Image

സിൻഡ്രല്ല (അംബിക മേനോൻ, മിന്നാമിന്നികൾ - 4)

Published on 09 June, 2021
സിൻഡ്രല്ല (അംബിക മേനോൻ, മിന്നാമിന്നികൾ - 4)

രണ്ടു ദിവസമായി ഞാനിവിടെ തിരുവനന്തപുരത്ത്, പേരക്കുട്ടികളുടെ കൂടേയാണ്. വൈകുന്നേരമായാൽ ഇവിടെ ബാൽക്കണിയിൽ ഇരിക്കാൻ നല്ല സുഖാ.., നല്ല കുളിർ കാറ്റ്..., ചൂട് കുറവാണ്. താഴെ നിന്നും വളർന്ന് വലുതായി പന്തലിച്ചു നിൽക്കുന്ന ഒരു മാവിന്റെ ചില്ലകൾ ബാൽക്കണിയിലേക്ക് എത്തി നോക്കി നിൽപ്പുണ്ട്. അവയിൽ കുലകുലയായി നിറയെ മാങ്ങ ഉണ്ടായി നിൽക്കുന്നുണ്ട്, കയ്യെത്തിച്ചാൽ പൊട്ടിക്കാനാകും. സന്ധ്യാസമയത്തെ ഇളം കാറ്റിൽ ടപ് ...  ടപ് ..ന്ന് മൂന്നു നാല് മാങ്ങകൾ ടെറസ്സിൽ വീണു.

അപ്പുവും അമ്മുവും താഴെ, മുറ്റത്ത് മറ്റു കുട്ടികളുടെ കൂടെ കളിച്ചു കൊണ്ടിരിക്കയാണ്.
കളി കഴിഞ്ഞു വന്നാൽ ദേവൂട്ടിയുടെ കഥ പറയണമെന്നാ ഓർഡർ!

"അമ്മൂമ്മേ.., ഞങ്ങൾ വന്നൂ "

"വേഗം പോയി കുളിച്ചു വരൂ "

"ഓ.. കെ.., ഞങ്ങൾ ദാ വന്നു ".

രണ്ടു പേരും കുളി കഴിഞ്ഞ് വന്ന് ഞാനിരിക്കുന്ന ചൂരൽ കസേരയുടെ രണ്ട്  വശത്തുമായി സ്ഥാനമുറപ്പിച്ചു.

"ങ്ഹാ.. ഇനി അമ്മൂമ്മ കഥ പറഞ്ഞോളൂ". അപ്പു

" ദേവൂട്ടി നാലാം ക്ലാസ്സ് വരെ ചേച്ചമ്മയുടെ സ്കൂളിലാ പഠിച്ചെന്നല്ലേ പറഞ്ഞത്...? അഞ്ചാo ക്ലാസ്സുമുതൽ എവിടേയാ പഠിച്ചത്...?"

"അതോ.., അഞ്ചാം ക്ലാസ്സ് മുതൽ ദേവൂട്ടീ കുഞ്ഞേച്ചിയും ഏട്ടനും പഠിച്ചിരുന്ന ഹൈസ്കൂളിലേക്ക് മാറി.
വലിയ സ്കൂൾ..! ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ..!
എല്ലാ ക്ലാസ്സുകളും നാല്  സെക്ഷൻ ഉണ്ട്. എ , ബി  സെക്ഷൻ ആൺകുട്ടികൾക്കും സി , ഡി പെൺകുട്ടികൾക്കും. ദേവൂട്ടി അഞ്ച് ഡിയിൽ ആയിരുന്നു.

കുഞ്ഞേച്ചി എട്ടിലും ഏട്ടൻ പത്തിലുമായിരുന്നു പഠിച്ചിരുന്നത്.

കുഞ്ഞേച്ചിയുടെ കയ്യും പിടിച്ച് ആദ്യമായി ഇത്രയും വലിയ സ്കൂളിൽ ചെന്നപ്പോൾ ദേവൂട്ടി അത്ഭുതപ്പെട്ടു.
ചേച്ചിയുടെ കൂട്ടുകാർ വന്ന് ദേവൂട്ടിയുടെ കവിളിൽ തലോടിക്കൊണ്ട് ഉണ്ടപ്പക്കുടുന്ന് വിളിച്ചു.

ടീച്ചർമാർക്കും മറ്റു കുട്ടികൾക്കും ഒക്കെ ദേവൂട്ടിയെ വലിയ ഇഷ്ടമായി. ദേവൂട്ടി തരക്കേടില്ലാതെ പഠിക്കുമായിരുന്നു. എങ്കിലും ആദ്യത്തെ പരീക്ഷയിൽ അഞ്ചാമനാകാനെ കഴിഞ്ഞുള്ളൂ.

പ്രോഗ്രസ്സ് റിപ്പോർട്ടിൽ മാലതി ടീച്ചറുടെ കമന്റ്, "പഠിക്കാൻ മിടുക്കിയാണ്, ഒന്നു കൂടെ ശ്രദ്ധിച്ചാൽ ഒന്നാമനാകാൻ കഴിയും".

അതും കൊണ്ട് വീട്ടിലെത്തിയപ്പോൾ അല്പം വിഷമമുണ്ടായിരുന്നു. അച്ഛന്റെ ഒപ്പ് വാങ്ങണം, അടുത്തു പോയി റിപ്പോർട്ട് കാണിച്ചു കൊടുത്തു.

" ഉം... കുട്ടിക്കെന്താ പറ്റ്യേ...! മിടുക്കിയാണല്ലോ പഠിക്കാൻ.., ന്നിട്ടെന്തേ ഒന്നാമനാകാഞ്ഞത്.."?

ദേവൂട്ടി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.

"സാരല്യ..., അടുത്ത പരീക്ഷക്ക് ഒന്നാമനാകണം ട്ടൊ" എന്ന് പറഞ്ഞ് റിപ്പോർട്ട് ഒപ്പിട്ടു കൊടുത്തു.

"പോയി ചേച്ചമ്മക്ക് കാണിച്ചു കൊടുക്കു". എന്ന് പറഞ്ഞു.

റിപ്പോർട്ട് കൊണ്ടുപോയി ചേച്ചമ്മയെ കാണിച്ചു.

"എന്ത് പറ്റീ.. ന്റെ കുട്ടിക്ക്..! കളി കൂടുന്നുണ്ടോ..? വലിയ സ്കൂളിലായപ്പോൾ പഠിക്കാൻ മോശമായോ..?", ചേച്ചമ്മ ചോദിച്ചു.

ദേവൂട്ടിക്ക് അത് കേട്ടപ്പോൾ വിഷമം തോന്നി. പിന്നെ ഉറച്ച ഒരു തീരുമാനമെടുത്ത പോലെ പറഞ്ഞു, "അരക്കൊല്ല പരീക്ഷക്ക് ഞാൻ ഒന്നാം സ്ഥാനത്തെത്തും, ചേച്ചമ്മ നോക്കിക്കോളൂ..!"

ചേച്ചമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു, "മിടുക്കി.., അങ്ങിനെത്തന്നെ വേണം".

പിന്നേയുള്ള പരീക്ഷകളിലെല്ലാം ദേവൂട്ടി തന്നേയായിരുന്നു ഒന്നാമൻ..!

പിന്നെ ഒരു കാര്യം അറിയണോ.....!

ക്ലാസ്സിലെ ഏറ്റവും പൊക്കം കുറഞ്ഞ കുട്ടിയായിരുന്നു ദേവൂട്ടി..! ആദ്യത്തെ ബെഞ്ചിലെ ആദ്യത്തെ കുട്ടി..!

" ഹ... ഹ", അപ്പും അമ്മും ഒരുമിച്ചു ചിരിച്ചു.

അഞ്ചു മുതൽ പത്താം ക്ലാസ്സ് വരെ അതേ സീറ്റ്..! ബോറഡിക്കില്ലേ അല്ലേ...? ചിലപ്പോൾ ടീച്ചറുടെ കണ്ണ് വെട്ടിച്ച് മറ്റെവിടേയെങ്കിലും ചെന്നിരിക്കും. അപ്പോൾ ടീച്ചറുടെ ഒരു വിളി..,"ദേവൂട്ടി.. എന്താത്". പിന്നെ വിഷമത്തോടെ വീണ്ടും പഴയ സ്ഥാനത്ത് വന്നിരിക്കും.

ദേവൂട്ടി, ലക്ഷ്മി, റോസിലി, നളിനി, സുബൈദ.., ഇവരാണ് ആദ്യ ബഞ്ചിലിരിക്കുന്നവർ. ഇവരൊക്കെ ആയിട്ട് കൂട്ടാണെങ്കിലും ദേവൂട്ടീടെ അടുത്ത കൂട്ടുകാരികൾ ഏറ്റവും ഉയരം കൂടിയവർ ആയിരുന്നു.

ഹൈമ, ഡെയ്സി, വത്സല, ആനന്ദവല്ലി, കൊച്ചുമറിയo, ഇവർ ഏറ്റവും പിന്നിലിരിക്കുന്നവർ.

ദേവൂട്ടിക്ക് അവരുടെ കൂടെ ഇരിക്കാനാ ഇഷ്ടം.

ഒരീസം ഡെയ്സി ദേവൂട്ടിയെ വിളിച്ചു, " എടീ ഉണ്ടപ്പാക്കുടു..., ഞങ്ങടെ അടുത്ത് വന്നിരിക്ക്.. പെണ്ണേ" ന്ന്.

ക്ലാസ്സ് ടീച്ചർ എന്താ പറയാന്ന് പേടിയുണ്ടായിരുന്നു, എങ്കിലും അവരുടെ കൂടെ പോയിരുന്നു. ക്ലാസ്സ് ടീച്ചർ വന്ന് പേരു വിളിച്ചപ്പോൾ ദേവൂട്ടി പിന്നിൽ നിന്നും "ഹാജർ മിസ്സ് " എന്നു പറഞ്ഞു.

ടീച്ചർ ഒന്നു ചുറ്റും നോക്കി, എന്നിട്ട് ചോദിച്ചു.., "കുട്ടി എന്താ അവിടെപ്പോയിരിക്കുന്നേ, കുട്ടിയുടെ സീറ്റ് ഇവ്ടേയല്ലേ..?"

ദേവൂട്ടി ഒന്നും പറയാതെ എഴുന്നേറ്റുനിന്നു.

ഡെയ്സി പറഞ്ഞു.., ടീച്ചർ, ദേവൂട്ടി ഇന്ന് ഞങ്ങടെ കൂടെയിരിക്കട്ടെ.., പ്ലീസ്".

ടീച്ചർക്ക് ചിരി വന്നെങ്കിലും ഗൗരവത്തിൽ ഒന്നമർത്തി മൂളി.

ദേവൂട്ടിക്ക് കവിത വായിക്കാനും പാടാനും വലിയ ഇഷ്ടമായിരുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടിക്കവിതകളുള്ള പുസ്തകങ്ങൾ എടുക്കും, എന്നിട്ട് പല വൃത്തങ്ങളിൽ ചൊല്ലാനാകുന്ന നാലുവരി കവിതകൾ മനോധർമ്മമനുസരിച്ച്, കോർത്തിണക്കി ചേച്ചമ്മയെ ചൊല്ലിക്കേൾപ്പിക്കും. ഈ കവിതകൾ പാടി, ദേവൂട്ടി പദ്യോച്ചാരണത്തിന് സമ്മാനം വാങ്ങാറുണ്ട്..

ആ കൊല്ലത്തെ സ്‌കൂൾ വാർഷികത്തിന് ദേവൂട്ടിയെക്കൊണ്ട് ഡാൻസ് കളിപ്പിക്കണമെന്ന് സൂസി ടീച്ചർക്ക് മോഹം, ഒരു മാസം മുന്നേത്തന്നെ അതിനുള്ള റിഹേഴ്സലുകളെല്ലാം തുടങ്ങി. ഡാൻസ് എന്താണെന്നോ.., കണ്ണടച്ചാൽ തുറക്കുന്ന ഒരു ബൊമ്മയെ കയ്യിലെടുത്ത് താരാട്ടുപാടി ഉറക്കുന്നത്!

ഡാൻസ് ദേവൂട്ടി വേഗം പഠിച്ചെടുത്തു. പ്രോഗ്രാമിന് കുറച്ച് ദിവസം മുന്നേ ടീച്ചർ ദേവൂട്ടിയോട് പറഞ്ഞു, "ദേവൂട്ടി, ഡാൻസിന് വേണ്ടി മോൾ ഒരു പുതിയ ഉടുപ്പ് വാങ്ങണo, നിറയെ ഞൊറിയൊക്കെയായി, കുട പോലെ വിരിഞ്ഞു നിൽക്കുന്ന ഉടുപ്പ്. മോൾ അച്ഛനോട് പോയി പറയണം".

ഇതു കേട്ടപ്പോൾ തന്നെ ദേവൂട്ടിക്ക് സങ്കടമായി, എന്താന്നോ, അച്ഛനിപ്പോൾ പുതിയ ഉടുപ്പൊന്നും എടുത്തു തരാനാകില്ലെന്ന് ദേവൂട്ടി ക്കറിയാം.

അന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ദേവൂട്ടി കൂട്ടുകാരുടെ കൂടെ കളിക്കാനൊന്നും പോയില്ല. ഉമ്മറത്തെ തിണ്ണയിൽ തൂണുംചാരി സങ്കടപ്പെട്ടിരുന്നു.

സന്ധ്യയായി, മേൽ കഴുകി വന്ന് നാമം ചൊല്ലേണ്ട സമയമായി. ചേച്ചച്ച ഉമ്മറത്തോട്ട് വന്നപ്പോൾ ദേവൂട്ടിയെ കണ്ടു.

"കുറച്ചു നേരായി ഞാൻ ശ്രദ്ധിക്കാ.., എന്താ എന്റെ കുട്ടിക്ക് വെഷമം..? എന്താ ഒന്നും മിണ്ടാതെ ഇരിക്കണേ..?
സ്കൂളിൽ നിന്നും വന്നിട്ട് കാപ്പി കുടിക്കാനും വന്നില്ലല്ലോ".

" അതേയ്.., ചേച്ചമ്മേ.., എനിക്കൊരു പുതിയ ഉടുപ്പ് വാങ്ങിത്തരോ...? സ്കൂളിൽ ഡാൻസിന് വേണ്ടിയാ. നല്ല വിലയാകും ന്ന് ടീച്ചർ പറഞ്ഞു. നിറയെ ഞൊറിയൊക്കെയുള്ള, കുട പോലെ വിരിഞ്ഞു നിൽക്കുന്ന ഉടുപ്പ് വേണം, വാങ്ങിത്തരോ...?"

ചേച്ചമ്മ മറുപടിയൊന്നും പറയാതെ ദൈന്യമായി ദേവൂട്ടിയെ ഒന്നു നോക്കി.., എന്നിട്ട് വിളക്ക് കത്തിക്കൻ പോയി.

കുറച്ച് സമയം കഴിഞ്ഞപ്പോൾ അമ്മയും ചേച്ചമ്മയും തമ്മിലുള്ള സംസാരം കേട്ടു..,
" എവ്ടുന്നാ ഏട്ത്യേ ഇപ്പൊ ഒരു പുതിയ ഉടുപ്പ് വാങ്ങാനാകാ..., കഴിഞ്ഞ മാസല്ലേ കുട്ടികൾക്കൊക്കെ പുതിയത് തയ്പ്പിച്ചു കൊടുത്തത്....! ഇനിപ്പൊ അച്ഛനോടെങ്ങനാ ഇത് പറയാ....?"

ദേവൂട്ടിക്ക് സങ്കടായി.., രാത്രി ഉറക്കം വന്നില്ല, പിറ്റേ ദിവസം ആരോടും ഒന്നും  മിണ്ടാതെ സ്കൂളിൽ പോയി.

ഡാൻസ് പ്രാക്ടീസിന് സൂസി ടീച്ചർ വിളിച്ചപ്പോൾ ദേവൂട്ടി പറഞ്ഞു, " ടീച്ചർ, ക്ക് ഡാൻസ് കളിക്കണ്ട.., ടീച്ചർ വേറെ കുട്ടിയെ എടുത്തോളൂ".

ദേവൂട്ടീടെ സംസാരം കേട്ടപ്പോൾ ടീച്ചർക്ക് അത്ഭുതമായി! ടീച്ചർ ദേവൂട്ടിയെ അരികെ വിളിച്ചിരുത്തി ചോദിച്ചു, "എന്ത് പറ്റി ദേവൂട്ടീ...? ഇന്നലെ വരെ നിന്റെ മുഖത്ത് എന്ത് സന്തോഷായിരുന്നു, ഇപ്പൊ എന്ത് പറ്റി.?"

"ടീച്ചർ എനിക്ക് പുതിയ ഉടുപ്പ് എടുക്കാൻ പറ്റില്ല, അതോണ്ട് ഡാൻസിനില്ല", ദേവൂട്ടി സങ്കടത്തോടെ പറഞ്ഞു.

ടീച്ചർ ദേവൂട്ടിയെ ചേർത്ത് പിടിച്ച് തലയിൽ തലോടിക്കൊണ്ട് പറഞ്ഞു, "ദേവൂട്ടി വിഷമിക്കണ്ട, ഈ ഡാൻസ് ദേവൂട്ടിതന്നെ കളിക്കണം, ഉടുപ്പൊക്കെ ഞാൻ ശരിയാക്കാം".

ദേവൂട്ടിടെ ക്ലാസ്സിൽ തന്നെ ഒരു പ്രൊഫസറുടെ മകൾ പഠിക്കുന്നുണ്ടായിരുന്നു, സൂര്യ.

സൂസി ടീച്ചർ സൂര്യയുടെ ഉടുപ്പ് ദേവൂട്ടിക്ക് വേണ്ടി റെഡിയാക്കി. ഒരൂസം സൂര്യ ആ ഉടുപ്പ് കൊണ്ടുവന്ന് ദേവൂട്ടിയെ ഇടീച്ച് നോക്കി. എന്ത് ഭംഗിയായിരുന്നെന്നോ..!
ദേവൂട്ടിക്ക് വേണ്ടി തയ്ച്ച പോലെയുണ്ടായിരുന്നു.
ചുവപ്പുനിറത്തിൽ, മുട്ടറ്റം വരെ കിടക്കുന്ന, കുട പോലെയുള്ള ഉടുപ്പ്! പിങ്ക് സോക്സും ചുവന്ന ഷൂവും.., എല്ലാം ഇട്ട് കണ്ടപ്പോൾ സൂസി ടീച്ചർക്ക് വലിയ സന്തോഷമായി.
" ഇപ്പൊ ദേവൂട്ടിയെ കണ്ടാൽ സിൻഡ്രല്ലയെപ്പോലെയുണ്ട്. ഇതൊക്കെ ഇട്ട് നാളത്തെ ഡാൻസ് നമുക്ക് തകർക്കണം ട്ടോ...! ഇപ്പൊ സങ്കടോക്കെ മാറീല്ലേ.?"

ദേവൂട്ടി ചിരിച്ചു കൊണ്ട് തലയാട്ടി.

പിറ്റേ ദിവസം സന്ധ്യക്കാണ് പ്രോഗ്രാം.സ്കൂൾ ഗ്രൗണ്ട് മുഴുവൻ ദീപാലങ്കൃതമായി..., സ്റ്റേജിൽ കളർ ലൈറ്റെല്ലാം റെഡിയായി, സ്കൂൾ ഗ്രൗണ്ട് കാണികളെക്കൊണ്ട് നിറഞ്ഞു.

പ്രാർത്ഥന, അദ്ധ്യക്ഷപ്രസംഗം, ലളിതഗാനം...., എന്നിങ്ങനെ ഓരോ ഐറ്റം കഴിയുമ്പോഴും ദേവൂട്ടീടെ മനസ്സ് പട പടാ ന്ന് അടിക്കാൻ തുടങ്ങി.

സൂസി ടീച്ചറുടെ അടുത്തു പോയി ദേവൂട്ടി പറഞ്ഞു, " ടീച്ചർ, എനിക്ക് പേട്യാകുന്നു...., പുറത്ത് എത്ര ആൾക്കാരാ കാണാൻ വന്നിട്ടുള്ളത് ! ന്റെ ഡാൻസ് എങ്ങാനും തെറ്റിയാലോ...?"

സൂസി ടീച്ചർ ദേവൂട്ടിയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു, "ഏയ്.., ഒന്നൂല്യ.., എന്റെ കുട്ടി ഡാൻസ് തകർക്കും., ധൈര്യമായിരിക്ക്".

അടുത്തത് ദേവൂട്ടീടെ ഊഴമായിരുന്നു. കണ്ണടച്ചു തുറക്കുന്ന പാവയെ ടീച്ചർ ദേവൂട്ടീടെ കയ്യിൽ കൊടുത്തു, സ്റേറജിന്റെ നടുക്ക് കൊണ്ടു നിർത്തി.

ചുവന്ന ഉടുപ്പും, ഷൂവും സോക്സും പിന്നെ തലമുടി അഴിച്ചിട്ട് ഒരു പിങ്ക് റിബ്ബൺ ഹെയർ ബാന്റ് പോലെ കെട്ടിയിട്ടുണ്ട്.

" ദേവൂട്ടി, ധൈര്യമായി കളിക്കണം ട്ടൊ. കർട്ടൻ ഉയർന്ന്, പാട്ട് കേട്ട ഉടനെ ഡാൻസ് തുടങ്ങണം. നേരെ മുന്നിലേക്ക് നോക്കി കളിക്കണം. മുന്നിൽത്തന്നെ ദേവൂട്ടീടെ വീട്ടിലുള്ളവരെല്ലാം ഇരിക്കുന്നുണ്ടാകും അവരെ നോക്കി കളിച്ചാൽ മതി, അപ്പൊ പേടിയൊക്കെപ്പോകും..".

കർട്ടനുയർന്നു, പാട്ടുവെച്ചു.., പിന്നെ ദേവൂട്ടിക്ക് മറ്റൊന്നും ഓർമ്മയില്ല, ടീച്ചർ പഠിപ്പിച്ചു കൊടുത്ത ഡാൻസ് മാത്രം..! പാട്ടിനൊത്ത് ദേവൂട്ടി ചുവടുവെച്ചു, പാട്ടിന്റെ അവസാനം വരെ ദേവൂട്ടി ഭംഗിയായി നൃത്തം ചെയ്തു.

കർട്ടൻ താഴ്ന്നു, കാണികളിൽ നിന്നും ഉച്ചത്തിൽ കയ്യടി ഉയർന്നു...., സുസി ടീച്ചർ ഓടി വന്ന് ദേവൂട്ടിയെ കെട്ടിപ്പിടിച്ച് കവിളിലൊരുമ്മ കൊടുത്തു.., "എന്റെ കുട്ടി അസ്സലായി കളിച്ചു ട്ടൊ".

അങ്ങിനെ ആദ്യമായി ദേവൂട്ടി അത്രയും വലിയൊരു സദസ്സിന് മുന്നിൽ നൃത്തം ചെയ്തു.

പരിപാടികളുടെ അവസാനം സമ്മാനദാനച്ചടങ്ങിൽ ദേവൂട്ടിക്ക് കുറേ സമ്മാനങ്ങൾ ലഭിച്ചു.

ചുവന്ന ഉടുപ്പൊക്കെ, കൈ നിറയെ സമ്മാനങ്ങളുമായി സ്റ്റേജിൽ നിന്നും ഇറങ്ങി വന്നപ്പോൾ വീട്ടിലെ എല്ലാവർക്കും വലിയ സന്തോഷമായി.
"നമ്മ്ടെ മോളെ കാണാൻ എന്ത് ഭംഗ്യാ ല്ലേ ഏട്ത്യേ... "!
അമ്മേം ചേച്ചിമാരും ദേവൂട്ടിയെ കെട്ടിപ്പിടിച്ചടിച്ചു.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് പിന്നെ കഥ തുടരുവാനായില്ല.

"എന്താ അമ്മൂമ്മേ നിർത്തിക്കളഞ്ഞേ"?

"ഏയ് ഒന്നൂല്യ..."

കണ്ണുകൾ ഈറനണിഞ്ഞത് മക്കൾ കാണാതിരിക്കാൻ ബദ്ധപ്പെടുകയായിരുന്നു ഞാൻ.

വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയ പോലെ! ആ ചുവന്ന ഉടുപ്പിട്ട് ദേവൂട്ടി മുന്നിൽ വന്നു നിൽക്കുന്ന പോലെ!

അപ്പുവും അമ്മുവും എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു..,

 "എന്താ അമ്മൂമ്മേ.., ദേവൂട്ടിക്കഥകൾ പറഞ്ഞു പറഞ്ഞ് അമ്മൂമ്മക്ക് സങ്കടായോ...., സാരല്യ ട്ടൊ. ഇനി ബാക്കികൂടി പറയൂ അമ്മൂമ്മേ."

"എന്താ ടീച്ചറമ്മെ....., കൊച്ചൂ കുട്ടികളെപ്പോലെ...? ദാ ഇങ്ങ് ട് നോക്കൂ..., ദേവൂട്ടി ഇബ്ടെത്തന്നെയുണ്ട്. സങ്കടപ്പെടാതെ ഒന്നുഷാറാകൂ. ന്നിട്ട് ബാക്കി കൂടി പറയൂ". മറഞ്ഞിരുന്ന്' ദേവൂട്ടി പറയുന്ന പോലെ.
ഞാനൊന്നു ചിരിച്ചു കൊണ്ട് ഒരു ദീർഘശ്വാസം എടുത്തു, എന്നിട്ട് കുട്ടികളോട് പറഞ്ഞു.

"ന്നാൽ കേട്ടോളൂ. ദേവൂട്ടീടെ മറ്റൊരു കഥ കൂടി പറയാം ട്ടൊ."

ങ്ഹാ ഹാ പോരട്ടെ.., പോരട്ടെ ഞങ്ങൾ റെഡി".

ഞാനാദ്യം ദേവൂട്ടീടെ ഉയരത്തെക്കുറിച്ച് പറഞ്ഞില്ലേ..!

ദേവൂട്ടിക്ക് പഠിത്തത്തിലും എഴുത്തിലും പാട്ടിലും ഒക്കെ ഒന്നാമനാകാൻ കഴിഞ്ഞു, പക്ഷെ ഒരിടത്ത് എപ്പോഴും തോൽക്കേണ്ടി വന്നു..., എവിട്യാണെന്നോ...., സ്പോർട്സ്..!

"ഹ... ഹ...., അതെന്താ അമ്മൂമ്മേ.....??"

ദേവൂട്ടി സ്കൂൾ സ്പോർട്സിൽ ഓട്ടത്തിലും ചാട്ടത്തിലും എല്ലാം പങ്കെടുക്കും.., പക്ഷെ, എപ്പോഴും ലാസ്റ്റാകും. ഈ ഉണ്ടപ്പക്കൂടന് ഓടി എത്തേണ്ടേ...!

അപ്പോഴാണ് ദേവൂട്ടിക്ക് ഉയരമില്ലായ്മയുടെ കുറവ് ശരിക്കും മനസ്സിലാകുന്നത്.

"ഹ ഹ , ഈ ദേവൂട്ടീടെ ഒരു കാര്യം...!" രണ്ടു പേരും പൊട്ടിച്ചിരിച്ചു...., കൂടെ ഞാനും.

" അമ്മൂമ്മേ....., ഈ ദേവൂട്ടി എന്റത്രെ പൊക്കമുണ്ടായിരുന്നോ...?", അപ്പു.

"ഏയ് ഇല്ലേയില്ല, ഈ അമ്മൂന്റെത്രയേ ഉണ്ടായിരുന്നുള്ളൂ.

"അയ്യേ..,അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ദേവൂട്ടി,  ഈ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ പൊക്കമേയുള്ളൂയുള്ളൂ..!

"അതേന്നേയ്.., അതല്ലെ ഓടി എത്താത്തത്. ന്നാലും വിട്ടുകൊടുക്കാറില്ല, എല്ലാ മത്സരത്തിലും പങ്കെടുക്കും.

അപ്പുവും അമ്മുവും പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.., " ഈ ദേവൂട്ടീടെ ഒരു കാര്യേ...!" എന്നിട്ട് അപ്പറോം ഇപ്പറോം ഇരുന്നു കൊണ്ട് എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.

"ദേ ടീച്ചറമ്മേ.., ഈ പിള്ളേരെ കിട്ടിയപ്പോൾ ന്നെ വേണ്ടല്ലേ..? എല്ലാരും കൂടി എന്നെ കളിയാക്കാ..?"

ദേവൂട്ടീടെ ശബ്ദം കേൾക്കുന്ന പോലെ.

"എന്റെ ദേവൂട്ട്യേ.., നിന്നെ വിട്ടിട്ട് ഞാനെങ്ങു പോകാൻ...! നീയല്ലെ എനിക്കെഴുതാനുള്ള പ്രചോദനം...!
നീയില്ലെങ്കിൽ ഞാനില്ല കുട്ട്യേ".

"ശ്ശോ..., So sweet of you ടീച്ചറമ്മേ..". ദേവൂട്ടി  വന്ന് കെട്ടിപ്പിടിച്ച പോലെ! നേർത്ത കാറ്റിൽ കവിളിൽ ഒരു മൃദുസ്പർശം....!

" അമ്മൂമ്മേ.., ഇനി ദേവൂട്ടീടെ ആറാം ക്ലാസ്സിലെ വിശേഷം പറയൂ", അപ്പു.

" അത് മറ്റൊരു ദിവസം പറയാം മോനെ".

"ന്നാൽ ശരി..., നമുക്ക് പോയി ഭക്ഷണം കഴിക്കാ, അമ്മൂമ്മ വരൂ", അപ്പു എന്റെ കൈ പിടിച്ചു വലിച്ചു.

" ഞാൻ പിന്നെ വരാം, മക്കള് പോയി കഴിക്കൂ". ഞാനാ ചൂരൽ കസേരയിൽ കണ്ണുമടച്ച് കുറേ നേരം ഇരുന്നു.

സൂസി ടീച്ചറും സൂര്യയും ഡെയ്സിയും വത്സലയും ആനന്ദവല്ലിയും, ക്ലാസ്സിലെ മറ്റു കുട്ടികളുമായിരുന്നു മനസ്സ് നിറയെ.

"ടീച്ചറമ്മേ... ഇങ്ങനെ ഇവിടെ തനിച്ചിരുന്ന് ആലോചിച്ചാലോചിച്ച് അവസാനം സങ്കടപ്പെടും. മതിവിടെ ഇരുന്നത്".

" ന്റെ ദേവൂട്ടി, ഞാനിവിടെ കുറച്ച് നേരം കൂടി ഇരുന്നോട്ടെ. കുട്ടിക്കാലം എന്ത് രസാല്ലേ..., ഒന്നിനേക്കുറിച്ചും ചിന്തിക്കേണ്ട, ഇന്നിൽ മാത്രം ജീവിക്കുന്ന  മിന്നാമിന്നികൾ അല്ലേ!
ഇന്നലേയെക്കുറിച്ച് പരാതികളില്ല..., നാളേയും കുറിച്ചും ചിന്തയില്ല. ഒരു തരി പ്രകാശം പരത്തി പാറിപ്പാറി നടന്നിടാം  ല്ലേ?

" ന്റെ ടീച്ചറമ്മേ... ഇനി മതി ബ്ടെ ഇരുന്നത്, വരൂ ചെന്ന് ഭക്ഷണം കഴിച്ച് ഉറങ്ങാൻ നോക്കൂ, ഞാനും കൂടെ വരാം."
ദേവൂട്ടി എന്റെ കൈ പിടിച്ച് കൊണ്ടു പോകുന്ന പോലെ, ഒരനുസരണയുള്ള കുട്ടിയായി ഞാൻ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.

(തുടരും )

ഓർമ്മകളിൽ നിന്നും പിൻതിരിയാനാകാത്തവർ (അംബിക മേനോൻ, മിന്നാമിന്നികൾ -3)

ഞാനെങ്ങനെ ഈ മനസ്സിനെ ഇട്ടേച്ച് പോകും (മിന്നാമിന്നികൾ -2: അംബിക മേനോൻ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക