Image

പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം - അഡ്വ: രതീദേവി (ജയന്‍ കെ.സി.യുടെ കവിതകളെപറ്റിയുള്ള പഠനം)

അഡ്വ: രതീദേവി ചിക്കാഗോ Published on 24 November, 2012
പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം - അഡ്വ: രതീദേവി (ജയന്‍  കെ.സി.യുടെ  കവിതകളെപറ്റിയുള്ള പഠനം)
മലയാള സാഹിത്യത്തിലെ ആദ്യ സൈബര്‍ കവിയായ ജയന്‍ ചെറിയാന്റെ കവിതയിലെ ചരിത്രബോധവും ദൈവനിഷേധത്തിന്റെ ആത്മീയതയും അമേരിക്കന്‍ പെണ്‍പ്രവാസത്തില്‍ ജയന്റെ രചനകള്‍ മാത്രമാണ് എന്നെ മുറിവേല്‍പ്പിച്ചിട്ടുള്ളത്. ജയന്റെ കവിതയില്‍ സജീവമാകുന്ന ചരിത്രത്തിന്റെ ദുരന്തകാഴ്ചകള്‍ എന്റെ ബോധ കോശങ്ങളിലേക്ക് ബുള്‍ഡോസറായി ഇടിച്ചുകയറി- അവ ചിതറിയ ചരിത്രത്തിന്റെ കോളാഷായി സാമ്രാജ്വത്വത്തിന്റെ കൊടുംക്രൂരതയുടെ സചേതന ഓര്‍മ്മയ്ക്കായി വീണ്ടും വീണ്ടും പരിക്കേല്‍പ്പിക്കുന്നു.

ആസുരമായ വര്‍ത്തമാനകാല അവസ്ഥകളോട് സര്‍ഗ്ഗാത്മകമായി ക്ഷോഭിക്കുമ്പോഴാണ് ആ രചന ചലനാത്മകമായി മാറുന്നത്. മനുഷ്യരാശിയുടെ ബോധമണ്ഡലത്തില്‍ നിരന്തരമായി സംഭവിക്കുന്ന പരിണാമവും അതിന്റെ സാംസ്‌ക്കാരിക ചരിത്രവും ഖനനം ചെയ്യുന്ന ഒരു മനസ്സില്‍ നേട്ടങ്ങളില്‍ മറഞ്ഞിരിക്കുന്ന നഷ്ടം ഒരുവ്യഥയായി മാറുന്നു- ഈ വ്യഥ വ്യക്തിയെ, ജീവിതത്തെ-ചരിത്രത്തെ എല്ലാം തന്നെ മാനുഷിക ബോധത്തില്‍ നിന്ന് നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്നു. വിശാലമായ നീതിബോധത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെട്ട സമഗ്രമായ ഒരു ദാര്‍ശനികാവബോധവും മൗലികമായ സാംസ്‌കാരിക ചരിത്ര കാഴ്ചപ്പാടുകളുമാണ് ജയന്റെ കവിതകളുടെ ഉള്ളടക്കം.

'യൊ മാമാസ് ലാസ്റ്റ് സപ്പര്‍' റെനീ കോക്‌സ് എന്ന ആര്‍ട്ടിസ്റ്റ് സെല്‍ഫ് പോര്‍ട്രെയിറ്റിലൂടെ സ്വന്തം നഗ്ന ശരീരത്തെ ക്രിസ്തുവെന്ന സ്ത്രീയാക്കി അവതരിപ്പിച്ചു. ഈ പേരില്‍ തന്നെ ഇതിന്റെ കവി കവിതയിലൂടെ പുനരാവിഷ്‌കരിച്ചു.

വെളുത്ത തൊലിനിറത്തിന്റെ ദൈവ സങ്കല്‍പത്തെ റെനീ ഇവിടെ ചോദ്യം ചെയ്യുന്നു. പാശ്ചാത്യ പുരുഷാധിഷ്ഠിത ദൈവത്തിന്റെ ലിംഗത്തിനമപ്പുറമുള്ള പെണ്‍ ദൈവീകതയാണ് റെനി തന്നിലൂടെ അവതരിപ്പിച്ചത്. അത്താഴ വിരുന്നില്‍ നഗ്നമായി ശിഷ്യന്മാരോടൊപ്പം പ്രത്യക്ഷപ്പെടുന്ന കറുത്തസ്ത്രീയാണ് ക്രിസ്തു. റാഡിക്കല്‍ ഫെമിനിസം, സ്‌ത്രൈണ ലൈംഗികത, രാഷ്ട്രീയ സ്വവര്‍ഗ്ഗ ബന്ധത്തിന്റെ രാഷ്ട്രീയം, വിമോചന ദൈവശാസ്ത്രം, സ്ത്രീ ശരീരത്തിന്റെ സ്വയം നിര്‍ണ്ണയാവകാശം, സ്ത്രീ ശരീരത്തന്റെ രാഷ്ട്രീയം തുടങ്ങിയ ഒട്ടനവധി സ്ത്രീ കേന്ദ്രീകൃത സിദ്ധാന്തങ്ങളുമായി ജയന്റെ കവിത ഇണചേര്‍ന്നു കിടക്കുന്നു. സ്വന്തം ശരീരത്തെ സ്വയം ആവിഷ്‌ക്കരിയ്ക്കാനുള്ള സ്വാതന്ത്ര്യം 1960 ല്‍ രൂപപ്പെട്ട റാഡിക്കല്‍ ഫെമിനിസ്റ്റ് കാഴ്ചപ്പാടാണ്. അവള്‍ അനുഭവിക്കുന്ന ലൈംഗികാനാഭൂതിപോലെയുള്ള സ്വകീയനുഭവങ്ങളെ, സ്വന്തം രചനയിലൂടെ ആവിഷ്‌കരിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്റെ ഉത്പന്നമാണ് റെനിയുടെ ഈ സെല്‍ഫ് പോര്‍ട്രെയ്റ്റ്.

യൊ മാമാസ് ലാസ്റ്റ് സപ്പര്‍ (poem by Jayan KC)

(ഭക്ത്യാദരങ്ങളോടെ റെനീ കോക്സ്സിന്)

രക്തവും മാംസവും
പങ്കു വയ്ക്കപ്പെടുന്ന
ഈ രാത്രിക്ക്
വസ്ത്രങ്ങളില്ല.

നിന്റെ
റസ്തഫാരിയന്‍
ജടയിലൂടെ
ഊറിയിറങ്ങുന്ന
ദയ

കൃഷ്ണമണികളില്‍
മിന്നിയുണരുന്ന
പ്രകാശത്തിന്റെ
ഉടല്‍
തീന്‍മേശയിലേക്ക്
ദാഹമായ്
ചുരന്നിറങ്ങുന്ന
മുലകള്‍.
അരക്കെട്ടി-
ലാര്‍ത്തു വളരുന്ന
ഉര്‍വ്വരതയുടെ
കാന്താര നീഗ്രിമ.

ഒലിവെണ്ണയുടെ
നിറമുള്ള
തൊലിയില്‍
സ്വര്‍ഗ്ഗീയ
മേഘങ്ങളുടെ
വെള്ളിടി…
ഭൂമിയുടെ
എണ്‍പത്തിനാലുലക്ഷം
യോനികളിലൂടെ
വിങ്ങി വിയര്‍ത്ത്
മഹാദേവിഅക്ക
തലനീട്ടുന്നു
മുടിനദികള്‍
സൂര്യനിലേക്കൊഴുകുന്നു.
മുലനദികള്‍
ക്ഷീരപഥത്തിലേക്ക്…

പന്തിയില്‍
വിശപ്പിന്റെ
പന്ത്രണ്ട്
ഇരകള്‍
യൂദാസ്സിന്റെ
വെള്ളമുഖംമൂടിക്ക്
തൊട്ടുപിന്നില്‍
എന്റെ കര്‍ത്താവും
ദൈവവുമായുള്ളവളേ
നിന്റെ
മാംസത്തില്‍
കണ്ണുകളാഴ്ത്തി
ഞാന്‍ ….

പ്രശസ്ത ബ്ലാക് അമേരിക്കന്‍ ഫൊട്ടോഗ്രാഫറായ റെനീ കോക്സ്സിന്റെ ഒരു വിവാദ രചന. ക്രിസ്തുവിന്റെ അന്ത്യ അത്താഴം ചിത്രീകരിക്കുന്ന ഈ കൂറ്റന്‍ ഫോട്ടോഗ്രാഫില്‍ പന്ത്രണ്ട് കറുത്ത ശിഷ്യന്മാര്‍ക്ക് നടുവില്‍ ക്രിസ്തുവിനെ നഗ്നയായ ഒരു നീഗ്രൊ യുവതിയായി ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തില്‍ നഗനക്രിസ്തുവായി പ്രത്യക്ഷപ്പെടുന്നത് റെനീ കോക്സ്സ് തന്നെയാണ്. യൂദാസിനെ വെള്ളക്കാരനായും ചിത്രീകരിച്ചിരിക്കുന്നു. (ബ്രൂക്കിളിന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ഫെബ്രുവരി 2001).
(തുടരും…)
പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം - അഡ്വ: രതീദേവി (ജയന്‍  കെ.സി.യുടെ  കവിതകളെപറ്റിയുള്ള പഠനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക