Image

ജയ് - വന്ദേ ഭാരത് (രാജു മൈലപ്ര)

Published on 24 August, 2020
ജയ് - വന്ദേ ഭാരത് (രാജു മൈലപ്ര)
ഏപ്രില്‍ 18. അന്നാണ് സഹോദര പുത്രി പ്രിയയുടെ വിവാഹം. സ്ഥലവും, തീയതിയും സമയവുമെല്ലാം നേരത്തെ തന്നെ നിശ്ചയിച്ചുറച്ചതാണ്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റാ കാനാ എന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെ "പാരഡൈസ് റിസോര്‍ട്ട്' ആണ് വിവാഹാഘോഷങ്ങളുടെ വേദി. ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്. പുതിയ തലമുറയുടെ ട്രെന്റാണിത്.

കുറച്ചുനാളായി ഞാനും ഭാര്യയും കേരളത്തിലാണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍, കുടുംബ കാരണവര്‍ ഞാനാണ്. അപ്പോള്‍ എന്റെ സാന്നിധ്യവും അനുഗ്രഹവുമെല്ലാം അവിടെ വേണം.

രണ്ടു മാസത്തെ ഒരു ട്രിപ്പാണ് പ്ലാന്‍ ചെയ്തിരുന്നത്- ടാക്‌സ് ഫയല്‍ ചെയ്യുക, അത്യാവശ്യം മെഡിക്കല്‍ ചെക്കപ്പുകള്‍, പിന്നെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം കുറച്ചു സന്തോഷപ്രദമായ സമയം പങ്കിടുക- അത്രമാത്രം.

മാര്‍ച്ച് 28-ന് യാത്രതിരിക്കുവാനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അപ്പോഴാണ് "കൊറോണ' എന്ന പുതിയൊരു വാക്ക് പത്രത്താളുകളിലും, വാര്‍ത്താ ചനലുകളിലും പ്രത്യേക്ഷപ്പെട്ടു തുടങ്ങിയത്. ഇന്ത്യയില്‍ അതേവരെ ഒരൊറ്റ കോവിഡ് ബാധ മാത്രമേ സ്ഥിരീകരിച്ചിരുന്നുള്ളൂ- അതും കേരളത്തില്‍.

പെട്ടെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് കാട്ടുതീ പോലെ പടര്‍ന്നു പിടിക്കുന്നു എന്ന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരുന്നത്.

പല ഇന്റര്‍നാഷണല്‍ വിമാന സര്‍വീസുകളും ക്യാന്‍സല്‍ ചെയ്തു തുടങ്ങി. ഒരുപക്ഷെ 28-ാം തീയതി വരെ കാത്തിരുന്നാല്‍ യാത്ര മുടങ്ങുമോ എന്നൊരു ആശങ്ക.

മാര്‍ച്ച് 28 എന്നുള്ളത് മാര്‍ച്ച് 16-ലേക്ക് മാറ്റി. യാത്രയ്ക്ക് പ്രത്യേക ടെസ്റ്റുകളോ, നിബന്ധനകളോ ഒന്നുമില്ല. "മാസ്ക്' ധരിച്ച യാത്രക്കാര്‍ വളരെ ചുരുക്കം. കെന്നഡി എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ നടപടി നടന്നു കഴിഞ്ഞാല്‍ ലഗേജും എടുത്തു നമ്മുടെ വഴിക്കുപോകാം. "എവിടുന്നു വന്നു ഞാന്‍- എവിടേക്കു പോണു ഞാന്‍' എന്ന ചോദ്യങ്ങളൊന്നുമില്ല.

ഉറക്കമുണര്‍ന്ന് പ്രഭാത വാര്‍ത്തകള്‍ കേട്ടപ്പോള്‍, ലോകത്തിന്റെ താളചക്രം തെറ്റിയെന്നുള്ള വാര്‍ത്തകള്‍- ഒന്നിനു പുറകെ ഒന്നായി ലോക്ഡൗണുകള്‍. കടകമ്പോളങ്ങളെല്ലാം അടച്ചിടാനുള്ള ഉത്തരവ്- ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകളെല്ലാം നിര്‍ത്തി.

ഈസ്റ്റര്‍ ദിനമാകുമ്പോഴേയ്ക്കും അമേരിക്ക കൊറോണ വൈറസിനെ കീഴ്‌പ്പെടുത്തുമെന്നുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന അല്‍പം ആത്മധൈര്യം നല്‍കി. കൊറോണ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു.

വിവാഹത്തീയതി മാറ്റിവെയ്‌ക്കേണ്ടിവന്നു. രോഗബാധിതരുടെ എണ്ണം പതിനായിരത്തില്‍ നിന്നു, ലക്ഷങ്ങള്‍ കടന്നു, കോടികളിലെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളും മരണനിരക്കുമുള്ളത് അമേരിക്കയില്‍- അവിടത്തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ന്യൂയോര്‍ക്ക്- രോഗവ്യാപന വര്‍ധനവില്‍ പരസ്പരം പഴിചാരി പ്രസിഡന്റും ഗവര്‍ണര്‍മാരും.

ഇതിനിടെ പാത്രങ്ങള്‍ തമ്മിലടിച്ച് ഒച്ചയുണ്ടാക്കിയും, ദീപങ്ങള്‍ തെളിയിച്ചും "കൊറോണ മുക്ത ഭാരതം'  ഇന്ത്യ ആഘോഷിച്ചു. ഓരോ ദിവസങ്ങള്‍ പിന്നിടുമ്പോഴും ആശങ്ക കൂടിവന്നു.

ആകെയൊരു സന്തോഷമുണ്ടായിരുന്ന കൊച്ചുമക്കള്‍, അലക്‌സയുടേയും വിക്കിയുടേയും സാമീപ്യമായിരുന്നു. അവരുടെ കളിയും ചിരിയും എന്റെ പ്രിയതമ, അവരുടെ ഗ്രാന്റ്മ, ആവോളം ആസ്വദിച്ചു.

എനിക്കാണെങ്കില്‍ എങ്ങനെയെങ്കിലും തിരിച്ച് നാട്ടിലെത്തണമെന്ന് അതിയായ ആഗ്രഹം- ഒരു രക്ഷയുമില്ല. ഏറ്റുമടുത്ത ചില സുഹൃത്തുക്കള്‍ കൊറോണയ്ക്ക് കീഴ്‌പ്പെട്ടത് എന്റെ മനസ്സിനെ വല്ലാതെയുലച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസികള്‍ പല കടമ്പകള്‍ കടന്ന് കേരളത്തിലേക്ക് തിരിച്ചു. അവരില്‍ ചിലര്‍ക്ക് നേരിടേണ്ടിവന്ന യാതനകള്‍ ഭയാനകമായിരുന്നു.

അങ്ങിനെയിരുന്നപ്പോഴാണ് അമേരിക്കയില്‍ നിന്നും ഒന്നുരണ്ട് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഇന്ത്യയിലേക്ക് പറക്കുന്ന വിവരം ഇ- മലയാളിയില്‍കൂടി അറിഞ്ഞത്. ജോര്‍ജ് ജോസഫിനെ വിളിച്ചപ്പോള്‍ ഈവക കാര്യങ്ങള്‍ കൂടുതല്‍ അറിയാവുന്നത് ശ്രീമാന്‍ തോമസ് ടി. ഉമ്മനാണെന്ന് പറഞ്ഞു. ഉമ്മച്ചന്‍ അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞുതന്നു. അന്വേഷണം ബെന്നി വാച്ചാച്ചിറയിലേക്കും, അദ്ദേഹത്തിന്റെ സുഹൃത്ത് ജോണിലേക്കും എത്തി.

അങ്ങനെ ഓഗസ്റ്റ് മാസത്തില്‍  "വന്ദേ ഭാരത് മിഷന്‍' വഴിയായി അമേരിക്കയില്‍ നിന്നും ഡല്‍ഹി വഴി കേരളത്തിലേക്ക് മൂന്ന് എയര്‍ ഇന്ത്യാ ഫ്‌ളൈറ്റ് ഉണ്ടെന്നു മനസിലായി.

എന്നാല്‍ അതിനു ചില നിബന്ധനകള്‍ ഉണ്ട്. അമേരിക്കന്‍ സന്ദര്‍ശനത്തിനു വന്നു വിസ കാലാവധി കഴിഞ്ഞവര്‍, ഗുരുതരമായ രോഗചികിത്സ, വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍-

ഇതിലൊന്നും ഞങ്ങള്‍ ഉള്‍പ്പെടുന്നില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്നുള്ള മോഹം കൂടിവന്നു. ഇവിടെയും അവിടെയുമുള്ള കോവിഡ് കണക്കുകള്‍ ഏറിയും കുറഞ്ഞും വരുന്നതൊന്നും ഒരു പ്രധാന കാരണമായിരുന്നില്ല.

ഒത്താല്‍ ഒക്കട്ടെ എന്നു കരുതി, ആദ്യപടിയായി 'വന്ദേ ഭാരത് മിഷന്‍' സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നു. 'ആപ്ലിക്കേഷന്‍ അക്‌സപ്റ്റഡ്'- ഇനി എയര്‍ ഇന്ത്യ വഴി ടിക്കറ്റ് ബുക്ക് ചെയ്യണം. ആഴ്ചയില്‍ മൂന്നു ദിവസം ഫ്‌ളൈറ്റുണ്ട്. ബുധന്‍-വെള്ളി- ഞായര്‍. ന്യൂയോര്‍ക്ക് കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിക്ക് നോണ്‍ സ്റ്റോപ്പ് - അവിടെ നിന്നും നെടുമ്പാശേരിക്ക്- കസ്റ്റംസ് ക്ലിയറന്‍സ് അവിടെയാണ്.

ഒരു സെല്‍ഫ് ഡിക്ലറേഷന്‍ ഫോറവും, അണ്ടര്‍ടേക്കിംഗ് ഫോറവും പൂരിപ്പിച്ച് കയ്യില്‍ കരുതിയിരിക്കണം.  ഇത് വന്ദേഭാരത് മിഷന്‍ വെബ്‌സൈറ്റിലുണ്ട്. ഇതേ ഫോം വിമാനത്തിലും വിതരണം ചെയ്യുന്നുണ്ടായിരുന്നു.

കേരളാ സര്‍ക്കാരിന്റെ നിയമപ്രകാരം 'കോവിഡ് 19 ജാഗ്രത പ്രവാസി' -രജിസ്റ്റര്‍ ചെയ്യണം. ഡല്‍ഹിയിലെത്തുമ്പോള്‍ "ആരോഗ്യ സേതു ആപ്പ്' ഡൗണ്‍ലോഡ് ചെയ്യണം. ഇതു രണ്ടും ഓര്‍മ്മിപ്പിക്കുന്ന അനൗണ്‍സ്‌മെന്റ് ഇടയ്ക്കിടെ കേള്‍ക്കാമായിരുന്നു.

ഫ്‌ളൈറ്റ് പുറപ്പെടുന്നതിനു മൂന്നു മണിക്കൂര്‍ മുമ്പുതന്നെ എയര്‍പോര്‍ട്ടിലെത്തി. അധികം യാത്രക്കാരെ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും സാമാന്യം നല്ല തിരക്കുണ്ടായിരുന്നു.

കൂടുതല്‍ ചോദ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. എല്ലാം പതിവുപോലെ. എയര്‍പോര്‍ട്ടില്‍ കടകളൊന്നും കാണില്ല എന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ മിക്കവാറും കടകള്‍ തുറന്നിരുന്നു.

ഇതിനിടയില്‍ തികച്ചും അപ്രതീക്ഷിതമായ ഒരു നിയമം- എട്ടാം തീയതി മുതല്‍ യാത്രയ്ക്ക് 96 മണിക്കൂറിനകം ഒരു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് airindianewdelhi.in പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്നു - എല്ലാം ഒകെ ആയെന്നു കരുതി സമാധാനിച്ചിരിക്കുമ്പോഴാണ് ഈ അറിയിപ്പ്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ എവിടെപ്പോയി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുവാന്‍. കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ സാധാരണ ടെസ്റ്റ് ചെയ്തു തരാറില്ല. അറിയാവുന്ന പലരോടും ചോദിച്ചു. ആര്‍ക്കും വ്യക്തമായ ഉത്തരമൊന്നുമുണ്ടായിരുന്നില്ല. അപ്പോഴാണ് അനന്തിരവള്‍ മായ ഒരു കാവല്‍മാലാഖയുടെ രൂപത്തില്‍ അവതരിച്ചത്. മായയുടെ കൂട്ടുകാരി ഒരു ട്രിപ്പിനുപോയി. വാല്‍ക്വീന്‍ ഫാര്‍മസിയില്‍ ഡ്രൈവ് ഇന്‍ ടെസ്റ്റ് കൊടുക്കുന്നുണ്ടെന്നും, 24 മണിക്കൂര്‍ കൊണ്ട് റിസള്‍ട്ട് കിട്ടുമെന്നും- ദൈവാനുഗ്രഹത്താല്‍ അതും നടന്നുകിട്ടി. അത്ഭുതമെന്നു പറയട്ടെ. വീട്ടിലെത്തുന്നതുവരെ ഈ സര്‍ട്ടിഫിക്കറ്റ് ആരും ചോദിച്ചില്ല.

വിമാനത്തിനകത്തേക്ക് കയറി- ഒന്നിടവിട്ട സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. നമ്മുടെ സീറ്റില്‍ രണ്ടു മൂന്നു ബ്രൗണ്‍ ബാഗുകള്‍ വച്ചിട്ടുണ്ട്.

പണ്ടൊക്കെ, ഐശ്വാര്യാ റായിമാരെപ്പോലെ സുന്ദരികളായ എയര്‍ഹോസ്റ്റസുമാര്‍ ഓടിനടന്നു നമ്മുടെ സുഖ സൗകര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. സ്‌പെയ്‌സ് സ്യൂട്ടിട്ട രണ്ടു മൂന്നു ആളുകള്‍ ഓവര്‍ദി ഹെഡ് ലഗേജ് കാബിന്‍ ഡോറുകള്‍ അടയ്ക്കുന്നുണ്ട്.

കുറച്ചുകഴിഞ്ഞ് അനൗണ്‍സ്‌മെന്റ്- വിമാനം ടേക്ക്ഓഫ് ചെയ്യുകയാണ്. പതിവ് സുരക്ഷാനിര്‍ദേശങ്ങള്‍ - സീറ്റില്‍ വച്ചിരിക്കുന്ന ബാഗില്‍ ഭക്ഷണവും വെള്ളവുമാണ്.- ഡല്‍ഹി എയര്‍പോര്‍ട്ട് വരെ മറ്റൊരു സര്‍വീസും കാണുകയില്ല. വിന്‍ഡോ കര്‍ട്ടനുകള്‍ എല്ലാം താഴ്ത്തി- മൈന്‍ ലൈറ്റ് ഓഫ് ചെയ്തിട്ട്, ഡിം ലൈറ്റ് മാത്രം.

ബ്രൗണ്‍ ബിഗിനകത്ത് എന്തോ സാന്‍വിച്ചും ചിപ്‌സുമാണ്. കുടിക്കുവാന്‍ ആവശ്യത്തിനുള്ള വെള്ളം ഉണ്ട്. ഇടയ്‌ക്കെങ്ങാനും ആരെങ്കിലുമൊന്ന് തുമ്മിയാല്‍ എല്ലാവരുംകൂടെ ആ ഭാഗത്തേക്ക് നോക്കും. ഒരു കൊടും കുറ്റവാളിയെ നോക്കുന്നതുപോലെ. ഡല്‍ഹിയില്‍ നാലു മണിക്കൂര്‍ ലേഓവര്‍. അതുകഴിഞ്ഞ് നെടുമ്പാശേരിയിലേക്കുള്ള ഡൊമസ്റ്റിക് ഫ്‌ളൈറ്റ്.

നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്നു പറഞ്ഞ രേഖകളൊന്നും ആരും ചോദിച്ചില്ല. വെറുതെ കഷ്ടപ്പെട്ടു എന്നൊരു തോന്നല്‍. എല്ലാം കഴിഞ്ഞ് ലഗേജും കളക്ട് ചെയ്ത് പുറത്തേക്കിറങ്ങുവാന്‍ തുടങ്ങുമ്പോള്‍, ഒരാള്‍ 'മലയാളികളാണോ?' എന്നു ചോദിച്ചു. സ്‌പെയ്‌സ് സ്യൂട്ട് ആണ് വേഷം. "എന്റെ കൂടെയൊന്നു വരണം, ഒരഞ്ചു മിനിറ്റ്'- കോവിഡിനുള്ള റാന്‍ഡം റാപ്പിഡ് ടെസ്റ്റ് ആണ്. ദൈവകൃപകൊണ്ട് നെഗറ്റീവ്. പോസിറ്റീവ് ആയിരുന്നെങ്കില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്.

എതായാലും പുറത്തിറങ്ങി- വിന്‍സെന്റിനെ കണ്ടപ്പോള്‍ ആശ്വാസമായി. കോരിച്ചൊരിയുന്ന മഴ. ഇടയ്ക്കിടെ റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. വലിയ കുഴപ്പമൊന്നുമില്ലാതെ വീട്ടില്‍ എത്തി. എന്തൊരു ആശ്വാസം.

ഇതാണോ ക്വാറന്റൈന്‍.? വലിയ ആനക്കാര്യമായിപ്പോയി-
അടുത്ത ദിവസം പ്രഭാതമായപ്പോള്‍ ആദ്യത്തെ കോള്‍ വന്നു. ഞങ്ങളുടെ വാര്‍ഡ് മെമ്പര്‍ ആശയാണ്. "എന്നാലും അച്ചായന്‍ ഞങ്ങളെയൊന്ന് അറിയിക്കാതെ വന്നല്ലോ?'
"ഒട്ടും സമയം കിട്ടിയില്ല ആശേ- പിന്നെ കാണാം'
"പിന്നെ കണ്ടാലെങ്ങനാ- ഇതൊക്കെ നേരത്തെ ചെയ്യേണ്ട കാര്യമല്ലേ?'
അടുത്തിരിക്കുന്ന ഭാര്യ സംശയദൃഷ്ട്യാ എന്നെ നോക്കുന്നുണ്ട്.
"ചുമ്മാതല്ല വര്‍ഷംതോറും നാട്ടിലേക്ക് ഓടുന്നത്' ആരോടെന്നില്ലാതെ അവള്‍ കമന്റ് പാസാക്കി.
'എന്താ ആശേ ഈപറയുന്നത്- എനിക്കൊന്നും മനസ്സിലാകുന്നില്ല'
'എന്റച്ചായാ, ആരെങ്കിലും വിദേശത്തുനിന്നും വരുന്നുണ്ടെങ്കില്‍  ആ വിവരം വാര്‍ഡ് മെമ്പറെ വിളിച്ചറിയിക്കണം- അതു നിയമമാ. പിന്നെ, അച്ചായനെ എനിക്കറിയാവുന്നതുകൊണ്ട് ഞാന്‍ നടപടിയൊന്നും എടുക്കുന്നില്ല'.

ഈ ആശ എത്ര നല്ലവള്‍. എനിക്കെതിരേ നടപടിയൊന്നുമില്ല.
കുറച്ചു കഴിഞ്ഞപ്പോള്‍ കളക്ടറേറ്റില്‍ നിന്നും ഒരു കോള്‍.
കൊറോണ കോള്‍ സെന്ററില്‍ നിന്നാണ്.
"രോഗ ലക്ഷണങ്ങള്‍ വല്ലതുമുണ്ടോ? എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉടന്‍ വിളിക്കണം.'
അതാ വരുന്നു അടുത്ത കോള്‍. ജനമൈത്രി പോലീസാണ്. 'എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം. ആഹാരമോ, മരുന്നോ മറ്റ് എന്തെങ്കിലും,.

ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കൂടാതെ ആയുര്‍വേദിക് കൊറോണ സെന്ററില്‍ നിന്നും വിളിവന്നു. അപ്രതീക്ഷിതമായ മെന്റല്‍ ഹെല്‍ത്തുകാരും വിളിച്ചു. സന്തോഷത്തോടും, സമാധാനത്തോടുംകൂടി ഇരിക്കണം. നല്ല പുസ്തകങ്ങള്‍ വായിക്കണം. അങ്ങനെ ചില നിര്‍ദേശങ്ങള്‍.

അങ്ങനെ ആദ്യ ദിലസത്തെ അന്വേഷണങ്ങള്‍ ഫോണില്‍ക്കൂടി അവസാനിച്ചു. നിരീക്ഷകരെ ആരേയും കണ്ടില്ല. എനിക്ക് ഒരു കാര്യം മനസ്സിലായി. ആരും ഒന്നും ചോദിച്ചില്ലെങ്കില്‍ത്തന്നെയും നമ്മുടെ എല്ലാ വിവരങ്ങളും ബന്ധപ്പെട്ട അധികാരികളുടെ കൈകളില്‍ എത്തിയിരിക്കും.

അങ്ങനെ ഒരാഴ്ച കഴിഞ്ഞു. അവിടുത്തെപ്പോലെ തന്നെ ഇവിടെയും. എഴാം ദിവസം കോന്നി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ നിന്നും കോവിഡ് ടെസ്റ്റിനു ചെല്ലണമെന്നു അറിയിച്ചു. വാഹന സൗകര്യമില്ലെങ്കില്‍ അവര്‍ അത് ഏര്‍പ്പാടാക്കി തരാമെന്നും പറഞ്ഞു.

മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ റിസള്‍ട്ട് വന്നു. നെഗറ്റീവ്- അങ്ങനെ കുഴപ്പമൊന്നുമില്ലാതെ ക്വാറന്റൈന്റെ ആ പടി കഴിഞ്ഞു. ഇനി അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകാം.
പക്ഷെ ഏവിടെപ്പോകാന്‍?
ബന്ധുമിത്രാദികളുടെ വീടുകളുടെയെല്ലാം മെയിന്‍ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്.
അങ്ങോട്ടുമിങ്ങോട്ടും വലിയ പോക്കുവരവൊന്നുമില്ല.
അമേരിക്കയിലുള്ള ഒ.സി.ഐ വിസ കാര്‍ഡ് ഹോള്‍ഡേഴ്‌സിനു വലിയ ബുദ്ധിമുട്ടില്ലാതെ കേരളത്തിലെത്താം.
ആദ്യത്തെ സ്റ്റെപ് 'വന്ദേഭാരത് മിഷനില്‍' പേര് രജിസ്റ്റര്‍ ചെയ്യുക. പിന്നീട് കാര്യങ്ങളെല്ലാം മുറപോലെ നടന്നുകൊള്ളും.

എനിക്കുവേണ്ട ട്രാവല്‍ അറേഞ്ച്‌മെന്റ്‌സ് ചെയ്തുതന്നത് ഡാളസിലുള്ള ലോസണ്‍ ട്രാവല്‍സാണ്. അതിന്റെ സി.ഇ.ഒ ബിജു, മൈലപ്രായില്‍ എന്റെ തൊട്ടയല്‍വാസിയാണ്. അനുജനെപ്പോലെ കൂടെനിന്ന് കൂടെനിന്ന് ഞാനിവിടെ വീട്ടില്‍ എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച ബിജുവിന് നന്ദി.

വാല്‍ക്കഷണം:
കൊറോണ- എന്ന വാക്കുകേട്ട നാള്‍ മുതല്‍ ഇഞ്ചി, മഞ്ഞള്‍, വെളുത്തുള്ളി എന്നിവ ചേര്‍ത്തുണ്ടാക്കിയ ചായ, നാരങ്ങാനീര് ഒഴിച്ചാണ് എനിക്ക് തരുന്നത്. എന്റെ വയറ്റില്‍ ഇപ്പോള്‍ ഒരു പക്ഷെ ഒരു ഇഞ്ചിത്തോട്ടവും, മഞ്ഞളുതോട്ടവും കാണും. 


Join WhatsApp News
Reader 2020-08-25 04:43:27
Interesting narration. So, people with OCI card can travel to India, if you have an extended vacation- because of the quartine guidelines.
josecheripuram 2020-08-25 18:19:19
When we don't see your writings we get little worried,since Corona is the Villan.The writing was very informative.Glad to know you and family is Ok.
S S Prakash 2020-09-04 01:55:35
New yorkil vannittum poyittum kandilla See you sometime soon 😷 Informative write up
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക