Image

ഉള്ളി മൂപ്പിച്ചതും, മൊളക് വർത്ത പുളീം, ഒരു പൂള് ഉപ്പുമാങ്ങയും (മൃദുമൊഴി 11: മൃദുല രാമചന്ദ്രൻ)

Published on 05 June, 2021
ഉള്ളി മൂപ്പിച്ചതും, മൊളക് വർത്ത പുളീം, ഒരു പൂള് ഉപ്പുമാങ്ങയും (മൃദുമൊഴി 11: മൃദുല രാമചന്ദ്രൻ)

വൈകുന്നേരം വിളക്ക് വച്ചു കഴിഞ്ഞ്, അടുക്കളയിൽ നിന്ന് പാത്രം തട്ടുന്ന ഒച്ച കേട്ടാൽ ഒരു കാര്യം ഉറപ്പാണ്-ഉച്ചക്ക് ഉണ്ടാക്കിയ കൂട്ടാൻ ഒന്നുകിൽ തീർന്നു, അല്ലെങ്കിൽ കഷ്ടിയാണ്. എന്തോ ഒരു 'തട്ടു മുട്ടു' കറി തിടുക്കത്തിൽ, അത്താഴത്തിന് ഒരുക്കാനുള്ള പുറപ്പാടാണ് അമ്മ.

വലിയ അരയ്ക്കലും, വറുക്കലും, വഴറ്റലും ഒന്നുമില്ലാതെ ഇത്തിരി നേരത്തിൽ ഒരുങ്ങുന്ന ഈ കുഞ്ഞു കറികളും കൂട്ടി അത്താഴം ഉണ്ണാൻ നല്ല സ്വാദ് ആണ്.

കടുകും, മുളകും പൊട്ടിച്ചു അതിലേക്ക് പുളി വെള്ളം പിഴിഞ്ഞു ചേർത്ത് ഉണ്ടാക്കുന്ന "മുളക് വറുത്ത പുളി"യും, വറുത്ത ഉണക്ക മീനും , കൊണ്ടാട്ടം മുളകും,കടുമാങ്ങയും ചേർത്ത് അത്താഴം കഴിക്കുമ്പോൾ, പുറത്ത് മഴ ഇങ്ങനെ ആർത്തു പെയ്യുന്നുണ്ടാകണം.വയറു നിറച്ചും കഴിച്ചു, നിലത്ത് വിരിച്ച പഞ്ഞിക്കിടക്കയിൽ, പുതപ്പിന് ഉള്ളിൽ ചുരുണ്ട് കൂടുമ്പോൾ,ഓടിന്റെ ഇടയിലൂടെ ഒരു തുള്ളി മഴവെള്ളം ദേഹത്ത് വീഴണം.

നാലു ചെറിയ ഉള്ളിയും, മുറ്റത്ത് നിന്ന് പൊട്ടിച്ച പച്ച കാന്താരി മുളകും,കല്ലുപ്പും,പുളിയും കൂട്ടി അമ്മിയിൽ വച്ചു ഒന്ന് ചതച്ചു, ഇത്തിരി പച്ച വെളിച്ചെണ്ണ മുകളിൽ ഒഴിച്ചു, ചുട്ട പപ്പടവും കൂട്ടി കുടിക്കാൻ കുത്തരി കഞ്ഞി വേണം..കൂടെ ഒരു കുഞ്ഞു പനി കൂടെ ഉണ്ടെങ്കിൽ,കാന്താരി ചമ്മന്തിയുടെ എരിവ് നീറുന്ന ചുണ്ടും കടിച്ചു പിടിച്ച്, പനിക്ക് മാത്രം തരാൻ കഴിയുന്ന ചില മനോരാജ്യങ്ങൾ കണ്ട് ഉറങ്ങാം.

നല്ല നാടൻ കോഴിമുട്ട, ഉള്ളിയും, മുരിങ്ങയിലയും,ഒരു കൈപ്പിടി ചിരവിയ നാളികേരവും ചേർത്ത് പൊരിച്ചു എടുത്തതിന്റെ കൂടെ, ഉച്ചക്ക് ബാക്കി വന്ന പരിപ്പ്-മുരിങ്ങക്ക-മാങ്ങ-ചക്കക്കുരു കൂട്ടാൻ ഉണ്ടെങ്കിലാണ് കുശാൽ.ഉണ്ട് കഴിയുന്ന വരെ കിണ്ണത്തിന്റെ മൂലക്ക് മാറ്റി വച്ച മുട്ട കഷണം ,വിളമ്പിയപ്പോഴേ തന്റെ ഭാഗം തിന്ന് തീർത്ത അനിയനെ കാണിച്ചു കൊതിപ്പിച്ചു കഴിക്കുന്നതിൽ ആണ് അതിന്റെ ഒരു പൂർണത.

ഞൊടി നേരം കൊണ്ട് ഒരു പിടി ഉള്ളി നേരാക്കി, അതൊന്ന് ചതച്ചു, കുറച്ച് ഉപ്പിട്ട്, ധാരാളം വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി മൂപ്പിച്ചു  മൊരിഞ്ഞു വരുമ്പോൾ , ഒരു തുണ്ട് മുളക് പൊടി ചേർത്ത് ചോപ്പിച്ചു എടുക്കുന്ന "ഉള്ളി മൂപ്പിച്ചത്" ഫൈവ് സ്റ്റാർ ഐറ്റം ആയിരുന്നു. ഉള്ളി പൊളിക്കാനുള്ള മിനക്കേട് കൊണ്ട് അത് എപ്പോഴും കുറച്ചേ ഉണ്ടാക്കൂ. അത് കൊണ്ട് ഇന്നോളം മതിയായിട്ടില്ല.

സബോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി -ഈ അഞ്ചു പേരും കൂടി മുളകു പൊടിയും  ചേർന്ന് എണ്ണയിൽ കിടന്ന് വാടുമ്പോൾ, നടപ്പുരയിൽ ഇരുന്ന് കണക്കും, ഊർജതന്ത്രവും പഠിക്കുന്നവർക്ക് വിശക്കും.ചോറും , മോര് കൂട്ടാനും, തക്കാളി വാട്ടിയതിനും മുന്നിൽ വേറെ എന്ത് ഊർജതന്ത്രം, രസതന്ത്രം?

നാക്കിൽ വെള്ളം വരുത്തുന്ന ഓർമ രുചിയുടെ തുമ്പും പിടിച്ചു ചെന്ന് ഇതൊക്കെ ഉണ്ടാക്കാറുണ്ട് ഇപ്പോഴും....

പക്‌ഷേ അമ്മ ഉണ്ടാക്കി തരാത്തത് കൊണ്ടാകാം, പേരിന് പോലും ഒന്നു പനിച്ചിട്ട് പത്ത് വർഷത്തിൽ അധികം കഴിഞ്ഞത് കൊണ്ടാകാം,ഓടി കേറി വന്ന് തൊട്ട് നോക്കി പോകാൻ മഴക്ക് ഓടിട്ട വീട് ഇല്ലാത്തത് കൊണ്ടായിരിക്കാം അന്നത്തെ രുചി ഇല്ല ഒന്നിനും....

അല്ലെങ്കിൽ കുട്ടിയല്ലാതെ ആയി പോയത് കൊണ്ടുമാകാം!


ഉള്ളി മൂപ്പിച്ചതും, മൊളക് വർത്ത പുളീം, ഒരു പൂള് ഉപ്പുമാങ്ങയും (മൃദുമൊഴി 11: മൃദുല രാമചന്ദ്രൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക