Image

പ്രണയം മരിച്ച ഭൂമി (രാജൻ കിണറ്റിങ്കര)

Published on 02 November, 2022
പ്രണയം മരിച്ച ഭൂമി (രാജൻ കിണറ്റിങ്കര)

അധികം വൈകാതെ മലയാളക്കരയിൽ നിന്ന് പ്രണയം അപ്രത്യക്ഷമാകും.  വംശനാശം സംഭവിച്ച ഒരു വികാരമായി അത് ചിത്രകാരന്റെ ക്യാൻവാസിലും ചുമരുകളിലും ഒതുങ്ങും.  പ്രണയിക്കുന്നവരെ ലോകം സംശയ ദൃഷ്ടിയോടെ നോക്കും. അവരെ വലിയ ക്രിമിനലുകളായി അകറ്റി നിർത്തും.  കാരണം ദൈവത്തിന്റെ  മണ്ണിൽ നിന്ന് കേൾക്കുന്നതെല്ലാം പ്രണയച്ചതികളുടെ കഥകളാണ്.  പരിശുദ്ധ പ്രണയങ്ങളെ ആരും ആഘോഷിക്കാറില്ല , വാർത്താ മാധ്യമങ്ങൾക്കും നവമാധ്യമങ്ങൾക്കും വേണ്ടത് പ്രണയത്തിന്റെ ക്രൂര കഥകളാണ്.   തിരുവനന്തപുരത്തോ കണ്ണൂരോ 10 വർഷം പ്രണയിച്ച് നടന്നവർ വിവാഹം ചെയ്താൽ അത് വാർത്തയല്ലല്ലോ.  വാർത്തയാവണമെങ്കിൽ പ്രണയം കത്തിയെടുക്കണം , ആസിഡ് കുപ്പി തുറക്കണം.

എവിടെയാണ് നമ്മുടെ പ്രണയത്തിന് വഴി തെറ്റിയത്.  മോബൈലിന്റെ കടന്നുകയറ്റമാണ് ഒരു കാരണമെങ്കിലും അത്യാഗ്രഹങ്ങളുടെ മേച്ചിൽപുറങ്ങളിൽ പതറിപ്പോകുന്ന പ്രണയമാണ് ഇന്ന് കാണുന്നത്.

പ്രണയം എന്നത് നിയന്ത്രണങ്ങളിൽ ഒതുങ്ങി കൂടി ഒളിഞ്ഞും സ്വകാര്യമായും പ്രകടിപ്പിക്കേണ്ട വികാരമാണ്. അതിലാണ് പ്രണയത്തിന്റെ സൗന്ദര്യം . അമിത സ്വാതന്ത്ര്യം എന്തിന്റെയും ഭംഗി കെടുത്തും. എന്താണ് റോസാ പൂവിന് ഇത്ര സൗന്ദര്യം , സൗരഭ്യം . അതിലേക്ക് എത്തിച്ചേരാനുള വഴികളിൽ നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ടാണത്. മുള്ളുകൾ ഉണ്ടായിരുന്നില്ലെങ്കിൽ റോസാ പൂക്കളെ ആരും തിരിഞ്ഞു നോക്കില്ലായിരുന്നു.  നിയന്ത്രണമില്ലായ്മയും അമിത സ്വാതന്ത്ര്യവും കെടുത്തിയത് പ്രണയത്തിന്റെ സൗരഭ്യമാണ്.

ഒരു കുമാരനും കുമാരിയും വഴിയിലോ ബസ് സ്റ്റോപ്പിലോ വച്ച് കണ്ട് ചിരിച്ചാൽ അടുത്ത ദിവസം അവളെ അവന്റെ ബൈക്കിന്റെ പുറകിൽ കാണാം. അതിനടുത്ത ദിവസം ഐസ്ക്രീം പാർലറിലും മൂന്നാം ദിനം സിനിമാ തീയേറ്ററിലെ അരണ്ട വെളിച്ചത്തിലും . അവർ പ്രണയത്തിലാണെന്ന് നാട്ടാർ അടക്കം പറയും , വീട്ടുകാർ അഭിമാനത്തോടെയും .  ഇതൾ കരിഞ്ഞ റോസാപൂ പോലെ ഈ യാത്രകൾക്കും മുട്ടിയുരുമ്മലിനും സുഗന്ധം നഷ്ടപ്പെടുമ്പോൾ അവൻ അല്ലെങ്കിൽ അവൾ മറ്റൊരു പൂവിൽ ആകൃഷ്ടമാകുന്നു.   പിന്നെ, അതു വരെ കൊണ്ട് നടന്ന പ്രണയം ഒരു ഭാരമാകുന്നു.

പ്രണയത്തിലായാലും ജീവിതത്തിലായാലും ആസ്വദിക്കാൻ പറ്റാത്തതെന്തും ഭാരമാണ്.   അത് തൊഴിലായാലും ഭക്ഷണമായാലും ഉത്തരവാദിത്തമായാലും ബന്ധങ്ങളായാലും പ്രണയമായാലും . ഭാരം താങ്ങുന്നത് ആർക്കും ഇഷ്ടമല്ലല്ലോ. അപ്പോൾ ഭാരത്തെ എങ്ങിനെ ഒഴിവാക്കാം എന്ന ചിന്ത വരുന്നു. ചിന്തയിൽ നിന്ന് മാർഗ്ഗങ്ങൾ ഉരുത്തിരിയുന്നു.   അവിടെ ലക്ഷ്യം മാത്രമാണ് മുന്നിൽ.  മാർഗ്ഗങ്ങളോ വരും വരായ്കകളോ പ്രശ്നമല്ല.  

പാടത്തിനക്കരെ നെൽ വരമ്പിലൂടെ നടന്നു പോകുന്ന അവ്യക്ത രൂപത്തെ ദൂരെ നിന്ന് പോലും ഒന്ന് നോക്കി നിൽക്കാൻ ഭയന്ന കാലം അസ്തമിച്ചിരിക്കുന്നു. പുസ്തകത്താളിലെ മയിൽപീലി തുണ്ടുകൾ പ്രസവിക്കാറില്ല.  ഇരട്ട മൈനയിൽ പ്രണയത്തിന്റെ ജാതകം കുറിച്ച നിഷ്കളങ്ക മനസ്സിന് ക്ലാവ് പിടിച്ചിരിക്കുന്നു.  പ്രണയം പ്രോഫൈലും സ്റ്റാറ്റസുമായി ദിവസത്തിൽ പല തവണ മുഖം മാറുമ്പോൾ പൊയ്മുഖങ്ങളിൽ കത്തിയമരുന്ന ചില ജന്മങ്ങൾ . പ്രണയിക്കാനല്ല ഭയം, പ്രണയത്തെയാണ് ഭയം . കാമുകന് കാമുകിയെയും കാമുകിക്ക് കാമുകനെയും . 

പ്രണയത്തിന്റെ മധുര ഭാഷകളെ, നിറ നിലാവുകളെ താലോലിച്ച മലയാളത്തിന് അന്യമാകുന്ന പരിശുദ്ധ പ്രണയം .  പ്രണയപ്പകകൾ പാലായും പാനീയമായും ഇരയെ കാത്ത് കിടക്കുന്നു.

# article by rajan kinattinkara

Join WhatsApp News
Sudhir Panikkaveetil 2022-11-03 21:10:42
ശ്രീ രാജൻ കിണറ്റിങ്കര - നല്ല കുറിപ്പ്. പ്രണയം ഒരു വികാരമായിരുന്നു. അതിപ്പോൾ കച്ചവടമായി ഇനി ഒരു തിരിച്ചുവരവുണ്ടാകില്ല. താങ്കൾ എഴുതിയ "പ്രണയത്തിന്റെ മധുരഭാഷകളെ, നിറ നിലാവുകളെ ഓർത്തു താങ്കളെപോലെയുള്ള കവികൾക്ക് വിലപിക്കാം എന്ന് മാത്രം. പ്രണയം ഭൂമിയിൽ ഉണ്ടായിരുന്നപ്പോൾ യൗവ്വനം ആസ്വദിച്ചവർ നമ്മൾ എന്ന് നമുക്ക് അഭിമാനിക്കാം. ഇനിയുള്ളവരുടെ പാഴ്ജന്മം, ജൂസിലോ, കയറിലോ, ആസിഡിലോ. വെടിയുണ്ടകളിലോ ഒടുങ്ങേണ്ടവർ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക