Image

ഒടുവില്‍ രാമക്ഷേത്രം, ഇനി രാമരാജ്യം വൈകുമോ? (ദല്‍ഹി കത്ത്: പി വി തോമസ്)

പി വി തോമസ് Published on 31 July, 2020
ഒടുവില്‍ രാമക്ഷേത്രം, ഇനി രാമരാജ്യം വൈകുമോ? (ദല്‍ഹി കത്ത്: പി വി തോമസ്)


ഒടുവില്‍ അങ്ങനെ രാമക്ഷേത്രം യാഥാര്‍ത്ഥ്യം ആവുകയാണ്. അപ്പോള്‍ പിന്നെ രാമരാജ്യവും അകലെയാവുകയില്ലല്ലോ?

ഓഗസ്റ്റ് അഞ്ചാം തിയ്യതി എല്ലാം നിശ്ചയിച്ചുറപ്പിച്ചത് പോലെ സംഭവിച്ചാല്‍ മതനിരപേക്ഷ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനായിരം കോടികള്‍ മുടക്കി സൃഷ്ടിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജ അയോദ്ധ്യയില്‍ (ഉത്തര്‍ പ്രദേശ്) ബാബറി മസ്ജിദ് 468 വര്‍ഷം നിന്നിടത്ത് (1828-1992) നിര്‍വ്വഹിക്കും. ഓഗസ്ത് അഞ്ചിന്റെ പ്രത്യേകത അന്നു തന്നെയാണ് പോയവര്‍ഷം സംഘപരിവാര്‍- ആര്‍ എസ് എസിന്റെ അജണ്ടകളില്‍ ഒന്നായ ജമ്മു- കാശ്മീറിന്റെ വിഭജനവും ആര്‍ട്ടിക്കിള്‍ 370 ന്റെ എടുത്തുകളയലും (ഭരണഘടനയില്‍ നിന്ന്) നടത്തിയത്.

അയോദ്ധ്യയിലെ രാമക്ഷേത്രം ഹിന്ദുത്വ ശക്തികളുടെ ഒരു പ്രധാന മുദ്രാവാക്യം ആയിരുന്നു. അതും ഇപ്പോള്‍ നടപ്പിലാക്കുവാന്‍ പോവുകയാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പില്ല, അതിന് ഒരു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേഷ് നിയമസഭ തെരഞ്ഞുപ്പിലും മോദിക്കും ഷായ്ക്കും വേറെന്ത് നേട്ടം വേണം ചൂണ്ടിക്കാണിക്കുവാന്‍? വന്‍ അണക്കെട്ടുകളുടെയും മറ്റ് പുരോഗമന പദ്ധതികളുടെയും ഉദ്ഘാടനകര്‍മ്മം പ്രധാനമന്ത്രിമാര്‍ നിര്‍വ്വഹിച്ചതായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. പക്ഷേ, ഇത് നാടാടെയാണ് ഒരു പ്രധാനമന്ത്രി ഒരു ക്ഷേത്രത്തിന്റ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുന്നതാ.യി അറിയിക്കുന്നത്. അതും ഒരുമതേതര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി!

അദ്ദേഹം അയോദ്ധ്യയില്‍ കോടതി അനുവദിച്ച അഞ്ചേക്കര്‍ സ്ഥലത്ത് പണിയുന്ന മുസ്ലീം ദേവാലത്തിന്റെ നിര്‍മ്മാണോദ്ഘാനവും നിര്‍വ്വഹിക്കുമോ ക്ഷണിച്ചാല്‍? സാധ്യതയില്ല. കാരണം മുസ്ലീങ്ങളുടെ പരമ്പരാഗതമായ സ്‌കള്‍ ക്യാപ്പ് ധരിക്കുവാന്‍ പോലും അദ്ദേഹം വിസമ്മതിച്ചിട്ടുണ്ട്. കാരണം അദ്ദേഹം സ്വയം പ്രഖ്യാപിതനായ ഒരു ഹിന്ദു നാഷണലിസ്റ്റ്. ഇവിടെ എല്ലാവരും മുസ്ലീം നാഷണലിസ്റ്റും, കൃസ്ത്യന്‍ നാഷണലിസ്റ്റും സിക്ക് നാഷണലിസ്റ്റും ആയി പ്രഖ്യാപിച്ചാല്‍ എന്തായിരിക്കും അവസ്ഥ.

രാമക്ഷേത്രവും അതിന്റെ നിര്‍മ്മാണോദ്ഘാടനവും അതിന് വഴിതെളിച്ച സംഭവങ്ങളും ഇന്ത്യന്‍ രാഷ്ട്രീയ മതേതര ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ ആണ്.

1526 ല്‍ ആണ് ഒന്നാം പാനിപട്ട് യുദ്ധത്തില്‍ ഇബ്രാഹിം ലോദിയെ തോല്‍പ്പിച്ചിട്ട് ബാബര്‍ മുഗള്‍ സാമ്രാജ്യം ഇന്ത്യയില്‍ സ്ഥാപിക്കുന്നത്.. 1528 ല്‍ ആണ് ബാബറിന്റെ ജനറല്‍ ആയിരുന്ന മിര്‍ബാക്കി അയോദ്ദ്യയില്‍ ബാബരി മസിജിദ് പണിതത്. അതു നിലവിലുണ്ടായിരുന്ന ഒരു ഹൈന്ദവ ക്ഷേത്രം പൊളിച്ചു കളഞ്ഞതിനു ശേഷമാണെന്നും ആ ക്ഷേത്രം ശ്രീരാമന്‍ ജനിച്ചിടത്ത് നിര്‍മ്മിച്ചിരുന്ന രാമക്ഷേത്രമായിരുന്നുവെന്നും ഹിന്ദുമത വിശ്വാസികള്‍ വാദിക്കുന്നു. അങ്ങനെ രാമജന്മഭൂമി- ബാബരി മസ്ജിദ് തര്‍ക്ക കളമായി.

ഇത് വീണ്ടെടുക്കുക എന്നത് തീവ്ര ഹിന്ദുത്വ വിഭാഗത്തിന്റെ അജണ്ടയായി. ഭാരതീയ ജനസംഘം (ബി ജെ പിയുടെ ആദ്യ രാഷ്ട്രീയ അവതാരം) ആര്‍ എസ് എസും വിശ്വഹിന്ദുപരിഷത്തും എല്ലാം ഇതിനായി ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ മുസ്ലീം മതാധികാരികള്‍ ഇത് വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല. അവര്‍ക്ക് അത് ബാബരി മസ്ജിദ് ആണ്. അത് രാമക്ഷേത്രം തകര്‍ത്ത് പണിതതും അല്ല. അങ്ങനെ ഇരിക്കവെ ആണ് 1990 കളില്‍ രാമജന്മഭൂമി മുന്നേറ്റത്തിന് ബിജെപി പ്രാധാന്യം നല്‍കുന്നത്. പാലമ്പൂരില്‍ (ഹിമാചല്‍ പ്രദേശ്) നടന്ന ദേശീയ സമ്മേളനത്തില്‍ വച്ചാണ് ബി ജെ പി ഇത് അംഗീകരിച്ചത്.

ബാബരി മസ്ജിദ് അധിനിവേശ സംസ്‌ക്കാരത്തിന്റെ കൊടി അടയാളം ആണ്. അത് രാമക്ഷേത്രം തകര്‍ത്ത് പണിതത് ആണ്. ബി ജെ പി ഉയര്‍ത്തിപിടിക്കുന്ന സാംസ്‌ക്കാരിക ദേശീയതക്ക് (കള്‍ച്ചറല്‍ നാഷണലിസം) വിരുദ്ധം ആണ്. 1990 ല്‍ ലാല്‍ കിഷന്‍ അദ്ധ്വാനി രാമക്ഷേത്ര നിര്‍മ്മാണ രഥയാത്ര പ്രഖ്യാപിച്ചു. 1990 സെപ്റ്റംബര്‍ 25 ന് രാമ രഥയാത്ര സോമനാഥ് മുതല്‍ അയോദ്ധ്യവരെ ആരംഭിച്ചു. അദ്ദ്വാനി അറസ്റ്റ് ചെയ്യപ്പെട്ടു. ഒട്ടേറെ കര്‍സേവകര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വീണ്ടും രഥയാത്ര വന്നു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് അദ്ദ്വാനിയുടെ നേതൃത്വത്തിലുള്ള കര്‍സേവകര്‍ തകര്‍ത്തു.

പക്ഷേ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ അദ്വാനിയും സംഘവും തയ്യാറായിട്ടില്ല. ഇപ്പോഴും കേസ് തുടരുന്നു. അദ്വാനിയും കൂട്ടരും കര്‍സേവകരില്‍ കുറ്റം ചുമത്തി രക്ഷപ്പെടുവാന്‍ ശ്രമിക്കുകയാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം ആണ് തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസം എന്ന് ഇദ്ദേഹം 1992 ല്‍ പറഞ്ഞ് വിലപിക്കുകയുണ്ടായി. ഇതേ അദ്ദ്വാനി മസ്ജിദ് തകര്‍ക്കുന്നതിന് മുമ്പ് അത് ഒരു നയന പ്രകോപനം (ഓക്കുലര്‍ പ്രൊവോക്കേഷന്‍) ആണെന്ന് പറയുകയുണ്ടായി. ഏതായാലും മസ്ജിദ് ഭേദനകേസ് ഇന്നും തുടരുന്നു. അതിനിടയില്‍ ആണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നടത്തുന്നത്. മസ്ജിദ് ഭേദനത്തിന്റെ വിധി എന്തായാലും ക്ഷേത്രം അയോദ്ധ്യയില്‍ ഉയരും.

ഇതിന് പ്രധാനമായും വഴിതെളിച്ചത് 2019 നവംബര്‍ ഒമ്പതാം തിയ്യതിയിലെ സുപ്രീം കോടതി വിധി ആയിരുന്നു. മുഖ്യന്യായാധിപന്‍ രാജന്‍ ഗൊഗോയി നിയമിച്ച അഞ്ചംഗ ബഞ്ച് രാമക്ഷേത്രം ബാബരി മസ്ജിദ് പൊളിച്ചിടത്ത് തന്നെ പണിയണമെന്ന് ഉത്തരവിട്ടു. മസ്ജിദിനായി പട്ടണത്തിന് വെളിയില്‍ സൗകര്യമുള്ളിടത്ത് അഞ്ച് ഏക്കര്‍ സ്ഥലവും അനുവദിച്ചു. ഈ വിധി മുസ്ലീം പക്ഷത്തിന് തീകച്ചും വിരുദ്ധം ആയിരുന്നു. ഹിന്ദു പക്ഷത്തിന് തീര്‍ത്തും അനുകൂലവും.

മുഖ്യ ന്യായാധിപന്‍ ഗൊഗോയി വിധിപറഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം അടിത്തൂണ്‍ പറ്റി. പക്ഷേ, മോദി സര്‍ക്കാര്‍ അദ്ദേഹത്തെ രാജ്യസഭ അംഗം ആക്കി. ഒട്ടേറെ ജനവികാരം ഇതിനെതിരായി ഉയര്‍ന്നു. രാജ്യസഭയില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തപ്പോഴും പതിവില്ലാത്ത പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായി അംഗങ്ങളുടെ ഭാഗത്തുനിന്നും. പക്ഷേ, ഒന്നും സംഭവിച്ചില്ല. രാമ ക്ഷേത്രം അയോദ്ധ്യയില്‍ ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്നയിടത്ത് പണിയും. ഗൊഗോയി രാജ്യ സഭ അംഗമായി അടുത്ത ആറ് വര്‍ഷം വാഴും.

പക്ഷേ, സുപ്രീം കോടതി വിധിന്യായത്തിന്‍ ചൂണ്ടിക്കാട്ടിയ മൂന്ന് കാര്യങ്ങള്‍ ഉണ്ട്. ഒന്ന് 1949 ഡിസംബര്‍ 22-23 പാതിരാത്രിയില്‍ ഒരു സംഘം ഹിന്ദുക്കള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മസ്ജിദില്‍ ഒളിച്ചുകയറി രഹസ്യമായി രാമവിഗ്രഹങ്ങള്‍ പ്രതിഷ്ടിച്ചത്. രണ്ട് ബാബരി മസ്ജിദിന്റെ ഭേദനം. ഇവരണ്ടും നിന്ദ്യമായ കുറ്റങ്ങള്‍ ആണെന്ന് കോടതി പറഞ്ഞു. പക്ഷേ, ശിക്ഷ ഒന്നും ഇല്ല, ഫലം ക്ഷേത്രാനുമതിയും!

മസ്ജിദ് തുറന്ന് രഹസ്യമായി രാമവിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുവാന്‍ അനുവദിച്ച അന്നത്തെ ഹൈദരബാദ് കളക്ടര്‍ കെ കെ നായരെ സംഘപരിവാര്‍ പാര്‍ലമെന്റില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ ഭാര്യയെ രാജ്യസഭാംഗവുമാക്കി. രഹസ്യമായ ഈ വിഗ്രഹ പ്രതിഷ്ഠയും മസിജിദ് ഭേദനവും നിന്ദ്യമായ കുറ്റം ആണെങ്കില്‍ രാമക്ഷേത്രത്തില്‍ എന്ത് ശാന്തി? എന്ത് നിയമ സാധുത? ഈ തെറ്റുകള്‍ തിരുത്താതെ എന്ത് കൊണ്ട് ക്ഷേത്ര നിര്‍മ്മാണം അനുവദിച്ചു? ഒരു ഹൈന്ദവ ക്ഷേത്രം തകര്‍ത്തിട്ടാണ് ബാബരി മസ്ജിദ് പണിതത് എന്ന സംഘപരിവാറിന്റെ ആരോപണത്തിന് പുരാവസ്തു ഗവേഷണപരമായ തെളിവൊന്നും കാണുവാന്‍ കോടതിക്ക് വ്യക്തമായി സാധിച്ചില്ല. ഈ മൂന്നാമത്തെ പോയിന്റ് വളരെ പ്രധാനം ആണ്. പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നാണ് കോടതി പറഞ്ഞത്.

പക്ഷേ രാമക്ഷേത്രം അയോദ്ധ്യയില്‍ അതിഗംഭീരമായി ഉയരുകയാണ്. പ്രധാനമന്ത്രി ആണ് അതിന്റെ ഭൂമി പൂജ നിര്‍വ്വഹിക്കുന്നത്. എന്തുകൊണ്ട് പ്രധാനമന്ത്രി എന്ന ചോദ്യം മതനിരപേക്ഷവാദികള്‍ ഉന്നയിച്ചാല്‍ അതില്‍ തെറ്റില്ല. രാഷ്ട്രം ഒരു മതത്തേയും സംരക്ഷിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തതാണ് മതനിരപേക്ഷത എന്നത്. പക്ഷേ, ഇവിടെ ഒരു മതനിരപേക്ഷ രാജ്യത്തിന്റെ പ്രധാനമന്ത്രി ആണ് ക്ഷേത്രത്തിന്റെ ഭൂമിപൂജ നടത്തുന്നത്. ഇന്ത്യ ഒരു അനൗദ്ധ്യാഗിക ഹിന്ദു രാഷ്ട്രമായി മാറിയോ എന്ന് മോദി ഗവണ്മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം (2014) സംശയാലുക്കള്‍ക്കുള്ള മറുപടി ആയിരിക്കാം ഇത്. പക്ഷേ മോദിയെ ഇതിന് കുറ്റം പറയുക സാധ്യമല്ല. പൊതു തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അദ്ദേഹം പ്രഖ്യാപിച്ചതാണല്ലോ അദ്ദേഹം ഒരു ഹിന്ദു ദേശീയവാദിയാണെന്ന്!

രാമക്ഷേത്രം രാമരാജ്യം കൊണ്ടുവരുമെന്ന് ആശ്വസിക്കാം, പക്ഷേ ഒരു ആരാധനാലയം തകര്‍ത്തിട്ട് അവിടെ പണിയുന്ന ദേവാലയം എത്ര അഭികാമ്യം ആണെന്ന ചോദ്യം ഉയരുന്നു. ആയിരക്കണക്കിന് ബുദ്ധമതക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. അയോദ്ധ്യയിലെ രാമക്ഷേത്രവും ബാബരി മസ്ജിദ് നിന്നിടത്തും ഒരു ബുദ്ധക്ഷേത്രം ഉണ്ടായിരുന്നില്ലെന്നാരറിഞ്ഞു? ആരാധനാലയങ്ങള്‍ പണിയാം, പക്ഷേ അവ വെറുപ്പിന്റെയും പകയുടേയും വിദ്വേഷത്തിന്റേയും സ്പര്‍ദ്ധയുടേയും മണ്ണില്‍ ആയിരിക്കരുത്. അമ്പലത്തിനും മസ്ജിദിനും അടുത്തടുത്ത് ഒരുമിച്ച് നില്‍ക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ മതങ്ങളുടെ പൊരുള്‍ എന്താണ്? എന്താണവയുടെ സന്ദേശം?
Join WhatsApp News
josecheripuram 2020-07-31 07:34:07
There is no meaning to any Religion in any where.It's Power oriented Machinery manipulated by Politics to gain power.What about"Hagia,Sophia".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക