Image

നക്ഷത്രക്കപ്പലുകൾ (ഷാജു ജോൺ)

Published on 29 October, 2022
നക്ഷത്രക്കപ്പലുകൾ (ഷാജു ജോൺ)

എലോൺ മസ്ക് ..ഇന്നത്തെ ലോകത്ത് ഈ  പേര് കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും.  പറഞ്ഞുവരുന്നത് ടെസ്ല കമ്പനിയുടെ ഉടമയെ കുറിച്ച് തന്നെ...വിജയത്തിന്റെ കൊടുമുടി കയറിയ ടെസ്ല കമ്പനിക്കു ശേഷമുള്ള  അദ്ദേഹത്തിന്റെ മറ്റൊരു സംരംഭം  "സ്‌പേസ് എക്സ് (SpaceX ) " . 

ഈയിടെ, ഒട്ടും പ്രതീക്ഷിക്കാതെ അവിടെ പോകുവാനുള്ള ഒരു അവസരം ലഭിച്ചതിലുള്ള സന്തോഷം പങ്കിടാതിരിക്കാൻ വയ്യ. നാലു ദിവസത്തെ ഫാമിലി  വെക്കേഷൻ പ്ലാൻ ചെയ്താണ്, ടെക്സസിന്റെ വടക്കേ അറ്റത്തുള്ള  സൗത്ത് പാദ്രെ ഐലൻഡിൽ എത്തിയത്. ഡാലസിൽ നിന്നും ഏതാണ്ട് ഒൻപത് മണിക്കൂർ വേണ്ടിവന്ന റോഡ്ട്രിപ്പ്.  മെക്സിക്കൻ ഉൾക്കടലിന്റെ ചാരുത കവർന്നെടുക്കുക എന്നത് മാത്രമായിരുന്നു  ഉദ്ദേശം. 

ആദ്യത്തെ രണ്ടു ദിവസ്സം കൊണ്ട് തന്നെ ആ ദ്വീപ് മുഴുവൻ ചുറ്റിക്കണ്ടു. ചിത്രശലഭങ്ങളെപ്പോലെ കടൽത്തിരകളിലൂടെ  പാറിപ്പറക്കുന്ന സർഫിങ് യുവാക്കളോടുള്ള അസൂയ ഉള്ളിൽ ഒതുക്കി ഞങ്ങൾ  മെക്സിക്കൻ ഉൾക്കടലിലെ തിരമാലകളോടൊത്തു ചാഞ്ചാടി, കടൽ വിഭവങ്ങളുടെ രുചി അറിഞ്ഞു, ഡോൾഫിനുകളോടൊപ്പം യാത്ര ചെയ്തു, തീർത്തടിഞ്ഞുകൂടുന്ന ചിപ്പികൾ പെറുക്കി കൂട്ടി.  പെലിക്കനുകളും , കടൽ കാക്കകളും വെള്ളത്തിൽ ഊളിയിട്ട് മീൻ പിടിക്കുന്നത് കൺകുളിർക്കെ കണ്ടു....അങ്ങനെ രണ്ടു ദിവസ്സം കടന്നുപോയി. മൂന്നാം ദിവസ്സം രാവിലെ ഹോട്ടലിന്റെ ബ്രെക് ഫാസ്റ്റ് ഏരിയയിൽ ഇനി എന്ത് ചെയ്യും എന്ന് കുടുംബസമേതം ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ ആപ്പിൾ ജ്യൂസ് കഴിച്ചുകൊണ്ടിരുന്ന ഒരു സായിപ്പ് പറഞ്ഞത്.  

"ബൊക്കാ ചിക്കാ പോ...അവിടെ പോയാൽ 'സ്പേസ് എക്സ്'  കാണാം, ഒത്താൽ എലോൺ മസ്കിനെ കാണാം ...ഇല്ലേൽ അദേഹത്തിന്റെ വീടെങ്കിലും കാണാം ,,,"  അദ്ദേഹം തമാശയായി മറ്റൊരു കാര്യവും കൂടി പറഞ്ഞു എലോൺ മസ്ക് എന്ന ലോകത്തിലെ ഏറ്റവും വലിയ ധനികൻ കാലിഫോർണിയ അടക്കമുള്ള സ്ഥലങ്ങളിലെ സ്വത്തൊക്കെ വിറ്റ് 'ബൊക്കാ ചിക്ക'  എന്ന ഗ്രാമത്തിൽ വാടകയ്ക്കാണ് താമസിക്കുന്നതത്രേ ....! 
 
 മക്കൾക്കൊക്കെ വളരെ സന്തോഷമായി. അവരുടെ പ്രത്യേകിച്ച് മകന്റെ ആരാധനാ പുരുഷനാണ് ഈ പറയുന്ന മസ്ക്. എനിക്കും സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതായി..കാരണം സയൻസിന്റെ കാണാപ്പുറങ്ങളിൽ ഊളിയിട്ടു വെറുതെ മനസു കുളിർപ്പിച്ചു നിറുത്തുന്നത് ചെറുപ്പം മുതലേ ഉള്ള ഒരു ശീലമാണ്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലേക്ക് സ്‌കൂളിൽ നിന്ന് ഉള്ള എസ്കർഷൻ ട്രിപ്പിൾ പങ്കെടുക്കാൻ കഴിയാത്ത ദുഃഖം വളരെ വർഷങ്ങൾക്കു ശേഷം നിറവേറ്റപ്പെടാനുള്ള ഒരു അവസരം.

പകുതി കുടിച്ച കാപ്പിക്കപ്പ് ട്രാഷ് കാനയിലേക്ക് എറിഞ്ഞ് ഞങ്ങൾ  ബൊക്ക ചിക്കായിലേക്കു പുറപ്പെട്ടു. ഹോട്ടലിൽ നിന്നും ഒരു മണിക്കൂർ ഉള്ള യാത്ര. വഴിയിൽ പ്രത്യേകിച്ച് ഒന്നും കാണുവാനുണ്ടായിരുന്നില്ല. ബൗൺസ്‌വില്ലെ എന്ന ടൗണിലെ  കപ്പൽ ശാലയും ,പെട്രോളിയം കമ്പനികളും , പോർട്ട് ഓഫീസുകളും എല്ലാം കടന്നു  വിജനപ്രദേശത്തു കുടി ഞങ്ങൾ ഡ്രൈവ് ചെയ്തു..ഏതാണ്ട് മുക്കാൽ മണിക്കൂറോളം ഡ്രൈവ് ചെയ്തു കഴിഞ്ഞപ്പോൾ റോഡിന്റെ അങ്ങേ തലയ്ക്കൽ എന്തോ ചിലത് ഉയർന്നു നിൽക്കുന്നതായി തോന്നി ..കുറച്ചു കുടി അടുത്തപ്പോഴാണ് മനസിലായത്.... അവ റോക്കറ്റുകൾ ആയിരുന്നു. ഒരു സ്‌കൂൾ വിദ്യാർത്ഥിയുടെ മനസുമായി ഞാൻ അവയോട് കൂടുതൽ അടുത്തു. സ്റ്റാർ ബേസ് (STAR BASE )  എന്ന സ്റ്റേഷനു മുന്നിൽ ഞങ്ങളെത്തി. എലോൺ മസ്ക് എന്ന ഒരു വ്യക്തിയുടെ മാത്രം ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം. നിരവധി മില്യൺ അമേരിക്കൻ ഡോളർ  ഇതുവരെ അദ്ദേഹം അവിടെ ചിലവഴിച്ചു കഴിഞ്ഞു.  

STAR BASE ( science technology academies reinforcing basic aviation space exploration) ഗേറ്റിൽ  വൻ സെക്യൂരിറ്റി സന്നാഹങ്ങളായിരുന്നു.
അകത്തു കയറാമോ എന്ന സന്ദേഹം ഉള്ളിൽ ഒതുക്കിയാണ് സെക്യൂരിറ്റി ഓഫീസറോട് അനുവാദം ചോദിച്ചത്. സന്ദേഹം ശരിയായിരുന്നു. 
"അകത്തു കയറാൻ അനുവാദമില്ല .. പക്ഷെ വശങ്ങളിലുള്ള റോഡിലൂടെ പോയാൽ റോക്കറ്റുകൾ അടുത്ത് നിന്ന് തന്നെ കാണാം .."

സന്തോഷമായി, സെക്യൂരിറ്റിയോട് നന്ദി പറഞ്ഞ് അദ്ദേഹം കാണിച്ചു തന്ന വഴിയിലൂടെ കാർ ഓടിച്ചു. സ്പേസ് സ്റ്റേഷന്റെ പണികൾ നടക്കുന്നതേ ഉള്ളൂ.അത് കൊണ്ട് ധാരാളം ട്രക്കുകൾ പോകുന്നുണ്ടായിരുന്നു .ഞങ്ങളെ കണ്ടത് കൊണ്ടാകാം അവർ വളരെ സാവധാനത്തിൽ ഓടിക്കുവാൻ തുടങ്ങി. പ്രൈവറ്റ് പ്രോപ്പർട്ടി ആയതുകൊണ്ട് അകത്തേക്ക് കയറുവാൻ പറ്റിയില്ലെങ്കിലും റോക്കറ്റുകൾക്കു തൊട്ടരികിൽ തന്നെ ഞങ്ങളെത്തി.. ഏതാണ്ട് 70 മീറ്ററിനും മുകളിൽ ഉയരമുള്ള, കുത്തി നിവർത്തി വച്ചിരിക്കുന്ന നാലോളം റോക്കറ്റുകൾ....

റോക്കറ്റുകൾ എന്നല്ല അവയുടെ പേര്..........,സ്റ്റാർ ഷിപ്പ്,  നക്ഷത്ര കപ്പലുകൾ എന്ന് വേണേൽ  മലയാളത്തിൽ വിളിക്കാം. അങ്ങനെ   വിളിക്കുവാൻ പറ്റുമോ എന്നറിയില്ല പക്ഷെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം ..പല വലിപ്പത്തിലുള്ള നക്ഷത്രക്കപ്പലുകൾ അവിടെ നിർമാണത്തിലാണ്. എൻജിനീയർമാരും ടെക്നിഷ്യന്മാരും അടക്കം ഏതാണ്ട് 1600 ഓളം ജോലിക്കാർ 24 മണിക്കൂർ ഷിഫ്റ്റിൽ   ഈ സ്പേസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നു. ചൊവ്വ ഗ്രഹത്തിലേക്കുപോകുവാനുള്ള പടിവാതിൽ (GATE WAY ) ഇവിടെ ആയിരിക്കുമെന്ന് എലോൺ മസ്ക് സാക്ഷ്യപ്പെടുത്തുന്നു. 

ശൂന്യാകാശത്തിലേക്കു പോകുന്ന റോക്കറ്റുകളും ഉപഗ്രഹങ്ങളുമെല്ലാം അവിടെ ഉപേക്ഷിക്കുന്ന പതിവ് മാറ്റി, ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളെ പുതിയ സാങ്കേതിക വിദ്യകളുമായി സംയോജിപ്പിച്ചു വീണ്ടും വീണ്ടും ഉപയോഗിക്കുവാൻ കഴിയുന്ന റോക്കറ്റുകളാക്കി രൂപപ്പെടുത്തുക എന്നതാണ് സ്‌പേസ് എക്സിന്റെ ലക്‌ഷ്യം. അതുവഴി മനുഷ്യർക്ക് ചന്ദ്രനിലും ചൊവ്വയിലുമൊക്കെ പോയി തിരിച്ചുവരുവാനുള്ള സംവിധാനം ഉണ്ടാകും.       
  
ഒരു പക്ഷെ സമീപഭാവിയിൽ, ചൊവ്വക്ക് രണ്ടു ടിക്കറ്റ് , ചന്ദ്രനിലേക്ക് മൂന്ന് ടിക്കറ്റ് എന്നും ചോദിച്ചു ജനങ്ങൾ ക്യൂ നിൽക്കുന്നത് അതിശയോക്തി ആയിരിക്കില്ല.  ഇതിനോടകം നിരവധി പരീക്ഷണങ്ങൾ വിജയകരമായി നിർവഹിച്ചുകഴിഞ്ഞു.ആകാശത്തിന്റെ അനന്തതയുടെ ഊളിയിട്ട് ചന്ദ്രനിലും ചൊവ്വയിലുമൊക്കെ പോയി ടൂർ അടിക്കുന്ന കാലം വിദൂരമല്ല. കാണുവാൻ പറ്റുമോ എന്നറിയില്ല...
 പക്ഷെ കാത്തിരിക്കാം.

# An article on SpaceX by Shaju John

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക