Image

ഓണസ്‌മൃതികൾ (രാജു മൈലപ്ര)

രാജു മൈലപ്ര Published on 09 September, 2022
ഓണസ്‌മൃതികൾ (രാജു മൈലപ്ര)
കൊറകുട്ടപ്പനായിരുന്നു ഞങ്ങളുടെ നാട്ടിലെ സ്ഥിരം പുലി. പുലികളി അയാളുടെ കുത്തകയായിരുന്നു. ആശാരിപ്പയ്യൻ ശിവരാമനും പൊടിയൻ പുലയന്റെ മകൻ സുകുമാരനും പുലിവേഷം കെട്ടി ആടി നോക്കിയെങ്കിലും അവരൊക്കെ കുട്ടപ്പൻ പുലിയുടെ മുന്നിൽ വെറും എലികളായിരുന്നു.
 
ഓണത്തിന്റെ വരവിനെ അറിയിച്ചുകൊണ്ടാണല്ലോ നാട്ടിൽ പുലികൾ ഇറങ്ങുന്നത്. പുലിവേഷം കെട്ടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദിവസങ്ങളോളം അതിനുള്ള തയ്യാറെടുപ്പ് വേണം. പുലിക്കു വേണ്ടുന്ന മഞ്ഞ, വെള്ള, കറുപ്പ് തുടങ്ങിയ ചായം ഉണ്ടാക്കിയെടുക്കുന്നത് ശ്രമകരമായ ജോലിയാണ്. വിളക്കിന്റെ കരി, ചിരട്ടക്കരി, മഞ്ഞൾ, ചുണ്ണാമ്പ്, പച്ചില തുടങ്ങിയ അസംസ്കൃത പദാർത്ഥങ്ങൾ കൊണ്ടാണ് ചായം ഉണ്ടാക്കിയെടുക്കുന്നത്.
 
കുട്ടപ്പന്റെ അമ്മാവൻ നാണുവായിരുന്നു മേക്കപ്പ്മാൻ. അവരുടെ കുടിലിന് പുറകിലുള്ള ഒരു പാറയിലിരുന്നാണ് ചമയകർമ്മങ്ങൾ നടത്തിയിരുന്നത്. ചൂടാക്കിപ്പഴുപ്പിച്ച് വലിച്ചുകെട്ടിയ ചൂരലിൽ പഴന്തുണി ചുറ്റിയാണ് പുലിവാലുണ്ടാക്കിയിരുന്നത്.
 
പുലിയുടെ കൂടെ വേട്ടക്കാരനും ഉണ്ട്. ഇറക്കം കുറഞ്ഞ പാന്റ്, ഷർട്ട്, തൊപ്പി, വീരപ്പൻ സ്റ്റൈൽ മീശ-അതാണ് അയാളുടെ വേഷം.
 സായിപ്പാണെന്നാണ് വയ്പ്പ്. ഇവരുടെ കൂടെ ചെണ്ടക്കാരൻ മണിയനും ഉണ്ട്.
 
                  തന്തക തിന്തക തോം 
                  തിന്തക  തന്തക തോം
 
 ചെണ്ടയുടെ താളത്തിനനുസരിച്ച് പുലി ചുവടുവയ്ക്കുന്നു. വേട്ടക്കാരൻ തോക്കുമായി ഒപ്പത്തിനൊപ്പമുണ്ട്. മീശ വിറപ്പിക്കുക, കരണം മറിയുക, വാല് ചുറ്റിയടിക്കുക തുടങ്ങിയ ചില അഭ്യാസങ്ങൾ ഇടയ്ക്കിടെ കാണിക്കാറുണ്ട്.
 
 അങ്ങിനെ പുലിസംഘം, പല വീടുകൾ കയറിയിറങ്ങി ഈട്ടിമൂട്ടിലെ കുറുപ്പച്ചന്റെ വീട്ടിലെത്തി കുറുപ്പച്ചന്റെ ഉച്ചയൂണ് കഴിഞ്ഞ്, നാലും കൂട്ടി മുറുക്കി, കുടവയറും തിരുമ്മി വരാന്തയിൽ ഒരു ചാരുകസേരയിൽ മലർന്നു കിടക്കുകയാണ്.
 
 പുലിയും പുലിയുടെ ആരാധകരായ ഒരുസംഘം കുട്ടികളും മുറ്റത്ത് അണിനിരന്നു. ചെണ്ടക്കാരൻ മണിയൻ ചെണ്ട പെരുക്കി.
 
കുറുപ്പച്ചനെ ഒന്നും ഇമ്പ്രെസ്സ് ചെയ്യുവാൻ വേണ്ടി, പുലി അങ്ങേരുടെ മുന്നിൽ ഒറ്റക്കാലിൽ നിന്ന് വട്ടംകറങ്ങി. പുലിയുടെ വാൽ കുറുപ്പച്ചന്റെ  കണ്ണിൽ കൊണ്ടു. മേല് നൊന്തു കഴിഞ്ഞാൽ ഇടംവലം നോക്കുന്നവനല്ല അങ്ങേര്. പുലിയുടെ കരണക്കുറ്റി തീർത്തൊരു പൊട്ടീര് കൊടുത്തു കുറുപ്പച്ചൻ. കണ്ണിൽ കൂടി പൊന്നീച്ച പറന്ന കുട്ടപ്പൻ തലകറങ്ങി താഴെവീണു. ചെണ്ടയുടെ താളം നിലച്ചു. വേട്ടക്കാരൻ ചാടി ഓടി. അവശനായ കുട്ടപ്പൻ പിന്നീട് ഫീൽഡിൽ ഇറങ്ങിയില്ല. നാണക്കേടായെങ്കിലും 'പുലി കുട്ടപ്പൻ' എന്നൊരു സ്റ്റൈലൻ പേര് സ്വന്തമായി.
 
             ഓണങ്ങൾ പലത് കടന്നു പോയി.
 
അങ്ങനെയിരിക്കെ ഓണം ഗംഭീരമായി ആഘോഷിക്കുവാൻ മൈലപ്രാ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. അത്തം മുതൽ 10 ദിവസം ഗംഭീര പരിപാടികൾ. മലയാലപ്പുഴ അപ്പുകുട്ടൻ ഭാഗവതരുടെ പാട്ടുകച്ചേരി, ചിങ്ങവനം സിസ്റ്റേഴ്സിന്റെ കഥാപ്രസംഗം, പുത്തൻപീടിക ദേവമാതാ ഗ്രൂപ്പിൻറെ ഗാനമേള. വൈവിധ്യമാർന്ന കലാപരിപാടികൾ.
 
മൈലപ്രാ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് പരിപാടികൾ അരങ്ങേറുന്നത്. അവസാന ദിവസത്തെ പ്രധാന പരിപാടി അവതരിപ്പിച്ചത് മൈലപ്രാ ക്ലബ്ബിലെ അംഗങ്ങളാണ്. 'അശോകവനത്തിലെ സീത' എന്ന നൃത്തസംഗീതനാടകം. പുലിക്കുട്ടപ്പനാണ് ഹനുമാന്റെ വേഷം കെട്ടിയത്.
 
സീതാദേവിയെ രാവണൻ ലങ്കയിലേക്കു തട്ടിക്കൊണ്ട് പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
 
അടുത്തരംഗം ആരംഭിക്കുകയായി. അശോകവനത്തിലിരുന്ന് വിലപിക്കുന്ന സീതാദേവിയെ കണ്ടിട്ട്, ഹനുമാൻ തിരികെ ശ്രീരാമന്റെ അടുത്ത് വിവരം പറയുവാൻ എത്തുന്നതാണ് രംഗം. പറന്നിറങ്ങുന്ന എഫക്റ്റ് ഉണ്ടാക്കുവാൻ വേണ്ടി ഹനുമാനെ മുകളിൽ നിന്നും കയറിൽ കെട്ടി ഇറക്കാൻ ആണ് പരിപാടി. അതിനായി ആദ്യം തന്നെ ഹനുമാൻ വേഷംകെട്ടിയ കുട്ടപ്പനെ സ്റ്റേജിനു മുകളിൽ കയറ്റി. കയറിന്റെ ഒരറ്റം താഴെ ഇരിക്കുന്ന മറ്റൊരു നടനെ ഏൽപ്പിച്ചു. കർട്ടൻ ഉയരുമ്പോൾ കയർ കുറേശ്ശെയായി അയച്ചുവിടും. അപ്പോൾ ഹനുമാൻ സ്ലോ മോഷനിൽ രാമന്റെ മുന്നിൽ ലാൻഡ് ചെയ്യും.
 
കർട്ടൻ ഉയർന്നു.  വിഷാദമൂകനായിരിക്കുന്ന ശ്രീരാമൻ. കാണികൾ ആകാംഷഭരിതരായിരിക്കുകയാണ്.
 
" ആരവിടെ?"
 
 " അടിയൻ"  എന്ന് പറഞ്ഞുകൊണ്ട്, കയർ പിടിച്ചിരിക്കുന്ന നടൻ അത് വിട്ടിട്ട്, രാമന്റെ  മുന്നിലെത്തി. പത്തുപന്ത്രണ്ടടി മുകളിൽനിന്നും ഹനുമാൻ മൂക്കുകുത്തി നേരെ താഴോട്ട്. പാണ്ടിലോറി കയറിയ തവളയെ പോലെ കയ്യും കാലും നാലു ദിക്കിലായി തറയിൽക്കിടക്കുന്ന ഹനുമാൻ. ഹനുമാന്റെ കയ്യിലും കാലിലും ചോരപൊടിയുന്നു.
 
രാമനൊന്ന് ഞെട്ടി. കാണികൾക്ക് കാര്യം പിടികിട്ടിയില്ല.
 
മൂക്കിൽ നിന്നും ചോര തുടച്ചുകൊണ്ട് വേദനകൊണ്ട് പുളയുകയാണ് ഹനുമാൻ.
 
നാടകം നിർത്താൻ പറ്റുകയില്ലല്ലോ!
 
രാമൻ അവസരത്തിനൊത്തുയർന്നു. ഡയലോഗ് തുടർന്നു.
 
" മാരുതപുത്രാ, നീ എന്റെ പ്രാണപ്രിയയെ കണ്ടോ?"
 ഹനുമാനിൽ നിന്നും ഉത്തരമൊന്നുമില്ല. കാണികൾ അക്ഷമരായി കാത്തിരിക്കുകയാണ്. രാമൻ കുറച്ചുകൂടി ഉച്ചത്തിൽ ചോദ്യം ആവർത്തിച്ചു. എൻറെ പ്രാണപ്രിയയെ കണ്ടോ
 " എന്റെ പ്രാണപ്രിയയെ  കണ്ടോ വായുപുത്രാ?"
 വേദന കടിച്ചുപിടിച്ചുകൊണ്ട് കിടന്നകിടപ്പിൽ പരിസരബോധമില്ലാതെ ഹനുമാൻ ദേഷ്യത്തിൽ അലറി.
 " ഞാനൊരു മയിരിനേയും കണ്ടില്ല. ഏത് പുലയാടി മോനാടാ കയറു പിടിച്ചിരിക്കുന്നത്?"
  " പോക്രിത്തരം പറയുന്നോടാ പട്ടി കഴുവേറീടെ മോനെ?" എന്ന് ആക്രോശിച്ചുകൊണ്ട് രാമൻ, ഹനുമാനെ ഒറ്റ ചവിട്ട്. നാട്ടുകാരുടെ കൂവലോടെ നാടകത്തിന് തിരശ്ശീല വീണു.
 
*********************************************
 
 'ഗോഡ്സ് ഓൺ കൺട്രി' ഇപ്പോൾ 'ഡോഗ്സ് ഓൺ കൺട്രി' ആയി. നായ്ക്കളാണ് നാടുവാഴികൾ. പട്ടികൾ പേയിളകി, ഇടംവലം ഓടിനടന്നു  മനുഷ്യരെ കടിച്ചുകീറുകയാണ്. ആൺപട്ടികളെ വന്ധ്യകരണം ചെയ്യുക എന്ന മാർഗമാണ് സർക്കാർ ഇതിന് പരിഹാരമായി നിർദ്ദേശിക്കുന്നത്. ഇത് കേട്ടാൽ തോന്നും, പട്ടികൾ മനുഷ്യനെ കടിക്കുന്നത് വായ കൊണ്ടല്ല 'ബോൾസ് ' കൊണ്ടാണെന്ന്. നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില കൂടുന്നുണ്ടെങ്കിലും, വിലകുറയുന്ന ഒരു സാധനമുണ്ട് നാട്ടിൽ- മനുഷ്യജീവൻ!
 എല്ലാവർക്കും ഓണാശംസകൾ!
 
 
 
Join WhatsApp News
കാർഷിക ഉത്സവം 2022-09-09 17:44:41
ഓണം പരിപൂർണ്ണമായി ഒരു വിളവെടുപ്പിന് ശേഷം ഉള്ള കാർഷിക ഉത്സവം മാത്രമായിരുന്നു. എല്ലാം മതങ്ങളും സമൂഹത്തിലെ പലതിനെയും സ്വന്തമാക്കും. കൂടുതൽ വരുമാനം ഉണ്ടാക്കുക, കൂടുതൽ ആൾക്കാരെ ആകർഷിക്കുക എന്നതാണ് അവയുടെ ഉദേശം. വാമനൻ, മഹാബലി, പാതാളംഎന്നിവയൊക്കെ അറിവ് കുറഞ്ഞ കുറെ ആൾക്കാരുടെ സങ്കൽപ്പം മാത്രമാണ്, ബ്രാഹ്മണർക്കു വേണ്ടി പരശുരാമൻ മഴു എറിഞ്ഞു കേരളം വീണ്ടെടുത്തു എന്ന കെട്ടുകഥ പോലെ. മഹാബലിയുടെ കഥ ഇന്നത്തെ മദ്ധ്യപ്രദേശ് ഭാഗങ്ങളിലെ കഥകൾ ആണ്. അവയും കേരളവും തമ്മിൽ യാതൊരു ബന്ധവും ഇല്ല. -Naradhan
Naadan 2022-09-09 18:40:32
പഴയ ഓർമ്മകളെ വീണ്ടും ഉണർത്തുന്ന ചിത്രീകരണം. നാടൻ ഭാക്ഷ പ്രയോഗം സന്ദർഭത്തിനു യോജിച്ചായതു കൊണ്ട് കുഴപ്പമില്ല.
Dog Lover 2022-09-09 20:01:28
കേരളത്തിലെ നായ്ക്കളുടെ വിളയാട്ടം സഹിക്കാവുന്നനതിനും അപ്പുറമാണ്. രണ്ടു മുന്ന് സഖക്കളെ പട്ടി കടിച്ചിരുന്നെകിൽ അവർ ഇതിനെ എല്ലാം തല്ലിക്കൊന്നു തോട്ടിൽ എറിഞ്ഞേനെ. ഒരു കോടതിയും, ഒരു പോലീസും അവരോടു ചോദിക്കില്ല. പേപ്പട്ടി വിഷം ഉൽപ്പാദിപ്പിക്കുന്ന മരുന്ന് കമ്പിനകൾക്കു കോടിക്കണക്കിനു ലാഭം ഉണ്ടാക്കുന്ന ഒരു ഇടപാടാണിത്. അതിൻറെ ഒരു വിഹിതം വേണ്ടപ്പെട്ടവർക്ക് കിട്ടുന്നുമുണ്ട്. അങ്ങിനെ GOD'S OWN COUNTRY, DOGS' OWN COUNTRY ആയി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക