Image

ലോകകേരളസഭാ സമ്മേളനവും ചക്കരക്കുട്ടികളും...(ഉയരുന്ന ശബ്ദം-52: ജോളി അടിമത്ര)

Published on 27 June, 2022
ലോകകേരളസഭാ സമ്മേളനവും ചക്കരക്കുട്ടികളും...(ഉയരുന്ന ശബ്ദം-52: ജോളി അടിമത്ര)

മുഖം നോക്കിയാൽ പ്രതിബിംബം കാണാവുന്നത്ര ശാന്തമായ ജലാശയമായിരുന്നു നമ്മുടെ കേരളം. അതിപ്പോൾ അടങ്ങാത്ത അലകൾ ഉയരുന്ന ,ചേറു നിറഞ്ഞ ,ദുർഗന്ധം വമിക്കുന്ന വെള്ളക്കുഴിയായി മാറിക്കഴിഞ്ഞു. 'ചക്കരപ്പെണ്ണുങ്ങൾ' വലിച്ചെറിയുന്ന പാറക്കല്ലുകൾ വീണ് നിലയ്ക്കാത്ത ഓളങ്ങൾ.അവറ്റകൾ എടുത്തു ചാടി കുത്തിമറിഞ്ഞ് ചവിട്ടിഇളക്കിയ ചേറ് കലങ്ങി ആകെ നാറിത്തുടങ്ങി.

പെണ്ണുങ്ങളുടെ തേർവാഴ്ചയാണ് കേരളത്തിലിപ്പോൾ. മണിയാശാൻ പറഞ്ഞ പോലെ വൺ, ടൂ, ത്രീ...
ആദ്യം സരിതാ നായർ വന്നു. പിന്നാലെ സ്വപ്നാ സുരേഷ്. അപ്പോഴുണ്ട് ഇറ്റലിയിൽ നിന്ന് അനിതാ പുല്ലിലിൻ്റെ രംഗ പ്രവേശനം . .മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണതുപോലെ, എറിയാൻ കല്ലുതപ്പി നടന്ന രാഷ്ട്രീയക്കാർക്ക്  ഭരണകക്ഷിയെ എറിയാൻ ഒരു ലോഡ് കല്ലു തന്നെ കിട്ടി.
ക്ലാസ്സ്മേറ്റ്സ്, ഗ്ലാസ്മേറ്റ്സ്, കോളജ് മേറ്റസ്, ഹോസ്റ്റൽ മേറ്റ്സ് എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്.ഒരേ കോളജിൽ പഠിച്ചവരിൽ ഒരാൾ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ  മന്ത്രിയോ ഒക്കെയായാൽ അത് പ്രസ്താവിച്ച് ചുളുവിൽ പ്രശസ്തരാവുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്.  കെ.ആർ.നാരായണൻ ഉപരാഷ്ട്രപതിയായപ്പോൾ  കോട്ടയം സിഎംഎസ് കോളജിൽ അദ്ദേഹത്തിൻ്റെ കാലത്ത് പഠിച്ചവരെല്ലാം അഭിമാന പുളകിതരായി വാർത്തകളിൽ തല നീട്ടി. പക്ഷേ ' ജയിൽ മേറ്റസ് ' എന്നത് ഒരു പദവിയാണെന്ന് നമ്മളിപ്പോൾ തിരിച്ചറിയുന്നു. സരിതാ നായരും സ്വപനാ സുരേഷും ജയിൽമേറ്റ് സായിരുന്നു.അന്നവർ ഹൃദയം തുറന്നെന്നാണ് സരിത പറയുന്നത്. മാത്രമല്ല സ്വപ്നയ്ക്കു വേണ്ട ഉപദേശങ്ങൾ ഇപ്പോൾ നൽകാനും തയ്യാറാണത്രേ.സ്വപ്നയ്ക്ക് സംഭവിച്ച അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കാൻ സരിത പത്രസമ്മേളനത്തിൽ മറന്നില്ല. താനറിയാതെ ഈ കൊച്ചു കേരളത്തിൽ ഒരില അനങ്ങുന്നില്ലെന്ന ഭാവം.     

ഉമ്മൻ ചാണ്ടി സർക്കാറിനെ കശക്കിയെറിഞ്ഞ കൊടുങ്കാറ്റായിരുന്നു സരിത.ഒപ്പം ചില വൻ മരങ്ങളും കടപുഴകി.
കേരളം അന്നോളം കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത നാണങ്കെട്ട കഥകളുടെ പൂരപ്പാട്ട് അരങ്ങു തകർത്തു. തന്നെ പീഡിപ്പിച്ചന്ന് അവകാശപ്പെട്ട് ആണുങ്ങടെ ഒരു ലിസ്റ്റു തന്നെ സരിത വിളംബരം ചെയ്തു.അതിൽ നാണങ്കെടാൻ എന്തിരിക്കുന്നു?
അവരിൽ ദരിദ്ദ്രർ ആരുമുണ്ടായിരുന്നില്ല.
എല്ലാവരും സമ്പന്നരായ രാഷ്ട്രീയക്കാർ മാത്രം.കുറെ കുടുംബ ബന്ധങ്ങളിൽ വിള്ളൽ ആ വീഴ്താൻ ലിസ്റ്റിനു കഴിഞ്ഞു.മാന്യത നടിച്ച പല പുലികളും ചെറ്റകളായിരുന്നെന്ന് സരിത വിളിച്ചുകൂവി. പക്ഷേ,സരിതയെ കേരളത്തിലെ സ്ത്രീകൾ സ്വാഗതം ചെയ്തില്ല. അവരുടെ സഹതാപം പിടിച്ചുപറ്റാനുമായില്ല. അതിന് സരിതയ്ക്ക് ആരുടെയും സഹതാപം വേണ്ടതാനും.
' അവടെ ഒരു ഒരുക്കവും സാരിയുടുക്കലും കൊഞ്ചിക്കൊഞ്ചിയുള്ള വാചകമടിയും.. അസത്ത് ', എൻ്റെ ഒരു കൂട്ടുകാരി പറഞ്ഞതാണിത്. പക്ഷേ എൻ്റെ സഹപ്രവർത്തകരായ പുരുഷന്മാരിൽ ചിലർ ഉള്ള കാര്യം തുറന്ന് പറഞ്ഞത് മറന്നിട്ടില്ല.
'' എന്നാ സംസാരമാ, കേട്ടിരിക്കാനും കണ്ടിരിക്കാനും പറ്റും. പത്രക്കാരുടെ ചോദ്യങ്ങളുടെ മുനയൊടിച്ച്  സത്യത്തിൽ അവരങ്ങ് അരങ്ങു തകർക്കുവാ. കണ്ടിരിക്കാൻ ഒരു മടുപ്പുമില്ല''.
സത്യം പറയട്ടെ, കേരളത്തിലെ പെണ്ണുങ്ങളെ ചന്തത്തിൽ സാരിയുടുക്കാൻ പഠിപ്പിച്ചത് സരിതയാണ്. നന്നായി പ്ളീറ്റ്സ് എടുത്ത് പ്രത്യേക സ്റ്റൈലിൽ തോളിൽ ഉറപ്പിക്കുമ്പോഴുള്ള ആ  കൗതുകത്തിൽ ആണുങ്ങളെക്കാൾ പെണ്ണുങ്ങൾ  വാ പൊളിച്ച് നോക്കിയിരുന്നു.
കേരളത്തിലെ എല്ലാ പെണ്ണുങ്ങളും അത് കോപ്പിയടിച്ചു, തരംഗമാക്കി മാറ്റി.അപാര ശരീരവടിവ്, പൊന്നിൻ നിറം. ശബ്ദ സൗകുമാര്യം.ഉള്ളതു പറയട്ടെ,അബദ്ധങ്ങൾ വിളമ്പാതെ, ഇത്ര ബുദ്ധിയോടെ, ചടുലതയോടെ, മണി മണിയായി വാചകമടിക്കാൻ അധികം സ്ത്രീകൾക്ക് കഴിയാറില്ല. ചമ്മലില്ല, സഭാ കമ്പമില്ല,  പറയുന്ന കാര്യത്തെപ്പറ്റി നല്ല അറിവുമുണ്ട് .പോരെങ്കിൽ തെല്ലും ഉളിപ്പുമില്ല.
നേർവഴിക്ക് പോയിരുന്നെങ്കിൽ സരിത ഇങ്ങനെ തീരേണ്ടവളല്ല. അതീവ ബുദ്ധിമതി. കേരള രാഷ്ട്രീയെത്തെ പരസ്യമായി പിടിച്ചുകുലുക്കി താഴെയിട്ട സരിത ഇന്നും ഇടയ്ക്കിടെ  പത്രസമ്മേളനം നടത്തുന്നു,  ഗൂഢ പദ്ധതികൾ പ്ളാൻ ചെയ്യുന്നു, ഉന്നതരുമായി ഫോൺ സംഭാഷണം നടത്തുന്നു, അതിൻ്റെ വോയ്സ് ക്ലിപ്പുകൾ പുറത്തുവിടുന്നു. അങ്ങനെ സജീവമായി രംഗത്ത് നിറഞ്ഞു നിൽക്കുന്നു.
ഒപ്പം പ്രതികളായവർ  പാറ പൊട്ടിച്ചും കിളച്ചും ജയിലിൽ
കാലം കഴിക്കുമ്പോൾ സർവ്വ സ്വതന്ത്രയായി അവർ വിലസുകയാണ് !.
സരിത മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലും സെക്രട്ടേറിയറ്റിലും നിറഞ്ഞു നിന്ന് സോളർ വെളിച്ചം ചൊരിഞ്ഞതിൻ്റെ ഡിറ്റോ പോലെ ദാണ്ടെ അടുത്ത അവതാരം എത്തുന്നു. പിണറായി സർക്കാരിൻ്റെ പ്രതിഛായ തകർക്കാൻ അവതരിച്ച സ്ത്രീ ജൻമം.
സരിതയുടെ വെളിപ്പെടുത്തലിൻ്റെയത്ര വ്യാപക ലൈംഗിക പീഢനമില്ലെങ്കിലും പരസ്പര ധാരണയുടെ പുറത്ത് ആഴമുള്ള ബന്ധം ശിവശങ്കറുമായി പുലർത്തിയെന്ന് പകൽ വെളിച്ചത്തിൽ വിളിച്ചു പറയാൻ സ്വപ്നയ്ക്കും മാനക്കേടു തോന്നിയില്ല. വന്നവര് വന്നവര് ഓരോ മക്കളെ തന്നിട്ടുപോയാൽ എന്നാ ചെയ്യുമെന്ന് ആത്മഗതം ചെയ്തതു കുറച്ച് പബ്ളിക്കായിട്ടായിപ്പോയി. സ്വപ്നയ്ക്കും ആളെ പിടിച്ചിരുത്തുന്ന സംഭാഷണ കുശലതയുണ്ട്. മനോഹരമാണ് ആ വാഗ്ധോരണി. ബുദ്ധിമതി. കേട്ടിരുന്നാൽ നമ്മളെ വലിച്ചടുപ്പിക്കുന്ന ഒരു മാസ്മരിക ശക്തിയുള്ള വിനയത്തിൽ  കുഴച്ചെടുത്ത സംസാരരീതി. സരിതയെപ്പോലെ മറ്റൊരു ആറ്റൻ ബോംബിട്ടിട്ട് സ്വപ്നയും മാറിനിന്ന് രസിക്കുകയാണ്. തെരുവിൽ അതെച്ചൊല്ലി ഏറ്റുമുട്ടുന്നതും കറുപ്പു നിറത്തിന് പടിയടച്ച് പിന്ധം വച്ചതും തൻ്റെ വിഷയമല്ലെന്ന് പറഞ്ഞ് ഈസിയായി കൈകഴുകി. 'കരിമ്പൂച്ചകളുടെ ' പിൻബലത്തോടെ രാജകീയമായി പത്ര സമ്മേളത്തിനെത്തുന്ന ഈ സ്വർണ്ണക്കടത്തുകേസ്  പ്രതിയുടെ വരവ് നമ്മെ അമ്പരപ്പിക്കുന്നു.
അപ്പോഴാണ് ഇറ്റലിക്കാരിയുടെ രംഗപ്രവേശം .കുളം ഒന്നു കലക്കിയിട്ട് ഇത്തിരിക്കാലം മാറിനിന്ന അനിത ലോക കേരളസഭാസമ്മേളനത്തിന് ക്ഷണിക്കാതെ പറന്നെത്തി. സ്വീകരിച്ചാലും ഇല്ലെങ്കിലും സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കാൻ ഒരുമ്പെട്ടിറങ്ങിയ വരവാണ്. രണ്ടു ദിവസം അവിടെ അരങ്ങു തകർത്തിട്ടും ആർക്കും ഒന്നും മോശം തോന്നിയില്ല. എങ്ങനെ തോന്നാൻ?
എട്ടടി മൂർഖനും രാജവെമ്പാലയും പത്തി നിവർത്തിയാടുന്ന കേരളത്തിൽ അനിത വെറുമൊരു നീർക്കോലി മാത്രമാണല്ലോ !. മോശയുടെ വടിയും യൂദാസിൻ്റെ വെള്ളിക്കാശും ഉണ്ണിക്കണ്ണൻ്റെ ഉരലും വിറ്റ് ഒതുങ്ങിക്കഴിഞ്ഞ പാവം മോൻസൺ മാവുങ്കൽ മാത്രമാണ് അനിതയുടെ ഇര.
മൂന്നു ചക്കരപ്പെണ്ണുങ്ങളും കൂടെ ലൈംലൈറ്റിൽ നിറഞ്ഞാടി കീർത്തി (ദുഷ്) സമ്പാദിക്കുന്നത് കാണുന്ന നമ്മുടെ പെൺകുട്ട്യോൾക്ക് ഹരം പിടിച്ചാലെന്നാ സംഭവിക്കുക ?
ഇവർ സമൂഹത്തിന് തരുന്ന സന്ദേശം എന്താണ്?
ലൈംഗിക ബന്ധവും പീഢനവും ഒളിച്ചു വക്കാതെ വിളിച്ചു പറയാൻ കഴിയണം.
പീഢനങ്ങളുടെ എണ്ണവും അതു ?നടത്തിയ മുറിയും സമയവും ഡയറിയിൽ അപ്പപ്പോൾ കൃത്യമായി കുറിച്ചു വച്ചേക്കണം
ചെയ്യുന്ന കാര്യങ്ങൾ ഒളിക്യാമറയിൽ ഒപ്പിയെടുത്ത് തെളിവുണ്ടാക്കാൻ മറക്കരുത്.
ആപ്പ ഊപ്പ ആണുങ്ങളെ കുടുക്കിയിട്ട് ഒരു കാര്യവുമില്ല. മന്ത്രിമാർ, സ്പീക്കർ, എം എൽ എ ,
ഐ എ എസ് - ഐ പി എസ് റാങ്കു വരെ മതി.അതിൽ താഴേക്കു അധഃപതിച്ചുപോകരുത്.
ഒളിക്കാനൊന്നുമില്ല, നാണക്കേടും വേണ്ട.എല്ലാം പത്രക്കാരോട് വിളിച്ചു പറഞ്ഞേക്കണം.
പത്രസമ്മേളനത്തിനെത്തുമ്പോൾ നന്നായി ഒരുങ്ങി ,
ഫേഷ്യലൊക്കെ ചെയ്ത് മേക്കപ്പിട്ടു തന്നെ എത്തണമെന്നത് പ്രത്യേകം ഓർമിക്കണം.ടി വി യിലും പത്രങ്ങളിലും കളർഫുള്ളായി ഒന്നാം പേജിൽ നാലാൾ കാണട്ടെന്നേ.
അതേ,സ്ത്രീയുടെ നാവിനെ പേടിച്ച് മാളത്തിൽ ഒളിക്കേണ്ട ഗതികേടിലാണ് കേരളത്തിലെ രാഷ്ട്രീയക്കാർ. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഏതെങ്കിലും ഒരുത്തി വിളിച്ചു പറയുമോയെന്ന ഭീതി ഓരോരുത്തരെയും വേട്ടയാടുന്നു. !. വെറുതെ പേരൊന്നു വിളിച്ചു പറഞ്ഞാലും മതി.മാനം പോയിക്കിട്ടും. പെണ്ണൊരുമ്പെട്ടാൽ എന്തു സംഭവിക്കുമെന്ന് കാണാൻ ഇനി കാത്തിരിക്കുക. കുറിയേടത്തു താത്രിയെ 'സാധന 'മെന്ന് വിളിച്ച് വിചാരണ നടത്തിയ ആ പഴയ കാലമല്ല ഇന്ന്.
താത്രിമാർ തിരിച്ച് വിചാരണ നടത്തുന്ന കാലമായി. പുരുഷന്മാരാണ് വെറും സാധനമായി ഇപ്പോൾ മാറിയിരിക്കുന്നത്.
അധികാരപ്രമത്തതയുടെയുംധനാർത്തിയുടെയും ഇടയിൽ പണ്ടും വ്യഭിചാരത്തിൻ്റെയും കൂട്ടിക്കൊടുപ്പിൻ്റെയും ദുർഗന്ധം ഉയർന്നിരുന്നു. പക്ഷേ  അന്നത്തെ പെണ്ണുങ്ങളെപ്പോലെ പുതിയ പെണ്ണുങ്ങൾ ഓടിയൊളിക്കുന്നില്ല, മുഖംമറയ്ക്കുന്നില്ല. പെറ്റമ്മയുടെയും ജനിപ്പിച്ച തന്തയുടെയും സ്വന്തം മക്കളുടെയും മുന്നിൽ നിന്ന് തങ്ങളുടെ ലൈംഗിക വേഴ്ചയെപ്പറ്റി മീഡിയകളോട് മുഖംമറയ്ക്കാതെ വെളിപ്പെടുത്തത്തക്കവിധം അവർ 'വളർന്നു' കഴിഞ്ഞിരിക്കുന്നു. രതിയിലേർപ്പെടുമ്പോൾ ഹിഡൻ ക്യാമറ വച്ച് ഒപ്പാനും അതു പിന്നെ മാലോകരെ കാണിക്കാനും തൻ്റേടം ആയിപ്പോയി. ഇതിനെയൊക്കെയായിരിക്കാം പഴയ കാർന്നോൻമാർ 'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാ ' എന്ന് പ്രവചനാത്മകമായി ചൊല്ലിയത്.
ഇനി വരാൻ പോകുന്ന അവതാരങ്ങൾ ആരൊക്കെയാണോ? എവിടെയൊക്കെയോ പുതിയ അണിയറ നാടകങ്ങൾ ആടുന്നുണ്ട്. കേൾക്കാൻ പോണ നാറുംകഥകൾ എന്തൊക്കെയാണോ?
വിരുതുള്ള പെണ്ണുങ്ങൾ എതിരാളികളുടെ ഒത്താശയോടെ ഓരോ  ഭരണകക്ഷിയെയും പടിയിറക്കാൻ   നടനമാടുന്നു. ശക്തമായ രാഷ്ട്രീയപിന്തുണയില്ലാതെ അവളുമാർ ഇങ്ങനെ ചവിട്ടുനാടകം ആടില്ലെന്ന് കാണികൾക്ക് ഉറപ്പാണല്ലോ. കേരള രാഷ്ട്രീയത്തിൽ വനിതാ എംഎൽഎമാർ കുറവാണെങ്കിലും വിഷമിക്കാനില്ല. ഭരണയന്ത്രം തിരിച്ച് ബാക്ക് സീറ്റ് ഡ്രൈവിംഗ് നടത്തുന്നത് ഇപ്പോൾ ഇവളുമാരാണല്ലോ.
റഷ്യൻ മിസൈൽ യുക്രൈയിനിൽ വന്നു പതിക്കുന്നതു പോലെ വിചാരിക്കാത്ത നേരത്ത് കേരള രാഷ്ട്രീയത്തിൽ ആരോപണ മിസൈൽ വിക്ഷേപിക്കാൻ കെൽപ്പുള്ള പെണ്ണുങ്ങളുടെ നിര കാത്തു നിൽക്കുന്നു. ഇനി ഭരണം ആർക്ക് നൽകണം എന്നത് അവർ തീരുമാനിക്കും. എന്താ  ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ ഗതി ?  

Join WhatsApp News
Maliakel Sunny 2022-06-27 19:56:30
വായനക്കാരിൽ കൗതുകം ഉണർത്തുന്ന ശബ്ദം . ഓരോ ലക്കവും ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ.
Bhaskaran 2022-06-30 14:29:26
സ്വപ്നയെപ്പോലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ ഈ നാറുന്ന സ്വർണ്ണക്കടത്തും അഴിമതിയും നടത്തി ഈ കേരളത്തെ മുച്ചോഡും മുടിക്കുന്ന മുഖ്യന്റെയും കുടുംബത്തിന്റെയും കഥകൾ ലോകം അറിയുമായിരുന്നോ? അപ്പോൾ ചില അവതാരങ്ങൾ ദൈവസൃഷ്ടിയാണ്. അവർ ഏതു വേഷത്തിലും അവതരിക്കട്ടെ. ഒപ്പം കള്ളപ്പണി ചെയ്ത് ഒരുത്തനിട്ടു പണി കൊടുത്താൽ പണി പാലുംവെള്ളത്തിൽ തിരിച്ചു കിട്ടുമെന്ന് ഇവരിൽക്കൂടി ദൈവം കാണിച്ചുകൊടുക്കയും ചെയ്തു. ഇതൊക്കെ ലേഖിക മനപ്പൂർവ്വം വിട്ടുകളഞ്ഞതാണെന്നു തോന്നുന്നു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക