Image

സൗമ്യം, സുന്ദരം, ഈ ചുവടുകൾ (വിജയ് സി. എച്ച്)

Published on 28 December, 2021
സൗമ്യം, സുന്ദരം, ഈ ചുവടുകൾ (വിജയ് സി. എച്ച്)
 
മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമലം ഉൾപ്പെടെ നാല് ദേശീയ പുരസ്കാരങ്ങൾ നേടിയ സംഗീത-നൃത്ത സാരമായ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ശങ്കരാഭരണം' (1980) തെലുഗുവിൽ നിന്ന് രാജ്യത്തെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ, അതിൻ്റെ മലയാള രൂപം കേരളത്തിലെ തിയേറ്ററുകളിൽ മാസങ്ങളോളം നിറഞ്ഞോടി. അന്യഭാഷയിൽ നിന്ന് ഡബ് ചെയ്തൊരു പടം സംസ്ഥാനത്ത് ഇതിഹാസമായി മാറിയത് നിരൂപകരെ ശരിക്കും അത്ഭുതപ്പെടുത്തുകയും ചെയ്തു!
 
 
'ശങ്കരാഭരണ'ത്തിലെ അഭിനേതാക്കളെ പലരും സ്വന്തം ജീവിതത്തിൽ മാതൃകാ സ്ഥാനത്ത് കാണാൻ തുടങ്ങിയത് സ്വാഭാവികം. കഥാമുഹൂർത്തങ്ങൾക്ക് നൃത്തഭാഷയിൽ വൈകാരിക ഭാവങ്ങൾ നൽകിയ നായിക മഞ്ജു ഭാർഗവി, കൊച്ചിയിലുള്ള എഫ്.എ.സി.ടി-യുടെ വേദിയിൽ ഒരു നൃത്ത പരിപാടിയുമായി എത്തുന്നതറിഞ്ഞ്, ഷൊർണൂരിൽ നിന്ന് ഒരു പിതാവ് എൽ.പി.സ്കൂൾ വിദ്യാർത്ഥിയായ തൻ്റെ മകളുമൊത്ത് കൊച്ചിയിലേയ്ക്ക് യാത്ര പുറപ്പെട്ടു. വളർന്നു വലുതാകുമ്പോൾ തൻ്റെ പ്രിയ പുത്രിയും മഞ്ജുവിനെപ്പോലെ നൃത്തം ചെയ്യണമെന്ന് കലാസ്നേഹിയായ ആ പിതാവ് സ്വപ്നം കണ്ടിരുന്നു.
 
 
കലാകേരളത്തിൻ്റെ രംഗൈശ്വര്യങ്ങളിൽ ഒരാളും, കൊച്ചിയിലെ ഭരത കലാമന്ദിരത്തിലെ മുഖ്യ നൃത്താദ്ധ്യാപികയുമായ സൗമ്യ സതീഷിൻ്റെ വിജയകഥ, അതിനാൽ തൻ്റെ പിതാമഹനുള്ള ആത്മനിർഭരമായൊരു ഉപഹാരമെന്നു പറയാനാണ് കലാകാരി ഇഷ്ടപ്പെടുന്നത്.
 
 
അഭിമുഖത്തിൽ നിന്ന്:
 
🟥 കലകൾ ശ്വസിച്ച കുട്ടിക്കാലം
ഷൊർണൂരും ഒറ്റപ്പാലവും ഉൾപ്പെട്ടിരുന്ന പഴയ നാട്ടുരാജ്യമായ വള്ളുവനാടിൻ്റെ സംസ്കൃതി പൊതുജീവിതത്തിന് ആവേശം പകരുന്നൊരു പ്രദേശത്താണ് ഞാൻ ജനിച്ചു വളർന്നത്. നിളാതട സംസ്കാരവും, നാടൻ കലകളും, തോൽപാവക്കൂത്ത് വരെയുള്ള പരമ്പരാഗത ആചാരങ്ങളുമാണ് എൻ്റെ ബാല്യത്തിന് അകമ്പടി നിന്നത്. കവളപ്പാറ സ്വരൂപവും ചരിത്രമുറങ്ങുന്ന അതിൻ്റെ തട്ടകവുമാണ് കൃത്യമായ എൻ്റെ ജന്മസ്ഥലം. കവിയും, തുള്ളൽ സാഹിത്യത്തിൻ്റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാരുടെ പിറവി കൊണ്ടും, നാട്യശാസ്ത്ര പണ്ഡിതനായിരുന്ന മാണി മാധവ ചാക്യാരുടെ സാന്നിദ്ധ്യം കൊണ്ടും കീർത്തികേട്ട കിള്ളിക്കുറിശ്ശിമംഗലവും നിലകൊള്ളുന്നതിനാൽ ഈയിടം സംസ്ഥാനത്തെ ഒരു സാംസ്കാരിക കേന്ദ്രം. റേഡിയോ നാടക കലാകാരനായിരുന്ന പിതാവും, സുകുമാര കലകളെ നെഞ്ചിലേറ്റിയിരുന്ന മാതാവും എൻ്റെ നർത്തന വഴികളിലെ നൈത്തിരി വെട്ടമായിമാറി. സ്വാഭാവികമായും, നാട്ടിലെ സ്കൂൾ-കോളേജ് പഠനകാലം കടന്നുപോയത് നൃത്തനൃത്ത്യ പരിശീലനങ്ങൾക്കും അവതരണങ്ങൾക്കും ഒപ്പമായിരുന്നു.
 
 
🟥 നാലാം വയസ്സിൽ ശകുന്തളയുടെ പുത്രൻ
സ്കൂൾ പഠനവും ചുവടുവയ്‌ക്കലുമൊക്കെ ആരംഭിക്കുന്നതിനു മുന്നെത്തന്നെ ഞാൻ നാട്യരംഗത്ത് എത്തിയിരുവെന്ന് ഓർക്കുമ്പോൾ, ചാരിതാർത്ഥ്യം തോന്നാറുണ്ട്. അച്ഛൻ അഭിനയിച്ചിരുന്ന ഒരു നൃത്യനാടകത്തിൽ, ശകുന്തളയുടെ പുത്രനായ സർവദമനൻ്റെ വേഷമിട്ടുകൊണ്ടാണ് ഞാൻ വേദിയിൽ കന്നിപ്രകടനം നടത്തിയത്! വിശ്വാമിത്രനോ, മേനകയോ, ശകുന്തളയോ, ദുഷ്യന്തനോ, ആരെന്ന് ശരിയാംവണ്ണം അറിയും മുമ്പെ ഞാനവരുടെ ഇളം തലമുറക്കാരനായി! പലരുമെന്നെ പ്രകീർത്തിച്ചു സംസാരിച്ചത് ഞാനിന്നും ഓർക്കുന്നു. ഭരതൻ എന്ന നാമത്തിൽ പിന്നീട് അറിയപ്പെട്ട സർവദമനൻ അഖണ്ഡ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച ആദ്യ ചക്രവർത്തിയാണെന്നും, അദ്ദേഹം ഭരിച്ചതുമൂലമാണ് നമ്മുടെ രാജ്യം ഭാരതമെന്ന് അറിയപ്പെടുന്നതെന്നും അച്ഛൻ വിവരിച്ചുതന്നു. പരാമർശങ്ങൾ ഇതിഹാസങ്ങളിലെതാണെങ്കിലും, നമ്മുടെ രാജ്യം ഭാരതമെന്നതും, കൊച്ചു ഭരതനായി ഞാൻ വേഷമിട്ടതും യാഥാർത്ഥ്യങ്ങളല്ലേ!
 
 
🟥 പ്ലസ് ടു-വിൽ കലാതിലകം
കലാമണ്ഡലം ശ്രീദേവി ഗോപിനാഥിൻ്റെ കീഴിലെ നൃത്ത അധ്യയനത്തിൽ വ്യാപൃതയായും, ഗുരു ചിട്ടപ്പടുത്തിയ ആവിഷ്കാരങ്ങളാൽ അനേകം കേന്ദ്രങ്ങളിൽ നാട്യസാന്നിദ്ധ്യമായും, ബാലെകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ചും സെൻ്റ് തെരേസ കൺവൻ്റ് സ്കൂൾ, ഷൊർണൂരിലെ കാലഘട്ടം കലാസുന്ദരമായി. ഭസ്മാസുരമോഹിനിയിലെ മോഹിനി മുതൽ ചലപ്പതികാരത്തിലെ കണ്ണകി വരെയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ഭരതനാട്യത്തിലും, മോഹിനിയാട്ടത്തിലും ജില്ലാതല സമ്മാനങ്ങളും, സംസ്ഥാനതല ഒന്നാം സ്ഥാനവും തേടിയെത്തി. പ്രീഡിഗ്രിയ്ക്ക് ചേർന്നത് ഷൊർണൂരിലെത്തന്നെ എസ്.എൻ കോളേജിലാണ്. ശ്രീദേവി ടീച്ചറുമൊത്തുള്ള പരിപാടികളും, നൃത്തക്ലാസ്സുകളിൽ അവരുടെ സഹായിയായും തുടരവെയാണ്, യൂനിവേഴ്സിറ്റി ലെവലിലുള്ള കലാമത്സരങ്ങൾ കോളേജിനെ ഗ്രഹിച്ചത്. നാനാഭാഗത്തുനിന്നും പ്രോത്സാഹനങ്ങളെത്തി. പരിശീലനങ്ങളും, റിഹേഴ്സലുകളും മുറയ്ക്കു നടന്നു. ഒട്ടനവധി കോളേജുകളിൽ നിന്നെത്തിയ യുവ കലാകാരികൾ തമ്മിൽ നടന്ന വാശിയേറിയ പോരാട്ടങ്ങളിൽ ഞാൻ മുൻനിരയിലെത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ 1990-ലെ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു!
 
 
🟥 ദേശീയ മോഹിനിയാട്ട ശിബിരം
1993-ൽ, കേരള സംഗീത നാടക അക്കാദമി തൃശ്ശൂരിൽ സംഘടിപ്പിച്ച ദേശീയ മോഹിനിയാട്ട ശിബിരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഈ നൃത്ത ശാഖയുടെ ഉള്ളറകൾ തുറന്നു കാണാനുള്ള അവസരമൊരുക്കി. മോഹിനിയാട്ടത്തിലെ ഇതിഹാസങ്ങളായി പിന്നീട് മാറിയ 25 യുവപ്രതിഭകളായിരുന്നു ഈ കോഴ്സിൽ പങ്കെടുത്തത്. മേതിൽ ദേവിക, പോം പി. ആചാരി, കവിതാ കൃഷ്ണകുമാർ, മായാ വിനയൻ, മിനി പ്രമോദ്, പ്രിയാ ബാബു മുതലായവർ എന്നോടൊപ്പമുണ്ടായിരുന്നു. ഡോ. കനക് റെലെ, കലാമണ്ഡലം ക്ഷേമാവതി, ഭാരതി ശിവജി എന്നിവർ പ്രഭാഷണങ്ങൾ നൽകാനെത്തി. കലാമണ്ഡലം സുഗന്ധിയായിരുന്നു പരിശീലനക്കളരിയിലെ മുഖ്യസംഘാടകയും, നൃത്തസംവിധായകയും. വിജ്ഞാനപ്രദമായ സംവാദങ്ങളാണ് അരങ്ങേറിയത്. പുത്തൻ ആശയങ്ങൾ ആവിഷ്കാരങ്ങളിലൂടെ പ്രാവർത്തികമാക്കി. അടവുകളിലും, അഭിനയത്തിലും, ആഹാര്യത്തിലും നിലനിന്നിരുന്ന വിവിധ രീതികളെക്കുറിച്ച് ആഴത്തിൽ അവഗാഹം നേടാനായി. സാഹിത്യ കൃതികൾക്ക് നൃത്തഭാഷ്യം നൽകുന്ന അനുക്രമങ്ങൾ വിശദീകരിക്കുന്ന ക്ലാസ്സുകൾ ഞങ്ങൾക്ക് തുറന്നുതന്നത് വിശാലമായൊരു കലാവീഥിയാണ്.
 
 
🟥 കാരണവത്തിയിൽ നിന്ന് കുച്ചിപ്പുടി
മോഹിനിയാട്ടത്തിൻ്റെയും, ഭരതനാട്യത്തിൻ്റെയും കൂടെനിൽക്കുന്ന കുച്ചിപ്പുടി, കലാമണ്ഡലം മോഹന തുളസിയിൽ നിന്ന് നേരിട്ടഭ്യസിക്കാൻ എനിയ്ക്ക് അവസരം ലഭിച്ചു. പ്രശസ്ത കുച്ചിപ്പുടി ആചാര്യൻ വെമ്പട്ടി ചിന്നസത്യത്തിൽനിന്നും, നമ്മുടെ ഗുരുശ്രേഷ്ഠരായ രാജരത്നം പിള്ള, ചിന്നമ്മുഅമ്മ മുതലായവരിൽനിന്നും ഈ നൃത്തശാഖ സ്വായത്തമാക്കിയവരാണ് ഗുരു മോഹന തുളസി. ആന്ധ്രയിൽ ജന്മംകൊണ്ട കുച്ചിപ്പുടി കേരളത്തിൽ ജനകീയമാക്കിയതിൽ തുളസിയമ്മയുടെ പങ്ക് അതുല്യമാണ്. അര നൂറ്റാണ്ടിലേറെ കാലമായി കുച്ചിപ്പുടി ചുവടുകൾക്ക് മാസ്മരിക മാനം നൽകിക്കൊണ്ടിരിക്കുന്ന ഒരു ഗുരുവിൻ്റെ നിർദ്ദേശപ്പടിയുള്ള ശിക്ഷണം, മറ്റു രണ്ടു നൃത്തങ്ങളിലുമുള്ള മെയ് വഴക്കം എനിയ്ക്ക് മൂന്നാമത്തെതിലും നേടിത്തന്നു. കലാതിലകം നേടിയ വാർത്തയോടൊപ്പമുണ്ടായിരുന്ന ഫോട്ടോ മാധ്യമങ്ങളിൽ കണ്ട് കിള്ളിക്കുറിശ്ശിമംഗലത്തു നിന്ന് എന്നെ തേടിയെത്തിയ സതീഷുമായുള്ള വിവാഹവും, ഹ്രസ്വകാല വിദേശവാസവും, കൊച്ചിയിലേക്കുള്ള താമസമാറ്റവും, സ്വന്തമായൊരു നൃത്തകേന്ദ്രമെന്ന എൻ്റെ സ്വപ്നത്തിൻ്റെ സാക്ഷാൽക്കാരവും, കുച്ചിപ്പുടിയോടെ ലഭിച്ച നൃത്ത മേഖലയിലെ സമഗ്രതയുമായി എന്തൊക്കെയൊ ബാന്ധവമുണ്ട്.
 
 
🟥 ഭരത കലാമന്ദിരം
ചെറിയ രീതിയിൽ ആരംഭിച്ച 'ഭരത കലാമന്ദിരം' ഇപ്പോൾ കാൽ നൂറ്റാണ്ട് പിന്നിട്ടു. സിൽവർ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന 'ഭരതം മോഹനം' എന്ന മോഹിനിയാട്ട കലാവിരുന്ന് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കേന്ദ്ര മന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത്, നൃത്തകേന്ദ്രത്തിന് ആശംസകൾ നേർന്നു. മഹാമാരിക്കാലത്തും നൃത്താദ്ധ്യാപനം സജീവമാക്കുന്ന വിദ്യാർത്ഥികളാണ് എൻ്റെ കലാസ്ഥാപനത്തിൻ്റെ ഏറ്റവും വലിയ ശക്തി. എല്ലാ നൃത്തങ്ങളും ഞാൻ പഠിപ്പിക്കുന്നുണ്ടെങ്കിലും, കേരളത്തിൻ്റെ തനതായ മോഹിനിയാട്ടമാണ് എൻ്റെ ഫസ്റ്റ് ലവ്! എന്നാൽ, പുതിയ തലമുറയ്ക്ക് കൂടുതൽ ഇഷ്ടം ഭരതനാട്യമാണ്. കൂടുതൽ വിദ്യാർത്ഥികൾ അതാണ് അന്വേഷിച്ചു വരുന്നത്. മോഹിനിയാട്ടം വിളംബിതമായതെന്നും, കുച്ചിപ്പുടിയിൽ കിണ്ണത്തിൽ കയറണമെന്നുമുള്ള പരാതികളുണ്ടല്ലൊ! നൃത്തരൂപം ഏതായാലും എൻ്റെ ശിക്ഷണ രീതി ചിട്ടയോടുകൂടിയതാണ്. ശാസ്ത്രീയ നൃത്തങ്ങളിൽ അപഥ്യമായ പ്രവണതൾക്ക് സ്ഥാനമില്ല!
🟥 കാവ്യാവിഷ്കാരങ്ങൾ
ധാരാളം കവിതകൾക്ക് നാട്യരൂപം ചിട്ടപ്പെടുത്തി വേദികളിൽ സ്വയം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, അവയിൽ ചിലത് ചിന്തയിൽ നിത്യഹരിതമാണ്. രണ്ടുമൂന്നെണ്ണം ശരിയ്ക്കും പരിപാവനമായ സ്മരണകൾ. അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിൻ്റെയും, സുഗതകുമാരി ടീച്ചറുടെയും, എസ്. രമേശൻ നായരുടെയും വേർപാടുകൾ നമുക്ക് അത്രപെട്ടെന്ന് മറക്കാനാവുമോ? ഒരുമിച്ചെത്തിയ തീരാനഷ്ടങ്ങൾ. ജ്ഞാനപീഠ ജേതാവിൻ്റെ 'കടമ്പിൻപൂക്കൾ' എന്ന കവിതാസമാഹാരത്തിലെ തിരഞ്ഞെടുത്ത ചില ശകലങ്ങൾ കോർത്തിണക്കിയ ഒരു ബഹുപുഷ്പ അർച്ചനയ്ക്കാണ്, മഹാകവിയുടെ നവതി ആഘോഷത്തിന്, അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തിൽ വച്ചുതന്നെ ഞാൻ ചുവടുവച്ചത്. 'നിറഞ്ഞുനിൽക്കും യമുനാ നദിയിൽ...' എന്നു തുടങ്ങുന്ന ആ നൃത്തശിൽപ വരികൾ ഓർക്കുന്ന യാമങ്ങളിലെല്ലാം മഹാകവിയുടെ രൂപമാണ് ഉള്ളിൽ തെളിഞ്ഞു വരുന്നത്.
കഴിഞ്ഞ ഡിസംബറിൽ എത്തിയ സുഗതകുമാരി ടീച്ചറുടെ നിര്യാണവും എന്നെ തളർത്തി. അവരുടെ 'കൃഷ്ണാ, നീ എന്നെ അറിയില്ല...' എന്ന കവിതയിൽ മോഹന നൃത്തത്തിൻ്റെ ലാസ്യവും കരുണവും ലയിയ്ക്കണം. ശൃംഗാരം മാത്രമാണ് മോഹിനിയാട്ടത്തിൻറെ മുന്നിട്ടു നിൽക്കുന്ന മുഖമുദ്രയെന്നത് തിരുത്തി എഴുതപ്പെടണം. എൺപതു വരികളും ഞാൻ ദൃശ്യവൽക്കരിച്ചു. ടീച്ചറുടെ രചനാ വൈഭവത്തിൻ്റെ പരകോടിയാണ് ഗോപികയുടെ ആഹ്ളാദവും സ്വർഗ്ഗീയാനുഭൂതിയും നിറഞ്ഞൊഴുകുന്ന കവിതയുടെ അവസാന ഭാഗം. 'അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണാ നിൻ രഥമെൻ്റെ കുടിലിനു മുന്നിൽ ഒരു മാത്ര നിൽക്കുന്നു, കണ്ണീർ നിറഞ്ഞൊരാ മിഴികളെൻ നേർക്കു ചായുന്നു, കരുണയാലാകെ തളർന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നൽകുന്നു, കൃഷ്ണാ നീയറിയുമോ എന്നെ...' എന്ന വൈകാരിക രംഗം ഞാൻ നാട്യത്തിൽ വരച്ചുകാട്ടി തീർന്നതേയുള്ളൂ, ടീച്ചർ ഓടിയെത്തി എന്നെ ചേർത്തുപിടിച്ച് ഉമ്മവച്ചു!
 
കവിതയുടെ നൃത്താവിഷ്കാരത്തിൽ ഏറെ മികവ് തെളിയച്ച മറ്റൊരു ശിൽപമാണ് രമേശൻ മാഷുടെ 'രാമസാഗരം'. ഒട്ടനവധി വേദികളിൽ ഞാൻ ഇതുമായെത്തി. കോവിഡ് ബാധിതനായി ഇക്കഴിഞ്ഞ ജൂണിൽ അദ്ദേഹം പടിയിറങ്ങിയല്ലൊ എന്നോർക്കുമ്പോൾ ദുഃഖവും സാഗരം പോലെയെത്തുന്നു.
🟥 വെള്ളിത്തിരയിൽ
ലോഹിതദാസ് രചിച്ച്, സംവിധാനം ചെയ്ത 'നിവേദ്യം', ശ്രീപ്രകാശ് സംവിധാനം ചെയ്ത 'സുൽത്താൻ', തമിഴ് പടങ്ങളായ 'സുന്ദരപാണ്ഡ്യൻ', 'പാണ്ടിയ നാട്' മുതലായവയിൽ നല്ല റോളുകൾ ചെയ്യാൻ അവസരം ലഭിച്ചു. നാലു മുതൽ 60 വയസ്സുവരെ പ്രായമുള്ള, അധ്യയനത്തിൻ്റെ വ്യത്യസ്‌ത ഘട്ടങ്ങളിലുള്ള, നാനൂറോളം നൃത്ത വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് ആഴ്ചയിൽ ഏഴു ദിവസവും. എങ്ങനെയൊക്കെയോ സമയം കണ്ടെത്തിയാണ് ഫിലീം സെറ്റുകളിലേയ്ക്ക് ഓടിപ്പോയിരുന്നത്. തേടിയെത്തിയ എല്ലാ ചലച്ചിത്രങ്ങളും അതിനാൽ സ്വീകരിക്കാൻ കഴിയാതെപോയി. ഷൂട്ടിന് അധിക സമയം ആവശ്യമില്ലാത്തതുകൊണ്ട്, കൂടുതൽ ഷോർട്ട് ഫീലീമുകളും, ഏഡ് ഫീലീമുകളും ഏറ്റെടുക്കാൻ സാധിച്ചു.
 
വിജയ് സി.എച്ച് 
 
🟥 കുടുംബ പശ്ചാത്തലം
ടിക്ടോക്കും, വാട്സേപ്പും സമൂഹത്തെ അത്ര 'ഫാസ്റ്റ്' ആക്കിയിട്ടില്ലാത്ത ഒരു കാലത്താണ് ഞാൻ നൃത്തം പഠിച്ചതും, അത് പൊതുവേദികളിൽ അവതരിപ്പിക്കേണ്ടിവന്നതും. യാഥാസ്ഥിതിക സമൂഹത്തിന് കുട പിടിക്കുന്ന കൂട്ടുകുടുംബം. പെൺകുട്ടികൾ സ്റ്റേജിൽ കയറുന്നതിന് എതിരെ പലരും മാറിനിന്ന് വിമർശിച്ചു. മാതൃകാ സ്കൂൾ അദ്ധ്യാപകനായിരുന്ന എൻ്റെ അച്ഛനും, കൊള്ളിവാക്കുകളെല്ലാം ക്ഷമിച്ചുകൊണ്ട് അമ്മയും, ഇടത്തും വലത്തും നിന്ന് നൃത്തവഴികളിൽ എന്നെ മുന്നോട്ടു നടത്തി. ക്ഷമയും, ഉണ്ണി മാന്നനൂരും എൻ്റെ മാതാപിതാക്കൾ. സുനു ആർ. പിഷാരടി, ഏക സഹോദരൻ. വിവാഹാനന്തരം, പ്രിയപ്പെട്ടവനാണ് എൻ്റെ പ്രചോദനസ്രോതസ്സ്‌. സതീശേട്ടൻ കമ്പ്യൂട്ടർ മേഖലയിൽ ജോലിചെയ്യുന്നു. മൂത്ത പുത്രൻ അർജുൻ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഡെപ്യൂട്ടി ലീഗൽ മാനേജറാണ്. രണ്ടാമത്തെ മകൻ നന്ദകൃഷ്ണൻ നിയമ വിദ്യാർത്ഥി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക