Image

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

Published on 07 May, 2021
ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?
ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധിയുടെ പേരിൽ  ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തുന്നതിനും സ്വന്തം  പ്രതിച്ഛായ ഉയർത്തുന്നതിനുമായി പ്രചാരണം നടത്തുന്നതായി റിപ്പോർട്ട്.

ബൈഡൻ  ഭരണകൂടം ഇന്ത്യയ്ക്ക് പിന്തുണ നൽകിയതിനുശേഷവും,  ചൈന ആ  സഹായം  നിലവാരമില്ലാത്തതും കപടവുമാണെന്ന്  വരച്ചുകാട്ടാനുള്ള ശ്രമത്തിലാണെന്നും യു എസിന്റെ നീക്കങ്ങൾ  സ്വാർത്ഥലക്ഷ്യങ്ങൾ പുലർത്തിക്കൊണ്ടാണെന്ന്  അവർ പ്രചരിപ്പിക്കുന്നുണ്ടെന്നും ജർമ്മൻ മാർഷൽ ഫണ്ടിൽ നിന്നുള്ള റിപ്പോർട്ടിൽ ഗവേഷകർ എഴുതി.

ചൈനയുടെ വിദേശകാര്യ മന്ത്രാലയം ദൈനംദിന പത്രസമ്മേളനങ്ങളിൽ ഇന്ത്യയ്ക്ക് ചൈനീസ് സഹായം നൽകുന്നത്  ഉയർത്തിക്കാട്ടുന്നു. ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരും  കമ്മ്യൂണിസ്റ്റ്-പാർട്ടിയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഇന്ത്യയുടെ ദൈന്യത വെളിപ്പെടുന്ന തരത്തിലെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നുമുണ്ട്.

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ചിത എരിയുന്ന ചിത്രത്തോടൊപ്പം ചൈനയുടെ റോക്കറ്റ് വിക്ഷേപണ ചിത്രം 'ചൈനീസ് ഇഗ്നിഷൻ വേഴ്സസ് ഇന്ത്യൻ ഇഗ്നിഷൻ' എന്ന തലക്കെട്ടോടെ പങ്കുവച്ചും ചൈന ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ചു. വിമർശനങ്ങൾ ഉയർന്നതോടെ ആ  പോസ്റ്റ് നീക്കംചെയ്‌തു. ( ആ  റോക്കറ്റ് ആണെന്ന് തോന്നുന്നു ഇപ്പോൾ താഴേക്കു പഠിക്കുകയാണ്. ഇവിടെ വീഴുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വൈറസ് ചൈനയിലാണ് ഉണ്ടായതെന്നതും അവർ മറക്കുന്നു)

'ചൈന വളരെ കൃത്യതയോടെയാണ് കരുക്കൾ നീക്കുന്നത് , 'ജർമ്മൻ മാർഷൽ ഫണ്ടിന്റെ ജനാധിപത്യ നയ സംരക്ഷണ  ഗവേഷണത്തിന്റെ മേധാവി  ജെസീക്ക ബ്രാൻഡ് അഭിപ്രായപ്പെട്ടു.

ദൈന്യതയുടെ ചിത്രങ്ങൾ പങ്കുവച്ച് അപകീർത്തിപ്പെടുത്തിക്കൊണ്ട് ഒരുവശത്ത്  ഇന്ത്യയോട്  പ്രതികാരം തീർക്കുന്നതോടൊപ്പം തന്നെ, സഹായം എത്തിച്ചുതരുന്ന സുഹൃത്തിന്റെ മേലങ്കി അണിഞ്ഞ് കൗശലത്തോടെയാണ് ചൈന കളിക്കുന്നതെന്ന് അവർ വിലയിരുത്തി.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട യുഎസ് ബ്രാൻഡായതിനാൽ ഫൈസർ വാക്സിനാണ് ഡിമാൻഡ്. യു.എസ്. അനുമതി നൽകാത്ത ആസ്ട്രാസെനെക്ക വാക്സിനുകൾ മാത്രമാണ് അമേരിക്ക പങ്കിടാൻ തയ്യാറാകുന്നതെന്ന് കാർട്ടൂണുകളിലൂടെ ചൈന പരിഹസിക്കുന്നു.

യുഎസിൽ ഉപയോഗ അനുമതി ലഭിക്കാത്ത ആസ്ട്രാസെനെക്ക വാക്സിന്റെ  60 മില്യൺ ഡോസുകൾ വരെ മറ്റ് രാജ്യങ്ങളുമായി പങ്കിടാമെന്നാണ്  ബൈഡൻ ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുള്ളത്. കോവിഡ് വാക്‌സിനുകൾക്കുള്ള പേറ്റന്റ്  സംരക്ഷിക്കുന്നതിനുള്ള യുഎസ് നിലപാടും ബുധനാഴ്ച നീക്കം ചെയ്തു.

'കഴിയുന്നത്ര വേഗത്തിൽ സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ ലഭ്യമാക്കുക എന്നതാണ് അഡ്മിനിസ്ട്രേഷന്റെ ലക്ഷ്യം. അമേരിക്കൻ ജനതയ്ക്കുള്ള വാക്സിൻ വിതരണം പൂർത്തിയാകുമ്പോൾ , വാക്സിൻ നിർമ്മാണവും വിതരണവും വിപുലീകരിക്കുന്നതിനായി അഡ്മിനിസ്ട്രേഷൻ സ്വകാര്യ മേഖലയുമായും സാധ്യമായ എല്ലാ പങ്കാളികളുമായും തുടർന്ന്  പ്രവർത്തിക്കും. വാക്സിനുകൾ നിർമ്മിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ വർദ്ധിപ്പിക്കുന്നതിനു വേണ്ടിയും  പ്രവർത്തിക്കും. ' യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് പ്രതിനിധി കാതറിൻ തായ് പറഞ്ഞു.

കോവാക്സ് എന്ന ആഗോള ക്യാമ്പെയ്‌ന് യു എസ് ബില്യൺ ഡോളറുകളുടെ പിന്തുണ നൽകിയിട്ടുണ്ട്. ജനാധിപത്യ വിരുദ്ധ രാജ്യങ്ങൾ ഒന്നുചേർന്ന് യുഎസിനെയും ഇന്ത്യയെയും പോലുള്ള രാജ്യത്തെക്കുറിച്ച് ദുഷ്പ്രചാരണങ്ങൾ നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.

'കൊറോണ വൈറസ് പ്രതിസന്ധിയെ ചുറ്റിപ്പറ്റിയുള്ള വിവരണങ്ങൾ തരംതിരിക്കാനും പ്രതിസന്ധിയോടുള്ള വിവിധ രാജ്യങ്ങളുടെ  പ്രതികരണം ചിത്രീകരിക്കാനും കഴിഞ്ഞ ഒരു വർഷമായി ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങൾ  നടത്തുന്ന ശ്രമങ്ങൾ ഞങ്ങൾ നിരീക്ഷിച്ചു,  തെറ്റായ വിവരങ്ങൾ  ഉപയോഗിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും മറ്റ് ലിബറൽ ഡെമോക്രസികളുടെയും പ്രതിച്ഛായ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം,' ഗവേഷകർ അഭിപ്രായപ്പെട്ടു.
------------
ന്യൂയോര്‍ക്ക്: താഴേക്കു പതിക്കുന്ന ചൈനീസ് റോക്കറ്റ് ലോംഗ് മാര്‍ച്ച് 5 ബി  സമുദ്രത്തില്‍ പതിക്കുമെന്നാണ് കരുതുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയില്‍ വീഴുമെന്നാണ് കരുതുന്നത് 

'ആരെയും ഉപദ്രവിക്കാത്ത ഒരിടത്ത് -സമുദ്രത്തില്‍, അല്ലെങ്കില്‍ അതുപോലെയുള്ള മറ്റെവിടെങ്കിലും- അത് പതിക്കുമെന്ന്  പ്രതീക്ഷിക്കുന്നു.'

ലോംഗ് മാര്‍ച്ച് 5 ബി   ജനവാസമേഖലയില്‍ പതിക്കുമെന്ന് യുഎസ് സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങള്‍ക്കാണ്  മുന്നറിയിപ്പ് നല്‍കിയത്.  എന്നാൽ നിലവിൽ ആശങ്കാജനകമായ സാഹചര്യമല്ലെന്നാണ് അനുമാനം.

സെക്കന്‍ഡില്‍ നാല് മൈലില്‍ കൂടുതല്‍ വേഗത്തിലാണ്  റോക്കറ്റിന്റെ പതനം. ചൈനയുടെ വരാനിരിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യത്തെ നിര്‍മാണ ബ്ലോക്കായ ടിയാന്‍ഹെയെ ഭ്രമണപഥത്തിലെത്തിക്കാനാണ് ലോംഗ് മാര്‍ച്ച് റോക്കറ്റ് 5 ബി ചൈന വിക്ഷേപിച്ചത്
see also
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക