Image

ഷഹീന്‍ബാഗിലെ ആ ഇരുണ്ടുമരവിച്ച രാത്രിയ്ക്ക് ഒടുവില്‍...(ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 14 February, 2020
 ഷഹീന്‍ബാഗിലെ ആ ഇരുണ്ടുമരവിച്ച രാത്രിയ്ക്ക് ഒടുവില്‍...(ഡല്‍ഹികത്ത് :  പി.വി.തോമസ്)
ഷഹീന്‍ ബാഗ് ഇന്നു ഇന്‍ഡ്യയുടെ സമര ചരിത്രങ്ങളുടെ ഭാഗം ആണ്. അവക്ക് ഇതുവരെയും നീതിപൂര്‍വ്വമായ ഒരു വിധിതീര്‍പ്പ് ലഭിച്ചില്ലെങ്കിലും ദല്‍ഹി തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ അതിദാരുണമായ പരാജയം(70-ല്‍ 8, വോട്ട് വിഹിതം 32..3 ശതമാനം) നല്ല ഒരു പരിധിവരെ ഈ സമരത്തിന് (പൗരത്വഭേദഗതി നിയമ വിരുദ്ധം) ശുഭവാര്‍ത്തയാണ് ഇന്‍ഡ്യക്കും. ഷഹീര്‍ബാഗ് ഒരു ജനതയുടെ മോഡി-ഷാ വിരുദ്ധ സമരത്തിന്റെ പ്രതീകം ആയിരുന്നു. അത് ദേശവിരുദ്ധം ആയിരുന്നില്ല. പ്രതിഷേധക്കാര്‍ ദേശദ്രോഹികളും പാക്കിസ്ഥാന്‍ അനുഭാവികള്‍ ആണെന്നും മുദ്രകുത്തപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും ആണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രതിഷേധക്കാര്‍ ബലാല്‍സംഗികള്‍ ആണെന്ന് പറഞ്ഞ് പരത്തി. രണ്ടു പ്രാവശ്യം അവര്‍ക്കെതിരെ അക്രമകാരികള്‍ വെടിഉതിര്‍ത്തു. ഒരു പിഞ്ചുബാലിക സമരവേദിയില്‍ ദല്‍ഹിയിലെ കൊടുംതണുപ്പില്‍ വിറങ്ങലിച്ചു മരിച്ചു. മെയ് എട്ടിന് സമ്മതിദായകര്‍ താമരയില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ഷഹീന്‍ബാഗില്‍ വൈദ്യുതാഘാതം ഉണ്ടാകുമെന്ന് അമിത് ഷാ പ്രവചിച്ചു. പകരം ഷോക്കടിച്ചത് പാക്ക് ആയിരുന്നു. ആ വൈദ്യുതാഘാതത്തില്‍ അദ്ദേഹത്തിന് മസ്തിഷ്‌ക്കാഘാതം ഉണ്ടായി. പാര്‍ശ്വഫലം യജമാനന്‍ മോഡിക്കും.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെയും കേജരിവാളിന്റെയും തകര്‍പ്പന്‍ വിജയം ശക്തമായ ഒരു സന്ദേശമാണ് രാഷ്ട്രത്തിന് നല്‍കുന്നത്. ഈ വിജയത്തിന്റെ ഉള്ളടക്കം ഭാരതത്തിന്റെ ഭാവി രാഷ്ട്രത്തിന്റെ ചൂണ്ടുപലകയായിരിക്കാം ഒരു പക്ഷെ. നരേന്ദ്രമോഡിക്കും അമിത് ഷാക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിഭജന-ഫാസിസ്റ്റ് രാഷ്ട്രീയത്തിനും എതിരായുള്ള ശക്തമായ താക്കീതാണ് ഇത്. എന്തായിരുന്നു ഈ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കാരണം? കേജരിവാളിന്റെ പുരോഗമനമോ? രാജ്യമെമ്പാടും കത്തിപ്പടരുന്ന ഫാസിസ്റ്റ് വിരുദ്ധതയോ? അതോ ഇത് രണ്ടും കൂടിക്കലര്‍ന്നതോ? അതായിരിക്കാം ശരി. തെരഞ്ഞെടുപ്പില്‍ മോഡിയും(ഷായും) കേജരിവാളും നേര്‍ക്കുനേര്‍ നിന്ന് മാറ്റുരക്കുകയായിരുന്നു. ഇതില്‍ മോഡി-ഷാ തീര്‍ത്തും പരാജയപ്പെട്ടു.

എന്തായിരുന്നു ബി.ജെ.പി.യുടെ യുദ്ധസന്നാഹം ഡല്‍ഹി പിടിക്കുവാനായി? പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത്ഷായും വിഷം ചീററുന്ന പ്രസ്താവനകളുമായി മുന്‍നിരയില്‍. ഒപ്പം 50 കേന്ദ്രമന്ത്രിമാരും 11 ബി.ജെ.പി.യുടെ മുഖ്യമന്ത്രിമാരും 200 എം.പി.മാരും. എന്താ പോരെ?

ഇനി ഇതുപോലെ മതവിദ്വേഷം വിളമ്പുന്ന ഒരു തെരഞ്ഞെടുപ്പ്് പ്രചരണം ഒരു പക്ഷം ഇന്ത്യയില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. അതു പോലെ തന്നെ മതത്തെ മാത്രമല്ല സേനയെപ്പോലും വോട്ട് ലഭ്യതയ്ക്കായി ദുരുപയോഗപ്പെടുത്തിയ ചരിത്രവും. എന്താണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് നോക്കുക. നിങ്ങള്‍ ഇന്ത്യയുടെ സായുധസേനയെ അപമാനിക്കുന്നവരെ ശിക്ഷിക്കണം. നിങ്ങള്‍ നിങ്ങളുടെ അരിശം വോട്ടിലൂടെ രേഖപ്പെടുത്തണം. അങ്ങനെ ദേശവിരുദ്ധ രാഷ്ട്രീയത്തിന് അറുതി വരുത്തണം.' ഇവിടെ മോഡി ഉദ്ദേശിച്ചത് സര്‍ജിക്കല്‍ സ്ട്രൈക്കും അതിനെ സംശയിച്ചവരെയും ആണെന്ന് സ്പഷ്ടം. എന്തിന് അദ്ദേഹം രണ്ട് വോട്ടിനായി ഇന്ത്യയുടെ സായുധസേനയെ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിലേക്ക് വലിച്ചിഴക്കണം?

കേജരിവാളിനെ ഭീകരവാദി എന്നാണ് അമിത് ഷായുടെ ആര്‍മി ചിത്രീകരിച്ചത്.
മറ്റൊരു കേന്ദ്രമന്ത്രി ദേശദ്രോഹികളെ(ബി.ജെ.പി. വിരുദ്ധരെ) വെടിവെച്ചു കൊല്ലുവാനാണ് ആഹ്വാനം ചെയ്തത്. കേജരിവാളിനെ നട്വര്‍ലാല്‍ ഒന്നടങ്കം ദേശവിരുദ്ധരെന്നും ഭീകരവാദികളെന്നും വിളിച്ചതും ഈ തെരഞ്ഞെടുപ്പ് ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് തുല്യമാണെന്ന് പറഞ്ഞതും വേറെ. ഇനിയുമുണ്ട് നിരത്തുവാന്‍. ഇതിന്റെയെല്ലാം ഫലമായി വളരെയേറെ ബി.ജെ.പി. നേതാക്കന്‍മാരെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും കമ്മീഷന്‍ താല്‍ക്കാലികമായി വിലക്കുകയുണ്ടായി. ചിലരെയെല്ലാം കമ്മീഷന്‍ വെറുതെ വിട്ടു.

ബി.ജെ.പി. ഈ തെരഞ്ഞെടുപ്പിനെ തീവ്ര ദേശീയതയുടെ വിഷയമായിട്ടാണ് ചിത്രീകരിച്ചത്. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയുടെ വികസനത്തിന്റെയും. ബി.ജെ.പി.യുടെ മുദ്രാവാക്യത്തില്‍ ആര്‍ട്ടിക്കിള്‍ 370-നെയും പൗരത്വം ഭേദഗതി നിയമത്തെയും മറ്റും (ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യ പട്ടിക) എതിര്‍ക്കുന്നവര്‍ ദേശ വിരുദ്ധരാണ്, രാജ്യദ്രേഹികളാണ്. അതിനെയാണ് ഡല്‍ഹിയിലെ ജനം നിരാകരിച്ചത്. ഡല്‍ഹി എന്നത് പ്രധാനമായും പാക് വിഭജന കാലത്തെ അഭയാര്‍ത്ഥികളുടെ ഒരു നഗരമാണെന്ന് ഓര്‍മ്മിക്കണം. ഈ തെരഞ്ഞെടുപ്പില്‍ ഇതേ അഭയാര്‍ത്ഥികളുടെ പ്രധാന കേന്ദ്രങ്ങളായ രാജേന്ദ്ര നഗറിലും മറ്റും ആണ് (പടിഞ്ഞാറന്‍ ഡല്‍ഹി) ബി.ജെ.പി.യുടെ പൗരത്വ ഭേദഗതി നിയമത്തെ തള്ളിക്കളഞ്ഞത്. അതുകൊണ്ട് ഡല്‍ഹി തെരഞ്ഞെടുപ്പ് കേജരിവാളിന്റെ പുരോഗമന അജണ്ടക്കും അദ്ദേഹത്തിന്റെ നേതൃത്വപാടവത്തിനും മാത്രമുള്ള അംഗീകാരമല്ല. ഒപ്പം മോഡി-ഷാമാരുടെ പൗരത്വ പരിഷ്‌കരണങ്ങള്‍ക്കും അവരുടെ നേതൃത്വത്തിനും ഉള്ള ചുട്ട മറുപടിയാണ്. ഇവരുടെ ഈ വക ജനവിരുദ്ധ നടപടികളും വിഭജന രാഷ്ട്രീയവും ജനം സ്വീകരിക്കുന്നില്ല എന്നുള്ളതാണ് ഡല്‍ഹി തരുന്ന സന്ദേശം.
ബി.ജെയപി.യെ സംബന്ധിച്ചിടത്തോളം ഈ പരാജയം ഒരു വലിയ ആഘാതം തന്നെയാണ്. അത് തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. മദ്ധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഘട്ടും ജാര്‍ഖണ്ടും മകുടോദാഹരണങ്ങളാണ്. ഇതെല്ലാം ബി.ജെ.പി. ഭരിച്ചിരുന്ന സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്രയും ബി.ജെ.പി.ക്ക് നഷ്ടപ്പെട്ടു. ഇനി തെരഞ്ഞെടുപ്പ് നടക്കുവാന്‍ ് പോകുന്ന ബംഗാളിലും, ആസ്സാമിലും ബീഹാറിലും ഒഡീശ്ശയിലും സ്ഥിതി അത്ര സുഗമമല്ല. അധികാരം പിടിച്ചെടുക്കുവാന്‍ ബംഗാളില്‍ മതരാഷ്ട്രീയം കളിക്കുന്നുണ്ടെങ്കിലും ഫലപ്രദമാക്കുവാന്‍ ബുദ്ധിമുട്ടാണ്. ബീഹാര്‍ നിതീഷ്‌കുമാറിനെ ആശ്രയിച്ചിരിക്കുന്നു. ഒഡീശ്ശയിലും ബി.ജെ.പി. ചിത്രത്തിലില്ല. അപ്പോള്‍ ഡല്‍ഹി പരാജയത്തിലൂടെ, അതുപോലെയുള്ള മറ്റു പരാജയ പരമ്പരകളിലൂടെ ബി.ജെ.പി.തല്‍ക്കാലം പ്രധാനമായും ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്ന ഒരു കേന്ദ്രഗവണ്‍മെന്റ് ആയി മാറുകയാണ്. അവസാനം ഇതാ ആ ഡല്‍ഹിയും നഷ്ടപ്പെട്ടിരിക്കുന്നു. ബി.ജെ.പി.ക്ക് ഇനി പുതിയ തന്ത്രങ്ങള്‍ മെനയേണ്ടിയിരിക്കുന്നു. ഡല്‍ഹിയില്‍ എന്താണ് ബി.ജെ.പി.ക്ക് ലഭിച്ചത്? തുച്ഛമായ ഏതാനും സീറ്റുകള്‍ വര്‍ദ്ധിച്ചു. വോട്ട്  ശതമാന വിഹിതം കുത്തനെ ഇടിഞ്ഞു. ഇതിലെല്ലാം ഉപരി ആദ്യം വ്യക്തമാക്കിയതുപോലെ മോഡിയുടെയും ഷായുടെയും നേതൃത്വവും നയ പരിപാടികളും അമ്പേ നിരാകരിക്കപ്പെട്ടു.

ഇനി കോണ്‍ഗ്രസ്സിന്റെ സ്ഥിതി മത്സരിച്ച 70 സീറ്റുകളില്‍ 67 ലും  കെട്ടിവച്ച തുകപോയതിരിക്കട്ടെ. കോണ്‍ഗ്രസ്സ് പരിപൂര്‍ണഅണായും ഡല്‍ഹിയില്‍ തുടച്ചുമാറ്റപ്പെട്ടിരിക്കുകയാണ്. 2015-ല്‍ സീറോ. അഞ്ച് വര്‍ഷം കഴിഞ്ഞ് 2020-ലും വലിയ സീറോ.(0 സീറ്റ്് 4.3 ശതമാനം വോട്ട്). കോണ്‍ഗ്രസ്സിനെ ഷീലാ ദീക്ഷിത് നുശേഷം ഒരു നേതാവ്  ഉണ്ടായിട്ടില്ല എന്നത് പരമ യാഥാര്‍ത്ഥ്യമാണ്. ഇത് ആ പാര്‍ട്ടിയുടെ ദയനീയ പരാജയവുമാണ്. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സിന് ഡല്‍ഹിയില്‍ യാതൊരു  പ്രസക്തിയും ഇല്ലാതായിരിക്കുന്നു. ഇത് തന്നെയാണല്ലോ ഇന്ത്യയില്‍ മറ്റു പല സംസ്ഥാനങ്ങളിലെയും അവസ്ഥ. ഏതെല്ലാം സംസ്ഥാനങ്ങളില്‍ ഒരു സ്വീകാര്യമായ പ്രാദേശിക പാര്‍ട്ടി ഉയര്‍ന്നു വന്നാല്‍ അവിടെ കോണ്‍ഗ്രസ്സ് ഇല്ലാതാകും. ഒരു പക്ഷെ, ഇതേ ദുരന്തം തന്നെയായിരിക്കാം ബി.ജെ.പി.യെയും കാത്തിരിക്കുന്നത്. കോണ്‍ഗ്രസ്സിന് ഉത്തര്‍പ്രദേശും ബംഗാളും ബീഹാറും ഒഡീശ്ശയും തമിഴ്നാടും ആന്ധ്രാപ്രദേശും തെലുങ്കാനയും ജമ്മു- കാശ്മീറും നഷ്ടപ്പെട്ടത് ഇങ്ങനെയാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന് യാതൊരു വിധ സമരവും കാഴ്ച വെക്കുവാനായില്ല. നേതാവ് മാത്രമല്ല സംഘടന തന്നെ ഇല്ലായിരുന്നു.
ബി.ജെ.പി.ക്ക് സംസ്ഥാനതല നേതാവ് ഇല്ലായിരുന്നു എങ്കിലും ദേശീയ നേതൃത്വമായ മോഡിയും ഷായും അത് ഏറ്റെടുക്കുകയായിരുന്നു. ഒപ്പം സംഘപരിവാറിന്റെ ശക്തമായ സംഘടനാ ബലവും. എന്നിട്ടും ഫലം ഇങ്ങനെ. കോണ്‍ഗ്രസ്സിന് വ്യക്തമായ ഒരു ദിശാബോധം ഇല്ല. സഖ്യ കക്ഷികളും ഇല്ല. ദേശീയതലത്തില്‍ എ്ന്നതുപോലെ ഡല്‍ഹിയിലും ഇതാണ് അവസ്ഥ. ആം ആദ്മി പാര്‍ട്ടിയുമായി സംഖ്യമുണ്ടാക്കി നാലോ അഞ്ചോ സീറ്റ് നേടിയിരുന്നെങ്കില്‍ ഭരണകക്ഷിയും ആകാമായിരുന്നു. എങ്കില്‍ ബി.ജെ.പി.യുടെ മൊത്തം സീറ്റ് വീണ്ടും താഴുമായിരുന്നു. അതിന് സഖ്യം മാത്രം പോരാ രസതന്ത്രവും വര്‍ക്ക് ഔട്ട് ചെയ്യണം. യു.പി.യില്‍ ആദ്യം സമാജ് വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ്സ് സഖ്യം ഉണ്ടാക്കിയതാണ്. പക്ഷെ രസതന്ത്രം ഫലവത്തായില്ല. അതുപോലെതന്നെ എസ്.പി.യും ബി.എസ്.പി.യും സഖ്യം ശ്രമിച്ചതാണ്. അതും ഫലവത്തായില്ല. എങ്കിലും കോണ്‍ഗ്രസ്സിന് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം പരീക്ഷിക്കാമായിരുന്നു. എങ്കില്‍ ഈ ദയനീയ പരാജയം ഏറ്റു വാങ്ങേണ്ടി വരുമായിരുന്നില്ല. പക്ഷെ കൂട്ടുകക്ഷി ഭരണത്തോട് കുടുംബത്തിനും ആശ്രിതര്‍ക്കും ബദ്ധ വിരോധമാണ്. പഴയ കാല കുത്തുക അധികാര മനോഭാവമാണ് ഇപ്പോഴും വെച്ചു പുലര്‍ത്തുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ സിദ്ധാന്തം ഒരു പുതിയ രാഷ്ട്രീയം എന്നുള്ളതാണ്(ആര്‍ട്ടര്‍നേറ്റീവ് പൊളിറ്റിക്‌സ്). അത് നല്ലതു തന്നെ. അഴിമതിക്കും ഭൂരിപക്ഷ മതാധിഷ്ഠിത രാഷ്ട്രീയത്തിനും ബദലായിട്ടുള്ള ഒരു പ്രക്രിയ. സ്വാഗതാര്‍ഹമാണത്. 'രാഷ്ട്രനിര്‍മ്മാണത്തിന് ആപ്' ഇതായിരുന്നു കേജരിവാളിന്റെ വിജയാനന്തരമുള്ള ആദ്യസന്ദേശം. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ പങ്കെടുപ്പിനെ കുറിച്ചായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. അതും കാലക്രമത്തില്‍ പ്രാവര്‍ത്തികമാക്കാവുന്നതാണ്. പക്ഷെ അദ്ദേഹം ഷാഹിന്‍ ബാഗിനെക്കുറിച്ചും മറ്റും കൃത്യമായി പ്രതികരിക്കേണ്ടിയിരിക്കുന്നു. കാരണം ഇതെല്ലാം ഇന്നത്തെ ഇന്ത്യയുടെ നിര്‍ണ്ണായക വിഷയങ്ങളാണ്. തെരഞ്ഞെടുപ്പിലെ അടവു രാഷ്ട്രീയം പാര്‍ട്ടിയുടെ സ്വാഭാവമാകരുത്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ആദ്യപ്രസ്താവനയും തെരഞ്ഞെടുപ്പ് കാലത്തെ മൃദുഹിന്ദുത്വ സമീപനവും. അദ്ദേഹത്തിന്റെ ആദ്യപ്രസ്താവനയും തെരഞ്ഞെടുപ്പ് കാലത്തെ മൃദുഹിന്ദുത്വ സമീപനവും. അദ്ദേഹത്തിന്റെ ആദ്യപ്രസ്താവനയില്‍ ചൊവ്വാഴ്ചയായതുകൊണ്ട് ഹനുമാന്‍ജിക്ക് വിജയത്തിന് നന്ദി നേര്‍ന്നുകൊണ്ടും കൂടുതല്‍ ശക്തിക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടുമുള്ള സമര്‍പ്പണവും മൃദുഹിന്ദുത്വയുടെ മറ്റൊരു ബഹിര്‍സ്ഫുരണമാണ്. ഇത് എങ്ങനെ ആര്‍ട്ടര്‍നേറ്റീവ് പൊളിറ്റിക്‌സ് ആകും.?

ബി.ജെ.പി.ക്ക് ഡല്‍ഹിയില്‍ പറ്റിയ പരാജയം അവര്‍ അര്‍ഹിക്കുന്നതും അനിവാര്യവും ആയിരുന്നു. അത് കേജരിവാളിന്റെ വികസന രാഷ്ട്രീയത്തിന്റെ വിജയം മാത്രമല്ല. ബി.ജെ.പി.യുടെ, മോഡി-ഷായുടെ മതാധിഷ്ഠിത വിഭജന രാഷ്ട്രീയം ഇന്ത്യയുടെ പരിച്ഛേദം ആയ ഡല്‍ഹി അംഗീകരിക്കുന്നില്ല. ബി.ജെ.പി.ക്ക് ഇനി മാറുവാനും ആവുകയില്ല. ബി.ജെ.പി.ക്ക് ഇനി മാറുവാനും ആവുകയില്ല. ബി.ജെ.പി.യെ മാറ്റുകയാണ് വേണ്ടത് എന്നാണ് രാഷ്ട്രീയം പഠിപ്പിക്കുന്നത്. അതാണ്  ഡല്‍ഹി തെരഞ്ഞെടുപ്പ് തരുന്ന പാഠം. മോഡി-ഷാമാരെയും ബി.ജെ.പി.യെയും വിമര്‍ശിക്കുന്നത് അല്ലെങ്കില്‍ നിരാകരിക്കുന്നത് ദേശദ്രോഹം അല്ല. ഷഹീന്‍ ബാഹിലെ അല്ലെങ്കില്‍ ജാമിയ മിലിയയിലെ പ്രതിഷേധക്കാര്‍ ദേശദ്രോഹികളല്ല. അവര്‍ ദേശീയ പതാക വീശിയാണ് പ്രതിഷേധിച്ചത്. ഭരണഘടനയുടെ കോപ്പികള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധിച്ചത്. അവര്‍ ദേശഭക്തരാണ്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം ഇതും ഇതുപോലെയുള്ള ഒട്ടേറെ ജനാധിപത്യ സത്യങ്ങളും വിളംബരം ചെയ്യുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നു തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ആം ആദ്മിപാര്‍ട്ടിലും അരവിന്ദ് കേജരിവാളും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. അവര്‍ ഇന്‍ഡ്യയുടെ രാഷ്ട്രീയഭൂപടം മാറ്റുകയാണ് മറ്റ് പ്രതിപക്ഷകക്ഷികള്‍ക്കൊപ്പം. ഭരണവിരുദ്ധവികാരത്തിന് പകരം ഭരണതുടര്‍ച്ചവികാരവുമായി മൂന്നാം പ്രാവശ്യവും തുടര്‍ച്ചയായി അധികാരത്തില്‍ വരുകയെന്നത് നിസാരകാര്യം അല്ല. അതും മോഡി-ഷാ കൂട്ടുകെട്ടിന്റെ മൂക്കിനു താഴെ. അവരുടെ ആര്‍.എസ്.എസ്. അജണ്ട ഇവിടെ തകരുകയാണ്. ജനതയുടെ പുരോഗമനം എന്ന പദ്ധതി വിജയിക്കുകയാണ്. അവരുടെ വിഭജനം എന്ന ഹിന്ദുത്വ അജണ്ട  പൊളിയുകയാണ് ബി.ജെ.പി.യും മോഡി-ഷായും ഇപ്പോള്‍ 13 സംസ്ഥാനങ്ങളിലേക്ക്, 40 ശതമാനം ജനസംഖ്യയിലേക്ക്  ഒതുങ്ങുന്നു. പക്ഷേ, അവര്‍ ഇനി എന്ന് പാഠം പഠിക്കും.?

Join WhatsApp News
VJ Kumr 2020-02-14 18:31:16
ഡെല്‍ഹി പറയുന്നു... എത്രയെത്ര ഇന്ത്യകള്‍ ! | വഴിപോക്കന്‍ ...... 2015-ല്‍ നിന്നും അഞ്ചു സീറ്റുകള്‍ കൂടുതല്‍ കിട്ടിയതും അഞ്ചു ശതമാനം വോട്ടുകള്‍ വര്‍ദ്ധിച്ചതും വലിയ നേട്ടമായാണ് ബി.ജെ.പി. വിലയിരുത്തുന്നത്. ...... 1951-ല്‍ തുടങ്ങിയ ജനസംഘിനും 1980-ല്‍ രൂപമെടുത്ത ബി.ജെ.പിക്കും പിന്നില്‍ ആര്‍.എസ്.എസ്. എന്ന സാംസ്‌കാരിക സംഘടനയുടെ വലിയ അടിത്തറയുണ്ടെന്നത് രഹസ്യമല്ല....... Read more at: https://www.mathrubhumi.com/news/ columns/vazhipokkan/-aam-aadmi-scripts- extraordinary-win-arvind-kejriwal-to-return-as- delhi-cm-vazhipokkan-1.4525281
VJ Kumr 2020-02-14 19:00:54
Below is F.Y.I. : സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിച്ച് കേജ്‍രിവാൾ... ഡൽഹിയിലെ 7 ബിജെപി എംപിമാരെയും പുതിയ സഭയിലേക്ക് വിജയിച്ച 8 പേരെയും ക്ഷണിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ നേതാക്കളെയോ ക്ഷണിച്ചിട്ടില്ല. ഡൽഹിയിലെ മുഴുവൻ ജനങ്ങളെയും ക്ഷണിച്ചിട്ടുണ്ട്... Read more at: https://www.manoramaonline.com/ news/india/2020/02/15/arvind-kejriwal-invites- pm-modi-for-his-swearing-in-ceremony-on-sunday.html No invitation to ITALIAN Maathamma & Congress leaders too.
VJ Kumr 2020-02-14 20:55:00
ചുവടെയുള്ള വാർത്തയിൽ താങ്കൾ പാക്കിടെ കൂടെയോ , മോഡിജീയുടെ കൂടെയോ ???? പാക്കിസ്ഥാനിലെ ഭീകരസംഘടനകളെല്ലാം ഒന്നിച്ചു; ഇന്ത്യയില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഗാസ്‌നവി ഫോഴ്‌സ് രൂപീകരിച്ചു; അതീവ ജാഗ്രത നിര്‍ദേശം Read more: https://www.janmabhumidaily. com/news/pakistan-entrusted-to-ghaznavi- force-in-preparation-for-a-big-attack- on-security-forces5511.html
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക