Image

കഥകളായിരുന്നു ( കഥ: രമണി അമ്മാൾ )

Published on 26 October, 2022
കഥകളായിരുന്നു ( കഥ: രമണി അമ്മാൾ )

അന്നൊക്കെ ദിവസേന ഡയറിയിൽ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നതു പതിവായിരുന്നു.
ഉറങ്ങാൻ കിടക്കുമ്മുന്നേ

പകലറുതിവരെ കണ്ണിന്നുമുന്നിലൂടെ കടന്നുപോയതും ചെവിക്കുളളിലൂടെ ചൂളം വിളിച്ചോടിയതും, 
വെയിലും ചൂടും മഴയുംവന്നു തൊട്ടുരുമ്മിപ്പോയതും
ചുമ്മാതെയങ്ങെഴുതും...

ചിലപ്പോഴൊക്കെ മുന്നും നാലും പേജുകൾവരെ നീളുന്ന എഴുത്ത്..

അതെല്ലാം  നീയെടുത്തുവച്ച് വായിക്കാറുണ്ടെന്ന് ഈ അടുത്ത സമയത്താണു  ഞാൻ മനസ്സിലാക്കിയത്. 

നമ്മൾ ശണ്ഠകൂടുന്നതും ഇണങ്ങുന്നതും, പിണങ്ങുന്നതും, എന്നുവേണ്ടാ ഓഫീസിലെ കുഞ്ഞു കുഞ്ഞു വർത്തമാനങ്ങൾവരെ..
പുതുമയൊന്നുമില്ലാത്ത കുത്തിക്കുറിപ്പുകൾ..

ഞാൻ നിനക്കെന്നുമൊരു 
തുറന്ന പുസ്തകമായിരുന്നില്ലേ..?

തോന്നുമ്പോഴൊക്കെ എടുത്തുവച്ചു വായിക്കാൻ.. !
ഒന്നും ഒളിച്ചുവയ്ക്കാനറിയാത്ത
തുറന്നെഴുത്ത്..

ഏറ്റവുമവസാനമെഴുതിയ വരികളും നീ വായിച്ചുകഴിഞ്ഞിരുന്നു.

വാക്കുകളിൽ ഞാൻ
കല്പിക്കാത്ത അർത്ഥങ്ങൾ നീ തിരയാറുണ്ടെന്നും വായിച്ചെടുക്കാറുണ്ടെന്നും ഞാൻ മനസ്സിലാക്കിയില്ല.
പുതിയ കുറിപ്പുകൾ വായിച്ച് അതിനർത്ഥം തിരയുന്നത്, അതിനെ ദുർവ്യാഖ്യാനം ചെയ്യുന്നത്
പിറകോട്ടുളള താളുകൾ മറിച്ചുനോക്കിയിട്ടായിരു
ന്നല്ലോ.!

വീടിനകവും പുറവുമെല്ലാം നിന്നെ അടയാളപ്പെടുത്തി
വച്ചിരിക്കയാണ്..  

എന്തിനെന്നെ തനിച്ചാക്കി..? 
എന്നെ സഹിക്കാൻ
പറ്റുമായിരുന്നില്ലേ നിനക്ക്..?

ഈ അടുത്ത ദിവസങ്ങളിൽ 
എന്നോടു തീരെ മിണ്ടാറേയില്ലായിരുന്നല്ലോ..

നിന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം  
ഇത്ര നീളമേറിയ മിണ്ടാതിരിക്കലുകള്‍ ഉണ്ടായിട്ടില്ല.. 

വാക്കു തര്‍ക്കങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ, പരിഭവങ്ങൾ, എല്ലാത്തിന്റേയും ആയുസ്സ് ഒരു രാത്രിമാത്രമായിരുന്നു.

പക്ഷെ അന്ന്...
ഉറക്കംകിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന നിന്നോട്.... "ഇന്നിതെന്തു പറ്റീ..."എന്നു ചോദിച്ചതായിരുന്നോ കാരണം..?
എന്നിലേക്കു വലിച്ചടുപ്പിച്ച്
ഇറുകെപ്പുണർന്ന് നിന്നിലെ നിന്നെ ഉണർത്താൻ ശ്രമിച്ചതായിരുന്നോ കാരണം..?.

നിന്റെ ഉറക്കം
കെടുത്തുന്നത് ഞാനാണെന്നും, എന്നേക്കുറിച്ചുളള കടന്നുകയറ്റ 
ചിന്തകളാണെന്നുമുളള നിന്റെ വിശ്വാസം..

അതുവരെ കാണാത്ത രൗദ്രഭാവത്തില്‍  ശക്തിയോടെ എന്നെപ്പിടിച്ചു തള്ളിയതും, എന്റെ സ്പർശനം  നിനക്കറപ്പാണെന്നും,
എങ്ങോട്ടെങ്കിലും 
ആ നിമിഷം ഞാനിറങ്ങിപ്പോകണ
മെന്ന ദു:ശ്ശാഠ്യവും,

നിന്റെ കണ്ണിൽ ഉരുണ്ടുകൂടുന്ന പൈശാചികഭാവം...
ഭാഗ്യംകൊണ്ടുമാത്രം  അതിജീവിച്ച രാത്രി..

ബഹളംകേട്ട് അടുത്ത ബഡ്ഡിൽ ളറങ്ങിക്കിടന്ന മക്കൾ പേടിച്ചരണ്ട് എഴുന്നേറ്റിരുന്ന് സങ്കടപ്പെട്ടത് ഇന്നലത്തെപ്പോലെ...

പിറ്റേന്ന് തികച്ചും സാധാരണപോലെയായിരുന്നു നിന്റെ
പെരുമാറ്റമെങ്കിലും  നാംതമ്മിൽ പിന്നീട് ശരിക്കു സംസിരിച്ചിട്ടില്ല.   
മക്കളും നിന്നോടു കുറച്ചകലമിട്ടു  നിന്നു...

കട്ടിലിന്റെ ഓരം ചേർന്ന് ചുരുണ്ടുകൂടി എന്റെ സ്പർശനം ഭയപ്പെടുന്നപോലെ 
കിടന്ന നിന്നെ 
അവഗണിച്ച് ഞാനും..

ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചിരിക്കുമെങ്കിലും യാന്ത്രികമായിട്ടായിരുന്നു നിന്റെ കഴിപ്പ്..
"പണ്ടു നീയുണ്ടാക്കുന്നത്ര രുചി ഇപ്പോൾ ഒന്നിനുമില്ല....." പകുതിപോലും കഴിക്കാതെയുളള എഴുന്നേറ്റു പോക്ക്..

മക്കളും ഞാനും നിന്റെയടുത്തുനിന്നും
വേറെ മുറിയിലേക്കു മാറിക്കിടക്കാൻ തുടങ്ങിയത്  
നിന്നെ തീർത്തും ഒറ്റപ്പെടുത്തിയല്ലേ.. 

നീ ചെയ്യുന്നതും പറയുന്നതും  എന്താണെന്നു 
സ്വയം ബോദ്ധ്യപ്പെടണം..
ചിന്തിക്കണം; നിന്നിലൊരു മാറ്റമുണ്ടാവണം.. അതിനുവേണ്ടി
മാത്രമായിരുന്നു..

ഒന്നുമറിയാത്ത മക്കളെ ഉപദേശിച്ച് അച്ഛന്റെയരികില്‍ ചേര്‍ത്തു നിര്‍ത്തേണ്ടതിനു പകരം അവരെ എന്നിലേക്ക് കൂടുതൽ വലിച്ചടുപ്പിച്ചത്  ഒരുതരം വാശി.

നീ വീടുവിട്ടുപോയ രാത്രിയിൽ കിടക്കാന്‍ പോകുന്നതിന് മുന്‍പ് അപേക്ഷിക്കുമ്പോലെ  പറഞ്ഞത് ഞാൻ ഗൗനിച്ചില്ല..
'നമ്മുടെ കിടപ്പ്  ഒരുമിച്ചാക്കിക്കൂടേ.."

ഗൗനിച്ചില്ല. ഒറ്റപ്പെടുത്തി പകരം വീട്ടുകയായിരുന്നു.
തന്നെത്തന്നെ കൈമോശംവരുന്ന ചില നേരങ്ങളിൽ
മാത്രമായിരുന്നു
നിന്റെ  ആസാധരണത്വം.

ഒന്നും മനപ്പൂർവ്വമല്ലെന്ന് ശരിക്കും അറിയാമായിരുന്നു..
എന്നിട്ടും,...  

നിന്നെ ഒറ്റക്ക് കിടത്തിയിട്ടു
മറ്റൊരുമുറിയിൽ സമാധാനമായിട്ടു  കിടന്നുറങ്ങാൻ എനിക്കു കഴിയുമോ..

നാം രണ്ടുപേർക്കും
ഉറക്കം നഷ്ടപ്പെടുന്ന രാത്രികൾ തുടർക്കഥകളായിക്കൊണ്ടിരുന്നു...
എന്റെ അടങ്ങാത്ത വാശി..എരിയുന്ന തീയിൽ എണ്ണ പകരലായിരുന്നു..

"ഒപ്പം വന്നുകിടന്നാൽ  ഉറങ്ങികിടക്കുമ്പോള്‍  എന്നെ കൊല്ലില്ലായെന്ന് ആരു കണ്ടു?'

മക്കൾ കേൾക്കെ  പറഞ്ഞ് അവരേയുംകൂട്ടി അവരുടെ മുറിയിൽക്കയറി കതകു വലിച്ചടച്ചുകളഞ്ഞു...

മയക്കത്തിനിടെ
ഏതോ ദു:സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് തുറന്നുകിടക്കാറുളള നിന്റെ മുറിക്കു മുന്നിലേക്ക്  വന്നതായിരുന്നു.
പതിവില്ലാതെ കതകടഞ്ഞു കിടന്നതു കണ്ട് 
അകത്ത് കയറി ലൈറ്റിട്ടപ്പോൾ ചുളിവില്ലാതെ ഭംഗിയായി വിരിച്ച മെത്തയിൽ നീയില്ല. 
ബാത്ത് റൂമിലും നീയില്ല..
പാതിരയ്ക്ക് തനിച്ചു പുറത്തുപോയോ....

തലയിണയ്ക്കടിയിൽ തളളിനിന്ന ഡയറി കാണുന്നതപ്പോഴാണ്.

എന്നു തുടങ്ങി നിന്റെ ഡയറിയെഴുത്ത്..?

ഞാനവസാനിപ്പിച്ചപ്പോൾ
നീ തുടങ്ങിവച്ചോ..

നീയെഴുതിവച്ച വരികളിലൂടെ കണ്ണുകളോടിച്ചു.....
"ഒന്നും  മനപ്പൂർവ്വമല്ല; ചെയ്തതിനും പറഞ്ഞതിനുമൊക്കെ മാപ്പ്..ഞാൻ ഞാനല്ലാതായി തീർന്നിരിക്കയാണ്...
പേടിയും ഭയവും, സംശയവും..
ചിത്തഭ്രമം എന്നു
പറയുന്നത് ഇതിനെയാണോ. 
ഒന്നും നിയന്ത്രിക്കാനാ
വുന്നില്ല, തോന്നലുകളെ...
പശ്ചാത്തപിക്കും..
പിന്നേയും പകൽവെളിച്ചം കണ്ണിലേക്കു കടന്നുകയറുമ്പോൾ പാദംമുതൽ മേലോട്ട് അരിച്ചുകയറുന്ന നീറ്റൽ... നെഞ്ചെരിച്ചിൽ..
എത്രയായെന്നോ സുഖമായൊന്നുറങ്ങിയിട്ട്..നിന്നേയും കുഞ്ഞുങ്ങളേയും 
എന്നിൽനിന്നു അകറ്റാൻ ശ്രമിക്കുന്നവർ..
പടികടന്നുവരുന്നവരൊക്കെ ശത്രുക്കൾ..
എന്റെ തോന്നലിനെ ചിലപ്പോഴൊക്കെ അതിജീവിക്കാനെനിക്കു കഴിയുന്നില്ല. ..
ഇപ്പോൾ എനിക്കെന്നെ മനസ്സിലാവുന്നു...
ഒരു മാറ്റം..
എല്ലാത്തിനും നല്ലതാണ്...
ഒരു യാത്ര പോകുകയാണ്...

എവിടേക്കെന്നില്ല.. അന്വേഷിക്കേണ്ട.. മനസ്സു മാറുമ്പോൾ സിരകളിലെ രാസപരിണാമങ്ങൾക്ക്
അയവുവരുമ്പോൾ തിരികെ വരും..

ചെയ്തതിനെല്ലാം പ്രായശ്ചിത്തം, ഇതല്ലാതെ മറ്റൊന്നും കാണുന്നില്ല. ക്ഷമിക്കുക.."

നിന്റെ തീരോധാനം..
അറിഞ്ഞുവന്നവർ 
പലരും പലയിടങ്ങളിൽ നിന്നെ തിരയുകയാണ്.
ഓരോരുത്തരായി പിരിഞ്ഞു പോയ്ക്കൊണ്ടിരിക്കുന്നു. അല്ലെങ്കിലും എത്ര നാളെന്ന് വെച്ചാണ്.. !

പക്ഷേ... നിനക്കായി എന്റെ ഡയറിയുടെ  താളുകളിൽ കഥകൾ നിറയുകയാണ്.

കഥയും ജീവിതവും രണ്ടാണെന്നു തിരിച്ചറിയുമ്പോൾ നീ വരും..
ഏനിക്കുറപ്പുണ്ട്..

STORY REMANY AMMAL

Join WhatsApp News
പ്രസന്നകുമാരി 2022-10-26 10:44:06
കാവ്യാത്മകമായ ഭാഷ. പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ കൂടുതൽ ശക്തിയായി അവതരിപ്പിച്ചിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക