Image

ഹംപി കാഴ്ചകള്‍ -6: ആറാട്ട്പുരയുടെ അത്ഭുതങ്ങള്‍ (മിനി വിശ്വനാഥന്‍)

മിനി വിശ്വനാഥന്‍ Published on 08 February, 2022
ഹംപി കാഴ്ചകള്‍ -6: ആറാട്ട്പുരയുടെ അത്ഭുതങ്ങള്‍ (മിനി വിശ്വനാഥന്‍)

ഹസാരരാമ ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങമ്പോള്‍ സങ്കടം കൊണ്ടും സന്തോഷം മനസ്സ് നിറഞ്ഞിരുന്നു. ലോകാത്ഭുതങ്ങളോട് കിട പിടിക്കുന്ന കാഴ്ചകളാണ് ആ ക്ഷേത്രത്തിലെ ചുവര്‍ ശില്പങ്ങള്‍ സമ്മാനിച്ചത് എന്നതിലെ സന്തോഷം , അവയുടെ ഇന്നത്തെ അവസ്ഥയോര്‍ത്ത് സങ്കടത്തിന് വഴിമാറി. ഹംപിയിലെ ഓരോ കല്‍മണ്ഡപങ്ങളും കാഴ്ചകളും കണ്ടവസാനിക്കുമ്പോള്‍ മനസ് വിങ്ങുമെന്നത് യാത്രക്കാരുടെ അനുഭവസാക്ഷ്യമാണ്.

അടുത്തതായി 'ക്വീന്‍സ് ബാത്ത് 'എന്നു പേരുള്ള രാജകീയ കുളിസ്ഥലം കാണാമെന്ന് ജഗദീഷ് പറഞ്ഞപ്പോള്‍ പഴയ ഒരു കുളവും അതിനു ചുറ്റുമുള്ള കല്‍പ്പടവുകളും വെച്ചുകെട്ടുകളും ആയിരിക്കും എന്നാണ് ഞങ്ങള്‍ കരുതിയത്. വേണോ വേണ്ടയോ എന്ന ചിന്തകള്‍ക്കപ്പുറം റോയല്‍ എന്‍ക്ലോഷറിന് തൊട്ടടുത്തായതു കൊണ്ട് മാത്രം അവിടമൊന്ന് കാണാമെന്ന് കരുതി.

തണല്‍ മരങ്ങളും പച്ചപ്പുല്‍ത്തകിടികളും ഉള്ള നിരപ്പായ ഒരു സ്ഥലത്ത്  ഇന്‍ഡോ അറബ് വാസ്തുശില്പരീതിയില്‍ നിര്‍മ്മിച്ച ഒരു കെട്ടിടത്തിനു മുന്നില്‍ വണ്ടി നിന്നു. പുറം ചുവരുകളില്‍ കറുത്ത പൂപ്പല്‍ പിടിച്ച ആ കെട്ടിടം കണ്ടപ്പോള്‍ വലിയ പ്രത്യേകതകള്‍ ഒന്നും തോന്നിയില്ല.
കാഴ്ചകള്‍ കണ്ട് നടന്ന് ക്ഷീണിച്ച യാത്രികര്‍ അവിടെയുള്ള പുല്‍ത്തകിടികളില്‍ ഇരുന്നും കിടന്നും വിശ്രമിച്ചു. ലഘു ഭക്ഷണങ്ങള്‍, ഇളനീര്‍ , ജ്യൂസ്, വെള്ളം മുതലായവക്കൊപ്പം കൗതുക വസ്തുക്കളുടെയും വില്പന തകൃതിയായി നടക്കുന്നുണ്ട്. വിനോദയാത്രക്കായി സ്‌കൂളില്‍ നിന്നു വന്ന കുട്ടികള്‍ കാഴ്ചകളൊന്നും കാണാന്‍ കൂട്ടാക്കാതെ ഓടിക്കളിക്കുകയും ടീച്ചര്‍മാര്‍ നിലക്കടലയും പോപ്‌കോണും കൊറിച്ച് കൊണ്ട് അവരെ നോക്കിയിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് വിട്ടാല്‍ നല്ല വെള്ളവും ഇളനീരും കിട്ടുന്ന സ്ഥലങ്ങള്‍ ഉണ്ടാവില്ലെന്ന മുന്നറിയിപ്പ് പരിഗണിച്ച്  ഇളനീര്‍ കുടിക്കുകയും അതിന്റെ കാമ്പ് തിന്ന് വിശപ്പുമാറ്റുകയും ചെയ്തു.

പുറം കാഴ്ചകള്‍ കണ്ട് നടന്ന് രാജകീയ
കുളിവീട്ടിനടുത്തെത്തിയപ്പോഴേക്കും ഒരു ഗൈഡ് അകക്കാഴ്ചകളില്‍ സഹായിക്കാനായി കൂടെ വന്നു. ഹംപിയിലെ മറ്റ് നിര്‍മ്മിതികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ക്വീന്‍സ് ബാത്തിന്റെ നിര്‍മ്മാണം. അറബ് വാസ്തുശില്പ രീതിയിലുള്ള വളഞ്ഞ ആര്‍ച്ചുകളും ബാല്‍ക്കണികളും നിറഞ്ഞ ആ കെട്ടിടത്തിനകത്തെ കൊത്തു പണികള്‍ ഇന്ത്യന്‍ രീതിയിലുള്ളതായിരുന്നു.
അച്യുതദേവരായര്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് കുളിക്കാനായി നിര്‍മ്മിച്ചതാണെങ്കിലും രാജകുടുംബം പൊതുവായി ഉപയോഗിക്കുന്നതാവാനാണിടയെന്ന് ചരിത്ര രേഖകളും സാഹചര്യങ്ങളും വ്യക്തമാക്കുന്നു.. അതിന്റ അര്‍ദ്ധചതുരാകൃതിയിലുള്ള ഈ കെട്ടിടത്തില്‍ കുളത്തിന് നാലുചുറ്റും അഭിമുഖമായി മുന്‍പോട്ട് തള്ളി നില്‍ക്കുന്ന ബാല്‍ക്കണികള്‍ ഉണ്ട്. വസ്ത്രം മാറാനും എണ്ണ തേക്കാനുമായി ഇതിനടുത്ത് തന്നെ മറ്റ് മുറികളും ഉണ്ട്. ബാല്‍ക്കണികള്‍ക്ക് തൊട്ടു കുളത്തിലേക്കിറങ്ങാന്‍ കല്‍പ്പടവുകളും കാണാം.ആ കുളത്തിലെ ജലത്തിന് ശീതോഷ്ണ നിയന്ത്രണ സംവിധാനങ്ങളുണ്ടായിരുന്നെന്നും, രാജാക്കന്‍മാരുടെ ഇഷ്ടമനുസരിച്ച് കുളിക്കുന്ന വെള്ളത്തിന്‍ പ്രത്യേകതരം സുഗന്ധങ്ങങ്ങള്‍ കലര്‍ത്താറുണ്ടെന്നും ആ ഗൈഡ് വിശദീകരിച്ചു.

ആകാശം കണ്ട് കൊണ്ട് കുളിക്കാനും രാജകുമാരിമാര്‍ക്ക് ഉല്ലസിക്കാനും വേണ്ടിയാവണം ഇത്തരമൊരു നിര്‍മ്മിതി. ഏതായാലും ആഡംബരത്തിന്റെ അവസാന വാക്കാണ് ഈ കുളിസ്ഥലവും അതിനുള്ളിലെ കൊത്തുപണികളുമെന്ന് പറയാതെ വയ്യ. ഇതിലേക്കുള്ള ശുദ്ധജലത്തിനായി പ്രത്യേകമായി തുംഗഭദ്രയില്‍ നിന്ന് കനാലും ഉണ്ട്. വെള്ളം അകത്തേക്ക് വരുന്ന ഓവ് ചാലുകള്‍ അതിനു ചുറ്റും കാണാം. പഴയ കോട്ടകളിലേത് പോലെ ഈ കുളിസ്ഥലത്തിന് ചുറ്റുമായും വെളളം നിറച്ച ഒരു കിടങ്ങുണ്ട്. ആക്രമണങ്ങള്‍ ഉണ്ടായാല്‍ സുരക്ഷിതമായി താമസിക്കാനുളള ഒരു ഇടം കൂടിയാവണം ഇത്. സ്ത്രീകള്‍ മാത്രമായി അവിടം ഉപയോഗിക്കുന്നതിന്റെ മുന്‍കരുതലും ആവാം. ആ കിടങ്ങും പാലവും ഇപ്പോഴും ചരിത്രസാക്ഷിയായി അവിടെയുണ്ട്. അവിടം നവീകരിക്കാനുള്ള ചില പദ്ധതികള്‍ നടക്കുന്നുണ്ട്. പുറം ചുവര്‍ പ്ലാസ്റ്ററിട്ട് മിനുക്കിയ മറ്റൊരു നിര്‍മ്മിതി ലോട്ടസ് മഹലാണ്. പക്ഷേ ക്വീന്‍സ് ബാത്തിന്റെ ചുവരുകളിലെ കറുത്ത പൂപ്പലിന് കാരണം ജലസാന്നിദ്ധ്യമാവണം.

ഈ രാജകീയകുളിസ്ഥലവും ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ടതാണ് എന്ന് ഗൈഡ് പറഞ്ഞു. അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന ശില്പങ്ങളുടെയും കൊത്തുപണികളുടെയും ഭംഗി എത്ര കണ്ടാലും മതിയാവില്ല. അതിന്റെ നിര്‍മ്മാണത്തിന്റെ എഞ്ചിനീയറങ്ങ് വൈദഗ്ദ്ധ്യവും ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. ആഗ്രഹങ്ങളും ആവശ്യങ്ങളും ആര്‍ഭാടവും ഒരുപോലെ സമന്വയിപ്പിച്ച ഒരു നിര്‍മ്മാണമായിരുന്നു ഈ ക്വീന്‍സ് ബാത്ത്.

ഫോട്ടോ എടുക്കാന്‍ മനോഹരമായ സ്‌പോട്ടുകള്‍ ഉള്ളതു കൊണ്ട് തന്നെ ചെറുപ്പക്കാരായ ധാരാളം നാട്ടുകാരും ജോഡികളും അവിടെ ഉണ്ടായിരുന്നു.
ഈ റോയല്‍ സ്വിമ്മിങ്ങ് പൂള്‍ പുനര്‍ നിര്‍മ്മിക്കാന്‍ വല്ല പദ്ധതിയുമുണ്ടോ എന്ന് ഒരു വിദേശ യാത്രികള്‍ ഗൈഡിനോട് അന്വേഷിച്ചു. ഇത് ഹെറിറ്റേജ് സ്‌പോട്ടാണെന്നും, അതുകൊണ്ട് തന്നെ കര്‍ണ്ണാടക ഗവണ്‍മെന്റ് നിസ്സഹായരാണെന്നും നാട്ടുകാരനായ വഴികാട്ടി സങ്കടം പറഞ്ഞു. പുല്‍ത്തകിടിയും പൂന്തോട്ടവും സംരക്ഷിക്കുന്നത് തന്നെ നല്ല ഒരു കാര്യമാണ്. സഞ്ചാരികളെ ആകര്‍ഷിക്കാനായി മറ്റ് ഗിമിക്കുകള്‍ ഒന്നും ഇവിടെയില്ല എന്നതും കാഴ്ചകള്‍ക്കിടെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.

അവിടെ നിന്നിറങ്ങുമ്പോള്‍ ഉല്ലസിച്ച് ജലപ്പന്ത് കളിക്കുന്ന രാജകുമാരിമാരായിരുന്നു മനസ്സില്‍. ഇന്ന് ഇങ്ങനെയൊരു അവസ്ഥയിലേക്ക് ഇത് എത്തിനില്‍ക്കുമെന്ന് അവരാരും അന്ന് ഊഹിച്ചിട്ട് പോലുമുണ്ടാവില്ല.

മനുഷ്യനിര്‍മ്മിതിയുടെ അത്ഭുതങ്ങള്‍ കണ്ടു തുടങ്ങുന്നതേയുള്ളു എന്ന് പറഞ്ഞു കൊണ്ട് റോയല്‍ എന്‍ക്‌ളോഷറിലേക്ക് ജഗദീഷ് ഞങ്ങള്‍ക്ക് വഴി കാട്ടി.  വിജയനഗര സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രമായിരുന്നു റോയല്‍ എന്‍ക്ലോഷര്‍ എന്ന് അറിയപ്പെടുന്ന ഹംപിയിലെ കൊട്ടാര സമുച്ചയം. ദര്‍ബാര്‍ ഹാളുകള്‍, പ്ലാറ്റ്ഫോം, ടാങ്കുകള്‍, ഭൂഗര്‍ഭ അറകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുള്‍പ്പെടെ നാല്പത്തിയഞ്ചിലധികം കെട്ടിടങ്ങള്‍ അതിന്റെ  ഇവിടെ ഉണ്ടായിരുന്നു. നാശോന്മുഖമായിട്ടും പ്രൗഡഗംഭീരമായ ഹംപിക്കാഴ്ചകള്‍ തുടരുന്നു.

ഹംപി കാഴ്ചകള്‍ -6: ആറാട്ട്പുരയുടെ അത്ഭുതങ്ങള്‍ (മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ -6: ആറാട്ട്പുരയുടെ അത്ഭുതങ്ങള്‍ (മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ -6: ആറാട്ട്പുരയുടെ അത്ഭുതങ്ങള്‍ (മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ -6: ആറാട്ട്പുരയുടെ അത്ഭുതങ്ങള്‍ (മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ -6: ആറാട്ട്പുരയുടെ അത്ഭുതങ്ങള്‍ (മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ -6: ആറാട്ട്പുരയുടെ അത്ഭുതങ്ങള്‍ (മിനി വിശ്വനാഥന്‍)ഹംപി കാഴ്ചകള്‍ -6: ആറാട്ട്പുരയുടെ അത്ഭുതങ്ങള്‍ (മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക