Image

സ്വപ്നഭൂമിക (നോവല്‍:5 -മുരളി ജെ.നായര്‍)

മുരളി ജെ.നായര്‍ Published on 29 November, 2014
സ്വപ്നഭൂമിക (നോവല്‍:5 -മുരളി ജെ.നായര്‍)

അഞ്ച്
ഉറക്കം വരാന്‍ താമസിക്കുന്തോറും കൂടുതല്‍ അങ്കലാപ്പ്. സന്ധ്യ തിരിഞ്ഞും മറിഞ്ഞും കിടന്നു കണ്ണടച്ച് സ്വയം ഹിപ്‌നോട്ടൈസ് ചെയ്യാന്‍ ശ്രമിച്ചു നോക്കി. ഉറങ്ങാന്‍ മനസ്സ് വിസമ്മതിക്കുന്നതുപോലെ.
പതുക്കെ എഴുന്നേറ്റിരുന്നു. ബെഡ്‌റൂമിലെ അരണ്ട വെളിച്ചത്തില്‍ ക്ലോക്കിലേക്കു നോക്കി. മണി ഒന്നാകാന്‍ പോകുന്നു. വിനോദ് കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു. വൈകുന്നേരം നന്നായി മദ്യപിച്ചിരുന്നു. വിവാഹത്തിനു ശേഷം ആദ്യമായി കൂട്ടുകാരുമൊത്ത് പുറത്തുപോയതാണ്. ശരിക്കും ആഘോഷിച്ച ലക്ഷണമുണ്ട്.
വീട്ടിലെത്തിയപ്പോള്‍ അമ്മയും അപ്പച്ചനും ഒത്തിരി ശകാരിക്കുകയും ചെയ്തു. താനൊന്നും പറഞ്ഞില്ല.
“ഐ ആം സോറി, ഡിയര്‍.” തന്നെ നോക്കി പതുക്കെ പറഞ്ഞു.
ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.
വിനോദ് മുറിയിലേക്കു പോയശേഷം അമ്മയെ സഹായിക്കാന്‍ അടുക്കളയിലേക്കു ചെന്നു.
“മോളു വെഷമിക്കേണ്ട,” അമ്മ പറഞ്ഞു.
“ഇതങ്ങനെ ശീലമൊന്നുമല്ല.”
“സാരമില്ലമ്മേ.”
“കുറെ വേണ്ടാത്ത കൂട്ടുകെട്ടുണ്ടായിരുന്നു. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. അമേരിക്കയിലെത്തിയിട്ട് മോളു വേണം എല്ലാം നോക്കാന്‍.”
മറുപടിയൊന്നും പറഞ്ഞില്ല. ചിരിക്കുകമാത്രം ചെയ്തു.
പുറത്തെവിടെയോ നായ് ഓരിയിടുന്ന ശബ്ദം. അല്പം ഭയം തോന്നി. എഴുന്നേറ്റ് ജനലിനടുത്തേക്കു ചെന്ന് കര്‍ട്ടന്‍ മാറ്റി പുറത്തേ രാത്രിയിലേക്കു നോക്കി.
അരണ്ട നിലാവെളിച്ചമുണ്ട്. ഒട്ടും കാറ്റില്ല. എല്ലാം നിശ്ചലം.
കസേര ജനാലയ്ക്കരികിലേക്കു നീക്കിയിട്ട് പുറത്തേക്കു നോക്കി ഇരിക്കാന്‍ താല്‍പര്യം തോന്നി.
വിനോദ് എന്തോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞുകിടന്നു. പാവം ഹണിമൂണ്‍ ട്രിപ്പ് വേണ്ടെന്നു വച്ചതില്‍ ഒത്തിരി സങ്കടം കാണും. എന്തെല്ലാമാണു പ്ലാന്‍ ചെയ്തിരിക്കുന്നത്.
ഊട്ടിയില്‍ മൂന്നുദിവസം പിന്നെ മൈസൂര്‍, ബാംഗ്ലൂര്‍….
നല്ല മനസ്സോടെയല്ല യാത്ര വേണ്ടെന്നു വച്ചത്. തലയ്ക്ക് ഒരു തരം ലാഘവത്വം. ഒരു തലവേദന വന്നിട്ട് പെയിന്‍ കില്ലര്‍ കഴിച്ചിരുന്നു. അതിനു ശേഷമാണ് ഒരു പ്രത്യേകതരം സെന്‍സേഷന്‍. പീര്യഡ് അടുത്തതിന്റെയാകാനും മതി.
എന്നാലും ദൂരയാത്ര ചെയ്യാന്‍ ഒരു മടി. ചിലപ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായി ഡോക്ടറെ കാണേണ്ടി വന്നാലോ? എല്ലാം തുറന്നു പറയേണ്ടി വരില്ലേ? വിനോദ് മാത്രമല്ലേ അടുത്തുണ്ടാവു. എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെങ്ങനെ അറിയാം. വീട്ടിലാവുമ്പോള്‍ എല്ലാവരുമുണ്ടല്ലോ. എങ്കിലും അസുഖം വന്നാല്‍ കുഴഞ്ഞതു തന്നെ.
ദൈവമേ, പ്രശ്‌നമൊന്നും ഉണ്ടാകാതെ അമേരിക്കയില്‍ തിരിച്ചെത്തിയാല്‍ മതിയായിരുന്നു. ഇനിയും മമ്മിയുടെ കണ്ണീരു കാണാന്‍ വയ്യാ.
ഇന്ന് മമ്മിയും ഡാഡിയും കൂടി ഫോണ്‍ ചെയ്തിരുന്നു. ഹണിമൂണ്‍ ട്രിപ്പ് മാറ്റി വച്ചത് എന്തോ സീരിയസ് ആയ കാരണം കൊണ്ടാണെന്ന് അവര്‍ ധരിച്ചിരിക്കുന്നു. കുഴപ്പമൊന്നുമില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും മമ്മിക്ക് വിശ്വാസം വരാത്തപോലെ. മമ്മി കരയുകയാണെന്നു മനസ്സിലായി.
“കരയാതെ മമ്മീ, എനിക്കൊരു കുഴപ്പവുമില്ല.”
പറഞ്ഞു കഴിഞ്ഞാണ് വിനോദും അമ്മയും തന്റെ സംഭാഷണം ശ്രദ്ധിക്കുന്നു എന്നു മനസ്സിലായത്.
അസാധാരണമായിട്ടൊന്നും സംഭവിക്കാത്തതുപോലെ അവരെ നോക്കി ചിരിച്ചു.
“ആദ്യമായി പിരിഞ്ഞതല്ലേ അതിന്റെ വെഷമം കാണും.” വിനോദിന്റെ അമ്മ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു.
നോര്‍മല്‍ ആയി സംഭാഷണമവസാനിപ്പിക്കാന്‍ കുറെ പാടുപെട്ടു. ഒരു കണക്കില്‍ പറഞ്ഞാല്‍ മമ്മിയുടെ കണ്ണീരാണ് തന്റെ ജീവിതഗതി മാറ്റിയെടുത്തതെന്നു പറയാം.
തന്റെ ഡ്രഗ് ഡിപ്പന്‍ഡന്‍സിന്റെ ഇടവേളകളില്‍, സ്വബോധത്തിന്റെ നിമിഷങ്ങളില്‍ കാണാറുണ്ടായിരുന്ന മമ്മിയുടെ കരഞ്ഞു വീര്‍ത്ത മുഖം. കണ്ണുകളിലെ യാചന, തന്നെ തെറാപ്പിസെഷനുകളിലേക്കു കൊണ്ടുപോകുന്ന വഴി കാറിലിരുന്നു പലതവണ ആവര്‍ത്തിച്ച സ്വന്തം  ജീവിതകഥ.
കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്ന്, വീട്ടിലെ ദാരിദ്ര്യം കാരണവും ഇളയസഹോദരങ്ങളെ രക്ഷപ്പെടുത്താനുമായി നേഴ്‌സിംഗ് പഠിക്കാന്‍ വടക്കേയിന്ത്യയിലേക്ക് വണ്ടി കയറിയതു മുതല്‍ അനുഭവിച്ച യാതനകള്‍…
എല്ലാറ്റിനും വിധിയെ മാത്രമേ മമ്മി പഴിച്ചു കണ്ടിട്ടുള്ളൂ. ഡാഡിയെപ്പോലും അധികം കുറ്റം പറയില്ല. ഡാഡി അത്ര ഉത്തരവാദിത്വബോധമുള്ള ആളാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. മമ്മിയുണ്ടാക്കുന്ന അത്രയും പണം ഡാഡിക്ക് ജോലി ചെയ്ത് ഉണ്ടാക്കാന്‍ പറ്റില്ലെന്നതു ശരിതന്നെ. എന്നാലും…
മലയാളി അങ്കില്‍മാര്‍ക്ക് പൊതുവേയുള്ള ഒരു ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സാണത്, വിശേഷിച്ചും ഭാര്യ നേഴ്‌സായാല്‍. എന്നാല്‍ പല അങ്കിള്‍മാരേയും ആന്റിമാര്‍ നേരെയാക്കിയെടുത്തിട്ടുള്ള കഥകള്‍ കേട്ടിട്ടുണ്ട്.
ഡാഡി ഒരു ജോലിയിലും സ്ഥിരമായി നില്‍ക്കില്ല. അവസാനത്തെ ജോലി കളഞ്ഞിട്ട് കുറേ വര്‍ഷങ്ങളായി.
മമ്മി ഒരു പരിഭവവും കാണിക്കാതെ എല്ലാം സഹിച്ചു. കാശിന് കൂടുതല്‍ ആവശ്യം വരുമ്പോള്‍ കൂടതല്‍ മണിക്കൂര്‍ ജോലിചെയ്തു.
തന്നെ ഫാര്‍മസി കോഴ്‌സിനു പഠിപ്പിക്കാന്‍ അയച്ച വകയില്‍ത്തന്നെ എത്ര കാശുപോയി. അവസാനം ഡ്രോപ്പ് ഔട്ട് ചെയ്തപ്പോഴും കൂടുതല്‍ ക്ഷോഭിച്ചത് ഡാഡിയായിരുന്നു.
മമ്മിയുടെ ഒരു പരിഭവവും കാണിക്കാതെ എല്ലാം സഹിച്ചു. കാശിന് കൂടുതല്‍ ആവശ്യം വരുമ്പോള്‍ കൂടുതല്‍ മണിക്കൂര്‍ ജോലിചെയ്തു.
തന്നെ ഫാര്‍മസി കോഴ്‌സിനു പഠിപ്പിക്കാന്‍ അയച്ച വകയില്‍ത്തന്നെ എത്ര കാശുപോയി. അവസാനം ഡ്രോപ്പ് ഔട്ട് ചെയതപ്പോഴും കൂടുതല്‍ ക്ഷോഭിച്ചത് ഡാഡിയായിരുന്നു.
മമ്മിയുടെ ഈ സമീപനമായിരുന്നു ഗ്രൂപ്പ് തെറാപ്പി സെഷനുകളിലെ തന്റെ ശക്തിയും ദൗര്‍ബല്യവും.
മയക്കുമരുന്നിന് അടിമകളായവരുടെ തെറാപ്പി തുടങ്ങുന്നത് തുറന്ന സംസാരത്തിലൂടെയാണ്.
ഓരോരുത്തരും അവരവരുടെ തിക്താനുഭവങ്ങള്‍ തുറന്നു പറയുന്നു. ഓരോ കഥയും മറ്റ് ഓരോരുത്തര്‍ക്കും പാഠമാകുന്നു. തുറന്നു പറയുന്ന കാര്യങ്ങള്‍ ഡ്രഗില്‍ നിന്നുള്ള റീഹാബിലിറ്റേഷനെ സഹായിക്കുന്നു.
കൂടുതല്‍ സംസാരിക്കുന്തോറും താന്‍ മാതാപിതാക്കള്‍ക്ക് ഏല്‍പിച്ച ആഘാതം കൂടുതല്‍ ബോദ്ധ്യമായി.
കീത്തുമായുള്ള ബന്ധം.
കോളേജില്‍ നിന്നും ഡ്രോപ്പ് ഔട്ട് ചെയ്തത്.
എല്ലാം മാതാപിതാക്കളെ വേദനിപ്പിച്ചിരുന്നു. ഗ്രൂപ്പ് തെറാപ്പി സെഷനുകളില്‍ വച്ച് വേദനയുടെ ആഘാതം തീവ്രതയോടെ മനസ്സിലായി.
മമ്മി പലപ്പോഴും ഒറ്റയ്ക്കിരുന്നു കരയുന്നതു കണ്ടിട്ടുണ്ട്.
ഡാഡിയുടെ ആക്രോശങ്ങളേക്കാള്‍ കൂടുതല്‍ മമ്മിയുടെ കണ്ണീരിനെ പേടിക്കാന്‍ തുടങ്ങി.
മമ്മി പ്രാര്‍ത്ഥിക്കുമ്പോഴും കരയുന്നതാണ് ഏറെ ദുസ്സഹം.
ആദ്യമായി അതുകണ്ട ദിവസം ഓര്‍മ്മ വരുന്നു. ജോലിക്കു പോകാന്‍ തയ്യാറാകുന്നതിനു മുമ്പാണ് മമ്മി കുളിക്കുക. കുളികഴിഞ്ഞ് നേരെ ബെഡ്‌റൂമില്‍ കയറും. അവിടെ ഒരു കോണില്‍ ഒരു തട്ടില്‍ ക്രൂശിത രൂപം. അവിടെനിന്നു കണ്ണടച്ചു പ്രാര്‍ത്ഥിക്കും. ഒരു ദിവസം കണ്ടു, മമ്മിയുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ ധാരയായൊഴുകുന്നു. അതുകണ്ട് തനിക്കും കരച്ചില്‍ വന്നുപോയി.
പിന്നീട് പലപ്പോഴും മമ്മി ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതും കരയുന്നതും കണ്ടിട്ടുണ്ട്.
തന്നെ നാട്ടില്‍ കൊണ്ടുവന്ന് വിവാഹം കഴിപ്പിച്ചയയ്ക്കുന്ന കാര്യം സംസാരവിഷമായപ്പോള്‍ ആദ്യം എതിര്‍ത്തു. മ്മിയേയും ഡാഡിയേയും വേദനിപ്പിച്ചതിന് പരിഹാരമായി എന്തും ചെയ്യാന്‍ ഗ്രൂപ്പുതെറാപ്പി വഴി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും വിവാഹം കഴിക്കുന്ന കാര്യം വന്നപ്പോള്‍ എതിര്‍ക്കാനാണു തോന്നിയത്.
അന്നൊരു ദിവസം മമ്മി കുളികഴിഞ്ഞുവന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു.
മമ്മിയോട് കുറെ കാശു ചോദിക്കാനാണ് ബെഡ്‌റൂമിലെത്തിയത്.
മമ്മി ക്രൂശിതരൂപത്തിനു മുമ്പില്‍ കൈകൂപ്പി കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നതാണ് കണ്ടത്. അകത്തളത്തില്‍ എന്തൊക്കെയോ വീണുടഞ്ഞു.
നിമിഷങ്ങളോളം മമ്മി അങ്ങനെ നിന്നു തിരിഞ്ഞപ്പോള്‍ തന്നെക്കണ്ടു. താന്‍ നിശ്ചലയായി നിന്നതേയുള്ളൂ.
അടുത്തേക്കു വന്നു ഇറുകെപ്പുണര്‍ന്നുകൊണ്ട് മമ്മി ഏങ്ങിയേങ്ങിക്കരഞ്ഞു.
“എന്താ മമ്മീ ഇത്, എന്തുണ്ടായി?”
മമ്മി മറുപടിയൊന്നും പറഞ്ഞില്ല.
“മോളേ, എന്റെ പൊന്നുമോളേ…” എന്ന വിളിമാത്രം  കരിച്ചിലിനിടയിലൂടെ കേട്ടു.
മമ്മിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച് താനും കരഞ്ഞുപോയി. കാശിന്റെ കാര്യമൊക്കെ മറന്നു. നേരെ ബഡ്‌റൂമിലേക്കോടി തലയിണയില്‍ മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞു.
കാല്‍പെരുമാറ്റം കേട്ട് തലപൊക്കിനോക്കിയപ്പോള്‍ മമ്മി. ഡ്യൂട്ടിക്കു പോകാന്‍ തായ്യാറായി നില്‍ക്കുന്നു.
മുഖത്ത് യാചനയുടെ ഭാവം.
എഴുന്നേറ്റ് മമ്മിയെ കെട്ടിപ്പിടിച്ച് വീണ്ടും കരഞ്ഞു.
“ഇല്ല മമ്മീ, ഞാനിനി ഒരിക്കലും മമ്മിക്കിഷ്ടമില്ലാത്തതൊന്നും ചെയ്യില്ല.”
“എന്റെ മോളേ.”
“ഞാന്‍ നിങ്ങള്‍ പറയുന്ന ഏതു വിവാഹത്തിനും സമ്മതിക്കാം.”
മൂര്‍ദ്ധാവില്‍ ചുംബിച്ച് മമ്മി മുറിയില്‍ നിന്നിറങ്ങിപ്പോയി.
ജീവിത്തില്‍ ആദ്യമായാണ് അത്രയും കരഞ്ഞത്. മനസ്സിലെ ദുഃഖം കഴുകിക്കളയാന്‍ കണ്ണീരിന് ശക്തിയുണ്ടെന്ന് അന്നാണ് മനസ്സിലായത്.
ക്ലോക്കില്‍ മണി രണ്ടടിച്ചു.
പോയി കട്ടിലില്‍ കിടന്നാലോ?
അല്ലെങ്കില്‍ വേണ്ട, ഉറക്കം വരുന്നതുവരെ ഇവിടെ ഇങ്ങനെ ഇരിക്കാം.
താന് കേരളത്തില്‍വന്ന് വിവാഹിതയാകാന്‍ സമ്മതിച്ചത് കൂട്ടുകാര്‍ക്കൊക്കെ അതിശയമായിരുന്നു.
പെണ്‍മക്കളെ നാട്ടില്‍ കൊണ്ടുപോയി വിവാഹം കഴിപ്പിക്കുന്ന രീതിയെ ഞങ്ങള്‍ ഏകസ്വരത്തില്‍ അപലപിച്ചിരുന്നു. താന്‍ അക്കാര്യത്തില്‍ മുമ്പന്തിയിലുമായിരുന്നു. അതുകൊണ്ട് തന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും അതിശയം തോന്നി.
മറ്റു പ്രശ്‌നങ്ങളെപ്പറ്റി അറിയാവുന്നവര്‍ സമാധാനം കണ്ടെത്തിയിരുന്നു.
ന്യായങ്ങളും വ്യഥകളും അവരെ വിസ്തരിച്ചു പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. അതുകൊണ്ടു കാര്യമില്ലെന്നു തോന്നി.
ബെസ്റ്റ് ഫ്രണ്ട് സില്‍വിയയോടു മാത്രം അതേപറ്റി വിശദമായി സംസാരിച്ചു. സില്‍വിയാ ഫെര്‍ണാണ്ടസിന്റെ മമ്മിയും ഡാഡിയും കൊച്ചിക്കാരായിരുന്നുവെങ്കിലും അവരുടെ ജീവിതരീതി പാശ്ചാത്യമായിരുന്നു. സില്‍വിയയ്ക്ക് ഒരു വയസുള്ളപ്പോഴാണഅ അവര്‍ അമേരിക്കയിലേക്കു കുടിയേറിയത്.
ആദ്യമൊക്കെ മകള്‍ ഇന്ത്യന്‍ കുട്ടികളോടൊപ്പം, വിശേഷിച്ചും മലയാളി കുട്ടികളോടൊപ്പം കൂട്ടുകൂടുന്നത് അവര്‍ക്കിഷ്ടമായിരുന്നില്ല. മലയാളികള്‍ ബാക് വേര്‍ഡ് ചിന്താഗതിക്കാരാണെന്നും കൊതിയും  നുണയും പറഞ്ഞു നടക്കുന്നവരാണെന്നും ലോകത്തിലെ ഏറ്റവും വലിയ സിനിക്കുകളാണെന്നും മറ്റും ഗ്ലോറിയ ഫെര്‍ണാണ്ടസ് മക്കളെ പറഞ്ഞു മനസ്സിലാക്കിയിരുന്നു.
ഗ്ലോറിയ ഫെര്‍ണാണ്ടസിന്റെ ആരോപണങ്ങള്‍ ഭൂരിഭാഗവും ശരിയായിരുന്നെന്ന്  തനിക്കും പില്‍ക്കാലത്ത് ബോദ്ധ്യമായിത്തുടങ്ങി.
“നിനക്ക് ഇങ്ങനെയൊരു വിവാഹവുമായി എങ്ങനെ പൊരുത്തപ്പെടാന്‍ പറ്റും?
വിവരങ്ങള്‍ അറിറഞ്ഞെത്തിയ സില്‍വിയയുടെ ചോദ്യം.
“ഇന്ത്യയില്‍ നടക്കുന്ന മില്യണ്‍ കണക്കിനു വിവാഹങ്ങളെല്ലാം ഇങ്ങനെയല്ലേ? എന്നാലും ഡിവോഴ്‌സ് റേറ്റ് ഏറ്റവും കുറവുള്ള ഒരു രാജ്യം ഇന്ത്യയല്ലേ?”
“നീ സാധാരണ അങ്കിള്‍മാരെയും ആന്റിമാരെയും പോലെ മുടന്തന്‍ ന്യായങ്ങള്‍ പറയാതെ.” സില്‍വിയ അക്ഷമ പ്രകടിപ്പിച്ചു.
“മുടന്തന്‍ ന്യായമല്ല, സത്യമല്ലേ?”
“ലുക്ക് സന്ധ്യ, ഇത് ട്വണ്‍ടിയത് സെഞ്ചറിയുടെ അവസാന വര്‍ഷങ്ങളാണ്. കഴിഞ്ഞ തലമുറ ജീവിച്ച ശിലായുഗമല്ല.”
അവളോടു വാദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു തനിക്കും, തന്നോടു വാദിക്കുന്നതില്‍ കാര്യമില്ലെന്ന് അവള്‍ക്കും മനസ്സിലായി.
“എന്തായാലും നീ ഒരു കാര്യം തുറന്നുപറ. ആര്‍ക്കുവേണ്ടിയാണ് നീ ഇതു ചെയ്യുന്നത്?” സില്‍വിയ ചോദിച്ചു.
“എനിക്കു വേണ്ടി.”
“അല്ല. തീര്‍ച്ചയായും അല്ല.”
ചുഴിഞ്ഞിറങ്ങുന്ന അവളുടെ നോട്ടം നേരിടാനാകാതെ കുനിഞ്ഞിരുന്നു.
“എനിക്കറിയാം. ഞാന്‍ കൂടുതലൊന്നും ചോദിക്കുന്നില്ല.”
“ഞാന്‍ നിനക്ക് എല്ലാ മംഗങ്ങളും ആശംസിക്കുന്നു. എന്തു തീരുമാനം എടുക്കുന്നതിനു മുമ്പും വിശദമായി ആലോചിക്കുക.”
സില്‍വിയ പറഞ്ഞു നിര്‍ത്തി.
“താങ്ക്യൂ വെരിമച്ച്.”
കംപാറ്റിബിലിറ്റിയുടെ പ്രശ്‌നത്തിലാണ് ഇത്തരം വിവാഹങ്ങളോട് ഇത്രമാത്രം എതിര്‍പ്പ്. അമേരിക്കയില്‍ വളരുന്നവരും കേരളത്തില്‍ വളരുന്നവരും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഔട്ട്‌ലുക്കിലും ജീവിതത്തോടുള്ള സമീപനത്തിലും. ഇങ്ങനെ നടന്ന എത്രയോ വിവാഹങ്ങള്‍ വിവാഹമോചനത്തില്‍ കലാശിച്ചിരിക്കുന്നു. വേറെ എത്രയോപേര്‍ മാതാപിതാക്കളുടെ മാനം കാക്കാനെന്ന വ്യാജേന നിത്യനരകത്തില്‍ ജീവിക്കുന്നു. വേറെ ചിലര്‍ സാമ്പത്തിക കാരണങ്ങള്‍ കൊണ്ടുമാത്രം പിരിയാതെ കഴിയുന്നു.
സന്ധ്യ വിനോദിനെ നോക്കി. നല്ല ഉറക്കത്തിലാണ്.
പാശ്ചാത്യ ശീലങ്ങള്‍ കുറെയൊക്കെ ഉണ്ടെന്ന കാര്യം ഒഴിച്ചാല്‍ വിനോദ് തനി മലയാളിതന്നെ. കാര്യങ്ങളൊക്കെ അറിഞ്ഞുവരുമ്പോള്‍ എന്താവും പ്രതികരണം?
ആളൊരു ജന്‌റില്‍മാനാണെന്ന വ്യാമോഹമൊന്നും തനിക്ക് എന്തായാലും ഇല്ല. അക്കൗണ്ടന്‍സിയില്‍ ഡിഗ്രി ഉണ്ടെന്നാണു പറഞ്ഞത്. അമേരിക്കയിലെത്തിയശേഷം…
അതൊക്കെ പിന്നത്തെ കാര്യം. ഇപ്പോഴത്തെ പ്രശ്‌നം ഉറക്കം വരുന്നില്ല എന്നതാണ്, സന്ധ്യ തമാശയോടെ ഓര്‍ത്തു. മണി രണ്ടര.
വല്ലാത്ത അരക്ഷിതബോധം തോന്നുന്നു. ഉറക്കം വരാതിരിക്കുന്നതു നല്ല ലക്ഷണമല്ലെന്ന് തെറാപ്പിസ്റ്റ് ഒരിക്കല്‍ പറഞ്ഞിരുന്നു.
സന്ധ്യ എഴുന്നേറ്റ് കട്ടിലില്‍ വന്നു കിടന്നു.
മെഡിറ്റേറ്റു ചെയ്യാന്‍ ശ്രമിച്ചു കണ്ണടച്ചു. മനസ്സിനെ ഒരു ചെറുതടാകത്തിന്റെ തീരത്തേക്കു കൊണ്ടുപോയി. മഴപെയ്തു തോര്‍ന്ന പുല്‍ത്തകിടി. ചുറ്റും വിടര്‍ന്ന പുഷ്പങ്ങള്‍. ആകാശത്ത് സ്വതന്ത്രരായി പറക്കുന്ന പക്ഷികള്‍…
എങ്ങും ശാന്തത…


സ്വപ്നഭൂമിക (നോവല്‍:5 -മുരളി ജെ.നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക