Image

നിങ്ങൾ എന്തിനാണ് പാട്ടുകൾ കേൾക്കുന്നത്? (നസീർ ഹുസ്സൈൻ കിഴക്കേടത്ത്)

Published on 04 October, 2022
നിങ്ങൾ എന്തിനാണ് പാട്ടുകൾ കേൾക്കുന്നത്? (നസീർ ഹുസ്സൈൻ കിഴക്കേടത്ത്)

Read more: https://emalayalee.com/writer/226

നിങ്ങൾ എന്തിനാണ് പാട്ടുകൾ  കേൾക്കുന്നത്? പലരും പ്രിയപ്പെട്ട പാട്ടുകൾ പാടുകയോ മൂളുകയോ ചെയ്യുന്നത്? ഇഷ്ടപെട്ട പാട്ടുകൾ കേൾക്കുമ്പോൾ നിങ്ങൾ കയ്യോ കാലോ തലയോ കൊണ്ടൊക്കെ കൊണ്ട് താളം പിടിക്കുന്നതെന്തുകൊണ്ടാണ്? അതുകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണമാണുള്ളത്? എന്തിനാണ് നിങ്ങൾ സംഗീത നിശകളിൽ പങ്കെടുക്കുന്നത്? ഒരുമിച്ച് നൃത്തം ചെയ്യുന്നത്? സംഗീത കച്ചേരികളിൽ പോയി താളം പിടിച്ചാസ്വദിക്കുന്നത്? എന്നെങ്കിലും നിങ്ങളതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? 
ഡാർവിൻ ഉൾപ്പെടെയുള്ള പരിണാമ ശാസ്ത്രജ്ഞരെ  കുഴപ്പിച്ച  ഒരു ചോദ്യമാണിത്. കാരണം നമ്മൾ ചെയ്യുന്ന ഏതാണ്ട് എല്ലാ കാര്യങ്ങൾക്കും, പരിണാമപരമായ കാരണങ്ങളുണ്ട്, സംഗീതത്തിന് ഒഴികെ. ഉദാഹരണത്തിന് ഭാഷ  ഇന്നത്തെ രീതിയിൽ പരിണമിച്ച് വന്നത് കൊണ്ടാണ് മറ്റു മൃഗങ്ങളിൽ നിന്ന് വ്യത്യസ്‍തമായി കൂടുതൽ അമൂർത്തമായ ആശയങ്ങൾ മനുഷ്യന് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ കഴിയുന്നത്.  
പക്ഷെ സംഗീതം നിങ്ങളെ ഇര പിടിക്കാനൊ, ഭക്ഷണം തേടാനോ, ഒന്നും സഹായിക്കുന്നില്ല, പക്ഷെ എന്നിട്ടും നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള സംഗീതം കേൾക്കുമ്പോൾ താളം പിടിക്കുന്നു, നൃത്തം  ചെയ്യുന്നു? യൂട്യൂബിൽ പാകിസ്ഥാനിലെ Coke സ്റ്റുഡിയോയുടെ കീഴെ ഇന്ത്യൻ ആരാധകരുടെ സ്നേഹപ്രകടനങ്ങളാണ്, തിരികെ ഇന്ത്യയിലെ പാട്ടുകാരെ അവരും ഇഷ്ടപെടുന്നു. ബോബ് മാർലിയുടെ ബഫല്ലോ സോൾജിയേഴ്സ് മുതൽ മൈക്കിൾ ജാക്സന്റെ ബീറ്റ് ഇറ്റ് വരെ നമ്മളെ കൊണ്ട് അറിയാതെ താളം പിടിപ്പിക്കുന്നു. സംഗീതം കാലദേശാതിർത്തികൾ ഭേദിക്കുന്ന ഒന്നാണ്. മലയാളം ദത്തെടുത്ത ബംഗാളി സംഗീതഞ്ജൻ ജാൻ മുഹമ്മദ് ഖാന്റെ മകൻ ബാബുരാജാണ് ഒരു കാലത്തെ മലയാള സിനിമാ  സംഗീതത്തിന്റെ ഗതി നിർണയിച്ചത്, ഇന്നും മലയാളിയെ വികാരത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ പല ഗാനങ്ങളും പാടിയിരിക്കുന്നത് ആന്ധ്രാപ്രദേശിൽ ജനിച്ചു വളർന്ന നമ്മുടെ  പ്രിയ ഗായിക എസ് ജാനകിയാണ്. നമ്മുടെ സ്വന്തം  ചിത്ര ചേച്ചിയും ദാസേട്ടനും ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ചവരാണ്. 
ഒരന്യഗ്രഹത്തിൽ നിന്ന്  ഭൂമിയിലെ മനുഷ്യരെ നിരീക്ഷിക്കുന്ന ജീവികളുണ്ടെങ്കിൽ അവരെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം സംഗീതമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സംഗീതത്തിന്റെ ശാസ്ത്രത്തെ പറ്റി ഒലിവർ സാക്‌സ് എഴുതിയ മ്യൂസിക്കോഫിലിയ എന്ന പുസ്തകം തുടങ്ങുനന്ത തന്നെ. സംഗീതം നമ്മൾ കരുതുന്ന പോലെ അത്ര നിസാരക്കാരനല്ല. നമ്മൾ ഒരു പാട്ടു പാടുമ്പോൾ , പഠിക്കുമ്പോൾ അല്ലെങ്കിൽ പുതിയ ഒരു ഈണം നൽകുമ്പോൾ, നമ്മുടെ തലച്ചോറിന്റെ ഘടന തന്നെ മാറുന്നുണ്ട് എന്ന് പലർക്കുമറിയില്ല. നമുക്ക് ഒരു തലച്ചോർ പരിശോധിക്കാനായി കിട്ടിയാൽ ഈ തലച്ചോർ ഒരു സംഗീതജ്ഞന്റെ ആണോ അല്ലയോ എന്ന് നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ തിരിച്ചറിയാൻ കഴിയും. കാരണം ഒരു പാട്ട് പഠിക്കുമ്പോഴും പാടുമ്പോഴും നമ്മുടെ തലച്ചോറിലെ ഇടത് വലത് ഭാഗങ്ങളെ ( left and right hemisphere of the brain) ബന്ധിപ്പിക്കുന്ന കോർപ്പസ് കൊളോസം എന്ന ഭാഗം വലുതാകും. കേൾവി കൈകാര്യം ചെയ്യുന്ന ഓഡിറ്റോറി കോർട്ടെക്‌സ് , താളം പിടിക്കുന്നത് വഴി മോട്ടോർ കോർട്ടെക്‌സ് , പാട്ട് നോക്കി പാടുന്നത് വഴി വിഷ്വൽ കോർട്ടെക്‌സ് , ഹിപ്പോകാമ്പസിലെ ഓർമ കൈകാര്യം ചെയ്യുന്ന ഭാഗം എല്ലാം നേരിട്ട് വ്യത്യസം തിരിച്ചറിയാവുന്ന തരത്തിൽ  തന്നെ മാറും. 


സ്കൂളുകളിൽ സംഗീതം നിർബന്ധവിഷയമായി പഠിപ്പിക്കണമെന്ന് ചിലർ അഭിപ്രായപ്പെടാനുള്ള കാരണവും ഇതുതന്നെയാണ്. ഒരു സംഗീത ഉപകരണം അല്ലെങ്കിൽ സംഗീതം പഠിക്കുന്ന കുട്ടികളുടെ തലച്ചോറിൽ ഇടത് വലത് തലച്ചോർ പകുതികൾ തമ്മിൽ അധികമായി വാർത്താവിനിമയ ബന്ധം നടക്കുന്നത് കൊണ്ട് അവർക്ക് പഠിപ്പിൽ കൂടുതൽ നന്നായി ശ്രദ്ധിക്കാൻ കഴിയും. ബുദ്ധിപരവും വൈകാരികപരവുമായ കാര്യങ്ങളിൽ കൂടുതൽ പക്വത സംഗീതം പഠിക്കുന്ന കുട്ടികളുടെ തലച്ചോറിൽ കാണാൻ കഴിയും. അമേരിക്കയിൽ ഹൈ സ്കൂൾ തലത്തിൽ തന്നെ സംഗീതം ഒരു എലെക്റ്റിവ് ആയിട്ട് എടുക്കാൻ കഴിയും. നാട്ടിലെ പൊതു വിദ്യാലയങ്ങളിലെ കാര്യം അറിയില്ല.    
പക്ഷെ ഇങ്ങിനെയുള്ള തലച്ചോറിന്റെ വികസനത്തെക്കാൾ വലിയ മറ്റൊരു കാര്യം സംഗീതം ചെയ്യുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ അതാണ് സംഗീതത്തിന്റെ ശക്തി. നമുക്ക് ഇഷ്ടപെട്ട ഒരു പാട്ട് കേൾക്കുമ്പോൾ , നമ്മുടെ തലച്ചോർ പലതരത്തിലുള്ള ഹോർമോണുകൾ  ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിലൊന്ന് നമുക്ക് സന്തോഷം തരുന്ന ഡോപോമൈൻ എന്ന ഹോർമോണാണ്. നമുക്ക് ഇഷ്ടമുള്ള ഒരു ചോക്ലേറ്റ് കഴിക്കുമ്പോളോ, ഇഷ്ടമുള്ളവരുമായി  ലൈംഗിക ബന്ധത്തിൽ ഏർപെടുമ്പോഴോ ഒക്കെ നമുക്ക് സന്തോഷം തോന്നാനാനുള്ള അതെ കാരണം തന്നെയാണ്, ഇഷ്ടപെട്ട സംഗീതം കേൾക്കുമ്പോഴും സംഭവിക്കുന്നത്. നമുക്ക് ഇഷ്ടമുള്ള ഏതു പാട്ടിലും നമുക്ക് ഇഷ്ടപെട്ട ഒരു ഭാഗം നമുക്കുണ്ടാകും. എന്റെ കാര്യത്തിൽ മരണമെത്തുന്ന നേരത്തു നീയെന്റെ എന്ന റഫീക്ക് അഹമ്മദ് /ഷഹബാസ് അമൻ   പാട്ടിലെ "അതുമതീ ഉടൽ മൂടിയ മണ്ണിൽ നിന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ" എന്ന ഭാഗമാണ്. അവിടെയെത്തുമ്പോൾ നമ്മുടെ തലച്ചോറിൽ ഒരു ഡോപോമൈൻ വിസ്ഫോടനം തന്നെ നടക്കുന്നുണ്ട്. ( ആരാധികേ എന്ന പാട്ടു മറ്റൊരു ഫേവറിറ്റ് ആണ്, അതിലെ നിന്നെയറിയാൻ ഉള്ളുനിറയാൻ  ഒഴുകിയൊഴുകി ഞാൻ എന്നുമെന്നുമൊരു പുഴയായ് എന്ന ഭാഗം ). 
പക്ഷെ ഇതിന്റെ കൂടെ ഓക്‌സിടോസിൻ എന്നൊരു മറ്റൊരു ഹോർമോൺ കൂടി നമ്മൾ ഒരുമിച്ചിരുന്ന് പാട്ടുകൾ കേൾക്കുമ്പോഴും, പാട്ടുകൾ പാടുമ്പോഴും നമ്മുടെ തലച്ചോറിൽ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ ഹോർമോൺ പല തരത്തിലുള്ള മനുഷ്യരെ ഒരുമിച്ച്  കുടക്കീഴിൽ കൊണ്ടുവരുന്ന ഒരു സോഷ്യൽ ഹോർമോൺ ആണ്. നമുക്ക് മറ്റൊരാളോട് വിശ്വാസം , സഹാനുഭൂതി ഒക്കെ തോന്നിപ്പിക്കുന്നത് ഈ ഹോര്മോണാണ്. ഒരു വലിയ ഗാനമേളയിൽ പാട്ടുപാടുന്നവർ സദസിനെ നോക്കി മൈക് കാണിച്ചുകൊണ്ട് ഒരു പാട്ടിന്റെ അടുത്ത വരികൾ പാടാൻ പറയുമ്പോൾ എല്ലാവരും കൂടി അതൊരുമിച്ച് പാടുമ്പോൾ നമുക്ക് കിട്ടുന്ന നമ്മൾ ഈ ഓഡിറ്റോറിയത്തിലെ എല്ലാ മനുഷ്യരും ഒന്നാണ് എന്ന ആ ഫീൽ ഈ ഓക്സിടോസിന്റെ ഫലമാണ്. ഇന്ത്യയിലെയും പാകിസ്താനിലെയും നല്ല പാട്ടുകളുടെ അടിയിൽ മതദേശഭേദമന്യ ആളുകൾ സ്നേഹം നിറഞ്ഞ കമെന്റുകൾ ഇടാനുള്ള കാരണമാവും മറ്റൊന്നല്ല.   ജോൺ ലെനൻ തന്റെ പ്രസിദ്ധമായ ഇമേജിൻ എന്ന പാട്ടിൽ നാടുകളുടെ അതിർത്തികൾ ഭേദിച്ചുകൊണ്ടെഴുതിയ വരികളുടെ പിറകിലും ഇതുതന്നെയായിരിക്കണം കാരണം. 
"Imagine there's no countries
It isn't hard to do
Nothing to kill or die for
And no religion, too...."
സംഗീതത്തിന് ചില ഔഷധ സിദ്ധികൾ കൂടിയുണ്ട്. ഭാഷ നമ്മുടെ തലച്ചോറിന്റെ  ഇടതു അർദ്ധഗോളത്തിലാണ് പ്രധാനമായും പ്രോസസ്സ് ചെയ്യപെടുന്നതെങ്കിൽ സംഗീതം തലച്ചോറിലെ പല കൈവഴികളിലൂടെ സഞ്ചരിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ തലച്ചോറിന്റെ ഇടതുഭാഗത്ത് പരിക്കേറ്റ ഒരാൾക്ക്  സംസാരിക്കാൻ കഴിയില്ല എങ്കിലും പാട്ടുകൾ പാടാൻ കഴിയും. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരാൾ വലിയ ബുദ്ധിമുട്ടില്ലാതെ പാട്ടു പാടുന്നത് ഓർത്തു നോക്കൂ? അമേരിക്കയിൽ തലയ്ക്ക് വെടിയേറ്റ Gabrielle Gifford എന്ന രാഷ്ട്രീയ പ്രവർത്തകയുടെ വീഡിയോ യൂട്യൂബിൽ ഉണ്ട്. (ലിങ്ക് കമെന്റിൽ കൊടുക്കാം) സംസാരിക്കാൻ  പറയുമ്പോൾ ബുദ്ധിമുട്ടുന്ന അവർ പാട്ടുപാടാൻ പറയുമ്പോൾ ഈ ബുദ്ധിമുട്ടില്ലാതെ പാടാനുള്ള കാരണം തലച്ചോറിൽ സംഗീതം സ്വീകരിക്കുന്ന വ്യത്യസ്തത വഴികളാണ്.  അൽഷെയ്‌മേഴ്‌സ് രോഗം ബാധിച്ചവർ പലപ്പോഴും ചെറുപ്പത്തിൽ തങ്ങൾ പഠിച്ച പാട്ടുകൾ ഒരു മറവിയും ഇല്ലാതെ പാടുന്നതിന്റെ പിറകിലും ഇതുതന്നെന്നാണ് കാരണം. ഗോമതിയുടെ പാട്ടി അൽഷെയ്‌മേഴ്‌സ് ബാധിച്ച് തന്റെ മക്കളെ മറന്നിട്ടും താൻ ചെറുപ്പത്തിൽ പഠിച്ച "കുറയ് ഒൻറും ഇല്ലൈ മരമൂർത്തി കണ്ണാ" എന്ന പാട്ടു പാടുന്ന  കാര്യം ഞാൻ മുൻപെഴുതിയിട്ടുണ്ട്. 
ഇത്രയുമൊക്കെ ആണെങ്കിലും ജന്മം കൊണ്ട് തന്നെ സംഗീതം ആസ്വദിക്കാൻ പറ്റാത്ത ഒരവസ്ഥയുമുണ്ട്, Congenital amusia എന്നാണ് ഈ അവസ്ഥയുടെ പേര്. സംഗീത നിശകൾ ഒരു വർക്ഷോപ്പിലെ ശബ്ദങ്ങൾ പോലെയാണ് ഇവർക്ക് അനുഭവപ്പെടുക. ലോകത്ത് വളരെ വളരെ കുറവ് ആളുകൾക്ക് മാത്രമേ ഈ അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. പരിണാമപരമായി സംഗീതവും ഭാഷയും ഒരേ സമയത്ത് ഡെവലപ്പ് ചെയ്തു വരികയും പിനീട് രണ്ടും രണ്ട വഴിക്ക് പിരിഞ്ഞു പോവുകയും ചെയ്തു എന്നാണ്  ശാസ്ത്രജ്ഞർ കരുതുന്നത്. കൃത്യമായി സംഗീതത്തിന്റെ പരിണാമപരമായ ആവശ്യത്തെ കുറിച്ച് ഇന്നും കൃത്യമായ വിശദീകരണം ലഭ്യമല്ല.
സിതാര കൃഷ്ണകുമാർ , ഹരീഷ് ശിവരാമകൃഷ്ണൻ , ജോബ് കുര്യൻ എന്നിവർ  ന്യൂ ജേഴ്സിയിൽ നടത്തിയ സംഗീത വിരുന്നിൽ പങ്കെടുത്ത ആവേശത്തിലാണ് ഇത്രയും വാരി വലിച്ചെഴുതിയത്. ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്.
ഹരീഷ്  
"അനുരാഗ ലോല ഗാത്രി.... 
ഒളി തേടി നിലാ പൂക്കള്
വീഴുന്നു നിന്റെ കാൽക്കൽ" എന്ന് പാടിയപ്പോൾ ഞങ്ങളുടെ ഹൃദയം പ്രണയം കൊണ്ട് നിറച്ചപ്പോൾ സിതാര "പണ്ടല്ലേറെ മുമ്പല്ലന്ന് വെള്ളം വന്ന നേരത്ത് ചങ്കും കൊണ്ട് ചങ്ങാടങ്ങൾ ഉണ്ടാക്കിയ പിള്ളേരെ" കുറിച്ച് പാടി ന്യൂ ജേഴ്സി മലയാളികളെ ഇളക്കി മറിച്ചു, ജോബ് കുര്യന്റെ പദയാത്ര കൂടിയായപ്പോൾ ഈ ഓണക്കാലത് മൂന്നു കൂട്ടം പാല്പായസം കൂട്ടി സദ്യ ഉണ്ടതിനേക്കാൾ സന്തോഷം. 
വളരെ ചുരുങ്ങിയ സമയം കൊണ്ട്  ഈ പരിപാടി സംഘടിപ്പിച്ച കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിക്കും  സിതാരയുടെ കൂടെയുള്ള ഫോട്ടോയ്ക് കാരണമായ പ്രിയ സുഹൃത്ത് ശ്രീജയ്ക്കും പ്രത്യേക നന്ദി. ഞങ്ങളോട് കാണിച്ച സ്നേഹത്തിന് സിത്താരയ്ക്കും, സജീഷിനും ഹരീഷിനും ജോബിനും ഹൃദയം നിറഞ്ഞ നന്ദി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക