Image

സ്വപ്‌നഭൂമിക (നോവല്‍ :17 - മുരളി ജെ നായര്‍)

മുരളി ജെ നായര്‍ Published on 21 March, 2015
സ്വപ്‌നഭൂമിക (നോവല്‍ :17 - മുരളി ജെ നായര്‍)
പതിനേഴ്
ഇപ്പോഴതൊക്കെ ഓര്‍ത്തിട്ട് ജാള്യത തോന്നുന്നു: ഇത്ര വലിയ വഴക്കാവുമെന്ന് കരുതിയല്ല പറഞ്ഞത്. ഉച്ചയ്ക്ക് ലഞ്ചിനു മുമ്പ് പതിവിലധികം കുടിച്ചെന്നൊരു തോന്നല്‍. അതുകൊണ്ടു പറഞ്ഞതാണ്.
'അതിനു ഞാന്‍ നിന്റെ തന്ത സമ്പാദിച്ച കാശുകൊണ്ടല്ലല്ലോ കുടിക്കുന്നത്.' അച്ചായന്റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞു. വളരെക്കാലത്തിനു ശേഷമാണ് ഇങ്ങനെയൊരു.....
വേണ്ട, ഇനിയത് ആലോചിക്കേണ്ട, റോസമ്മ ചെറിയ സ്റ്റാന്‍ഡില്‍ നിന്ന് ഒരു മാസികയെടുത്ത് അലസമായി മറിച്ചു നോക്കി.
തെറാപ്പിസെഷന്‍ തീരാന്‍ ഇനി അരമണിക്കൂര്‍ കൂടിയുണ്ടെന്നാണ് പറഞ്ഞത്. ഇന്നത്തെ സെഷനില്‍ സന്ധ്യയാണ് ഇന്‍സ്ട്രക്ഷന്‍ കൊടുക്കുന്നത്. ഒരു പുതിയ ബാച്ച് അഡിക്റ്റുകളാണത്രെ, പുനര്‍ജ•ം കാംക്ഷിച്ച് യജ്ഞം തുടങ്ങിയിരിക്കുന്നത്.
മാസികയുടെ പേജുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. ദേഷ്യം കൊണ്ടു ചുവന്ന അച്ചായന്റെ മുഖം. ചോരക്കണ്ണുകള്‍.
'ദേ ഒരു കാര്യം പറഞ്ഞേക്കാം..... എന്നെ ഭരിക്കാനൊന്നും വരേണ്ട.'
ഛെ, ഭരിക്കാനോ? താന്‍ അദ്ദേഹത്തെ ഒരിക്കലും ഭരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. നല്ല ഭാര്യയായിരിക്കാന്‍ പരമാവധി അഡ്ജസ്റ്റു ചെയ്യുന്നുണ്ട്. എന്നിട്ടും.....!
അമേരിക്കയിലെത്തിയതിന്റെ ആദ്യനാളുകളില്‍ ചില വഴക്കുകള്‍ ഇതുപോലെ ഉണ്ടായിട്ടുണ്ട്. 
അച്ചായന് തന്നേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി. കൂടാതെ താന്‍ ഓവര്‍ടൈം ചെയ്ത് കൂടുതല്‍ കാശും ഉണ്ടാക്കുന്നു. സാധാരണ  കഥകളില്‍ വായിക്കാറുള്ള അമേരിക്കന്‍ നേഴ്‌സിന്റെ അവസ്ഥ.
കാര്യങ്ങള്‍ നിയന്ത്രിക്കുന്നതു താനാണെന്നു വരുത്തിത്തീര്‍ക്കാന്‍ അച്ചായനു വലിയ വാശി ഉണ്ടായിരുന്നു. അതു മനസിലായിട്ടും ഭാവിക്കാതെ വഴങ്ങിക്കൊടുക്കുകയായിരുന്നു.
സഹപ്രവര്‍ത്തകര്‍ പലരും ഇതേപ്പറ്റി സംസാരിച്ചിട്ടുണ്ട്. ഭര്‍ത്താക്ക•ാരുടെ അപകര്‍ഷതാബോധത്തെപ്പറ്റി.
പ്രത്യേകിച്ച് ജോലി പരിശീലനമൊന്നുമില്ലാതെ അമേരിക്കയിലെത്തി സെമിസ്‌കില്‍ഡോ അല്ലെങ്കില്‍ അണ്‍സ്‌കില്‍ഡോ ആയ ജോലി സ്വീകരിക്കേണ്ടി വന്ന ഭര്‍ത്തക്കാ•ാരെപ്പറ്റി. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ ചിലര്‍ മദ്യപാനശീലത്തിന് അടിമകളായി. മറ്റു ചിലര്‍ ജോലി പാടെ ഉപേക്ഷിച്ച് വീട്ടില്‍ കുട്ടികളെ നോക്കാനായി ഒതുങ്ങിക്കൂടി.
അല്പംകൂടി സാഹസിക ബുദ്ധിയുള്ളവര്‍ ബിസിനസ് തുടങ്ങി. അങ്ങനെയുള്ളവരെപ്പറ്റി ഭാര്യമാര്‍ അഭിമാനത്തോടെ പറയുമായിരുന്നു. 'സെല്‍ഫ് എംപ്ലോയ്ഡ്.' അല്ലെങ്കില്‍ 'ഇന്‍ ബിസിനസ്.'
എത്രയെത്ര വിജയകഥകള്‍, പരാജയകഥകള്‍.
ഒപ്പം ജോലിചെയ്തിരുന്ന വത്സയോട് അനുകമ്പ തോന്നിയിരുന്നു.
വത്സയും ഭര്‍ത്താവും ബോംബെയിലായിരുന്നു. വത്സ ബോംബെയിലെ ഒരു വന്‍കിട ആശുപത്രിയില്‍ നേഴ്‌സ്. പത്താം ക്ലാസുകാരനായ ഭര്‍ത്താവ് സ്റ്റേറ്റു ഗവണ്‍മെന്റില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്.
എഴുപതുകളുടെ ആദ്യ പകുതിയില്‍ രണ്ടുപേരും അമേരിക്കയിലെത്തി. അഞ്ചും മൂന്നും വയസായ രണ്ട് ആണ്‍കുട്ടികളോടൊപ്പം മറ്റു മലയാളി നേഴ്‌സുമാരെപ്പോലെ വത്സ ഒന്നിലധികം ജോലികള്‍ ചെയ്തു. സ്വന്തമായി വീടും മറ്റ് ജീവിത സൗകര്യങ്ങളുമായി.
ഭര്‍ത്താവിന് അമേരിക്കന്‍ ജീവിതവുമായി പൂര്‍ണ്ണമായി പൊരുത്തപ്പെടാനായില്ല. അപകര്‍ഷതാബോധം കാരണം കിട്ടിയ ജോലിയിലൊന്നും അയാള്‍ക്കു തൃപ്തി വന്നില്ല.
കുറേക്കാലം ഭാര്യയുടെ ചെലവില്‍ പഠിക്കാന്‍ പോയി നോക്കി. അതുകൊണ്ടും ഫലമുണ്ടായില്ല.
ബിസിനസിലേക്കു തിരിഞ്ഞു. അതു പൊളിഞ്ഞു. പാര്‍ട്ട്ണര്‍മാര്‍ പറ്റിച്ചു എന്നാണ് പറഞ്ഞുകേട്ടത്.
ഈ വക കാര്യങ്ങളെ നേരിടുന്നതില്‍, വത്സ തന്റെയത്ര 'പാസീവ്' ആയിരുന്നില്ല. ഫലം എന്നും കുടുംബത്തില്‍ ബഹളം.
ഭര്‍ത്താവിന്റെ ബിസിനസുകളില്‍ കടങ്ങള്‍ കാരണം ബാങ്ക്‌റപ്റ്റ്‌സി(നിസ്വത) ഫയല്‍ ചെയ്തു. പാടുപെട്ടു സമ്പാദിച്ച വീട് നഷ്ടപ്പെടുത്താന്‍ താല്പര്യമില്ലാത്തതുകൊണ്ട് കടങ്ങള്‍ ഗഡുക്കളായ അടച്ചു തീര്‍ക്കാമെന്ന വ്യവസ്ഥ ഓപ്റ്റ് ചെയ്തു.
ഇതിനിടെ മക്കള്‍ കോളേജിലായി. അവരുടെ വിദ്യാഭ്യാസച്ചെലവിനും വീടിന്റെ മോര്‍ട്ട്‌ഗേജ് അടയ്ക്കാനും കടം വീട്ടാനും വീട്ടിലെ മറ്റു ചെലവുകള്‍ക്കും എല്ലാറ്റിനുമായി വത്സയുടെ വരുമാനം മാത്രം.
ഭര്‍ത്താവ് ക്രമേണ മുഴുകുടിയനായി. എന്നും വീട്ടില്‍ വഴക്കായി.
ഇതിനിടയില്‍ മൂത്തമകന്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയായി. അതോടെ അവന്റെ സ്വഭാവം മാറി. സ്വന്തമായി അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് താമസമായി.
വത്സ, വീട്ടുകാര്യങ്ങളില്‍ മകന്റെ സഹായം പ്രതീക്ഷിച്ചു. അവന്‍ തിരിഞ്ഞു നോക്കിയില്ല.
'ഇതൊക്കെ മമ്മിയുടെ കുറ്റംകൊണ്ടു വന്നതാണ്.' മകന്‍ അമ്മയെ ശാസിച്ചു. ഡാഡിയെ ആദ്യം മുതല്‍ തന്നെ നിയന്ത്രിക്കേണ്ടതായിരുന്നു.'
വത്സ ആകെ തളര്‍ന്നു.
'ഇനിയിപ്പോ നിങ്ങളായി നിങ്ങളുടെ പാടായി.' മകന്‍ പറഞ്ഞൊഴിഞ്ഞു.
ഭര്‍ത്താവ് ഇതൊന്നും കണ്ടഭാവം നടിക്കാതെ സുഖജീവിതം തുടര്‍ന്നു. ഭാര്യയുടെ പേരിലുള്ള ക്രഡിറ്റ് കാര്‍ഡില്‍ തനിക്കാവശ്യമുള്ളതെല്ലാം വാങ്ങി.
രണ്ടുവര്‍ഷം കൂടി വത്സ തള്ളി നീക്കി. രണ്ടാമത്തെ മകനും ജോലിയായി. മമ്മിയെ പണംകൊണ്ട് സഹായിക്കാന്‍ അവനു താല്പര്യമുണ്ടായിരുന്നെങ്കിലും ഒരു പ്രേമബന്ധത്തില്‍പ്പെട്ട് വിവാഹിതനായപ്പോള്‍ അവനും സ്വന്തം വഴിക്കുപോയി.
മക്കള്‍ രണ്ടുപേരും ക്രൂരമായി അവഗണിച്ചത് വത്സയെ ആകെ തളര്‍ത്തി.
കൂടെ ജോലി ചെയ്തിരുന്ന ഒരു അമേരിക്കക്കാരിയോട് വത്സ ഇക്കാര്യങ്ങള്‍ തുറന്നു പറയാറുണ്ടായിരുന്നു.
എന്തുകൊണ്ടോ വത്സ കൂടുതല്‍ വിശ്വസിച്ചത് അമേരിക്കക്കാരായ സഹപ്രവര്‍ത്തകരെയായിരുന്നു. അങ്ങനെ ആരോ പറഞ്ഞുകൊടുത്ത വിദ്യയാണെന്നു പറയപ്പെടുന്നു. വത്സ ചില തീരുമാനങ്ങളെടുത്തു.
ഒന്നിലധികം ജോലി ചെയ്യുന്ന പതിവ് നിര്‍ത്തി.
ഭര്‍ത്താവിനോട് എവിടെയെങ്കിലും ജോലിക്കുപോയി സ്വന്തം ചെലവിനുള്ള കാശുണ്ടാക്കാന്‍ തറപ്പിച്ചു പറഞ്ഞു. അങ്ങേരുണ്ടോ സമ്മതിക്കുന്നു. ഇതുവരെയുള്ള ലൈഫ് സ്റ്റൈല്‍ കളഞ്ഞുകുളിക്കാന്‍ കക്ഷി തയ്യാറായില്ല.
വത്സയുടെ വരുമാനം കുറഞ്ഞപ്പോള്‍ ചെലവിനു ബുദ്ധിമുട്ടായി. പിന്നെ പതനം  വളരെ പെട്ടെന്നായിരുന്നു. വീടിനു മോര്‍ട്ട്‌ഗേജ് മുടങ്ങിയപ്പോള്‍ ജപ്തിനോട്ടീസു വന്നു. എല്ലാം ഭാര്യയുടെ വേലയാണെന്നും അവസാന നിമിഷത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും ഭര്‍ത്താവ് മനപ്പായസം കുടിച്ചു.
ബാങ്കുകാര്‍ വീട് ജപ്തി ചെയ്തു. മക്കള്‍ ഒന്നും കണ്ടില്ലെന്നു നടിച്ചു.  വത്സയും  ഭര്‍ത്താവും അപ്പാര്‍ട്ടുമെന്റിലേക്കു താമസം മാറ്റി.
മദ്യപാനാസക്തിയില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷപ്പെടുത്തിയെടുക്കാന്‍ കഴിയില്ലെന്നുറപ്പായി.
അവസാനം നാട്ടുകാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കി ഭര്‍ത്താവിനെ നാട്ടിലേക്കു പറഞ്ഞു വിട്ടു. മാസം ഇരുനൂറു ഡോളര്‍ വച്ച് അയച്ചു കൊടുക്കാമെന്ന് വത്സ സമ്മതിച്ചു. ഇന്നും വത്സ അതേ ജീവിതം തുടരുന്നു.
ഇതിനിടെ ഭര്‍ത്താവ് നാട്ടില്‍ വേറെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നുള്ള അപശ്രുതികളും കേള്‍ക്കാനിടയായി.
'എന്തു വേണമെന്നുവച്ചാല്‍ ചെയ്‌തോട്ടെ. എനിക്കു സൈ്വരമുണ്ടല്ലോ.' അതായിരുന്നു വത്സയുടെ പ്രതികരണം.
ജീവിതം മുഴുവന്‍ കുടുംബത്തിനായി ബലികഴിച്ച് അമ്പതുകളുടെ മദ്ധ്യത്തില്‍ ഒറ്റപ്പെടേണ്ടി വന്ന വത്സയുടെ ദുര്യോഗമൊന്നും തനിക്ക് വന്നില്ലല്ലോ. എപ്പോഴും സ്വയം ആശ്വസിക്കാറുണ്ടായിരുന്നു.
അച്ചായന് അല്പം മുന്‍കോപവും അലസതയും ബിസിനസില്‍ സാഹസികതയുമൊക്കെ ഉണ്ടെങ്കിലും, ദൈവമനുഗ്രഹിച്ച് വേറൊന്നും സംഭവിച്ചില്ലല്ലോ.
അറിയാതെ ദീര്‍ഘനിശ്വാസം വിട്ടു.
തെറാപ്പിസെഷന്‍ കഴിയാറായി. ഇപ്പോള്‍ സന്ധ്യ പുറത്തുവരും.
ഇനിയും നാലാഴ്ചകൂടിയുണ്ട്, തെറാപ്പി തീരാന്‍.
എന്തായാലും ഇതൊന്നും കഴിഞ്ഞുകിട്ടിയല്ലോ.
വിനോദിന് രണ്ടുമാസത്തിനകം എത്താനാവുമെന്നാണു വക്കീല്‍ പറഞ്ഞത്.
ആഴ്ചയില്‍ ഒരിക്കലെങ്കിലും സന്ധ്യ വിനോദുമായി സംസാരിക്കാറുണ്ട്.
ഫുള്‍ടൈം സ്‌കൂളില്‍ പോകുന്നുണ്ടെന്നാണ് വിനോദിനോടു പറഞ്ഞിരിക്കുന്നത്.
്അതോര്‍ത്താണ് ഏറെ അങ്കലാപ്പ്. വിനോദ് ഇവിടെയെത്തി എല്ലാം അറിഞ്ഞുവരുമ്പോള്‍ എന്താവും കഥ?
മലയാളികള്‍ക്ക് ഇക്കാര്യങ്ങളൊന്നും വിശദമായി അറിയാന്‍ വയ്യ എന്നാണ് തന്റേയും അച്ചായന്റേയും കണക്കുകൂട്ടല്‍.
സന്ധ്യയും ഇതേപ്പറ്റി ആരോടും കാര്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നു തോന്നുന്നു.
സന്ധ്യ പുഞ്ചിരിക്കുന്ന മുഖവുമായി വിസിറ്റേഴ്‌സ് റൂമിലേക്കു വന്നു.
'പോകാം.'
എഴുന്നേറ്റു.
പുറത്ത് സ്‌നോ പെയ്യുന്നുണ്ട്. നേരത്തെ വീണ സ്‌നാ ഐസായി മാറിയിട്ടുണ്ട്.
ഫെബ്രുവരി അവസാനമായെങ്കിലും ശൈത്യകാലം കാഠിന്യത്തോടെ തുടരുന്നു.
'ഞാന്‍ ഡ്രൈവു ചെയ്യണോ മമ്മീ?'
സന്ധ്യയുടെ ചോദ്യം കേട്ട് ഒന്നു ഞെട്ടി.
കുറേക്കാലമായി സന്ധ്യയെ ഡ്രൈവു ചെയ്യാന്‍ അനുവദിച്ചിട്ട്. എങ്കിലും താന്‍ വീട്ടിലില്ലാത്ത സമയങ്ങളില്‍ അവള്‍ ഡ്രൈവു ചെയ്യാറുണ്ടെന്നു മനസിലായിരുന്നു.
എല്ലാം തന്റെ മനസിന്റെ പേടിയാ. അവള്‍ക്കെന്താ ഡ്രൈവു ചെയ്താല്‍?
'ഞാന്‍ ഡ്രൈവു ചെയ്യാം.'
സന്ധ്യയുടെ നീട്ടിയ കൈയിലേക്ക് താക്കോല്‍ക്കൂട്ടം വച്ചു കൊടുത്തു.
'ബി കെയര്‍ ഫുള്‍.'
സന്ധ്യ പാസഞ്ചര്‍ സൈഡിലെ ഡോര്‍ തുറന്നു പിടിച്ചു തന്നെ നോക്കി പുഞ്ചിരിച്ചു.
'ഇന്നു രാത്രി മുഴുവന്‍ ഇടയ്ക്കിടെ സ്‌നോഫാള്‍ ഉണ്ടാകുമെന്നാ റിപ്പോര്‍ട്ട്.' കാര്‍ പാര്‍ക്കിങ് ലോട്ടില്‍ നിന്ന് റോഡിലേക്കു തിരിച്ചുകൊണ്ട് സന്ധ്യപറഞ്ഞു.
'നാശം.'!
അറിയാതെ പിറുപിറുത്തു.
നൈറ്റ് ഡ്യൂട്ടിയാണ്. രാത്രിയില്‍ സ്‌നോ ചെയ്യുമ്പോഴുള്ള ഡ്രൈവിങ് കുറെ കടുപ്പമാണ്. അച്ചായന്‍ വേണമെങ്കില്‍ കൊണ്ടു വിടും. പിന്നെ പിക്കു ചെയ്യാനും രാവിലെ വരണമല്ലോ. അതിനു വേണ്ടി നേരത്തെ എഴുന്നേല്‍ക്കേണ്ടി വരുന്നത് പുള്ളിക്കാരന് അല്പം പിണക്കമുള്ള കാര്യമാണ്.
ട്രെയിനു പോകാമെന്നു വച്ചാല്‍ സ്‌റ്റേഷനില്‍ ഇറങ്ങി കുറെ നടക്കണം. അല്ലെങ്കില്‍ സ്‌റ്റേഷന്റെ അടുത്ത് അച്ചായന്‍ കൊണ്ടുവിടുകയും അവിടെ നിന്ന് പിക്കുചെയ്യുകയും വേണം. അതില്‍ ഭേദം ആശുപത്രിയില്‍ത്തന്നെ കൊണ്ടുവിടുന്നതാണെന്ന് പുള്ളിക്കാരന്‍ പറയാറുണ്ട്.
സ്‌നോ വീണുകഴിഞ്ഞാല്‍ ഒന്നു രണ്ടു ദിവസത്തെ ജീവിതം താളം തെറ്റുന്നു. കഴിഞ്ഞ വര്‍ഷത്തെ വിന്ററില്‍ സ്‌നോ കാരണം രണ്ടു ദിവസം വീട്ടിനു പുറത്തിറങ്ങിയില്ല. ഇടയ്ക്കിടെ ഡ്രൈവ് വേയുലും സൈഡ് വാക്കിലും സ്‌നോ ഷവല്‍ ചെയ്തു മാറ്റാന്‍ അച്ചായന്‍ മാത്രം പുറത്തിറങ്ങി.
'ങാ, സൂപ്പര്‍മാര്‍ക്കറ്റിലൊന്നു കയറണം.' സന്ധ്യയെനോക്കി പറഞ്ഞു. 'പാലും ബ്രെഡ്‌സും വാങ്ങിക്കണം.'
സന്ധ്യ 'അക്‌മേ' സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് ലോട്ടിലേക്ക് വണ്ടി തിരിച്ചു.
അക്‌മേയില്‍ വലിയ തിരക്ക്. സ്‌നോ വീഴുമെന്ന് കാലാവസ്ഥ പ്രവചനം വന്നാല്‍ ഇതു പതിവുള്ളതാണ്. ആളുകള്‍ ഭക്ഷണസാധനങ്ങളൊക്കെ സ്റ്റോക്കു ചെയ്യുന്നു.
ഷോപ്പിങ് കാര്‍ട്ടെടുത്തു.
ആവശ്യമുള്ള സാധനങ്ങളെടുത്ത് ചെക്ക് ഔട്ട് കൗണ്ടറിലെത്തി. നീണ്ട ലൈന്‍ പത്ത് ഇനങ്ങളില്‍ കുറവായതുകൊണ്ട് 'എക്‌സ്പ്രസ് ലൈനില്‍' വന്നു. അവിടേയും നീണ്ട ക്യൂ.
എല്ലാവരുടെ കൈയിലും ഉള്ള സാധനങ്ങള്‍ ഏതാണ്ട് ഒരേമാതിരി. പാല്, ബ്രഡ്, പഴവര്‍ഗ്ഗങ്ങള്‍....
സൂപ്പര്‍മാര്‍ക്കറ്റുകളിലെ സാധനങ്ങള്‍ക്കു വില്പന കൂട്ടാനായിട്ടാണ് ഇത്തരം കാലാവസ്ഥ പ്രവചനങ്ങളെന്നു പലപ്പോഴും തോന്നിപ്പോകുന്നു.
പ്രവചനപ്രകാരം രണ്ടുദിവസത്തേക്ക് പ്രശ്‌നം ഉണ്ടാകുകയുള്ളൂ. എന്നാല്‍ ആളുകളുടെ ഷോപ്പിങ് ഭ്രമം കണ്ടാല്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കാന്‍ പോകുന്ന അടിയന്തിരാവസ്ഥയാണെന്നു തോന്നും. ഒരുതരം എക്‌സ്ട്രിമിസ്റ്റ് റെസ്‌പോണ്‍സ്.


സ്വപ്‌നഭൂമിക (നോവല്‍ :17 - മുരളി ജെ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക