Image

ബ്രൂസിലി കോൺട്രാക്ടർ (ഹാസ്യനോവല്‍: ബാംഗ്ലൂർ ഡേയ്‌സ്-8: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 03 June, 2022
ബ്രൂസിലി കോൺട്രാക്ടർ (ഹാസ്യനോവല്‍: ബാംഗ്ലൂർ ഡേയ്‌സ്-8: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

(സൂചന;എൺപതുകളിൽ ,അതായത് മൊബൈൽ ഫോണുകളും ഇന്ന് ഉപയോഗിക്കുന്ന  ഡിജിറ്റൽ ഗാഡ്‌ജറ്റുകളും സ്വപ്നങ്ങൾ  മാത്രമായിരുന്ന ഒരു കാഘട്ടത്തിന്റെ കഥയാണ് ഇത്.പരിമിതമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന പരസ്പരം ആശയവിനിമയം നടത്താൻ പോസ്റ്റാഫീസുകൾ മാത്രമുണ്ടായിരുന്ന വ്യക്തിബന്ധങ്ങൾക്ക് ഇന്നത്തേക്കാൾ ഇഴ അടുപ്പം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൻറെ കഥ.)

പതിവുപോലെ ചീട്ടുകളിയും അതിനിടയ്ക്ക് ജോർജ്‌കുട്ടിയുടേയും  പരുന്തിൻകൂട് ശശിയുടേയും  കവിതചൊല്ലലും കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോൾ രാത്രി രണ്ടുമണികഴിഞ്ഞിരുന്നു.  യാതൊരുകാരണവശാലും ഞങ്ങളെ ഉച്ചവരെ ശല്യപ്പെടുത്താൻ പാടില്ല  എന്ന് എല്ലാവരോടും കർശ്ശനമായി പറഞ്ഞിരുന്നു 

എന്നാൽ  കാലത്തു് സുഖമായി ഉറങ്ങികിടക്കുമ്പോൾ  ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് എഴുന്നേൽക്കേണ്ടിവന്നു.അരിശം സഹിക്കവയ്യാതെ  ദേഷ്യപ്പെട്ട് വാതിൽ തുറക്കുമ്പോൾ ഒരു അപരിചിതൻ നിൽക്കുന്നു.

"എന്താ?എന്തുവേണം?"

അയാൾ എന്തോ പറഞ്ഞു.

ആഗതന് ഞാൻ പറയുന്നത്    ഒന്നും മനസ്സിലായില്ല എന്നുതോന്നുന്നു.

"ഏന് ബേക്കൂ ?" അറിയാവുന്ന കന്നഡയിൽ ചോദിച്ചു.

അയാൾ എന്തൊക്കെയോ കന്നഡയിൽ പറഞ്ഞു.. ഞങ്ങളുടെ സുഹൃത്ത് നടരാജൻ  മർദ്ദനമേറ്റ് ആസ്പത്രിയിലാണ്.നടരാജൻ  ഞങ്ങളെ കാണണം എന്ന്  പറയുന്നു,ഇതാണ് ഞങ്ങൾക്ക് മനസ്സിലായത്.

പക്ഷെ ഞങ്ങൾക്ക് നടരാജൻഎന്ന പേരിൽ  ഒരാളെ അറിയില്ല.അങ്ങനെ ഒരു സുഹൃത്ത് ഞങ്ങൾക്കില്ല .ചിലപ്പോൾ ആള് മാറിയതായിരിക്കും ,എന്നുപറഞ്ഞിട്ട് അയാൾ സമ്മതിക്കുന്നില്ല.

നടരാജനെ  ശിവാജിനഗർ ബൗറിങ് ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ് ചെയ്‍തിരിക്കുന്നത് ,പോലീസ് കേസ് എടുത്തിട്ടുണ്ട്,ആരാണ് മർദിച്ചത് എന്നറിഞ്ഞുകൂട, തുടങ്ങിയ വിവരങ്ങളും അയാളിൽ നിന്നും  കിട്ടി.

ഞങ്ങൾ വന്നേക്കാം, എന്നുപറഞ്ഞു അയാളെ ഒരു തരത്തിൽ ഒഴിവാക്കി.

ജോർജ്‌കുട്ടി പറഞ്ഞു," ആരാണ് ഈ നടരാജൻ ?ഒരു പിടിയും കിട്ടുന്നില്ല.നമ്മൾക്കു അച്ചായനോട് ഒന്ന് ചോദിച്ചുനോക്കാം.”

“നമ്മളുടെ കോൺട്രാക്ടർ രാജൻ അല്ലെങ്കിൽ ബ്രൂസ്സിലി രാജൻ എന്ന് വിളിക്കുന്ന ആളുടെ  ശരിയായ പേര് നടരാജൻ എന്നാണ്. ”

രാജൻ എന്നുവിളിക്കുന്ന കോൺട്രാക്ടർ രാജനാണ് പാർട്ടി എന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് എല്ലാം വെറും ഒരു തമാശ ആയിട്ടാണ് തോന്നിയത്. 

 ഞങ്ങൾ രാജനെപരിചയപ്പെടുന്നത്  ഒരു ബസ് യാത്രയിൽ ആണ്.

കഷ്ട്ടിച്ചു 5  അടി ഉയരം.കയ്യിൽ എപ്പോഴും  ഒരു ബ്രീഫ് കേസ് കാണും.അയാൾ സ്വയം പരിചയപ്പെടുത്തുക  കോൺട്രാക്ടർ രാജൻ എന്നാണ്.

രാജൻ ബ്രൂസ്സിലിയുടെ കടുത്ത ആരാധകനാണ്.സ്വദേശം  പാലക്കാട് ആണ്. സംസാരിക്കുമ്പോൾ വളരെ തിരക്ക് അഭിനയിക്കും.വർത്തമാനം തുടങ്ങിയാൽ രണ്ടോ മൂന്നോ മണിക്കൂർ സംസാരിച്ചുനിൽക്കും.ഇടക്കിടക്ക് തിരക്കാണ് പോകണം എന്നുപറയുമെങ്കിലും സംസാരം തുടർന്നുകൊണ്ടിരിക്കും.

കയ്യിലെ ബ്രീഫ് കേസിൽ കോൺട്രാക്ട് വർക്കുകളുടെ ഡോക്യുമെൻസ് ആണ് എന്നാണ് പറയുക.

ഞങ്ങൾ  പരിചയപ്പെട്ടവരിൽ ഒരു രസികൻ കഥാപാത്രമായിരുന്നു രാജൻ.പറഞ്ഞാൽ തീരാത്ത കഥകൾ രാജനെ സംബന്ധിച്ചുണ്ട്.

കുള്ളനായ രാജൻ ബ്രീഫ് കേസ്  താങ്ങിപ്പിടിച്ച് പോകുന്നത് കാണുമ്പോൾ തന്നെ  ചിരിവരും . എപ്പോഴും നല്ല ടിപ്പ് ടോപ്പ് വസ്ത്രങ്ങൾ ധരിച്ചു് ഫ്രഞ്ച് താടിയും മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയും കയ്യിൽ ഒരു  ബ്രീഫ് കേസുമായി പുതിയ കോൺട്രാക്ട് ജോലികൾ തേടി രാജൻ കാലത്തുള്ള ബസ്സിൽ  പോകുന്നത് കാണാം.  

ഞാനും   ജോർജുകുട്ടിയും സിറ്റി മാർക്കറ്റിൽ  നിന്ന്   ഞങ്ങളുടെ താമസ സ്ഥലത്തേക്ക്  വരികയായിരുന്നു ബസ്സിൽ ഞങ്ങളുടെ  മുൻസീറ്റിൽ ഒരു മലയാളം വാരികയും വായിച്ചു ഇരിക്കുകയായിരുന്നു  രാജൻ. 

അയാൾ തിരിഞ്ഞുനോക്കി ചിരിച്ചു,പരിചയപ്പെട്ടു 

 രാജൻ താൻ ഒരു കോൺട്രാക്ടർ  ആണെന്നും ഒരു കൊട്ടേഷൻ കൊടുത്തിട്ട് വരികയാണെന്നും  ഞങ്ങളോട് പറഞ്ഞു.  കോൺട്രാക്ടർമാർ നേരിടുന്ന പല പ്രശ്നങ്ങളെ കുറിച്ചും അയാൾ വിശദമായി സംസാരിച്ചു. എല്ലാം ഞങ്ങൾ കേട്ടിരുന്നു. 

ഏതോ പാർട്ടിയെ കാണാനുണ്ടെന്നും  അത്യാവശ്യമായ ചില കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട് എന്നും പറഞ്ഞു അയാൾ  ഇടക്ക് ഇറങ്ങി.

ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ  നിർഭാഗ്യവശാൽ കയ്യിലിരുന്ന ബ്രീഫ് കേസ്  എവിടെയോ തട്ടി  തുറന്നു പോയി. 

അതിലുണ്ടായിരുന്ന സാധനങ്ങളെല്ലാം റോഡിലേക്ക് വീണു.

രണ്ടു മൂന്ന് ഉളികൾ  ഒരു മുഴക്കോൽ ഒരു  ചുറ്റിക പിന്നെ ഏതാനും കടലാസുകളും ആയിരുന്നു  ആ പെട്ടിയിൽ ഉണ്ടായിരുന്നത്. രാജൻ ചുറ്റുപാടും നോക്കി. പറ്റിപോയ അബദ്ധം ഞങ്ങൾ കണ്ടോ  എന്നാണ് അയാൾ നോക്കുന്നത്. 

 ഒന്നും കാണാത്ത ഭാവത്തിൽ ഞങ്ങൾ അകലേക്ക് നോക്കിയിരുന്നു.

ചുരുക്കത്തിൽ ജോലി ആശാരി പണിയാണ്  എന്ന് പറയാൻ മടി ആയതുകൊണ്ട് കാണിക്കുന്ന അഭ്യാസങ്ങളാണ്.എസ്സ് .എസ്സ് എൽ സി.പാസ്സായ താൻ ആശാരിപ്പണി ചെയ്യുന്നത് കുറച്ചിലാണ് എന്നാണ് രാജൻ കരുതുന്നത്.

"മർദ്ദനമേറ്റ്‌ ആസ്പത്രിയിലായിരിക്കുന്ന നടരാജൻ നമ്മളുടെ രാജൻ തന്നെ ആയിരിക്കും,നമ്മുക്ക് ഒന്ന് പോയി അന്വേഷിച്ചിട്ടുവരാം."ജോർജ്‌കുട്ടി പറഞ്ഞു.

ഞങ്ങൾ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ  രാജൻ രണ്ടുമൂന്ന്  സുഹൃത്തുക്കളുമായി  സംസാരിച്ചു കൊണ്ട് ബെഡ്ഡ്‌ഡിൽ  കിടക്കുകയാണ്.

സുഹൃത്തുക്കൾ പോയി കഴിഞ്ഞപ്പോൾ ഞങ്ങൾ വിവരം തിരക്കി.രാജൻറെ .മുൻവശത്തെ രണ്ടുപല്ലുകൾ അടികിട്ടി ഇളകിപോയിരുന്നു. ജോർജ്ജുകുട്ടി പറഞ്ഞു,"  ഇത് കരാട്ടെ പഠിക്കുന്നവർ   ഉപയോഗിക്കുന്ന  നിഞ്ചക്ക് കൊണ്ട് കിട്ടിയ അടി പോലെ തോന്നുന്നു."

രാജൻ ഒരു വളിച്ച ചിരിയോടെ പറഞ്ഞു ,"അബദ്ധത്തിൽ  പ്രാക്ടീസ് ചെയ്യുമ്പോൾ നിഞ്ചക്കിൽ നിന്നും പിടിവിട്ടുപോയി   ഞാനാരോടും   ഈ വിവരംപറഞ്ഞിട്ടില്ല."

രാജൻ സ്വന്തമായി ഉണ്ടാക്കിയതാണ് നെഞ്ചക്ക്..രണ്ടു തടിക്കഷണങ്ങൾ ഒരു ചെയിൻ ഉപയോഗിച്ച്  രണ്ടറ്റത്തും പിടിപ്പിക്കും.അത് എടുത്ത് വീശി പരിശീലിക്കുന്നതിനിടക്ക്  പിടി വിട്ടുപോയി. അത് മുഖത്തുതന്നെ കൃത്യമായി കൊണ്ടു .അടിയുടെ ശക്തിയിൽ രണ്ടു പല്ല് ഇളകി പോയി.രക്തത്തിൽ കുളിച്ചു്  അബോധാവസ്ഥയിൽ കിടന്നരാജനെ അയൽക്കാർ ആസ്പത്രിയിലാക്കി..

."ഈ വിവരം മറ്റുള്ളവരോട് പറഞ്ഞു നാണംകെടുത്തരുത്" രാജൻ്റെ അപേക്ഷയാണ്..

രാജൻ  ഞങ്ങളെ രണ്ടുപേരെയും അടി മുടി  നോക്കിയിട്ട് ഒരു ചോദ്യം.

"  സാധാരണ രോഗികളെ സന്ദർശിക്കുന്നവർ  എന്തെങ്കിലും  ഫ്രൂട്ട്സ്, ഓറഞ്ച്, ആപ്പിള്, മുന്തിരി  ഇങ്ങനെ എന്തെങ്കിലും കൊണ്ടുവരും. നിങ്ങൾ എന്താ മറന്നുപോയോ?".

 ജോർജുകുട്ടി പറഞ്ഞു,"അത്  രോഗികൾക്ക് കൊടുക്കാൻ.ഈ  മണ്ടത്തരത്തിന് ഞങ്ങൾ ഓറഞ്ച് വാങ്ങി തരണോ?"

രാജൻ കിടക്കുന്ന കട്ടിലിൻറെ പിറകിൽ  ഒരു വലിയ ചാക്ക് കെട്ട്  ഇരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.

സന്ദർശകർ  കൊണ്ടുവന്ന  ഓറഞ്ച് ആപ്പിൾ മുന്തിരി  തുടങ്ങിയവ ശേഖരിച്ചു വച്ചിരിക്കുകയാണ്. 

ഞങ്ങൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല

ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം രാജൻ തിരിച്ചുവന്നു . 

ആശുപത്രിയിൽ നിന്നും സസുഖം തിരിച്ചെത്തിയ  രാജന് ഒരു സ്വീകരണം കൊടുക്കണം എന്നത് പരുന്തുംകൂട്ടിൽ ശശിയുടെ അഭിപ്രായമായിരുന്നു.ആർക്കും എതിരഭിപ്രായമില്ല."സമൂഹത്തിലെ ഇത്തരം കുൽസിത പ്രവർത്തികളിൽനിന്നും സാധാരണക്കാരെ രക്ഷിക്കേണ്ടത് പൊതുജനത്തിൻറെ കർത്തവ്യമല്ലേ?"

ശശിയുടെ  ചോദ്യത്തിന് എല്ലാവരും "യെസ്"എന്ന് മറുപടി പറഞ്ഞു.

അതിനോടനുബന്ധിച്ച് കൊല്ലം രാധാകൃഷ്ണൻ ഒരു കഥാപ്രസംഗവും  ശശി ഒരു കവിതയും  ചൊല്ലാം എന്നും പറഞ്ഞെങ്കിലും ഐക്യകണ്‌ഠമായി  പ്രമേയം തള്ളിക്കളഞ്ഞു.

രാജൻ്റെ അയൽവക്കത്ത് ഒരു ഫിലിം പ്രൊഡ്യൂസർ താമസ്സത്തിന് വന്നിട്ടുണ്ടെന്നും അദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ  വിരോധം ഉണ്ടോ എന്നും രാജൻ ചോദിച്ചു. ഞങ്ങൾ എല്ലാവർക്കും അങ്ങനെ ഒരാളെ പരിചയപ്പെടുന്നത് താല്പര്യം ആയിരുന്നു 

എങ്ങനെയെങ്കിലും  ഏതെങ്കിലും സിനിമകളിൽ തല കാണിക്കണമെന്ന് ഞങ്ങൾ രണ്ടുപേർക്കും  ആഗ്രഹം ഉണ്ടായിരുന്നു.

 പരിപാടിയുടെ അവസാനം ബാറിൽ ഒന്നിച്ചുചേരാം എന്നത് ഏകകണ്ഠമായ തീരുമാനം ആയിരുന്നു...

ഞങ്ങൾ കൂടുതൽചർച്ചക്കയായി വിനായക ബാറിൽ ഒന്നിച്ചു കൂടി.

പരുന്തുംകൂട് ശശി പറഞ്ഞു,"എനിക്ക് കല്യാണി മതി."

"അവൾ ലീവിലാണ്."ബാർ മാനേജർ കോശി പറഞ്ഞു.

"ശ്ശേ,വൃത്തികെട്ടവൻ,ഞാൻ കല്യാണി ബിയർ വേണം എന്നാണ്  പറഞ്ഞത്."

"നിങ്ങൾക്ക് വിജയേട്ടനെ എടുക്കട്ടേ?"കോശി ഞങ്ങളോടായി ചോദിച്ചു.

"വിജയേട്ടനോ?"

"അതെ,വിജയ് മല്യയുടെ കിംഗ് ഫിഷർ".

ബിയർ കഴിക്കുന്നതിനിടയിൽ  ഞാൻ ചോദിച്ചു," കോൺട്രാക്ടറെ എനിക്കും ജോർജ്ജുകുട്ടിക്കും സിനിമയിൽ അഭിനയിച്ചാൽ കൊള്ളാമെന്നുണ്ട്. നിങ്ങളുടെഅയലോക്കത്തെ സിനിമ നിർമ്മാതാവിനെ ഒന്ന് പരിചയപ്പെടുത്തി തരാമോ?"

" ഓ അതിനെന്താ? ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്  ഞാൻ പരിചയപ്പെടുത്തിത്തരാം.സത്യം പറയാലോ നിങ്ങൾ രണ്ടുപേരും  നേരത്തെ തന്നെ  ഏതെങ്കിലും സിനിമയിൽ അഭിനയിക്കേണ്ടവർ  ആയിരുന്നു."

ബാറിലെ ബില്ല് കൊടുക്കാൻ  കയ്യിൽ കാശ് ഇല്ലാത്തതുകൊണ്ട്  രണ്ടു പേരെയും പൊക്കി പറയുന്നതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.

അപ്പോഴാണ് ജോർജ്ജുകുട്ടി ഒരു പുതിയ സബ്‌ജക്‌റ്റ്  എടുത്തിട്ടത്.

"ഞങ്ങളുടെ വീടിൻ്റെ മുൻവശത്തെ വാതിലിൻ്റെ  പാഡ് ലോക്ക് അല്പം ഇളകുന്നുണ്ട്.അത് ഒന്ന് ശരിയാക്കി കിട്ടിയാൽ  നന്നായിരുന്നു."

രാജൻ പെട്ടെന്ന് പറഞ്ഞു,"സൈലൻസ് , കോൺട്രാക്ട് എടുത്തിരിക്കുന്നു."

കോൺട്രാക്ടർ പോക്കറ്റിൽ നിന്നും വിൽസ് സിഗരറ്റിൻ്റെ  പാക്കറ്റ് എടുത്ത് അതിൻ്റെ  പുറത്തു എഴുതിക്കൂട്ടി,എന്നിട്ട്  പറഞ്ഞു,"ഞാൻ ഒരു കൊട്ടേഷൻ തരാം". 

അര  മണിക്കൂർ നിശ്ശബ്ദനായിരുന്ന് കണക്കുകൂട്ടി.

രാജൻ വിൽസ് സിഗരറ്റ് മാത്രമേ  വലിക്കൂ.സിസ്സേർസ്,ബർക്കിലി,ചാർമിനാർ തുടങ്ങിയ സിഗററ്റുകളോട് പുശ്ചമാണ്.

വിൽസ്  പാക്കറ്റിന് പുറത്തു് കൊട്ടേഷൻ എഴുതിക്കൂട്ടി,"അമ്പതു രൂപ."

ജോർജ് കുട്ടി അതുമേടിച്ചു്  വലിച്ചുകീറി രാജൻ്റെ  പോക്കറ്റിൽ ഇട്ടു. എന്നിട്ട് പറഞ്ഞു,"എടൊ ആശാരി,താൻ  വന്ന് ആ സ്ക്രൂ അഴിച്ചു് ഒന്ന് ഫിറ്റ് ചെയ്യ്.അവൻ്റെ സിഗരറ്റ് പാക്കിൻ്റെ  പുറത്തു കൊട്ടേഷൻ".

"കോൺട്രാക്ടർ മാരെ അപമാനിക്കരുത് ജോർജ്‌കുട്ടി,"രാജൻ പറഞ്ഞു.

രാജൻ ബ്രീഫ് കേസ് എടുത്തു.അത് തുറക്കാൻ തുടങ്ങി.ഉടനെ എന്തോ ഓർമ്മിച്ചു വേണ്ടന്ന് വച്ചു..

എനിക്ക് വർക്ക് സൈറ്റ് കാണണം, രാജൻ ബ്രീഫ് കേസും എടുത്തു ഇറങ്ങി.

ഞങ്ങൾ രാജനെ അനുഗമിച്ചു.

വാതിൽക്കൽ  കോൺട്രാക്ടർ അല്പസമയം   ധ്യാനിച്ച് നിന്നു. വാതിലിലെ പൂട്ടിൽ തൊട്ട് തലയിൽ വച്ചു, അതിനുശേഷം സ്ക്രൂഡ്രൈവർ എടുത്തു ലോക്ക്  അഴിച്ചെടുത്തു.

അതിനടിയിൽ  ഒരു ചെറിയ പാക്കിങ് കൊടുത്ത് ലെവൽ ചെയ്യണം.രാജൻ അരമണിക്കൂർ ആലോചിച്ചു.പിന്നെ വിൽസ് പാക്കറ്റ് പോക്കറ്റിൽ നിന്നും പുറത്തെടുത്തു.സിഗരറ്റുകൾ  എല്ലാം പാക്കറ്റിൽ നിന്നും പോക്കറ്റിലേക്ക് മാറ്റി.

വിൽസ് സിഗരറ്റിൻ്റെ  കവർ നാലായി മടക്കി അടിയിൽ പാക്കിങ് കൊടുത്തു .ലോക്ക് തിരിച്ചു് ഫിറ്റ് ചെയ്തു.

പണി കഴിഞ്ഞു.

ചെറിയ ഒരു തടിക്കഷണം ഉപയോഗിച്ച് ലെവൽ ചെയ്യേണ്ട സ്ഥാനത്തു് വിൽസിൻ്റെ  പാക്കറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

“അറുപതു രൂപ."

"താൻ  കൊട്ടേഷൻ തന്നത് അമ്പതു രൂപയല്ലേ? ഇപ്പോൾ എങ്ങനെ അറുപതായി?"

"വിൽസിൻ്റെ  പാക്കറ്റാണ് ഞാൻ അടിയിൽ പാക്കിങ് കൊടുത്തിരിക്കുന്നത്.അതുകൊണ്ട് തുക കൂടി".

"മഴ നനഞ്ഞാൽ  പാക്കിങ് പോകില്ലേ?"

"മഴനനയാതിരിക്കാൻ ഒരു കുട മഴപെയ്യുമ്പോൾ നിവർത്തി പിടിച്ചാൽ പോരേ ?".

ജോർജ് കുട്ടി പറഞ്ഞു."ശരി.കുടയുടെ വില നാൽപ്പതു രൂപ കുറച്ചു ദാ ഇരുപത് രൂപ  പിടിച്ചോ.”

 ഞാൻ പറഞ്ഞു," ജോർജ്ജുകുട്ടി പൈസ കൊടുക്കാൻ വരട്ടെ. ഈ ലോക്ക്  എങ്ങനെ തുറക്കും തല തിരിച്ചാണ് ഫിറ്റ് ചെയ്തിരിക്കുന്നത്."

"തല തിരിഞ്ഞു പോയി  എന്ന് മാത്രം പറയരുത് അത് മുകളിൽ നിന്ന് നോക്കിയാൽ പോരേ?.  ഇത് അഴിച്ചു ഫിറ്റ് ചെയ്യാൻ ഞാൻ വേറൊരു കൊട്ടേഷൻ തരാം."

ജോർജ്‌കുട്ടി എന്നോടായിപറഞ്ഞു,"ഇയാളെ ഓടിക്കാൻ നമ്മുക്ക് ഒരു കൊട്ടേഷൻ കൊടുക്കാം." 

"കോൺട്രാക്ടർമാരെ അപമാനിക്കരുത്.ഈ നാടിൻറെ സ്പന്ദനം അവരുടെ കൈകളിലാണ്."രാജൻ.

ഞങ്ങൾ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ പോലീസ് കോൺസ്റ്റബിൾ അപ്പണ്ണ ഞങ്ങളുടെ  അടുത്തെക്ക് വന്നു.

"ആരാ നടരാജൻ?"

രാജൻ നടുങ്ങി മുഖം വിളറി വെളുത്തു.ഞങ്ങളെ ദയനീയമായി നോക്കി.അപ്പണ്ണ രാജൻ കാണാതെ ഞങ്ങളെ കണ്ണിറുക്കി കാണിച്ചു.

"സംഗതി വളരെ ഗൗരവം ഉള്ളതാണ്,വ്യാജ ഏറ്റുമുട്ടൽ.ചിലവ് ചെയ്യാതെ പറ്റില്ല.തൽക്കാലം ഹാഫ് ബോട്ടിൽ വിസ്കിയിൽ നിറുത്താം".

(തുടരും)

Read more: https://emalayalee.com/writer/219

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക