Image

പാമ്പും കോണിയും - നിർമ്മല - നോവൽ 19

Published on 07 November, 2020
പാമ്പും കോണിയും - നിർമ്മല - നോവൽ 19
വീട്ടിലേക്കൊന്നു പോകാൻ കൊതിച്ച നാളുകൾ അവളെ കരയിപ്പിച്ചു. സാലി കരഞ്ഞു. വീണ്ടും വീണ്ടും കരഞ്ഞു. മെറ്റേണിറ്റി ബ്ലൂസ്, ഹോർമോൺ കരയിപ്പിക്കുന്നു. മറക്കണമെന്നു കരുതിയിട്ടും സ്ഥാനത്തും അസ്ഥാനത്തും പൊങ്ങി വന്ന് തലച്ചോറിലെ തീക്കലകൾ അവളെ കണ്ണീരിൽ മുക്കിപ്പൊക്കി പിഴിഞ്ഞെടുത്തു.
കാനഡ മരത്തിൽ ഡോളർ പറിക്കാൻ പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു.
                     .....      ....      ........
        
അപ്പന് അപ്പന്റിസൈറ്റിസ് വന്നു കിടക്കുമ്പോൾ സാലി ഷാരനെ പ്രസവിച്ചതിന്റെ അവധിയിലായിരുന്നു. അപ്പൻ അവളോടു പറഞ്ഞു:
- നീ ഇവിടെ വന്നു നിക്ക് , എനിക്കൊരു കൈ സഹായത്തിന്.
രണ്ടു കുട്ടികളെയും കൊണ്ട് അവിടെ വന്നാൽ ബുദ്ധിമുട്ടായിരിക്കുമെന്ന് സാലി ചെറിയൊരു വിഷമത്തോടെ പറഞ്ഞു.
- അവന്റെ തള്ള അവിടില്യോ. മൂത്തേനെ അവരു നോക്കിക്കോളും . നീ കൊച്ചിനേംകൊണ്ടു വാ. അതു തൊട്ടി കെടന്നോളും.
അപ്പന് എല്ലാത്തിലും ഉറച്ച അഭിപ്രായവും തീരുമാനവുമുണ്ടെന്ന് അവളറിഞ്ഞു. കുഞ്ഞുമനുവിനെ ഇട്ടിട്ടു പോകാൻ കഴിയില്ലെന്ന് അവൾക്ക് അറിയാമായിരുന്നു.
അപ്പൻ അടുത്തയാഴ്ച വിളിച്ചു.
- നീ എന്നാ വരുന്നത് ? ബുക്കു ചെയ്തോ ?
അന്നു സകല ധൈര്യവും സംഭരിച്ച് അവൾ പറഞ്ഞു.
- ഞാൻ വരുന്നില്ല.
വീട്ടിലേക്കൊന്നു പോകാൻ കൊതിച്ച നാളുകൾ അവളെ കരയിപ്പിച്ചു. സാലി കരഞ്ഞു. വീണ്ടും വീണ്ടും കരഞ്ഞു. മെറ്റേണിറ്റി ബ്ലൂസ്, ഹോർമോൺ കരയിപ്പിക്കുന്നു. മറക്കണമെന്നു കരുതിയിട്ടും സ്ഥാനത്തും അസ്ഥാനത്തും പൊങ്ങി വന്ന് തലച്ചോറിലെ തീക്കലകൾ അവളെ കണ്ണീരിൽ മുക്കിപ്പൊക്കി പിഴിഞ്ഞെടുത്തു.
ആദ്യമായി സാലി നാട്ടിൽ വന്ന ദിവസവും അപ്പനു പ്രാർത്ഥിക്കാൻ പോകേണ്ട ആവശ്യമുണ്ടായിരുന്നു. എയർപോർട്ടിലെ ആയിരം കണ്ണുകളിൽ ഒന്നു പോലും അവളെ കണ്ടു വിടർന്നില്ല. ചുണ്ടുകളിലൊന്നു പോലും അവളെ നോക്കി സന്തോഷിച്ചില്ല.
അന്നായിരുന്നു താന്നിപ്പക്കത്തെ വീട്ടിലെ ഒരേയൊരു പെണ്ണിന്റെ കല്യാണം. കുഞ്ഞൂഞ്ഞ് ഉപദേശി പല മാസങ്ങളായി അവിടെ പോയി പ്രാർത്ഥിക്കുന്നതാണു പെൺകുട്ടിയുടെ കല്യാണം നടക്കാൻ. അതു സാധിച്ചതിൽ വീട്ടുകാർക്ക് ഉപദേശിയോടു കൃതജ്ഞതയുണ്ട്. കല്യാണത്തിനു വീട്ടിൽനിന്നും ഇറങ്ങുന്നതിനു മുമ്പ് പ്രാർത്ഥിക്കാൻ ഉപദേശി വേണം എന്ന് അവർ പ്രത്യേകം പറഞ്ഞിരുന്നതാണ്. അന്ന് അയാൾ അവിടത്തെ ക്ഷണിക്കപ്പെട്ട മാന്യ അതിഥിയാണ്.
സാലി ആറ് ആഴ്ചത്തേക്കാണു വരുന്നത്.  താന്നിപ്പക്കത്തെ കല്യാണം ഒരു ദിവസമേയുള്ളു. അത് ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക്. അതിട്ടിട്ട് ആ കർത്താവിന്റെ ദാസൻ തിരുവനന്തപുരത്തിനു പോകുന്നത് എങ്ങനെയാണ് ?
- ഇനി ദെവസങ്ങളു കെടപ്പില്ലിയോ. ഞാൻ പിറ്റേന്നു വരാം.
അപ്പൻ പറഞ്ഞു. സാലി എൽസിയുടെ വീട്ടിൽ നിന്നു. അപ്പന്റെ അനുഗ്രഹത്തിനു കാത്തിരിക്കുന്നവരുടെ നിരയിൽ അവസാനത്തവളായി.
സിനിമകളിലും കഥകളിലുമൊക്കെ ഒറ്റയ്ക്കു നിന്ന കുട്ടികളെ നോക്കി സാലി കരഞ്ഞു. ഭർത്താവു മരിച്ച സ്ത്രീകളോടവൾക്കത്രയ്ക്കു സഹതാപം തോന്നിയില്ല.
വരാന്തയിൽ അച്ഛനോ അമ്മയോ ഉണ്ടായിരുന്നെങ്കിലെന്നു കൊതിച്ച എല്ലാ കുട്ടികളും സാലി ആയിരുന്നു.
ജിമ്മിയുടെ ഭാര്യ ഉഷയെ കാണുമ്പോഴൊക്കെ സാലിക്ക് അസൂയ തോന്നും. ഉഷയ്ക്ക് മമ്മിയും പപ്പയുമുണ്ട്. ചെറുപ്പത്തിലെ ഫോട്ടോകളുണ്ട്. എന്തു ഭംഗിയാണ് അവളെ കാണാൻ. ചേച്ചിയും ചേട്ടനുമുണ്ട് , അനിയത്തിക്ക് പലഹാരങ്ങളും സാരിയും ജീൻസിനിണങ്ങുന്ന ടോപ്പുകളും കൊടുത്തയയ്ക്കാൻ. സാലിക്കിന്നുവരെ ആരും ഒന്നും കൊടുത്തയച്ചിട്ടില്ല. അതിന്റെ സുഖം എന്താണെന്ന് അവൾക്കറിയില്ല.
- ദേ, ചേച്ചി കൊടുത്തയച്ചത്. 
അല്ലെങ്കിൽ ചേച്ചിക്കു ഞാൻ വാങ്ങിയത്.
ജോയി അവളോടു ചോദിച്ചു:
- നിനക്കു വേണ്ടിയതങ്ങു വാങ്ങിക്കാമ്മേലേ? അതിനു ഞാൻ സമയോം കളഞ്ഞു വരണോ?
ജോയിക്ക് ബില്ലുമാത്രം മതിയായിരുന്നു. അത് അയാൾ ശ്രദ്ധയോടെ സൂക്ഷിച്ചുവെച്ചു. സാലിക്കു വേണ്ടതെല്ലാം സാലി തനിയെ നേടേണ്ടിയിരുന്നു.
                            തുടരും ...

പാമ്പും കോണിയും - നിർമ്മല - നോവൽ 19
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക