Image

അമേരിക്കയിലെ  മലയാള സാഹിത്യത്തിന്റെ ഇന്നലെകളിലൂടെ...ഇന്നിലൂടെ... നാളെയിലേക്ക് (സിൽജി ജെ ടോം)

സിൽജി ജെ ടോം Published on 30 March, 2022
അമേരിക്കയിലെ  മലയാള സാഹിത്യത്തിന്റെ ഇന്നലെകളിലൂടെ...ഇന്നിലൂടെ... നാളെയിലേക്ക് (സിൽജി ജെ ടോം)

മേരിക്കയിലെ മലയാള സാഹിത്യവഴികളിലെ ഇന്നലേകളിലും ഇന്നുകളിലും കൂടി കടന്നുപോയി നാളെയിലേക്കുള്ള പന്ഥാവ് വെട്ടിത്തുറക്കുകയാണ്  ജോർജ് മണ്ണിക്കരോട്ട് രചിച്ച 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം' . ബൗദ്ധികമായ സത്യസന്ധതയോടുകൂടി അദ്ദേഹം അമേരിക്കൻ മലയാളി സമൂഹത്തിന്റെ നാളിതുവരെയുള്ള എഴുത്ത് വഴികളെ  വരച്ചിടുന്നു.
 'അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യം' എന്ന ഒന്നാം അധ്യായത്തിൽ തുടങ്ങി 'മലയാളം പഠിച്ച അമേരിക്കൻ വംശജരില്‍' വരെ പുസ്തകം ചെന്നെത്തുമ്പോള്‍  അമേരിക്കയിലെ അക്ഷര സ്നേഹികൾ ഓരോരുത്തരും പണ്ടെപ്പൊഴൊക്കെയോ  നടന്നു തീര്‍ത്ത വഴിത്താരകള്‍  ഈ പുസ്തകത്താളുകളിൽ തെളിഞ്ഞു വരുന്നത് കാണാനാവും.  

   അമേരിക്കൻ മലയാളികളുടെ  പതിറ്റാണ്ടുകളായുള്ള ഭാഷാപരവും സാഹിത്യപരവുമായ മുന്നേറ്റങ്ങളെയും  സാമൂഹിക, സാംസ്കാരിക  വളർച്ചയെയും ഒരു ചരിത്രാന്വേഷിയുടെ ഗവേഷണ ത്വരയോടെ  അക്ഷരത്താളുകളിലേക്ക് അടയാളപ്പെടുത്തുന്നു  ജോർജ് മണ്ണിക്കരോട്ടിന്റെ തൂലിക .

 പ്രവാസി മലയാള സാഹിത്യത്തെ കുറിച്ച് ആദ്യമുണ്ടാകുന്ന സാഹിത്യ ചരിത്രമാണ്  മണ്ണിക്കരോട്ടിന്റെ ഈ കൃതി എന്ന് 'മലയാളത്തിലെ സാഹിത്യ ചരിത്രങ്ങളുടെ ചരിത്രം 'എന്ന ഗവേഷണ  ഗ്രന്ഥത്തിൽ  പ്രിൻസ് മോൻ ജോസ് പരിചയപ്പെടുത്തുന്നത് മണ്ണിക്കരോട്ട് എന്ന ഭാഷാ സ്നേഹിയുടെ  സാഹിത്യ സപര്യക്ക് ലഭിക്കുന്ന ബഹുമതിപത്രം തന്നെ .

'ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ അന്വേഷണ ബുദ്ധിയോടെ കാര്യങ്ങള്‍ കണ്ടെത്തുകയും ഒരു മെതഡോള്‍ജിയനുസരിച്ച് സംവിധാനക്രമത്വം പാലിക്കുകയും ചെയ്തിരിക്കുന്നു. ഈ ഗ്രന്ഥം ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ പി. എച്ച്. ഡി.ക്ക് സമര്‍പ്പിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് (ജോര്‍ജ് മണ്ണിക്കരോട്ട്)  ഡോക്ടറേറ്റ് ബിരുദം ലഭിക്കുമായിരുന്നു' എന്ന പ്രശസ്ത നിരൂപകനും സാഹിത്യകാരനുമായ  ഡോ. എം. എം. ബഷീറിന്റെ അഭിപ്രായം, മണ്ണിക്കരോട്ടിന്റെ സാഹിത്യചരിത്ര വഴികൾക്ക് ലഭിച്ച മഹത്തായ അംഗീകാരമാണ് .

ജീവിതത്തിലെ വിജയ വഴികൾക്കൊപ്പം  സർഗാത്മകതയെയും പ്രബുദ്ധതയെയും ഇഴചേർത്ത്  സാഹിത്യത്തിന്റെ  വേറിട്ട വഴികളിൽ  വ്യക്തിമുദ്ര പതിപ്പിച്ചവരെ  പരിചയപ്പെടുത്താനും അവരുടെ സംഭാവനകളെ രേഖപ്പെടുത്തുന്നതിനും അമേരിക്കയിലെ  മലയാളഭാഷയെയും പ്രസിദ്ധീകരണങ്ങളെയും സാഹിത്യ  സംഘടനകളെയുമെല്ലാം  അവതരിപ്പിക്കുന്നതിനുമാണ്  ഗ്രന്ഥകാരൻ ശ്രമിച്ചിരിക്കുന്നത്.  

അമേരിക്കൻ  പ്രവാസി മലയാള സാഹിത്യത്തെ ആധാരമാക്കി സംവിധാനം ചെയ്തൊരുക്കിയ  'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം'  അതുകൊണ്ടുതന്നെ  ഓരോ അമേരിക്കൻ മലയാളിക്കും, പ്രത്യേകിച്ച് ഇന്നാട്ടിലെ വായനയുടെയും എഴുത്തിന്റെയും ഉപാസകർക്കും ഏറെ വിലപ്പെട്ടത് തന്നെ. അമേരിക്കയിലെ ഭാഷാസാഹിത്യചരിത്ര സ്നേഹികൾക്ക്,  ഭാവിതലമുറയ്ക്കായി പങ്ക് വച്ച് നൽകാവുന്ന  മികച്ചൊരു റഫറൻസ്   ഗ്രന്ഥം തന്നെ ഈ  പുസ്തകം .

അമേരിക്കന്‍ കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു അമേരിക്കയിലെ മലയാളസാഹിത്യത്തിന്റെ  ചരിത്രവും.  ഏഴാം കടലിനക്കരെയിലേക്ക്  മെച്ചപ്പെട്ട ജീവിത നിലവാരവും തൊഴിലവസരങ്ങളും തേടി  മലയാളികളുടെ ഒഴുക്ക് തുടങ്ങിയത് 1965 ൽ കുടിയേറ്റ നിയമത്തിൽ ഇളവ് വന്നതോടെയാണ്. അത് മുതൽ ആരംഭിക്കുന്ന  അമേരിക്കൻ  മലയാളികളുടെ ആധ്യാത്മിക സാമൂഹ്യ സാംസ്‌കാരിക സാഹിത്യ വളർച്ചയിൽ സാഹിത്യ വിഭാഗത്തിന്റെ ചരിത്രമാണ് ഈ കൃതി . ഇന്ത്യൻ  കുടിയേറ്റ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് മലയാളികളുടെ കുടിയേറ്റ ചരിത്രത്തെ അനാവരണം ചെയ്ത്, തുടങ്ങുന്ന പുസ്തകം, സാഹിത്യപരമായി കഴിഞ്ഞ നാലഞ്ച് ദശകങ്ങളിൽ മലയാളി സമൂഹം നേടിയ നേട്ടങ്ങളെ   രേഖപ്പെടുത്തുന്നു.

ആദ്യ ഭാഗത്ത് അമേരിക്കയുടെ കുടിയേറ്റ ചരിത്രം, ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ കുടിയേറ്റ ചരിത്രം, അവരുടെ ആധ്യാത്മിക സാമൂഹ്യ സാംസ്കാരിക വളർച്ച അങ്ങനെ ഓരോന്നും പ്രതിപാദിക്കപ്പെടുന്നു. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാർ വാർദ്ധക്യത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും ഈ ചരിത്രം രേഖപ്പെടുത്തപ്പെടേണ്ടത് കാലത്തിന്റെ അനിവാര്യത തന്നെയാണ്.  

 അമേരിക്കയിലെ മലയാള ഭാഷയുടെ വളർച്ച പറയുന്ന രണ്ടാം ഭാഗം, എഴുത്തുകാരെ കുറിച്ചും അവരുടെ രചനകളെക്കുറിച്ചും പറയുന്ന മൂന്നാം ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളും അനുബന്ധവുമടക്കം അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രത്തിന്റെ പോയ കാലഘട്ടം മുതൽ സമകാലം വരെയുള്ള നാൾ വഴികളിലൂടെയുള്ള കടന്നുചെല്ലലാണ്, ഈ പുസ്തകം.

സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ നാടും വീടും വിട്ടു വന്നവർ കുടിയേറ്റ ഭൂവിൽ തനതായ മറ്റൊരു ചരിത്രം സാഹിത്യ ഭൂമികയിൽ എഴുതി ചേർത്തതിന്റെ വിവിധ കാലഘട്ടങ്ങളെ ഗ്രന്ഥ  കർത്താവ്  വിരസമല്ലാത്ത  വിധം കൈയൊതുക്കത്തോടെ വിവരിക്കുന്നു .  അമേരിക്കയിലെ മലയാള ഭാഷ,  മലയാളികളുടെ സാഹിത്യ സംഘടനകൾ, പുസ്തക ശേഖരങ്ങൾ, മുടങ്ങിയതും നിലവിലുള്ളതുമായ പ്രസിദ്ധീകരണങ്ങൾ , ഇലക്ട്രോണിക് മാധ്യമങ്ങൾ, രചനയുടെ വഴികൾ എന്ന് തുടങ്ങി  മലയാള സാഹിത്യവുമായി ബന്ധപ്പെട്ട സർഗ വഴികളിലൂടെ മണ്ണിക്കരോട്ടിന്റെ തൂലിക  നമ്മെ അനായാസം നടത്തുന്നു.

അമേരിക്കയിലെങ്ങുമായി വ്യാപിച്ചുകിടക്കുന്ന എഴുത്തുകാരും സാഹിത്യ പ്രവർത്തകരും കാനഡയിലെ സാഹിത്യ പ്രവർത്തനങ്ങളും പരാമർശിക്കപ്പെടുന്നു. അമേരിക്കയിലെ മലയാള സാഹിത്യ ശാഖകളെ 12 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു ഇവിടെ- കവിത, ചെറുകഥ, നോവല്‍, നാടകം, ബാലസാഹിത്യം, ഹാസ്യം - നര്‍മ്മം, ഉപന്യാസം, സഞ്ചാരസാഹിത്യം, വിവര്‍ത്തനം, അനുഭവം- ആത്മകഥ- ജീവചരിത്രം, ആസ്വാദനം - നിരൂപണം, ക്രൈസ്തവ സാഹിത്യം എന്നിങ്ങനെ.  

 പല എഴുത്തുകാരെയും പല സാഹിത്യ മേഖലകളിലും ആവർത്തിച്ച് ഉൾപ്പെടുത്തി കാണുന്നത് ചെറിയൊരു കൺഫ്യൂഷൻ ഉണ്ടാക്കുന്നുവെങ്കിലും 'എഴുത്തുകാരും കൃതികളും ഒറ്റനോട്ടത്തില്‍' എന്ന അദ്ധ്യായം ഈ കൺഫ്യൂഷൻ ഒഴിവാക്കാൻ ഏറെ സഹായകമാകുന്നു.
 മലയാളിയേക്കാൾ മലയാളത്തെ ഇഷ്ടപ്പെടുന്ന മലയാളം പഠിച്ച അമേരിക്കന്‍ വംശജരെപ്പറ്റിയും ഒരധ്യായം ഈ പുസ്തകത്തിലുണ്ട്.

അമേരിക്കയിലെ ആദ്യ നോവൽ  രചയിതാവ് കൂടിയായ മണ്ണിക്കരോട്ടിന്റെ അഞ്ച് വർഷത്തെ തുടരെയുള്ള ശ്രമങ്ങളുടെ ഫലമായിരുന്നു 250 ലേറെ പേജുള്ള 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' എന്ന ആദ്യ  ചരിത്ര പുസ്തകം. പിന്നീട് 2021  ജൂലൈയില്‍, പ്രസിദ്ധീകരിച്ച  'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം'  400 പേജുകളിൽ 150 ഓളം എഴുത്തുകാരെയും 500 ഓളം പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്നു .  ഡിജിറ്റല്‍, ഓണ്‍ലൈന്‍, ബ്ലോഗ്  സാഹിത്യകാരന്മാരെയും രചനാചരിത്രങ്ങളെയും  2007-2021 കാലഘട്ടത്തിലുണ്ടായ ഭാഷാസാഹിത്യത്തിലെ മാറ്റങ്ങളെയും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു .

നിരവധി യാത്രകൾ ചെയ്തും പല വട്ടം ഫോൺ വിളിച്ചുമാണ് വിവര ശേഖരണം നടത്തുന്നതിനും  അമേരിക്കയിലെ   മലയാളം പ്രസിദ്ധീകരണങ്ങൾ,  സ്കൂളുകൾ, സാഹിത്യ സംഘടനകൾ എന്നിവയെ കുറിച്ചറിയുന്നതിനും  സാധിച്ചതെന്ന് ഗ്രന്ഥകാരൻ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട് , വളരെ ശ്രമകരമായിരുന്നു ഈ ദൗത്യം. അമേരിക്കയിലെ മലയാള സാഹിത്യത്തെ കുറിച്ചൊരു  ഗ്രന്ഥമെന്നത് പലർക്കും ഉൾക്കൊള്ളാനാവുമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.

എന്നാൽ  'ഇത് അമേരിക്കയിലെ മലയാള സാഹിത്യത്തെ കുറിച്ച ആധികാരിക ഗ്രന്ഥമായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു' എന്ന്  അദ്ദേഹം പറയുമ്പോൾ ആ ആഗ്രഹത്തോട് എഴുത്തിലൂടെ നീതി പുലർത്താൻ  സാധിച്ചിട്ടുണ്ടെന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം.

ഭാഷയുടെ മരണം സംസ്കാരത്തിന്റെയും മരണമാണ്  . അതുകൊണ്ട് മാതൃ ഭാഷയെ സംരക്ഷിക്കേണ്ടത് സംസ്കാരത്തിന്റെ നിലനിൽപിന്  അത്യന്താപേക്ഷിതമാണ് .ഭാഷ നശിക്കുമ്പോൾ  ഇല്ലാതാകുന്നത് കലയും സാഹിത്യവും പാരമ്പര്യവും സംസ്കാരവുമാണ്.  ദേശം, സംസ്കാരം, സാഹിത്യം, രാഷ്‌ട്രീയം എന്നിവയുമായൊക്കെ ബന്ധപ്പെട്ടുനിൽക്കുന്ന സാമൂഹിക വ്യവഹാരമാണ്‌ സാഹിത്യചരിത്രരചന.

സാഹിത്യം എന്നാല്‍ കഥ, കവിത, നാടകം, ലേഖനം, വിമര്‍ശനം , സഞ്ചാര സാഹിത്യം, സാഹിത്യനിരൂപണം തുടങ്ങി വിവിധ  മേഖലകളുടെ വിശാല പ്രപഞ്ചത്തെ അതുൾക്കൊള്ളുന്നു . ദേശം, രാഷ്‌ട്രം തുടങ്ങിയ സാംസ്കാരിക സമഗ്രതകളുടെ സ്വത്വവും അസ്തിത്വവും മാറ്റങ്ങളും  പ്രതിനിധാനം ചെയ്യുന്നതുകൊണ്ടുതന്നെ ഏറെ  സാമൂഹികോത്തരവാദിത്വത്തോടും ആധികാരികതയോടും സമീപിക്കേണ്ട മേഖലയാണിത് .ഈ  ഉത്തരവാദിത്വവും എഴുത്തുകാരനിൽ   ഭദ്രമായി നിർവഹിക്കപ്പെട്ടിരിക്കുന്നു എന്ന് കാണാം.

നിലവാരത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടായേക്കാമെങ്കിലും കേരളത്തിന്റെ സാഹിത്യമേഖലയ്‌ക്കൊപ്പം  അമേരിക്കയിലെ സാഹിത്യ  ലോകവും ഒരേ സ്പേസ്  തന്നെയാണ് പങ്കിടുന്നത് എന്നതും ഈ കൃതിയുടെ പ്രാധാന്യമേറ്റുന്നു .

ഗ്രന്ഥ  രചയിതാവ്   ജോര്‍ജ് മണ്ണിക്കരോട്ട് ഗ്രെയിറ്റര്‍ ഹൂസ്റ്റണിലെ സ്റ്റഫോര്‍ഡിലാണ് താമസം . അമേരിക്കയിലെ വിവിധ സംഘടനകളില്‍  മികച്ച നേതൃ പാടവം കാഴ്ച വച്ചിട്ടുള്ള അദ്ദേഹം നിലവില്‍ ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റാണ്. എഴുത്തു വഴികളിൽ ധാരാളം പുരസ്‌കാരങ്ങളും  മണ്ണിക്കരോട്ടിനെ തേടിയെത്തിയിട്ടുണ്ട്.
ഏലിയാമ്മയാണ് ഭാര്യ . മക്കൾ ; ജറാൾഡ് , സച്ചിൻ, സെവിൽ.

അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രത്തെ അടയാളപ്പെടുത്തുന്ന കൃതിയെ മികച്ച കെട്ടിലും മട്ടിലും ആകർഷകമായ കവറോടെയും ലേ ഔട്ടോടെയും  രൂപകല്പന ചെയ്‌തെത്തിക്കുന്നത്  തിരുവനന്തപുരത്തുള്ള 'ഏയ്സ്‌തെറ്റിക്‌സ്'  പബ്ളിഷിംഗ്  ഗ്രൂപ്പാണ്  .

'എനിക്ക് വ്യക്തികളെ അറിയാം .എന്നാൽ ഞാൻ എഴുതുന്ന ചരിത്രത്തിന് വൃക്തികളെ അറിയില്ല. അവരുടെ സംഭാവനകൾ മാത്രമേ അറിയൂ '  ആമുഖത്തിലെ അദ്ദേഹത്തിന്റെ വാക്കുകൾ എഴുത്തിൽ അദ്ദേഹം സ്വീകരിച്ച നിഷ്പക്ഷ  നിലപാടിന് അടിവരയിടുന്നു.

നീണ്ട ഗവേഷണപഠനങ്ങളിലൂടെ എഴുതിയ അമേരിക്കയിലെ മലയാള സാഹിത്യ ചരിത്ര ഗ്രന്ഥം  ലോക മലയാളികൾക്കിടയിൽ തന്നെ ശ്രദ്ധിക്കപ്പെടുമെന്നുറപ്പ് .

സിൽജി ജെ ടോം

Join WhatsApp News
Ancy Sajan 2022-03-30 14:30:13
അഭിനന്ദനങ്ങൾ സിൽജി.. പരിചയപ്പെടുത്തലിന് ..
ഒരു ചരിത്ര അന്വേഷി, 2022-03-30 22:29:41
പലരും പലവട്ടം പൊക്കി പൊക്കി എഴുതിയല്ലോ. അധികമായാൽ അമൃതും വിഷം. ഇനി ആരെങ്കിലും വളരെ സ്വതന്ത്രമായി, സത്യം സത്യമായി ഒരു നിഷ്പക്ഷ നിലപാടിൽ ഒരു നല്ല നിരൂപണവും ഒരു നല്ല വിമർശനവും എഴുതുക. അതിലൂടെയാണ് സാഹിത്യവും ഭാഷയും വളരുക. അല്ലാതെ വെറുതെ പലരെക്കൊണ്ടും തള്ളിക്കുന്നത് അത്ര ശരിയല്ല. ഒരു സുകുമാർ അഴീക്കോട് പോലെ, ഒരു എം കൃഷ്ണൻ നായർ പോലെ ആരെങ്കിലും മുന്നോട്ടുവന്ന ധൈര്യമായി എഴുതൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക