Image

കാലം.... കലികാലം (കവിത: ദീപ ബിബീഷ് നായർ)

Published on 14 September, 2022
കാലം.... കലികാലം (കവിത: ദീപ ബിബീഷ് നായർ)

കാലമാകും കലിയുഗാന്ത്യത്തിലായ്
കാണ്മതൊക്കെയും കണ്ണിന്നു നൊമ്പരം
കേൾപ്പതൊക്കെയും കാതിന്നു ദു:സ്സഹം
കാത്തിരിക്കുവതെന്തിനായൂഴിയിൽ

ശൗര്യമേറുന്ന ശ്വാനനും കൂട്ടരും
പേപിടിച്ചതാ പാതയോരങ്ങളിൽ
പച്ചമാംസക്കൊതിയരായല്ലയോ
എത്തിടുന്നു കടിച്ചുകീറിടുന്നു

പീഡനങ്ങളും കഞ്ചാവ് ലോബിയും
പുത്തനല്ലാതെ മാറുന്ന കാഴ്ചകൾ
ഒക്കെ മാറി നാം മുന്നേ കുതിക്കുന്നു
എന്ന വാദവുമായി പ്രമുഖരും

പണ്ടു കണ്ടൊരാ പാലമുണ്ടെങ്കിലും
പുതിയതൊക്കെയും പാടേ തകരുന്നു
റോഡ് കുത്തിപ്പൊളിക്കുന്നു ചുറ്റിലും
മായമേറ്റി നികത്തുന്നു പിന്നെയും

ഊരിലായ് നേരുചൊല്ലുന്ന മക്കളോ
കാടിനുള്ളിലായ്കനവുകൾ തേടുന്നു
കാതമേറെയായ് താണ്ടുന്നു മന്നവർ
ആതുരാലയ വാതിലിലെത്തുവാൻ

അജ്ഞതയിലോ അൽപ്പരാം പൈതങ്ങൾ
അന്നമേകുന്നൊരമ്മയെ തല്ലുന്നു
നാടുനീളെയുയരുന്നു ഹർമ്മ്യങ്ങൾ
അഗതിമന്ദിരക്കോട്ടകൾ, വേദികൾ

പൊതുജനങ്ങളെക്കഴുതയാക്കും വിധം
ഉച്ചഭാഷിണിയിലെന്തോ മുഴങ്ങുന്നു
കേട്ടപാതിയിൽ കേൾക്കാത്ത പാതിയിൽ
അണികളെന്തിനും തയ്യാറെടുക്കുന്നു

എന്നു മാറുവാനീയുള്ള കാഴ്ചകൾ?
എന്നു കാണുവാൻ നന്മയാം വീഥികൾ?
എന്നുദിക്കുവാൻ പുതിയൊരു പുലരിയും
എങ്ങും സന്തോഷപ്പൂത്തിരി കാണുവാൻ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക