Image

ഇമ്മാതിരി ഒരു ഗവര്‍ണര്‍ കേരളത്തില്‍ ഇതാദ്യം !  ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 26 October, 2022
ഇമ്മാതിരി ഒരു ഗവര്‍ണര്‍ കേരളത്തില്‍ ഇതാദ്യം !  ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

ഗവര്‍ണര്‍ ഒരിക്കല്‍ പറഞ്ഞതും സി.പി.എം ഇപ്പോള്‍ കല്‍പ്പിച്ചതും ഒന്നു തന്നെ - സര്‍വകലാശാലകളുടെ  ചാന്‍സലര്‍ സ്ഥാനം ഗവര്‍ണറില്‍ നിന്ന് എടുത്തു മാറ്റുക തന്നെ. സൂക്കേട് അതോടെ തീര്‍ന്നില്ലേ, ഗോവിന്ദന്‍ മാഷേ... ഇക്കഴിഞ്ഞ 66 വര്‍ഷത്തിനിടയില്‍ 28 ഗവര്‍ണര്‍മാര്‍ കേരളത്തില്‍ എത്തിയെങ്കിലും, ഇമ്മാതിരി ഒന്നിനെ കിട്ടുന്നത് ഇതാദ്യം. കേരളം ഭരിച്ച 11 മുഖ്യമന്ത്രിമാരില്‍  ഗവര്‍ണര്‍ മൂലമുള്ള 'മൈഗ്രൈന്‍' ഇത്ര ശക്തമായി ഉണ്ടായതും ഇപ്പോള്‍ മാത്രം. എവിടെയൊക്കെ അധികാരമുണ്ടെന്ന് ഗവര്‍ണര്‍ക്ക് തോന്നുന്നുവോ അവിടെയൊക്കെ കാര്യങ്ങള്‍ എങ്ങനെ കുളമാക്കാമെന്നാണ് ഗവര്‍ണറും ഗവര്‍ണറുടെ ഓഫീസും റിസര്‍ച്ച് നടത്തുന്നതെന്ന്  നമുക്ക് തോന്നുന്നില്ലേ ? 

ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കുകയാണോ ഇതിയാന്റെ  പണി എന്ന് ചോദിക്കാത്ത സതീശന്‍ വരെയുണ്ടോ? ചെമ്മീന്‍ തുള്ളിയാല്‍ എവിടം വരെ തുള്ളുമെന്റെ ആരിഫ് മുഹമ്മദ് സാറേ  എന്ന് ഗോവിന്ദന്മാഷ് ചോദിച്ചത് കേട്ടില്ലേ ? ഈ ഗവര്‍ണറെ  ഒതുക്കാന്‍ ലക്ഷം പേരെ രാജ്ഭവന് മുന്നില്‍ അണി നിരത്തുമെന്ന്  പറയുന്ന പൊന്നു സഖാക്കളെ, നിങ്ങള്‍ക്ക് ഈ ഗവര്‍ണറെ പോലെ വേറെ പണിയൊന്നുമില്ലേ?  ജസ്റ്റ്‌സ് ഇഗ്‌നോര്‍ ഹിം കോമ്രേഡ്സ്.അവഗണിക്കുക അതല്ലേ നല്ല വഴി ? അല്ലെങ്കില്‍ നല്ലൊരു ചെമ്മീന്‍ കറി വച്ചു വിളമ്പ് എന്റെ  മക്കളെ. ഒന്നും വിചാരിക്കല്ലേ ബോറടിച്ചത്  കൊണ്ട് ഞങ്ങള്‍ പറഞ്ഞു പോകുന്നതാ.  

ബാലഗോപാലന്‍ മന്ത്രിയെ  എണ്ണ തേപ്പിച്ചു കുളിപ്പിച്ചെ  ഇനി വേറൊരു കാര്യം ഉള്ളൂ എന്നാണ് ഗവര്‍ണറുടെ പുതിയ വാശി. യു.പിയില്‍ നിന്ന് വരുന്നവര്‍ക്ക് ഇവിടുത്തെ കാര്യങ്ങള്‍ ശരിക്ക് അറിയില്ലെന്ന് ബാലന്‍ മന്ത്രി പറയുന്നതില്‍ എന്താണ് തെറ്റ് ? അതല്ലേ ആരിഫ്  സാറെ താങ്കള്‍ക്കും പറ്റിയ തെറ്റ് ! ഏത് നല്ല കാര്യമാണ് എങ്കിലും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞാല്‍ അതു കേള്‍ക്കുന്ന  ഞങ്ങള്‍ക്ക് ബോറടിയാകും. മലയാളികള്‍ ജനുസ്സ് വേറെയാ. ഒരൊറ്റ തവണ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് കാര്യം പിടികിട്ടും. പിന്നെയും അത് ആവര്‍ത്തിച്ചാല്‍ ഇവന്‍ എന്തിനാ ഇങ്ങനെ അത് ആവര്‍ത്തിക്കുന്നത് എന്നാകും മലയാളിയുടെ ചിന്ത. പിന്നെ ആ ന്യായം പറയുന്നവനെ ഞങ്ങള്‍ വെറുക്കാന്‍ തുടങ്ങും. ഇയാള്‍  ഒരു ശല്യം ആയല്ലോ എന്ന് ശത്രുക്കള്‍ മുദ്രകുത്തും മുന്‍പേ ഞങ്ങളുടെ ബോറന്‍ ലിസ്റ്റില്‍ ഏറ്റവും മുന്നില്‍ ആകും ശല്യക്കാരനായ വ്യവഹാരി! അതാ ബാലന്‍ മന്ത്രി പറഞ്ഞുതന്നത്. അതിന് ഇത്ര അപ്രീതി തോന്നേണ്ട ഒരു  കാര്യവും ആരിഫ് മുഹമ്മദ് ഖാനും ഉണ്ടാകേണ്ട. അദ്ദേഹം പറഞ്ഞത് സത്യം, സത്യം തന്നെ.  

ആരിഫ് സാറേ, അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ താങ്കളും ഒട്ടും പിന്നിലല്ലോ. മദ്യവും ലോട്ടറിയും ആണ് ധനമന്ത്രിയുടെ പ്രധാന വരുമാനം എന്ന് പറഞ്ഞില്ലേ? പാവപ്പെട്ട ജനത്തെ മദ്യപന്‍മാരും ഭാഗ്യാന്വേഷികളും  ആക്കുന്ന  സര്‍ക്കാറിന്റെ  തലവനെന്ന നിലയില്‍ താങ്കള്‍ക്ക് നാണം ഉണ്ടെന്നല്ലേ തട്ടിവിട്ടത്. യു.പി സ്‌കൂളുകള്  കേരളത്തില്‍ ഏറെയുണ്ടെങ്കിലും യു.പിയില്‍ ഒരു കേരള സ്‌കൂള്‍ ഉണ്ടോ എന്ന് ബാലന്‍ മന്ത്രി തിരിച്ചു ചോദിച്ചില്ലല്ലോ ? പിന്നെ എന്തിനാ സാറേ വെറുതെ ചൂടാകുന്നത് ? ഞങ്ങളുടെ ജീവനക്കാര്‍ക്ക് മാസാമാസം ശമ്പളം കൊടുക്കാന്‍ ഞങ്ങള്‍ മദ്യപിച്ചും  ലോട്ടറി ടിക്കറ്റ് എടുത്തും സര്‍ക്കാരിനു നല്‍കും. ആരിഫ്  ഖാന്‍ സാറിനത്  ഇഷ്ടമായില്ല അല്ലേ ? എന്നാലത് യു.പിയില്‍ പോയി പറ മോനെ സതീശാ... 

ഗോവിന്ദന്‍ മാഷ് പറയുന്നത് കുഞ്ഞാലിക്കുട്ടിക്ക് ശരിക്കും മനസ്സിലാകും. സതീശനത് മനസ്സിലായാലും സതീശനത് പറഞ്ഞുവരുമ്പോള്‍ കുളമാകും. സംസ്ഥാനത്ത് 11 സര്‍വ്വകലാശാലകള്‍ എന്നെ സതീശന്‍ പറയൂ. സത്യത്തില്‍ 15 സര്‍വ്വകലാശാലകള്‍ നമുക്കില്ലേ? ഇത്രയൊക്കെ വിവാദങ്ങള്‍ വി.സിമാരെ പറ്റി ഉണ്ടായിയെങ്കിലും 3 യൂണിവേഴ്‌സിറ്റികളെ  പറ്റി ഒരു വിവാദവുമില്ലല്ലോ.  അതില്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മലും,  വെറ്റിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍ ശശീന്ദ്രനാഥും  യുജിസി ചട്ടപ്രകാരം വിസിമാരായി വന്നവരാണെന്ന് സതീശന്  അറിയോ? അങ്ങനെ ചട്ടമനുസരിച്ച് ചിട്ടപ്രകാരം വിസിമാരെ  വെക്കാനും  പിണറായിക്ക് അറിയാം മാഷേ. ഇപ്പോള്‍ സാങ്കേതിക സര്‍വ്വകലാശാല വി.സിയെ  വേണ്ടെന്നുവെച്ചു ചാര്‍ജ്  കൊടുക്കാന്‍ വേറെ വി.സിമാര്‍ ഇല്ലാത്ത പ്രശ്‌നം വന്നോ? ഇനി ഒന്നും പറ്റിയില്ലെങ്കില്‍ കോടതിക്ക് കൊച്ചിയിലെ നിയമ സര്‍വകലാശാല വി.സിക്ക് തന്നെ ചുമതലയേല്‍പ്പിക്കാം. അതിന്റെവി.സി ആരാണെന്നോ? ഹൈക്കോടതി ചീഫ് ജസ്റ്റിസ്!  ഇത്രയും കരുതല്‍ ആരും കാണിക്കും സതീശാ .. എന്നാണ് ഗോവിന്ദന്‍ മാഷിന്റെ ചോദ്യം. 

വാല്‍ക്കഷണം : കോണ്‍ഗ്രസ് ഇന്നു മുതല്‍ ഖാര്‍ഗെയുടെത് ആയല്ലോ. സോണിയാജി രാഹുല്‍ജിയുടെയും വേണുജിയുടെയും  മുന്നില്‍ വച്ച് തന്നെ ഖാര്‍ഗെക്ക്  അധികാരം കൈമാറി. കോണ്‍ഗ്രസ് അധ്യക്ഷ ഇലക്ഷനു  വോട്ട് ചെയ്തവരില്‍  7887  പേര്‍ ഖാര്‍ഗെജിക്ക് ആണ്  വോട്ട് ചെയ്തത്. എന്നാല്‍ കേട്ടോളൂ : വോട്ടര്‍മാരില്‍ ആണ്‍ വോട്ടര്‍മാരുടെ എണ്ണവും  7887. ചാനല്‍ പരസ്യങ്ങളില്‍ സോപ്പ് പരസ്യത്തില്‍ പറയുന്നത് പോലെ ഞെട്ടിയോ  മോനെ... സ്ത്രീ വോട്ടര്‍മാരുടെ എണ്ണവും തരൂരിന് കിട്ടിയ വോട്ടെണ്ണവും കിറുകൃത്യം - 1072.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക