Image

ഓണച്ചിരി: അളിയന്റെ പടവലങ്ങ-ജോസ് ചെരിപുറം

ജോസ് ചെരിപുറം Published on 27 August, 2012
ഓണച്ചിരി: അളിയന്റെ പടവലങ്ങ-ജോസ് ചെരിപുറം
കുട്ടപ്പനു കിടന്നിട്ടുറക്കം വന്നില്ല. എങ്ങനെ ഉറങ്ങാനാണ്. മനസ്സില്‍ കുറ്റബോധം ഒരു ദുര്‍ഭൂതംപോലെ തൂങ്ങിക്കിടക്കുന്നു. കുട്ടപ്പന്റെ അവസ്ഥ നിങ്ങള്‍ക്കാണെങ്കിലും ഉറങ്ങാന്‍ സാധിക്കുമെന്നു തോന്നുന്നുണ്ടോ. സ്വന്തം ഭാര്യ മുഖത്തുനോക്കിയാണു ചോദിച്ചതു ആണാണെന്നു പറഞ്ഞിട്ടെന്തുകാര്യം നിങ്ങളെക്കൊണ്ടെന്തിനു കൊള്ളാം. ഭാര്യമാര്‍ പലപ്പോഴും ഭര്‍ത്താക്കന്മാരോടു പലതു പറഞ്ഞെന്നിരിക്കും എല്ലാം ഗൗരവത്തില്‍ എടുത്താല്‍ കുടുംബത്തില്‍ കലഹമേ ബാക്കികാണൂ. അതുകൊണ്ട് പറയുന്നതില്‍ നല്ല ഒരു പങ്ക് ബുദ്ധിയുള്ള ഭര്‍ത്താക്കന്മാര്‍ ഗാര്‍ബേജില്‍ കളയുകയാണ് പതിവ്. ചില അതിബുദ്ധിമാന്മാര്‍ മൊത്തം ഗാര്‍ബേജില്‍ കളയാറുണ്ട്. വാക്കുകളുടെ അര്‍ത്ഥവും ഗൗരവവും അതിന്റെ സാഹചര്യം, സന്ദര്‍ഭം, പശ്ചാത്തലം ഇതിനൊയൊക്കെ ആശ്രയിച്ചാണിരിക്കുന്നത്. ഇവിടെയാണു കുട്ടപ്പന്റെ പ്രശ്‌നവും.

ബെഡ്‌റൂമില്‍ വച്ചാണു ഭാര്യ മേല്‍പറഞ്ഞ വാക്കുകള്‍ ഉച്ചരിച്ചതെങ്കിലോ, പല പ്രശ്‌നങ്ങളുടേയും തുടക്കവും അവസാനവും ബെഡ്‌റൂമാണ് എന്ന് നിങ്ങള്‍ക്കറിയാമല്ലോ. ബെഡ്‌റൂമില്‍ തൃപ്തിയല്ലാത്ത ഭാര്യാഭര്‍തൃബന്ധം ദുര്‍ബലമാണെന്നാണു മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. എപ്പോഴും കാര്‍മേഘം മൂടിയ പടിഞ്ഞാറന്‍ ആകാശംപോലെ മുഖമുള്ളവരെ നിങ്ങള്‍ കണ്ടിരിക്കും. മറ്റുള്ളവരോടു ഒരു ലോഹ്യവും കാണിക്കാറില്ല, ഒന്നു പുഞ്ചിരിക്കപോലുമില്ല. അവരുടെ പ്രശ്‌നമെന്താണെന്നു തെളിഞ്ഞോ. അസംതൃപ്തമായ ബെഡ്‌റൂമാണ്. അതുപോട്ടെ നമുക്കറിയേണ്ടതു കുട്ടപ്പനെ അലട്ടുന്ന പ്രശ്‌നമാണ്.

കുട്ടപ്പന്റെ ഭാര്യ കുട്ടിയമ്മ അമേരിക്കയിലെത്തിയിട്ട് 8 മാസമേ ആയുള്ളൂ. ഇപ്പോള്‍ 6 മാസം ഗര്‍ഭിണിയുമാണ്. കുട്ടിയമ്മ പഴയ പെണ്ണുങ്ങളെപ്പോലെയൊന്നുമല്ല ചെറുപ്പമാണ്, പഠിത്തവുമുണ്ട്. ഉടനെ കുട്ടികളൊന്നും വേണ്ടാ എന്ന ചിന്താഗതിയിലുമായിരുന്നു. കുറച്ചുകാലം മധുവിധു ആഘോഷിക്കണം, പിന്നെ നല്ല ജോലിയൊക്കെ കിട്ടിയിട്ട് പിള്ളേര്‍ മതി എന്നായിരുന്നു ശ്രീമതിയുടെ ഉദ്ദേശം. എന്നാല്‍ രണ്ടു കൊല്ലം കാത്തിരുന്ന കുട്ടപ്പനു ഇനിയും അധികനാള്‍ ക്ഷമിക്കാന്‍ തയ്യാറുമില്ലായിരുന്നു.

കുട്ടപ്പനു സ്വല്പം ധൃതി കൂടിപ്പോയതില്‍ കുറ്റം പറയാനില്ല. കുട്ടിയമ്മയുടെ ഗര്‍ഭനിരോധന ഗുളികയുടെ കുപ്പിയില്‍ കുട്ടപ്പന്‍ വൈറ്റമിന്‍ ഗുളികകള്‍ നിറച്ചു. അങങനെ കുട്ടിയമ്മ ഗര്‍ഭിണിയായി, വിവരമറിഞ്ഞ ഭാര്യ നിലവിളിച്ചു എന്തോ അത്യാഹിതം സംഭവിച്ചതുപോലെ. കുട്ടപ്പന്‍ ഭാര്യയെ സാന്ത്വനപ്പെടുത്താനായി പറഞ്ഞു:

എടീ പ്രസവിക്കുംതോറും സൗന്ദര്യം വര്‍ദ്ധിക്കുമെന്നാണു സിദ്ധാന്തം. ഭാര്യ ചീറി, കുന്തം നിങ്ങളുടെ ഏറ്റവും മൂത്ത ചേച്ചി അതായിരിക്കും പത്തു പ്രസവിച്ചത്. ആണ്ടെ ഉണങ്ങി ചൂട്ടുപോലെ ഇരിക്കുന്നു. കവിളൊട്ടി, കണ്ണുകുണ്ടിലായി. ഇതൊക്കെ പറഞ്ഞ് ആണുകള്‍ കാര്യം കാണാന്‍ പൊട്ടിപ്പെണ്ണുങ്ങനെ പറഞ്ഞു പറ്റിക്കുന്നതാണ്. കൂടാതെ ഇപ്പോള്‍ പ്രസവിക്കാതെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള സാധനങ്ങളൊക്കെ കടയില്‍ കിട്ടും. പിന്നെ എന്തിനു കഷ്ടപ്പെട്ടു സൗന്ദര്യം വര്‍ദ്ധിപ്പിക്കണം. ആ അടവു ഫലിക്കില്ല എന്നു കണ്ടപ്പോള്‍. കുട്ടപ്പന്‍ ദൈവ കാര്യത്തിലേയ്ക്കു കടന്നു. എടീ പിള്ളേരെ ദൈ
വം തരുന്നതല്ലേ. അതിനും മറുപടി ഉണ്ടായി. എന്തിനാ ഒന്നുമറിയാത്ത ദൈവത്തിനെ പഴിചാരുന്നതു. അങ്ങേര്‍ക്കിതിലൊരു പങ്കുമില്ലെന്ന് എനിക്കറിയാമല്ലോ. നിങ്ങളല്ലാതെ ആരുമല്ല ഇതിന്റെ ഉത്തരവാദി. പിന്നെ മുതല്‍ കുട്ടിയമ്മ കുട്ടപ്പനെ എന്നും ഗര്‍ഭിണിമാരുടെ യാക്കുണി എന്ന പേരില്‍ പീഢിപ്പിച്ചുകൊണ്ടിരുന്നു. ചിലപ്പോള്‍ പച്ചമാങ്ങ തിന്നണം, ചിലപ്പോള്‍ പുളി തിന്നണം, ചിലപ്പോള്‍ കരി തിന്നണം അരി തിന്നണം എന്നു വേണ്ട കുട്ടപ്പന്‍ ഭര്‍ത്താവായിപ്പോയില്ലേ, ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുക്കുകതന്നെ. അങ്ങനെ ഒരു സുപ്രഭാതത്തില്‍ കുട്ടിയമ്മ പറയുന്നു കുറച്ച് ഉണക്ക പൊടിമീനും പടവലങ്ങയും കിട്ടിയിരുന്നെങ്കില്‍ കൂട്ടാന്‍വെച്ചു കൂട്ടാമായിരുന്നു. ഗര്‍ഭിണികളുടെ ആഗ്രഹങ്ങള്‍ വിചിത്രമാണ്. നരഭോജികളുടെ ഇടയില്‍ ഒരു ഗര്‍ഭിണിക്ക് ഭര്‍ത്താവിനെ തന്നെ ചുട്ടുതിന്നണമെന്നു തോന്നിയത്രേ. ഇവിടെയും പല ഭാര്യമാര്‍ക്കും ഭര്‍ത്താവിനെ ചുട്ടുതിന്നാല്‍ കൊള്ളാമെന്നുണ്ട്. സംസ്‌ക്കാരമുള്ള ഒരു സമൂഹത്തിലായതുകൊണ്ട് അതിനു സാധ്യമല്ലല്ലോ. എങ്കിലും സൗകര്യം കിട്ടുമ്പോഴൊക്കെ നിറുത്തിപൊരിക്കാറുണ്ട്.

കുട്ടപ്പന്‍, ഇന്ത്യന്‍ കടയില്‍ നിന്നും പൊടിമീന്‍ വാങ്ങി. പക്ഷേ പടവലങ്ങ കിട്ടിയില്ല. പാവയ്ക്ക, വെണ്ടയ്ക്കാ, കപ്പ മുതലായ സാധനങ്ങളൊക്കെ കടയിലുണ്ട്. പടവലങ്ങമാത്രം കണ്ടില്ല. പലയിടത്തം അന്വേഷിച്ചു. പക്ഷേ സാധനം കിട്ടിയില്ല.

അമേരിക്കയില്‍ അപ്പനെയും അമ്മയേയും വരെ കിട്ടുന്നതാണു പിന്നാണോ പടവലങ്ങ. പക്ഷേ സംഗതി ശരിയാണ് പടവലങ്ങ കടയിലില്ല. വീടുള്ള മലയാളി സുഹൃത്തുക്കളോടു ചോദിച്ചു അവരും പറയുന്നു, ഈ വര്‍ഷം പടവലങ്ങ കായിച്ചില്ല. കൃഷികള്‍ പൊതുവേ മോശം. വല്ല സ്‌കാഷോ, കുക്കുമ്പറോ തരാമെന്നായി. കുട്ടിയമ്മ ഈ ആഗ്രഹം പറഞ്ഞിട്ട് ഒരാഴ്ചയായി. ഇതുവരെ നടന്നില്ല. അതിന്റെ ഇച്ഛാഭംഗംകൊണ്ടാണ് കുട്ടപ്പനെ മേല്പറഞ്ഞരീതിയില്‍ ബെഡ്‌റൂമില്‍വെച്ച് കുറ്റപ്പെടുത്തിയത് .  അല്ലാതെ വായനക്കാര്‍ വിചാരിക്കുന്നതുപോലെ കുഴപ്പങ്ങളൊന്നും കുട്ടപ്പനില്ല. ഇടിവെട്ടിയവനെ പാമ്പു കടിച്ചതുപോലെ മറ്റൊരു സംഭവം രണ്ടു ദിവസം മുന്‍പു നടന്നതു അടുത്തവീട്ടിലെ ശോശാമ്മ കുട്ടിയമ്മയോടു പറഞ്ഞുവത്രെ. കുട്ടപ്പന്റെ പെങ്ങളുടെ ബാക്ക്യാര്‍ഡില്‍ മൂന്നു പടവലങ്ങ കിടപ്പുണ്ട്, ഈ വര്‍ഷം അവര്‍ക്കു മാത്രമേ പടവലങ്ങ കായിച്ചിട്ടൊള്ളൂ. അന്നുമുതല്‍ കുട്ടിയമ്മ ശല്യം തുടങ്ങിയതാണു, അളിയന്റെ പടവലങ്ങയ്ക്ക്. നിനക്ക് അളിയന്റെ തന്നെ പടവലങ്ങ കുട്ടിയാലെ അടക്കം വരികയുള്ളോ എന്നു ചോദിക്കാന്‍ നാവു ചൊറിഞ്ഞു വന്നതാണ്, എന്നാല്‍ അതു കൂടുതല്‍ തലവേദനകളുള്ള രാത്രികളിലേയ്ക്കായിരിക്കും നീണ്ടുപോകാറ്. അതുകൊണ്ട് തല്‍ക്കാലം വേണ്ടന്നുവച്ചു. കുട്ടപ്പനെ നാട്ടില്‍ നിന്നു കൊണ്ടുവന്നത് പെങ്ങളാണ്. പെങ്ങളുടെ കൂട്ടത്തിലാണ് കുട്ടപ്പന്‍ ഒരു വര്‍ഷം താമസിച്ചതും.

ബന്ധങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട്, അടുക്കുമ്പോള്‍ അകലും അകലുമ്പോള്‍ അടുക്കും. അതായത് ഒരു ബന്ധു ദൂരെയാണെങ്കില്‍ വളരെ സ്‌നേഹത്തിലായിരിക്കും. ഒന്നിച്ചു താമസിക്കുമ്പോള്‍ കലഹത്തില്‍ ബന്ധം അവസാനിക്കുകയും ചെയ്യുന്നു. അതുതന്നെ ഇവിടെയും സംഭവിച്ചു. കുട്ടപ്പന്‍ നാട്ടിലായിരുന്നപ്പോള്‍ അളിയനും പെങ്ങളും എത്ര സ്‌നേഹപൂര്‍വ്വമാണ് കത്തുകളില്‍ കൂടി കുട്ടപ്പനെ അന്വേഷിച്ചുകൊണ്ടിരുന്നത്. അളിയനറിയാതെ പെങ്ങള്‍ വല്ലപ്പോഴും കുട്ടപ്പനു 25, 20, 50 ഡോളര്‍ അയച്ചുകൊടുക്കുമായിരുന്നു. അതുപോലെ പെങ്ങളും അളിയനും നാട്ടില്‍ വരുമ്പോള്‍ കുട്ടപ്പന്‍ കാറുമായി എയര്‍പ്പോട്ടില്‍ കാത്തു നില്‍ക്കുന്നു. അവധിക്കാലത്ത് അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും കുട്ടപ്പന്‍ തയ്യാര്‍. കുട്ടപ്പനു റേബാന്‍ ഗ്ലാസ്, പെര്‍ഫ്യൂസ്, വാച്ച്, തുണിത്തരങ്ങള്‍ എല്ലാം കിട്ടുന്നു. എന്തൊരു സ്‌നേഹം.

ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയ ആദ്യനാളുകളില്‍ വലിയ കുഴപ്പമൊന്നും ഉണ്ടായില്ല. കുട്ടപ്പനു ഇഷ്ടമുള്ളപ്പോള്‍ എഴുന്നേറ്റാല്‍ മതി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുവരുന്ന ചേച്ചി ദോശയോ, ഉപ്പുമാവോ എന്തെങ്കിലുമൊക്കെ രാവിലെ ഉണ്ടാക്കികൊടുക്കും. പിന്നെ ഉച്ചവരെ ടി.വി.കാണൂ. നല്ല ശാപ്പാടു ഉച്ചയ്ക്കു തട്ടിയിട്ട് പള്ളിയുറക്കം. പിന്നെ വൈകീട്ട് അത്യുഗ്രന്‍ ശാപ്പാട്. കുഴപ്പമില്ല അമേരിക്കന്‍ ജീവിതം. പക്ഷേ രണ്ടുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ ചേച്ചി വന്നപാടെ കേറിക്കിടന്നുറക്കമാണ്. എഴുന്നേല്‍ക്കുമ്പോള്‍ പറയും ഇന്നലെ രാത്രി വളരെ ബിസിയായിരുന്നു. 8 മണിക്കൂറും ഓട്ടമായിരുന്നു എന്നൊക്കെ. എന്നും ബിസ്സിയായിരിക്കയില്ലെന്ന് കുട്ടപ്പനു നന്നായറിയാം. ഈ മാറ്റത്തിന്റെ പിന്നില്‍ അളിയന്റെ കറുത്തകൈയ്യുണ്ടെന്ന് കുട്ടപ്പന്‍ സംശയിക്കുന്നു. കൂടാതെ കുട്ടപ്പനു ചെറിയ ഒരു ജോലി കിട്ടി. അതിന്റെ ഇടയില്‍ ഗാര്‍ബേജ് എടുത്തുവെയ്ക്കണം കുളിമുറി കഴുകാന്‍ അളിയനെ സഹായ്ക്കണം. പുല്ലുവെട്ടണം, വാക്യൂം ചെയ്യണം. എന്നുവേണ്ട എല്ലാത്തരം ഹീന പ്രവര്‍ത്തികളിലും അളിയനെ സഹായിക്കണം. അതോടെ അമേരിക്കന്‍ ജീവിതത്തെ കുട്ടപ്പന്‍ വെറുക്കാന്‍ തുടങ്ങി.

നാട്ടിലും കുട്ടപ്പന്‍ അല്പം സുഖിച്ചു വളര്‍ന്നതാണ്. വീട്ടിലെ ഇളയ സന്താനമായതുകൊണ്ട് മൂത്ത പിള്ളേരെപ്പോലെ കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. കുട്ടപ്പനു അിറവായപ്പോഴേയ്ക്കും മൂത്തവരൊക്കെ പട്ടാളത്തിലും, നേഴ്‌സിംഗിനും, ഗള്‍ഫിലുമൊക്കെയായി. വീട്ടിലെ തടസ്സം നീങ്ങി. അവിടെ കുട്ടപ്പന്‍ തഴച്ചുവളര്‍ന്നു. മുത്തവന്‍ അയച്ചു തരുന്ന പൈസയൊക്കെ ചിലവാക്കുക എന്നതായിരുന്നു കുട്ടപ്പന്റെ പ്രധാന ജോലി.

അങ്ങനെ അമേരിക്കയില്‍ വേനല്‍ക്കാലമായി. അളിയനും പെങ്ങളും ബാക്യാര്‍ഡില്‍ കൃഷിപ്പണികള്‍ തുടങ്ങി. ചാണകവും കുമ്മായവും ഒക്കെ നിരത്തി ഉഗ്രന്‍ പണി. കുട്ടപ്പന്‍ കൗച്ചില്‍ സുഖമായിരുന്നു ടി.വി. കാണുന്നു. ചേച്ചി കുട്ടപ്പനെ സമീപിച്ചു. പറഞ്ഞു മോനെ കുട്ടപ്പാ നീ ഇങ്ങനെ ഇരിക്കാതെ അളിയനെ ചെന്നു സഹായിച്ചേ, നമ്മളെല്ലാവരും കൂടിയല്ലേ ഇതൊക്കെ ഉണ്ടായാല്‍ കഴിക്കാന്‍ പോകുന്നത്. കുട്ടപ്പനു തോന്നി പെങ്ങളെ അളിയന്‍ പറഞ്ഞുവിട്ടതാണെന്ന്. കുട്ടപ്പന്‍ പറഞ്ഞു എന്റെ പൊന്നു പെങ്ങളെ, ഈ കൂന്താലി എടുത്തു കിളയ്ക്കാനണെങ്കില്‍ ഞാന്‍ നാട്ടില്‍ കിടന്നേനെ ഈ അമേരിക്കയില്‍ വന്നിട്ടു വേണോ കിളക്കാന്‍. കൂടാതെ ആര്‍ക്കു വേണം ഈ കൈപ്പന്‍ പാവയ്ക്കായും, പടവലങ്ങയും. ഞാന്‍ വല്ല ഹാംബര്‍ഗറോ, പിസ്സായോ തിന്നോളാം. ഇങ്ങോട്ടു വന്നത് അല്പം സുഖിക്കാനാണ്. അളിയനെ സഹായിക്കാത്തതില്‍ കുട്ടപ്പനെ പെങ്ങളും വെറുത്തു. പിന്നെ ശീതസമരമായിരുന്നു. ശനിയാഴ്ച രാവിലെ കുട്ടപ്പന്‍ പുറത്തിറങ്ങുന്നു. ചിലപ്പോള്‍ ഞായറാഴ്ച വൈകുന്നതുവരെ കൂട്ടുകാരുടെ കൂട്ടത്തില്‍ കൂടുന്നു. ഒരു കാര്യത്തിനും അളിയനും യാതൊരു ഉപകാരവുമില്ലാതായി വന്നു. കിടപ്പുമാത്രമായി പെങ്ങളുടെ വീട്ടില്‍. കൂടാതെ മലയാളികളില്‍ ചില സമുദായ നേതാക്കള്‍ കുട്ടപ്പനു ശരിക്കുള്ള ഉപദേശങ്ങളും ഇടയ്ക്കിടെ ഉദാരമായി സംഭാവന ചെയ്തുകൊണ്ടിരുന്നു.

അങ്ങിനെ ഒരു വീട്ടിലാണു താമസമെങ്കിലും മനസ്സുകൊണ്ടു വളരെ അകന്നു കഴിഞ്ഞു. അളിയന്‍ ബാക്യാര്‍ഡില്‍ കൃഷികളുടെ ഇടയില്‍ ധാരാളം സമയം ചിലവഴിക്കുന്നതു കൃഷ്യിലുള്ള താല്പര്യം കൊണ്ടല്ലന്നും അയല്‍ വീട്ടിലെ ചെറുപ്പക്കാരിയായ മദാമ്മ നാമമാത്രമായ വസ്ത്രങ്ങളുമായി അവരുടെ ബാക്യാര്‍ഡില്‍ വെയില്‍ കായുന്നതിനു കിടക്കുന്നതു കാണാനാണെന്ന് കുട്ടപ്പന്‍ ചേച്ചിയെ പറഞ്ഞു ധരിപ്പിച്ചു. അതിനുശേഷം പെങ്ങള്‍, അളിയനെതന്നെ കൃഷിപ്പണിക്കു ബാക്യാര്‍ഡില്‍ ഒറ്റയ്ക്കു വിട്ടിട്ടില്ല. തന്റെ നയനസുഖം നശിപ്പിച്ച കുട്ടപ്പനോട് അളിയനു അടങ്ങാത്ത അമര്‍ഷമുണ്ടായി. കുട്ടപ്പന്‍ തനിയെ ബയിസ്‌മെന്റില്‍ ഇരുന്നപ്പോള്‍, അളിയന്‍ കാലേ കൂട്ടി 20 ഡോളര്‍ ബില്‍ തറയില്‍ക്കൊണ്ടിട്ടിരുന്നതും, കുട്ടപ്പന്‍ ചുറ്റിലും നോക്കി ആള്‍ക്കാരാരുമില്ലെന്നു തിട്ടം വരുത്തി കാലിന്റെ പെരുവിരലിന്റെ ഇടയില്‍ ഇറുക്കി നോട്ടു പോക്കറ്റിലാക്കിയതും, അതു പെങ്ങളെ ഒളിപ്പിച്ചുനിര്‍ത്തി കാണിച്ചതുമൊക്കെ വൈരാഗ്യത്തിന് ആഴമേറ്റി.

അവസാനത്തെ സംഭവം. അളിയനും കുടുംബവും ഷിക്കോഗോയ്ക്ക് രണ്ടാഴ്ചത്തെ അവധിക്കു പോയപ്പോള്‍ കുട്ടപ്പനെ വീടും കൃഷിയും നോക്കാനേല്‍പിച്ചിരുന്നു. അളിയനും കുടുംബവും പോയതക്കത്തിനു കുട്ടപ്പന്‍ കൂട്ടുകാരെ എല്ലാം വിളിച്ചു വീട്ടില്‍ കുടിയും തീനുമായി സുഖിച്ചു കഴിഞ്ഞു. പറഞ്ഞതിനു രണ്ടുദിവസം മുമ്പ് അളിയന്‍ മടങ്ങിവന്നപ്പോള്‍ കണ്ടകാഴ്ച, പുല്ലുവെട്ടിയിട്ടില്ല, വീടിനകത്ത് ഗാര്‍ബേജ് നിറഞ്ഞുകവിഞ്ഞു, ചീഞ്ഞ നാറ്റം, ഈച്ചകള്‍ ഹുംങ്കാരത്തോടെ പറന്നു നടക്കുന്നു. ബാക്യാര്‍ഡില്‍ ചെന്ന അളിയന്‍ തന്റെ ശുഷ്‌ക്കിച്ചു കരിഞ്ഞ പടവലങ്ങയെ കെട്ടിപ്പിടിച്ചു കരഞ്ഞു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. പിറ്റേദിവസം ഉറക്കച്ചടവോടെ കയറിവന്ന കുട്ടപ്പന്റെ നാട്ടില്‍ നിന്നും കൊണ്ടുവന്ന തകരപ്പെട്ടി എടുത്തു കൊടുത്തിട്ട് പൊന്നളിയന്‍ പറഞ്ഞു. ഇനി നീ ഇവിടെ താമസിക്കേണ്ട. ഇവിടെ അടുത്ത് അളിയന്റെ ഒരു ബെയ്‌സ്‌മെന്റ് തയ്യാറാക്കി കിടപ്പുണ്ട് . ഉടനെ അങ്ങോട്ടു പറഞ്ഞുവിടുകയും ചെയ്തു. അതില്‍പിന്നെ അളിയനും പെങ്ങളും കുട്ടിയമ്മ വന്നതിനുശേഷമാണ് കുട്ടപ്പന്‍ വീട്ടില്‍ കാലുകുത്തുന്നത്. കുട്ടിയമ്മയ്ക്ക് ഈ മഹാരഹസ്യമൊന്നുമറിയത്തില്ല. അതുകൊണ്ട് കുട്ടപ്പന്‍ വെട്ടിലുമായി. എങ്ങനെ പടവലങ്ങ ചോദിക്കും. പടവലങ്ങ കൊണ്ടുവന്നില്ലെങ്കില്‍ തന്റെ പുരുഷത്വമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇനി ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ, മോഷ്ടിക്കുക. നാട്ടിലും അല്ലറ ചില്ലറ മോഷണങ്ങള്‍ നടത്തിയിട്ടുണ്ട് കുട്ടപ്പന്‍. അത് സ്വന്തം അപ്പന്റെ വകയായിരുന്നു. അത് പെങ്ങളുടെ വക. അതും കുട്ടപ്പനു കൂടി അവകാശപ്പെട്ടതല്ലേ. അല്ലെങ്കില്‍തന്നെ ജീവിതത്തില്‍ എന്തെങ്കിലും മോഷ്ടിക്കാത്തവരായി ആരുണ്ട്. ആരുമില്ല. പിന്നെ ഗര്‍ഭിണിയുടെ ആഗ്രഹപൂര്‍ത്തിക്കായി രണ്ടു പടവലങ്ങ മോഷ്ടിക്കുന്നതില്‍ ഒരു തെറ്റുമില്ല.

കുട്ടപ്പന്‍ പതിയെ എഴുന്നേറ്റു. കുട്ടിയമ്മ നല്ല ഉറക്കമാണ്. അവള്‍ നാളെ നേരം വെളുക്കുമ്പോള്‍ കണി കാണുന്നത് അളിയന്റെ പടവലങ്ങയായിരിക്കും. അപ്പോള്‍ അവളുടെ മുഖത്തുണ്ടാകുന്ന ഭാവഭേദങ്ങള്‍ എന്തായിരിക്കും. സ്വന്തം ഭര്‍ത്താവിന്റെ കഴിവില്‍ അവള്‍ അഭിമാനംകൊള്ളും. പടവലങ്ങയും മീനും കൂട്ടി ഊണു കഴിച്ച് സംതൃപ്തയാകുമ്പോള്‍ ഒരു പക്ഷേ കുട്ടിയമ്മയ്ക്ക് ഒരു വര്‍ഷത്തേയ്ക്കു ചിലപ്പോള്‍ തലവേദന ഉണ്ടായില്ലെന്നും വരാം. മോഷണത്തിനുള്ള സാമഗ്രികള്‍ അടുപ്പിക്കുക. മുഖംമൂടി വേണം. കഴിഞ്ഞ ഹലോവിനു വാങ്ങിയ ഡ്രാക്കുള മാസ്‌ക്കും ഗൗണും ധരിച്ചു. കുട്ടിയമ്മ നാട്ടില്‍ നിന്നും ഉണക്കകപ്പ കൊണ്ടു വന്ന കുട്ടിചാക്കെടുത്ത് അരയില്‍ കെട്ടി. ഹൈറേഞ്ചില്‍ കുരുമുളകു പറക്കാന്‍ പോകുന്ന ജോലിക്കാരെപ്പോലെ ഒരു നല്ല കത്തിയെടുത്തു. പിന്നെ ഫ്‌ളാഷ് ലൈറ്റ്, സ്‌നോ ബൂട്ട്, ചിന്നം പിന്നം മഴപെയ്യുന്നുണ്ട്. രാത്രി 2മണി. ഇത്രയും സാഹചര്യം ഇനി ഒത്തു എന്നു വരില്ല. പതിയെ അളിയന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു. വഴിയില്‍ ഒരൊറ്റ മനുഷ്യജീവിയില്ല. മഴയും വെളുപ്പാന്‍ കാലവുമായി. സുഖനിദ്രയിലാണ്. വീടിനു മുന്‍പില്‍ കുട്ടപ്പന്‍ അല്പനേരം നിന്നു. ഒരീച്ചപോലും അനങ്ങുന്നില്ല. എല്ലാം ഭദ്രം. പതിയെ ബാക്യാര്‍ഡിലേയ്ക്ക് ഊര്‍ന്നിറങ്ങി. വഴിവിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ അതാ വടിവൊത്ത് നീണ്ടുനിവര്‍ന്നു രണ്ടു പടവിലങ്ങാ കിടക്കുന്നു. വേഗം തന്നെ അതറുത്തെടുത്ത് ചാക്കിലാക്കി അപ്പോഴുണ്ട് പാവയ്ക്കാ, വെണ്ടയ്ക്കാ, പച്ചമുളക്, വഴുതനങ്ങ, റ്റൊമ്മാറ്റോ എല്ലാം തന്നെ കൈയ്യെത്തുന്ന ദൂരത്തില്‍ നില്‍ക്കുന്നു. ഏതായാലും മിനക്കെട്ടിറങ്ങി പച്ചമുളകിനൊക്കെ ഇന്‍ഡ്യന്‍ കടയിലെന്നാവില കുറച്ചതു പറിക്കാം. ഇനി ഒരു പക്ഷെ രണ്ടുദിവസം കഴിയുമ്പോള്‍ കുട്ടിയമ്മ വെണ്ടയ്ക്കാ വേണമെന്നാണു പറയുന്നതെങ്കിലോ അതോ വഴുതനങ്ങ വേണമെന്നാണു ആഗ്രഹിക്കുന്നതെങ്കിലോ അവള്‍ മരത്തേല്‍കാണുമ്പോള്‍ മനസ്സില്‍ കാണുന്നതാണു ബുദ്ധി. കുട്ടപ്പന്‍ ധൃതിയില്‍ സാധനങ്ങള്‍ ചാക്കിലാക്കി.

പെട്ടെന്ന് പുറകില്‍ ഒരു മുരളല്‍. ആദ്യം അത്ര കാര്യമാക്കിയില്ല. മുരളല്‍ കൂടിക്കൂടി വന്നു. കുട്ടപ്പന്‍ തിരിഞ്ഞുനോക്കി. എന്റമ്മോ കരടിയുടെ വലിപ്പമുള്ള ഒരു കറുത്ത പട്ടി. അവന്റെ തിളങ്ങുന്ന കണ്ണുകളും കൂര്‍ത്ത അസ്ത്രംപോലെയുള്ള പല്ലുകളും കണ്ടപ്പോള്‍ കുട്ടപ്പനു മൂത്രശങ്കയുണ്ടായി. അറിയാതെ പാന്റില്‍ അതു നടക്കുകയും ചെയ്തു. ഇനി മോഷ്ടിക്കാന്‍ പോകുമ്പോള്‍ ഒരു ഡയപ്പര്‍ കൂടി ഉടുത്തുകൊണ്ടുവേണം പോകാന്‍. കുട്ടപ്പനു തോന്നി. പട്ടിയുടെ കണ്ണില്‍തന്നെ നോക്കിക്കൊണ്ട് കുട്ടപ്പന്‍ പതിയെ ഓരോ കാലടികള്‍ പുറകോട്ടു വയ്ക്കാന്‍ തുടങ്ങി. ഈ മുഖം മൂടിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ മുഖഛായകൊണ്ട് ബന്ധുവാണെന്നെങ്കിലും പട്ടി മനസ്സിലാക്കിയേനെ. അളിയന്റെ വീട്ടില്‍ ഇങ്ങനെ ഒരു പട്ടിയുള്ളതായി ആരും പറഞ്ഞുകേട്ടുമില്ല. നാട്ടില്‍ വച്ചു കുട്ടപ്പന്‍ പട്ടികളെ ഓടിച്ചിട്ടേയുള്ളൂ. ഒരൊറ്റ പട്ടിപോലും കുട്ടപ്പനെ ഓടിച്ചിട്ടില്ല. ഇതു നാടല്ലല്ലോ.
പുറകോട്ടു നടന്ന കുട്ടപ്പന്‍ എന്തിലോ തട്ടി വീണു. വീണതും ഇടത്തെ കാലിന്റെ ചെറുവണ്ണയില്‍ പട്ടി പിടിച്ചതും ഒന്നിച്ചായിരുന്നു. വെളിയിലത്തെ ബഹളമെല്ലാം കേട്ട് വീടിനകത്തു ലൈറ്റു തെളിഞ്ഞു. ബാക്യാര്‍ഡിലെ ശക്തികൂടിയ ലൈറ്റും തെളിഞ്ഞു. ആരോ കള്ളന്‍ എന്നു പറയുന്നതും കോള്‍ 911 എന്നു പറയുന്നതും വ്യക്തമായി കേട്ടു. പെങ്ങളുടെ സ്വരം കേള്‍ക്കുന്നു. അങ്ങകലെ നിന്നെന്നപോലെ. അവന്റെ കൈയ്യില്‍ കത്തിയുണ്ട്. നിങ്ങള്‍ വെളിയില്‍ ഇറങ്ങണ്ട. കഴിഞ്ഞ ആഴ്ച അറ്റ്‌ലാന്റിക് ബാങ്കിലും ഇതുപോലൊരു മുഖം മൂടി കയറിയിരുന്നു. മലയാളികളുടെ വീട്ടില്‍ സ്വര്‍ണ്ണമുണ്ടെന്നു കേട്ടു വന്നതായിര്കും. ഏതായാലും പട്ടിയെ വളര്‍ത്താന്‍ ബുദ്ധി തോന്നിയത് നന്നായി.

നിമിഷങ്ങള്‍ക്കകം പോലീസ് കാര്‍ രണ്ടെണ്ണം ഒരു ഫയര്‍ ഒരു ആംബുലന്‍സ് എല്ലാം കൂടി കൂകി വിളിച്ച് നാട്ടുകാരെ മൊത്തം ഉണര്‍ത്തിക്കൊണ്ട് അളിയന്റെ വീടിനു മുമ്പില്‍ വന്നു നിന്നു. തോക്കിന്റെ കാഞ്ചിയില്‍ കൈവച്ചുകൊണ്ടു പോലീസുകാര്‍ ചോദിക്കുന്നു.

അളിയനും പിള്ളേരും പെങ്ങളും ഒരു കോറസിന്റെ സ്വരത്തില്‍ പറയുന്നു. പെങ്ങളെ ഇതു ഞാനാണ് കുട്ടപ്പന്‍, എന്നു പറയാനാഗ്രഹിച്ചു എങ്കിലും നാക്കു വഴങ്ങാത്തതുകൊണ്ട് ശബ്ദം പുറത്തേയ്ക്കു വന്നില്ല.
രണ്ടു പോലീസുകാര്‍ ഊരിപ്പിടിച്ച തോക്കുമായി ബാക്യാര്‍ഡിലേയ്ക്കു പ്രവേശിച്ചു. ഫ്രീസ് എന്നട്ടഹസിച്ചുകൊണ്ട്. കുട്ടപ്പന്‍ ഈ ബഹളമെല്ലാംകൊണ്ട് ഫ്രോസണ്‍ ആയിക്കഴിഞ്ഞിരുന്നു പിന്നെന്തൂട്ട് ഫ്രീസ്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാല്‍ തീപിടുത്തമോ, കൊലപാതകമോ ഭാര്യാ മര്‍ദ്ദനമോ എന്താണെന്നറിയാന്‍ മലയാളികളും ഒരു നല്ല സംഖ്യ തിങ്ങിക്കൂടിയിരുന്നു. ടി.വി.യിലെ ഗുസ്തിയില്‍ ചില മുഖം മൂടികളെ കാണാറുണ്ടല്ലോ എതിരാളി ഇടിച്ചു വീഴിച്ചു മുഖം മൂടി വലിച്ചു മാറ്റുന്ന ആ രംഗം കാണാനായി കാണികള്‍, മലയാളികള്‍ ആകാംക്ഷയോടെ നില്‍ക്കുന്നു. അവസാനം പോലീസ് മുഖംമൂടി വലിച്ചൂരുന്നു. ഒരിളിഭ്യ ചിരിയോടെ കുട്ടപ്പന്‍ കിടന്നു. അല്ല ഇതു നമ്മുടെ കുട്ടപ്പനല്ലേ എന്ന് പെങ്ങള്‍ പറഞ്ഞതും പിള്ളേര്‍ അങ്കിള്‍ എന്നു വിളിച്ചതും ഒന്നിച്ചായിരുന്നു.

പോലീസുകാരില്‍ ഒരുത്തന്‍ അളിയനോടു ചോദിക്കുന്നു ഇവനെ നിങ്ങള്‍ അറിയുമോ. അളിയന്‍ പറഞ്ഞു ഇവനെ അറിയില്ല. പക്ഷേ ഇവന്റെ വീട്ടിലുള്ള പലരേയും അറിയും. അവരൊക്കെ വളരെ ഡീസന്റ് ഉള്ളവര്‍. ഇവനെങ്ങനെ ഇരപ്പാളിയായെന്നറിയില്ല. അതിനിടയില്‍ കുട്ടപ്പന്റെ ചാക്കിലെ ജംഗമ വസ്തുക്കള്‍ പോലീസ് തിരഞ്ഞു. കാര്യമായിട്ടൊന്നുമില്ലെന്നു മനസ്സിലായി. കൂടാതെ ചാര്‍ജ്ജ് പ്രസ് ചെയ്യുന്നില്ലെന്നും മനസ്സിലായതോടെ പോലീസ് സ്ഥലം വിട്ടു.

പെങ്ങള്‍ പടവലത്തിലേയ്ക്ക് നോക്കിയിട്ട് വിലപിച്ചു. അയ്യോ വിത്തിനിട്ടിരുന്ന പടവലങ്ങ നീ പറച്ചല്ലോ ദുഷ്ടാ. പെങ്ങളെ പട്ടി, പട്ടി എന്നു പറഞ്ഞപ്പോഴാണ് അപ്പോഴും കുട്ടപ്പന്റെ കാല് പട്ടിയുടെ വായിലാണെന്നു അളിയന്‍ കാണുന്നത്. കീറിയ പാന്റിന്റെ ഇടയില്‍ കൂടി കുടുകൂടാ രക്തമൊഴുകുന്നു. ഉടനെ ആംബുലന്‍സില്‍ കയറ്റി കുട്ടപ്പനെ എമര്‍ജന്‍സി റൂമിലെത്തിച്ചു. പട
ലങ്ങ പോയതും പോരാഞ്ഞ് കുട്ടപ്പനു കൂട്ടിരിക്കേണ്ട ഗതികേടിനെയോര്‍ത്ത് അളിയന്‍ പല്ലുകടിച്ചു.

ഭാര്യയുടെ ആഗ്രഹസഫലീകരണത്തിനങ്ങിയതിന്റെ പ്രതിഫലമായി 26 കുത്തികെട്ടും മാനഹാനിയും ഫലം. കൊച്ചു വെളുപ്പാന്‍ കാലത്ത് ഡോര്‍ ബെല്ലിന്റെ ശബ്ദംകേട്ട് വാതില്‍ തുറന്ന കുട്ടിയമ്മയുടെ മുമ്പിലേയ്ക്ക് ആംബുലന്‍സില്‍ നിന്ന് ക്രച്ചസും കാലില്‍ വെച്ചുകെട്ടുമായി ചാടി ചാടി ചെന്ന കുട്ടപ്പനെ കണ്ട് കുട്ടിയമ്മ അന്തംവിട്ടുനിന്നു.
ഓണച്ചിരി: അളിയന്റെ പടവലങ്ങ-ജോസ് ചെരിപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക