Image

ബെന്യാമിന്റെ മാന്തളിര്‍ ലോകം (പുസ്തകാസ്വാദനം: സാം നിലമ്പള്ളില്‍)

Published on 06 February, 2020
ബെന്യാമിന്റെ മാന്തളിര്‍ ലോകം (പുസ്തകാസ്വാദനം: സാം നിലമ്പള്ളില്‍)
അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന പ്രമാണത്തില്‍ വിശ്വസിക്കുന്നവനാണ് ഞാന്‍. മുന്‍പുപറഞ്ഞ പലകാര്യങ്ങളും പിന്നീട് തിരുത്തേണ്ടതായി വന്നിട്ടുണ്ട്. അതൊരു ബലഹീനതയോ ബുദ്ധിഭ്രമമോ ആയിട്ട് ഞാന്‍ കരുതുന്നില്ല. കാലാകാലങ്ങളില്‍ മാറിമാറിവരുന്ന ചിന്താഗതികള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരണമായി അഭിപ്രായങ്ങളും മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് ബന്യമിന്റെ ആടുജീവിതം എന്നനോവലിനെ ഞാന്‍ വിമര്‍ശ്ശിച്ചു. എന്തുകൊണ്ടോ എനിക്കാനോവല്‍ ആസ്വതിക്കാന്‍ സാധിച്ചില്ല. അതില്‍ എന്തൊക്കെയോ നാടകീയതയോ അസ്വാഭികതയോ തോന്നിയതുകൊണ്ടാണ്.  കഥയെന്നതിനുപരിയായി ഒരു സംഭവത്തെ വിവരിക്കുന്നതായിട്ടാണ് എനിക്കുതോന്നിയത്. തന്നെയുമല്ല നോവലിസ്റ്റ് തനിക്ക് പരിചിതമല്ലാത്ത, വിദേശീയമായ, ഒരുപക്ഷേ, അദ്ദേഹം ആസാഹചര്യത്തില്‍ ജീവിച്ചിരുന്നവനാണെങ്കില്‍പോലും, ഒരുവിഷയത്തെ കൈകാര്യംചെയ്തതുകൊണ്ട് സ്വതസിദ്ധമായ ചൈതന്യം പ്രകടിപ്പിക്കാന്‍ സാധിച്ചില്ല. സാഹിത്യകാരന്റെ പ്രതിഭ അതില്‍ പ്രകടമായിരുന്നില്ല. സാഹിത്യ അക്കാഡമി അവര്‍ഡുകൊടുത്തു എന്നതുകൊണ്ടുമാത്രം അതൊരു മഹത്തായ കൃതിയാകുന്നില്ല. 

എഴുത്തുകാരന്‍ എന്നുള്ള ബെന്യമീനെപറ്റിയുള്ള എന്റെ അഭിപ്രായം തെറ്റിയെന്ന് മനസിലായത് അദ്ദേഹത്തിന്റെ മറ്റൊരു നോവലായ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ വായിച്ചപ്പോഴാണ്. യധാര്‍ത്ഥത്തില്‍ ഈ നോവലിനായിരുന്നു അക്കാഡമി അവര്‍ഡ് കൊടുക്കേണ്ടിയിരുന്നത്. മലയാളത്തിലെ ഏറ്റവുംനല്ല എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹമെന്ന് നോവല്‍വായിച്ചപ്പോള്‍ മനസിലായി. ആത്മകഥാംശംകൂടിയുള്ളതിനാലായിരിക്കും അതിനെ ഒരുനല്ല കൃതിയാക്കിമാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചത്. വായനക്കാരനെ ചിരിപ്പിക്കയും കരയിപ്പിക്കയും ചെയ്ത നോവലാണ് മേല്‍പറഞ്ഞത്.  അതാണ് ഒരെഴുത്തുകാരന്‍ ചെയ്യേണ്ടത്. ഈവര്‍ഷം അവാര്‍ഡുനേടിയ വി.ജെ. ജെയിമ്‌സിന്റെ നിരീശ്വരന്‍ എന്നനോവല്‍ വളരെ കഷ്ടപ്പെട്ട് വായിച്ചതിനുശേഷമാണ് ബെന്യമിന്റെ നോവല്‍ വായിച്ചത്. കഷ്ടപ്പെട്ട് എന്നുപറഞ്ഞത് ഈ നോവല്‍ സഹൃദയരായ വായനക്കാര്‍ക്കുവേണ്ടി എഴുതിയതല്ലാത്തതുകൊണ്ടാണ്. വായിച്ചുതീര്‍ത്തത് ആകൃതിക്ക് അവര്‍ഡുകിട്ടിയതുകൊണ്ടുമാത്രമാണ്. വായനക്കാരനെ എങ്ങനെ ബോറടിപ്പാക്കാം എന്നായിരുന്നു ജെയിംസിന്റെ ചിന്ത. ജെയിംസിന്റെ നോവലിനെപറ്റി പിന്നിട് എഴുതുന്നതാണ്. ബെന്യാമിന്‍ വായനക്കാരനെ കണ്‍മുന്‍പില്‍ കണ്ടുകൊണ്ടാണ് മാന്തളിരിന്റെ കഥയെഴുതിയത്. അദ്ദേഹത്തന് എഴുതാന്‍ വിഷയമുണ്ടായിരുന്നു. ജീവനുള്ള കഥാപാത്രങ്ങളെ വരക്കാന്‍ സാധിച്ചു എന്നുള്ളത് അഭിനന്ദനീയമാണ്.

കഥയുടെ ആദ്യഭാഗം മോഹന്‍ എന്ന പയ്യനില്‍കൂടിയാണ് അവതരിപ്പിക്കപ്പെടുന്നത്. രണ്ടാമത്തെഭാഗം അവന്റെ അനുജന്റെ , പേരില്ലാത്തവന്‍, ചെറുക്കന്‍, ചണ്ണിക്കുഞ്ഞ്, കാഴ്ചപ്പാടിലൂടെയും. മോഹനെ വായനക്കാര്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചതുകൊണ്ട് അവന്റെ അകാലമരണം വേദനയുളവാക്കി. ചണ്ണിക്കുഞ്ഞ്തന്നെയാണ് എഴുത്തുകാരനെന്ന് മനസിലാക്കുന്നത് നോവലിന്റെ അവസാനഭാഗത്താണ്. കുഞ്ഞൂഞ്ഞ് ഒന്നാമനും കുഞ്ഞൂഞ്ഞ് രണ്ടാമനും നല്ല കഥാപാത്രങ്ങള്‍തന്നെ. മോഹന്റെ അമ്മയെ "ഒന്നാനമ്മി—യെന്നും ചണ്ണിക്കുഞ്ഞിന്റെ രണ്ടാനമ്മയെ രണ്ടാനമ്മിണിയന്നും വിളിക്കുന്ന കഥാകാരന്റെ ഭാവന വിശേഷംതന്നെ. നീന്തലറിയാന്‍വയ്യത്ത ഒന്നാനമ്മിണിയെ രക്ഷിക്കാനാണ് പന്ത്രണ്ടുവയസുകാരനായ മോഹന്‍ കയത്തില്‍ ചാടുന്നത്. അമ്മ മകനേംകൊണ്ട് മരണത്തിലേക്ക് താഴുന്നു. മോഹനെ കൊല്ലണമായിരുന്നോ എന്ന് കഥാകൃത്തിനോട് എനിക്കൊരു ചോദ്യമുണ്ട്. കാരണം അവന്റെമരണം എന്നെയും കരയിപ്പിച്ചു.

മന്തളിരിലെ കുഞ്ഞൂഞ്ഞ് ഒന്നാമനെന്ന കമ്മ്യൂണിസ്റ്റുകാരനാണ് നോവലിന് രാഷ്ട്രീയവശം നല്‍കുന്നത്. കേരളത്തിലെ ഒരുകാലഘട്ടത്തിലെ രാഷ്ട്രീയ ചരിത്രംകൂടി വിളമ്പുന്നുണ്ട് എഴുത്തുകാരന്‍, മുഷിപ്പില്ലാതെയെന്ന് എടുത്തുപറയുന്നു. അതപോലെ യാക്കോബാ ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കങ്ങളും നര്‍മ്മത്തില്‍പൊതിഞ്ഞ് അവതരിപ്പിച്ചതുകൊണ്ട് വായനക്കാരന് മുഷിപ്പില്ലാതെ വായിക്കാം.

വഴക്കാളി പിള്ളാരെ നിയന്ത്രിക്കാന്‍ ബൈബിളില്‍ ഉള്ളതാണെന്നുപറഞ്ഞ് കഥകള്‍ മെനയുന്ന കൊച്ചപ്പച്ചനെന്ന കഥാപാത്രമാണ് ചണ്ണിക്കുഞ്ഞിന് എഴുത്തുകാരനാകാന്‍ പ്രചോതനമായിത്തീരുന്നത്. മന്തളിര്‍ മത്തായി മുതല്‍ മൊണ്ണയായ ചണ്ണിക്കുഞ്ഞവരെ എല്ലാകഥാപാത്രങ്ങളും ജീവനുള്ളവരാണ്. അടുത്തകാലത്ത് വായിച്ച ഏറ്റവുംനല്ല നോവല്‍ എഴുതിയ ബെന്യാമിന്‍ അഭിനന്ദനം അര്‍ഘിക്കുന്നു. അദ്ദേഹത്തിന്റെ മറ്റുനോവലുകളായ അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങളും, മഞ്ഞവെയില്‍ മരണങ്ങളും വായിച്ചെങ്കിലും മാന്തളിരിലെ കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍പോലെ ആസ്വാദ്യകരമായി അവയൊന്നും തോന്നിയില്ല.

സാം നിലമ്പള്ളില്‍
samnilampallil@gmail.com.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക