക്കുന്ന പണിയും. അദ്ദേഹം അയച്ച ഒരു ടെലഗ്രാം സന്ദേശം ഹൈക്കോടതി സ്വീകരിക്കുകയും 'സുശീല്‍ ശര്‍മ്മ'യെന്ന യുവ കോണ്‍ഗ്രസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തത് ഹൈകോടതിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. മാതൃഭുമി, ദേശാഭിമാനി, മനോരമ , ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രക്കാര്‍ക്കെല്ലാം ജോസഫ് ഒരു വാര്‍ത്തയായി മാറുകയാണ്. 'തിരൂരുള്ള' അയാളുടെ വീട് നിറയെ വാര്‍ത്താലേഖകരെക്കൊണ്ട് നിറയാറുമുണ്ട്. ടെലിഗ്രാഫില്‍ക്കൂടി 'ഹൈക്കോടതി റിട്ട്' ഫയലില്‍ സ്വീകരിച്ച വിവരം ഇന്ത്യയിലെ ദേശീയ പത്രങ്ങള്‍ ഒന്നാകെ പ്രസിദ്ധീകരിച്ചിരുന്നു. സംശയരോഗിയായ സുശീല്‍ കുമാര്‍ സ്വന്തം ഭാര്യയെ കൊന്നശേഷം ഒളിവില്‍ താമസിക്കുകയായിരുന്നു. ഹൈക്കോടതി അയാളെ തൂക്കാന്‍ വിധിച്ചെങ്കിലും സുപ്രീം കോടതി അയാളുടെ ശിക്ഷ ജീവപര്യന്തമാക്കി. വാര്‍ത്തകള്‍ ശേഖരിക്കാന്‍ ഫ്രാന്‍സിസും ചങ്ങാതികളും ജോസഫിനെ തേടി തിരൂരു പോവുന്നതും അതിനുശേഷമുള്ള സംഭവവികാസങ്ങളും കൗതുകമേറിയതാണ്. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്ത് പാലം ഉത്ഘാടനം ചെയ്യാന്‍ ശവപ്പെട്ടിയില്‍ കിടന്നുള്ള ജോസഫിന്റെ ഉപവാസം പ്രസിദ്ധമായിരുന്നു. കൊതുകു നിവാരണത്തിനു വേണ്ടി കവറിനുള്ളില്‍ കൊതുകിന്റെ കൂത്താടികള്‍ പൊതിഞ്ഞു കൗണ്‍സിലര്‍മാര്‍ക്കും പഞ്ചായത്തു മെമ്പര്‍മാര്‍ക്കും കൊടുത്തതും പകരം അടി കിട്ടിയതും ചൂടുള്ള വാര്‍ത്തകളായിരുന്നു.

ശ്രീ തടത്തിലിന്റെ സുഹൃത്തായ ഫാദര്‍ ഡോ. ഫ്രാന്‍സീസ് ആലപ്പാടിന്റെ മനുഷ്യ സ്‌നേഹപരമായ പ്രവര്‍ത്തനങ്ങളും പ്രത്യേകം ശ്രദ്ധ പതിയുന്നു. 'കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം' എന്ന സംഘടന സ്ഥാപിച്ചതിലൂടെ കൊല്ലും കൊലയ്ക്കും കുപ്രസിദ്ധമായ 'ഇരവി മംഗലം' ഗ്രാമത്തിന്റെ സമാധാന ദൂതനാവുകയാണ് ഈ വന്ദ്യ പുരോഹിതന്‍. പരസ്പ്പരം മല്ലടിച്ചു പ്രതികാരവുമായി കഴിയുന്ന ജനങ്ങളെ ഒന്നിപ്പിക്കാനുള്ള അച്ചന്റെ കഴിവു അപാരമായിരുന്നു. ആ ഗ്രാമത്തിലെ അബാലവൃദ്ധ ജനങ്ങളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയ്ക്കാനുള്ള സംവിധാനം വഴി ആവശ്യക്കാര്‍ക്ക് രക്തവും എത്തിച്ചിരുന്നു. വര്‍ഗ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ഈ അച്ചന്റെ കഴിവും അപാരമായിരുന്നു. 'സമ്പൂര്‍ണ്ണ രക്തഗ്രൂപ്പ് സാക്ഷരത' കൈവരിച്ച ലോകത്തിലെ ആദ്യത്തെ ഗ്രാമമായും ഇരവിമംഗലം പ്രസിദ്ധമായി. രക്തച്ചൊരിച്ചിലിലൂടെ കുടിപ്പക തീര്‍ത്തുകൊണ്ടിരുന്ന ഒരു ഗ്രാമത്തെ സ്‌നേഹത്തിന്റെ അത്യുജലമായ പ്രതീകമാക്കിയത് ജീവകാരുണ്യ പ്രവര്‍ത്തകനായ ഈ ഡോക്ടര്‍ വൈദികനായിരുന്നു. അച്ചനുമായി സഹോദര തുല്യമായുള്ള ഫ്രാന്‍സീസിന്റെ സ്‌നേഹവും അച്ചന്റെ വൈകാരിക ജീവിതവും ശ്രീ ഫ്രാന്‍സീസ് തടത്തിലിന്റെ തൂലികയില്‍ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. കാലഘട്ടത്തിനാവശ്യമായ പുരോഹിതര്‍ക്ക് ആലപ്പാട്ടച്ചന്‍ എന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഒരു മാതൃകകൂടിയാണ്.

വയറ്റില്‍ കിടക്കുമ്പോള്‍ 'അമ്മ മകനെ, മകളെ സ്വപ്‌നം കാണും. കൈ വളരുന്നതും കാലു വളരുന്നതും നോക്കി നില്‍ക്കും. കുഞ്ഞിന്റെ പുഞ്ചിരിയില്‍ 'അമ്മ സന്തോഷിക്കും. കുഞ്ഞിനെ ലാളിച്ചുകൊണ്ട് പിച്ച പിച്ച നടത്തിക്കും. അമ്മയോടൊപ്പം മാത്രം അവനു, അവള്‍ക്കു കിടന്നാല്‍ മതിയായിരുന്നു. ഇന്നവന് അമ്മയെ വേണ്ട. ഭാര്യയുടെ തലയിണ മന്ത്രം അവനു വേദവാക്യം. 'അമ്മ അവനു ഭാരവും. അമ്മയുടെ കണ്ണുനീര്‍ അവനു ഗൗനിക്കേണ്ടതില്ല. 'അമ്മ താഴെ തറയില്‍ പായില്‍ കിടക്കുമ്പോള്‍ അവന്‍ മെത്തയിലും കിടക്കും. അമ്മയെന്ന സ്‌നേഹത്തിന്റെ ആഴത്തിലേക്ക് 'മകനെ നിനക്കായി മാത്രം' എന്ന അദ്ധ്യായം നീക്കിവെച്ചിരിക്കുന്നു. സാമാന്യം സമ്പത്തും പ്രതാപവുമുള്ള വീട്ടില്‍ നിന്നും സ്വത്തുക്കള്‍ മുഴവന്‍ കൈക്കലാക്കിയ മക്കള്‍ ഇറക്കി വിട്ട പാവം ഒരു അമ്മയുടെയും ഒരു മകന്റെയും തെരുവു ജീവിതത്തെപ്പറ്റി ഫ്രാന്‍സീസ് നന്നായി പ്രതികരിച്ചിട്ടുണ്ട്. അമ്മയോടൊപ്പം തെരുവുകള്‍ തോറും നടന്നിരുന്ന മകന്‍ മനസികരോഗിയും വിദ്യാസമ്പന്നനുമായിരുന്നു. അവരെ അറിയാത്ത തൃശൂര്‍ നിവാസികള്‍ വിരളമായിരുന്നു. ശ്രീ ഫ്രാന്‍സീസ് തടത്തിലിന്റെ വൈകാരികത ഈ ലേഖനത്തില്‍ നിറകവിഞ്ഞൊഴുകുന്നു. മാനസിക നില തെറ്റിയ മകന്‍ അമ്മയോട് വഴക്കടിക്കും. അമ്മയെ ഉന്തിയിടും. വീണ്ടും ലക്ഷ്യമില്ലാതെ അമ്മയുടെയും മകന്റെയും യാത്ര തുടരും. ഈ അമ്മയും മകനും എവിടേക്കാണ് അലഞ്ഞു തിരിഞ്ഞു പോവുന്നതെന്ന ജിജ്ഞാസയോടെ ഫ്രാന്‍സിസും അവരുടെ പിന്നാലെ നടന്നിട്ടുണ്ട്. ഒരിക്കല്‍ നിശബ്ദമായ ലോകത്തില്‍ ആ അമ്മയും മകനും ഇല്ലാതായി.

ഇവിടെ ശ്രീ ഫ്രാന്‍സീസ് തടത്തില്‍ തന്റെ സ്വന്തം അമ്മയില്‍ക്കൂടി അലഞ്ഞു തിരിഞ്ഞു നടന്ന അമ്മയെ കാണുന്നു. അമ്മയുടെ ഉടുത്തിരിക്കുന്ന കച്ചമുറിയുടെ വാലില്‍ തൂങ്ങുന്നതും ഒക്കത്തിരിക്കുന്നതുമായ ഓര്‍മ്മകള്‍ അദ്ദേഹം പകര്‍ത്തുന്നു. ചാച്ചനും അമ്മച്ചിക്കും ഒപ്പം കിടന്നുറങ്ങിയ രാത്രികളും വറുത്ത മീനോ ചിക്കനോ ഉണ്ടാക്കിയാല്‍ മോനെയെന്നു വിളിച്ചുകൊണ്ടു മറ്റു സഹോദരങ്ങളെക്കാള്‍ പ്രത്യേക പരിഗണന നല്‍കുന്ന നാളുകളും ഫ്രാന്‌സീസിനെ വികാരഭരിതനാക്കുന്നു.

പ്രിയ ഫ്രാന്‍സീസ് തടത്തില്‍, താങ്കളുടെ ചാച്ചന്‍ എനിക്ക് പ്രിയപ്പെട്ട ഒരു അദ്ധ്യാപകനായിരുന്നു. എന്നെയും ഇഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ദേവഗിരി കോളേജില്‍ പഠിച്ചിരുന്ന നാളുകളില്‍ സ്‌നേഹമുള്ള താങ്കളുടെ അമ്മയെയും ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്. അവരുടെ പ്രിയപ്പെട്ട മകനായ ശ്രീ ഫ്രാന്‍സീസ് തടത്തിലിനും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നന്മകള്‍ മാത്രം പകര്‍ന്നു നല്‍കുന്ന താങ്കളുടെ യത്‌നം എന്നും തുടരട്ടെയെന്നും അഭിലഷിക്കുന്നു. വായനക്കാരന്റെ മനസിനെ പിടിച്ചുകുലുക്കുന്ന അനുഭവകഥകള്‍ അടങ്ങുന്ന ഈ പുസ്തകം ഭാവി തലമുറകള്‍ക്കും ഒരു ഉത്തേജനമാണ്. യുവത്വത്തിന്റെ മാദക ലഹരിയില്‍ താങ്കള്‍ പിടിച്ചെടുത്തത് വിജ്ഞാനത്തിന്റെ വലിയ ഒരു ശ്രീകോവിലായിരുന്നു. അറിവുകള്‍ പകര്‍ന്നു നല്‍കുന്ന ഇത്തരം നല്ല പുസ്തകങ്ങള്‍ ഭാവിയിലും താങ്കളുടെ തൂലികയില്‍ വിടരട്ടെയെന്നും ദൃഢമായ മനസും ആരോഗ്യവും താങ്കളെ നയിക്കട്ടെയെന്നും അഭിലഷിക്കുന്നു.

Book available at www. keralabookstore.com
ഫ്രാന്‍സിസ് തടത്തിലിന്റെ നാലാം തൂണിനപ്പുറം, അവലോകനം (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Francis E thadathil 2020-01-31 00:20:29
പ്രിയപ്പെട്ട ജോസഫ് പടന്നമാക്കൽ സാർ,  ഏറെ നന്ദിയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. താങ്കൾക്ക് ഞാൻ പുസ്‌തകം അയച്ചു തന്നപ്പോൾ ഇത്ര ബൃഹത്തായ ഒരു നിരൂപണം പ്രതീക്ഷിച്ചില്ല. പുസ്‌തകത്തിലൂടെ ഒരു ഹൃസ്വമായ യാത്രയാണ് പ്രതീക്ഷിച്ചത്. എന്റെ പുസ്തകത്തിലെ അവതാരിക മുതൽ അവസാനത്തെ സന്ദേശങ്ങൾ വരെ വായിച്ചു വിലയിരുത്തിയ അത്യുഗ്രൻ നിരൂപണമാണിത്.  സാറിന് എന്നോട് ഇത്രമേൽ  സ്നേഹവാത്സല്യമുണ്ടായിരുന്നു എന്ന് ഇതു വായിച്ചപ്പോളാണ് അറിയുന്നത്. ഒരു ഗുരുനാഥനോടുള്ള കടപ്പാട് നിരൂപണത്തിലും കടന്നുവന്നപ്പോൾ 16 വർഷം മുൻപ് എന്നെ പിരിഞ്ഞു പോയ സ്നേഹനിധിയായ എന്റെ പിതാവിനെ ഓർത്തു ഒരിറ്റ് കണ്ണീർ  അടർന്നുവീണു. എന്റെ പുസ്‌തകം ഞാൻ പലകുറി വായിച്ചിട്ടുണ്ട്. പക്ഷെ, എന്റെ എഴുത്തിനെ മറ്റൊരാൾ വിലയിരുത്തിയത് വായിച്ചപ്പോൾ വിശ്വസിക്കാനാവുന്നില്ല; അങ്ങ് പറയുന്നപോൽ അത്രമേൽ ആർദ്രമായിരുന്നുവോ എനെറെ വാക്കുകൾ.  23 വര്ഷം മുൻപുള്ള കനൽ പോലെ ജ്വലിക്കുന്ന  ഓർമ്മകൾ  ഹൃദയം കൊണ്ട് കോറിയിട്ടപ്പോൾ വാക്കുകളിൽ കണ്ണീരിന്റെ നനവ് കടന്നുകൂടിയെങ്കിൽ അതിനു കാരണം  കടന്നു പോയ വഴികളത്രയും കല്ലും മുള്ളും നിറഞ്ഞതായതുകൊണ്ടാവാം. ഈ സ്നേഹം ഉറ വറ്റാതെ സൂക്ഷിക്കാൻ ഈ ജന്മമെനിക്കിതുമാത്രം മതി.നന്ദി....ഫ്രാൻസിസ് തടത്തിൽ 
Sudhir Panikkaveetil 2020-01-31 09:58:22
ശ്രീ പടന്നമാക്കൽ സാറിന്റെ പുസ്തക നിരൂപണങ്ങൾ വായിക്കുമ്പോൾ ആ പുസ്തകം വായിച്ച പ്രതീതിയും അത് ഒന്നുകൂടി വായിക്കാനുള്ള ആകാംക്ഷയും ഉണ്ടാക്കുന്നു. ഹൃദ്യവും ലളിതവുമായ ഭാഷയിൽ അദ്ദേഹം എഴുതുന്ന ഏതു രചനയും ആദ്യം മുതൽ അവസാനം വരെ ഒറ്റ ഇരിപ്പിനു വായനക്കാരനെകൊണ്ട് വായിപ്പിക്കുന്ന അസുലഭ രചന സിദ്ധി അദേഹത്തിനുണ്ട്. വാക്കുകൾ വരികളാകുമ്പോൾ സർഗ്ഗ സൗന്ദര്യത്തിന്റെ ഒരു മാന്ത്രികസ്പർശം അദ്ദേഹം ഉണ്ടാക്കുന്നു. ശ്രീ ഫ്രാൻസിസ് തടത്തിലിന്റെ പുസ്തകം വായിക്കണം. ഗ്രന്തകർത്താവിനും നിരൂപകനും അഭിനന്ദനങ്ങൾ.
ജോർജ് പുത്തൻകുരിശ് 2020-01-31 11:48:48
സഹാനുഭൂതിയും ആർദ്രതയും ഒരു ബലഹീനന്റെ സ്വഭാവമാണ് എന്ന് വിശ്വസിക്കുന്ന ലോകാത്താണ് നാം ഇന്ന് ജീവിക്കുന്നത് . അതിന്റെ അടയാളങ്ങൾ ഇന്ന് ലോക നേതൃത്വങ്ങളിൽ എല്ലാം വളരെ സ്പഷ്ടമാണ്. ലോകത്തിലെ ജനങ്ങൾ എല്ലാം ഇവരുടെ പിന്നാലെ ആണോ എന്ന് തോന്നി പോകും ഇന്നത്തെ ലോകത്തിന്റെ പോക്കു കണ്ടാൽ . എന്നാൽ ഫ്രാൻസിസ് തടത്തിലിന്റ പുസ്തകം ഞാൻ വായിച്ചിട്ടില്ല . എന്നാൽ ശ്രീ. പടന്നമാക്കൽ അദ്ദേഹത്തിന്റ ഗ്രന്ഥത്തെ കുറിച്ചുള്ള വിശകലനത്തിലൂടെ വായനക്കാരെ 'നാലാം തൂണിലെ' ഹൃദയ തുടിപ്പുകളെ കേൾപ്പിക്കുന്നു . ഇവിടെ നിരൂപകനും കഥാകൃത്തും അവരുടെ ചിന്താഗതിയിൽ വ്യത്യസ്തരല്ലെന്ന് നാം ഈ ലേഖനം വായിക്കുമ്പോൾ വ്യക്തമാണ് . 'നിറയുന്ന കണ്ണുകളോടെ' ഒരാൾക്ക് ഗ്രന്ഥത്തെ വിലയിരുത്തണം എങ്കിൽ, എഴുത്തുകാരന്റെ എഴുത്തിൽ മനുഷ്യജീവിതത്തിന്റ സ്പർശം ഉണ്ടെന്നുള്ളതിന് സംശയമില്ല. എഴുത്തായാലും, പത്രപ്രവർത്തനമായാലും , അവയ്ക്ക് പച്ചമനുഷ്യരുടെ വേദനകളെയും, നന്മകളുടെയും , വിജയ പരാജയങ്ങളുടെയും, സന്തോഷത്തിന്റെയും കഥ പറയാൻ കഴിയുന്നില്ലെങ്കിൽ, തികച്ചും അതൊരു പരാജയമായിരിക്കും. എന്നാൽ അക്കാര്യത്തിൽ ഫ്രാൻസിസ് തടത്തിലും, ശ്രീ പടന്നമാക്കലും തികച്ചും വിജയിച്ചിരിക്കുന്നു എന്ന് ഈ ലേഖനം വായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ . രണ്ടുപേർക്കും നന്മകൾ നേരുന്നു
Thomas Koovalloor 2020-01-31 14:11:49
I read Historian and Writer Joseph Mathew Padannamakel’s Book Review about the Author Journalist Francis Thadathil’s Award winning Book “ Nalan Thooninappuram” selected by the India Press Club of North America. Through this Book Review Sri Joseph Mathew Padannamakel once again proved that he is the best authoritative Book Reviewer In Malayalam literature. Congratulations to both the Author and the Reviewer. Thomas Koovalloor
amerikkan mollakka 2020-01-31 14:26:50
ജനാബ് പടന്നമാക്കൽ സാഹിബ് ഇങ്ങള് ഒരു സംഭവം തന്നെ. എന്താ ഇങ്ങളുടെ ഒരു എയ്തു.ബായിക്കാൻ താല്പര്യമുള്ളവരെകൊണ്ട് ബായിപ്പിക്കാൻ ഇങ്ങൾക്ക് അറിയാം. അതിനു ഒരു സലാം സാഹിബ്. അപ്പൊ അസ്സലാമു അലൈക്കും. കിതാബ് എയ്തിയ ഫ്രാൻസിസ് തടത്തിൽ സാഹിബിനും അതേപ്പറ്റി നല്ലൊരു അഭിപ്രായം എയ്തിയ പടന്നമാക്കൽ സാറിനും മുബാറക്ക്.
Joseph 2020-02-01 02:09:58
ബാറേക്കള്ള, ശുക്രിയ അമേരിക്കൻ മൊല്ലാക്കാ. താങ്കളുടെ നല്ല എഴുത്തിൽ വളരെ സന്തോഷം. എന്റെ ലേഖനത്തിന് അഭിനന്ദനങ്ങൾ എഴുതിയ പണിക്കവീട്ടിൽ, ഫ്രാൻസിസ്, കൂവള്ളൂർ, ജോർജ് പുത്തൻകുരിശ്, വളരെ നന്ദിയുണ്ട്. പ്രസിദ്ധരായ എഴുത്തുകാരുടെ അഭിപ്രായങ്ങളിൽ ഞാൻ അഭിമാനം കൊള്ളുന്നു. അമേരിക്കൻ സാഹിത്യത്തിന് ഒരു നല്ല പുസ്തകമാണ് ഫ്രാൻസീസ് കാഴ്ച വെച്ചിരിക്കുന്നത്. ശരിയായി ഗ്രഹിക്കാനും മനസിനെ ആകർഷിക്കാൻ സാധിച്ചാലും മാത്രമേ ഒരു പുസ്തകത്തെപ്പറ്റി ആസ്വാദനം സാധിക്കുകയുള്ളൂ. അമേരിക്കൻ ജീവിതത്തിനിടയിൽ എമർജൻസി കാലങ്ങളിലെ കേരള വാർത്തകൾ അധികം അറിയാൻ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി കരുണാകരന്റെ നല്ല മുഖത്തോടൊപ്പം മറ്റൊരു മുഖവുമുണ്ടായിരുന്ന കാര്യങ്ങൾ ഇന്ന് ചരിത്രത്തിൽ നിന്നുമാണ് മനസിലാകുന്നത്. രാജനെ ഉരുട്ടിക്കൊന്നതും ഈശ്വര വാര്യരുടെ ദുഖവും മനുഷ്യ മനഃസാക്ഷിയിൽ നിന്നും മാഞ്ഞു പോയിട്ടില്ല. ഒരു കാലഘട്ടത്തിലെ കേരള രാഷ്ട്രീയം മുഴുവനും വളരെ താല്പര്യത്തോടെയാണ് ഫ്രാൻസിസിന്റെ പുസ്തകത്തിൽ നിന്നും വായിച്ചു തീർത്തത്. വളരെ പുറകോട്ടും എന്റെ ചിന്തകൾ പോയി. അദ്ദേഹത്തിൻറെ പിതാവ് മാണിസാറിനോടുള്ള കടപ്പാടുകളും ഓർത്തു. എവിടെ കണ്ടാലും നിന്നു കുശലം ചോദിക്കുന്നതും ദൂരെ കണ്ടാൽ കൈകാട്ടി വിളിച്ചു വർത്തമാനം പറയുന്നതും ഇംഗ്ളീഷ് ക്ളാസുകളും ഓർമ്മ വന്നു. 'നാലാം തൂണിനപ്പുറം' എന്ന പുസ്തകം അയച്ചുതരുകയും എന്റെ ലേഖനം വിലമതിക്കുകയും ചെയ്ത ഗ്രന്ഥകാരനും മറ്റു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർക്കും ഒരിക്കൽ കൂടി നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക