Image

കൊടകരയിലെ സന്ധ്യകൾ : ജാസ്മിൻ ജോയ്

Published on 26 June, 2022
കൊടകരയിലെ സന്ധ്യകൾ : ജാസ്മിൻ ജോയ്

സായന്തനത്തിൻ്റെ ചുമന്ന ഇതളുകൾ വീണു കിടന്ന ഇടവഴിയിലൂടെ നടക്കുമ്പോൾ എന്നോ വായിച്ച രണ്ടു വരികൾ
ഓർമയിൽ വന്നു.
" കുഞ്ഞുങ്ങൾക്കൊപ്പം യാത്ര ചെയ്യുക
പരിചിത വഴിയിലും
നാം അപരിചിതരാവും
നിറയെ കാണുമ്പോഴും
നാം കാണാത്തവ അതിലേറെയാവും."

വർഷങ്ങൾക്കു മുൻപ് എഡ് വിനുമൊരുമിച്ച്
ഈ വഴിയിലൂടെ നടന്നപ്പോഴാണ്
മഞ്ഞക്കോളാമ്പികളും ശംഖുപുഷ്പങ്ങളും പടർന്ന വേലികളും വിസ്തൃതമായ പുരയിടങ്ങളും  നാട്ടുമാവുകളും കുളപ്പൊന്തകളും ഇരുണ്ട കാവുകളുമെല്ലാം കണ്ട് അതിശയത്തോടെ  അവൻ പലതും ചോദിച്ചത്.

എഡ് വിൻ്റെ ചോദ്യങ്ങൾ കേട്ടപ്പോൾ പരിചിതവഴികളിൽ ഞാൻ
ഒരു അപരിചിതയായി.
എനിക്ക് കാണാൻ സമൃദ്ധമായ വഴിയോര കാഴ്ച്ചകൾ ഇനിയും പലതുമുണ്ടെന്ന് മനസ്സിലായി.
കുഞ്ഞുമനസ്സുകൾക്ക് എന്തും വിസ്മയം .
അവരുടെ കണ്ണുകളിൽ പരിസരം തന്നെ ഒരു പ്രപഞ്ചം.
ഏറെ നിഷ്കളങ്കമായ ചോദ്യങ്ങൾക്കാണ് ഉത്തരം പറയുക പ്രയാസം. 
കുറെ ഓർമകളും കൂടെ ഞാനും
സായാഹ്നവും കടന്ന് സന്ധ്യയുടെ തീരത്തെത്തി.
അല്ലെങ്കിൽ തന്നെ ഓർമകൾ അല്ലാതെ മറ്റെന്താണ് മനുഷ്യൻ?

എൻ്റെ പ്രണയസന്ധ്യകൾ ഈ വയലുകളിൽ    മയങ്ങിക്കിടക്കുന്നു ..
കാവിൽ പാടത്തേയും മനക്കുളങ്ങര പാടത്തേയും
സന്ധ്യകളെ   കണ്ടു നിൽക്കുമ്പോഴാണ് 
മങ്ങനാടിയിലെയും തോട്ടകത്തേയും കാവ്യസന്ധ്യകളെ ഞാൻ വീണ്ടെടുക്കുന്നത് .
എന്നെ കാല്പനികതയുടെ കാമുകിയാക്കിയ ദേശങ്ങൾ.
ഭാഷയും ഭാവനയും കഥകളും സ്വപ്നങ്ങളും ഞാൻ അവിടെങ്ങളിൽ നിന്നു പെറുക്കിയെടുത്തു.
ആ വ്യസനഭരിതമായ സായാഹ്നങ്ങളും സുന്ദരമൂകസന്ധ്യകളും  മായിക യാഥാർത്ഥ്യമാണോയെന്ന് ഞാൻ എപ്പോഴും സംശയിച്ചു.

കാവിൽപാടത്തെ മൗനസന്ധ്യയ്ക്കുമേൽ  നിർപ്പക്ഷികൾ ചിറകുവിരിക്കുന്നു .. വിടചൊല്ലാൻ മടിക്കുന്ന വയൽ മങ്കകൾ,
പൂവാലികൾക്കും കരിങ്കണകൾക്കും ഒപ്പം  ഒഴുകിപ്പോകുന്ന കൈതത്തോട്, അകലെയുള്ള ദേവി ക്ഷേത്രത്തിൽ നിന്ന്  വരുന്ന സന്ധ്യാഗീതങ്ങൾ,
കുങ്കുമം കുടഞ്ഞ വികാരനിർഭരമായ ആകാശം, തെങ്ങോലകളുടെ മർമ്മരം,പകലിൻ്റെ യാത്രാമൊഴി,  മെല്ലെ, മെല്ലെ പടരുന്ന സങ്കടകരമായ നിശ്ശബ്ദത ...

വൃശ്ചികം , ധനു , മകരമാസങ്ങൾ കൊടകരയിൽ രചിക്കുന്ന ലാവണ്യസന്ധ്യകൾ, മോഹനരാത്രികൾ..
വൃശ്ചിക കാറ്റിൻ്റെ അസാധാരണമായ ആലിംഗനങ്ങൾ , ധനുമാസത്തിലെ പൂത്തിരുവാതിര, നിലാമഴ പെയ്യുന്ന മകരപൗർണമി ..
സ്വപ്നങ്ങളുടെയും ഓർമകളുടെയും പുസ്തകത്തിൽ എല്ലാം ഞാൻ എഴുതി നിറച്ചു.

        ചുറ്റിലും കഥകളുണ്ട്, കഥാപാത്രങ്ങളുണ്ട്.
ചില മനുഷ്യർ ഏകാകികളായ കഥാപാത്രങ്ങളെ പോലെ ഈ പരിസരങ്ങളിൽ ജീവിക്കുന്നു.
മിഥ്യയും യാഥാർത്ഥ്യവും വേർതിരിക്കാനാവാതെ ഇവിടെ കൂടിക്കലരുന്നു.
കഥ തന്നെ  യാഥാർത്ഥ്യത്തിൻ്റെ മറ്റൊരു പ്രതിനിധാനമല്ലേ?
ഞാൻ ഭാവന ചെയ്യുന്നതല്ലൊം എൻ്റെ യാഥാർത്ഥ്യങ്ങൾ തന്നെയാണ്.

ക്ഷേത്ര കുളക്കരയിലുള്ള ശ്രീകോവിൽ പോലെയുള്ള വീട്ടിൽ ഒരു അധ്യാപിക താമസിക്കുന്നുണ്ട്. നിലാവു ഒഴുകിയിറങ്ങുന്നതു പോലെയുള്ള  മുടി, ഇന്നലെകൾ ഉറങ്ങുന്ന കണ്ണുകൾ ..
 നന്ത്യാർവട്ടവും നാലുമണിച്ചെടികളും ഗന്ധരാജനും കണ്ണാന്തളി യുമെല്ലാം ആഹ്ലാദത്തോടെ നിൽക്കുന്ന അവരുടെ ഉദ്യാനം  ഒരു സസ്യപ്രപഞ്ചമാണ്.
ചെടികളോടും പൂക്കളോടും അവർ ചിരിച്ചുകൊണ്ട് സംസാരിക്കും.
തൊടിയിലെ മരങ്ങളോട്  രഹസ്യമായി എന്തോ മന്ത്രിക്കുന്നത് കണ്ടിട്ടുണ്ട്.

ഒരിക്കൽ വഴിയരികിൽ നിന്ന് ചോദിച്ചു:
" ടീച്ചർ ആരോടാണ് സംസാരിക്കുന്നത്?"
" ഞാവൽ മരത്തിനോട് ."

അവർ സ്വഭാവികമായി മറുപടി പറഞ്ഞു.

അമ്പാടി മറ്റത്തിൽ നിന്ന്
ചെറുതുരുത്തുകളും ഇടവഴികളും മുറിച്ച് കടന്ന്
കാവിൽ പാടത്തിൻ്റെ നെടുവരമ്പിലേയ്ക്കിറങ്ങുന്ന ലീല എന്ന അതിസുന്ദരിയായ  യക്ഷിയെക്കുറിച്ച് എന്നോട് പറഞ്ഞത്
സുഭദ്രയാണ്.
സുഭദ്ര ലീലയുമായി സൗഹൃദത്തിലാണത്രേ. പണ്ട്, ധനുമാസരാവുകളിൽ പ്രിയ സഖി ലീലയുമൊരുമിച്ച് കൊളത്തൂരിലെ ഏഴിലം പാലവരെ നടന്ന കഥകൾ സുഭദ്ര ആവേശത്തോടെ സംസാരിക്കും.
ഇപ്പോഴും വൃശ്ചിക രാത്രികളിലും മകരപൗർണമിയ്ക്കും ആ നിശാസുന്ദരി സുഭദ്രയെ ജാലകത്തിനരികിൽ  വന്നു നിന്ന് വിളിക്കും.
" സുഭദ്രേ വരൂ, കൊളത്തൂര് വരെ പോകാം, നല്ല നിലാവുണ്ട്."

സുഭദ്ര മടിക്കും. ഉറക്കം നടിക്കും. ലീല നിരാശയായി മടങ്ങും.

" നടക്കാൻ വയ്യ.. പ്രായം കുറച്ച് ആയില്ലേ?"
സുഭദ്ര നെടുവീർപ്പിട്ടുകൊണ്ട് എന്നോട് പറഞ്ഞു. 

കാവിൽ പാടത്ത് നിന്ന് നോക്കിയാൽ അകലെ ഗായത്രിയുടെ വീട് കാണാം. കാവു പോലെയുള്ള അവളുടെ ചെറിയ പുരയിടത്തിൻ്റെ അതിരിൽ  വെള്ളിലപ്പൊന്തകളും 
പാടുന്ന മുളങ്കൂട്ടങ്ങളുമുണ്ട്.
വായാടികളായ മാടത്തകളുടെ കൂട്ടുകുടുംബം അവിടെ താമസിക്കുന്നുണ്ട്. പച്ചിലകുടുക്കകളും ഇരട്ടവാലൻമാരും  അടയ്ക്കാ കിളികളും അവിടെ സസുഖം ജീവിക്കുന്നു.

ഒരു കുയിലിൻ്റെ വിഷാദഗാനം ആ തൊടിയിൽ നിന്ന്  പാടപ്പടവുകളും കടന്ന് ഒഴുകി വരുന്നുണ്ട്.  
ചിത്രകാരിയായ ഗായത്രിയെ വീണ്ടും ഓർമിച്ചു..
കുട്ടികൾക്ക് റ്റ്യൂഷെനെടുത്തും ആടുകളെ വളർത്തിയും ഗായത്രി രോഗിയായ സഹോദരനെയും സ്മൃതി ഭ്രംശം വന്ന അമ്മയേയും ശുശ്രൂഷിക്കുന്നു.
ഒഴിവു സമയങ്ങളിൽ അവൾ ചിത്രം വരയ്ക്കും.
ഏകാന്തമായ ഭൂപ്രകൃതികളും ദാർശനികമായ ആകാശങ്ങളും ശിഥിലരാവുകളുമാണ് ഗായത്രിയുടെ ചിത്രലോകത്തുള്ളത്.

ഗായത്രിയുടെ വൃദ്ധ മാതാവിൻ്റെ ഓർമകൾ ഒരു ഭൂതകാലത്തുരുത്തിൽ കുടുങ്ങിയിരിക്കുകയാണ്.
അവരുടെ കാലം പിന്നോട്ടോ, മുന്നോട്ടോ സഞ്ചരിക്കുന്നില്ല.
അക്കാലത്തെ ആകുലതകളും സന്തോഷങ്ങളും അവർ പറഞ്ഞുകൊണ്ടിരിക്കും.
ഞാറ് പറയ്ക്കലും നടീലും ചിറ്റേണിയുടെ മൂപ്പും കൊയ്ത്തുപാട്ടുകളും പുരാവൃത്തങ്ങളും ആ വർത്താമാനത്തിൽ നിറയുന്നു.
 ആ സംസാരം പകൽ മുഴുവൻ നീളും.
അവർക്ക് ശ്രോതാക്കളുടെ ആവശ്യമില്ല. പിറുപിറുക്കലുകൾ, ആത്മഭാഷണങ്ങൾ ..
നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയാണത്.

വിളക്കുതെളിഞ്ഞ ഗായത്രിയുടെ വീടിൻ്റെ മങ്ങിയ കാഴ്ച്ചയിൽ നിന്ന് ഞാൻ കണ്ണുകൾ പിൻവലിച്ചു.

ചുറ്റും  മകരക്കുളിരണിഞ്ഞ വയൽ, മൗനങ്ങളുടെ അലകൾ, സസ്യഗന്ധം, മല്ലികകൾ വിടരുന്ന ആകാശം..
പടർന്ന സന്ധ്യയുടെ വശ്യസൗന്ദര്യത്തിന് മുന്നിൽ ഏകാകിനിയായി ഞാൻ നിന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക