Image

പിണറായി  മന്ത്രിസഭയിലെ പഞ്ചാരക്കുട്ടപ്പന്മാർ ! ; നാട്ടിലെ ഇന്നത്തെ വഹ 

കെ.എ. ഫ്രാന്‍സിസ്  Published on 22 October, 2022
പിണറായി  മന്ത്രിസഭയിലെ പഞ്ചാരക്കുട്ടപ്പന്മാർ ! ; നാട്ടിലെ ഇന്നത്തെ വഹ 

 

 
ഇക്കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരും സ്പീക്കറും പഞ്ചാരകുട്ടപ്പന്മാരായിരുന്നു എന്നാണ് സ്വപ്നറാണിയുടെ മൊഴി! ഒരു പെണ്ണ് വിചാരിച്ചാൽ ആരെയാണ് നാറ്റിയ്ക്കാൻ പറ്റാത്തത്? സരിതയായാലും സ്വപ്നയായാലും ടീച്ചറായാലും അവർ പറഞ്ഞതേ  നാട്ടുകാർ ആദ്യം വിശ്വസിക്കൂ. നിയമം നിയമത്തിന്റെ  വഴിക്ക് വന്നാലും കുടുങ്ങുന്നത് പുരുഷകേസരികൾ ! 
 
'ചതിയുടെ പത്മവ്യൂഹം' എന്ന കറന്റ് തോമായുടെ മകൻ പെഫിൻ ഈ പുസ്തകം ഇറക്കിയത് റെക്കോർഡ് സെയിൽ നേടാൻ തന്നെ. പക്ഷേ, മുണ്ടശ്ശേരി മാഷിന്റെ കൊച്ചുമോൻ കേസും കൂട്ടവും വരാതിരിക്കാൻ സ്വപ്ന പറഞ്ഞുകൊടുത്ത മൂന്നു പേരുകളും തമസ്കരിച്ചു. പുസ്തകം ഇറങ്ങിയ പാടെ സ്വപ്ന പേരുകൾ മടികൂടാതെ ചാനലുകളിലൂടെ വെളിപ്പെടുത്തി. ഇപ്പോൾ ചർച്ച അവരെപ്പറ്റിയാണ്. അവർ പീഡിപ്പിച്ചു എന്നല്ല, പീഡിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു എന്നാണ് ആരോപണം. ചിലതൊക്കെ മറച്ചുവച്ച് തന്നെ കറന്റ് പെഫിൻ ഇതിനോടകം 'പത്മവ്യൂഹം' 20000 കോപ്പി വിറ്റഴിച്ചു. ജേക്കബ് തോമസിന്റെ 'സ്രാവുകൾക്കൊപ്പം...' ആണ് കറന്റിന്റെ  സമീപകാല റെക്കോർഡ് പുസ്തകം.അതിന്റെ  നാൽപ്പതിനായിരം കോപ്പികളാണ്  വിറ്റഴിച്ചത്. തൊട്ടുപുറകെ നമ്പി നാരായണന്റെ  കഥയും ഉണ്ട്. അത് മുപ്പതിനായിരം കോപ്പികൾ കടന്നു. സ്വപ്ന ഒന്ന് വിചാരിച്ചാൽ കോപ്പികൾ ഇനിയും കൂടും. പക്ഷേ സ്വപ്നയല്ലേ പാർട്ടി, പത്മവ്യൂഹത്തിലെ രണ്ടാംഭാഗം വന്നാൽ സർവ്വകാല പുസ്തക റെക്കോർഡ് ആകുമെന്നാണ് സ്വപ്ന സുഹൃത്തുക്കളോട് പറയുന്നത്. 
 
തന്നെ ശല്യം ചെയ്ത മന്ത്രിമാരിൽ കൂടുതൽ മാന്യൻ തോമസ് ഐസക്കായിരുന്നു പോലും! മൂന്നാറിലേക്ക് ടൂറിന് മാന്യമായി ക്ഷണിക്കുക മാത്രമേ ആ ഡോക്ടറേറ്റ് പുള്ളി ചെയ്തിട്ടുള്ളൂ. അത് ഒരു അച്ചായൻ സ്റ്റൈൽ! 
ചില സൂചനകൾ നൽകി മൂന്നാറിലേക്ക് കൂടെ വരുന്നുവോ എന്നൊരു  ചോദ്യം. തോമസ് ഐസക്കിന്റെ  ഇംഗിതം തിരിച്ചറിഞ്ഞ് സ്വപ്ന വഴുതിമാറി. ഐസക്കിന് അങ്ങനെ ഒരു പൂതി ഉണ്ടായിരുന്നുവെന്നത് സ്വപ്ന ചിലപ്പോൾ ഊഹിച്ചത് ആകാനും വഴിയില്ലേ ?  ഭാര്യയായ മദാമ്മയില്ലാത്തതിനാൽ വിളിച്ചത് ആവാമെന്ന് സ്വപ്ന സംശയിച്ചതാകാം  എന്ന് ഐസക്കിന് ന്യായവും പറയാം. മാത്രമല്ല, മീൻ കൂട്ടാൻ നന്നായി ഉണ്ടാക്കുന്നവരെ കൂട്ടി മൂന്നാറിലോ  വേറെ എവിടെയെങ്കിലുമോ   പോകുന്നത് ഐസക്കിന്  ഒരു ഹോബിയാണെന്ന് അറിയാത്തവർ ഉണ്ടോ? സുരേഷ് കുറുപ്പ്, മേഴ്സിക്കുട്ടിയമ്മ എന്നിവരോടൊപ്പം തിരുവനന്തപുരത്തു  വച്ച് മീൻകറി ഐസക്ക് തന്നെ വച്ചു വിളമ്പിയ കഥ മേഴ്സിക്കുട്ടിയമ്മ മത്സ്യഫെഡിന്റെ  പല യോഗങ്ങളിലും പറഞ്ഞതല്ലേ ? 
 
പക്ഷേ, സ്വപ്ന കടകംപള്ളിയെപ്പറ്റി പറഞ്ഞതാണ് കടുപ്പമായത്. കുടുംബത്തിൽ കയറ്റാൻ പറ്റാത്ത അദ്ദേഹത്തിന്റെ സഹകരണത്തെപ്പറ്റി സ്വപ്ന ഇനി പറയാത്തതൊന്നും ബാക്കിയില്ല. കൊച്ചിയിലെ ബോൾഗാട്ടി പാലസിലെ മുറിയിലേക്ക് നിർബന്ധിച്ചു ക്ഷണിച്ചതും,  സരിത്തിനോടൊപ്പം ചെന്ന് അനിഷ്ടം അറിയിച്ചതും സ്വപ്ന നീട്ടിപ്പരത്തി പറഞ്ഞത് സുരേന്ദ്രന്  എന്നുമൊരു കടകവും പുള്ളിയും തന്നെ. സ്പീക്കറായിരുന്ന നോർക്കാ ശ്രീരാമകൃഷ്ണനെപ്പറ്റി സ്വപ്ന പറഞ്ഞതാണ് ജോറ് ! കോളജ് പിള്ളേരെ പോലെ 'ഐ ലവ്' മെസ്സേജ് അടിച്ചു കൊണ്ടിരുന്ന പുള്ളിക്കാരന്റെ ചൂണ്ടയിലും  സ്വപ്നസുന്ദരി കൊത്തിയില്ല പോലും! ശിവശങ്കരന്റെ പാർവതിയായി  നടക്കുമ്പോൾ വേണ്ടേ ഒരു പാതിവ്രത്യം ! 
 
വല്ലവന്റെയും ഭാര്യമാരെ പ്രാപിക്കുമ്പോൾ താലികെട്ടി പങ്കാളിയാക്കുന്ന പരിപാടി വ്യാപകമായി ആരംഭിച്ചത് കേരളത്തിലെ ഒരു മന്ത്രിയായിരുന്നു പോലും!  ഭർത്താവില്ലാത്ത സമയത്ത് വീടുകളിൽ എത്തുകയും ഭീമയുടെ ഗോവിന്ദേട്ടന്റെ കടയിൽ നിന്നും മൊത്തമായി വാങ്ങി വച്ച താലികളിൽ ഒന്ന്  മഞ്ഞച്ചരടിൽ കോർത്ത് കഴുത്തിൽ ചാർത്തിയ  ശേഷമായിരുന്നു, ആ മന്ത്രി കാര്യം സാധിച്ചിരുന്നത്. അതേ വിദ്യ എൽദോസും  ചെയ്തിരുന്നുവെന്ന് ടീച്ചർ പറയുന്നു. മഞ്ഞച്ചരടും താലിയും ശിവശങ്കറും പാർവതിയും ഒന്നിച്ചുള്ള കഥകൾ സ്വപ്നയും പറയുന്നു. ഇനിയുള്ള കാലത്ത് താലി പ്രയോഗം കൂടുതൽ ജനപ്രിയം ആകുമോ ഗണപതി ? 
 
മന്ത്രിമാരെയും  സ്പീക്കറേയും  കുറ്റം പറയുകയും കളിയാക്കുകയും ചെയ്യുന്ന പല മാന്യന്മാരും ഉണ്ടല്ലോ. ഇങ്ങനെ ഒരു അവസരം കിട്ടിയാൽ എന്തു ചെയ്യും എന്ന് ഈ സമയത്ത് ഒന്ന് സ്വയം വിലയിരുത്തിയാലോ? പുരുഷനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ഒരു തമാശയായി എൽദോസിനെപ്പോലെ കാണുന്നവരുണ്ട്. എന്നാൽ എൽദോസിന്റെ  ടീച്ചറെപ്പോലെ ചില പെണ്ണുങ്ങളാകട്ടെ അത്തരം തമാശകൾ കാര്യമായി എടുക്കുന്നു. ഇതാണ് സ്വപ്നയുടെ കാര്യത്തിലും സംഭവിച്ചത്. മാധ്യമക്കാർ കടകംപള്ളിയോട്  ഈ കാര്യം (സ്വപ്നയുടെ) ചോദിച്ചപ്പോൾ അദ്ദേഹം അങ്ങനെയൊരു കാര്യം ഓർക്കുന്നത് പോലുമില്ല! ഇതൊക്കെ ജീവിതത്തിലെ ഓരോ തമാശകളോ നേരമ്പോക്കുകളോ  ആണ് കടകംപള്ളിയെ  പോലെ പലർക്കും. അതെങ്ങനെ ഓരോന്നും ഓർത്തുവയ്ക്കാൻ ? 
 
ഇതൊക്കെയാണെങ്കിലും ജലീലിനെപ്പറ്റി സ്വപ്ന ദൂഷ്യം പറയും എന്നല്ലേ നാമൊക്കെ വിചാരിച്ചത്. ആ ഡോക്ടർ മൊറാലിറ്റിയുടെ കാര്യത്തിൽ പെർഫെക്റ്റ് തന്നെയെന്ന് സർട്ടിഫൈ ചെയ്യുമ്പോഴാണ് ജലീലിനെ മാത്രമല്ല, സ്വപ്നയെയും നാം ആദരിക്കുന്നത് !  സ്വപ്നയുടെ 'പത്മവ്യൂഹം- രണ്ട്' ഇത്തരം പൈങ്കിളി  കഥകളായിരിക്കില്ല മുഖ്യനെയും മകൾ വീണയെയും കുരുക്കുന്ന വലിയൊരു ബോംബാണത് അത്രേ! ലാവലിൻ കേസിന്റെ വിചാരണ മുപ്പത്തിമൂന്നാമത്തെ തവണ നീട്ടിയ ശേഷം അത് നവംബറിലോ, ഡിസംബറിലോ  സുപ്രീംകോടതിയിൽ വരുംമുൻപ് ചതിയുടെ പത്മവ്യൂഹം- 2 പുറത്തിറങ്ങുമോ? 
 
വാൽക്കഷണം : സ്വപ്നയ്ക്ക്  രാഷ്ട്രീയത്തിൽ താൽപര്യം വന്നതോടെ തരൂരും പ്രസക്തനായി. എങ്ങനെയെന്നോ ? തരൂരിന്റെ ഹെയർസ്റ്റൈലാണല്ലോ  സ്വപ്നയുടെയും. ഹെയർസ്റ്റൈൽ മാത്രം കണ്ടാൽ അത് തരൂരാണോ സ്വപ്നയാണോ എന്ന് തിരിച്ചറിയുകയുമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക