Image

കുരിയാച്ചോ ... ( കഥ : രമണി അമ്മാൾ )

Published on 13 November, 2022
കുരിയാച്ചോ ...  ( കഥ : രമണി അമ്മാൾ )

കുരിയാച്ചന്റെ ശവമടക്കം കഴിഞ്ഞു..ഞാനും പിന്നെ
കുറച്ചുപേരുമുണ്ടായിരുന്നു അവനെ അവസാനമായി ഒരുനോക്കു കാണാൻ..

റോഡിനുമേലെയുളള
പറമ്പിനോടു ചേർന്ന പുറമ്പോക്കിലാണ് അവനെ അടക്കിയത്..

സുബാഷിന്റെ കടയ്ക്കുമുന്നിൽ, റോഡരികിൽ, സ്വസ്ഥമായി ഉറങ്ങിക്കിടക്കുമ്പോൾ
ഏതോ വാഹനം 
അവന്റെ മേലെ കയറിയിറങ്ങിപ്പോയി.. അവനും അറിഞ്ഞിട്ടുണ്ടാവില്ല..

കുരിയാച്ചനെ ഞാൻ കാണാൻ തുടങ്ങീട്ട് ഏഴുവർഷത്തോളമാകുന്നു. ഇന്നലക്കൂടിയും 
അവനെന്റെ മുന്നിലൂടെ 
സ്ഥിരം നടപ്പുകാരോടൊപ്പം
നടന്നു നീങ്ങിയതാണ്..

ഏതോ തെരുവുപട്ടി പ്രസവിച്ച നാലു കുഞ്ഞുങ്ങളിൽ ജീവനോടെ ശേഷിച്ചത് ഇവൻ മാത്രമായിരുന്നു..

കലുങ്കിന്റെ സെഡിൽ നിർത്താതെയുളള കരച്ചിൽ വിശപ്പിന്റേതായിരുന്നു..

ബിസ്ക്കറ്റും മറ്റും ആരൊക്കെയോ കൊടുക്കുന്നുതുകൊണ്ടായിരിക്കും
കൊഴുത്തുരുണ്ട് അവനങ്ങു വളർന്നു. വഴിയേകൂടി അങ്ങോട്ടുമിങ്ങോട്ടും പോകുന്നവരോടൊപ്പം
കുറച്ചൊന്നു നടന്നിട്ടേ അവന്റെ സ്ഥലത്തു വന്നുകിടക്കൂ..

രാവിലെ നടക്കാൻ പോകുന്നവരുടെ 
പുറകെ അവർക്ക് ഏസ്ക്കോർട്ടെന്നപോലെ നടക്കും..

തെരുവുപട്ടിക്കുണ്ടായതാണേലും കാണാൻ നല്ല ഓമനത്തമുണ്ടായിരുന്നു...ഇരുണ്ട തവിട്ടുനിറത്തിൽ
അവന്റെ തിരുനെറ്റിയിലെ വലിയ വെളുത്ത ഗോപിക്കുറി 
അവന്റെമാത്രം പ്രത്യേകതയായിരുന്നു..

റോഡിനു താഴെ  കോളനിപോലെ ഏഴെട്ടുവീടുകൾ..
എല്ലാവീടിന്റേയും കാവൽക്കാരനായിരുന്നു കുരിയാച്ചൻ..

ആവശ്യമി്ല്ലാതെ അവനങ്ങനെ കുരയ്ക്കാറില്ല..
എല്ലായിടത്തുനിന്നും എന്തെങ്കിലുമൊക്കെ തിന്നാൻ കൊടുക്കും.. 
മറ്റൊരു പട്ടിയോ പൂച്ചയോ അവന്റെ സാമ്രാജ്യത്ത് എത്തിനോക്കാൻപോലും ഭയപ്പെട്ടു..

പഞ്ചായത്തുകാർ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരണം നടത്തിയതിന്റെ തെളിവായി ഇടത്തേ ചെവി അല്പം മുറിച്ചിട്ടുണ്ട്.

രാത്രികാലങ്ങളിൽ തന്റെ ശ്രദ്ധയും നോട്ടവും എല്ലാടത്തും കടന്നുചെല്ലുന്ന കോണിൽ റഡോരത്ത് ചുരുണ്ടു കൂടും..

സ്ത്രീകളുമായി
വല്യ ചങ്ങാത്ത-
ത്തിനൊന്നും
ആശാൻ പോകാറില്ല.

അങ്ങ് ജംങ്ഷൻവരെ പോയി
പ്രഭാതസവാരിക്കാരിൽ ചിലരെ എതിരേറ്റോണ്ടുവരും...
അവരോടൊപ്പം  പളളിയങ്കണംവരെ തുടരുന്ന അവന്റ സവാരി..   തട്ടുകടക്കാരൻ ശ്രീനി ഒരുഗ്ളാസ്സു തണുത്തപാല് പാത്രത്തിൽ ഒഴിച്ചുകൊടുക്കും. പതിവുളളത്..
കൂട്ടിക്കൊണ്ടുവന്നവരോ'
ടൊപ്പം ഉല്ലാസവാനായി തിരകെ നടത്തം..
"കുരിയാച്ചോ..."

വിളിച്ചാൽ ഒരു നോട്ടം മാത്രം..
പക്ഷേ ,
ഞാൻ തനിച്ചാണെങ്കിൽ 
എനിക്കു കൂട്ടിനെന്നോണം
കുറച്ചകലത്തിൽ പുറകെ അവനുണ്ടാകുമായിരുന്നു.

ഇന്നും റോഡോരത്തെവിടുന്നെങ്കിലും അവൻ മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കുമെന്നൊരു തോന്നലുണ്ടാവുമ്പോൾ
രക്തം പൊതിഞ്ഞുകിടന്ന
അവന്റെ ദേഹത്ത് ഒരുപിടി മണ്ണു ഞാനും വാരിയിട്ടതാണല്ലോ
എന്നോർക്കും..

STORY  REMANY AMMAL 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക