Image

പാമ്പും കോണിയും - നിർമ്മല - നോവൽ -27

Published on 02 January, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ -27
കാറ്റ് ജനലിലൂടെയും വാതിലിലൂടെയും വിടവുകൾ കണ്ടുപിടിച്ച് അകത്തു വന്നു. അവരോടു സ്വകാര്യം പറഞ്ഞു. സായിപ്പിന്റെയും മദാമ്മയുടെയും വീട്ടിലെ സ്വാതന്ത്ര്യത്തെ പുകഴ്ത്തിപ്പറഞ്ഞു. കുട്ടികൾ ആ ജീവിതം സ്വപ്നം കണ്ടു. അവരുടെ സ്വാതന്ത്ര്യത്തെ അസൂയയോടെ നോക്കി. അവരുടെ ധാരാളിത്തത്തെ ആരാധനയോടെ നോക്കി.
- സെയിൽ .... സെയിൽ ... ഡാം സെയിൽ
മനു പ്രാകി. സെയിൽ നോക്കാതെ എന്നെങ്കിലും ഒരു സാധനങ്കിലും വാങ്ങാൻ പറ്റിയെങ്കിലെന്നു കൊതിച്ചു.
- ജോലി കിട്ടിയിട്ട് ഞാൻ എല്ലാം വാങ്ങും.
അവർ ഉള്ളിൽ വീണ്ടും വീണ്ടും പറഞ്ഞു.
- വീടുവിട്ട് ദൂരെ ... ദൂരെ പോകും ,
ക്രിസ്തുമസ്സിനും ഈസ്റ്ററിനും വരില്ല.
അവർ വലുതാവാൻ അക്ഷമയോടെ കാത്തിരുന്നു. കൗമാരക്കാർ മിണ്ടാതെയായി.
കാനഡ മരത്തിൽ 
ഡോളർ പറിക്കാൻ പോയവരുടെ കഥ
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു.
      ......     .......     ......
എഴുപതുകളിൽ വാങ്ങിയ വീടിനു എൺപതുകൾ ആയപ്പോഴേക്കും ഇരട്ടി വിലയായി. ആദ്യത്തെ പത്തു വർഷംകൊണ്ട് വീടിന്റെ കടം അടച്ചുതീർക്കുന്ന പന്തയത്തിൽ മലയാളികൾ വിയർപ്പോടെ വിജയിച്ചു .അതുകൊണ്ട് വീടിനു വില കൂടിയപ്പോൾ അതു വിറ്റ് അടുത്തതു വാങ്ങാൻ എല്ലാവർക്കും ആവേശമായി. അവരുടെ സ്വപ്നങ്ങൾ കൊഴുത്തു തടിക്കാൻ തുടങ്ങിയ തങ്ങനെയാണ്.
ഒരു ലക്ഷത്തിൽ കൂടുതൽ വിലയുള്ള വീടുകൾ കൈപ്പിടിയിൽ ഒതുങ്ങുമെന്ന വിശ്വാസം സാധാരണമലയാളികൾക്കുണ്ടായി. അവർ പിരിയൻ ഗോവണിയും ടൈലും ഹാർഡ് വുഡ് തറയുമുള്ള കൂറ്റൻ വീടുകളുടെ ഉടമകളായി. നിഷ്ഠയോടെ അതിസൂക്ഷ്മമായി അവർ വീടുകൾക്കു പാറാവു നിന്നു. കസേരയും സോഫകളും ഭിത്തിയിൽ തട്ടരുതി. പ്ലാസ്റ്റിക് ആവരണങ്ങൾ, തുണി വിരിപ്പുകൾ, ചെരിപ്പുകൾ കയറി വരുന്നിടത്ത് ഊരിയിടണം. പുറത്തെ ചെളിയും അഴുക്കും അകം വൃത്തികേടാക്കരുത്. മലയാളികളുടെ വീടിന്റെ ഇടനാഴിയിൽ ചെരിപ്പുകൾ കൂടിക്കിടന്നു.
മൈക്കിൾ ജാക്സൺ മുറികളുടെ ചെകിടു പൊട്ടിച്ചു. മഡോണ ടി.വി. സ്ക്രീൻ കവച്ചുവച്ചു പുറത്തേക്കു വന്നത് അച്ഛനമ്മമാർക്ക് ഇഷ്ടമായില്ല.
- ഒരു പാട്ടുടേപ്പിനു പന്ത്രണ്ട് ഡോളറൊ ? എഴുപത്തൊമ്പതു സെന്റിന ചിക്കൻകാലു കിട്ടുമുല്ലാ !
സോണിയുടെ വാക്മാനായിരുന്നു മറ്റൊരു കൗതുകം . മനുവിന്റെ സ്വപ്നമായിരുന്നു ഒരു വാക്മാൻ. അവൻ ഡാഡിയോടും മമ്മിയോടും മാറിമാറി ചോദിച്ചു കൊണ്ടിരുന്നു. സോണിയുടെ വാക്മാൻ വിലപിടിപ്പുള്ളതാണ്. കുറച്ചുനാൾ കഴിഞ്ഞ് മറ്റു കമ്പനികൾ വില കുറഞ്ഞ മോഡലുകൾ ഇറക്കാൻ തുങ്ങിയപ്പോൾ  ഒരെണ്ണം മനുവിനും കിട്ടി. എന്നാലും ചെവിയിൽനിന്നു കുന്തമെടുക്കെന്നു പറഞ്ഞ് ഡാഡിയും മമ്മിയും അവനെ അലോസരപ്പെടുത്തി.
ടൊറന്റോയിലെ വീടുകളിലേക്കു കയറിച്ചെന്നാൽ താഴേക്കും മുകളിലേക്കും പോകാം. താഴത്തെ നില ബേസ്മെന്റ്. കുട്ടികളുടെ താവളം. അല്ലെങ്കിൽ മുതിർന്നവരിൽ നിന്നും ഒളിച്ചിരിക്കാൻ പറ്റിയ ഇടം. അവിടേക്ക് പീസയും കൊക്കകോളയും പേപ്പർ പ്ലേറ്റുകളും പോയി. അച്ഛനമ്മമാരുടെ ലോകത്തിനു പുറത്ത് പ്രത്യേകം പണിതൊരിടത്ത് അവർ ഒന്നിച്ചു കൂടി. അവിടെയവർ സ്വന്തം തൊണ്ടിനു പുറത്തു വന്നു. ചിലപ്പോൾ മുതിർന്നവരെ പരിഹസിച്ചു.
- ചിക്കൻ കാല് പാട്ടുപാടുമോ ..?
മൈക്കിൾ ജാക്സണിന്റെ മൂൺവോക്ക് മലയാളികൾക്കു ചിരിക്കു വക നൽകി. ബില്ലി ജീനിന്റെ കുട്ടി അവന്റേതാണെന്നും അല്ലെന്നും അവർ തർക്കിച്ചു. കുട്ടികൾ പോപ് - കൾച്ചർ അനുകരിക്കാൻ ശ്രമിച്ചു നോക്കി. ബേസ്മെന്റിൽ അവർ മൈക്കിൾ ജാക്സണായി. മലയാളി പരിപാടികളിൽ മൂൺ വോക്ക് ചെയ്യാൻ പലരും ധൈര്യം കാണിച്ചു. മനു നിറഞ്ഞ കൗതുകത്തോടെ അത് കണ്ടിരുന്നു.
മനുവും കൂട്ടുകാരും കൈലിയും ബെനിയനും തലയിൽ തോർത്തിന്റെ കെട്ടുമായി പെണ്ണാളെ പെണ്ണാളെ പാട്ടിനൊപ്പം ഡാൻസുകളിച്ചു പെൺകുട്ടികളും പഴയ മലയാളം സിനിമാഗാനങ്ങൾക്കനുസരിച്ച് അമ്മമാർ ചിട്ടപ്പെടുത്തിയ ഡാൻസുകൾ അവതരിപ്പിച്ചു. ബെൽബോട്ടവും കൃതാവുമായി പുരുഷന്മാർ സ്റ്റേജിൽ പാട്ടുപാടി. അവർ കാലത്തെ, യൗവ്വനത്തെ , നാടിനെ , നഷ്ടപ്പെട്ടതിനെയെല്ലാം തിരികെപ്പിടിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
മഞ്ഞുവീണ് റോഡും പറമ്പും തിരിച്ചറിയാൻ വയ്യാത്തവിധമായിരുന്നു. നവംബറിൽ തുടങ്ങുന്ന തണുപ്പ് ഡിസംബർ ആയതോടെ സ്വെറ്ററും കോട്ടുമിട്ടാലും ഉള്ളിലേക്കു കുത്തിക്കയറി. വടക്കു നിന്നും കാറ്റുവന്നു. ചെവിയെയും മൂക്കിന്റെ തുമ്പിനെയും അങ്ങനെ പുറത്തു കാണുന്ന ശരീരഭാഗങ്ങളെയൊക്കെ ശീതക്കാറ്റ് മരവിപ്പിച്ചു കളയും. ധ്രുവക്കാറ്റ് തണുപ്പിച്ചും മരവിപ്പിച്ചും കളിച്ചു രസിച്ചു. തീരെ രസിക്കാതെ മലയാളികൾ തണുപ്പിനെ പ്രാകി. മത്തിനെ ശപിച്ചു. സമ്മർ വരാൻ കാത്തുകാത്തിരുന്നു.
അവർക്കു പള്ളി വേണമെന്നു തോന്നി. ഞായറാഴ്ച രാവിലെയും എഴുന്നേറ്റു ജോലിക്കു പോകുന്നതു ശരിയല്ലെന്നു മനസ്സിലോർത്തു. പക്ഷേ, അവധി ദിവസങ്ങളിളിൽ ജോലി ചെയ്യുന്നതാണു ലാഭം. ഇരട്ടി ശമ്പളമാണതിന്. ഒരാഴ്ച ഉണ്ടാക്കുന്നത്രയും രണ്ടു ദിവസം കൊണ്ടുണ്ടാക്കാം. എന്തിനാണു രണ്ടവധി ദിവസം ?
വീട്ടുപണി എന്തു പണി? നാട്ടിലെ ബുദ്ധിമുട്ടോർക്കുമ്പോൾ ഇതൊന്നും പണിയല്ലല്ലോ. വെള്ളം കോരേണ്ട . തുണി അടിച്ചലക്കേണ്ട. പുറത്തു വിരിച്ച് മഴ കൊള്ളാതെ നോക്കി ഉണക്കി എടുക്കേണ്ട.
മനുവും വല്ലപ്പോഴുമൊക്കെ ഷാരനും അടികൊണ്ടു വളർന്നു.
- തല്ലി ഞാൻ...!
സ്കൂളിലും പലപ്പോഴും അവർ മറ്റു കുട്ടികളുടെ അടികൊണ്ടു. അല്ലെങ്കിൽ പരിഹാസത്തിന്റെ അടി. ഉള്ളിയുടെയും മസാലയുടെയും കരിഞ്ഞ എണ്ണയുടെയും മണം ഇന്ത്യൻ കുട്ടികളോടൊപ്പം അവരുടെ ഉടുപ്പിലും കോട്ടിലും കയറി ചുറ്റി നടന്നു. സായിപ്പൻ കുട്ടികൾ കൂട്ടം കൂടിനിന്ന് കൂവിയാർത്തു.
- യൂ സ്റ്റിങ്
- സ്റ്റിങ്ങീ ...സ്റ്റിങ്ങീ..
അവരുടെ അമ്മമാരുടെ വസ്ത്രത്തെ സാറി .. സാറീ...സോറി...സോറീ.. എന്നു വിളിച്ചാർത്തു. അവരുടെ പുസ്തകങ്ങളിൽ കുത്തിവരച്ചും പാക്കിയെന്നു വിളിച്ചും സായിപ്പൻ കുട്ടികൾ രസിച്ചു.
- യൂ ഹാവ് ഒൺലി വൺ പെയർ ഓഫ് ഷൂസ് ?
- വൈ ഡു യൂ വെയർ വിയേർഡ് ക്ലോത്‌സ്?
ചോദ്യങ്ങളുടെ മൂർച്ച ആത്മാഭിമാനത്തെ കുത്തിക്കീറി കുടൽമാലയെടുത്തു. സായിപ്പൻ കുട്ടികളുടെ വിലപിടിപ്പുള്ള ബാഗുകളും പെൻസിലും ഷൂസും ഷർട്ടുകളും നോക്കി കുടിയേറ്റക്കുട്ടികൾ നിശ്ചലരായ് നിന്നു.
- ജോലി കിട്ടുമ്പോൾ ഞാൻ നല്ല ഷൂസു വാങ്ങും.
- ബോളു വാങ്ങും.
സായിപ്പൻ കുട്ടികൾ സ്കൂളിൽ കൊണ്ടുവന്ന മോൾ പാക്കികൾക്കു കളിക്കാനുള്ളതല്ലെന്നു പറഞ്ഞ് അവരെ ഒറ്റപ്പെടുത്തി. മാർക്കു കുറയുമ്പോൾ ഡാഡി മാരും മമ്മിമാരും ഉച്ചത്തിൽ വഴക്കു പറഞ്ഞു.
പെണ്ണുങ്ങൾ ഓൾ മൈ ചിൽഡ്രനും സൈനസ്റ്റിയും കാണാൻ പഠിച്ചു. ലിസ്ഥലത്തെ ചർച്ചയാണ് അവരെ അതിലേക്കു തിരിച്ചത്. ആദ്യം എല്ലാം ബോറായിത്തോന്നി. പലതും മനസ്സിലായതുമില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവർ കഥയിലേക്ക് അലിഞ്ഞുചേർന്നു. അതിലെ വലിയ വീടുകൾ അലങ്കരിച്ചിരിക്കുന്നതു പോലെ ചിലരൊക്കെ വീടുകൾ അലങ്കരിച്ചു പക്ഷേ, പലരും അതിനു പണം കളയുന്നതിന്റെ വിഡ്‌ഢിത്തത്തെ പരിഹസിച്ചു. ഉള്ളിൽ അസൂയപ്പെടുകയും ചെയ്തു.
ഈ നോർത്ത് അമേരിക്കൻ സ്റ്റൈലുകളൊക്കെ വെറുതെ കോപ്പിയടിക്കുകയാണെന്നും അതിലൊന്നും ഒരർത്ഥവും ഇല്ലെന്നും വീമ്പു പറഞ്ഞു. ബൈ - വേയിൽ ഒരു ഡോളറിനു കിട്ടുമായിരുന്നെങ്കിൽ ഇതുപോലെ പത്തെണ്ണം വാങ്ങി വീട്ടിൽ വെക്കുമായിരുന്നല്ലോ എന്ന് പണം മുടക്കി വീടലങ്കരിച്ചവർ ഉള്ളിൽ മറുപടിപറഞ്ഞു.
എന്നിട്ടും തമ്മിൽ കാണുമ്പോൾ സഹോദരങ്ങളെപ്പോലെ സ്നേഹത്തിൽ സംസാരിക്കുകയും പരസ്പരം പുകഴ്ത്തുകയും ചെയ്തു. ഒരാൾ വീട്ടിൽ വന്നു പോയാലുടനെ അവരുടെ കുറ്റം പറയുന്നത് വെള്ളം കുടിക്കുന്നതുപോലെ ഒരാവശ്യമായിരുന്നു പലർക്കും. കുട്ടികൾക്ക് അതു കേൾക്കുമ്പോൾ ആദ്യം രസവും വളർന്നു കഴിഞ്ഞപ്പോൾ പുച്ഛവും തോന്നി.
- പ്രാകടീസ് വാട്ട് യൂ പ്രീച്ച്
ചില തന്റേടക്കാരൊക്കെ അവരുടെ ഡാഡിമാരോടും മമ്മിമാരോടും പറഞ്ഞതു കേട്ട് ഭിത്തികൾ പോലും വിറച്ചു പോയി...
മമ്മിമാരെ തല്ലുന്ന ഡാഡി മാർ അത്ര കുറവില്ലാതെ വടക്കേ അമേരിക്കയിലും ഉണ്ടായി. പക്ഷേ, അതൊന്നും പുറത്തു പറയരുതെന്ന് കുട്ടികൾക്ക് അറിയാമായിരുന്നു. അവർ മുറികളിലിരുന്ന് നിശ്ശബ്ദം കരഞ്ഞു. എങ്ങനെ രക്ഷപ്പെടണം എന്നറിയാതെ പുസ്തകത്തിനു  മുന്നിലിരുന്നു സ്വപ്നം കണ്ടു.
കാറ്റ് ജനലിലൂടെയും വാതിലിലൂടെയും വിടവുകൾ കണ്ടുപിടിച്ച് അകത്തു വന്നു. അവരോടു സ്വകാര്യം പറഞ്ഞു. സായിപ്പിന്റെയും മദാമ്മയുടെയും വീട്ടിലെ സ്വാതന്ത്ര്യത്തെ പുകഴ്ത്തിപ്പറഞ്ഞു. കുട്ടികൾ ആ ജീവിതം സ്വപ്നം കണ്ടു. അവരുടെ സ്വാതന്ത്ര്യത്തെ അസൂയയോടെ നോക്കി. അവരുടെ ധാരാളിത്തത്തെ ആരാധനയോടെ നോക്കി.
- സെയിൽ .... സെയിൽ ... ഡാം സെയിൽ
മനു പ്രാകി. സെയിൽ നോക്കാതെ എന്നെങ്കിലും ഒരു സാധനങ്കിലും വാങ്ങാൻ പറ്റിയെങ്കിലെന്നു കൊതിച്ചു.
- ജോലി കിട്ടിയിട്ട് ഞാൻ എല്ലാം വാങ്ങും.
അവർ ഉള്ളിൽ വീണ്ടും വീണ്ടും പറഞ്ഞു.
- വീടുവിട്ട് ദൂരെ ... ദൂരെ പോകും ,
ക്രിസ്തുമസ്സിനും ഈസ്റ്ററിനും വരില്ല.
അവർ വലുതാവാൻ അക്ഷമയോടെ കാത്തിരുന്നു. കൗമാരക്കാർ മിണ്ടാതെയായി.
ടീച്ചർമാരുടെ കണ്ണിലും വേർതിരിവ് അവർ കണ്ടു. ചിറ്റമ്മനയം പല കാര്യങ്ങളിലുമുണ്ടായി. പക്ഷേ, എങ്ങനെയാണ് നേരിടേണ്ടതെന്ന് അറിയാതെ അവർ ഉൾവലിഞ്ഞു. പഠിത്തത്തിൽ മുഴുകി നല്ല മാർക്കു വാങ്ങി. എന്നാൽ ഉച്ചത്തിലെന്തെങ്കിലും പറയാതെ അവരൊക്കെ ഒതുങ്ങിനടന്നു. അർഹിക്കാത്ത ഒരിടത്തു വന്നുപെട്ടതുപോലെ. ആത്മവിശ്വാസവും ആഹ്ളാദത്തിമിർപ്പും മലയാളികൾ കൂടുന്നിടത്തു മാത്രമായി.
പുരുഷന്മാർ കൊഴുത്ത മദാമ്മമാരെ ഒളികണ്ണു കൊണ്ടു നോക്കി. പെണ്ണുങ്ങൾക്ക് സായിപ്പൻ മാരൊക്കെ എത്ര നല്ല മനുഷ്യരാണെന്നു തോന്നി.
അതൃപ്തിയും വിരസതയും മറച്ചുപിടിച്ച് നല്ല കുടുംബ ജീവികളായി. മലയാളി അസ്സോസിയേഷനുകൾ മുളച്ചുപൊന്തി. അവിടെ പുരുഷന്മാർ സംസാരിച്ചു പുരുഷന്മാർ ഭരിച്ചു. സ്ത്രീകൾ മേശവിരി ചുളിവില്ലാതെ വിരിച്ച് അതിനു മുകളിൽ പുക്കുട വെച്ചു. പിന്നെ ഭക്ഷണം വിളമ്പി , പാത്രങ്ങൾ അടുക്കിവെച്ചു. കേരളത്തെ അമേരിക്കയിലേക്കു പറിച്ചു നടേണ്ടേ?
അപ്പോഴും കേരളത്തിൽ ബെൽ ബോട്ടവും കൃതാവും ഒട്ടിനിന്നു .
                          തുടരും ..
പാമ്പും കോണിയും - നിർമ്മല - നോവൽ -27
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക