Image

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ട കഥ: രണ്ടാം ഭാഗം ജോസഫ് എബ്രഹാം)

Published on 31 August, 2021
മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ട കഥ: രണ്ടാം ഭാഗം  ജോസഫ്  എബ്രഹാം)

ഭാഗം-2

പബ്ലിക്‌ ടി.വിയില്‍ രാത്രി പ്രൈം ടൈം വാര്‍ത്ത വായിക്കുന്ന അഭിനവ് ഗോപാലിന്റെ കണ്ണുകള്‍ ടെലിപ്രോമ്ടറില്‍ അടിയന്തിര പ്രാധാന്യത്തോടെ സ്ക്രോള്‍ ചെയ്തു വന്ന വാര്‍ത്തയില്‍ അല്പനേരം ഉടക്കി നിന്നു. കഴിവുറ്റ ഒരു വാര്‍ത്താ അവതാരകന്‍ എന്ന നിലയിലുള്ള പരിചയംകൊണ്ട് മുഖഭാവത്തിലും ശരീരഭാഷയിലും സന്ദര്‍ഭത്തിനൊത്ത മാറ്റംവരുത്തി ദു:ഖം ഘനീഭവിപ്പിച്ചുകൊണ്ട് അയാള്‍  സ്ക്രോള്‍ ചെയ്തുവന്ന വാര്‍ത്ത  ജനങ്ങളോട് പറഞ്ഞു.

“ദുഃഖകരമായ ഒരു വാര്‍ത്തയാണ് ഞങ്ങള്‍ക്ക് പ്രേക്ഷകരോട് പറയാനുള്ളത്. നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ ആള്‍ രൂപവും ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് അഭിമാനവുമായ ശ്രീ രാമചന്ദ്രദേശായി ഏതാനും നിമിഷം മുന്‍പ് മാള്‍ട്ടയില്‍ നടന്ന ഒരു സ്ഫോടനത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ദേശായിയും കുടുംബവും അവിടെയാണ് താമസിച്ചിരുന്നത്.

“ഈ സ്ഫോടനത്തിനു പിന്നിലുള്ള യാഥാര്‍ഥ്യങ്ങള്‍ അറിയാന്‍ രാജ്യം ആഗ്രഹിക്കുന്നു. മാള്‍ട്ടയിലെ സര്‍ക്കാര്‍ ആ വിവരം ദേശീയ സര്‍ക്കാരിനു കൈമാറണമെന്നാണ് ഈ അവസരത്തില്‍ ഞങ്ങള്‍ക്ക്‌ ആവശ്യപ്പെടാനുള്ളത്.

“മരണകാരണമായ സ്ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പ് ദേശായി അദ്ദേഹത്തിന്റെ ട്വിറ്ററില്‍ കുറിച്ചത് നമുക്ക് ശ്രദ്ധിക്കാം.

‘നോക്കുന്ന എല്ലായിടത്തും  ചതിയന്മാരാണ്.  സാഹചര്യം നിരാശാജനകമാണ്’

“പിന്നീടൊരു വാക്ക് കുറിക്കാന്‍ ആവുന്നതിന് മുന്‍പ്  അദ്ദേഹം ഛിന്നഭിന്നമായി.”

ഇടറിയ ശബ്ദത്തില്‍ അവതാരകന്‍ പറഞ്ഞത് പ്രേക്ഷകരുടെ കണ്ണും നനയിച്ചുവെന്ന പ്രതികരണങ്ങള്‍ കൂടി സ്ക്രോള്‍ ചെയ്തു പോകുന്നുണ്ടായിരുന്നു.

ദേശായി കൊല്ലപ്പെട്ട വാര്‍ത്തകള്‍ക്കൊപ്പം ദൃശ്യങ്ങളും എല്ലാ ദേശീയ പ്രാദേശിക ചാനലുകളിലും കാണിക്കുവാന്‍ തുടങ്ങി.

അന്വോഷണ പത്രപ്രവര്‍ത്തനം നടത്തിയിരുന്ന ദേശായി ഉയര്‍ത്തി ക്കൊണ്ടുവന്നിരുന്ന വിഷയങ്ങള്‍ പലതും അഴിമതിക്കാരായ ഭരണകര്‍ത്താക്കളുടെ ഉറക്കം കെടുത്തിയതോടെ അവര്‍ ദേശായിക്കും കുടുംബത്തിനും നേരെ ആക്രമണം അഴിച്ചു വിടാന്‍ തുടങ്ങിയിരുന്നു.

ഇംഗ്ലീഷില്‍ എഴുതിയിരുന്ന ദേശായിയുടെ ബ്ലോഗിന് പ്രധാന പത്രങ്ങളുടെയും ചാനലുകളുടെയും വരിക്കാരെയും കാഴ്ചക്കാരെയെക്കാളും  കൂടുതല്‍ പേര്‍ വായനക്കാരായി. ദേശായിയുടെ ബ്ലോഗുകള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി.അതോടൊപ്പം എതിരാളികളുടെ പ്രചരണങ്ങളും ദേശായിക്കെതിരെ ശക്തമായി

“എന്‍റെ  ബ്ലോഗുകളെല്ലാം ഇഗ്ലീഷിലാണ്. പക്ഷെ ഇംഗ്ലീഷ് അറിയാത്തവരാണ് എന്‍റെ വീട് ആക്ര്മിക്കുന്നവരും, തെരുവില്‍ എന്നെക്കണ്ടാല്‍ ചീത്തവിളിച്ചു തല്ലാന്‍ വരുന്നവരും എന്‍റെ വീട്ടിലേക്കു വിസര്‍ജ്യങ്ങള്‍ തപാലില്‍ അയയ്ക്കുന്നവരും. അവര്‍  ആരും തന്നെ എന്‍റെ ബ്ലോഗുകള്‍ വായിച്ചിട്ടില്ല.  പക്ഷെ അവരെല്ലാം എന്നെ വെറുക്കുന്നു. എന്‍റെ കുടുംബത്തെ ഉപദ്രവിക്കുന്നു. എനിക്കെതിരെ നടക്കുന്നത് സംഘടിതമായ രാഷ്ട്രീയ ആക്രമണമാണ് അതുകൊണ്ട് ഞാനിവിടം വിടുന്നു. പക്ഷെ എന്‍റെ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല”

മാള്‍ട്ടയിലെക്കുള്ള യാത്രയില്‍ എയര്‍പോര്‍ട്ടില്‍ വച്ച് പത്രക്കാരോട് ദേശായി പറഞ്ഞ വാക്കുകള്‍.

“എന്തിനാണവര്‍  താങ്കളെ മാത്രം ഇങ്ങനെ വേട്ടയാടുന്നത്. ഞങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ ആണല്ലോ ?”

“ഞാന്‍ ചെയ്യുന്നത്  പത്രധര്‍മ്മമാണ്.  അഴിമതിയുടെ വേരുകളാണ് ഞാന്‍ തോണ്ടുന്നത്. അതവരുടെ  ഉറക്കംകെടുത്തും. ജനാധിപത്യ ധ്വംസനമാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്, അതവരെക്കൊണ്ട് ആയുധമെടുപ്പിക്കും.”

“മിസ്റ്റര്‍ ദേശായി താങ്കള്‍ ഇങ്ങിനെ ഒരു മാധ്യമസ്ഥാപനത്തിന്റെയും പിന്‍ബലമില്ലാതെ സ്വന്തം ബ്ലോഗിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്നതു കൊണ്ടല്ലേ ഇങ്ങനെ ആക്രമിക്കപ്പെടുന്നത്?”

“കുറേക്കാലം ഞാനും നിങ്ങളെപ്പോലായിരുന്നു. പത്രങ്ങള്‍ക്കു ഞാന്‍ കൊടുക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനുള്ള വൈമനസ്യം വന്നതോടെയാണ് ഞാന്‍ ബ്ലോഗിലേക്ക് തിരിഞ്ഞത്. ജനങ്ങള്‍ അറിയേണ്ടത് സത്യമാണ്, പത്രാധിപരുടെ ഭാഷ്യമല്ല അതുകൊണ്ടുതന്നെ  പ്രതിദിനം ലക്ഷങ്ങള്‍ എന്‍റെ ബ്ലോഗില്‍ സന്ദര്‍ശിക്കുന്നു, സോഷ്യല്‍ മീഡിയ അവയെല്ലാം ഏറ്റെടുക്കുന്നു.”

മാള്‍ട്ട പോലീസ് കേസിന്‍റെ അന്വേഷണം തുടങ്ങി. ഔദ്യോഗികമായി ഇതുവരെ സഹായ അഭ്യര്‍ത്ഥന ലഭിച്ചില്ലെങ്കിലും എഫ് ബി ഐ ഏജന്റുമാര്‍ രഹസ്യമായി ദേശായിയുടെ വീടും പരിസരവും നിരീക്ഷിച്ച് തെളിവ് ശേഖരിക്കാന്‍ തുടങ്ങി.

ദേശായി കേസില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആദ്യത്തെ ഒന്നു രണ്ടു ദിവസം ശ്രദ്ധ കൊടുത്തുവെങ്കിലും പിന്നീടത്‌ ഒരു ദശാബ്ദം പിന്നിലേക്ക്‌ തള്ളപ്പെടുകയും ചെയ്തു. എന്നാല്‍ പബ്ലിക്‌ ടി വി മാത്രം വളരെ താല്പര്യത്തോടെ ദേശായി കേസ് പിന്തുടരുന്നുണ്ടായിരുന്നു

“ഒരു ഇന്ത്യന്‍ പൌരന്‍,   അതും  പത്രപ്രവര്‍ത്തകനായ ഒരാള്‍ വിദേശത്ത് വച്ച് അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള സത്യങ്ങള്‍ രാജ്യത്തിനറിയണം.”

ന്യൂസ്‌ ആങ്കര്‍ അഭിനവ് ഗോപാല്‍ ഉയര്‍ന്ന ശബ്ദത്തില്‍ പറഞ്ഞപ്പോള്‍  പ്രേക്ഷകര്‍  ഉറ്റു നോക്കി.

“ഈ സംഭവത്തില്‍ ഒട്ടനേകം ദുരൂഹതകളുണ്ട് ഒന്നാമതായി സംഭവം നടന്നതിന്‍റെ തലേദിവസം രാത്രിയില്‍ ദേശായിയുടെ ഭാര്യ കാറുമായി പുറത്ത് പോവുകയും പതിവിനു വിരുദ്ധമായി വീടിന്റെ ഗേറ്റിന് പുറത്തെ ചരല്‍ നിറച്ച ഡ്രൈവ് വേയില്‍ കാര്‍ പാര്‍ക്ക് ചെയ്തത് എന്തിന് വേണ്ടി?, രാജ്യത്തിനു സത്യം അറിയണം.

“ഡ്രൈവിംഗ് സീറ്റിന്റെ അടിയില്‍ ഘടിപ്പിച്ച ബോംബു പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസ് വെളിപ്പെടുത്തുമ്പോള്‍, കാര്‍ ഇപ്രകാരം പുറത്ത് പാര്‍ക്ക് ചെയ്തത് കൊലപാതകികളെ സഹായിക്കാനായിരിക്കുമോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ?”

കേള്‍വിക്കാരുടെ ആകാംക്ഷ കൂട്ടാനുള്ള അടുത്ത വെടിയും ഉടനെ പൊട്ടി. “ദേശായി ദമ്പതികളുടെ ഇടയില്‍ അടുത്തകാലത്തായി കുടുബകലഹം പതിവായിരുന്നു"

കേള്‍വിക്കാര്‍ കണ്ണും കാതും വാര്‍ത്തയിലേക്ക് തുറന്നു വച്ചു. സ്‌ക്രീനില്‍ ദേശായിയുടെ ഭാര്യയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ മാറി മാറി വന്നു. നാല്‍പ്പതു കഴിഞ്ഞ ഒരു വീട്ടമ്മ കണംകാലുകള്‍ കാണിക്കുന്ന വേഷമിട്ട് നില്ക്കുന്നത് കണ്ടപ്പോള്‍ ഭാരത സംസ്കാരത്തിന് വന്ന ച്യുതിയോര്‍ത്തു ചില പ്രേക്ഷകരെങ്കിലും  വിലപിച്ചു.

“ഇപ്പോഴും നല്ല ചെറുപ്പവും, സുന്ദരിയുമായ  മിസിസ്. ദേശായിക്ക് തദ്ദേശീയനും വെള്ളക്കാരനുമായ ഒരു യുവാവുമായി അടുപ്പമാണെന്ന് പറയപ്പെടുന്നു; സത്യം രാജ്യത്തിനു അറിയേണ്ടതുണ്ട്”

ഇക്കുറി അവതാരകന്റെ ആവശ്യം എല്ലാവരും തലകുലുക്കി ശരിവച്ചു

കാണികളില്‍ വാര്‍ത്തകള്‍ സ്വാധീനിക്കാന്‍ തുടങ്ങിയതോടെ അഭിനവ് ഗോപാല്‍ കേസിന്‍റെ അന്വേഷണത്തില്‍ വളരെ നിര്‍ണ്ണായകായ വിവരം എന്ന മുഖവുരയോടെ അടുത്ത സ്കൂപ്പിലേക്ക് കടന്നു

“ദേശായി കൊല്ലപ്പെടുന്നതിനു മുന്‍പ് ബ്ലോഗില്‍ കുറിച്ചത് ‘കാര്യങ്ങള്‍ നിരാശാജനകമെന്നാണ്’ ഇതദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിനെകുറിച്ചുള്ള വ്യക്തമായ ഒരു സൂചനയാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്”

കേട്ടത് മുഴുവനും ശരിയെന്ന് പ്രേക്ഷകര്‍ക്കുറപ്പായി.

"ദേശായി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്‌ കംപ്യൂട്ടര്‍ പരിശോധനയ്ക്കായി നല്‍കണമെന്ന് മാള്‍ട്ടസിറ്റി പോലീസ് സൂപ്രണ്ട് ദേശായി കുടുംബത്തോട് ആവശ്യപ്പെടുകയുണ്ടായി.  വാര്‍ത്തകളുടെ ഉറവിടങ്ങളും, അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വ്യക്തികളുടെ വിവരങ്ങളും ഉള്ളതുകൊണ്ട് ലാപ്‌ ടോപ്‌ കമ്പ്യൂട്ടര്‍ പരിശോധനയ്ക്കായി നല്കാന്‍ പറ്റില്ല എന്ന നിലപാടാണ് കുടുംബം സ്വീകരിച്ചത്.

“എന്തു രഹസ്യമാണ് ദേശായി കുടുംബത്തിനു മറച്ചു പിടിക്കാനുള്ളത്? കേസ് തെളിയണമെന്ന ആഗ്രഹം അവര്‍ക്കില്ലെ?”

അന്നുമുതല്‍ പബ്ലിക്‌ ടി വി അതിന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ട് കളിലൂടെ.

 #thesituationisdesparate

# Why someone hiding Desai’s lap top?

എന്നീ  ഹാഷ്ടാഗ് കാമ്പൈന്‍ ആരംഭിച്ചു.

(തുടരും...)

Join WhatsApp News
സാബു മാത്യു 2021-08-31 15:52:26
കുറച്ചുകൂടെ ആകാമായിരുന്നു. ബാക്കി എന്ത് എന്ന ആകാംഷ. കഥയുടെ ഗതിയെക്കുറിച്ചു ഒരു സൂചനയും കിട്ടിയില്ല. നല്ല സസ്‌പെൻസ്‌ നില നിർത്താൻ പറ്റുന്നുണ്ട്. ആശംസകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക