Image

കിളിക്കൊല്ലൂർ തല്ല് മാഫിയയ്ക്ക് വേണ്ടിയോ ? നാട്ടിലെ ഇന്നത്തെ വഹ 

കെ.എ ഫ്രാന്‍സിസ്  Published on 21 October, 2022
കിളിക്കൊല്ലൂർ തല്ല് മാഫിയയ്ക്ക് വേണ്ടിയോ ? നാട്ടിലെ ഇന്നത്തെ വഹ 

ലഹരിമരുന്നു കേസ് പ്രതിയെ ജാമ്യമെടുക്കാൻ യുവനേതാവ് വിസമ്മതിച്ചതിന് ഒരു പൊലീസ് സ്റ്റേഷനിൽ നടന്ന പുകില് കണ്ടില്ലേ ? പൊലീസ് സ്റ്റേഷനിൽ  ഉള്ളത് നിയമപാലകരോ  അതോ ക്രിമിനലുകളോ ? നാട്ടുകാർ അങ്ങനെയും ചോദിച്ചാൽ അവരെ കുറ്റം പറയാനൊക്കുമോ? ശോഭ കെടുത്തുന്നത് ഏതാനും തെറിച്ച വിത്തുകളായിരിക്കും. പുകഞ്ഞ കൊള്ളി പുറത്ത് എന്ന മട്ടിൽ രാഷ്ട്രീയ നേതൃത്വം നിലപാട് എടുത്തില്ലെങ്കിൽ ആകെ നാറുമെന്ന് ആർക്കാണ് അറിയാത്തത് മാഷേ...

 
ലഹരിമരുന്നു കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ ഡി.വൈ.എഫ്.ഐ  പ്രാദേശികനേതാവ് വിഘ്നേഷ് സമ്മതിക്കാത്തതിന്റെ പേരിലായിരുന്നല്ലോ  കൊല്ലം കിളിക്കൊല്ലൂർ പൊലീസ് നടത്തിയ വിചിത്രമായ പകപോക്കൽ! എന്തിനായിരുന്നു ലഹരി കടത്തുകാരനെ ജാമ്യത്തിലിറക്കാൻ പൊലീസ് ഇത്ര ഉത്സാഹം കാണിച്ചതെന്നല്ലേ സർക്കാർ ആദ്യം അന്വേഷിക്കേണ്ടത് ? ലഹരിക്കെതിരെ സർക്കാർ നടത്തുന്ന ശ്രമങ്ങളെ തുരങ്കം വയ്ക്കുന്ന രീതിയിൽ പ്രവർത്തിച്ച പൊലീസുകാരെ പിന്നെന്തിന് ഉന്നത ഉദ്യോഗസ്ഥർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു ? 
 
പൊലീസുകാരല്ല  കുറ്റക്കാർ എന്ന നിലയിൽ പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളുടെ ചെറുഭാഗം തന്നെ അവരുടെ വാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നു. മുഴുവൻ ദൃശ്യങ്ങളും എന്തുകൊണ്ട് പൊലീസ് പുറത്തുവിടാതെ സംശയകരമായ സാഹചര്യം പൊലീസ് തന്നെ ഉണ്ടാക്കുന്നുവെന്ന ചോദ്യവും ബാക്കി.
 
പൊലീസ് സ്റ്റേഷനിൽ പോയ സഹോദരനെ ഏറെ നേരമായിട്ടും കാണാതായപ്പോൾ നാട്ടിലുണ്ടായിരുന്ന സൈനികൻ വിഷ്ണു മോട്ടോർബൈക്കിൽ  അന്വേഷിച്ചെത്തിയതായിരുന്നു. സുരേഷ് ഗോപി മട്ടിൽ ബൈക്ക് സ്റ്റൈലിൽ വിഷ്ണു നിർത്തിയത് ഒരു പൊലീസുകാരനു  പിടിച്ചില്ല; ഉടക്കായി. പട്ടാളക്കാരന്റെ  ബൈക്കിന്റെ  താക്കോൽ എ.എസ്.ഐ ഊരിയെടുത്തു. പരാതി പറയാൻ സ്റ്റേഷനിൽ കയറിയ 2 സഹോദരങ്ങളുടെ മുന്നിലേക്ക് ആ എ.എസ്.ഐ എത്തി. പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ തന്നെ പട്ടാളക്കാരന്റെ  മുഖത്ത് ആദ്യം അടിക്കുന്നത് എ.എസ്.ഐ തന്നെ. ഷർട്ടിൽ കുത്തിപ്പിടിച്ച് പിന്നെയും അടിക്കാൻ കൈ ഓങ്ങിയാൽ പട്ടാളക്കാരനായ ഒരാൾ കയ്യുംകെട്ടി നിൽക്കുമോ ? അയാൾ തിരിച്ചു ഒന്നു നന്നായി കൊടുത്തു. രണ്ടു പേരും തമ്മിൽ നല്ല പൊരിഞ്ഞ തല്ലുനടന്നു. പിന്നെ ചേട്ടനെയും അനുജനെയും വലിച്ചിഴച്ചു കൊണ്ടുപോയി ഓരോ മുറിയിലിട്ട് പൊലീസുകാർ വളഞ്ഞിട്ട് തല്ലി. സ്റ്റേഷനിൽ വച്ച് ഒരു പൊലീസുകാരനു നൊന്താൽ  പിന്നെയുള്ള നടപടികൾ ഊഹിക്കാമല്ലോ. അതും അതിലേറെയും അവിടെ നടന്നു. 
 
പക്ഷേ, സൈനികൻ അതിനു കൊടുത്ത വില കൂടി കേട്ടോളൂ: ആറു വർഷമായി കൊണ്ടുനടന്ന പ്രണയസാഫല്യത്തിനായാണ് അദ്ദേഹം ലീവിൽ എത്തിയത്. സ്റ്റേഷനിൽ കയറി പൊലീസുകാരനെ  കൈവെച്ച ഒരാൾക്ക് ഏതു വീട്ടുകാരാണ് പെണ്ണ് കൊടുക്കുക? ഇനി ആ  കല്യാണം നടന്നാൽ വിഷ്ണുവിന്റെ ഭാഗ്യം!  ലീവിൽ നാട്ടിൽ പോയി ഗുണ്ടാമണ്ടികൾ ഒപ്പിച്ച പട്ടാളക്കാരനോടും മേലധികാരികളുടെ ചോദ്യങ്ങൾ ഉണ്ടാവില്ലേ? അത് കേരള പൊലീസ് അല്ലല്ലോ. 
 
അയാളുടെ അനിയൻ വിഘ്നേഷാകട്ടെ, പൊലീസ് സെലക്ഷൻ റാങ്ക് ലിസ്റ്റിൽ കയറിയതാണ്. 25 നു നടക്കുന്ന കായികക്ഷമതാ പരീക്ഷയ്ക്ക്  ദേഹം മുഴുവൻ ചതവും  മുറിവും ഉള്ള അയാൾ  എങ്ങനെ പങ്കെടുക്കും? ഏതെങ്കിലും പത്രപ്രവർത്തകർക്ക് അയാളെ അന്ന് അവിടെ എത്തിച്ചു പത്രത്തിൽ ഫോട്ടോ വച്ച് ഒരു ഫീച്ചർ തയ്യാറാക്കാം എന്നല്ലാതെ എന്ത് കാര്യം? 
 
ഇവരുടെ അമ്മയുടെ സങ്കടമോ ? വിഘ്‌നേഷിന്റെ ബാല്യകാലത്തു തന്നെ പിതാവ് മരിച്ചു പോയതിനാൽ വിഷ്ണുവും അമ്മ സലീലയും വീടുപണിക്കും  മറ്റും പോയാണ് കുടുംബം പോറ്റിയത്. ആ  അമ്മയെ എങ്ങനെ നമുക്ക് ആശ്വസിപ്പിക്കാനാവും?  
 
ഇതിനിടെ 11 ദിവസത്തെ ഒളിവു ജീവിതത്തിനു ശേഷം എൽദോസ് കുന്നപ്പള്ളി പെരുമ്പാവൂരിലെ എം.എൽ.എ ഓഫീസിൽ പൊങ്ങി. രാഷ്ട്രീയ ലക്ഷ്യം വച്ച് പൊലീസ് വിരിച്ച വലയിൽ വീഴാതിരിക്കാൻ താൻ മുങ്ങുക അല്ലാതെ വേറെന്ത് ചെയ്യും എന്നാണ് അതിയാന്റെ ചോദ്യം. കവിത ചൊല്ലലിലും  സാഹിത്യത്തിലും അഭിരുചിയുള്ള പുള്ളിക്കാരൻ സാഹിത്യഭാഷയിൽ കൂട്ടിച്ചേർത്തത്  ഇങ്ങനെ : ഞാൻ കോടതിക്ക് മുന്നിൽ ഉണ്ടായിരുന്നല്ലോ. 
 
വാൽക്കഷണം : ഇലന്തൂർ നരബലിയും നരഭോജനവും  വാർത്തയായതോടെ പഴയ പല മന്ത്രവാദ കേസുകളും പുറത്തുവരികയാണ്. ചടയമംഗലത്ത് ഭർത്താവും ഭർതൃമാതാവും മറ്റും, തന്നെ നഗ്നയാക്കി മന്ത്രവാദത്തിന് ഇരയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഒരു യുവതിയുടെ പരാതി. 2016ൽ നടന്ന സംഭവത്തിന്റെ പേരിൽ ഭർതൃമാതാവ് അതോടെ അറസ്റ്റിലായി. ഇനി അതിന്റെ  പേരിലുള്ള കഥകളും ഉപകഥകളും വരും ദിവസങ്ങളിൽ കേൾക്കാം. അതിനിടെ ഗവർണറുടെ ഇടക്കാലത്തെ മർക്കടമുഷ്ടിയ്ക്കെതിരെയുള്ള എൽഡിഎഫിന്റെ പ്രതിഷേധത്തിന്റെ മാറ്റൊലികളും ഉയരും. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി കോടതിക്ക് പോലും ദഹിച്ചിട്ടില്ല പോലും. ഈ ഗവർണർക്ക് എന്തുപറ്റി എന്നായി  എല്ലാവരുടെയും ചോദ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക