Image

ഒരു നായാട്ട്  (ബാംഗ്ലൂര്‍ ഡേയ്‌സ്: ഹാസ്യനോവല്‍ -21: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 06 September, 2022
ഒരു നായാട്ട്  (ബാംഗ്ലൂര്‍ ഡേയ്‌സ്: ഹാസ്യനോവല്‍ -21: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

കാലത്തു്എഴുന്നേറ്റ്  ഒരു കട്ടനും ആസ്വദിച്ചു് ഇരിക്കുകയായിരുന്നു ഞാൻ.ജോർജുകുട്ടി ചൂടുകാപ്പി കുടിക്കുന്നതിനിടയിൽ പറഞ്ഞു "ഇന്ന് നമുക്ക് അടിയന്തരമായി നമ്മുടെ കമ്മിറ്റി കൂടണം. അവൈലബിൾ കമ്മിറ്റി,സാധിക്കുന്നവർ എല്ലാവരും വരട്ടെ."

" എന്താ അത്യാവശ്യം?" ഞാൻ ചോദിച്ചു.

" താനെന്തൊരു മനുഷ്യനാണ്? ഓണം അടുത്ത് വരികയല്ലേ? ഇനി വളരെ കുറച്ച് ദിവസങ്ങളെയുള്ളൂ നമ്മുടെ തയ്യാറെടുപ്പ് ഒന്നും ശരിയായിട്ടില്ല.എന്തെല്ലാം  കാര്യങ്ങൾ ചെയ്യാൻ കിടക്കുന്നു? എല്ലാവരെയും വിളിച്ചു ഒന്ന്  ചൂടാക്കണം.അതെല്ലാം പ്രസിഡണ്ടിൻ്റെ ചുമതലയാണ്.പക്ഷേ താൻ എല്ലാം എൻ്റെ തലയിൽ വച്ച് വെറുതെ ഇരിക്കുന്നു."

" ഓ, ശരി ശരി നമ്മൾക്ക് അവൈലബിൾ കമ്മറ്റി വിളിക്കാം." ഞാൻ പറഞ്ഞു. ഞങ്ങൾ  പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ യാതൊരു പരിചയവും ഇല്ലാത്ത ഒരാൾ ഞങ്ങളുടെ  വീട്ടുവാതിൽക്കൽ വന്നു ചുറ്റും നോക്കിയിട്ട് ,ജോർജ്‌കുട്ടിയുടെ വീട് ഇതാണോ, എന്ന് ഒരു ചോദ്യം.ചോദിച്ചത് കന്നടയിലാണ്. ആൾ മലയാളിയല്ല എന്ന് വ്യക്തം.

"ഏനു ബേക്കു?" 

"സബ് ഇൻസ്പെക്ടർക്ക് നിങ്ങളെ ഒന്ന് കാണണം എന്ന് പറയുന്നു."

ഞങ്ങളെ സ്റ്റേഷനിലേക്ക് വിളിക്കാൻ കാര്യം ഒന്നും കാണുന്നില്ല.ഇത് മിക്കവാറും കോൺസ്റ്റബിൾ അപ്പണ്ണയുടെ എന്തെങ്കിലും അടവ് ആകാനാണ് സാധ്യത.ഏതായാലും പുറത്തേക്ക് ഇറങ്ങുകയാണ്.സ്റ്റേഷനിൽ പോയി വിവരം അന്വേഷിക്കാം എന്ന് വിചാരിച്ചു ഞങ്ങൾ അയാളുടെ കൂടെ പോലീസ് സ്റ്റേഷനിലേക്ക് പോയി.

ഞങ്ങൾ സ്റ്റേഷനിൽ ചെല്ലുമ്പോൾ അപ്പണ്ണ ഒരു യുവതിയും ആയി സംസാരിച്ചുകൊണ്ട് അവിടെ നിൽക്കുന്നു.ഞങ്ങളെ കണ്ട ഉടനെ അപ്പണ്ണ പുറത്തേക്ക് വന്നു."എന്താ മാഷേ ഇപ്പോൾ കാണാറില്ലല്ലോ?തന്നെക്കൊണ്ട് അൽപ്പം കാര്യം ഉണ്ട്.ഇത് നമ്മുടെ സ്റ്റേഷനിൽ പുതിയതായി വന്ന വനിതാ സബ് ഇൻസ്‌പെക്‌ടർ ആണ്.എൻ്റെ നാട്ടുകാരിയാണ്."

ആ സ്ത്രീ ഞങ്ങളെ നോക്കി ഒട്ടും ഗൗരവം കളയാതെ പുഞ്ചിരിച്ചു.അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത് അങ്ങനെയും ചിരിക്കാൻ കഴിയും എന്ന്.

അവർ അകത്തേക്ക് പോയപ്പോൾ അപ്പണ്ണ പറഞ്ഞു,"ഞങ്ങൾക്ക് ഇന്ന് ഒരു നായാട്ടിന് പോകണം എന്നുണ്ട്. ശരിക്കും നായാട്ട്, താൻ വിചാരിക്കുന്നതുപോലെ ചില്ലറ പരിപാടിയൊന്നുമല്ല.അതിന് തൻ്റെ തോക്ക് ഒന്ന് തരണം."

"അയ്യോ സാറേ,അത് എയർ ഗൺ ആണ്.അതുകൊണ്ട് എന്തിനെ വെടിവയ്ക്കാനാണ്?"

"മുയൽ,നല്ല ഒന്നാന്തരം മുയലുകൾ ഹോസ്‌കോട്ടെയിൽപോയാൽ കിട്ടും."

"മുയലിനെ വെടി വയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല."

"താൻ വന്ന് തൻ്റെ തോക്കെടുത്തു് താ.ബാക്കി കാര്യം ഞാൻ നോക്കിക്കോളാം."

അപ്പണ്ണ പുറത്തേക്ക് ഇറങ്ങി.കൂടെ ഞങ്ങളും.പുറത്തേക്ക് വരുമ്പോൾ കൊല്ലം രാധാകൃഷ്ണനും സെൽവരാജനും ഹുസ്സയിനും എല്ലാം സ്റ്റേഷന് പുറത്തു് ഞങ്ങളെ കാത്തുനിൽക്കുന്നു.ഞങ്ങളെ പോലീസ് പിടിച്ചുകൊണ്ടുപോയി എന്ന ഒരു വാർത്ത എങ്ങനെയോ അവിടെ പരന്നിരുന്നു.

"ജാമ്യം കിട്ടിയോ?എന്താ പ്രശനം?അവർ ഉപദ്രവിച്ചോ?"ഓരോരുത്തരും ഓരോ ചോദ്യം. ഞങ്ങളുടെ മറുപടി കേൾക്കാൻ  നിൽക്കാതെ അവർ ചോദിച്ചുകൊണ്ടിരുന്നു.

"ഏതാ ഈ അലവലാതികളെല്ലാം?"അപ്പണ്ണയുടെ ചോദ്യം കേട്ട് എല്ലാവരും നിശബ്ദരായി.

."ജോർജ്ജുകുട്ടി നിൻറെ തോക്ക് ഒന്ന് എടുത്ത് താ.ഈ അലവലാതികളോടെല്ലാം കൂട്ടുകൂടാതിരിക്കുന്നതാണ് നല്ലത്."

"അയ്യോ സാറെ ഞങ്ങളെ വെടി വയ്ക്കല്ലേ.ഞങ്ങൾ ഒരു കുഴപ്പവും ഉണ്ടാക്കാതെ മര്യാദക്ക് ജീവിച്ചോളാം". "മര്യാദക്ക് ജീവിച്ചാൽ തടി കേടുകൂടാതെ ഇരിക്കും."

ഞങ്ങൾ വീട്ടിലെത്തിയപ്പോൾ അപ്പണ്ണ പറഞ്ഞു, "അല്ലെങ്കിൽ നീയും ഞങ്ങളുടെ കൂടെ വാ.ഞങ്ങൾ ഏതാനും പേർ ഇന്ന്  ഹോസ്കോട്ടയിൽ മുയലിനെ വെടിവെക്കാൻ പോകുന്നുണ്ട്. ഇഷ്ടമുണ്ടെങ്കിൽ നിനക്കും വരാം".

",എൻ്റെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചാൽ മുയലിനെ കിട്ടുമെന്ന് തോന്നുന്നില്ല."

"അതിന് ആരാ തൻ്റെ തോക്കുപയോഗിച്ചു് മുയലിനെ വെടി വയ്ക്കാൻ പോകുന്നത്.?പോലീസ് തോക്ക് ഉപയോഗിച്ച് വെടി വയ്ക്കും.തൻ്റെ എയർ ഗൺ  ഉപയോഗിച്ചാണ് വെടിവച്ചത് എന്നുപറയും.അത്ര തന്നെ."

"സബ് ഇൻസ്‌പെക്ടർ അറിഞ്ഞാൽ കുഴപ്പം ആകില്ലേ?"

"എഡോ ഇത് സബ് ഇൻസ്‌പെക്ടറുടെ ഐഡിയ ആണ്."

"ഈ ഹൊസ്കൊട്ടെ എന്ന് പറയുന്ന സ്ഥലം എവിടെയാ?"അച്ചായനാണ് സംശയം.

"അത് പുതിയ എയർ പോർട്ടിലേക്ക് പോകുന്ന വഴിയാ."

"ഇപ്പോൾ മുയലുകളൊക്കെ എയർപോർട്ട് അടുത്തേക്ക് താമസം മാറ്റിയോ?"

അപ്പണ്ണ എല്ലാവരെയും ഒന്ന് ഓടിച്ചു നോക്കി.എന്നിട്ടു പറഞ്ഞു",ഇവന്മാരെ ഒന്നും കൂട്ടണ്ട.ജോർജ് കുട്ടി മാത്രം മതി."

പെട്ടന്ന് സെൽവരാജൻ പറഞ്ഞു,"ഞാൻ വരുന്നില്ല.എയർ പോർട്ടിൽ പോകുവല്ലേ,ജോർജ് കുട്ടി ഡീസൻറ് ആയി പോകണം.സൂട്ട് ധരിക്കണം.അല്ലെങ്കിൽ മുയലുകൾ താൻ  ഒരു അലവലാതി ആണെന്ന് വിചാരിക്കും."

അതുവരെ ഒന്നും മിണ്ടാതിരുന്ന കാഥികൻ കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു,"എൻ്റെ അടുത്ത കഥക്ക് ,മുയലുകൾ കഥ പറയുന്നു,എന്ന് പേരുകൊടുത്താലോ എന്നാലോചിക്കുകയാണ് ഞാൻ."

പോലീസ് കോൺസ്റ്റബിൾ അപ്പണ്ണ പറഞ്ഞു,"ഇതേതാ ഈ അലവലാതി?മുയലുകൾ കഥ പറയുന്നു പോലും. താൻ മുയൽ എന്ന വാക്ക് ഉപയോഗിച്ചുപോകരുത്.."

"സാർ സാർ...പോലീസുകാരുടെ കള്ള വെടി എന്നായാലോ?” 

" തീക്കട്ടയിൽ  ഉറുമ്പ് അരിക്കുന്നു. ഞാൻ കത്തിച്ചു കളയും അലവലാതി"അപ്പണ്ണ പറയുന്നത് കാര്യമായിട്ടാണോ തമാശ ആണോ എന്ന് ആർക്കും മനസ്സിലായില്ല.

ജോർജ്‌കുട്ടി എന്നോടായി പറഞ്ഞു,"ക്ഷമിക്കണം,ക്ഷണം എനിക്ക് മാത്രമേയുള്ളു.തന്നെക്കൂടി കൊണ്ടുപോകണം എന്ന് എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല."

"സാരമില്ല,പോയിവരൂ."

ജോർജ്‌കുട്ടി നായാട്ടിന് പോകുന്ന ഡ്രസ്സുകൾ ധരിച്ചു് ഒരു വെള്ള തൊപ്പിയും തലയിൽ വച്ച് അപ്പണ്ണയുടെകൂടെ പോയി.പോകുമ്പോൾ സെൽവരാജൻ പറഞ്ഞു,"ഭാഗ്യമുണ്ടെങ്കിൽ നമ്മുക്ക് വീണ്ടും കാണാം".

"അതെന്താ അങ്ങനെ പറഞ്ഞത്?"

"നായാട്ടിന് പോകുവല്ലേ?ഒരു ഉണ്ട എങ്ങാനും തെറ്റി ജോർജ്‌കുട്ടിക്കിട്ട് കൊണ്ടാൽ പിന്നെ ജീവനോടെ കാണാൻ കഴിയില്ലല്ലോ".

"അപ്പോൾ നമ്മൾ നമ്മുടെ അസോസിയേഷന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടിവരും.അങ്ങനെ വന്നാൽ നമ്മൾക്ക് കൊല്ലം രാധാകൃഷ്ണനെ സെക്രട്ടറി ആക്കാം."ഹുസ്സയിൻ പറഞ്ഞു.

രാത്രി പത്തുമണി ആയിക്കാണും.വാതിലിൽ ആരോ മുട്ടുന്ന ശബ്ദംകേട്ട് ഞാൻ വാതിൽ തുറന്നു.വാതിൽക്കൽ ജോർജ്‌കുട്ടിയും അപ്പണ്ണയും വേറെ രണ്ടുപേരും നിൽക്കുന്നു.ആരും മിണ്ടുന്നില്ല.

"എന്താ,എന്തുപറ്റി?"

"എന്തുപറ്റാനാണ്?അഞ്ചാറ് മണിക്കൂർ തേടിനടന്നിട്ടും ഒറ്റ മുയലിനെപോലും കണ്ടില്ല.അവസാനം ഞങ്ങൾ ഹൊസ്‌കോട്ടയിലെ ഒരു ഗൗഡയെ വിരട്ടി.പോലീസ്‌കാരാണ് എന്ന് മനസ്സിലായപ്പോൾ അയാൾ ശരിക്കും വിരണ്ടുപോയി. അയാളുടെ വീട്ടിൽ ലൈസൻസില്ലാത്ത തോക്ക് ഉണ്ട് എന്നും മറ്റും ഞങ്ങൾക്ക് വിവരം  കിട്ടിയിട്ട് ഉണ്ടെന്നും വീട് റെയ്‌ഡ് ചെയ്യാൻപോകുകയാണ് എന്നും  പറഞ്ഞപ്പോൾ അയാൾ വല്ലാതെ  പേടിച്ചു.എല്ലാ കേസിൽ നിന്നും ഒഴിവാക്കാൻ തൽക്കാലം അയാളുടെ ആട് ഫാമിൽനിന്നും ഒരു ആടിനെ തന്നാൽ മതി എന്ന് പറഞ്ഞപ്പോൾ അയാൾ സമ്മതിച്ചു.അങ്ങനെ ഞങ്ങൾക്കുകിട്ടിയ ആടിനെ ഇപ്പോൾ നമ്മക്ക് ശരിയാക്കി തിന്നിട്ടുവേണം ഉറങ്ങാൻ."

ഞാൻ സമയം നോക്കി രാത്രി പത്തുമണി ആയിരിക്കുന്നു."നമ്മളുടെ ഇന്ദിര മാഡം ഫ്രഷ് ഇറച്ചിയെ കഴിക്കൂ."അപ്പണ്ണ തട്ടിവിട്ടു.എല്ലാവരും നന്നായി മദ്യപച്ചിട്ടുണ്ട്.ജോർജ്‌കുട്ടി പറഞ്ഞു,"എൻ്റെ സുഹൃത്ത് ഒരു കഞ്ഞിയാ.അവനെക്കൊണ്ട് ഇതൊന്നും ചെയ്യാൻ പറ്റില്ല.ഞാൻ കെട്ടഴിക്കാം.അപ്പണ്ണ ആടിനെ കൊന്നുതന്നാൽ ബാക്കി കാര്യം ഞാനേറ്റു."

"സമ്മതിച്ചിരിക്കുന്നു.കൊല എനിക്ക് പണ്ടേ ഇഷ്ട്ടമാണ്"അപ്പണ്ണ പറഞ്ഞു.

"എന്തുകൊലയാണ്?വാഴക്കുല ആയിരിക്കും".ഞാൻ പറഞ്ഞു.

"എന്നാൽ വൺ,ടു ത്രീ "ജോർജ്‌കുട്ടി ചാക്കിൻ്റെ  കെട്ടഴിച്ചു.ഒരു മഹാ അത്ഭുതം സംഭവിച്ചിരിക്കുന്നു.വലിയ ഒരു നാടൻ പട്ടി കുരച്ചുകൊണ്ട് ചാക്കിൽ നിന്നും പുറത്തേക്ക് ചാടി.

"ഗൗഡർ  നമ്മൾക്കിട്ട് പണിതന്നിരിക്കുന്നു"അപ്പണ്ണ പറഞ്ഞു.

"ആടിനെ പട്ടിയാക്കി എന്നുകേട്ടിട്ടുണ്ട്,ഇത് പട്ടിയെ ആട് ആക്കിയിരിക്കുന്നു."

ചാക്കിൽ നിന്നും പുറത്തുചാടിയ  പട്ടി കുരച്ചുകൊണ്ട് ഇരുട്ടിലേക്ക് ഓടിപ്പോകുന്നതും നോക്കി നിന്ന ജോർജ്‌കുട്ടി എൻ്റെ പ്രതികരണം എന്താണ് എന്നറിയാൻ എന്നെ ഏറുകണ്ണിട്ട് നോക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക