Image

കേരളാ ബഡ്ജറ്റും കെ.എം. മാണിയുടെ ചിരിയും- ജോസ് കാടാപുറം

ജോസ് കാടാപുറം Published on 04 February, 2014
കേരളാ ബഡ്ജറ്റും കെ.എം. മാണിയുടെ ചിരിയും- ജോസ് കാടാപുറം
കേരള രാഷ്ട്രീയത്തിലെ നിത്യഹരിത നായകന്‍ എന്ന് ആരെയെങ്കിലും വിളിക്കാമെങ്കില്‍ അത് കെ.എം. മാണിയെന്ന മാണിസാറിനെയാണ്.
മലയാള രാഷ്ട്രീയത്തിലെ പ്രേംനസീര്‍ ആണ് ബഹുമാനപ്പെട്ട മാണിസാര്‍. 5 പതിറ്റാണ്ട് കഴിഞ്ഞ രാഷ്ട്രീയ സപര്യ, നിറവിലുള്ള രാഷ്ട്രീയം മറ്റാര്‍ക്കാണ് കേരള രാഷ്ട്രയത്തിലുള്ളത്? 1965-ല്‍ എം.എം. ജേക്കബിന്റെ ഉപദേശം മാണി സാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ കേരളത്തില്‍ എത്രയോ നേരത്തെ മുഖ്യമന്ത്രിയാകാമായിരുന്നയാളാണ് കെ.എം. മാണി. ഇങ്ങനെയൊക്കെ ഉള്ള മാണിസാര്‍ ബഡ്ജറ്റ് ചര്‍ച്ചയ്ക്കിടെ പുള്ളിയുടെ സ്വതസിദ്ധമായ പുഞ്ചിരിയും ഇഷ്ടം തോന്നുന്ന പെരുമാറ്റവും മാത്രം കൊണ്ട് ബഡ്ജറ്റ് പോലുള്ള ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക രേഖയെ സമീപിക്കുന്നത് അത്ഭുതകരമാണ്.
ഒന്നുകില്‍ കേരളം കണ്ട അപഹാസ്യനായ മുഖ്യമന്ത്രിക്ക് കീഴില്‍ തന്റെ മികവിന്റെ കഴിവ് മുഴുവന്‍ മാണി ബോധപൂര്‍വ്വം എടുത്തിട്ടില്ല. അല്ലെങ്കില്‍ മാണി സാറും മറ്റു യുഡിഎഫ് ധനമന്ത്രിമാരെപ്പോലെ ഉദ്യോഗസ്ഥന്‍ എഴുതി കൊടുക്കുന്നതു വായിക്കുന്ന രീതിയിലേക്ക് മാറി.
എന്തായാലും ബഡ്ജറ്റ് ചര്‍ച്ചകളിലെ മറുപടികളാണ് ഈ ലേഖകനെ ഇങ്ങനെ ചിന്തിപ്പിച്ചത്. ബഡ്ജറ്റ് കണക്കിലെ കസര്‍ത്തുകള്‍ കാണുമ്പോള്‍ മറ്റൊന്നിലേയ്ക്കും പോകുന്നില്ലെയെന്നു  മാണി സാറിനെ ഓര്‍മ്മിപ്പിക്കട്ടെ. അപ്പപ്പോള്‍ മനസ്സില്‍ തോന്നുന്നത് എഴുതി പ്രഖ്യാപിക്കാനുള്ളതല്ല ബഡ്ജറ്റെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

1976 ലാണ് കെ.എം. മാണി ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ചത് അന്നു മുതല്‍ ഇന്നുവരെ ഒരു ധനമന്ത്രിയ്ക്കും മിച്ച ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മാണി സാറിന്റെ ആ സ്വപ്നം പൊലിഞ്ഞുയെന്നു മാത്രമല്ല കേരളചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച ധനമന്ത്രി എന്ന ദുഷ്‌കീര്‍ത്തിയും 2014 ബഡ്ജറ്റിന് ലഭിച്ചു.
വിലക്കയറ്റം കൊണ്ട് കുടുബ ബഡ്ജറ്റ് ആകെ തകരാറിലായിരുന്ന മലയാളികള്‍ക്ക് 1556 കോടിയുടെ അധിക നികുതി അടിച്ചേല്‍പ്പിച്ചത്. സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് തലോടലും ഓട്ടോറിക്ഷാക്കാര്‍ക്ക് തൊഴിയുമാണ് മാണിസാര്‍ നല്‍കിയതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നിയമസഭയില്‍ പറഞ്ഞത് എത്ര വാസ്തവം.

ബഡ്ജറ്റെന്നത് മാണി സാറിന്റെ ലൊട്ടുലൊടുക്ക് വിദ്യയല്ലെന്ന് ഓര്‍ക്കുന്നത് നന്ന്. ജനജീവിതം മെച്ചപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളില്ലാതെ പന്തിരാണ്ടുകൊല്ലം ബഡ്ജറ്റ് അവതരിപ്പിച്ചുയെന്ന് പറയുന്നതില്‍ എന്ത് കാര്യം. മാണി സാര്‍ പ്രേം നസീറിനെ പോലെ മനോഹരമായി ചിരിച്ചു കൊണ്ടിരുന്നാല്‍ സാധനങ്ങളുടെ വില കുറയില്ല. വില കുറയണമെങ്കില്‍ വിപണിയില്‍ നേരിട്ട് ഇടപ്പെടണം. സപ്ലൈകോ ശക്തിപ്പെടണം അതിന് ബഡ്ജറ്റില്‍ പണം കൊള്ളിയ്ക്കണം, അതിന് പകരം  വിപണിയില്‍നിന്ന് പിന്‍മാറി വിലക്കയറ്റത്തെ രൂക്ഷമാക്കാനാണ് ബഡ്ജറ്റ് ശ്രമിക്കുന്നത്.

സംസ്ഥാനം നേരിടുന്ന അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക്  ആയിരം കോടിയുടെ കടപത്രം ഇറക്കാന്‍ പോകുന്നു. ഇങ്ങനെ കടം എടുക്കാന്‍ ഉടന്‍ തന്നെ ട്രഷറി പൂട്ടണമെന്ന് ഉറപ്പ്. ഇതിനോടകം 9800 കോടി കടം സര്‍ക്കാര്‍ എടുത്തു ആയിരം കോടികൂടി എടുക്കുന്നതോടെ കടമെടുപ്പ് 10800 കോടിയിലെത്തും, നികുതിയിലെ ഇടിവും സാമ്പത്തികാസൂത്രണ പരാജയവും, ചെക്ക്‌പോസ്റ്റിലെ കള്ളക്കടത്ത് അനുവദിച്ചതും, വന്‍കിടക്കാര്‍ക്ക് നികുതി ഇളവുകള്‍ നല്‍കിയതും സര്‍ക്കാരിന് മൂലം  കോടികള്‍ നഷ്ടമായി. ആയിരകണക്കിന് യുഡിഎഫ് സ്റ്റേകളാണ് വില്‍പ്പന നികുതിയില്‍ വന്‍കിട കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത്.

ഇപ്പോള്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ 7131 കോടി റവന്യൂകമ്മിയും, 14398 കോടി ധനകമ്മി വരുന്ന ബഡ്ജറ്റാണ് മാണി സാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. 2012-13 ല്‍ 3406 കോടി രൂപാ കമ്മി വരുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ നിയമസഭയില്‍ പറഞ്ഞത് 9351 കോടിയാണ്. പ്രതീക്ഷിച്ച റവന്യൂ വരുമാനം 4132 കോടിയുടെ കുറവ്. അതേ സമയം റവന്യൂ ചെലവ് 1813 കോടി അധികവും. കൂടാതെ കോണ്‍ട്രാക്ടര്‍മാരുടെ ബില്‍ കുടിശ്ശിക 1600 കോടിയെലെത്തി അതുകൊണ്ട് തന്നെ പ്രതിസന്ധി മൂര്‍ച്ഛിക്കും.

കൃഷിയുടെയും അനുബന്ധമേഖലകളിലേയും നിക്ഷേപം 2013-14 ല്‍ 16 ശതമാനം കുറഞ്ഞത്, ഇപ്പോഴത് 17.9 ശതമാനമായി വീണ്ടും കുറഞ്ഞത് മാണി സാറിന്റെ കൃഷിക്കാരോടുള്ള പ്രണയം വെറും വാചകമടി മാത്രമാണെന്ന് ചുരുക്കം.

12 ബഡ്ജറ്റ് അവതരിപ്പിച്ച് മാണിസാറിനെ ബഹുമാനിക്കുമ്പോള്‍ 2014 ബഡ്ജറ്റ് ജനകീയമാണെന്ന് പറയാന്‍ കഴിയില്ല. അമ്പിളിമാമനെ പിടിച്ചു തരാമെന്ന് ബഡ്ജറ്റില്‍ പറയുകയും ബഡ്ജറ്റ് വര്‍ഷം കഴിയുമ്പോള്‍ എല്ലാം വെള്ളത്തില്‍ വരച്ച വര.
ചുരുക്കത്തില്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനം വളരെ കുറവാണെന്ന് ചുരുക്കം. എന്നാല്‍ ആദ്യമായി ഇന്‍ഡ്യയില്‍ കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് മാണി സാറിന്റെ ബഡ്ജറ്റിലാണെന്ന് ഓര്‍ക്കുമ്പോള്‍ കുഞ്ഞുമാണിയില്‍ നിന്നും മാണിസാറിലേയ്ക്കുള്ള യാത്രയില്‍ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാത്ത നേതാവാണ് കെ.എം. മാണിസാര്‍.

ബംഗളാ കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയുടെ നേതാവ് ഇന്ന് ഇന്‍ഡ്യയുടെ ഉന്നതനായ പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയാണെങ്കില്‍ കേരളാ കോണ്‍ഗ്രസ് എന്ന കേരള പാര്‍ട്ടിയുടെ 50 വര്‍ഷത്തെ രാഷ്ട്രീയസപരിയില്‍ എപ്പോഴെ ഒരു മുഖ്യമന്ത്രിയെങ്കിലും ആകേണ്ടിയിരുന്ന ആളാണ് സാക്ഷാല്‍ കേരള രാഷ്ട്രീയ സിനിമയിലെ ഈ പ്രേംനസീര്‍!!!

കേരളാ ബഡ്ജറ്റും കെ.എം. മാണിയുടെ ചിരിയും- ജോസ് കാടാപുറം
Join WhatsApp News
വിദ്യാധരൻ 2014-02-04 05:03:43
"അമ്പിളിമാമനെ പിടിച്ചു തരാമെന്ന് ബഡ്ജറ്റില്‍ പറയുകയും ബഡ്ജറ്റ് വര്‍ഷം കഴിയുമ്പോള്‍"  അമ്പിളിമാമനെ  വെള്ളത്തില്‍ കാണിച്ചു തരികയും ചെയ്യുന്ന മാണി എന്ന് തിരുത്തിയാൽ നന്നായിരുന്നേനെ.  മന്ത്രിമാരുടെ ആഴുമതി കേസുകളും ബലാൽസംഗകേസുകളും നടത്താൻ ബഡ്ജ്ജറ്റിൽ വകുപ്പുണ്ടോ? ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന മാണി. എന്തായാലും കടാപ്പുറത്തിന്റെ നംമ്പറുകൾ മാണിസാറിന്റെ നംമ്പരുകളെ കടത്തി വെട്ടുന്നവയാണ് . ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന മാണി!


RAJAN MATHEW DALLAS 2014-02-04 20:35:51
"അമ്പിളിമാമനെ പിടിച്ചു തരാമെന്ന് ബഡ്ജറ്റില്‍ പറയുകയും ബഡ്ജറ്റ് വര്‍ഷം കഴിയുമ്പോള്‍"  അമ്പിളിമാമനെ  വെള്ളത്തില്‍ കാണിച്ചു തരികയും'
 
കടമെടുത്തു കുത്തുപാളയെടുക്കണോ, നികുതി കൂട്ടി പെൻഷൻ കൊടുക്കണോ ?  കെ എസ ആർ ടെ സീ, കെ എസ ഈ ബി മറ്റു സർക്കാർ പെൻഷൻ കാർകു പെൻഷൻ കൊടുക്കാൻ കാശുണ്ടാക്കുക എന്നതല്ലേ ധനമന്ത്രിമാരുടെ പ്രധാന പണി ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക