Image

പെന്‍ഷന്‍ പ്രായം കൂട്ടുന്നില്ല ; ഒന്ന് ഏകീകരിക്കാമല്ലോ ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 04 November, 2022
പെന്‍ഷന്‍ പ്രായം കൂട്ടുന്നില്ല ; ഒന്ന് ഏകീകരിക്കാമല്ലോ ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)
ധനമന്ത്രി ബാലഗോപാലനെ ഇന്ന് തുടങ്ങുന്ന സി.പി.എം നേതൃത്വ സമ്മേളനത്തിലിട്ടു വറുക്കും പൊരിക്കും എന്നൊക്കെ പ്രവചിക്കുന്നവര്‍ ഉണ്ടല്ലോ. എന്നാലേ, ഗോവിന്ദന്‍ മാഷ് സംശയിച്ചത് പോലെ ധനമന്ത്രിയോ,  നിയമമന്ത്രിയോ, മുഖ്യമന്ത്രിയോ  ആരുടെയും പെന്‍ഷന്‍ പ്രായം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തിട്ടേയില്ല! മരവിപ്പിച്ച ഉത്തരവ് ഇനി  ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത് സജീവമാക്കിയാലും നടപ്പാക്കുന്നത് ഒരു ഏകീകരണം മാത്രം. സമ്മേളനം കഴിയുന്നതോടെ ഗോവിന്ദന്‍ മാഷിനും ഇത് ബോധ്യപ്പെടാതിരിക്കില്ല. 

ബാലഗോപാലന്‍ മന്ത്രി ഈ യോഗത്തിലെത്തുക  ചില ഫാക്ട്‌സും ഫിഗേഴ്‌സും കരുതിയാകും. വെറും ഒരു മന്ത്രി ആയിരിക്കുക  എന്നതുപോലെ സുഖകരമല്ലല്ലോ  ഒരു ധനമന്ത്രി ആകുന്നത്. ശരിക്കും ബോറടിക്കും. ഇടയ്ക്കിടെ  ഹില്‍ സ്റ്റേഷനിലേക്ക് ആരെയെങ്കിലും കൂട്ടി  പോയാലോ എന്നു വരെ ചിന്തിച്ചു പോകും. സര്‍ക്കാരിന് വേണ്ട പണം ധനമന്ത്രി തന്നെ സ്വരൂപിക്കണമല്ലോ. 

പെന്‍ഷന്‍കാര്‍ എത്ര : 

കേരള സര്‍ക്കാര്‍ പെന്‍ഷന്‍ എണ്ണി മാസാമാസം കൊടുക്കുന്നത് എത്രപേര്‍ക്കാണെന്ന് അറിയാമോ? കൃത്യമായി തന്നെ പറയാം. 5.37 ലക്ഷം പേര്‍ക്ക്. നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം (5.10 ലക്ഷം ) അതിലും കുറവാണ്. ഇക്കഴിഞ്ഞ 2021 - 22 സാമ്പത്തികവര്‍ഷം അതിനായി മാത്രം സര്‍ക്കാര്‍ ചെലവഴിച്ചത് 30,000 കോടിയോളം രൂപ! കൃത്യമായി തന്നെ പറയാം: 26,898 കോടി രൂപ!  

ഇനി, ഇപ്പോള്‍ പെന്‍ഷന്‍പ്രായം കൂട്ടിയില്ലെങ്കില്‍ ഇക്കൊല്ലം വിരമിക്കുന്നത് 19,000 സര്‍ക്കാര്‍ ജീവനക്കാര്‍. അവരെ പടിയിറക്കാന്‍ വേണം 4000 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാരില്‍ 70 ശതമാനം പേരും 56 വയസ്സുകാരാണ്. ഇതുകൂടാതെ ഇ.പി.എഫ് ഉള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്ളവരുടെ പെന്‍ഷന്‍ പ്രായം ഇപ്പോഴേ 58 ആണ്. പങ്കാളിത്ത പെന്‍ഷന്‍  പദ്ധതി പ്രകാരം ജോലിചെയ്യുന്നവരുടെയും  മറ്റും പെന്‍ഷന്‍ പ്രായം 60. അതെല്ലാം ചേര്‍ന്നാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇപ്പോഴുള്ളതില്‍  30 ശതമാനം പേര്‍ ഇപ്പോഴേ 60 വയസ്സില്‍ മാത്രമേ റിട്ടയര്‍  ചെയ്യൂ. ബാലഗോപാലന്‍ മന്ത്രി പറയുന്നത്  ഇതൊന്ന് ഏകീകരിക്കാം എന്ന് മാത്രമാണ്. തോമസ് ഐസക്ക് ധനമന്ത്രിയായിരുന്നപ്പോള്‍ കടമെടുക്കാന്‍ പല വഴികളുമുണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം കേന്ദ്രത്തിലെ മാഡം കൊട്ടിയടച്ചു. ഈ വര്‍ഷം മൊത്തം കടമെടുക്കാന്‍ അനുവദിച്ചിരിക്കുന്നത് 17,936 കോടി ഉലുവ ! അതില്‍ 13,936 കോടിയും വാങ്ങി പുട്ടടിച്ചു കഴിഞ്ഞു. ഇനി ബാക്കി 4000 കോടി. അത് പെന്‍ഷന്‍കാര്‍ക്ക്  വാങ്ങിക്കൊടുത്താല്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും പറ്റുമോ ? ഗോവിന്ദന്‍ മാഷ് ഇത് എന്തേ  ഓര്‍ക്കാത്തത് എന്നാണ് ബാലഗോപാലന്‍  മന്ത്രിയുടെ പരിഭവം. 

മലയാളിയുടെ ശരാശരി ആയുസ്സ് 1956 ല്‍ എത്രയാണെന്ന് മാഷിന് ഓര്‍മയില്ലേ? ശരാശരി 60 വയസ്സ്. ഇപ്പോഴോ? ശരാശരി 82.5 വയസ്സ്. 56 ല്‍ 55 വയസ്സായി പെന്‍ഷന്‍പ്രായം നിശ്ചയിച്ച നിലക്ക് പെന്‍ഷന്‍ പ്രായം 65 വയസ്സെങ്കിലും ആക്കേണ്ടതാണെങ്കിലും 60 എങ്കിലും ആക്കേണ്ടേ മാഷേ ? പെന്‍ഷന്‍ പ്രായം കൂട്ടിയിട്ട് കാലം കുറെയായി. ഉമ്മന്‍ചാണ്ടിയാണ് 55 എന്നത്  56 ആക്കിയത്. അത് എന്നാണെന്നോ? 9 വര്‍ഷത്തിലേറെയായി മാഷേ. 2013 ലാണ് അത് നടന്നത്. ബാലഗോപാലന്‍ മന്ത്രി ഓര്‍മിപ്പിക്കുന്നു. മാത്രമല്ല, ഇപ്പോള്‍ ചെയ്യുന്നത് പെന്‍ഷന്‍ പ്രായം കൂട്ടുകയല്ല.  30 ശതമാനം പേര്‍ അനുഭവിക്കുന്ന ആനുകൂല്യം മുഴുവന്‍ പേര്‍ക്കും നല്‍കലാണ്. മാഷിന് മാത്രമല്ല, പ്രതിപക്ഷത്തിരിക്കുന്ന സതീശനും കുഞ്ഞാലിക്കുട്ടിക്കും കുഴല്‍നാടനും  വരെ മനസ്സിലാകുന്ന കണക്കല്ലേ ബാലഗോപാലൻ മന്ത്രി അവതരിപ്പിച്ചിരിക്കുന്നത് ! ഇതിലൊരു പരിശോധനയുടെ ഒരു കാര്യവും  ഇനി മാഷിനു  തോന്നേണ്ട. 

ഇപ്പോള്‍ പാര്‍ട്ടി ശ്രദ്ധയൂന്നേണ്ടത് ഗവര്‍ണര്‍ക്കെതിരെ എങ്ങനെയൊക്കെ കരു നീക്കാമെന്നുള്ളതാണ്.  സാങ്കേതിക സര്‍വകലാശാല വി.സിയുടെ ചുമതലയ്ക്ക് പറ്റിയ രണ്ടു പേരുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഗവര്‍ണര്‍ അവരെയൊന്നും പരിഗണിക്കാതെ ഡോ. സിസ തോമസിനെ പുതുതായി നിയമിച്ചു. സിസാ മാഡം കാറോടിച്ചു വാഴ്‌സിറ്റിയില്‍ എത്തിയപ്പോള്‍ എസ്.എഫ്. ഐ പിള്ളേര്  തടഞ്ഞു. അതു മാഡം പ്രതീക്ഷിച്ചിരുന്നു. ആ വൈതരണി കഴിഞ്ഞ് ഓഫീസിലെത്തിയപ്പോള്‍ ജീവനക്കാര്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യവുമായി എത്തുന്നു. ഒപ്പിടാന്‍ രജിസ്റ്റര്‍ ഇല്ല.  ഒടുവില്‍ കടലാസില്‍ എഴുതി മൊബൈലില്‍ പടമെടുത്തു രാജ്ഭവനിലേക്ക് വാട്‌സ്ആപ്പ് ഇട്ടു. താനായിട്ട്  ഒരാളെ നിയമിച്ചാല്‍ രാജിവയ്ക്കാമെന്നായിരുന്നു, ഗവര്‍ണറുടെ വാക്ക്. സിസാ മാഡത്തെ വച്ചത്  ആരിഫ്  സാറല്ലേ ? ഇതോടെ അതിയാന്‍ പണി നിര്‍ത്തുമോയെന്നായി സഖാക്കളുടെ ചോദ്യം. 

മുഖ്യമന്ത്രിയും മന്ത്രിമാരും ഒരക്ഷരം തന്നോട് ഉരിയാടാതെയാണ് വിദേശത്ത് കറങ്ങിയതെന്ന കാര്യം പരാതിയായി  അദ്ദേഹം രാഷ്ട്രപതിയോട് പറഞ്ഞിട്ടുണ്ട് പോലും. കറന്റ് ബുക്‌സ് ഇറക്കിയ 'ചതിയുടെ പത്മവ്യൂഹം' എന്ന സ്വപ്ന എഴുതിയ വെളിപ്പെടുത്തലുകളുടെ പുസ്തകവും രാഷ്ട്രപതിക്ക് നല്‍കി കാണും. മലയാളത്തിലുള്ള ആ പുസ്തകം രാഷ്ട്രപതി വായിച്ചുകഴിയുമ്പോള്‍ ആകും പുകില്. 

വാല്‍ക്കഷണം : ലീഗ് നേതാവ് കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് കോഴിക്കോട്ടെ  വിജിലന്‍സ് പിടിച്ചെടുത്ത ലക്ഷങ്ങള്‍ (47,35,300 രൂപ) തിരികെ കിട്ടണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. അത് ഒരു സ്‌കൂളുമായി ബന്ധപ്പെട്ട കൈക്കൂലിയായി വാങ്ങിയതാണെന്ന് വിജിലന്‍സ്. അല്ല, അത് ഇലക്ഷന്‍ ഫണ്ടാണെന്ന് ഷാജി. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക്  ഇത്രയേറെ തുകയൊക്കെ മിച്ചം  കിട്ടുമോ ഷാജി സാഹിബ് ? ഉത്തരം പറയേണ്ട, കണ്ണടച്ചു കാണിച്ചാല്‍ മതിയെന്റെ പൊന്നൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക