Image

ചീവീടുകളുടെ സംഗീതം കേട്ട് ഇടുക്കി സരസിലൂടെ ശർക്കര പായസം തേടി (കുര്യൻ പാമ്പാടി)

കുര്യൻ പാമ്പാടി Published on 28 May, 2022
ചീവീടുകളുടെ സംഗീതം കേട്ട് ഇടുക്കി സരസിലൂടെ  ശർക്കര പായസം തേടി (കുര്യൻ പാമ്പാടി)


ചീവീടുകളുടെ സംഗീതം കേട്ട് ഇടുക്കി സരസിലൂടെ  ശര്‍ക്കര പായസം തേടി

വെളുപ്പിനു  മഞ്ഞു മൂടി ജലകണങ്ങള്‍ ഇറ്റിറ്റു വീഴുന്ന   സട ചൗക്ക എന്ന ക്രിസ്മസ് ട്രീയുടെ കുന്തിരിക്കംസുഗന്ധവുമായാണ് ദേവികുളത്തുനിന്നു യാത്ര പുറപ്പെട്ടത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ കുടിയേറ്റകര്‍ഷകര്‍ പച്ചയണിയിച്ച തോട്ടങ്ങളുടെ തണുപ്പും പേറിയുള്ള യാത്ര  ഇടുക്കി ജലാശയവും കുളമാവു ഡാമും മൂലമറ്റവും കടന്നു ജില്ലാ അതിര്‍ത്തി തൊടുപുഴയില്‍ എത്തിയപ്പോള്‍ റബര്‍ മരങ്ങളായി, കൊടും ചൂടും.

മൂന്നാര്‍ ഉണര്‍ന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു. പള്ളിവാസല്‍ തേയിലത്തോട്ടങ്ങള്‍ കടന്നു ആനച്ചാലില്‍ എത്തിയപ്പോള്‍ ഹോട്ടല്‍ ശ്രീലക്ഷ്മിയുടെ 'വീട്ടിലെ ഊണ്' ബോര്‍ഡ് കണ്ടു ചായകുടിക്കാന്‍ കയറി. സാധാരണ ദോശയുടെ ഇരട്ടി വലിപ്പവും കനവുമുള്ള ദോശയും സാമ്പാറും ചട് നിയും ചായയും കഴിച്ചതോടെ ഉറക്കച്ചടവ് മാറി  ഉന്മേഷം സടകുടഞ്ഞെണീറ്റു.

(മൂന്നാർ--മഞ്ഞു മൂടിയ വെളുപ്പാൻ കാലം)

ആനച്ചാല്‍ ഉള്‍നാടന്‍ ടൗണ്‍ ആണെങ്കിലും തിരക്കുള്ള ജംക്ഷനാണ്. പള്ളിവാസല്‍, ചിത്തിരപുരം കടന്നു  നേരെ പോയാല്‍ ഹൈറേഞ്ചിന്റെ കവാടമായ അടിമാലി. ഇടത്തോട്ടു  തിരിഞ്ഞാല്‍ വെള്ളത്തൂവല്‍, കീരിത്തോട്  വഴി 50 കി മീ അകലെ ഇടുക്കി ജലാശയം. വീതികൂട്ടി നന്നായി ടാര്‍ ചെയ്ത നാഷണല്‍ ഹൈവേ നമ്പര്‍ 185--അടിമാലിയില്‍ തുടങ്ങി കട്ടപ്പന വഴി കുമിളി വരെ നീളുന്നു.

ആനച്ചാലില്‍ ജനിച്ച രവിയും ബൈസണ്‍ വാലി സ്വദേശി ഭാര്യ സുജാതയും കൂടി നടത്തുന്ന ഹോട്ടല്‍ ശ്രീലക്ഷ്മിയുടെ മുമ്പില്‍  'വീട്ടിലെ ഊണ്' എന്നു വിളംബരം.  അവര്‍ തന്നെയാണ് വയ്ക്കുന്നതും വിളമ്പുന്നതും കാശു വാങ്ങുന്നതും.  മലമ്പനിയും കാട്ടുപോത്തുമുള്ള  ഏഴു പതിറ്റാണ്ടു മുമ്പ്മൂവാറ്റുപുഴ നിന്ന് എത്തിയ എച്ചിക്കോട്ടില്‍ കുഞ്ഞിന്റെ കൊച്ചുമകന്‍ ആണ് രവി. അച്ഛന്‍ വേലായുധനും കൃഷിക്കാരന്‍ ആയിരുന്നു.

(ആനച്ചാലിലെ രവിയും സുജാതയും ശ്രീലക്ഷ്മി ഹോട്ടലിൽ)

വഴിയോരത്ത്  അറുപതു സെന്റിന്റെ തന്റേടവുമായി ഹോട്ടല്‍ തുറന്നിട്ടു ആറു വര്‍ഷമേ ആയിട്ടുള്ളു.  ചെങ്കുത്തായ  ഭൂമി. ഹോട്ടലിനു താഴേക്ക് പണിത മൂന്ന് നില വീട് ചായം തേച്ച് പുതുക്കാന്‍ കാരണം അടുത്തകാലത്ത് നടന്ന മകന്‍ അഖിലിന്റെ വിവാഹം ആണ്. എന്‍ജിനീയര്‍മാരായ അഖിലിനും ശ്രീദേവിക്കും  ലണ്ടനില്‍ നിന്ന് 100  കിമീ കിഴക്കു ആഷ്ഫോര്‍ഡില്‍  ജോലി. മകള്‍ അഖില തിരുവനന്തപുരത്ത് സിവില്‍ സര്‍വീസസ് പരീക്ഷക്ക് തയ്യാറെടുക്കുന്നു. 

(വിവാഹ മുഹൂർത്തം: അഖില, അഖിൽ, ശ്രീദേവി)

റോഡിന്റെ ഒരു വശം പള്ളിവാസല്‍ പഞ്ചായത്തിന്റെയും ഹോട്ടല്‍ ഇരിക്കുന്ന മറുവശം വെള്ളത്തൂവല്‍  പഞ്ചായത്തിന്റെയും കീഴിലാണ്. രണ്ടിലുമായി നൂറു റിസോര്‍ട്ടുകളെങ്കിലും ഉണ്ടാവുമെന്നു രവി പറഞ്ഞു. ഒറ്റമുറി ഹോംസ്റ്റേ മുതല്‍ ദിവസം പതിനായിരം മുതല്‍ നാല്പതിനായിരം വരെ വാടക ചുമത്തുന്ന റിസോര്‍ട്ടുകള്‍ വരെ.

മൂന്നാര്‍ ബൈപാസ് റോഡില്‍ ചിത്തിരപുരം വിലാസം പേറുന്ന പനോരമിക് ഗെറ്റെവേക്കു  ഹൈസ്പീഡ് വൈഫൈ ഉള്ള  55 മുറികള്‍ ഉണ്ട്.  നീല മലനികരങ്ങളിലേക്കു തുറക്കുന്ന ജനാലകള്‍, നീന്തല്‍ കുളം, ഹെലിപ്പാഡ് എല്ലാമുണ്ട്. 2016ല്‍  തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍  ഏഷ്യ  പസഫിക്കിലെ ബെസ്‌റ് ഹോട്ടല്‍ പുരസ്‌കാരം നേടി. വിസ്താരത്തില്‍ മികച്ചു നില്‍ക്കുന്ന മറ്റു രണ്ടു റിസോര്‍ട്ടുകള്‍  ഫോഗ്, ലീഫ് എന്നിവയാണ്.

(ഹെലിപ്പാഡുള്ള ചിത്തിരപുരം പനോരമിക്‌  ഗെറ്റവേ)

കോവിഡ് ഭീതി അകന്നു തുടങ്ങിയതില്‍ സന്തോഷമുണ്ട് രവിക്ക്. നിയന്ത്രണങ്ങള്‍ ഒട്ടൊക്കെ മാറി. വീടിന്റെ രണ്ടു മുറികള്‍ ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കി മികച്ച ഒരു ഹോംസ്റ്റേ തുറക്കാനാണ്  ആഗ്രഹം.  ഏറ്റവും ഹൃദ്യമായ ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുന്നു എന്ന ഖ്യാതി അതിനു പിന്‍ബലം നല്‍കും.

ആനച്ചാല്‍ വിട്ടു അഞ്ചു മിനിറ്റിനകം    മുതിരപ്പുഴയാറിനു കുറുകെയുള്ള ചെങ്കുളം ഡാമിന് മുകളിലൂടെയായി യാത്ര. അരമണിക്കൂറിനകം കല്ലാര്‍കുട്ടി ഡാമിന്റെ മുന്നിലൂടെ.  പണിക്കന്‍കുടി തൊട്ടടുത്താണ്. ഒളിമ്പ്യന്‍ സഹോദരങ്ങള്‍ കെഎം ബീനമോളുടെയും കെഎം ബിനുവിന്റെയും  ജന്മനാടാണ് പണിക്കന്‍കുടി.

(പണിക്കൻകൂടി- ഒളിമ്പ്യൻ  ബീനാമോളുടെ നാട്;  മുൻ പഞ്ചാ. പ്രസി. എൻഎം ജോസ്)

പനംകുറ്റി, കീരിത്തോട്, ചേലച്ചുവട്, ചുരുളി, കരിമ്പന്‍ , തടിയമ്പാടു വഴി ചെറുതോണിയിലെത്താന്‍  ഒരുമണിക്കൂര്‍. വഴിയിലുടനീളം ഏലം, കാപ്പി, കുരുമുളക് തോട്ടങ്ങളും തെങ്ങും കവുങ്ങും വാഴയും.  ഇടയ്ക്കിടെ ബൊഗെന്‍  വില്ല പാദസ്വരം തീര്‍ത്ത പുതിയ വീടുകളും  യൂണിഫോമിട്ടു സ്‌കൂള്‍ ബസ് കാത്തു നില്‍ക്കുന്ന കുട്ടികളൂം.

(ചെറുതോണി ടൗൺ)

തടിയമ്പാട് എന്റെ അയല്‍ക്കാരനും  എംജി യൂണിവേഴ്‌സിറ്റി സുഹൃത്തുമായ സെബാസ്റ്റിയന്‍ ജോസഫിന്റെ നാടാണ്. പ്രളയത്തിന്റെ ആഘാതത്തെ അതിജീവിച്ച ഗ്രാമം. മിനിട്ടുകള്‍ക്കകം  1976ല്‍  പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തുറന്ന കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി പദ്ധതി ഇടുക്കിയുടെ കവാടമായി. തൊട്ടടുത്ത് ഇടുക്കി  മെഡിക്കല്‍ കോളജിന്റെ പുതിയ എടുപ്പുകള്‍. ജില്ലാകളക്ടറുടെ ആസ്ഥാനമായ പൈനാവിലെ കുയിലിമല യിലെത്താന്‍ അഞ്ചു മിനിറ്റ്. 

മുഖ്യമന്ത്രി കരുണാകരന്‍ 1985ല്‍ ഉദ്ഘാടനം ചെയ്തതെന്ന് കളക്ട്രേറ്റ് മന്ദിരത്തിലെ  ഫലകം വിളിച്ചോതുന്നു.  സരസനായ  എഴുത്തുകാരന്‍ ബാബു പോള്‍ ആയിരുന്നു ആദ്യ കളക്ടര്‍. ഇടുക്കി ജില്ല 1972ല്‍ നിലവില്‍ വന്നെങ്കിലും  വളരെക്കാലം കളക്ട്രേറ്റ്  കോട്ടയത്ത് ആയിരുന്നു. 'കോട്ടയത്ത് ഞങ്ങളുടെ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ഐഒ (അയ്യോ) എന്നാണു വിളിച്ചിരുന്നത്. ഇടുക്കിയില്‍ വന്നപ്പോള്‍ അത് ഐഐയോ  (അയ്യയ്യോ) ആയി,' ഒരിക്കല്‍ അദ്ദേഹം പ്രസംഗിച്ചു കേട്ടു.

ചരിത്രത്തില്‍ ആദ്യമായി ഇടുക്കി ജില്ലക്കാരായ രണ്ടു ഐഎഎസ് ഉദ്യോഗസ്ഥരെ   കുയിലിമലയില്‍ കണ്ടു. സീനിയര്‍ ആയ  ഷീബ ജോര്‍ജാണ് കളക്ടര്‍. കൂടെ ഡവലപ്‌മെന്റ് കമ്മീഷ്ണര്‍ ആയി ചെറുപ്പക്കാരനായ അര്‍ജുന്‍ പാണ്ഡ്യനും. വാഗമണ്‍ അടുത്ത് ബോണാമിയിലെ തേയിലത്തോട്ടത്തില്‍ ലയത്തില്‍ ജനിച്ചു വളര്‍ന്ന സമര്‍ത്ഥന്‍. യുപി തെരെഞ്ഞെടുപ്പില്‍ നിരീക്ഷകനായി പോയി വന്നതേ ഉള്ളു. പഴയ സൗഹൃദം വച്ച് ഫോണില്‍ വിളിച്ചു ഹലോ പറഞ്ഞു.  കണ്ടിട്ട് പോകാന്‍ ക്ഷണിച്ചെങ്കിലും  ശ്രമിക്കാമെന്നു പറഞ്ഞു  വിടചൊല്ലി.

(ഇടുക്കി ഭരിക്കാൻ ഇടുക്കിക്കാർ--ഷീബ ജോർജ്, അർജുൻ പാണ്ഡ്യൻ)

അരമണിക്കൂറിനകം അറക്കുളം ഗ്രാമ പഞ്ചയത്തിന്റെ അതിര്‍ത്തി കടന്നു  കുളമാവ് അണക്കെട്ടിനു മുകളിലൂടെ അക്കരെയെത്തി. ഡാമില്‍ വെള്ളം വളരെ കുറഞ്ഞിരിക്കുന്നു. തൊട്ടുചേര്‍ന്നു നിര്‍മ്മിച്ച    പാര്‍ക്കിലെ പുല്ലും ചെടികളും കരിഞ്ഞുണങ്ങി.  ഹെയര്‍ പിന്‍  വളവുകള്‍ കടന്നു   പായുമ്പോള്‍ 'ആനത്താരകള്‍ ഉണ്ട് സൂക്ഷിക്കണം'' എന്ന വനംവകുപ്പിന്റെ മുന്നറിയിപ്പുകള്‍ കണ്ടു. ഒപ്പം വനമേഖലയിലേക്കു പ്ലാസ്റ്റിക് കുപ്പികളും പാ ത്രങ്ങളും വലിച്ചെറിയരുതെന്ന അഭ്യര്‍ത്ഥനകളും.

അനിശ്ചിത കാല ബസ് സമരം  ആയിരുന്നതിനാല്‍ റോഡില്‍ തിരക്ക് നന്നേ കുറവ്. വല്ലപ്പോഴും തൊടുപുഴ നിന്ന് കുളമാവ്, ചെറുതോണി വഴി കട്ടപ്പനക്കു പോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കാണാന്‍ കഴിഞ്ഞു. പക്ഷെ മൈലുകളോളം പൂര്‍ണ നിശബ്ദം. കീഴാംതൂക്കായ വനമേഖലയില്‍ നിന്ന് ചീവീടുകളുടെ സംഗീതം മാത്രം. മൈക്കില്ല, സിനിമാപാട്ടില്ല, ജാഥയില്ല, മുദ്രാവാക്യമില്ല.

നാടുകാണി വ്യൂ പോയിന്റില്‍ നിന്നാല്‍ മതി വരില്ല. അന്തമായ ചക്രവാളത്തിലേക്കു നീല മലമടക്കുകള്‍ കടല്‍ത്തിരകള്‍ പോലെ നീണ്ടു നീണ്ടു പോകുന്നു.  നുനുനുനുത്ത തണുത്ത കാറ്റും. മൊബൈലില്‍  അര്‍ജുന്‍ പാണ്ഡ്യന്റെ  വിളി വന്നു. പക്ഷെ റേഞ്ചില്ലാത്തതിനാല്‍ കണക്ഷന്‍ കട്ടായി.

കട്ടപ്പനയും തൊടുപുഴയുമാണ് ജില്ലയിലെ മുനിസിപ്പാലിറ്റികള്‍. തൊടുപുഴ ഏറ്റവും വലിയ ബിസിനസ് കേന്ദ്രവും സിനിമാതാരങ്ങളുടെ നാടുമാണ്--അസിന്‍, ഹണി റോസ്,  ആസിഫ് അലി, ജാഫര്‍ ഇടുക്കി. പുറമെ  ഒളിമ്പ്യന്‍ ഷൈനി വിത്സനും നാട്ടുകാരി. തൊടുപുഴ ടൗണിനു അഞ്ചു കി മീ അകലെ കാരിക്കോട് ഗ്രാമത്തില്‍ പതിനെട്ടേക്കര്‍ റബര്‍ വെട്ടി നിരത്തിയുണ്ടാക്കിയ ക്രിക്കറ് സ്റ്റേഡിയമാണ് തൊടുപുഴയുടെ ഏറ്റവും പുതിയ ആഭരണം. ഒരേ സമയം രണ്ടു കളി നടത്താന്‍ രണ്ടു പിച്ചുകള്‍.  

(നാടുകാണി നിന്ന് മൂലമറ്റം; തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയം )

മൂലമറ്റത്തെത്താന്‍ മൂന്ന് കിമീ കൂടിയുള്ളപ്പോള്‍ വഴിയുടെ വലത്തു ഭാഗത്ത് ആ ബോര്‍ഡ് കണ്ടു. ഒരു കൊച്ചു റെസ്റ്റോറന്റിന്റെ മുമ്പില്‍ ' സുശീലചേച്ചിയുടെ നാടന്‍ ഭക്ഷണം.' മടിച്ച് മടിച്ചാണ് കയറിയത്. കെട്ടിലും മട്ടിലും നാടന്‍ ചായക്കടയുടെ പരിവേഷം.  പക്ഷെ അവിടത്തെ ഊണിന്റെ വിഭവങ്ങള്‍ കണ്ടു കണ്ണുതള്ളിപ്പോയി.  ഓണസദ്യയെയോ ആറന്മുള വള്ളസദ്യയെയോ ഓര്‍മിപ്പിക്കുന്ന 25 കൂട്ടം കറികളുമായി  തൂശന്‍ ഇലയില്‍ ഊണ്.

(മൂലമറ്റം കടയിൽ സുശീലചേച്ചി ഊണ് വിളമ്പുന്നു)

സാക്ഷാല്‍ കാന്താരി പൊട്ടിച്ചതോടൊപ്പം വിളമ്പുന്ന കപ്പക്കറിയാണ് ഉദ്ഘാടന വിഭവം. മീന്‍ പീര, മീന്‍ ചാറ്, മീന്‍ സാലഡ്  വേറെ. കോഴിയിറച്ചി ചെറുതായി കൊത്തിയരിഞ്ഞു തേങ്ങാപ്പീരയും മുളകുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന ചിക്കന്‍ തോരന്‍ ആണ് ചേച്ചിയുടെ സ്പെഷ്യല്‍. പൈനാപ്പിള്‍ കൊണ്ടുള്ള പച്ചടി.  ശര്‍ക്കര പായസം കൊണ്ടുള്ള ആറാട്ട്. നൂറു രൂപ.

അമ്പത്തേഴ് എത്തി നില്‍ക്കുമ്പോഴും   മുപ്പതിന്റെ പ്രസരിപ്പും പൂപ്പുഞ്ചിരിയുമുള്ള സുശീല ഭര്‍ത്താവ് രഘുവും പെണ്മക്കള്‍ രസുധ, രസന എന്നിവരുമൊത്തു ആറു വര്‍ഷം മുമ്പ് തുറന്നതാണ് ഈ നാടന്‍ ആഹാരശാല. രസുധയും ഭര്‍ത്താവ് ഹനീഷും വിളമ്പുകാരായി ഉണ്ട്. രസന വിവാഹിതയായി പിറവത്തേക്കു പോയി.  മനോരമയുടെ 'ട്രാവലറി'ല്‍ വന്ന ഒരു സചിത്ര ലേഖനമാണ് സുശീലയെപ്രശസ്തയാക്കിയത്. വ്ളോഗര്‍മാരുടെ ബഹളം. സംവിധായകന്‍  ജിത്തു ജോസഫ് ഉള്‍പ്പെടെ എത്തി ഊണു കഴിച്ചു.

(മുപ്പതിന്റെ പ്രസരിപ്പ് ; ഒപ്പം രഘു, രസുധ, ഹനിഷ്)

'എന്താണ്  ഭാവി? എത്ര നാള്‍ ഇങ്ങിനെ കൊണ്ടു നടക്കും?' മാനേജര്‍ കം ബെയറര്‍ ആയ ഹനീഷിനോട് ഞാന്‍ ചോദിച്ചു. കോവിഡിന് മുമ്പ് 500 പേര്‍  വരെ ഊണ് കഴിക്കാന്‍ എത്തിയിരുന്നു. എണ്ണം കുറഞ്ഞു കുറഞ്ഞു  150  വരെയായി നാലഞ്ച് ജോലിക്കാരുണ്ട്. വെളുപ്പിന് അഞ്ചിന് തുടങ്ങിയാല്‍ വൈകിട്ട് അഞ്ചു വരെ.  പിടിച്ചു നില്ക്കാന്‍ ഊണിനു നിരക്ക് നൂറു രൂപയായി കൂട്ടേണ്ടി വന്നു. ഇലയില്‍ ഊണ് പതിവുള്ളതല്ല. വളപ്പിലെ ഒരു വാഴ ഒടിഞ്ഞു വീണതുകൊണ്ടു ഇലയില്‍ തന്നതാണ്.'

'സ്ഥലം തീരെ കുറവാണ്. പത്തു സെന്റെയുള്ളു. കടയുടെ പിന്നിലാണ് താമസം.  ആധുനിക രീതിയില്‍ കെട്ടിടം പണിതു എസിയും എല്‍ഇഡി ബോര്‍ഡും വച്ച് പരിഷ്‌കരിക്കണമെന്നു മോഹം ഇല്ലാഞ്ഞിട്ടല്ല. പഴയതുപോലെ അഞ്ഞൂറ് ഊണ് വിളമ്പുന്ന കാലം വന്നാല്‍ ധൈര്യമായി മുന്നോട്ടു പോകും', എന്നു ഹനിഷ്.  കൊച്ചുമക്കള്‍ ഹനഹ, ഹാര്‍ദ്ദവം, അവന്തിക, അഭിനവ് കടന്നുവരും മുമ്പേ അത് നടക്കണമെന്നാണ് സുശീലയുടെ മോഹം.

Join WhatsApp News
Vaikom madhu 2022-05-28 11:14:20
Very good food travelogue meandering hills and Vale's of high ranges.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക