Image

ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കേരളസമാജം- ചില ഓര്‍മ്മത്തുണ്ടുകള്‍-(രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 25 October, 2022
ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കേരളസമാജം- ചില ഓര്‍മ്മത്തുണ്ടുകള്‍-(രാജു മൈലപ്രാ)

സുവര്‍ണ്ണ ജൂബിലി നിറവില്‍ എത്തിനില്‍ക്കുന്ന ഗ്രേററര്‍ ന്യൂയോര്‍ക്ക് കേരള സമാജവുമായി മൂന്നു പതിറ്റാണ്ടിലേറെ ബന്ധമുണ്ടെനിക്ക്. ആ ജീവനാന്ത അംഗത്വമുള്ള ഞാന്‍ ഈ സമാജത്തിന്റെ പല കമ്മറ്റികളിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നു അഭിമാനത്തോടു കൂടി പറയട്ടെ!

വയലാര്‍ രവി, മേഴ്‌സി രവി, തേക്കിന്‍കാടു ജോസഫ്

ഓണം, പിക്‌നിക്, ആനുവല്‍ ഡിന്നര്‍ എന്നീ മൂന്നു പരിപാടികളാണ് പ്രധാനമായും ആഘോഷിച്ചു പോന്നത്. ഓണത്തിനുള്ള വിഭവങ്ങള്‍ പ്രധാനമായും തയ്യാറാക്കിയിരുന്നത് ജാക്ക്‌സണ്‍ ഹൈറ്റ്‌സിലുണ്ടായിരുന്ന സോമന്‍ നായരുടെ 'വീണാ' റെസ്‌റ്റോറന്റില്‍ നിന്നുമായിരുന്നു. മറ്റു ചില വിഭവങ്ങള്‍ എത്തിയിരുന്നത് കമ്മറ്റിക്കാരുടെ വീടുകളില്‍ നിന്നും. 'അശ്വമേധ' ത്തിന്റെ പത്രാധിപര്‍ എന്ന ലേബല്‍ ഉണ്ടായിരുന്നതുകൊണ്ട്, ഒരു ഓണത്തിന് ആശംസ പ്രസംഗത്തിനായി എന്നെയും ക്ഷണിച്ചിരുന്നു. മനഹാറ്റനില്‍ 96-ാം സ്ട്രീറ്റിലുള്ള ഒരു സ്‌ക്കൂളിന്റെ ഓഡിറ്റോറിയത്തിലാണ് പരിപാടി. അമേരിക്കയിലെ എന്റെ ആദ്യത്തെ പ്രസംഗവേദി. അറിയാവുന്ന കൂട്ടുകാരോടും നാട്ടുകാരോടുമൊക്കെ ഈ വിശേഷ വാര്‍ത്ത അറിയിച്ചതിനു ശേഷം, ത്രീ പീസ് സ്യൂട്ടുമണിഞ്ഞു ഞാന്‍ സമ്മേളന നഗറിലെത്തി. വലിയ ഗമയില്‍ അകത്തോട്ടു പ്രവേശിക്കുവാന്‍ തുടങ്ങിയ എന്നെ വാതില്‍ക്കല്‍ നിന്നിരുന്ന മിസ്സിസ് ലില്ലിക്കുട്ടി ഇല്ലിക്കല്‍ തടഞ്ഞു നിര്‍ത്തി.

ഡോ.ഏ.കെ.ബി.പിള്ള

'പാസ് എടുത്തതായിരുന്നോ?'
'എന്തു പാസ്- ഞാന്‍ ഇവിടെ പ്രാസംഗികനായി വന്നതാണ്-' പുതുമുഖമായിരുന്ന എന്നെ അവര്‍ അല്പം പുച്ഛത്തോടെ നോക്കി-
'പിന്നേ-നിന്നേപ്പോലുള്ള പീക്കിരികളാണ് കേരള സമാജത്തില്‍ പ്രസംഗിക്കുന്നത്-ഒന്നു പോടോ ചെറുക്കാ-' എന്ന മുഖഭാവം- അഞ്ചു ഡോളറിന്റെ പാസുമെടുത്തു ഞാന്‍ അകത്തു കയറി- അന്നത്തെ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നത് ബഹുമാനപ്പെട്ട മന്ത്രി വയലാര്‍ രവിയായിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ മേഴ്‌സി രവിയുമുണ്ടായിരുന്നു. ദീപിക എഡിറ്റര്‍ തേക്കില്‍ കാടു ജോസഫ് ആയിരുന്നു മറ്റൊരു പ്രാസംഗികന്‍.
(പില്‍ക്കാലത്ത് ഡോ.ഇല്ലിക്കലും, ലില്ലിക്കുട്ടി ഇല്ലിക്കലും അടുത്ത കുടുംബസുഹൃത്തുക്കളായി.)

തിരുവല്ലാ ബേബി

കേരള സമാജം അന്ന് അരങ്ങേറിയ നാടകങ്ങള്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. അതിനു പ്രധാന കാരണക്കാരന്‍ പ്രശസ്ത കലാസംവിധായകനായിരുന്ന തിരുവല്ലാ ബേബിയായിരുന്നു. ബേബിച്ചായന്റെ രംഗസജ്ജീകരണവും, മേക്കപ്പും ആരെയും അതിശയിപ്പിക്കുന്നവിധമായിരുന്നു.

ബാവച്ചന്‍, ജോര്‍ജു മരങ്ങോലി

ഡോ.പുഷ്പമംഗലം, ജോസ് കലയം, ബാവച്ചന്‍, ഡോ.മരങ്ങോലി, മിസ്സിസ് ഇടപ്പാറ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.
ആനുവല്‍ ഡിന്നര്‍ നടത്തിയിരുന്നത് 'അന്നപൂര്‍ണ്ണാ' റെസ്റ്റോറന്റില്‍ വെച്ചായിരുന്നു. ഡിന്നറിനോടൊപ്പം തന്നെ ഇലക്ഷനും നടത്തുമായിരുന്നു. ഒരിക്കല്‍ ഒരു ആവേശത്തിന് ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു.

ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കേരള സമാജത്തിന്റെ പ്രസിഡന്റാവണമെങ്കില്‍ 'നീ കുറച്ചു കൂടി മൂക്കണം' എന്ന ഭാവമായിരുന്നു അന്നത്തെ അന്‍പതു വയസുളള കാരണവന്മാര്‍ക്ക്. നീണ്ട മുപ്പതു വര്‍ഷത്തെ എന്റെ ജീവിതത്തിലെ ആദ്യത്തെ തോല്‍വി.

കാലം കഴിഞ്ഞതോടു കൂടി 'കാരണവര്‍ ക്ലബില്‍' എന്നേയും ചേര്‍ത്തു- എല്ലാവരുമായും നല്ല സ്‌നേഹബന്ധം പുലര്‍ത്തുവാനും സാധിച്ചു.

കേരള സമാജത്തിന്റെ ആഘോഷങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍, ഡോ.പിച്ചുമണി, ഡോ.ഏ.കെ.ബി.പിള്ള, വി.പി. മേനോന്‍, ടി.പി. മേനോന്‍, ഗോപാലന്‍ നായര്‍, പാനാം കുര്യന്‍, ജോസ് പൂങ്കുടി, സുമാട്രാവല്‍സ് സെബാസ്റ്റ്യന്‍, ഫ്രെഡ് കൊച്ചിന്‍, ജോര്‍ജ് എബ്രഹാം, ജോയി ലൂക്കോസ്, സി.വിജയന്‍, തോമസ് തോമസ്, മാത്യൂ ഇടപ്പാറ, ബേബി തോട്ടുകടവില്‍ തുടങ്ങി അനേകം പ്രഗത്ഭരുടെ മുഖങ്ങളാണു മനസ്സില്‍ തെളിയുന്നത്.

സമാജത്തിന്റെ ആദ്യ പ്രസിഡന്റ് പ്രൊഫസര്‍ ജോസഫ് ചെറുവേലിസാര്‍, ഇപ്പോഴും സജീവമായി രംഗത്തുണ്ടെന്നു- ഇത് സന്തോഷകരമായ കാര്യമാണ്.

മിസ്സിസ് ലില്ലിക്കുട്ടി ഇല്ലിക്കല്‍

ഇപ്പോഴത്തെ പ്രസിഡന്റ് പോള്‍ ജോസിന്റേയും, ബോര്‍ഡ് ഡയറക്ടര്‍ ഷാജ സാമിന്റേയും, മറ്റു ഭാരവാഹികളുടേയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു!

 

Join WhatsApp News
Varughese Chacko 2022-10-25 18:45:56
അൻപതാം ജന്മദിനം ആഘോഷിക്കുന്ന ന്യൂയോർക്ക്‌ കേരള സമാജത്തിനു ആശംസകൾ. കരണവൻമ്മാരുടെ നല്ല ഓർമ്മകൾ വല്ലതും ഉണ്ടോ? അറിയുവാൻ ആഗ്രഹമുണ്ട്.
Mathew v. Zacharia, New yorker 2022-10-25 19:51:07
Raju Melapra' s kerala samajam: I, Mathew v. Zacharia had been an active participant in 1970 to 1974. I hope you may read my article in the upcoming souvenir " my reminiscence reminiscence of kerala samajam. Dr. Thomas pushpamangalam was captain from its beginning.
Varughese V 2022-10-25 22:58:11
'നെല്ല്' ഉൾപ്പെടെയുള്ള മലയാള സിനിമകൾക്ക് കലാസംവിധാനം നിർവ്വഹിച്ച ശ്രീ തിരുവല്ല ബേബി, അമേരിക്കയിൽ എത്തിയതിനു ശേഷം തൻ്റെ കലാജീവിതം വീണ്ടും ആരംഭിച്ചത് ന്യൂയോർക്കു കേരളസമാജത്തിൽ കൂടി ആയിരുന്നു. പിന്നീട് അനേകം മലയാളി സംഘടനകൾക്കു വേണ്ടി അദ്ദേഹം തൻ്റെ കലാനൈപുണ്യം ഉപയോഗിച്ചു. ആദ്യകാലങ്ങളിൽ ഫൊക്കാനയുടെ എല്ലാ കൺവെൻഷൻ വേദികളും അലങ്കരിച്ചതു ശ്രീ ബേബി ആയിരുന്നു. തൻ്റെ കരവിരുതിൽ തീർത്ത ഏതാണ്ട് നൂറോളം പള്ളികളുടെ മദ്ബഹ അദ്ദേഹത്തിന്റെ നിത്യ സ്മാരകമായി നില കൊള്ളുന്നു. കോവിഡ് ഏറ്റവും അധികം പടർന്നു കൊണ്ടിരുന്ന സമയത്താണ് അദ്ദേഹം നിര്യതനായത്. അദ്ദേഹത്തിന്റെ ഓർമ്മക്കായി ചെറിയ തോതിൽ എങ്കിലും ഒരു അവാർഡ് ഏതെങ്കിലും സംഘടനകൾ ഏർപ്പടുത്തണമെന്നു അഭിപ്രായപ്പെടുന്നു. (ത്രിരുവല്ല ബേബിയുടെ ഒരു സ്നേഹിതൻ)
Thomas Kurien 2022-10-26 02:16:18
Best wishes to the Kerala Samajam of Greater New York on the occasion of their 50ty Anniversary celebrations.
ഉദയഭാനു പണിക്കർ 2022-11-20 15:32:36
അമേരിക്കയിൽ എത്തും മുമ്പു തന്നെ തിരുവല്ലാ ബേബി ഇൻഡ്യൻ സിനിമാ ലോകത്തെ ഒരു കഴിവുറ്റ കലാസവിധായകൻ ആയിരുന്നൂ എന്ന വിവരം പലർക്കും അറിവില്ലായിരിക്കാം.
Mathew v zacharia 2022-11-20 23:26:36
Kerala samajam: 1st president as well as the pioneer of kerala Samajam of greater New york was none other than dr.Thomas pushpamangalam. I hope history will be corrected. Mathew v. Zacharia, New yorker
vayanakaaran 2022-11-27 02:44:05
അമ്പതാം വർഷത്തിൽ എത്തിനിൽക്കുന്ന ഒരു സംഘടനയുടെ ആദ്യ പ്രസിഡണ്ട് ആരായിരുന്നുവെന്ന തർക്കം ഉണ്ടാകുന്നത് ലജ്‌ജാവാഹം. ശ്രീ രാജു മൈലാപ്രയും ശ്രീ മാത്യു വി സക്കറിയയും രണ്ടു പേരുകൾ പറയുന്നു. പൊതുജനങ്ങയുടെ അറിവിലേക്കായി ഇന്നത്തെ പ്രസിഡന്റ് വിശദീകരണം നൽകുമെന്ന് പ്രതീക്ഷിക്കാം.
Mathew V. Zacharia, New yorker 2022-11-27 17:35:44
Wow! Thank you, Dear Vayanakaara: Mathew V. Zacharia, pioneer of Kerala Samajam of Greater New Yorker
Ex-President 2022-11-28 00:11:32
കേരളസമാജത്തിന്റെ അൻപതാം വാർഷികം വളരെ ആഘോഷപൂർവം നടത്തിക്കഴിഞ്ഞ ഈ അവസരത്തിൽ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു എന്നതിനെ ചൊല്ലിയുള്ള തർക്കം അനാവസരത്തിലാണ്‌. ആദ്യകാല ആലോചനയോഗങ്ങളിൽ പുഷ്പമംഗലത്തോടും, ജോസഫ് ചെറുവേലിയോടും കൂടി ഞാനും പങ്കെടുത്തിട്ടുണ്ട്. ഞാനുൾപ്പെടെ ഇവർ രണ്ടു പേരും പ്രസിഡന്റ് ആയിട്ടുണ്ട്. എന്നാൽ ഗ്രെയ്റ്റർ ന്യൂയോർക്കു കേരളസമാജത്തിന്റെ ആദ്യ തെരെഞ്ഞടുക്കപ്പെട്ട പ്രസിഡന്റ് ഡോക്ടർ പിച്ചമണിയാണ്. ഇതോടുകൂടി ഈ വിവാദം അവസാനിക്കുമെന്ന് കരുതുന്നു.
Jyothish Kumar 2022-11-27 20:06:10
ഈ വാരം ശ്രീ മൈലപ്രാക്ക് ഗുണകരമല്ലെന്നു തോന്നുന്നു. നന്ദിദിന ലേഖനത്തിൽ ഒരു ഗുളികൻ, ഇവിടെ രാഹുവും കേതുവും എന്തോ ഒളിഞ്ഞു നോക്കി ശരിയാണോ എന്ന ഒരു ശങ്കയിലാണ്,. ദശാപഹാരം കാണുന്നു. കക്ഷി പേന എടുക്കുന്നോ എന്ന ശശിയുടെ ഒരു നോട്ടവുമുണ്ടു. രവിയുടെ വരവ് രാവിലെ ഉറപ്പാണ്. അമ്പത് വര്ഷം മുമ്പത്തെ ഗ്രഹനില നോക്കാൻ കണിയാൻ വരട്ടെ.
Member 2022-11-28 01:13:16
I agree with Ex-President. I heard it directly from Dr.Pushpamangalam when he was living, not as claimed to be the first president.
Mary Chacko 2022-11-28 01:43:04
Wasn’t it Prof. Joseph Cheruvelil? I always heard that he was the founding president.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക