Image

കാന്താര - കൈയ്യേറ്റത്തിനെതിരെ

Published on 03 November, 2022
കാന്താര - കൈയ്യേറ്റത്തിനെതിരെ

വിനോദത്തിന് വേണ്ടിയുള്ള  കാഴ്ച്ചപ്പെരുക്കങ്ങൾക്കും താരപ്പകിട്ടിനും പാകത്തിൽ പ്രമേയം പൊലിപ്പിച്ചെടുക്കാനാണ് പൊതുവേ വാണിജ്യ സിനിമകളുടെ വ്യഗ്രത. സമകാലീനജീവിത പ്രശ്നങ്ങളിൽ കച്ചവടക്കണ്ണുമായല്ലാതെ ഇടപെടാനുളള രാഷ്ട്രീയജാഗ്രതയും കലാപ്രതിബദ്ധതയൊന്നും അവിടെ ആരും പ്രതീക്ഷിക്കുകയുമില്ല. എന്നാൽ ഋഷഭ് ഷെട്ടി രചനയും സംവിധാനവും നായകാ ഭിനയവും നിർവഹിച്ച കാന്താര എന്ന കന്നട സിനിമ അതിന്റെ പ്രതിബദ്ധനിലപാട് കൊണ്ട് നമ്മെ അമ്പരപ്പിക്കുക തന്നെ ചെയ്യുന്നു.

 പാരമ്പര്യമായി കൈമാറിക്കിട്ടിയ വിശ്വാസങ്ങൾ ശ്വസിച്ച്  പ്രകൃതിയോട്  ഇണങ്ങിജീവിക്കുന്ന കീഴാളമനുഷ്യരെ അവർ പിറന്ന മണ്ണിൽ നിന്ന് വേരടക്കം പറിച്ചെറിഞ്ഞ് മൂലധനം സകലയിടങ്ങളിലും ആധിപത്യം സ്ഥാപിക്കുമ്പോൾ - ചെറുക്കാൻ ബാധ്യതയുളള ജനാധിപത്യഭരണകൂടം ധനാധിപത്യത്തിന് കീഴടങ്ങി അവരുടെ കൂട്ടിക്കൊടുപ്പുകാരാവുമ്പോൾ , ഈ കൊടിയ അനീതിക്കെതിരെ തെയ്യം മിത്തുകളുടെയും നാടോടി തീയറ്ററുകളുടെയും പിൻബലത്തിൽ ഉറഞ്ഞാടുകയാണ് കാന്താര .

കന്നഡഭാഷയിലെടുത്തതാണെങ്കിലും കർണ്ണാടക - കേരള അതിർത്തിയിലെ തുളു വർ സംസ്കാരത്തിലാണ് കാന്താരയുടെ വേരുകൾ ആഴ്ന്ന് പടർന്ന് ജടിലമായി കിടക്കുന്നത്. കന്നഡയ്ക്കും മലയാളത്തിനുമിടയിൽ നാട്ടുപാരമ്പര്യത്തിന്റെ കൊടുക്കൽവാങ്ങലുകളിലൂടെ സമന്വയത്തിന്റെ പാലം പണയുന്ന ഭാഷയും സംസ്കാരവുമാണ് തുളു . വടക്കൻ കേരളത്തിന്റെ മിടുക്കായ തെയ്യം തുളുനാട്ടിലെ സത്യോ വഴി ഭൂത ആയി കർണ്ണാടകയിലേക്കും എത്തിയിട്ടുണ്ട്. ഇനി അങ്ങു നിന്നിങ്ങോട്ടെത്തിയതാണോ ? എന്ന് സംശയിച്ചാൽ എതിർക്കാനും നിവൃത്തിയില്ല. ഇനി ഭാഷയും ദേശവും ഏതായാലും തെയ്യങ്ങളെല്ലാം ഉയിർത്തത് കീഴാള ജീവിതത്തിന്റെ പ്രതിരോധത്തിൽ നിന്നാണ്. അങ്ങനെ അതിരുകളെല്ലാം ഭേദിച്ച് കന്നഡിഗരുടെ  ഭൂതാരാധനയിലും മലയാളികളുടെ തെയ്യാട്ടത്തിലും നിറഞ്ഞാടുന്ന സത്യോ ആണ് തുളുവരുടെ പഞ്ചുരുളി . ആ തെയ്യത്തിന്റെ മിത്തിനെ കൂട്ടുപിടിച്ചാണ് തലമുറകളായി കാട്ടിൽ ജീവിക്കുന്ന നിസ്വരായ മനുഷ്യർക്ക് വേണ്ടി ഈ സിനിമ അലറി വിളിക്കുന്നത്. 

തെയ്യവും ഒരു തീയറ്ററാണ്. ആ ചൂട്ടു വെളിച്ചവും ഉടുത്തു കെട്ടും മുഖത്തെഴുത്തും മുടിയെടുപ്പും ചുവടുവെപ്പും വാചാലും ചെണ്ടവാദ്യവും ഒക്കെച്ചേർന്ന് ജൈവമായ ഒരു തീയറ്റർ ആയിത്തീർന്നിട്ടുണ്ട്. തെയ്യത്തേയും തീയറ്ററിനേയും ചേർത്ത് തെയ്യറ്റർ എന്ന വാക്കുണ്ടാക്കിയിട്ടുണ്ട് മുമ്പേ ചിലർ. സിനിമയിൽ തെയ്യറ്ററിനെ ഫലപ്രദമായി വിളക്കിച്ചേർക്കാൻ കഴിഞ്ഞു എന്നതാണ് കാന്താരയിൽ ഋഷഭ് ഷെട്ടി നേടിയ മഹാവിജയം. 

ബാഹ്യഘടനയിൽ ഒരു ടിപ്പിക്കൽ തെലുങ്ക് - തമിഴ് - കന്നഡ ഹീറോയിസത്തിന്റെ നിഴലിൽ നിൽക്കുന്ന കഥാപാത്രമാണ് ഋഷഭ് തന്നെ അവതരിപ്പിക്കുന്ന ശിവ എന്ന നായകൻ. കൂട്ടുകൂടി തിന്നും കുടിച്ചും വലിച്ചും നായാടിയും  പോത്തോട്ടത്തിൽ ജയിച്ചും പ്രണയിച്ചും അമ്മയുടെ മുന്നിൽ പൂച്ചയെപ്പോലെ പതുങ്ങിയും കഴിയുന്ന ഒരു പോക്കിരി . സ്ഥലത്തെ ഭൂപ്രഭു ദേവേന്ദ്രമേനോൻ ശിവയോട് കാണിക്കുന്ന വാത്സല്യം കണ്ടപ്പോൾ പൊറിഞ്ചു മറിയംജോസിലെ വിജയരാഘവനെയും ജോജുവിനെയും ഓർമ്മ വന്നു. സർക്കാർ നിയോഗിച്ച ഫോറസ്റ്റ് ഇൻസ്പെക്ടറല്ല യഥാർത്ഥ വില്ലൻ എന്ന് ദേവേന്ദ്ര മേനോനെ മുൻ നിർത്തി ക്രമേണ ഒരു മുൻവിധിയിലെത്താൻ പ്രേക്ഷകന് കഴിയുന്നു മുണ്ട്. പണ്ടൊരു രാജാവ് മനസ്സമാധാനത്തിനായി കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന പഞ്ചുരുളി ദൈവത്തിലാണ് സിനിമയുടെ ആരംഭം. അന്ന് ദൈവം രാജാവിനോട് വാക്കാൽ നേടിയ ഒരു പട്ടയമുണ്ടായിരുന്നു. എന്റെ അലർച്ചയുടെ ഒച്ച എത്തുന്നിടത്തോളം ദൂരം ഈ കാട്ടിൽ എന്റെ മക്കളെ (കാട്ടിലെ മനുഷ്യരെ ) ജീവിക്കാൻ അനുവദിക്കണം. എന്നാൽ പിൽക്കാലത്ത് രാജകുടുംബത്തിലൊരംഗം മുംബൈയിൽ നിന്ന് വന്ന് ആ പാവങ്ങളിൽ നിന്ന് ഭൂമി തിരിച്ചു വാങ്ങാൻ ശ്രമിച്ചു. പഞ്ചുരുളിയമ്മ അരുതെന്ന് അരുളിച്ചെയ്തു. പറയുന്നത് ദൈവമോ ദൈവനർത്തകനോ  എന്ന് കൈയ്യേറാൻ വന്നവന്റെ ചോദ്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കോലം കെട്ടിയ ആൾ കാടകം പൂകി മായയായി മറഞ്ഞു. അയാളുടെ മകനാണ് ശിവ . തന്റെ താന്തോന്നി ജീവിതത്തിൽ അയാളെ ഒരു മനുഷ്യനായി നിയന്ത്രിച്ചു നിർത്തുന്നത് ആവർത്തിച്ചു കാണുന്ന സ്വപ്നത്തിലെ കാട്ടിനുള്ളിൽ നിന്നുള്ള ചിലമ്പൊച്ചയും അലർച്ചയുമാണ്. ഇപ്പോൾ ഊരിൽ പഞ്ചുരുളി കെട്ടുന്ന ഗുരുവ ശിവയുടെ അനുജനാണ്. അവനെക്കൊണ്ട് തെയ്യം  കെട്ടിച്ച് ഭൂമിയിൽ നിന്ന് അതിന്റെ യഥാർത്ഥ അവകാശികളെ ഒഴിപ്പിക്കാൻ ആസൂത്രണം നടത്തുകയാണ് ദേവേന്ദ്രമേനോൻ . കൂട്ടുനിൽക്കാത്ത ഗുരുവയെ അയാൾ കൊല്ലുന്നു. മേനോന്റെ തനിനിറം തിരിച്ചറിഞ്ഞ ശിവയും കൂട്ടരും എതിർത്ത് പോരാടുന്നു. ഗുണ്ടകളെക്കൊണ്ട് മേനോൻ ശിവയെ മർദിച്ച് മൃതപ്രായനാക്കുന്നു. മണ്ണിൽ നിന്നും ഗോത്ര വീര്യം ആവാഹിച്ച് പഞ്ചുരുളിയുടെ കൂട്ടായ ഗുളികനായി ഉയിർത്തെഴുന്നേൽക്കുകയാണ് ശിവ . ശിവഗുളികൻ മേനോന്റെ കഥ കഴിച്ച് കാട്ടുമനുഷ്യരെ കാക്കുന്നു. അടുത്ത ഗുരുവ ശിവയാണ് . അവൻ പഞ്ചുരുളി കെട്ടി കാട്ടിനെ സംരക്ഷിക്കാൻ സർക്കാർ നിയോഗിച്ച ഫോറസ്റ്ററെ ചേർത്ത് പിടിക്കുന്നു. സർക്കാറിനും കാട്ടിലെ മനുഷ്യർക്കും ഇടയിലെ യഥാർത്ഥചൂഷണം മുതലാളിത്തം നടത്തുന്നതാണ്. അതിനെ ചെറുക്കാൻ മിത്തുകളെയും വിശ്വാസങ്ങളെയും കൂട്ടുപിടിക്കാം എന്നാണ് കാന്താര മുന്നോട്ട് വെക്കുന്ന പുരോഗമനോന്മുഖ രാഷ്ട്രീയം . 
രാവ് തീരുവോളം ഊരിലാടി പുലർ മഞ്ഞിൽ കാടു കയറുന്നതാണ് പഞ്ചുരുളിയുടെ അനുഷ്ഠാനം. ശിവയുടെ പഞ്ചുരുളിയും അച്ഛനെപ്പോലെ കാടു കയറുന്നുണ്ട്. കാടിനകത്ത് രണ്ട് തെയ്യങ്ങൾ കണ്ടു മുട്ടുന്ന ആ കാഴ്ച കണ്ണിലും കരളിലും പകരുന്ന കുളിര് മനസ്സിൽ നിന്ന് മാഞ്ഞു പോവുന്നില്ല. കാന്താരം എന്ന വാക്കിൽ നമ്മെ ആകർഷിക്കുന്ന ഒരു കാന്തമുണ്ട് . ജൈവമായ പ്രതിരോധത്തിന്റെ മൂർച്ച കൂട്ടാനുള്ള അരവും . പേടി കൂടുമ്പോൾ അമ്മയെ പറ്റിക്കിടക്കാൻ ഓടിയെത്തുന്ന ശിവയെപ്പോലെ - ഊര് വെളുക്കുമ്പോൾ കറുത്ത കാടകം പൂകുന്ന പഞ്ചൂർളിയെപ്പോലെ ഒരു നിമിഷം നമ്മളും കൊതിച്ചു പോകും ആ ആദിമഗർഭപാത്രത്തിന്റെ ജൈവ സ്വച്ഛതയിൽ അഭയം പ്രാപിക്കാൻ കഴിഞ്ഞെങ്കിലെന്ന് .

PRAKASHAN KARIVELLOOR # FILM   KANTARA

 

Join WhatsApp News
രേണുവൻ ഉദിനൂർ 2022-11-03 16:39:11
നല്ലെഴുത്ത് ❤️👍😘
Babu Parackel 2022-11-04 00:38:00
It’s really a super movie. Must watch in theater to enjoy the most.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക