Image

എന്തൊരു ലാഭം ! ഇനി പി.എസ്.സിയും  വേണ്ട... ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 01 November, 2022
എന്തൊരു ലാഭം ! ഇനി പി.എസ്.സിയും  വേണ്ട... ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

 

 
പൊതുമേഖലാ സ്ഥാപനങ്ങളിലേതുപോലെ സർക്കാർ ജീവനക്കാർക്കും നാലുവർഷം സർവീസ് നീട്ടി  കൊടുത്താൽ സർക്കാർ ഖജനാവിന് എന്തൊരു ലാഭം ! പി.എസ്‌.സി, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എന്നിവയൊക്കെ പേരിന്  മതി. ശ്രീരാമകൃഷ്ണന്റെ നോർക്കയെ ഓരോ വിദേശരാജ്യങ്ങൾക്കും വേണ്ട മാനവശേഷി വിപണനം നടത്തുന്ന വലിയ ഏജൻസിയാക്കി മാറ്റാം. നാട്ടിലെയും വീട്ടിലെയും പണിക്ക് ബംഗാളികളെ സപ്ലൈ ചെയ്യുന്ന ചില നാടൻ ഏജന്റുമാരെ പോലെ നോർക്കയ്ക്ക്  നമ്മുടെ മാനവശേഷി കൈമാറി കമ്മീഷൻ വാങ്ങാം. അത് നല്ലൊരു തൊഴിൽ റിക്രൂട്ടിംഗ് ഏജൻസിയാകും.  
 
തുടക്കത്തിൽ യൂത്ത് കോൺഗ്രസുകാർ കുറച്ചുദിവസം മുദ്രാവാക്യം വിളിച്ച് പ്രശ്നമുണ്ടാക്കാൻ  ശ്രമിക്കുമെങ്കിലും വേറൊന്നും  സംഭവിക്കാൻ ഇല്ലല്ലോ എന്നാണ് ബാലഗോപാലൻ മന്ത്രിയുടെ ഇംപാക്ട് റിപ്പോർട്ട്. ഡി.വൈ.എഫ്ഐ ബഹളം വെക്കുമോ ? റഹീം സാഹിബ് ഒരക്ഷരം മിണ്ടില്ല. ഡിവൈഎഫ്ഐയുടെ ദേശീയ നേതാവിന്  മിണ്ടാട്ടം ഇല്ലെങ്കിൽ പിന്നെന്ത് പ്രശ്നം? എ.വൈ.എഫ്  (സി.പി.ഐ) ആദ്യമൊന്ന്  ബഹളം വയ്ക്കും. ലാലേട്ടൻ പറയുംപോലെ 'അത് ചുമ്മാ'. യൂത്ത് കോൺഗ്രസുകാരുടേത്  'പ്രതിഷേധം, പ്രതിഷേധം' എന്ന മുദ്രാവാക്യത്തിൽ ഒതുങ്ങും. ബാലഗോപാൽ മന്ത്രി അത്രയേ പ്രതീക്ഷിക്കുന്നുള്ളൂ. ഇടയ്ക്ക് ഇ.പി വിമാനത്തിൽ കാണിച്ചതു പോലെ അവരെ തടയരുത് എന്നുമാത്രം. 
 
സർക്കാർ ശമ്പളം വാങ്ങുന്നവരും അവരുടെ വീട്ടുകാരും സ്വാഗതം ചെയ്യുന്ന തീരുമാനമാണെങ്കിലും, തൊഴിലില്ലാതെ അലയുന്ന ജനലക്ഷങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ കയറിക്കൂടാനുള്ള അവസരവും  ഇതോടെ നഷ്ടപ്പെടുമെന്നത് സത്യം. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും റിട്ടയർ ചെയ്തു പോകുന്നവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന്റെ നിലവിലെ സാമ്പത്തിക നില അനുവദിക്കാത്തതു കൊണ്ടാണുപോലും 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കിയത്. ഇതേകാരണം കൊണ്ടുതന്നെ സർക്കാറിന്റെ എല്ലാ സർവീസിലും  ഇങ്ങനെ വേണമെന്ന ജീവനക്കാരുടെ പ്രക്ഷോഭം സ്വാഭാവികമായും വരും. അതിനു വഴങ്ങി കൊടുത്താൽ ഈ സർക്കാർ കാലാവധി തികയ്ക്കുംവരെയുള്ള വലിയൊരു സാമ്പത്തിക പ്രതിസന്ധിക്കാണ് ബാലഗോപാലൻ മന്ത്രി 
ഒറ്റയടിക്ക് പരിഹാരം കണ്ടെത്തുന്നത്. സാമ്പത്തിക വിദഗ്ധനായ ചേട്ടനെക്കാൾ  ഈ വക കാര്യങ്ങളിൽ അനിയൻ ബാവ തന്നെ മുന്നിൽ . 
 
സിപിഎമ്മിന്റെ  തത്വശാസ്ത്രം തന്നെ അങ്ങനെയാണ്. ലക്ഷ്യമാണ് പ്രധാനം; മാർഗ്ഗം ശുദ്ധമാകണമെന്ന് അവർക്ക്  നിർബന്ധമേയില്ല. സർക്കാറിന് ഓരോ വർഷവും പെൻഷൻ പറ്റി പോകുന്നവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാനുള്ള ത്രാണി ഖജനാവിൽ ഇല്ല. മുൻപൊക്കെ ഇഷ്ടംപോലെ കടം വാങ്ങാമായിരുന്നു. അതിപ്പോൾ പറ്റുന്നില്ല. ജീവനക്കാർ ഇച്ഛിച്ചതും മന്ത്രി  കൽപ്പിച്ചതും ഒന്നായതിന്റെ സന്തോഷത്തിലാണ് സർക്കാർ സർവീസിലുള്ള സംഘടിത തൊഴിലാളികളെല്ലാം. പെൻഷൻ പ്രായം 55 നിന്ന് 56 ആക്കാൻ അവർ നടത്തിയ ഐതിഹാസിക സമരങ്ങൾ ഓർമ്മയില്ലേ ? അതൊന്ന്  57 ആക്കാനായിരുന്നു ട്രേഡ് യൂണിയൻ നേതാക്കളുടെ വിനീത ശ്രമം. യുവജന സംഘടനകൾ അത് പൊടിക്ക്  സമ്മതിക്കുകയില്ലെങ്കിലും മെല്ലെ  ചോദിച്ചു നോക്കിയാലോ  എന്ന് ചിന്തിച്ച്  ഇരിക്കുമ്പോഴാണ്, കിട്ടാവുന്ന പരമാവധി ശമ്പളം ലഭിക്കുന്ന ഈ സമയത്ത് നാലു വർഷം കൂടി സർവീസ് തന്നെ നീട്ടി കിട്ടുന്നത്. കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒന്നിച്ചടിച്ച  ആഹ്ളാദമാണ്  അവർക്ക്. സന്തോഷം കൊണ്ടിരിക്കാനും  നിൽക്കാനും വയ്യ എന്നൊരു  പഴയ ചാനൽ പരസ്യം പോലെ തന്നെ. 
 
വാൽക്കഷണം : ആലപ്പുഴയിലെ ഒരു പ്ലസ് ടു വിദ്യാർത്ഥിയായ വിനീഷയ്ക്കും  കിട്ടി ഓർക്കാപുറത്ത് വേറൊരു ലോട്ടറി ! സ്കൂൾപടിക്കൽ  കടല വറുത്ത് ജീവിക്കുന്ന വിനിഷയുടെ കഥയറിഞ്ഞ് ആലപ്പുഴ കലക്ടർ ആ വിദ്യാർത്ഥിനിക്ക് പഠനത്തിനുള്ള സാമ്പത്തിക സഹായം നൽകി. ഒപ്പം ലൈഫ് മിഷന്റെ ഒരു വീടും വാഗ്ദാനം നൽകി. 
 
മ്യൂസിയം  പരിസരത്ത് പ്രഭാതസവാരിക്കിറങ്ങിയ വനിതാഡോക്ടറെ ആക്രമിക്കുകയും കുറവൻകോണത്തെ നൃത്ത അദ്ധ്യാപികയെയും  മറ്റു വീട്ടമ്മമ്മാരെയും  പേടിപ്പിക്കുകയും ചെയ്ത കക്ഷിയെ പിടികൂടിയതോടെ അവരും ഹാപ്പി. രണ്ടും രണ്ടാളാണെന്ന് കരുതിയ പൊലീസ് അത് ഒരാൾ തന്നെയെന്ന് സ്ഥിരീകരിച്ചു. ഡോക്ടറും, ടീച്ചറും ഹാപ്പി. അൺ ഹാപ്പി ആയത് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ മാത്രം! സർക്കാറിന്റെ കേരളശ്രീ പുരസ്കാരം ലഭിച്ച കാനായി  ശംഖുമുഖത്തും, വേളിയിലും, പയ്യാമ്പലത്തും  തന്നെക്കൊണ്ട് സർക്കാർ തന്നെ ചെയ്യിപ്പിച്ച മനോഹരമായ ശില്പ പരിസരം നാശമാക്കിയ  അന്നത്തെ സാംസ്കാരിക മന്ത്രി കടകംപള്ളിയോടുള്ള   പ്രതിഷേധം തുറന്നുപറയുന്നു. കടകംപള്ളി ചെയ്തു വച്ചതെല്ലാം റിയാസ് മന്ത്രി മാറ്റിത്തരാതെ   തനിക്ക് ഒരു ശ്രീയും മാങ്ങാത്തൊലിയും  വേണ്ടെന്നായി പ്രശസ്ത ശിൽപി. കടകംപള്ളിയെ  സ്വപ്ന മാത്രമല്ല കാനായിയും പഴിക്കുന്നു!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക