Image

ഭരണത്തിന്റെ ശോഭ കെടുത്തുന്ന വിവാദങ്ങൾ (സിൽജി ജെ ടോം)

Published on 28 July, 2022
ഭരണത്തിന്റെ  ശോഭ കെടുത്തുന്ന വിവാദങ്ങൾ (സിൽജി ജെ ടോം)

 തുടര്‍ഭരണമെന്ന ചരിത്രനേട്ടത്തോടെ, ജനത്തിന്റെ നിറഞ്ഞ പ്രതീക്ഷകളുമായി അധികാരമേറ്റ  പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള  ഇടതുപക്ഷ ഭരണം  ഇടറി നീങ്ങുന്ന കാഴ്ചയാണ് കുറച്ച് നാളുകളായി  കേരളം കാണുന്നത്.  രാജ്യമാകെ ഉറ്റുനോക്കുന്ന,  രാജ്യത്തെ പ്രധാന  കമ്മ്യൂണിസ്റ്റ് പാർട്ടികളായ സി.പി.എമ്മും സി.പി.ഐയും നേതൃത്വം കൊടുക്കുന്ന  കേരളത്തിലെ ഇടതുപക്ഷ സർക്കാറിന്   ഇന്ന്  തൊടുന്നതെല്ലാം പിഴയ്ക്കുകയാണ് . ആദ്യ ടേമിൽ മികച്ച ഭരണം എന്ന പ്രതിച്ഛായ ഉണ്ടായതുകൊണ്ട് ഇത്തവണയും ജനത്തിന് പ്രതീക്ഷകൾ ഏറെയായിരുന്നു.    

വിവാദങ്ങളില്‍ മുഖം രക്ഷിക്കാൻ സർക്കാർ നെട്ടോട്ടമോടുമ്പോൾ  ഭരണത്തിന്റെ ശോഭ കെടുന്നു, പതിവിന് വിരുദ്ധമായി  അവസരം മുതലാക്കി   മുന്നിൽ തന്നെയുണ്ട്  കോൺഗ്രസ്  നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര.

സിൽവർലൈനെതിരായ സമരങ്ങളും അവയെ അടിച്ചമർത്തുന്ന  ധാർഷ്ട്യം കലർന്ന സർക്കാർ സമീപനങ്ങളും  രണ്ടാം പിണറായി സർക്കാരിനെ  ജനത്തിനെതിരാക്കി . സംസ്ഥാനത്ത്  സില്‍വര്‍ ലൈനിലൂടെ  വികസന വിപ്ലവം നടപ്പാക്കുമെന്ന് പറഞ്ഞ സര്‍ക്കാർ  ജനകീയ സമരങ്ങളെ തള്ളിപ്പറഞ്ഞു . കല്ലിടൽ നടപടി ഊർജിതമാക്കിയതോടെ  സിൽവർലൈൻ സമരത്തിന് നേരെ നടന്ന പൊലീസ് നടപടികൾ വിമർശനമേറ്റുവാങ്ങി . 
 
തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ്  സർക്കാരിന്റെ ധാർഷ്ട്യത്തിലേൽപ്പിച്ച തിരിച്ചടിയും  പ്രതിപക്ഷ, ജനകീയ പ്രതിഷേധങ്ങളുമൊക്കെ സർക്കാരിനെ സിൽവർ ലൈനിൽനിന്നു പിന്നോട്ട് വലിക്കുന്നു എന്നാണ് നിലവിലെ സൂചനകൾ, എന്നാൽ പൂർണമായി പദ്ധതി വിട്ടിട്ടുമില്ല.
 
പിഴയ്ക്കുന്ന ചുവടുകൾ, അപ്രതീക്ഷിതമായെത്തിയ രാജി  
 
 
രണ്ടാംവർഷത്തിൽ ഒന്നിനുപിന്നാലെ മറ്റൊന്നായി വിവാദങ്ങൾ  സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് . തൊട്ടതെല്ലാം സർക്കാരിന്  പിഴയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി പ്രതിരോധത്തിലാക്കുന്നതാണ് നിലവിലുയരുന്ന  മിക്ക വിവാദങ്ങളും. സ്വര്‍ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ  രണ്ടാംഘട്ട വെളിപ്പെടുത്തലുകൾ , അതിനെതിരേയുള്ള പ്രതിഷേധങ്ങള്‍, കറുപ്പ്  മാസ്‌ക് നിരോധനം,  മുഖ്യമന്ത്രിക്കെതിരെ  വിമാനത്തിനുള്ളിലെ പ്രതിഷേധം, അതിനോടുള്ള ഇ.പി. ജയരാജന്റെ പ്രതിരോധം, പി.സി. ജോര്‍ജിന്റെ അറസ്റ്റ്, രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിനു നേര്‍ക്ക് നടന്ന  ആക്രമണം, എ.കെ.ജി. സെന്ററിനു നേര്‍ക്ക് നടന്ന ആക്രമണത്തിലെ പ്രതിയെ പിടിക്കാനാവാത്തത്, ഒടുവില്‍ ഭരണഘടനയ്ക്കെതിരായ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍റെ രാജി, ശബരിനാഥിന്റെ അറസ്റ്റ് ഇങ്ങനെ നീളുന്നു  പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ  സമീപകാല രാഷ്ട്രീയ വിവാദങ്ങളുടെ പരമ്പര.

ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചു കൊണ്ടുള്ള സാംസ്‌കാരിക-ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിലൂടെ രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യരാജി  വന്നുകഴിഞ്ഞു.
  
തിരിച്ചടിയായി   സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ 
 
  തൃക്കാക്കരയിലെ  പരാജയത്തിൽ ക്ഷീണിച്ച സിപിഎമ്മിന്  മറ്റൊരു തിരിച്ചടിയായി  മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ രൂക്ഷമായ ഭാഷയിൽ തുടരുന്ന  സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ . നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നും, യുഎഇയിലേക്ക് പിണറായി ഡോളര്‍ കടത്തിയെന്നും, ക്ലിഫ് ഹൗസില്‍ ഷാര്‍ജ ഭരണാധികാരിയുമായി രഹസ്യചര്‍ച്ച നടത്തിയെന്നും സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റു കോടതിയില്‍ 164 വകുപ്പ് പ്രകാരം രഹസ്യമൊഴി നല്‍കിയത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു  . ഈ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ തൃപ്തികരമായ മറുപടി   മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതുമില്ല. മകള്‍ വീണക്കെതിരായ ആരോപണങ്ങളോട് വൈകാരികമായി പ്രതികരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
 
കഴിഞ്ഞ തവണ കെട്ടടങ്ങിയിടത്തുനിന്ന് വീണ്ടും കത്തിപടരുകയാണ്  സ്വര്‍ണകടത്ത്  വിവാദം. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയും  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും പാർട്ടി അണികളിൽ പോലും അമ്പരപ്പുളവാക്കുന്നുവെന്നതാണ് സത്യം . സംശയമുന പിണറായിക്ക് നേരെ  നീളുന്നുവെന്നത് വ്യക്തം. ആദ്യ ടേമിൽ പിണറായി സഖാവിന് ജയ് വിളിച്ച പലരും  ഇപ്പോൾ മൗനത്തിലോ പ്രതിഷേധങ്ങളിലോ ആണ്.പ്രസ്തുത ആരോപണങ്ങളുടെ യാഥാർഥ്യം  കോടതി തീരുമാനിക്കേണ്ടതാണെങ്കിലും വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതാണ് അഭ്യൂഹങ്ങളിൽ  സര്‍കാരിനെ തളച്ചിടുന്നത്.
 
സർക്കാരും മുഖ്യമന്ത്രിയും പ്രതിഷേധങ്ങളെ ഭയക്കുന്ന സാഹചര്യമാണ്, അനാവശ്യമായി പ്രതിരോധിച്ച്  പല പ്രശ്നങ്ങളും കൂടുതൽ വഷളാക്കുകയാണ്. ആരോപണം ഉന്നയിക്കുന്നവരെ പ്രതികാര മനോഭാവത്തോടെ വേട്ടയാടുന്ന സർക്കാർ സമീപനവും പരക്കെ വിമർശനം വിളിച്ചു വരുത്തുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ പുതുമയില്ലെന്ന്  പറഞ്ഞ്  തള്ളുമ്പോഴും ആരോപണം ഉന്നയിക്കുന്നവരെ വേട്ടയാടുന്നതെന്തിനെന്ന ചോദ്യം ഉയരുന്നു.

മുൻപ്  സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തല്‍  വലിയ വിവാദമുണ്ടാക്കുകയും പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് കറുപ്പ് മാസ്‌കിനും വസ്ത്രത്തിനും വിവിധ പരിപാടികളിലായി പൊലീസ് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്.  ഇതിന് ബദലായി കറുത്ത മാസ്‌കും വസ്ത്രവും ധരിച്ചെത്തിയായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ അടക്കമുള്ളവരുടെ  പ്രതിഷേധം. കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെങ്കിലും പൊലീസ് കറുത്ത മാസ്‌ക് അഴിപ്പിച്ചിരുന്നു, സംഭവം പാര്‍ട്ടി കേന്ദ്രങ്ങളില്‍ തന്നെ  ചര്‍ച്ചയായി. 
 
ഇതിനിടെ  ഷാജ് കിരണ്‍ എന്ന മുന്‍ മാധ്യമപ്രവര്‍ത്തകന്‍ മുഖ്യമന്ത്രിക്കു വേണ്ടി ഇടനിലക്കാരനായി സ്വപ്നയെ സമീപിച്ചെന്ന ആരോപണമുയർന്നു . ഷാജ് കിരണുമായി നിരവധിത്തവണ ഫോണില്‍ സംസാരിച്ച എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിസ്ഥാനത്തുനിന്ന് മാറ്റി.  പിന്നീട്  അജിത് കുമാറിന് മറ്റൊരു തസ്തിക സൃഷ്ടിച്ച്   നിയമനം നൽകി  .  

പ്രതിഷേധങ്ങളെ ഭയക്കുന്ന സമീപനം
 
കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ  നടന്ന പ്രതിഷേധവും  മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന  എല്‍.ഡി.എഫ്. കണ്‍വീനര്‍   മുന്നിട്ടിറങ്ങി  പ്രതിഷേധക്കാരെ  തള്ളിവീഴ്ത്തിയതും വലിയ കോളിളക്കമുയർത്തി. ഭീകരപ്രവര്‍ത്തനം എന്ന്  സംഭവത്തെ ജയരാജന്‍ വിശേഷിപ്പിച്ചപ്പോൾ  പ്രതിഷേധത്തെ പ്രതിഷേധമായി കണ്ടാല്‍മതിയെന്ന്  പറഞ്ഞ് പ്രതിപക്ഷവും ചെറുത്ത് നിന്നു . വിമാനത്തിലെ   പ്രതിഷേധത്തില്‍ വധശ്രമ കേസ് ഇട്ടതും  ഇ.പി.ജയരാജന് യാത്രാ വിലക്കു പ്രഖ്യാപിച്ച ഇന്‍ഡിഗോ കമ്പനിയുടെ ബസ് അടക്കം പിടിച്ചെടുത്ത  പ്രതികാര  നടപടിയും  ചര്‍ച്ചയായി .  
 പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിനെ  മൂന്ന് വട്ടം  പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും  മൂന്നുതവണയും അദ്ദേഹം  ജാമ്യംനേടി പുറത്തെത്തിയത് സർക്കാരിന്  നാണക്കേടായി .
 
സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവെടുപ്പിനായി തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയ പി.സി ജോര്‍ജിനെ അപ്രതീക്ഷിതമായാണ് സരിത നായരുടെ പരാതിയില്‍ പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതെങ്കിലും സർക്കാരിന്റെ പ്ലാനുകൾ മറികടന്ന്  രാത്രി തന്നെ ജാമ്യവുമായി ജോര്‍ജ് തലസ്ഥാനം വിട്ടു.   പി സി ജോര്‍ജിനെ ജയിലില്‍ അടയ്ക്കാനുള്ള ശ്രമത്തിന്  തൊട്ടു പിന്നാലെ തന്റെ കൊന്തയുണ്ടെങ്കില്‍ അവര്‍ അനുഭവിക്കുമെന്ന് പി സി ജോര്‍ജിന്റെ ഭാര്യ പറഞ്ഞു. ഒരാഴ്ച പോലും തികയും മുൻപ്   രണ്ടാം പിണറായി സര്‍ക്കാരിന് ആദ്യ  വിക്കറ്റ് നഷ്ടമായി, ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാന്‍ രാജി വെക്കേണ്ടിവന്നു. മന്ത്രി ആന്റണി രാജു ജട്ടിക്കേസില്‍ പ്രതിസ്ഥാനത്താണ്.  
 
ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയില്ലെന്ന് ആരോപിച്ച് വയനാട് എം.പി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ്  എസ്.എഫ്.ഐയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  അടിച്ചു തകര്‍ത്തത്   മറ്റൊരു പൊല്ലാപ്പായി  . എന്നാൽ ഓഫീസ് തകര്‍ത്ത കുട്ടികളോട് പരിഭവം ഒന്നുമില്ലെന്നാണ്  ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വേറിട്ട  നിലപാടുകളിലൂടെ മുൻപും ശ്രദ്ധേയനായ  രാഹുൽ ഗാന്ധി പറഞ്ഞത് . മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി പാർട്ടി എസ്.എഫ്.ഐ. വയനാട് ജില്ലാക്കമ്മിറ്റി പിരിച്ചുവിടുകയും ഏഴംഗ താത്കാലിക കമ്മിറ്റിക്ക് ചുമതല നല്‍കുകയും ചെയ്തു.

ജലീലിനെതിരെയും വെളിപ്പെടുത്തലുകൾ 
 
തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ സത്യവാങ്മൂലത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി.ജലീലിനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കും  ഗുരുതരസ്വഭാവമാണുള്ളത്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജലീല്‍ അന്നത്തെ യുഎഇ കോണ്‍സല്‍ ജനറലുമായി പ്രോട്ടോകോള്‍ ലംഘിച്ച്‌ കൂടിക്കാഴ്ച നടത്തി.  യുഎഇ യില്‍ പ്രചാരമുള്ള ഒരു മലയാള പത്രം നിരോധിക്കാന്‍ കത്തിലൂടെ ആവശ്യപ്പെട്ടു, തുടങ്ങി ഗുരുതര  പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്‌ന സുരേഷ്  നടത്തിയിരിക്കുന്നത്. ഇതൊക്കെ നിഷേധിച്ച്  നടത്തിയ ജലീലിന്റെ വാര്‍ത്താ സമ്മേളനവും തെറ്റിദ്ധരിപ്പിക്കുന്നതായി .  

 ആരോപണം ഉന്നയിക്കുന്നവരെ വേട്ടയാടുന്ന  സര്‍ക്കാര്‍ സമീപനം  അപലപിക്കപ്പെടേണ്ടതാണ്  . മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിനെത്തുടര്‍ന്നാണ് ജലീലിന്റെ പരാതിയില്‍ സ്വപ്‌നക്കെതിരെ കേസെടുത്തത്.  സ്വപ്‌നാ സുരേഷിന്റെ  വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്നയുടെ  സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതികളില്‍ ഒരാളുമായ സരിത്തിനെ തിരക്കിട്ട് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തതും  വിവാദമായിരുന്നു . 

   എ.കെ.ജി. സെന്റര്‍ ആക്രമണത്തിന്  പിന്നിലെ സൂത്രധാരനെ ഇനിയും കണ്ടെത്താനായിട്ടില്ല . സംഭവത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ ഇ.പി. ജയരാജന്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ചു. ആക്രമണം സി.പി.എമ്മിന്റെ അറിവോടെ ആണെന്ന് ആരോപിച്ച പ്രതിപക്ഷം എന്തുകൊണ്ട് പ്രതിയെ പിടികൂടുന്നില്ലെന്ന ചോദ്യവുമായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ആക്രമണം കഴിഞ്ഞ്   ഒരു മാസമാകുമ്പോഴും പ്രതിയെ പിടികൂടിയിട്ടില്ല.

ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും തെറ്റായ നടപടികളിൽ  ലഭിച്ച  തിരിച്ചടികളില്‍ ഒടുവിലത്തേതാണ് കെ.എസ്.ശബരീനാഥനു ലഭിച്ച ജാമ്യം. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് സമാനമാണ്  ശബരീനാഥന്റെ കാര്യത്തിലും  കാര്യങ്ങളുണ്ടായത്, പക്ഷെ പാളി . എച്ച്‌ ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്റെ അറസ്റ്റും പ്രതികാരമായിരുന്നു.  
ഒന്നിന് പുറകെ ഒന്നായുണ്ടായ  രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് അടുത്ത നാളിൽ ചെറിയൊരു ശമനമുണ്ടെങ്കിലും  കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന്  മുറിവേറ്റത് ഞെട്ടലുളവാക്കി .  
 
 നേരത്തെ വികസന പോഗ്രസ് കാര്‍ഡുമായി  സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കിയിരുന്ന പിണറായി സര്‍കാര്‍ ഇപ്പോള്‍ വിവാദങ്ങൾക്കും പ്രതികാരത്തിനും പിന്നാലെയാണെന്നത്  ജന വികാരം എതിരാക്കിയിട്ടുണ്ട് .

സർക്കാരിന്റെ ധനസ്ഥിതിയും ശരിയല്ല, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ധനകാര്യവകുപ്പ്. ആനവണ്ടിയും തീരാക്കടങ്ങളുമുയർത്തുന്ന പ്രശ്നങ്ങൾ  വേറെ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും പെന്‍ഷനും കൂട്ടാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു . കുറ്റം പറയരുതല്ലോ ശമ്പളപരിഷ്‌കരണം ചര്‍ച്ചചെയ്യുന്നതിന് മുമ്പ്  ഓണത്തിന് കിറ്റ് പ്രഖ്യാപിച്ച്   ജന വികാരം എതിരാകാതിരിക്കാനും ശ്രമിച്ചിട്ടുണ്ട് .
 
അന്‍പത് ഇനങ്ങളിലായുള്ള 900 വാഗ്ദാനങ്ങളില്‍ ആദ്യവര്‍ഷംതന്നെ 765 എണ്ണത്തില്‍ നടപടി വിവിധ ഘട്ടങ്ങളിലെത്തിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

 ജനവിധിയും ഭരണത്തുടര്‍ച്ചയും ജനഹിതം അറിഞ്ഞു പ്രവർത്തിക്കാനുള്ള അവസരമാണ്.  നിയമം എല്ലാറ്റിനും മുകളിലാണെന്നും, തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നുമുള്ള ബോധം  ഭരിക്കുന്നവർ ആരായാലും അവർക്ക്  ഉണ്ടായേ തീരൂ . 
Join WhatsApp News
josecheripuram 2022-07-29 01:00:14
Why politicians lie and steal and get away with it ? Because they give a share to the persons who are responsibile to correct them. People have no choice other than elect one or other party, they look at which is the better thief. If LDF got a second chance, it's none other than UDF'S Groupism. Many of the LDF knows They are wrong but blindly support CM in public . Of course They will be rewarded . UDF and LDF has to learn from each other.
Silji 2022-07-29 10:05:04
Yes, Sir, you are correct, politics is such a drama, and the common people are made fools every single time.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക