Image

മുത്തച്ഛൻ (കഥ: നൈന മണ്ണഞ്ചേരി)

Published on 06 November, 2022
മുത്തച്ഛൻ (കഥ: നൈന മണ്ണഞ്ചേരി)

ഒത്തിരി നാളുകൾ കൂടിയാണ് മുത്തച്ഛന്റെ വീട്ടിൽ വരുന്നത്.വല്ലാത്ത സന്തോഷമായിരുന്നു അവൾക്ക്..ഇക്കാലത്ത് മുത്തച്ഛനും മുത്തശ്ശിമാരുമൊക്കെ ഉണ്ടായിരിക്കുക എന്നത് തന്നെ ഒരു ഭാഗ്യം.എല്ലായിടത്തും ന്യൂക്ളിയർ കുടുംബങ്ങളായി.മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ ലോകമായി.മുത്തച്ഛനും മുത്തശ്ശിയുമൊക്കെ കേട്ടു മറന്ന കഥയിലെ കഥാപാത്രങ്ങൾ മാത്രമായി പുതു തലമുറയ്ക്ക്.

തനിക്ക് ഇപ്പോഴും കഥകൾ പറഞ്ഞു തരുന്ന മുത്തച്ഛൻ ഉണ്ടെന്ന് അഭിമാനത്തോടെയാണ് സ്കൂളിലൊക്കെ കുട്ടികളോട് പറയുക.അവർക്കൊക്കെ അത്ഭുതമായിരുന്നു,എന്താ ഈ മുത്തച്ഛൻ എന്ന്.

അന്നും മുത്തച്ഛൻ കഥകൾ പറഞ്ഞു തന്നു. സ്നേഹത്തോടെ അരികിൽ ചേർത്തിരുത്തി.മുത്തച്ഛനും അച്ഛനും അമ്മയും അമ്മാവനുമൊക്കെയായി  ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.മനസ്സിൽ വല്ലാത്ത സന്തോഷമായി.ഫാസ്റ്റ് ഫുഡ് കഴിച്ചു കഴിച്ചു മടുത്തു, ഇങ്ങനെ നാട്ടു രുചിയുള്ള ഭക്ഷണം കഴിക്കാൻ കഴിയുന്നത് തന്നെ അപൂർവ്വമായി.ചോറിനും കറികൾക്കുമൊക്കെ എന്തായിരുന്നു ഒരു സ്വാദ്? 

കളിയും ചിരിയുമായി സമയം പോയതറിഞ്ഞില്ല. .ഇറങ്ങാൻ നേരം മുത്തച്ഛൻ

ചോദിച്ചു.’’ഇന്ന് ഇവിടെ കിടന്നിട്ട് നാളെ പോയാൽ പോരേ?’’

സ്നേഹപൂർണ്ണമായ ആ ക്ഷണം തള്ളിക്കളയാനുവുമായിരുന്നില്ല.  ജീവിതത്തിരക്കുകൾക്കിടയിൽ എപ്പോഴും വരാനോ നിൽക്കാനൊ  കഴിയില്ല.ഏതായാലും നാളെ വെളുപ്പിന് പോകാമെന്ന തീരുമാനത്തിൽ അവൾക്കായിരുന്നു ഏറ്റവും കൂടുതൽ സന്തോഷം...മുത്തച്ഛന്റെ കഥകൾ കേൾക്കാം.അമ്മാവന്റെ കുട്ടികളുമായി കളിക്കാം.

കിടക്കാൻ നേരം മുത്തച്ഛൻ പറഞ്ഞു ‘’മോളൂട്ടി എന്റെ കൂടെ കിടക്കട്ടെ…’’

അതു കേട്ടപ്പോൾ അമ്മ ഒരു നിമിഷം എന്തു പറയണമെന്നറിയാതെ നിന്നു..പിന്നെ മോളൂട്ടിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..’’അതു വേണ്ട മുത്തച്ഛാ,അവൾക്ക് എന്റെ

കൂടെ കിടന്നേ ശീലമുള്ളൂ..’’

അമ്മയ്ക്ക് ഇതെന്താ പറ്റിയതെന്ന് ആലോചിക്കുകയായിരുന്നു അപ്പോൾ. മുത്തച്ഛനും മോളൂട്ടിയും..

അമ്മയുടെ മനസ്സിലാകട്ടെ സ്വന്തബന്ധങ്ങൾക്കപ്പുറം പത്രങ്ങളിൽ ദിവസേന വരുന്ന പീഡനവാർത്തകളായിരുന്നു അപ്പോൾ..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക