Image

പള്ളി വഴക്ക്: വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും.... (ഉയരുന്ന ശബ്ദം-3-ജോളി അടിമത്ര)

Published on 20 August, 2020
പള്ളി വഴക്ക്:  വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും....  (ഉയരുന്ന ശബ്ദം-3-ജോളി അടിമത്ര)
ക്രൈസ്തവരുടെ ആരാധനാ സ്വാതന്ത്ര്യത്തിന് ക്രൈസ്തവര്‍ തന്നെ കൂച്ചുവിലങ്ങിടുന്ന അപൂര്‍വ്വകാഴ്ച .അതു കാണണമെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തണം. കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന് ഇടക്കാലത്ത് നിലച്ചുപോയ പള്ളി പിടിച്ചെടുക്കല്‍ പൂര്‍വ്വാധികം ശക്തിയായിക്കഴഞ്ഞു. ഭക്തരെ പിടിച്ചിറക്കി പള്ളിയുടെ ഗേറ്റ് ആമത്താഴിട്ടു പൂട്ടുന്നു. സ്ത്രീകളുള്‍പ്പടെയുള്ളവരുടെ പ്രതിഷേധം, മുദ്രാവാക്യം, നെഞ്ചത്തടി, കൂട്ടക്കരച്ചില്‍.. കൊറോണ രോഗസുരക്ഷാ മാനദണ്ഡങ്ങളൊക്കെ കാറ്റില്‍ പറക്കുന്നു. ഇന്നലെ വരെ ആരാധന നടന്ന ദേവാലയം ഇന്ന് പകയുടെ പുറത്ത് പൂട്ടപ്പെട്ടിരിക്കുന്നു. വൈകാതെ കണക്കെടുക്കാം, നൂറുകണക്കിന് പള്ളികള്‍ പൂട്ടപ്പെട്ട നാടായി കേരളം മാറുന്നു. ആദ്യം കൊറോണ, ദേവാലയങ്ങളായ ദേവാലയങ്ങളെല്ലാം തുല്യതയോടെ പൂട്ടിച്ചു. ഇതിപ്പോള്‍ സഭാനേതൃത്വം തന്നെ മുന്‍കൈയ്യെടുത്ത് പള്ളികള്‍ പൂട്ടി മുദ്ര വയ്ക്കുന്നു.

ഒരു ക്രിസ്ത്യാനിയായി ജനിച്ചു പോയതില്‍ എനിക്കിപ്പോള്‍ ശരിക്കും നാണക്കേടു തോന്നുന്നു. നമ്മളൊക്കെ പള്ളികളില്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം കേള്‍ക്കുന്ന പ്രസംഗത്തില്‍ ഊന്നിപ്പറയുന്നത് ഏഴ് എഴുപത് വട്ടം ക്ഷമിക്കണമെന്നാണ് . പ്രവൃത്തിയില്‍ ആ മാതൃക കാണുന്നുമില്ല. എന്റെ കുടുംബത്തില്‍ യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മ, സിഎസ് ഐ, മലങ്കര കാത്തലിക്ക്, പെന്തക്കോസ്ത് അംഗങ്ങളുണ്ട്.എല്ലാവര്‍ക്കും അവരവരുടെ സഭ വലുത്. കൂട്ടത്തില്‍ തീവ്രവാദ വിശ്വാസികള്‍ പറയുന്നത് മറ്റാരും ആ പടി കയറില്ല,അവര്‍ മാത്രമേ ദൈവമക്കളായി ഉള്ളൂ എന്നാണ്. ഇവരില്‍ എത്രപേര്‍ സ്വര്‍ഗത്തില്‍ പോകുമെന്ന് ഞാന്‍ തമാശയായി ചിന്തിക്കാറുണ്ട്. അപരന്റെ വിശ്വാസത്തെ ഉള്‍ക്കൊള്ളാനോ ബഹുമാനിക്കാനോ കഴിയാത്ത നമ്മുടെ ഇടുങ്ങിയ ചിന്തകള്‍.

ഇന്നലെ എന്റെ ബ്രാഹ്മണസുഹൃത്ത് എന്നോട് ചോദിച്ചു, ''ഏകദൈവവിശ്വാസികളെന്ന് ഊറ്റം കൊള്ളുന്നവരല്ലേ നിങ്ങള്‍. ഒരേ ദൈവത്തിന്റെ ഭക്തരായിട്ടും എന്തിനാ ഈ തമ്മിലടിയും ദേവാലയത്തിനായി കോടതി കയറുന്നതും'' എന്ന്. എല്ലാം കണ്ടുനില്‍ക്കുന്ന ഇതര മതവിശ്വാസികള്‍ക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.

ഈ തമ്മിലടിക്കു കാരണം അടിസ്ഥാനപരമായി പണമാണ്. അല്‍മായരില്ലെങ്കില്‍ സഭയില്ല, പള്ളികളില്ല, പുരോഹിതര്‍ക്ക് തൊഴിലില്ല. സഭയ്ക്കു വരുമാനമില്ല. വിശ്വാസികളുടെ നേര്‍ച്ചകാഴ്ചകളിലാണ് സഭയുടെ നിലനില്‍പ്പ്. പക്ഷേ പാവപ്പെട്ട അല്‍മായരെ പള്ളികളുടെ പേരില്‍ തെരുവിലേക്ക് സമരത്തിനിറക്കിയ നേതൃത്വത്തിന് ഇതേപ്പറ്റി ഉരിയാട്ടമില്ല.

ഒത്തുകൂടി പ്രാര്‍ത്ഥിക്കാനൊരു സ്ഥലമെന്നതിനപ്പുറം തുടക്കത്തില്‍ പള്ളിക്ക് വലിയ ഗമയൊന്നുമില്ലായിരുന്നു. പണ്ട് ആരോ ദാനം നല്‍കിയ ഇത്തിരി മണ്ണില്‍ നാലു കവുങ്ങിന്‍ തൂണുകള്‍ നാട്ടി പുല്ലോ ഓലയോ മേഞ്ഞ് അതിലിരുന്ന് ദൈവത്തെ വിളിച്ച ഇല്ലായ്മയുടെ നാളുകള്‍. കാര്‍ഷിക വിളകളും ആട്ടിന്‍ കുഞ്ഞിനെയും കോഴിയെയുമൊക്കെ ഞാറാഴ്ച പള്ളികളില്‍ കൊണ്ടുവന്ന് ലേലംചെയ്ത് പണം സ്വരൂക്കൂട്ടി. മുട്ടയും പാലും വിറ്റതിന്റെ ഒരുപങ്ക് പള്ളിക്കായി, അല്ല ദൈവത്തിനായി അമ്മച്ചിമാര്‍ സമര്‍പ്പിച്ചു. പള്ളി പണിയാന്‍ എല്ലാവരും ഒത്തുചേര്‍ന്ന് മണ്ണു ചുമ്മി. സ്ത്രീകള്‍ ഓല മെടഞ്ഞു..

കുറേക്കാലം കഴിഞ്ഞപ്പോള്‍ പിന്നെ ഭിത്തി കെട്ടി ഓടുമിട്ടു. മക്കള്‍ വിദേശത്തൊക്കെ പോയി നല്ല ജോലികിട്ടിയപ്പോള്‍ പള്ളിപുതുക്കി പണിയാന്‍ മുന്നിട്ടിറങ്ങി. അതൊടെ വികാരിമാരും മെത്രാന്‍മാരും അല്‍മായരെ പൂര്‍വ്വാധികം ശക്തിയില്‍ നയിക്കാനിറങ്ങി. പിന്നെ സിമന്റില്‍ മുക്കിപൊക്കിയ വമ്പന്‍ പള്ളിയും സ്വര്‍ണ്ണക്കുരിശും മുത്തിക്കുടകളും രംഗം പിടിച്ചടക്കി. അങ്ങനെ വിയര്‍പ്പൊഴുക്കി പണിതുയര്‍ത്തിയ പള്ളികളാണിപ്പോള്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ പൂട്ടിയിടുന്നത്. അതിനോടു ചേര്‍ന്നുള്ള അപ്പന്‍മാരുടെ കുഴിമാടങ്ങള്‍ അസ്ഥിയില്‍ പിടിച്ച നൊസ്റ്റാള്‍ജിയയാണ്. വല്ലപ്പോഴും അവിടമൊന്നു സന്ദര്‍ശിക്കാനുള്ള അവസരം കൂടെ നിഷേധിക്കുമ്പോഴുള്ള വേദന ഇത്തിരി വലുതാണ്.

തിരുവല്ലയ്ക്കടുത്ത് മാന്നാറിലെ ഒരു വയോധിക മരിച്ചതിനെ തുടര്‍ന്ന് ആഴ്ചകളോളം അവരുടെ മൃതദേഹം സംസ്‌കരിക്കാനാവാതെ വീട്ടിന്‍മുറ്റത്ത് താത്ക്കാലികമായി സംസ്‌കരിച്ചത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ പോയിരുന്നു. വീട്ടുകാരുടെ വേദന, ഇടവകക്കാരുടെ സങ്കടം, നാട്ടുകാരുടെ അമ്പരപ്പ്.. ഇതൊക്കെ അന്ന് നേരില്‍ കണ്ടതാണ്. ജനിപ്പിച്ച മാതാപിതാക്കളെ അവരുടെ വിശ്വാസപ്രകാരം സംസ്‌കരിക്കാനാവാതെ വരുമ്പോഴുള്ള മക്കളുടെ മാനസ്സിക സംഘര്‍ഷം ഭയങ്കരമാണ്. മൃതദേഹത്തോടുള്ള അനാദരവിന് മാപ്പര്‍ഹിക്കുന്നില്ല..

യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍ തമ്മിലല്ല ഇപ്പോള്‍ പ്രശ്നം. അധികാര കസേരയെചൊല്ലിയുള്ള തര്‍ക്കം, വലിയവനാരെന്ന മത്സരം, നേതൃസ്ഥാനത്തിനായുള്ള പിടിവലി, ഒത്താശ പാടുന്നവരുടെ സ്തുതിഗീതങ്ങള്‍ ..നയിക്കേണ്ടവരുടെ ലക്ഷ്യംതന്നെ മാറിപ്പോകുമ്പോള്‍ ക്രിസ്തുവിന്റെ ദര്‍ശനങ്ങള്‍ക്കെന്തു പ്രസക്തി.

ശരാശരി 80 വയസ്സുവരെ ആയുസ്സുള്ള ഒരാള്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ ആകെ കിട്ടുന്നത് 29,200 ദിവസങ്ങള്‍ മാത്രമാണെന്നത് വലിയ തിരിച്ചറിവാണ് നല്‍കുക. ജീവിതത്തിനും മരണത്തിനും മദ്ധ്യേയിങ്ങനെ കഴിയുന്ന നേരത്താണ് ഈ ബഹളങ്ങളൊക്കെ. ഇടക്കാല ഒത്തുതീര്‍പ്പുകളും വാശികളും പിളര്‍പ്പും വീണ്ടും യോജിപ്പുമൊക്കെ സത്യത്തില്‍ ആര്‍ക്കുവേണ്ടിയാണ്. പള്ളികള്‍ പിടിച്ചെടുത്തവരും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയവരും ഒരേ ദൈവത്തിന്റെ വാക്കുകള്‍ വിശ്വസിക്കുന്നവര്‍. ഒരേ കുര്‍ബ്ബാന കൈക്കൊണ്ടവര്‍. ഒരേ അപ്പന്റെ മക്കള്‍ രണ്ടുചേരികളില്‍. മകളെ കെട്ടിച്ചു വിട്ടത് എതിര്‍ വിഭാഗത്തില്‍. അപ്പന്‍കൂട്ടരും അമ്മക്കൂട്ടരും രണ്ടു ചേരികളില്‍ ..എന്തൊരു പരിഹാസ്യം.

ഏതു ദൈവത്തെ പ്രസാദിപ്പിക്കാനാണ് ഈ പോര്‍വിളികള്‍ . ഇതര മതസ്ഥരുടെ മുമ്പില്‍ ക്രൈസ്തവരെ ഒന്നടങ്കം നാണം കെടുത്തുകയാണ് . കല്യാണമാലോചിക്കുമ്പോള്‍ ഇരു വിഭാഗത്തില്‍നിന്നുമാകാം. പക്ഷേ മരിച്ചുകഴിഞ്ഞാല്‍ ശവം സെമിത്തേരിയില്‍ കേറ്റില്ല. എന്തൊരു വിരോധാഭാസം.

ഇറങ്ങിപ്പോകേണ്ടിവന്ന വലിയൊരു വിഭാഗം ജനങ്ങള്‍ അടുത്ത ഞായറാഴ്ച കുര്‍ബ്ബാന കൂടാനാവാതെ , മനപ്രയാസത്തോടിരിക്കുമ്പോള്‍ ഇറക്കിവിട്ടവര്‍ തങ്ങളുടെ ദേവാലയത്തില്‍ ധൂപക്കുറ്റി വീശിയതുകൊണ്ടെന്തു കാര്യം. ജറുസലേം ദേവാലയത്തില്‍ വാണിഭം നടത്തിയവരെ കണ്ട് ചാട്ടവാറെടുത്ത ക്രിസ്തുവിന്റെ മനസ്സൊന്നു വായിച്ചിരുന്നെങ്കില്‍ !. ഉടയതമ്പുരാന്‍ വീശിയ ചമ്മട്ടിയാണോ ഇനി കോവിഡ-19 ?.ആര്‍ക്കറിയാം.

ഈ ഞായറാഴ്ചയ്ക്കു മുമ്പ് താക്കോല്‍ നീട്ടി , ദാ, വിഷമിക്കേണ്ട, പള്ളി തുറന്ന് ആരാധിച്ചോളൂ എന്നു പറയാന്‍ മനസ്സു കാട്ടിയിരുന്നെങ്കില്‍.. അപ്പോള്‍ മനുഷ്യന്റെ മുന്നിലും ദൈവത്തിന്റെ മുന്നിലും ജയിക്കുന്നതാരാണ്.. ..

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാനാണെനിക്കു മോഹം.
Join WhatsApp News
BijuCherian 2020-08-21 04:14:17
Very good article. Poor faithfuls always get cheated , money and power are the real cause of these disputes . All churches should be under the control of governments.. no money business allowed , let the doors of churches opened for all... congratulations for a well explained article . Good luck
Philip 2020-08-21 13:36:43
ഇന്ന് സഭ കൃസ്തുവിൽ നിന്നും ഒരുപാട് അകലെ ആണ്. സഭയിൽ ഓരോ സ്ഥാനങ്ങൾ / കുപ്പായങ്ങൾ കിട്ടുമോമ്പോൾ അവർ ദൈവത്തോട് അടുക്കുന്നു എന്നും കുറച്ചു കഴിയുമ്പോൾ ചെറിയ ദൈവങ്ങൾ ആണ് എന്നും അവർക്കു തോന്നുന്നു.ജങ്ങളെ അവർ കക്ഷി വിഷം നിറച്ചു വിവേകശൂന്യർ ആക്കി തീർക്കുന്നു. പിടിച്ചു വക്കുന്നവർക്കോ , പിടിച്ചെടുക്കുന്നവർക്കോ വിശ്വാസം അല്ല പ്രശ്നം എന്ന് അരിയാഹാരം കഴിക്കുന്ന സാധാരണ കാരന് മനസ്സിലാകും. പണവും സ്വത്തും നല്ല പള്ളിയും ഇല്ലാത്തിടത്തു ഒരു പ്രശ്നവും ഇല്ല. പ്രിയ ബിജു പറഞ്ഞപോലെ പള്ളികൾ സർക്കാർ ഏറ്റെടുത്തു അച്ചന്മാരെയും ബിഷപ്പുമാരെയും ശമ്പളം കൊടുത്തു നിരത്തട്ടെ . ദേവസ്വം ബോർഡ് പോലെ. കൂടുതൽ ഉള്ളവർ /പ്രായം ചെന്നവർ വിശ്രമിക്കട്ടെ. എന്തായാലും ഈ കൂട്ടർ രണ്ടും യേശു ക്രിസ്തുവിനു മാനക്കേടുണ്ടാക്കി വീണ്ടും ക്രൂശിക്കുന്നു. കുരിശു കഴുത്തിൽ തൂക്കിയാൽ മാത്രം ക്രിസ്ത്യാനി ആകില്ല.
jacob 2020-08-21 16:26:31
Dear sister Jolly has written an honest and truthful assessment of the current sad situation affecting Orthodox and Jacobite churches. Her last paragraph has practical solution of Grace and Truth taught in the Bible. It is a shame that people are not able to come to a negotiated agreement respecting the rights and beliefs of the other. God does not honor the Indian Supreme court rulings. God is supreme. One day, every knee will bow and every tongue will confess Jesus Christ is Lord, to the glory of God the father. Today Christ is ashamed of these people going after money and real estate property. They will miss the greater blessings in life. Learn to live in peace your brother. 1 Timothy 6:10. "The love of money is the root of all evil. Some people, eager for money, have wandered from the faith and pierced themselves with many griefs." Well, many of these folks never read the Bible, that includes Achans and Bishops also.
MATHEW 2020-08-21 22:54:34
Agree with Biju Cherian's comments. 2 Timothy 6:10 "For the love op money is a root of all evils".Also 1 John 2:16 "For everything in the world-cravings of sinful man, the lust of his eyes and the boasting of what he has and does- comes not from the Father but from the world". Philippians 3;18-20, "many live as enemies of the cross of Christ. Their destiny is destruction, their god is their stomach, and their glory is in their shame. Their mind is set on earthly things. But our citizenship is in heaven".
2020-08-22 02:30:28
കൃസ്ത്യാനി ആയി ജനിച്ചത്' എന്ന വാദം തന്നെ തെറ്റ്. ജനനം തെറ്റായതുകൊണ്ടാണ് 'നാണക്കേട്' ഉണ്ടായത്. എല്ലാവരും മനുഷ്യരായിട്ടാണ് ജനിച്ചത് . എന്ന് മനുഷ്യൻ മതത്തിന്റെ മേലാവിലാസം സ്വീകരിച്ചോ അന്നാണ് ഈ മനോഹരമായ ഭൂമി എന്ന ഏതൻ തോട്ടത്തിൽ ചേര കയറിയത് .ഞാൻ ക്രൈസ്തവ സഭ ഉണ്ടാക്കിയിട്ടില്ല . അതിനെ വിഘടിപ്പിച്ചു പല ശാഖകളും ഉപ ശാഖകളും ഉണ്ടാക്കിയിട്ടില്ല . ഒരു പട്ടിക്ക് മറ്റൊരു പട്ടിയെ കാണുമ്പോൾ മുറുമുറുപ്പ് എന്ന് പറയുന്നതുപോലെ ഓർത്തഡോക്സിന് പാത്രയിക്കീസിനെ കാണുമ്പൊൾ മുറുമുറുപ്പ് ഇവർക്ക് രണ്ടുപേർക്കും കത്തോലിക്കരെ കാണുമ്പോൾ മുറുമുറുപ്പ് അങ്ങനെ അത് മൂത്തിട്ട് മുഴു ഭ്രാന്ത് . എന്തുകൊണ്ട് മതമില്ലാത്ത ഒരു ലോകം വിഭാവനം ചെയ്‌തു കൂട? ലോകം വളർന്നു എന്നവാക്ഷപ്പെടുമ്പോഴും മനുഷ്യനെ തിരിച്ചറിയാൻ കഴിയാതെ ഇരുട്ടിൽ തപ്പി തടയുന്നവർ. താടി വളർത്തി , തലയിൽ തൊപ്പി വച്ചും ചുമന്ന കുപ്പായം ഇട്ടു കഴുത്തിൽ വലിയ സ്വർണ്ണ കുരിശ് ഇട്ടതുകൊണ്ടും നിങ്ങളിൽ ഒരുത്തരു പോലും സ്വർഗ്ഗത്തിന്റെ കവാടം കാണുകയില്ല . നിങ്ങൾ അധരം കൊണ്ട് സ്തുതിക്കുകയും ഹൃദയത്തിൽ വക്രത നിരൂപിക്കുകയും ചെയ്യുന്നു . നിങ്ങൾ സഹോദരനെ വ്യവഹാരത്തിൽ കുടുക്കുവാൻ ഗൂഡാലോചന നടത്തുന്നു . നിങ്ങൾ ദൈവത്തിന്റെ പ്രതിപുരുഷന്മാർ എന്ന് വിളിച്ചു പറയുകയും രാത്രിയുടെ യാമത്തിൽ വ്യഭിചാരം ചെയ്യുകയും ചെയ്യുന്നു. ചിന്തിക്ക് മനുഷ്യരെ ചിന്തിക്ക് . എന്തിന് വേണ്ടി നിങ്ങൾ തമ്മിലടിച്ചു ചാകുന്നു . നിങ്ങളുടെ ബുദ്ധി ഒരിക്കലും വളരാതെ മരവിച്ചു വച്ചിരിക്കുന്ന , അച്ചന്മാരെയും ബിഷപ്പുമാരെയും ഞാൻ അഗ്നിയും പുഴുക്കളും ഉള്ള നരകത്തിലേക്ക് വലിച്ചെറിയും. അന്ന് അവിടെ കിടന്ന് ലാസറിനെ പറഞ്ഞയച്ചു നിങ്ങളെ രക്ഷിക്കണം എന്ന് പറയുമ്പോൾ ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് വിളിച്ചു പറയും. അതുകൊണ്ട് തലക്കകത്ത് ഒരു വിളക്ക് കത്തിച്ചു വച്ച് പ്രകാശത്തെ കടത്തി വിടുക . അകത്ത് കാഴ്ച ലഭിച്ചു കഴിഞ്ഞാ സ്വർഗ്ഗ കവാടം എവിടെ എന്ന് എളുപ്പത്തിൽ തെളിഞ്ഞു വരും. അതുകൊണ്ട് എല്ലാം മത ഭ്രാന്തും കളഞ്ഞിട്ട് ഒരു മനുഷ്യനായി മാമോദീസ കൈയ്‌ക്കൊള്ളുക . യേശു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക