Image

ശതാവരിയുടെ വേരു തേടുന്നവര്‍ (കഥ ; ഷോളി കുമ്പിളുവേലി)

(ഇ മലയാളി എക്‌സ്‌ക്ലൂസീവ്‌) Published on 23 July, 2013
ശതാവരിയുടെ വേരു തേടുന്നവര്‍ (കഥ ; ഷോളി കുമ്പിളുവേലി)
നിലാവ് ഇനിയും ഉദിച്ചിട്ടില്ല. സമയം രാത്രി പത്തര കഴിഞ്ഞിരിക്കുന്നു. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് , മഴ പെയ്തിറങ്ങിയ റോഡിലൂടെ മന്ത്രി സുഗുണന്റെ ടൊയോട്ടാ കൊറോള ചീറി പായുന്നു. ബേക്കറി ജംങ്ഷനില്‍ നിന്നും വഴുതക്കാട്ടേക്കു തിരിയുമ്പോള്‍ ഡ്രൈവര്‍ രവി ചോദിച്ചു.

“ സാര്‍ വീട്ടിലേക്കാണോ “

“വീട്ടിലേക്കാണെങ്കില്‍ ചുവന്ന ലൈറ്റു വച്ച വണ്ടിയില്‍ പോയാപ്പോരെ ? നീ ശാസ്തമംഗലത്തിനു വിട്. “ ഉഴറിയ ചിരിയോടെ സുഗുണന്‍ പറഞ്ഞു.

“ സ്റ്റേറ്റുകാറും, പോലീസും ഒന്നും വേണ്ടാന്നു വച്ചപ്പോഴെ എനിക്കു തോന്നി, ഉം……ഒരാഴ്ചയായില്ലേ…..”രവി അര്‍ത്ഥം വച്ചു ചിരിച്ചു.

"എടാ,നമ്മുടെ പൂഞ്ഞാറ്റിലെ അച്ചായന്‍ എന്തു പറയുന്നു. പുതിയ വെടി വല്ലതും പൊട്ടിച്ചോ? "ഒരാഴ്ച നാട്ടിലില്ലായിരുന്നതുകൊണ്ട് കാര്യമായി വാര്‍ത്തകളൊന്നും ശ്രദ്ധിച്ചിട്ടില്ല “. സുഗുണന്‍ വിശേഷങ്ങള്‍ ആരാഞ്ഞു തുടങ്ങി.

"അയാളിപ്പോള്‍ സാറിനെ വിട്ടിട്ട് ആ ഹരിതമ്മാരുടെ പുറകേ കൂടിയിരിക്കകയാ. പിന്നെ അച്ചായന്റെ കൈയില്‍ പുതിയ ഒരു ബോംബ് ഉണ്ടെന്നു പറഞ്ഞു കേള്‍ക്കുന്നു. നമ്മുടേ അടിമാലിക്കാരന്‍ പോളേട്ടന്റെ എന്തോ സി.ഡിയാണെന്നൊക്കെ പലരും പറയുന്നു. ആര്‍ക്കറിയാം സത്യം.“ രവി കൈമലര്‍ത്തിക്കൊണ്ടു പറഞ്ഞു നിര്‍ത്തി.

"ഇയാക്കി്‌തെന്തിന്റ കേടാ, മനുഷ്യനെ സമാധാനത്തോടെ ജീവിക്കാനും സമ്മതിക്കേലേ? ഞാനതുകൊണ്ടാ ഒരാഴ്ച മുംബൈക്കു മുങ്ങിയത്.“

 "സൂക്ഷിച്ചോ; അയാള്‍ക്ക് സാറിനോടു കടുത്ത ശത്രുതയാണ്. പോരെങ്കില്‍ അപ്പന്റെ  പിരികേറ്റലുമുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ അയാളു നമ്മുടെ തലയും കൊണ്ടേ പോകൂ.“

"കരി നാക്കെടുത്ത് ഒന്നും പറയാതെടാ രവീ."  സുഗുണന്‍ ശാസിച്ചു.

വെള്ളയമ്പലത്തുനിന്നും വണ്ടി ശാസ്തമംഗലം റോഡിലേക്ക് തിരിഞ്ഞു.

"ഈ പതിനൊന്നു മണി രാത്രീലും കെ.സി.പി.സി. ഓഫീസിനു മുമ്പില്‍ നല്ല തിരക്കാണല്ലേ" സുഗുണന്‍ ആത്മഗതമെന്നോണം പറഞ്ഞു; “മുഖ്യനെ ചുറ്റിപ്പറ്റി എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്നാ കേള്‍വി. കൂടാതെ നമ്മടെ രാകേഷും കൂട്ടരും പണിയാനും തുടങ്ങിയിട്ടുണ്ട്.. എന്താ സാറേ, കടുംവെട്ടല്ലേ എല്ലാവരും കൂടി നടത്തുന്നത് . സാറിനു പിന്നെ ചക്രം  മാത്രം വേണ്ടല്ലോ. “ രവി പരിഭവപ്പെട്ടു.

എതിരെ വന്ന പോലീസ് ജീപ്പിനു സൈഡു കൊടുക്കുമ്പോള്‍, റോഡിലെ ഗട്ടറില്‍ നിന്നും ചെളിവെള്ളം ശക്തിയായി കാറില്‍ തെറിച്ചു.

 "ഭ; …അവനറിയില്ലാ മന്ത്രിയാണു പോകുന്നതെന്ന്."  സുഗുണന്‍ ദേഷ്യപ്പെട്ടു.

"ഈ പൊതുമരാമത്ത ് മന്ത്രിക്കൊക്കെ എന്തോന്നു പണിയാണു സാറെ ഉള്ളത്. തലസ്ഥാന നഗരത്തിലെ ഈ റോഡുകളെങ്കിലും നന്നാക്കിയിട്ടുകൂടെ?”. രവിക്കും ദേഷ്യം വന്നു.

“പിന്നെ……അയാക്കിതിനാണോ നേരം. അയാളും, അയാളുടെ മൂത്താപ്പയും കൂടി പുതിയ ഒരു ഗ്ലോബല്‍ ഉഡായിപ്പ്  മീറ്റ് സംഘടിപ്പക്കുന്ന തിരക്കിലാണുപോലും. വല്ലതും തടയേണ്ടെ." സുഗുണന്‍ പരിഹാസത്തോടെ പറഞ്ഞു. “അതുപോട്ടെ, സാറിന്റെ  മുംബൈയിലെ  ഷൂട്ടിംഗ് എങ്ങനെയുണ്ടായിരുന്നു. നല്ല വേഷം വല്ലതുമാണോ. ഈമന്ത്രിപ്പണിയുള്ളപ്പോള്‍ പിന്നെ അഭിനയം കൂടി വേണോ ? ”

  "നിനക്കറിയാമല്ലോ ; അതീന്നു കിട്ടുന്ന നക്കാപ്പിച്ച ഓര്‍ത്തിട്ടല്ല ഈ പോകുന്നത്. മുംബൈയിലാകുമ്പോള്‍ ഇതുപോലെ ഒളിച്ചും പാത്തുമൊന്നും പോകേണ്ട. നെയ്യപ്പം തിന്നാല്‍ രണ്ടാ ഗുണം, വയറും നിറയും മീശയും മിനുക്കാം.“

രവി വര്‍ഷങ്ങളായി സുഗുണന്റെ ഡ്രൈവറാണ്. എം.എല്‍.എ യും, മന്ത്രിയും ഒക്കെ ആകുന്നതിനും  മുമ്പേയുള്ള  വിശ്വസ്തന്‍. സ്വകാര്യ രഹസ്യങ്ങള്‍ പോലും അിറയാവുന്ന ഏകവ്യക്തി. കാര്യങ്ങള്‍ അറിഞ്ഞു ചെയ്യുന്നവന്‍.  "നീ മറ്റേത് സംഘടിപ്പിച്ചോ?"  സുഗുണന്‍ ആകാംക്ഷയോടെ ചോദിച്ചു." എനിക്ക് പുറത്തു പോകാന്‍ പറ്റിയില്ല. ഞാന് പങ്കജിലെ മാനേജരെ വിളിച്ചു പറഞ്ഞു. അയാളൊരെണ്ണം കൊടുത്തു വിട്ടു. ആ ഡാഷ് ബോര്‍ഡില്‍ ഇരിപ്പുണ്ട്.“

സുഗുണന്‍ ഷിവാസ് റീഗിളിന്റ കുപ്പി പൊട്ടിച്ച് ഗ്ലാസിലൊഴിച്ച് സിപ് ചെയ്തു തുടങ്ങി.  "ഉം…… ഒരു മൂഡ് വരട്ടെ “ സുഗുണന്‍ രണ്ട് ' നീറ്റ് ' അടിച്ചപ്പോഴേക്കും വണ്ടി ഒരു ഊടുവഴിയിലൂടെ തിരിഞ്ഞ് വലിയൊരു വീടിനു മുന്നിലെത്തി. “  നീ രണ്ടെണ്ണം വിട്ടോണ്ടിരിക്ക്. പിന്നെ പരിസരം വീക്ഷിച്ചോണം. ദേ….പോയി  ദാന്നു ഞാനിങ്ങു വരും. “ ഉത്സാഹത്തോടെ സുഗുണന്‍ സിറ്റൗട്ടിലേക്കു പ്രവേശിച്ചു. കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തേണ്ട താമസം വാതില്‍ തുറന്ന്, മാദകത്വം തുളുമ്പുന്ന യുവതി, മന്ദഹാസത്തോടെ പറഞ്ഞു “ എത്ര നാളായി ഈ വഴിക്കൊക്കെ ; കേറി വാ “ സുഗുണന്‍ വീടിനുള്ളിലേക്കു പ്രവേശിച്ചു. അയാളുടെ കണ്ണുകള്‍ അവളുടെ ശരീരത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി.

"സരളേ , നിന്റെ സോളാറിനു ഈരാത്രിയിലും നല്ല പ്രകാശമാണല്ലോ." കളിയാക്കുകയൊന്നും വേണ്ടാ മോനേ; രാത്രിയില്‍ പ്രകാശിക്കാനുള്ള ഊര്‍ജ്ജം ഞങ്ങള്‍ പകല്‍ സംഭരിക്കും." സരള കൊഞ്ചിത്തുടങ്ങി. "എന്നാല്‍ ആ ഊര്‍ജ്ജമൊന്നു കാണണമല്ലോ" !!  "വാ…കാണിച്ചു തരാം.“ സരള സുഗുണന്റ കൈയില്‍ പിടിച്ചു. സുഗുണന്‍ തിരിച്ചുവരുമ്പോള്‍, രവി നല്ല മയക്കത്തിലായിരുന്നു. "നല്ല ആളെയാ ഞാന്‍ കാവലിരുത്തിയത്, എണീക്ക് വീട്ടില്‍ പോകാം."

വഴുതക്കാടുള്ള സുഗുണന്‍ , വീട്ടിലെത്തുമ്പോള്‍ സമയം രാത്രി് ഒന്നര കഴിഞ്ഞിരുന്നു. അയാളുടെ ഭാര്യ, യമുന അപ്പോഴും ഉറങ്ങിയിരുന്നില്ല. മന്ദസ്മിതവുമായി യമുന ഭര്‍ത്താവിനെ എതിരേറ്റു.   "എന്തേ ഇത്രയും വൈകിയത്.“ "ഓ…. അത് ഒരാഴ്ച കൂടിയല്ലേ ഓഫീസില്‍ പോയത്, ഒത്തിരി ഫയലുണ്ടായിരുന്നു തീര്‍ക്കാന്‍. പിന്നെ; രാത്രിയില്‍ സി. എമ്മിനേയും കാണണമായിരുന്നു. പിള്ളേര് ഉറങ്ങിയോ?“

 "രാഷ്ട്രീയക്കാരുടേ ഭാര്യമാര്‍ ഉറക്കമളച്ചാല്‍ പോരെ ? പിള്ളേരെങ്കിലും ഉരങ്ങട്ടെ“  "നീ ഇന്നു നല്ല മൂഡിലാണല്ലോ?"   "ഒരാഴ്ച കൂടി കാണുന്നതല്ലെ ? നിങ്ങള്‍ക്കു പിന്നെ ഈ വക വിചാരമൊന്നുമില്ലല്ലോ ! എപ്പോഴും മന്ത്രിപ്പണി അല്ലെങ്കില്‍ ഷൂട്ടിംഗ്." യമുന കള്ള പരിഭവത്തോടെ കൊഞ്ചി പറഞ്ഞു. "കുളിച്ചിട്ടു വാ…ഞാന്‍ കഴിക്കാന്‍ എന്തെങ്കിലും എടുക്കാം.“  ഞാന്‍ കഴിച്ചു….ഭയങ്കര ക്ഷീണെ…. കുളിക്കാന്‍പ്പോലും തോന്നുന്നില്ല. ”കോട്ടു വായിട്ടുകൊണ്ട് സുഗുണന്‍ നെടുവീര്‍പ്പിട്ടു. "എന്നാല്‍ ബദാം പാലില്‍ അരച്ച്  ഒരു ഗ്ലാസ് എടുക്കട്ടെ? “

“ നീ കുറെ നാളായി എന്നെ ബദാം കുടിപ്പിക്കുന്നു, എന്തെങ്കിലും പ്രയോജനം ഉണ്ടോ?" "ബദാം അല്ല. നിങ്ങള്‍ക്കു വേണ്ടത് ശതാവരിയാണ്. ശതാവരിയുടെ വേര് അരച്ച് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ നല്ല ഓജസ്സ് കിട്ടുമത്രേ !!! “   “ അതു ശരി, നീ ഇപ്പോള്‍ ലാട വൈദ്യം തുടങ്ങിയോ?“  "എനിക്കു വേണ്ട കാര്യം ഞാന്‍ തന്നെ അന്വേഷിക്കേണ്ടേ?"  കൊഞ്ചലോടെ യമുനയുടെ മറുപടി. “  നമ്മുടെ മന്ത്രി മലപ്പുറം കുട്ടിയില്ലേ, അയാളുടെ ഭാര്യ കഴിഞ്ഞ ദിവസം പറഞ്ഞുതന്നതാ. മൂപ്പര് എന്നും ശതാപരി അരച്ച് തേനില്‍ ചേര്‍ത്ത് കഴിക്കാമെന്ന്.“

"അതാണ് മലബാറില്‍ സ്ത്രീപീഡനങ്ങള്‍  കൂടുന്നത്. “  നീ ഇമ്മാതിരി പൊട്ട വര്‍ത്തമാനമൊന്നും കേള്‍ക്കാന്‍ നില്‍ക്കേണ്ട. “ സുഗുണന്‍ ദേഷ്യപ്പെട്ടു. “ വാ….കിടക്കാം.  യമുന സ്‌നേഹത്തോടെ ഭര്‍ത്താവിന്റെ  കൈയില്‍ പിടിച്ചു.“  "നീ കിടന്നോ ; എനിക്കു ഭയങ്കര ക്ഷീണം. ഞാന്‍ താഴത്തെ മുറിയില്‍ കിടന്നോളാം.“   "നിങ്ങളെ കാത്ത്  ഉറക്കളച്ചിരുന്ന എന്നെ വേണം തല്ലാന്‍ “ യമുന പരിഭവത്തോടെ നിതംബവും കുലുക്കി പടികയറി മുകളിലേക്ക് പോയി. സുഗുണന്‍ രണ്ടു ലാര്‍ജു കൂടി കഴിച്ചിട്ട് തന്റെ മുറിയില്‍ കയറി കതകടച്ചു. ലോകം രാവിലെ ഉണരുന്നത്, കഴിഞ്ഞ രാത്രിയിലെ സരളയുമൊത്തുള്ള തന്റെ കിടപ്പറ രംഗങ്ങള്‍ കണ്ടു കൊണ്ടായിരിക്കുമെന്ന് ' പാവം ' സുഗുണന്‍ സ്വപ്നത്തില്‍പോലും അറിഞ്ഞിട്ടില്ല. സുഗുണന്‍ ഗാഢനിദ്രയിലാണ്.

 ഇനി വരാന്‍ പോകുന്നത് നിദ്രാവിഹീനങ്ങളായ രാത്രികളാണല്ലോ!!
 മതിയാവോളം അയാള്‍ ഉറങ്ങട്ടെ !!!


ശതാവരിയുടെ വേരു തേടുന്നവര്‍ (കഥ ; ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക